തര്‍ജ്ജനി

രാജേഷ് ആര്‍ വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

കഥ

തള്ളയെ അനുസരിക്കാത്ത ആട്ടിന്‍കുട്ടിയുടെ സമ്പൂര്‍ണ്ണ ജീവിതകഥ - 1

മുഖവുര

ചെറുപ്പത്തില്‍‍ , എന്റെ മാതാപിതാക്കളാണ്‌ അനുസരണയില്ലാത്ത ആട്ടിന്‍കുട്ടിയുടെ പ്രസിദ്ധമായ ഈ കഥ ആദ്യമായി എനിയ്ക്കു പറഞ്ഞു തന്നത്‌. എന്നെ വളരെയധികം സ്വാധീനിച്ച ഒരു ജീവിതകഥയാണിത്‌. വളര്‍ന്നു വലുതായപ്പോള്‍ , ഈ ആട്ടിന്‍കുട്ടിയെപ്പറ്റി കൂടുതലറിയുന്നതിന്‌ എനിയ്ക്കു താല്പര്യമുണ്ടായി. ആട്ടിന്‍കുട്ടിയെക്കുറിച്ചും സമകാലീനരെക്കുറിച്ചും പ്രതിപാദിയ്ക്കുന്ന ഗ്രന്ഥങ്ങളുടെയും മറ്റു ചരിത്രലക്ഷ്യങ്ങളുടെയും സഹായത്തോടെ ഏറെക്കാലം നീണ്ടുനിന്ന ശ്രമകരമായ ഗവേഷണം തന്നെ ഞാന്‍ നടത്തി. അങ്ങനെ കണ്ടെത്തിയ വസ്തുതകളും അവയെ അടിസ്ഥാനമാക്കിയുള്ള എന്റെ നിഗമനങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ ഞാന്‍ ഈ ആട്ടിന്‍കുട്ടിയുടെ സമഗ്രമായ ജീവചരിത്രം പുനരാഖ്യാനം ചെയ്യുകയാണ്‌. ചരിത്രകുതുകികളായ വായനക്കാര്‍ക്ക്‌, എന്റെ ഈ ഉദ്യമം അത്യന്തം പ്രയോജനപ്രദമാകും എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.


തൈപ്പറമ്പില്‍ ചാണ്ടി

ജനനവും ചുറ്റുപാടുകളും
സമീപകാലത്തു ലഭിച്ചിട്ടുള്ള ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ ചരിത്രപുരുഷനായ ആട്ടിന്‍കുട്ടി ജീവിച്ചിരുന്നത്‌ പണ്ടു പണ്ടാണെന്നു കണ്ടെത്തിയിട്ടുണ്ട്‌. ആറന്മുളയ്ക്കടുത്ത്‌ ഒരു ഗ്രാമമായിരുന്നു ജന്മദേശം. ആട്ടിന്‍കുട്ടിയുടെ പേര്‌ സുമേഷ്‌ എം. മത്തായി എന്നായിരുന്നു. തന്റെ അപ്പനായ മുട്ടനാടിന്റെ മരണത്തിനുശേഷമായിരുന്നു സുമേഷിന്റെ ജനനം. അപ്പനില്ലാതെ വളരുന്ന തന്റെ കുഞ്ഞിന്‌ ഒരു കുറവുമുണ്ടാകരുതെന്ന നിര്‍ബന്ധത്തോടെ സുമേഷിനെ തള്ളയായ അമ്മിണി അതിരുവിട്ടു ലാളിച്ചാണ് വളര്‍ത്തിയത്‌.

ആട്ടിന്‍പറ്റത്തിന്റെ ഉടമസ്ഥന്‍ തൈപ്പറമ്പില്‍ ചാണ്ടി എന്ന കര്‍ഷകനായിരുന്നു. അവന് ആടുകള്‍ക്കു പുറമെ ഏതാനും കന്നുകാലികളും പന്നികളും കുറെ കോഴികളും താറാവുകളും ഒരു നായയും ഉണ്ടായിരുന്നു. നായയുടെ പേര്‌ റ്റോബി കുര്യാക്കോസ്‌ എന്നായിരുന്നു.

