തര്‍ജ്ജനി

ഒരു ചെറുസംഘം ചലച്ചിത്രാസ്വാദകര്‍

ഇ-മെയില്‍: oksudesh@hotmail.com

Visit Home Page ...

സിനിമ

സിനിമ കണ്ടെഴുതുമ്പോള്‍...

നാമെന്നും സിനിമയുടെ ഉന്നതമായ പ്രത്യക്ഷങ്ങളില്‍ നിന്ന്‌ അകലെയാണെന്ന്‌ തോന്നും. ഒരിടയ്ക്ക്‌, എഴുപതുകളില്‍ പ്രത്യേകിച്ചും, മറിച്ചൊരു പ്രതീക്ഷ നമുക്കും രാഷ്ട്രാന്തരീയതയില്‍ ഒരു മുഖം സമ്മാനിച്ചുവെന്ന്‌ ശരിയായി തെറ്റിദ്ധരിച്ചിരുന്നു. വീണ്ടും മദ്ധ്യവര്‍ത്തിഹിതങ്ങളിലേയ്ക്ക്‌ നാം പരാതിയില്ലാതെ ആണ്ടുപോയി. ഇന്നേയ്ക്ക്‌, ഡിജിറ്റൈസിങ്ങിലേയ്ക്ക്‌ വഴിതുരന്നു തുടങ്ങിയപ്പോഴേയ്ക്കും, സിനിമ നമുക്കിനിയും വലിയ പരീക്ഷണങ്ങളൊന്നും അവശേഷിപ്പിക്കാതായിരിയ്ക്കുന്നു. ഇനിയെന്തെങ്കിലും അവശേഷിയ്ക്കുന്നുവെങ്കില്‍ തന്നെ, അതെല്ലാം ടെക്‌നോ-ഭ്രമങ്ങളെപ്രതിയാവാനേ തരമുള്ളുവെന്നും തോന്നുന്നു.

ആ തോന്നലില്‍ താണിരുന്നുകൊണ്ട്‌ ചില ഗൃഹാതുരതകളെ പ്രത്യാനയിയ്ക്കുകയാണ്‌.

സിനിമ കാണുക:
ഭീമന്‍ സ്ക്രീനിലല്ലെങ്കിലും;
വലിയ കാണി-സാന്നിദ്ധ്യങ്ങളില്‍ വിലയിച്ചല്ലെങ്കിലും.
സിനിമ സംസാരിയ്ക്കുക:
കൊടും തീയറികള്‍ ചമയ്ക്കുവാനല്ലെങ്കിലും;
ചെയ്യലിനെ പറഞ്ഞു ചെറുതാക്കുന്നതില്‍ കൃശത്വം പൂണ്ടുപോലും.
സിനിമ എഴുതുക:
വലിയൊരു നിരൂപക ഭാവത്തോടെയല്ലെങ്കിലും;
എന്തും എഴുതിമുടിച്ചേ തീരൂ എന്ന എക്കാലത്തേയും പ്രലോഭനത്തെ ഭയന്നുപോലും.

കൂടെക്കൂടി കാണാനൊക്കാതെ പോയവര്‍ക്ക്‌, ഇതു വായിച്ച്‌, ഇതൊന്നു കാണുവാന്‍ മോഹമുദിച്ചെങ്കിലോ?

അതായിരിയ്ക്കാം, ഒരുപക്ഷെ, ഇങ്ങിനെയൊരു സംരംഭത്തിന്‌ തുടക്കമെടുപ്പിയ്ക്കുക.

തുടര്‍ച്ച മുറിയുമായിരിയ്ക്കാം; തുടര്‍ന്നേ പോയിയെന്നും വരാം.

അതിലേയ്ക്കാദ്യം പുറപ്പെടുക റൊബെയ്‌ര്‍ ബ്രെസ്സോണ്‍ (1901-1999) എന്ന വിശ്രുത ഫ്രഞ്ച്‌ ചലച്ചിത്രകാരന്റെ 'പിക്‌പോക്കറ്റ്‌' എന്ന ചലച്ചിത്രമാവും --യാദൃച്ഛികമായി വന്നുപെട്ടൊരു തെരഞ്ഞെടുപ്പ്‌.

