തര്‍ജ്ജനി

അബ്ദുള്‍ കരീം തോണിക്കടവത്ത്

തുഷാര, ഇരുമ്പുഴി, മലപ്പുറം

ഇ-മെയില്‍: tkkareem@gmail.com

വെബ്: http://tusharam.blogspot.com/

Visit Home Page ...

കഥ

കബന്ധങ്ങളും കഴുതപ്പുലികളും

കൊങ്ങം കയറിയിറങ്ങിയ കല്‍പ്പടവുകളില്‍ അടിഞ്ഞു കിടന്ന എക്കല്‍മണ്ണു എണ്ണിയാല്‍ ഒടുങ്ങാത്ത ഒരുപാടു പുല്‍നാമ്പുകളെ പെറ്റു തുടങ്ങിയിരിക്കുന്നു.
ആളനക്കമില്ലാത്ത ഈ കരിങ്കല്‍പ്പടവുകളിരുന്നു ഒഴുക്കിലേക്കു കാലുതൂക്കിയിട്ടിരിക്കാന്‍ ഇനി ആവില്ല. ഒന്നു രണ്ടു പടവെങ്കിലും നന്നായി കഴുകി വൃത്തിയാക്കേണ്ടതുണ്ട്‌.
തോണിയടുപ്പിക്കാനയി തൊട്ടപ്പുറത്തു കോണ്‍ക്രീറ്റില്‍ ഒരു കടവു പണിതപ്പോള്‍ ഈ കല്‍പ്പടവുകള്‍ എന്റേതു മാത്രമായി. പച്ചിലപ്പടര്‍പ്പുകള്‍ മറയിട്ട ഇവിടെ വെറുതെ വന്നിരിക്കുന്നതു മറുനാട്ടില്‍ മടുപ്പു തോന്നിയിരുന്ന പല നിമിഷങ്ങളിലും സ്വപ്നം കണ്ടിരുന്നു.
പണ്ടൊക്കെ ഈ പടവുകളില്‍ തനിച്ചു വന്നിരുന്നാല്‍ ഉള്ളിലൊരുപാടു കഥകള്‍ നാമ്പിടുമായിരുന്നു.
കഴിഞ്ഞ വരവിനു ഒരു കഥയെഴുതാന്‍ വിജനമായ ഈ പടവില്‍ ഒരുപാടു നേരമിരുന്നു.
വെള്ളവും മണലുമൊഴിഞ്ഞ പുഴ കണ്ടാല്‍ ഏതെങ്കിലും ഒരു വയസ്സിയെയാണു ഓര്‍മ്മ വരിക.
നിറയെ ഞെരമ്പുകള്‍ പൊങ്ങി, ശുഷ്കിച്ച വരണ്ട ചര്‍മ്മമുള്ള ഒരു കിളവി. കൂടുതല്‍ ചിന്തിക്കുമ്പോള്‍ ആ കിളവിക്കു ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒരു കൂട്ടുകാരിയുടെ മുഖ സാദൃശ്യം അനുഭവപ്പെടും. അതു കാണുമ്പോള്‍ സങ്കടം തോന്നും. അതോടെ എഴുതാനുള്ള ആശ തന്നെ കെടും.
അന്നും അവസാനം നിരാശനായാണു മടങ്ങിയത്‌.

"മാഷേ എന്നെത്തി?"
"ഞാനിന്നലെയും ഓര്‍ത്തതേയുള്ളൂ. മാഷെ പറ്റി!"
അപ്പുറത്തെ കടവില്‍, തോണിയില്‍ നിന്നു ചാടിയിറങ്ങിയ പവിത്രനെ കണ്ടപ്പോള്‍ സന്തോഷം തോന്നി.
"ഞാന്‍ കഴിഞ്ഞാഴ്ചയെത്തി. കഴിഞ്ഞ വരവിനു കണ്ടില്ലല്ലോ?"

"കഴിഞ്ഞ വര്‍ഷം ഞാന്‍ വയനാട്ടില്‍ ഡെപ്യൂട്ടേഷനിലായിരുന്നു".
"പുതിയ കഥയുണ്ടോ മാഷെ? ഞാന്‍ ബ്ലോഗുകള്‍ വായിക്കാറുണ്ട്‌."

എന്റെ ഗ്രാമത്തിലും ബ്ലോഗുവായിക്കുന്നവരായോ? അത്ഭുതം തോന്നി.
"ഒന്നെഴുതണമെന്നു കരുതി വന്നിരുന്നതാ, പഴയപോലെ ചിന്തകളെ പായിക്കാന്‍ കഴിയുന്നില്ല. ലീവു കഴിഞ്ഞു പോകുന്നതിനു മുന്‍പെ ഒന്നെഴുതി ബ്ലോഗിലിടണമെന്നുണ്ട്‌".
"അന്നു നമ്മള്‍ കാളിയുടെ കുടിലില്‍ പോയപ്പോള്‍ കാളിയുടെ തള്ള പറഞ്ഞ ആ ചിരുതേടേം ചാമിന്റേം കഥ മുന്‍പെപ്പോഴെങ്കിലും എഴുതിയാരുന്നോ?"

"ഏതാപ്പോ ആ കഥ!"
ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു.
"ചാമിയേയും ചിരുതയെയും ശല്യപ്പെടുത്തിയ ആ സാഡിസ്റ്റ്‌, തമ്പ്രാന്‍ ചെക്കന്റെ കഥ".
പവിത്രന്‍ ഓര്‍മ്മിപ്പിച്ചു.

എനിക്കോര്‍മ്മ വന്നു. ഞാന്‍ പവിത്രനോടു നന്ദി പറഞ്ഞു ഓര്‍മ്മിപ്പിച്ചതിന്നു.
"അതു തന്നെ എഴുതാം. ആദ്യം എല്ലാം ഒന്നു ഓര്‍ത്തു നോക്കട്ടെ! വല്ലതും വിട്ടു പോയാല്‍ ചോദിച്ചു മനസ്സിലാക്കാന്‍ ആ തള്ളയിപ്പോ ജീവിച്ചിരിപ്പില്ല താനും".