ആട്ടിന്‍പറ്റത്തെ ചാണ്ടി രാവിലെ ആലയില്‍ നിന്നിറക്കി ആട്ടിത്തെളിച്ചു കൊണ്ടുപോയി. പകല്‍ മുഴുവന്‍ റ്റോബിയുടെ സഹായത്തോടെ അവന്‍ അവരെ പച്ചയായ പുല്‍പ്പുറങ്ങളില്‍ നടത്തുകയും സ്വച്ഛമായ ജലത്തിനരികിലേക്കു നയിക്കുകയും ചെയ്തു. കൊടുങ്കാട്ടിനു നടുവിലൂടെ നടക്കുമ്പോള്‍ പോലും അവന്റെ സാന്നിദ്ധ്യം മൂലം അവര്‍ ഒരപായത്തെയും ഭയന്നില്ല. അവന്‍ അവരോടു കൂടെ നടന്ന്‌ അവരെ നേര്‍വഴിയില്‍ നടത്തി. അവന്റെ വടിയും കോലും അവരെ ആശ്വസിപ്പിച്ചു. സന്ധ്യക്ക്‌, അവന്‍ അവരെ മടക്കിക്കൊണ്ടു വന്ന്‌ പാലു കറന്നെടുക്കുകയും കമ്പിളി കത്രിച്ചെടുക്കുകയും ചെയ്തു. ആലയില്‍ ഒത്തുകൂടിക്കഴിഞ്ഞ്‌ ഉറങ്ങും മുമ്പവര്‍ ചാണ്ടിയുടെ കനിവിനെ സ്തുതിച്ചുപാടി. രാത്രി മുഴുവന്‍ അവന്‍ അവരെ ആലയുടെ സുരക്ഷിതത്വത്തില്‍ ‍, റ്റോബിയുടെ ശ്വാനനിദ്രയുടെ ജാഗരൂകതയില്‍ സംരക്ഷിച്ചു.

ആടുകള്‍ സന്തുഷ്ടരായിരുന്നു.

എന്നാല്‍ സുമേഷ്‌ സന്തുഷ്ടനായിരുന്നില്ല. സ്വാതന്ത്ര്യമോഹിയും വിജ്ഞാനദാഹിയുമായിരുന്നു അവന്‍ ‍. കാണാപ്പുറത്തു മേയാനും എഴുതാപ്പുറം വായിക്കാനും ഓര്‍ക്കാപ്പുറത്ത്‌ ആരായാനുമായിരുന്നു അവനു താല്പര്യം. തെളിക്കപ്പെട്ട വഴികളില്‍ നടക്കുന്നതിനു പകരം താന്‍ നടക്കുന്ന വഴികളില്‍ തെളിക്കപ്പെടണമെന്ന്‌ അവന്‍ ആഗ്രഹിച്ചു. ഉണ്ടിരിക്കുന്ന സമയങ്ങളില്‍ അവനു ചില വിളികള്‍ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. ഈ വിളികള്‍ എവിടെ നിന്നാണെന്നോ അവയുടെ പൊരുളെന്താണെന്നോ അവനു മനസ്സിലായില്ലെങ്കിലും അവയ്ക്ക്‌ എന്തോ പൊരുളുണ്ടെന്നും അതു കണ്ടെത്തേണ്ടതു പ്രധാനമാണെന്നും അവന്‍ വിശ്വസിച്ചു.

വിഷമം പിടിച്ച ചോദ്യങ്ങള്‍ ചോദിയ്ക്കുന്നത്‌ സുമേഷിന്റെ ഒരു ശീലമായിരുന്നു. അണ്ണാന്‍ കുഞ്ഞിന്‌ എന്തു കൊണ്ട്‌ തന്നാലായതു പോലെ മാത്രം അദ്ധ്വാനിക്കേണ്ടി വരുന്നു? ആട്ടിന്‍കുട്ടികള്‍ എവിടെ നിന്നു വരുന്നു? ആനയും ആടും തമ്മിലുള്ള അന്തരം എങ്ങനെയുണ്ടായി? ആടുകളില്‍ നിന്ന്‌ വിളവുകളെ സംരക്ഷിക്കുന്നതു വേലികളാണെങ്കില്‍ വേലികളില്‍ നിന്ന്‌ അവയെ ആരു സംരക്ഷിക്കുന്നു? മിക്കപ്പൊഴും അമ്മിണിക്ക്‌ ഉത്തരം മുട്ടി.