പിക്‌പോക്കറ്റ്‌ (1959)

എഴുത്തും സംവിധാനവും : റൊബെയ്‌ര്‍ ബ്രെസ്സോണ്‍

ഛായാഗ്രഹണം : എല്‍. എച്ച്‌. ബുറെല്‍

ചിത്രസന്നിവേശം : ആര്‍. ലാമി

നിര്‍മ്മാണം : എ. ഡെലാഹൈ

കഥാപാത്രങ്ങള്‍ : അവതാരകര്‍

മിശെല്‍ : മാര്‍ട്ടിന്‍ ലസാളി

ജാന്‍ : മരിക ഗ്രീന്‍

ജാക്ക്‌ : പിയര്‍ ലെമാറി

പൊലീസ്‌ ചീഫ്‌ : ഷോണ്‍ പെലഗ്രി

മിശെലിന്റെ അമ്മ : ഡോളി സ്കാല്‍

കൂട്ടാളിയായ പോക്കറ്റടിക്കാരന്‍ : കസ്സാഗി

പുരസ്‌ക്കാരം: 1960-ലെ 'ഗോള്‍ഡന്‍ ബെര്‍ലിന്‍ ബെയര്‍'-ന്‌ നോമിനെയ്റ്റ്‌ ചെയ്യപ്പെട്ടുവെങ്കിലും അവസാനനിമിഷത്തില്‍ ഒരു സ്പാനിഷ്‌ ഫില്‌മിനു വഴിയൊഴിഞ്ഞു കൊടുക്കേണ്ടിവന്നു.

റൊബെയ്‌ര്‍ ബ്രെസ്സോണിന്റെ 'പിക്‌പോക്കറ്റ്‌' : സംക്ഷിപ്ത കഥനം

ഒ.കെ.സുദേഷ്‌
(08-09/09/2007)

"ഈ ഫില്‍മിന്റെ ശൈലി ഒരു ത്രില്ലറിന്റേതല്ല. ആന്തരിക ദൗര്‍ബ്ബല്യത്താല്‍ കളവുകൃത്യങ്ങളിലേയ്ക്ക്‌ നയിക്കപ്പെടുന്ന ഒരു യുവാവിന്റെ ദുഃസ്വപ്നതുല്യമായ അനുഭവത്തെ, ബിംബവും ശബ്ദവും ഉപയോഗിച്ചുകൊണ്ട്‌ ആവിഷ്ക്കരിയ്ക്കാന്‍ ഇതില്‍ ഫില്‌ംമെയ്‌ക്കര്‍ ഉദ്യമിയ്ക്കുന്നു. എന്നിരുന്നാലും, ഈ സാഹസികതയും അതുകൊണ്ടുചെല്ലുന്ന വിചിത്രമായ വഴികളും രണ്ടാത്മാക്കളെ ഒന്നിപ്പിയ്ക്കുന്നുണ്ട്‌ --അങ്ങിനെയല്ലായിരുന്നുവെങ്കില്‍ ഒരിക്കലും കണ്ടുമുട്ടാന്‍ ഇടയില്ലാത്ത രണ്ടുപേരെ."

ആമുഖ കുറിപ്പ്‌

ഒരേയൊരു ബന്ധുവായ അമ്മയില്‍ നിന്നകന്ന്‌ ഒരു കെട്ടിടത്തിന്റെ തട്ടുമ്പുറത്തുള്ള മുറിയില്‍ ഒറ്റയ്ക്ക്‌ താമസിക്കുന്നു, മിശെല്‍. ഒരു കട്ടിലിനും മേശയ്ക്കും ഒതുങ്ങാവുന്ന ഇടമെ ആ മുറിയ്ക്കുള്ളു. ബുദ്ധിശാലിത്വവും കയ്യടക്കവും വേണ്ട ഒരു മോഷണകലയില്‍ അയാള്‍ ആസക്തനാണ്‌. അതിലൂടെ കരഗതമാവുന്ന പണം അയാള്‍ക്ക്‌, അതിന്റെ ഉപയോഗമൂല്യത്തേക്കാളേറെ, നിര്‍വൃതിദായകം. അസാധാരണനായ ഒരു മനുഷ്യന്‌ കുറ്റകൃത്യം ചെയ്യാന്‍ അവകാശമുണ്ടെന്ന്‌ അയാള്‍ കരുതുന്നു. തന്നില്‍, അപ്രകാരം, ഒരു ഉപരിമനുഷ്യ കാമനയെ അയാള്‍ താലോലിയ്ക്കുന്നു. മറ്റൊന്നിലും മിശെല്‍ തല്‍പ്പരനല്ല. അയാളുടെ മുറിയും അതിലെ നന്നേ ചുരുക്കപ്പെട്ട ആവശ്യങ്ങളും അതു കാണിയ്ക്കുന്നുണ്ട്‌. അട്ടിയിട്ട പുസ്തകങ്ങളുടെ ആധിക്യവും മറ്റൊരുതരത്തില്‍ അത്‌ വെളിവാക്കുന്നു. അയാള്‍ ഉപയോഗിയ്ക്കുന്ന ഒരെയൊരു പഴയ സൂട്ട്‌, വികാരരഹിതമായ മുഖഭാവം, ശരീരത്തിന്‌ പുറത്ത്‌ അലയുന്ന ഒരു വ്യക്തിത്വത്തെ കാണിയ്ക്കുന്നു. ഒരുപക്ഷെ, കൈകള്‍ മാത്രമാവും അയാളുടെ ശരീരസാന്നിദ്ധ്യത്തെ അറിയിക്കുക തന്നെ.