"മാഷെഴുത്തു തുടങ്ങിക്കോ, എന്തെങ്കിലും വിട്ടു പോയാലൊന്നു ഫോണ്‍ ചെയ്താമതി, എനിക്കതു നല്ലോണം ഓര്‍മ്മയുണ്ട്‌. ഞാന്‍ ശല്യമാകുന്നില്ല. പോകുന്നതിന്നു മുന്‍പ്‌ ഒരു പ്രിന്റ്‌ എനിക്കു വേണ്ടി വെച്ചേക്കണേ!"
അവന്‍ ഫോണ്‍ നമ്പര്‍ എഴുതിയ തുണ്ടു തന്നു, പടവുകയറി അപ്രത്യക്ഷനായി.
കടലാസെടുത്തു പെന്‍സിലു കൊണ്ടു എഴുത്തു തുടങ്ങി.

കൂരക്കകത്തു വെട്ടം വീണപ്പോള്‍ കടുങ്കാപ്പി പോലും മോന്താന്‍ നിക്കാതെ കൈക്കോട്ടു തോളിലിട്ടു ചാമി വലിഞ്ഞു നടന്നു.
കണ്ടത്തില്‍ വീണ്ടും ഞെണ്ടുകള്‍ മടകുത്തിയിരിക്കുന്നു.
നേരം മോന്തിയാവോളം ഏനും ചിരുതയും ചേര്‍ന്നു ഏത്തം തേവി നിറച്ച പുഞ്ചകണ്ടമാണ്‌.
ഞണ്ടുകുത്തിയ മടയിലൂടെ നനവു കിനിഞ്ഞിറങ്ങി ഒറ്റ രാവു കൊണ്ടു കണ്ടം വീണ്ടും വറ്റിവരണ്ടിരിക്കുന്നു.

വഴുക്കല്‍ വിട്ടുമാറാത്ത വരമ്പത്തു ചാമി, ഏറെ നേരം താടിക്കു കയ്യും കൊടുത്തിരുന്നു.
കൂരയില്‍ നിന്നു ചിരുതയുടെ വിളി അവന്‍ കേട്ടില്ല. ഒരു മറുകൂക്കിനായി കുറേ കാതോര്‍ത്തിട്ടൊടുവിലവള്‍ കടുങ്കാപ്പിയും കപ്പ പുഴുങ്ങിയതും കൊണ്ടു വരമ്പത്തു മ്ലാനനായിരിക്കുന്ന ചാമിയുടെ അടുത്തെത്തി.
വരണ്ട കണ്ടത്തിലേക്കും ചാമിയുടെ നിറഞ്ഞ കണ്ണിലേക്കും നോക്കിയപ്പോള്‍ ഒന്നുമുരിയാടാതെത്തന്നെ അവള്‍ക്കെല്ലാം മനസ്സിലായി.

"കൊല്ലണം സകലത്തിനീം, ദണ്ണപ്പെട്ടിട്ടു കാര്യമില്ല. കൊന്ന പാപം തിന്നാല്‍ തീരും. കുന്തത്തില്‍ കുത്തി പിടിച്ചോണ്ടുവാ ഞാന്‍ നെയ്യിലിട്ടു പൊരിച്ചു തരാം. കള്ളും കൂട്ടി പൊരിച്ച ഞെണ്ടു തിന്നാന്‍ എനക്കും കൊതി തോന്ന്‌ണ്‌".
ചിരുത മന:ശാസ്ത്രപരമായി ചാമിയെ ആശ്വസിപ്പിച്ചു.
ചാമി പ്രാതല്‍ കഴിക്കുന്നതിനിടയില്‍ ചിരുത, കമുങ്ങലകു കൊണ്ട്‌ ഒരു കുന്തം ചെത്തിമിനുക്കി അറ്റം സൂചി പോലെ കൂര്‍പ്പിച്ചു ചാമിക്കു നീട്ടി.
കുന്തവുമായി കണ്ടത്തിന്റെ നാലതിരു ചുറ്റി തിരിച്ചു വന്ന ചാമിയുടെ കയ്യില്‍ കുത്തിയെടുത്ത പത്തിരുപതു മുഴുത്ത ഞണ്ടുകള്‍.
അവള്‍ അതും കൊണ്ടു കൂരയിലേക്കു മടങ്ങി.
പുകയത്തു കെട്ടിത്തൂക്കിയ ചൂരക്കൊട്ടയില്‍ നിന്നും കാട്ടുമുയലിന്റെ നെയ്യെടുത്തുരുക്കി, ചിരുത ഞണ്ടുകളെ ഓരോന്നായി അതിലിട്ടു മൊരിച്ചെടുത്തു. ഞണ്ടു പൊരിഞ്ഞ മണം മൂക്കിലടിച്ചപ്പോള്‍ ചാമി പണി നിര്‍ത്തി. ചെത്തു നടത്തുന്ന പനയുടെ ചുവട്ടിലേക്കു നടന്നു. ഉടുമുണ്ടഴിച്ചു വലിച്ചു താറുതറ്റു, പനയില്‍ വലിഞ്ഞു കേറി, ഊറിയ കള്ളു ചെരങ്ങാകുടത്തിലൊഴിച്ചു അതുമായി നേരെ കൂരയിലേക്കു നടന്നു.
കുടത്തില്‍ നിന്നവന്‍ കള്ളു രണ്ടു ചിരട്ടയിലേക്കായി അരിച്ചെടുത്തു. മുണ്ടില്‍ തങ്ങിയ ഉറുമ്പുകളെ മുറ്റത്തേക്കു തട്ടിക്കുടഞ്ഞിട്ടു. ഒരു ചിരട്ട കള്ളു തുളുമ്പാതെ ചിരുതക്കു നീട്ടിയപ്പോള്‍ കാന്താരിയരച്ചതും വറുത്ത ഞണ്ടും അവള്‍ പകരം നീട്ടി. കള്ളുള്ളിലാവുന്നമാത്രയില്‍ ചിരുത പാടിയ പഴയ കൊയ്തുപാട്ടിന്റെ വരികള്‍ക്കു മുറുക്കം കൂടാന്‍ തുടങ്ങി. ഒപ്പത്തിനൊപ്പം താളമിട്ടു ചാമിയതിനു ചേരുന്ന ഒരു പുതിയ കാളപൂട്ടുശീലും പാടി. പാടിക്കുഴഞ്ഞ നാവും ദ്രുതതാളമിട്ട കൈകാലുകളും നാഗങ്ങളെപ്പോലെ ചുറ്റിപ്പിണയാന്‍ കൊതിച്ചപ്പോള്‍ രണ്ടാളും കൂരക്കകത്തു കയറി.
മുറുകി വന്ന താളത്തിനനുസരിച്ചു പരിഭോഗചലനം പാരമ്യതയിലെത്തിയപ്പോള്‍ ചാമിയുടെ പേശികള്‍ പരമാവധി വലിഞ്ഞുമുറുകി, പിന്നെ കുലച്ച വില്ലു കുറുകെ പൊട്ടിയ പോലെ വാടിക്കുഴഞ്ഞ മേനി ചിരുതയുടെ മാറില്‍ വീണു. കെട്ട്യോന്റെ നെറ്റീലെ വെയര്‍പ്പു മൃദുവായി തുടച്ചെടുക്കുന്നതിടയിലാണു ചിരുത ഓലക്കീറിനിടയിലൂടെ തുറിച്ചു നോക്കുന്ന രണ്ടു കണ്ണുകള്‍ കണ്ടത്‌.ചാമിയെ മാറ്റിക്കിടത്തി ചിരുത ധൃതിയില്‍ മാറു മറച്ചെണീക്കുമ്പോള്‍ ഓലമറക്കപ്പുറത്തു നിന്നുമൊരാളനക്കം. ഒറ്റക്കുതിപ്പിനു തട്ടിക നീക്കി പുറത്തു ചാടി നോക്കുമ്പോള്‍ കണ്ടു, വേലി ചാടി മറയുന്ന തമ്പ്രാന്‍ ചെക്കന്‍. അരയില്‍ തൂക്കിയിട്ട ഇരട്ടനൂലില്‍ ആടിക്കളിക്കുന്ന എഴുത്തോലക്കെട്ട്‌.