കാടിന്റെ നിഴല്‍

സുമേഷിന്റെ ചോദ്യങ്ങള്‍ ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. വരിതെറ്റിയ്ക്കുന്നവരുടെയും തീറ്റയ്ക്കിടയില്‍ തലയുയര്‍ത്തി നോക്കാന്‍ മുതിര്‍ന്നവരുടെയും നേരെ കുരച്ചെത്തുന്ന റ്റോബിയുടെ ചുവന്ന കണ്ണുകളും കൂര്‍ത്തപല്ലുകളും തന്നെ സാന്ത്വനിപ്പിക്കാത്തതെന്തുകൊണ്ടെന്നും റ്റോബി തങ്ങളുടെ രക്ഷകനോ അതോ ശിക്ഷകനോ എന്നും അവന്‍ ചോദിച്ചു. അത്തരം ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ പാടുള്ളതല്ലെന്നു പറഞ്ഞ്‌ സ്നേഹനിധിയായ ആ മാതാവ്‌ മകനെ വിലക്കി.

ആടുകള്‍ എന്തു കൊണ്ട്‌ ചാണ്ടിയ്ക്കും അവന്റെ കാവല്‍നായയ്ക്കും കീഴ്‍പെട്ടു ജീവിക്കുന്നു എന്ന്‌ ഒരിയ്ക്കല്‍ സുമേഷ്‌ ചോദിച്ചപ്പോള്‍ അവര്‍ തങ്ങളെ ആപത്തുകളില്‍ നിന്നു സംരക്ഷിക്കുന്നതു കൊണ്ടെന്ന്‌ അമ്മിണി മറുപടി പറഞ്ഞു. വാസ്തവത്തില്‍ ഈ ആപത്തുകള്‍ എന്തൊക്കെയാണെന്ന്‌ അവന്‍ ചോദിക്കാന്‍ തുടങ്ങി. ജീവിതത്തിലെ ഭീതികളില്‍ നിന്ന്‌ തന്റെ കുഞ്ഞിനെ സംരക്ഷിക്കണമെന്ന ആഗ്രഹം മൂലം അവനില്‍ നിന്നു മറച്ചു വെച്ചിരുന്ന വാസ്തവങ്ങള്‍ അമ്മിണിക്ക്‌ അവനോടു പറയേണ്ടി വന്നു. മേച്ചില്‍പ്പുറങ്ങള്‍ അവസാനിക്കുന്നിടത്തു തുടങ്ങുന്ന ഇരുണ്ട നിഴലുകള്‍ക്കു കാടെന്നാണു പറയുന്നതെന്നും കാട്ടില്‍ ആടുകളുടെ ചോരക്കു മാത്രം കൊതിച്ചിരിക്കുന്ന ചെന്നായ എന്നു പേരായ ഒരു ദുഷ്ടജന്തുവുണ്ടെന്നും അമ്മിണി അവനോടു പറഞ്ഞു. ഇവയ്ക്കെല്ലാം പുറമെ, ആടുകളെ കൊന്നു തിന്നാനുള്ള കരുത്തില്ലെങ്കിലും അവരെ ചതിച്ചു വല്ല പൊട്ടക്കിണറ്റിലും ചാടിച്ചോ മുള്‍പ്പടര്‍പ്പുകളില്‍ കുരുക്കിയോ മുറിവേറ്റും വിശന്നും തളരുമ്പോള്‍ കഥകഴിക്കുന്ന കുറുക്കന്‍ എന്ന കുടിലബുദ്ധിയായ ജീവിയെക്കുറിച്ചും അവള്‍ അവനു പറഞ്ഞു കൊടുത്തു. അപ്പോള്‍ അവളുടെ ശബ്ദം അടക്കിയ ഗദ്ഗദം കൊണ്ട്‌ ഇടറി. ചെന്നായയുടെ കൂര്‍ത്ത ദംഷ്ട്രങ്ങളെക്കുറിച്ചും അവന്റെ ഒട്ടിയ വയറിന്റെ ഒടുങ്ങാത്ത വിശപ്പിനെക്കുറിച്ചും ആടുകളുടെ രക്തം മരവിപ്പിക്കുന്ന അവന്റെ കൊലവിളിയെക്കുറിച്ചും അവള്‍ പറഞ്ഞതു കേട്ട്‌ സുമേഷ്‌ ഭയന്നു വിറച്ചു. ചാണ്ടിയുടെയും റ്റോബിയുടെയും വരുതിക്കു നിന്ന്‌ തന്റെ ജീവന്‍ രക്ഷിക്കാനും ഇനിയെങ്കിലും ഒരു നല്ല ആടായി ജീവിക്കാനും അവന്‍ തീര്‍ച്ചപ്പെടുത്തി.