ഇതിപ്പൊ അഞ്ചാറു പ്രാവശ്യമായി എവന്റെ ഒളിഞ്ഞു നോട്ടം അറിയുന്നു, കാട്ടു ചോലയില്‍ കുളിക്കാന്‍ പോകുമ്പോഴും കാട്ടില്‍ വിറകിനു പോകുമ്പോഴും ഒരു നിഴല്‍ അധികമെനിക്കുണ്ടോന്നു പലകുറി ശങ്കിച്ചതാണ്‌. പിന്നെ നിരീച്ചു അതു വെറുംതോന്നലാവുമെന്ന്. എഴുത്തോലക്കെട്ടു താക്കോല്‍കൂട്ടത്തില്‍ തട്ടിയുണ്ടാവുന്ന ലോഹത്തിന്റെ ആ ഒച്ച പലകുറി കേട്ടതുപോലെ തോന്നിയതാണ്‌.
അന്നേ ചാമിയോടു പറയേണ്ടതായിരുന്നു.
വഴക്കും വക്കാണവുമായി ഇനീംന്റെ ചാമിന്റെ നെഞ്ചെരിക്കണ്ടാന്നു നിരീച്ചു പോയി.
കൂടതെ കഴിയില്ലാച്ചാല്‍ മലദൈവത്തിനു മുന്നില്‍ വെറ്റിലേം പൊകലേം വെച്ച്‌ ആ കര്‍മ്മമങ്ങു ചെയ്യണം.മരപ്പെട്ടിയിലെ എഴുത്തോലയിലേ മന്ത്രാച്ചരങ്ങള്‍ മാഞ്ഞുപോയിട്ടൊന്നുമുണ്ടാവില്ല. ചാമിയോടു പറഞ്ഞാല്‍ തമ്പ്രാന്‍ ചെക്കനുമായി ഇനീം വഴക്കാകും.
എന്തിനാ!, ഇതിനു ഞാന്‍ തന്നെ മതിയല്ലോ!
ഉള്‍ക്കാട്ടിലു മുളയരിക്കു പോയ കുണ്ടന്റെ കൊച്ചുപെണ്ണിന്റെ തലേം ഉടുവടേം ഇല്ലാതെ കെടക്‌ക്‍ണ, ഒടലു വാരിക്കൂട്ടാന്‍ ചാമിയും പോയിരുന്നു കുണ്ടന്റെ കൂരയില്‍.
കൊണ്ടു വന്ന കൈതോലപ്പായ കെട്ടഴിച്ചു നെവര്‍ത്തിയപ്പോള്‍ ഒന്നേ നോക്കിയുള്ളൂ. ചെന്നായ പിടിച്ചതാണെന്നു മലകയറി വന്ന കാല്‍ശരായിയിട്ട ഏമാന്മാരു കടലാസിലെഴുതി പോയപ്പോഴേ ചാമി എല്ലാരും കേള്‍ക്കേ പറഞ്ഞതാ, ആ ചവത്തിന്റെ കാക്കൂട്ടിലു തമ്പ്രാന്‍ ചെക്കന്‍ സദാ കുടിക്ക്‌ണ രാക്കുമരുന്നിന്റെ കുപ്പിച്ചില്ല് ഏന്‍ കണ്ടതാന്ന്. കൈതപ്പുലി തിന്ന ബാക്കി ഭാഗങ്ങള്‍ പായയില്‍ വാരിക്കെട്ടുമ്പോള്‍ കാലിനിടയിലെ കാണാന്‍ പാടില്ലാത്തിടത്തു നിന്നു വീണ്ടും കുറെ കുപ്പിചില്ലുകള്‍ ചോരക്കറയുണങ്ങി താഴെ വീണതു ഏനും കണ്ടുവെന്നു ചാമിന്റെ കൂടേ ചവം വാരാന്‍ പോയ ചാത്തനും ആരോടോക്കെ ആണയിട്ടു പറഞ്ഞു.
അതിനാണന്നു തമ്പ്രാന്‍ ചെക്കന്‍ ചാമിയെ ഏത്തക്കുറ്റിക്കല്‍ വന്നു ഏറെ തൗതാരിച്ചതും ചാത്തനെ തല്ലാനോങ്ങിയതും. കയ്യാകളിയിലെത്തുന്നതിന്നു മുന്നെ കുണ്ടനാണു ചാമിയെ ഉന്തീം തള്ളീം കുടിലില്‍ കൊണ്ടുവന്നാക്കിയത്‌.
പതിനാലാം പക്കം കൊപ്പക്കാട്ടില്‍ പിന്നേം കണ്ടു തലല്യാത്ത ഒരു പെണ്ണിന്റെ ചവം. മൂക്കുപൊത്തി ചെന്നോരൊക്കെ അവടീം കണ്ടു അരക്കൂട്ടിലു പച്ച റാക്കു കുപ്പിന്റെ ചില്ലും, ചില്ലില്‍ പറ്റിയ ചോരക്കറയും.
ചിരുത ഇക്കുറി ചവം കാണാന്‍ പോയില്ല.