പിറ്റേന്നു പകല്‍ മേഞ്ഞു നടക്കുമ്പോള്‍ സുമേഷ്‌ അമ്മ പറഞ്ഞ കാര്യങ്ങളെപ്പറ്റിത്തന്നെ ആലോചിച്ചു കൊണ്ടിരുന്നു. അവന്റെ ചിന്തകള്‍ പലവട്ടം കറങ്ങിത്തിരിഞ്ഞ്‌ ഒടുക്കം അമ്മിണിയുടെ ഗദ്ഗദത്തില്‍ത്തട്ടി നിന്നു. തന്റെ പിതാവിന്റെ മരണത്തെച്ചുറ്റിപ്പറ്റി എന്തോ നിഗൂഢതയുള്ളതായി അവന്‍ പണ്ടേ സംശയിച്ചിരുന്നു. അന്നു വൈകിട്ട്‌ ഉറങ്ങുന്നതിനു മുമ്പ്‌ തള്ളയുടെ അകിടില്‍ നിന്ന്‌ ചാണ്ടിക്ക്‌ ഊറ്റിയെടുക്കാന്‍ കഴിയാതിരുന്ന പാല്‍ത്തുള്ളികള്‍ വലിച്ചുകുടിച്ചുകൊണ്ടു കിടക്കുമ്പോള്‍ അവന്‍ അമ്മിണിയോടു ചോദിച്ചു:
"അമ്മേ, എന്റെ അപ്പനായ മുട്ടന്‍ എങ്ങനെയാണു ചത്തത്‌?"
അമ്മിണി മിണ്ടാതെ കിടന്നു.
"അമ്മേ, അമ്മ ഉറങ്ങുകയല്ലെന്നെനിക്കറിയാം. എനിക്കു നേരറിയണം."
"നേരറിഞ്ഞാല്‍ നീ നീറി മരിയ്ക്കും", അമ്മിണി പറഞ്ഞു.
"മരിച്ചോട്ടെ. എന്നാലും എനിയ്ക്കറിയണം."
അപ്പോള്‍ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവളാ കഥ പറഞ്ഞു. അമ്മിണിയുടെ ഭര്‍ത്താവായ മുട്ടനും അവളുടെ സഹോദരനായ കുട്ടനും മേഞ്ഞു നടക്കുന്ന സമയത്ത്‌ വഴിതെറ്റി കാട്ടില്‍ പെട്ടു. അപ്പോള്‍ മൈക്കല്‍ എന്നു പേരായ ഒരു കുറുക്കന്‍ അവരുടെ കൂടെക്കൂടി. പലതും പറഞ്ഞ്‌ അവന്‍ അവരുടെ വിശ്വാസം പിടിച്ചുപറ്റി. ആട്ടിന്‍പറ്റത്തിലേക്കു മടങ്ങാന്‍ സഹായിക്കുകയാണെന്ന വ്യാജേന അവന്‍ അവരെ കാട്ടിന്‍ നടുവിലേക്കു നയിച്ചു. പതുക്കെപ്പതുക്കെ ഓരോന്നു പറഞ്ഞ്‌, കുട്ടനും മുട്ടനും തമ്മില്‍ ഓരോ തെറ്റിദ്ധാരണകളുണ്ടാക്കാന്‍ തുടങ്ങി അവന്‍ ‍. സംശയം മൂര്‍ച്ഛിച്ച്‌ ആടുകള്‍ തമ്മില്‍ ആദ്യം വാക്കുതര്‍ക്കവും വൈകാതെ മല്പിടുത്തവും തുടങ്ങി. അങ്കക്കലിയില്‍ നെറ്റികള്‍ കൂട്ടിയിടിച്ചു മുറിവേറ്റു ചോരയൊലിച്ച്‌ അവര്‍ തളര്‍ന്നുവീണപ്പോള്‍ കുറുക്കന്‍ അവരെ കടിച്ചുകീറിത്തിന്നു.