കവന്തങ്ങള്‍ ഇനീം കാണാന്‍ വയ്യ. ഈ ചവങ്ങളിലെ കെതികിട്ടാത്ത ആത്മാവുകളാത്രേ വാവലുകളാകുന്നത്‌. ഇച്ചാത്തരെ വാവലുകള്‍ വല്ലാതെ പെരുകീട്ടുണ്ട്‌. അവറ്റകളു മോച്ചം കിട്ടാതെ പാറി നടക്കാണു.
തളര്‍ന്നുറങ്ങുന്ന ചാമിയെ ഉണര്‍ത്താതെ ചിരുത ചായ്പ്പിന്റെ മൂലക്കിരുന്ന മരപ്പെട്ടി തുറന്നു. അതില്‍ നിന്നും അവളുടെ അരപ്പട്ട പുറത്തെടുത്തു. ചക്കിപ്പെരുംകൊല്ലത്തി ഇതിനെ "മങ്കാലമറാ"ന്നാ വിളിക്ക്‌ണത്‌. ചായ്‌പിന്റെ പിറകില്‍ പോയി വളരെ സൂക്ഷിച്ചതു നിവര്‍ത്തി.

(എഴുത്തു നിര്‍ത്തി ഞാന്‍ ചിന്തിച്ചു. ഈ മങ്കാലമറയെക്കുറിച്ചു ഞാനെഴുതിയാല്‍ വായനക്കാര്‍ക്കു ഉള്‍കൊള്ളാനാവുമോ?
പുത്തന്‍ തലമുറയിലെ ആര്‍ക്കും ഇതിനെക്കുറിച്ചറിയില്ല. ഇങ്ങനെ ഒന്നു കാണുന്നതു വരെ ഞാനും പവിത്രനും അതിനെ കുറിച്ചു വിശ്വസിച്ചിരുന്നില്ല. ഞങ്ങളുടേ വിശ്വാസക്കുറവു മനസ്സിലാക്കി തന്നെയാണ്‌ അന്നു കാളിയുടെ തള്ള അകത്തെ പെട്ടിയില്‍ നിന്ന് അതുപോലൊരോണ്ണം എടുത്തു കാണിച്ചു തന്നത്‌.
ഒരു പാടുകാലമായി അതു അരയില്‍ നിന്നഴിച്ചു മാറ്റിയിട്ട്‌. അതിനാല്‍ അവിടവിടെ ക്ലാവു പിടിച്ചിരിക്കുന്നു. തേച്ചു മിനുക്കിയാല്‍ സ്വര്‍ണ നിറം തന്നെയാണിതിന്‌. ഒറ്റനോട്ടത്തില്‍ അരയില്‍ കെട്ടുന്ന തിളക്കമുള്ള ഒരാഭരണം.
അതണിഞ്ഞാല്‍ പിന്നെ അഴിച്ചു മാറ്റാതെ ആ പെണ്ണിനെ പ്രാപിക്കാനൊരു വിടനുമാവില്ല. അതു അരയില്‍ ബന്ധിക്കാന്‍ മുറുക്കുന്ന ലോഹനാടക്കു ബ്ലേഡിന്റെ കനവും മൂര്‍ച്ചയും. അഴിക്കാന്‍ അറിയത്തവന്‍ അലക്ഷ്യമായി ആ ബന്ധനം വേര്‍പ്പെടുത്തിയാല്‍ പുറത്തേക്കു ഉലഞ്ചി ചുറ്റുകള്‍ തെറിച്ചു നിവരുന്ന ഒരു ഇരുതല മൂര്‍ച്ചയുള്ള ഉറുമിയായി അതു മാറും. ബലം പ്രയോഗിച്ചതു അഴിച്ചെടുക്കുന്നവന്റെ കഴുത്തില്‍ ചുറ്റി തലയറുത്തിടാന്‍ കഴിയുന്നത്ര ഗതികോര്‍ജ്ജം ചുറ്റിയെടുത്തരക്കെട്ടില്‍ ഒളിപ്പിച്ചു വെച്ചാണതണിയുന്നത്‌. അണിയുന്നവള്‍ക്കു മാത്രമേ അതു സുരക്ഷിതമായി അഴിച്ചെടുക്കാനാവൂ. അവളക്കു ചുറ്റുമൊരാറുമുളം ചുറ്റളവില്‍ അതിന്റെ വാള്‍ പളപളാന്നു നിവരുമ്പോള്‍ അഭ്യാസിയായ പെണ്ണു നാലുചുറ്റു കറങ്ങിയാല്‍ മുന്നിലൊരു മുളന്തൂണാണെങ്കിലും താളു വെട്ടിയപോലെ താഴെ കഷ്ണങ്ങളായി വീഴും.

വായനക്കാര്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ! എനിക്കു വിശ്വാസമാണ്‌. കാരണം ഞാനും പവിത്രനും അതു കണ്ടതാണ്‌. എഴുതുക എന്നതു എന്റെ ജോലിയാണ്‌. വിശ്വസിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു വായനക്കാരന്റെ ധര്‍മ്മവും.
ഞാന്‍ ബാക്കിയെഴുതാന്‍ തുടങ്ങി).