കണ്ണീരുവീണു നനഞ്ഞ അമ്മിണിയുടെ മുഖത്തോടു ചേര്‍ന്ന്‌ ഉറങ്ങാതെ കിടക്കുമ്പോള്‍ സുമേഷ്‌ താനറിയാതെ തന്നെ അനുസരണയുടെ ആദ്യപാഠങ്ങള്‍ പഠിയ്ക്കുകയായിരുന്നു. താനൊരിക്കലും ചാണ്ടിയുടെയും റ്റോബിയുടെയും തന്റെ അമ്മയായ അമ്മിണിയുടെയും വാക്കുതെറ്റി നടക്കില്ലെന്ന്‌ അവന്‍ വീണ്ടും ആണയിട്ടു. വഞ്ചകനായ മൈക്കലിനെ എന്നെങ്കിലുമൊരിയ്ക്കല്‍ കണ്ടുമുട്ടിയാല്‍ അവന്റെ കുടിലബുദ്ധിയിലുദിക്കുന്ന കൌശലങ്ങള്‍ക്കു കിടനില്ക്കാന്‍ തന്റെ കുരുന്നുബുദ്ധിയ്ക്കു കഴിയുമോ എന്നോര്‍ത്ത്‌ അവന്‍ കിടിലം കൊണ്ടു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ‍, തള്ളയാടിന്റെ നിഴല്‍പറ്റി, മേച്ചില്‍പ്പുറങ്ങളില്‍ നിന്ന്‌ മേച്ചില്‍പ്പുറങ്ങളിലേയ്ക്കും ചാണ്ടിയുടെ കത്രികയ്ക്കടിയില്‍ നിന്ന്‌ ആലയിലേക്കും നടക്കുമ്പോള്‍ സുമേഷ്‌ എന്ന ആട്ടിന്‍കുട്ടി അല്ലലില്ലാത്ത തന്റെ ജീവിതത്തെക്കുറിച്ചോര്‍ത്ത്‌ സംതൃപ്തനായിരുന്നു. വയറുനിറയുന്ന സമയങ്ങളില്‍ അലട്ടാനെത്തിയ വിളികളെ അവഗണിയ്ക്കാന്‍ അവന്‍ ശീലിച്ചു.

അറിവിന്റെ ഉറവ

എന്നാല്‍ , പറ്റത്തോടു പറ്റിനീങ്ങുന്നതിന്റെ സുഖം അനുഭവിക്കാന്‍ സുമേഷിന്‌ ഏറെനാള്‍ കഴിഞ്ഞില്ല. തങ്ങളുടെ സ്വാതന്ത്ര്യം പണയം വെച്ച്‌ പകരം നേടിയതെന്ന്‌ ആടുകള്‍ വിശ്വസിച്ചിരുന്ന സുരക്ഷിതത്വം ഒരു മിഥ്യയാണോ എന്ന സംശയം അവനുണ്ടാക്കിയ ഒരു സംഭവം ആയിടയ്ക്കുണ്ടായി. സുമേഷിന്റെ കൂട്ടുകാരിയായി ജോമോള്‍ എന്നു പേരായ ഒരാട്ടിന്‍കുട്ടി ഉണ്ടായിരുന്നു. ഒരു ദിവസം, മേഞ്ഞുനടക്കുന്ന ആട്ടിന്‍ പറ്റത്തിനു നടുവില്‍ സുമേഷ്‌ അവളോടൊപ്പം തുള്ളിക്കളിച്ചു നടക്കുകയായിരുന്നു. പെട്ടെന്നു താണു പറന്നു വന്ന ഒരു കൂറ്റന്‍ ചെമ്പരുന്ത്‌ ജോമോളെ തന്റെ നങ്ങളില്‍ കോര്‍ത്ത്‌ ഞൊടിയിടകൊണ്ടു പറന്നുയര്‍ന്ന്‌ മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞു. അവളുടെ ദീനരോദനം തീറ്റയില്‍ മുഴുകിയിരുന്ന മറ്റാടുകള്‍ കേട്ടില്ല. സംരക്ഷണത്തിനു വേണ്ടി സ്വാഭാവികമായും സുമേഷ്‌ പെട്ടെന്നു പ്രതീക്ഷയോടെ നോക്കിയത്‌ റ്റോബി എന്ന കാവല്‍നായയുടെ നേരെയാണ്‌. കഴിഞ്ഞ നിമിഷം വരെ ശ്രദ്ധയോടെ ആടുകളുടെ കവാത്തു പരിശോധിച്ചുകൊണ്ടു നിന്നിരുന്ന റ്റോബി ജോമോളുടെ ദുരവസ്ഥ കാണാത്ത മട്ടില്‍ കണ്ണടച്ചു മയക്കം നടിച്ചു കിടക്കുന്ന കാഴ്ചയാണ്‌ നടുക്കത്തോടെ അവന്‍ കണ്ടത്‌. തൊട്ടടുത്ത നിമിഷം ഒരു തള്ളയാടിന്റെ മുതുകത്ത്‌ ഒന്നിരിക്കാന്‍ പറന്നിറങ്ങിയ ഒരു കാക്കയുടെ നേരെ റ്റോബി കുരച്ചു ചാടുന്നതും കൂടി കണ്ടതോടെ അവന്‍ വാസ്തവത്തില്‍ പരുന്തിനെ ഭയന്നാണ്‌ ഒഴിഞ്ഞു മാറിയതെന്നു സുമേഷിനു സംശയം മുഴുത്തു. തന്നെ സൂക്ഷിച്ചു നോക്കി നില്ക്കന്നതായി കണ്ട സുമേഷിനെ 'എന്താടാ നോക്കി നില്ക്കുന്നതെ'ന്നു ചോദിച്ചു റ്റോബി വിരട്ടി. അവന്‍ ഇക്കഥ അമ്മിണിയോടും മറ്റും പറഞ്ഞു. അവരതു ചെവിക്കൊണ്ടില്ല.