ചാമിയുടെ കൂടെ മാലയിട്ടിറങ്ങുമ്പോള്‍ ചാമിയുടെ കയ്യിലും മെയ്യിലും മുഴച്ചു നിക്കണ കരിങ്കല്ലു പോലുള്ള കരുത്തു കണ്ടിട്ടാവണം വേലിക്കല്‍ കാത്തു നിന്ന ചക്കിപെരുങ്കൊല്ലത്തി പിന്നേം പിന്നേം കാതിലോതിയതാ, "അതിനി വേണ്ടാന്ന്‌, കൂടെ കൊണ്ടു പോകണ്ടാന്ന്". മിന്നു കെട്ടിനു ശേഷം അതു കെട്ടേണ്ടി വന്നിട്ടില്ല. അതിനാല്‍ ചിരുതക്കതഴിക്കേണ്ടിയും വന്നില്ല. അതുകൊണ്ടു തന്നെ അതു കെട്ടുന്നതും അഴിക്കുന്നതും ഇപ്പോള്‍ അവള്‍ മറന്നു തുടങ്ങിയിരിക്കുന്നു.

ആങ്ങളമാരും തന്തയുമില്ലാത്ത കന്യകമാര്‍ക്കേ ചക്കിപെരുങ്കൊല്ലത്തി ഇതുപോലെ "മങ്കാലമറ" പണിതു കൊടുത്തിട്ടുള്ളൂ.
ചക്കിപ്പെരുകൊല്ലത്തി തന്നെയാണു അതു കെട്ടുന്നതും അഴിക്കുന്നതും കാണിച്ചു കൊടുത്തത്‌.
നാലഞ്ചു ദിവസം പണിപ്പെട്ടാണ്‌ ചിരുതക്കതു സ്വയം അണിയാനായത്‌. അതഴിക്കുന്നതാണ്‌ അതിലും വലിയ അഭ്യാസം. പാദങ്ങള്‍ ചേര്‍ത്തുവെച്ച്‌ കൂപ്പിയ കൈകള്‍ പരമാവധി മുകളിലേക്കുയര്‍ത്തി ശ്വാസചലനങ്ങളിലൂടെ അടിവയറ്റിന്റെ സങ്കോചവികാസങ്ങള്‍ നിയന്ത്രിച്ചാണു അതു കൊളുത്തഴിക്കുന്നത്‌. കൊളുത്തു വിട്ടാല്‍ പിന്നെ കുറച്ചു സമയം ശബ്ദമയം തന്നെ. ചുരികയുടെ ചുറ്റുകള്‍ നിവരുന്നതും പ്രതിബന്ധങ്ങളെ കഷ്ണിച്ചൊടുക്കുന്നതും ക്ഷണനേരം കൊണ്ടു തീരും.

ഒരാഴ്ച്ച ചാമിയും ചിരുതയും മെനക്കെട്ടു ഞണ്ടിനെ കുത്തിപ്പൊരിച്ചപ്പോള്‍ മടകുത്തലു നിന്നു. തേവിയ വെള്ളം കണ്ടത്തില്‍ ബാക്കിയായി.
ചാമിക്കും ചിരുതക്കും ബാക്കിപ്പണിക്കു ഇഷ്ടം പോലെ സമയം കിട്ടി. ഒരാഴ്ച മെനക്കെട്ടു ചിരുത അതു കെട്ടലും അഴിക്കലും തന്നെയായിരുന്നു.
ഇതിനിടയില്‍ അതിന്റെ ഇരുതല മൂര്‍ച്ച കൂട്ടാന്‍ അവള്‍ ചക്കിപ്പെരുങ്കൊല്ലത്തിന്റെ ആലയിലൊരു ദിവസം പോയി.

ഒരു ദിവസം കാട്ടു ചോലേന്നു മേക്കഴുകി നേരത്തെ കൂരയിലെത്തിയ ചിരുത ചാമിക്കായി കാത്തിരുന്നു, ചാമി മോന്തിക്കും കൂരയണയാത്തതു കണ്ടു ബേജാറായി, ഏത്തക്കുഴിക്കടുത്തെത്തിയപ്പോള്‍ കണ്ടതു കമഴ്‌ന്നു ബോധം കെട്ടു കെടക്ക്‌ണ ചാമി.
പുറത്ത്‌ മൂന്നു മുള്ളുള്ള തറച്ചു കേറ്റിയ കുന്തം.
മുറിപ്പാടിലൂടെ ചാലിട്ടൊഴുകിയ ചോര.

ചിരുത അലറിക്കൊണ്ടു ഓടിച്ചെന്നു.
കുന്തം വലിച്ചൂരിയെടുത്തു മുറിവായ്‌ ഒരു കൈ കൊണ്ടു പൊത്തിപ്പിടിച്ചു, മടിയിലേക്കു ചാമിയെ മറിച്ചിട്ടു.
കൈനീട്ടി ഏത്തകൊട്ടയില്‍ നിന്നിത്തിരി വെള്ളമെടുത്തു മുഖത്തു തെളിച്ചപ്പോള്‍ ചാമി കണ്ണു തുറന്നു. ചിരുത ചുണ്ടിനോടു ചെവി ചേര്‍ത്തു. അവ്യക്തമായി അവള്‍ അതു കേട്ടു.
"തമ്പ്രാന്‍ ചെക്കനാ.. പിന്നിന്നാ കുത്ത്യേ..വിട്ടൂടാ ആ പന്നിനെ ഇനീം.."
ചാമി വേദന കടിച്ചമര്‍ത്തിയെങ്കിലും പറയാനുള്ളതു മുഴുവനാവാതെ, പിന്നേം തളര്‍ന്നു വീണു.
ചിരുതയുടെ അലമുറ കേട്ടു ചാത്തനും കുണ്ടനും ഓടി വന്നാണു ചാമിയെ കൂരയിലേക്കെടുത്തത്‌.
വൈദ്യരൊന്നേ പറഞ്ഞുള്ളൂ. മലദൈവം തൊണച്ചാല്‍ ബാക്കിയാവും. പഴയ ലോഹം കൊണ്ടാ കുത്ത്യേത്‌. പകയുണ്ട്‌ ലോഹത്തിലും ആ കുത്തിയ കുരുപ്പിലും.
വേദന കൊണ്ടു പുളയുന്ന ചാമിയെ, കുണ്ടനെയും ചാത്തനെയും നോക്കാനേല്‍പ്പിച്ചു ചിരുത "മങ്കാലമറ" മാറോടു ചേര്‍ത്തുപിടിച്ചു പുറത്തിരുട്ടിലേക്കിറങ്ങി. കാവിലെ തിരി തെളിച്ചു വെറ്റിലയും പൊകയിലയും വെച്ചു അവള്‍ കൈകള്‍ കൂപ്പി.
"ആ തമ്പ്രാന്‍ ചെക്കന്റെ പിരാന്തു മുറിച്ചു എന്റെ കെട്ട്യോന്റെ മുന്നിക്കൊണ്ടന്നിട്ടു കൊടുക്കണേന്റെ മുന്നെ ഞങ്ങടെ രണ്ടാളേം ഉയിരെടുക്കല്ലെ മലദൈവങ്ങളെ!"അവള്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു
അവള്‍ പഠിച്ച മന്ത്രങ്ങള്‍ തെറ്റാതെ ഒന്നൊന്നായി ചൊല്ലി.
എവിടെ നിന്നോ ഒരു പാലപ്പൂ അവള്‍ടെ മുടിയില്‍ വന്നു വീണപ്പോള്‍ അവള്‍ ആശ്വാസത്തോടെ മന്ത്രം ചൊല്ലല്‍ നിര്‍ത്തി.
അവള്‍ നടന്നു.
ഒറ്റക്കുറുക്കനായ തമ്പ്രാന്‍ ചെക്കന്റെ താമസസ്ഥലത്തേക്ക്‌!
പടിപ്പുരക്കു പുറത്തു വെച്ചവള്‍ സൂക്ഷമതയോടെ മങ്കാകവചം കെട്ടി. എല്ലാം ഭദ്രമെന്നുറപ്പു വരുത്തിയവള്‍ പടിപ്പുറ തള്ളിത്തുറന്നു.
ഗര്‍ജ്ജിക്കുന്ന സ്വരത്തില്‍ അവള്‍ വിളിച്ചു പറഞ്ഞു.

"കൊച്ചെശ്‌മാ!"
"പുറത്തിറങ്ങി വരീന്‍!",
"ഏന്‍ വന്നു',
"എശ്മാന്റെ കലി തീര്‍ക്കാന്‍",
"മൂവന്തി മോന്തിക്കു ഏന്‍ ആവുന്നത്ര ചന്തം കൂട്ടി ഈ ഉമ്മറപ്പടീലിതാ വെറും വയറിലു തുനിഞ്ഞു നിക്കണ്‌.
സര്‍വാഭരണ ഭൂഷിതയായി!
"കൊച്ചമ്പ്രാന്‍ ഇത്തിരിക്കാലായി നുമ്മളടിയാന്മാര്‍ക്കു കിടക്കപ്പൊറുതി തരണില്ലല്ലോ!"
"ന്നെ ദാ കടിച്ചു കീറിക്കോ? പക്കേങ്കി എന്റെ ചാമിനെ ബെറുതെ ബിട്ടേക്കണം".

പച്ചറാക്കു കുപ്പിയില്‍ നിന്നു ഇടക്കിടക്കു വായിലേക്കു ഒഴിച്ചു ആടിയാടി കൊണ്ടു തമ്പ്രാന്‍ ചെക്കന്‍ പുറത്തു വന്നു.
മുറ്റത്തു നിലാവത്തു നില്‍ക്കുന്ന ചിരുതയെ കണ്ടപ്പോള്‍ അവനു നില്‍പ്പുറച്ചില്ല. ആര്‍ത്തിയോടവന്‍ പടവുകള്‍ ഇറങ്ങി.
"നിന്നെ ഞാന്‍ ഏറെക്കാലമായടീ നോട്ടമിട്ടിരിക്കുന്നു. നീയായിട്ടു വന്നതു നന്നായി. പക്ഷെ എന്റെ ഉച്ഛിഷ്ടം കഴുതപ്പുലിക്കുള്ളതാണെന്നറിയുമോ?"
തമ്പ്രാന്‍ ചെക്കന്‍ കൊലച്ചിരി ചിരിച്ചു.
ചിരുത കോപം ഉള്ളിലൊതുക്കി, സംഹാരത്തിനു തയ്യാറായി.
പാദങ്ങള്‍ തൊട്ടടുത്തു വെച്ചു. മടമ്പു മടമ്പിനോടും പെരുവിരല്‍ പെരുവിരലിനോടും ചേര്‍ത്തു വെച്ചു.
തമ്പ്രാന്‍ ചെക്കന്‍ ആടിയാടി ചിരുതക്കു തൊട്ടു മുന്നിലെത്തി.
കുഴഞ്ഞാടുന്ന കൈകള്‍ കൊണ്ടു ആദ്യമവന്‍ ചിരുതയുടെ മാറു മറച്ച തുണി വലിച്ചു ദൂരെക്കെറിഞ്ഞു.
ചിരുതയുടെ കൈകള്‍ അറിയാതുടനെ പിണഞ്ഞു നിന്നാ മാറിനെ മറച്ചു.
നാണമെന്ന വികാരത്തെ തോല്‍പ്പിച്ചു പ്രതികാരമെന്ന വികാരം ജയിച്ചപ്പോള്‍ അവള്‍ പിന്നെ തുറന്ന മാറിനെ മറന്നു.
ജ്വലിക്കുന്ന കണ്ണുകള്‍ രണ്ടും മുകളിലേക്കുയര്‍ത്തി പതിയെ കൈകള്‍ കൂപ്പി, തലക്കു മീതെ ഒത്ത മുകളിലേക്കുയര്‍ത്തി.