തന്നെ ആരും മനസ്സിലാക്കുന്നില്ലെന്ന വിശ്വാസം സുമേഷിലുണ്ടായ ആ ദിവസങ്ങളില്‍ വീണ്ടും അവന്‌ ഉണ്ടിരിയ്ക്കുന്ന സമയങ്ങളില്‍ പഴയ വിളികള്‍ പൂര്‍വ്വാധികം ശക്തിയോടെ കേള്‍ക്കായി.


സുമേഷും അജിയും സംഭാഷണത്തില്‍

ആയിടയ്ക്കാണ്‌ ആട്ടിന്‍പറ്റത്തില്‍ മറ്റാരോടും അധികം ഇടപഴകാത്ത അജി ജോര്‍ജ്ജ്‌ എന്ന ആട്ടിന്‍കുട്ടിയെ അവന്‍ ശ്രദ്ധിയ്ക്കാന്‍ തുടങ്ങിയത്‌. അജി ഒരാട്ടിന്‍കുട്ടിയല്ലെന്നും പ്രായപൂര്‍ത്തിയായ ഒരാടാണെന്നും വളര്‍ച്ച മുരടിച്ചുപോയ അവനു കാഴ്ചയില്‍ വലുപ്പമില്ലെങ്കിലും തന്നോളം പ്രായമുണ്ടെന്നും അമ്മിണി സുമേഷിനോടു പറഞ്ഞു. അവന്‍ പറയുന്നതൊന്നും വിശ്വസിക്കരുതെന്നും അവള്‍ മുന്നറിയിപ്പു നല്കി. ആ വിലക്ക്‌ സുമേഷിന്റെ കൌതുകം ഉണര്‍ത്തുകമാത്രമാണു ചെയ്തത്‌.

അജിയുടെ പാതിയടഞ്ഞ കണ്ണുകളും ചെമ്പിച്ച ഊശാന്താടിയും മറ്റുള്ള ആടുകളൊന്നും ചുറ്റുമുണ്ടെന്ന ഭാവം തന്നെയില്ലാത്ത മന്ദഗമനവും തിരക്കില്ലാത്ത തീറ്റയും സുമേഷ്‌ കുറച്ചുനാള്‍ ദൂരെനിന്നു നിരീക്ഷിച്ചു. തന്നില്‍ വളരുന്ന അവ്യക്തമായ ആരാധനയ്ക്കടിമപ്പെട്ട്‌ ഒരു ദിവസം അമ്മയറിയാതെ അവന്‍ അജിയെപ്പോയി പരിചയപ്പെടുകതന്നെ ചെയ്തു.

"നിന്റെ അമ്മ ചെന്നായ എന്ന ക്രൂരമൃഗത്തെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടുണ്ടാകും എന്ന്‌ എനിയ്ക്കുറപ്പുണ്ട്‌. എന്നാല്‍ ‍, നാളിതുവരെ ഞാന്‍ ഒരു ക്രൂരമൃഗത്തിനെയേ കണ്ടിട്ടുള്ളൂ - ചാണ്ടിയെ."