തമ്പ്രാന്‍ ചെക്കന്‍, നിലാവിനു നന്ദിപറഞ്ഞു കൊണ്ടു തെറിച്ചു നില്‍ക്കുന്ന ആ മുലഞ്ഞെട്ടുകളിലേക്കു നോക്കി വരണ്ട ചുണ്ടുകള്‍ നനച്ചു.
ചിരുത ശ്വാസം ഉള്ളിലേക്കെടുത്തു, ഒന്നിച്ചു പുറത്തേക്കയച്ചു. അരപ്പട്ടയുടെ കൊളുത്തഴിക്കാന്‍ ശ്രമിച്ചു.
ശ്വാസം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ചങ്കും നെഞ്ചും പടപടാന്നടിക്കുന്നു. മനസ്സിന്റെ നിയന്ത്രണം കിട്ടുന്നില്ല. അടിവയറു ചെറുതാവുന്നില്ല.
അവള്‍ കണ്ണ്‍നുകള്‍ അടച്ചു. ഒരു നിമിഷം കുത്തേറ്റു കിടക്കുന്ന ചാമിയുടെ അവസാന ശ്വാസങ്ങള്‍ക്കു കാതോര്‍ത്തു. ചോരവാര്‍ന്നൊഴുകുന്ന അവന്റെ മുറിപ്പാടുകള്‍ മനസ്സിലോര്‍ത്തു. അപ്പോള്‍ അവള്‍ക്കു ശ്വാസനിയന്ത്രണം കിട്ടി. അടിവയര്‍ ഉള്ളിലേക്കു വലിഞ്ഞു. വലിച്ചു മുറുക്കിയ "മങ്കാലമറ"യുടെ കൊളുത്തു പെട്ടന്നഴിഞ്ഞു.
അതില്‍ ബന്ധനത്തിലായിരുന്ന ഉറുമിയുടെ ചുറ്റുകളുടെ ഓരോ അറ്റവും ഒരു സീല്‍ക്കാരത്തോടെ പുറത്തേക്കു തെറിച്ചു.
ചിരുത ക്ഷണം പെരുവിരലിലുയര്‍ന്നു മെയ്‌വഴക്കത്തോടെ അതിവേഗതയില്‍ നാലു കറക്കം കറങ്ങി.
തീപ്പൊരി ചിതറികൊണ്ട്‌ വാളുകള്‍ ചുറ്റും വീശിയുറഞ്ഞു.
മാറിലേക്കു നീണ്ട തമ്പ്രാന്‍ചെക്കന്റെ കൈകളാണ്‌ ആദ്യമറ്റത്‌. പിറകെ ഉറുമിയുടെ നീരാളിക്കുടുക്കില്‍പെട്ട തലയും.

പച്ചച്ചോര ചിരുതയുടെ മാറിലേക്കു തെറിച്ചപ്പോള്‍, അവള്‍ രണ്ടുകണ്ണും കൂടുതല്‍ അമര്‍ത്തിചിമ്മി ധൃതിയില്‍ മന്ത്രങ്ങള്‍ ചൊല്ലി.
ഉറുമിയുടെ സീല്‍ക്കാര ശബ്ദം നിലച്ചപ്പോഴേക്കും മന്ത്രങ്ങള്‍ ചൊല്ലിത്തീര്‍ന്നിരുന്നു.

അവള്‍ പതിയെ കണ്ണു തുറന്നു.
അറ്റ തലയിലെ കണ്ണുകള്‍ ഇപ്പോഴും തന്റെ മാറിലേക്കു തുറിച്ചു നോക്കി കാല്‍ക്കീഴില്‍ കിടക്കുന്നു. അവള്‍ കാര്‍ക്കിച്ചു തുപ്പി.
കബന്ധത്തില്‍ നിന്നു പിരാന്തിനെ മുറിച്ചെടുക്കാന്‍ ആ അരയില്‍ നിന്നു തുണി നീക്കിയപ്പോള്‍ അവള്‍ അന്തിച്ചു പോയി. അവിടെ ഒന്നുമില്ല, അധികവുമില്ല, ഒരു കുറവുമില്ല .പിന്നെ എന്തു മുറിച്ചെടുക്കും. ചാമിയുടെ അന്ത്യാഭിലാഷം നടത്തിക്കൊടുക്കാനാവില്ലല്ലോ!

അവള്‍ ശാപവാക്കുകള്‍ പുലമ്പികൊണ്ടു, നിരാശയോടേ ചുരികത്തലപ്പുകള്‍ ഒന്നൊന്നായി വലിച്ചെടുത്തു. അവ ചുരുട്ടി കൈയിലൊതുക്കി, അതില്‍ നിന്നു ചോരത്തുള്ളികള്‍ പിന്നേയും ഉറ്റിവീണുകൊണ്ടേയിരിക്കുന്നു. ചിരുത പടിക്കെട്ടിനു പുറത്തു കടന്നു. പടിപ്പുര മലര്‍ക്കെ തുറന്നിട്ടു, താമസിയാതെ തന്നെ ചോരയുടെ മണമറിഞ്ഞ ചെന്നായ്ക്കളും അവക്കു പുറകെ ചീഞ്ഞ ശവം തിന്നാന്‍ കഴുതപ്പുലികളും വരുമെന്നവള്‍ക്കു തിട്ടമുണ്ടായിരുന്നു.
അവള്‍ കാട്ടു ചോലയിലേക്കിറങ്ങി ചോറക്കറ നന്നായി കഴുകിക്കളഞ്ഞു. ഈറനായി തന്നെ കൂരയിലേക്കു നടന്നു.

കൂരയില്‍ നിന്നപ്പോഴും ചാമിയുടെ നീണ്ട ഞെരക്കം കേള്‍ക്കുന്നുണ്ടായിരുന്നു.