അജിയുടെ വായില്‍ നിന്ന്‌ ആദ്യം വീണ വാക്കുകള്‍ തന്നെ സുമേഷിനെ ഊഷ്മളതകൊണ്ടു പൊതിഞ്ഞു. ചാണ്ടിയേയും റ്റോബിയെയും കുറിച്ചുള്ള അവിശ്വാസവും അസംതൃപ്തിയും പങ്കുവെയ്ക്കാനൊരാളെ കണ്ടെത്തിയതു സുമേഷിന്‌ ഊര്‍ജ്ജസ്വലതയേകി. ശ്രദ്ധാപൂര്‍വം തെരഞ്ഞെടുത്ത വാക്കുകള്‍ ചിട്ടയോടെ നിരത്തി അജി കൃഷിയിടത്തെക്കുറിച്ചു സംസാരിച്ചു. ചാണ്ടിയുടെയും അവന്റെ പതിവുകാരുടെയും വയറുനിറയ്ക്കാനും അവരുടെ തണുപ്പകറ്റാനും വേണ്ടി മാത്രമാണു തങ്ങളുള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ നിലനില്ക്കുന്നതെന്നും വാസ്തവത്തില്‍ തങ്ങളുടേതു ജീവിതമല്ല, ചാണ്ടിയുടെ ബൃഹദ്പദ്ധതിയനുസരിച്ചു ചലിയ്ക്കുന്ന ഒരു യന്ത്രത്തിന്റെ പൂര്‍വ്വനിശ്ചിതമായ ചലനങ്ങള്‍ മാത്രമാണെന്നും അവന്‍ സമര്‍ത്ഥിച്ചു. തങ്ങള്‍ വ്യക്തികളല്ല, ചാണ്ടി വില്ക്കുകയും വാങ്ങുകയും ചെയ്യുന്ന വസ്തുക്കള്‍ മാത്രമാണെന്ന്‌ അവന്‍ ചൂണ്ടിക്കാണിച്ചു.

തന്റെ കണ്ണുമൂടിക്കിടന്നിരുന്ന കമ്പിളി പെട്ടെന്നാരോ നീക്കിക്കളഞ്ഞതുപോലെ സുമേഷിനു തോന്നി. പിന്നീടുള്ള ദിവസങ്ങളില്‍ അവന്‍ തങ്ങളുടെ ലോകത്തെ മുമ്പില്ലാതിരുന്ന ഒരു വ്യക്തതയോടെ കാണാന്‍ തുടങ്ങി. തങ്ങള്‍ പകല്‍ മുഴുവന്‍ വെയിലത്തലയുമ്പോള്‍ ചാണ്ടി മരത്തണലിലിരുന്ന്‌ ഓടക്കുഴല്‍ വിളിയ്ക്കുന്നതും വൈകിട്ടു പാലു കറന്നെടുത്തു പോകുന്നതും രാത്രി തങ്ങള്‍ തണുത്തു വിറയ്ക്കുമ്പോള്‍ കമ്പിളി പുതച്ചു തീകാഞ്ഞിരിക്കുന്നതും അവന്‍ അമര്‍ഷത്തോടെ നോക്കിക്കണ്ടു.

സുമേഷും അജിയും അമ്മിണിയുടെ അറിവുകൂടാതെ പിന്നെയും പലവട്ടം കണ്ടു. തന്റെ ബാല്യത്തിലുണ്ടായ ചില അനുഭവങ്ങളാണു തന്റെ കാഴ്ചപ്പാടു രൂപപ്പെടുത്തിയതെന്ന മുഖവുരയോടെ അജി ഒരു കഥപറഞ്ഞു - അവന്‍ ചാണ്ടിയുടെ മകളായ മേരി എന്ന പെണ്‍കുട്ടിയുടെ കണ്ണിലുണ്ണിയായിരുന്ന കാലത്തിന്റെ കഥ.

"ഞാന്‍ അന്ന്‌ ഇങ്ങനെ മെലിഞ്ഞൊന്നുമായിരുന്നില്ല", അവന്‍ പറഞ്ഞു. "എന്റെ ശരീരം കൊഴുത്തിരുന്നു. ഞാന്‍ പാല്‍നുരപോലെ വെളുത്തും പഞ്ഞികണക്കു മിനുത്തുമാണിരുന്നത്‌."

ഓര്‍മ്മകളില്‍ വീണ്ടും അജി മേരിയോടൊപ്പം കളിച്ചു. അവളോടൊപ്പം ഉണ്ടു, ഉറങ്ങി, ഉണര്‍ന്നെഴുനേറ്റു. മൃഗങ്ങളെ സ്നേഹിച്ചിരുന്ന മേരി വിശാലഹൃദയയാണെന്നു വൈകാതെ അജിയ്ക്കു ബോദ്ധ്യമായി. വളര്‍ത്തുമൃഗങ്ങളുടെ ഉന്നമനത്തെപ്പറ്റി അവര്‍ പലപ്പോഴും ചര്‍ച്ചകളിലേര്‍പ്പെട്ടു. വിദ്യകൊണ്ടു പ്രബുദ്ധനാവണമെന്ന്‌ അവന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ വിദ്യാഭ്യാസം തന്നെപ്പോലെ അജിയ്ക്കും അവകാശപ്പെട്ടതാണെന്ന്‌ ഒട്ടും സംശയമില്ലാതെ അവള്‍ പ്രഖ്യാപിച്ചു. അങ്ങനെ, ഒരു ദിവസം അജിയെയും പള്ളിക്കൂടത്തില്‍ കൊണ്ടുപോകാന്‍ അവള്‍ മുതിര്‍ന്നു. എന്നാല്‍ അവളെ വിശ്വസിച്ചു പള്ളിക്കൂടത്തിലെത്തിയ അവനെ മറ്റു മനുഷ്യക്കുട്ടികള്‍ പരിഹാസച്ചിരിയുടെ പൊടിപൂരം കൊണ്ടാണു വരവേറ്റത്‌. വെറിയന്മാരായ അവര്‍ അവനെ വെളിയിലിറക്കി വിട്ട്‌, പള്ളിക്കൂടത്തിന്റെ വാതില്‍ തള്ളിയടച്ചു തഴുതിട്ടു.

"എനിയ്ക്കു നേരെ നടന്ന അനീതിയ്ക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ ചാണ്ടിയുടെ മകള്‍ തയ്യാറായില്ല", അജി പറഞ്ഞു. "ആ വഞ്ചന ഞാനിന്നും മറന്നിട്ടില്ല."

സംഘടന കൊണ്ടാണു ശക്തരാകേണ്ടതെന്ന്‌ അജി പറഞ്ഞതു കേട്ട്‌ സുമേഷ്‌ അമ്മിണിയുള്‍പ്പെടെ മറ്റാടുകളോട്‌ ചാണ്ടിക്കും റ്റോബിയ്ക്കുമെതിരായി സംസാരിയ്ക്കാന്‍ തുടങ്ങി. ഇടയന്റെ വരുതിയില്‍ നിന്നു വിടുതല്‍ നേടിക്കഴിഞ്ഞാല്‍ അറ്റമില്ലാത്ത പുല്‍പ്പുറങ്ങള്‍ തങ്ങളെ കാത്തു കിടക്കുന്നുണ്ടെന്നും തള്ളയാടുകളുടെ പാല്‍ ആട്ടിന്‍കുട്ടികള്‍ക്കു മാത്രം അവകാശപ്പെട്ടതായിരിക്കുമെന്നും പോരാട്ടത്തിലൂടെയേ വിമോചനം സാദ്ധ്യമാവൂ എന്നും അവന്‍ അവരോടു പറഞ്ഞു. വരിതെറ്റിയ്ക്കാതെ നടക്കുന്നതിലും അടുത്ത മേച്ചില്‍പ്പുറത്തെക്കുറിച്ചുള്ള ചിന്തയിലും മുഴുകിയിരുന്ന അവര്‍ ആദ്യമൊന്നും അവന്‍ പറയുന്നതു ശ്രദ്ധിച്ചില്ല. എന്നാല്‍ ‍, അവന്റെ ആവേശവും വിശ്വാസദാര്‍ഢ്യവും കണ്ട്‌ അവരില്‍ ചിലര്‍ പതുക്കെപ്പതുക്കെ അവന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാന്‍ തുടങ്ങി.

ചിത്രീകരണം: ശശികുമാര്‍

നീണ്ട കഥയുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ തുടര്‍ന്നുള്ള ലക്കങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്

Subscribe Tharjani |