ഞാന്‍ എഴുത്തു നിര്‍ത്തി.
കഥയിവിടെ നിര്‍ത്തണോ?
പക്ഷെ ശുഭപര്യവസായിയായ കഥകളാണ്‌ എനിക്കിഷ്ടം. പക്ഷെ ഇതെങ്ങനെ ശുഭാന്ത്യത്തിലാക്കും.
ഞാന്‍ ഫോണ്‍ അമര്‍ത്തി.
"പവിത്രന്‍, ഈ കഥയുടെ അവസാനം ചാമിയും ചിരുതയും സന്തോഷത്തോടെ പിന്നീട്‌ ഒരു പാടുകാലം ജീവിച്ചു വെന്നു നമ്മളെ ആശ്വാസിപ്പിക്കാന്‍ കാളിയുടെ തള്ള അന്നെന്തു ഉപായമാണു പറഞ്ഞത്‌ ഓര്‍മ്മയുണ്ടോ?."

"ആ തമ്പ്രാന്‍ ചെക്കന്റെ പിരാന്തു മുറിച്ചെടുത്തു എന്റെ കെട്ട്യോന്റെ മുന്നിക്കൊണ്ടന്നിട്ടു കൊടുക്കണേന്റെ മുന്നെ ഞങ്ങടെ രണ്ടാളേം ഉയിരെടുക്കല്ലെ മലദൈവങ്ങളെ!"എന്ന ചിരുതയുടെ പ്രാര്‍ത്ഥന മലദൈവങ്ങള്‍ സ്വീകരിച്ചിരുന്നു. പക്ഷെ മുറിച്ചെടുക്കാന്‍ ആ തമ്പ്രാന്‍ചെക്കന്റെ അരക്കെട്ടിലൊരു പിരാന്തിന്റെ കഷ്ണവും പടച്ചോന്‍ പടച്ചുവെച്ചിട്ടില്ലാത്തതിനാല്‍ ചിരുതക്കതു മുറിക്കാന്‍ കിട്ടിയില്ല. അതിനാല്‍ മലദൈവങ്ങള്‍ക്കു ചിരുതക്കു കൊടുത്ത വാക്ക്‌ പാലിക്കന്‍ അവരുടെ ഉയിരു കാക്കേണ്ടി വന്നൂത്രേ!"
ചാമി പിന്നെ ഒരു പാടു കൊല്ലം പയറുമണിയെപ്പോലെ ഉരുണ്ടുരുണ്ടു പണിയെടുത്തു നടന്നൂന്നും ചിരുത അവന്റെ ഒരുപാടു കുട്ട്യാളെ പെറ്റു വളര്‍ത്തീന്നും ചുരുക്കം.
ഞാന്‍ അതും കൂടെയെഴുതി. പവിത്രനോടു പറഞ്ഞു.
"പവിത്രാ! കഥയെഴുതിക്കഴിഞ്ഞു!".

കുറിപ്പുകള്‍

1.ചവം - ശവം.
2.തൗതാരിക്കുക - ശകാരിക്കുക.
3.പിരാന്ത്‌ - ഭ്രാന്ത്‌
4.പൊകല - പുകയില.
5.എശ്മാന്‍ - യജമാനന്‍.
6.കൈതപ്പുലി - കഴുതപ്പുലി.
7.ദണ്ണം - സങ്കടം
8.മന്ത്രാച്ചരങ്ങള്‍ - മന്ത്രാക്ഷരങ്ങള്‍
9.ഇച്ചാത്തരെ - ഈയിടെ
10.മോച്ചം - മോക്ഷം
11.ഞെണ്ടുകള്‍ - ഞണ്ടുകള്‍

Subscribe Tharjani |
Submitted by moorthy (not verified) on Sun, 2007-10-07 13:34.

കബന്ധങ്ങളും കഴുതപ്പുലികളും നന്നായിട്ടുണ്ട്.

Submitted by Appu| അപ്പു (not verified) on Sun, 2007-10-07 13:40.

പ്രിയ കരീം മാഷ്,

മങ്കാലമറയുടെ ഈ കഥ ഒരേസമയം കുറെ മിത്തുകളേയും ആചാരങ്ങളുടെയും ജീവിതചര്യകളുടെയും കഥ പറയുന്നു. കഥ അവതരിപ്പിച്ച രീതിയും നല്ലതുതന്നെ. ഇനിയും മാഷുടെ തൂലികയില്‍നിന്നും ഇതുപോലെയുള്ള സൃഷ്ടികള്‍ വിരിയട്ടെ എന്നാശംസിക്കുന്നു.

സ്നേഹപൂര്‍വ്വം
അപ്പു

Submitted by മെലോഡിയസ് (not verified) on Mon, 2007-10-08 15:45.

കരീം മാഷേ, കഥ അസ്സലായിട്ടുണ്ട്.

Submitted by സഹയാത്രികന്‍ (not verified) on Tue, 2007-10-09 02:32.

മാഷേ.. അസ്സലായിരികണൂ...
വളരേ ഇഷ്ടമായി... നല്ല ഒഴുക്കിലു വായിച്ച് തീര്‍ത്തു.

“മങ്കാലമറ“ നല്ലതാണല്ലോ... ഇതിപ്പൊഴും ഉപയോഗിക്കാന്‍ പറ്റിയിരുന്നേല്‍ ചിലരെങ്കിലും രക്ഷപ്പെട്ടേനേ..

മാഷേ ഇനിയും ഇതു പോലത്തെ രചനകള്‍ പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം
സഹയാതരികന്‍

Submitted by Noushad (not verified) on Wed, 2007-10-10 21:11.

മഷെ നന്നായിരിക്കുന്നു.....ആ പുതിയ ആയുധം അസ്സലായിട്ടുണ്ട്.....

Submitted by Achu (not verified) on Tue, 2008-12-02 14:24.

Dear Kareem Master
I am from Saudi Arabia. After long years of Pravasa jeevitham I am reading a really touching and professionally written story. I started reading blog recently. Really wondering that we have so many talented writers who are not getting enough reputation. Wish u all the best to keep on writing.
Achu

Submitted by sunilkumar (not verified) on Thu, 2008-12-04 14:18.

Achu,

You can contact me to start a blog. I am also from Saudi, Riyadh. Contact me mbsunilkumar at yahoo dot com.

Join saudi bloggers foum in google groups also.
-S-