കുതിരപ്പന്തയ പവില്യനില്‍ നടത്തുന്ന ഒരു പോക്കറ്റടിയില്‍ മിശെല്‍ പിടിക്കപ്പെടുന്നുണ്ട്‌. പക്ഷെ, തെളിവുകളുടെ അപര്യാപ്തതയില്‍ അയാള്‍ വിട്ടയക്കപ്പെടുന്നു. എങ്കിലും പൊലീസ്‌ ചീഫിന്റെ നോട്ടപ്പുള്ളിയായിത്തീരുന്നു. 'പോക്കറ്റടിക്കാരുടെ രാജകുമാരന്‍', 'മാന്യനായ പോക്കറ്റടിക്കാരന്‍' എന്നൊക്കെ അറിയപ്പെട്ടിരുന്ന 18-ാ‍ം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ്‌ മോഷ്ടാവിനെ (George Barrington) പറ്റിയുള്ള മിശെലിന്റെ ശേഖരത്തിലുള്ള ഒരു പുസ്തകം അയാളുടെ തന്നെ സുഹൃത്തിലൂടെ, മറ്റൊരിയ്ക്കല്‍, പോലീസ്‌ ചീഫ്‌ കാണുന്നുണ്ട്‌. അതോടെ അവര്‍ക്കിടയിലെ പൂച്ച-എലി-ക്കളി മുറുകുന്നു. ഒരു കണക്കില്‍ ജോര്‍ജ്‌ ബാരിങ്ങ്‌ടണ്‍ മിശെലിന്റെ സൂപ്പര്‍മാന്‍ ഹീറോ തന്നെയാണ്‌. ഒരു കളവ്‌ നടത്തുന്നതിനിടെ അയാള്‍ സമര്‍ത്ഥനായ മറ്റൊരു പോക്കറ്റടിക്കാരനുമായി പരിചയത്തിലാവുകയും അയാളില്‍ നിന്ന്‌ നൂതനവിദ്യകള്‍ ഗ്രഹിയ്ക്കുകയും ചെയ്യുന്നു. താമസിയാതെ, അവര്‍ മറ്റൊരുവനേയും കൂടെക്കൂട്ടി ഒരു മൂവര്‍ സംഘമായി പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്യുന്നു.

ഇതിനു പുറമെ, മിശെലുമായി ഇടപെടുന്ന രണ്ടു കഥാപാത്രങ്ങള്‍ കൂടിയുണ്ട്‌; ജാനും ജാക്കും. ജാന്‍, മിശെലിന്റെ അഭാവത്തില്‍ അയാളുടെ അമ്മയെ പരിചരിക്കുന്ന ഒരയല്‍വാസിയാണ്‌. ജാക്ക്‌, മിശെലിന്റെ ഒരേയൊരു ആണ്‍ സുഹൃത്തും. ഒരു ജോലി കണ്ടെത്തുവാനായി ജാക്ക്‌ മിശെലിനെ സഹായിക്കുന്നുവെങ്കിലും, അയാള്‍ വഴങ്ങുന്നില്ല. മിശെല്‍ സാഹസികമായ ഒരു പദ്ധതിയില്‍ ആകൃഷ്ടനായിരിക്കുന്നുവല്ലോ. അക്കാരണത്താലെന്ന പോലെ, ജാനിന്റെ നിര്‍മ്മലസ്നേഹത്തില്‍ നിന്ന്‌ പൊള്ളലേല്‍ക്കുന്നതു പോലെയും, മിശെല്‍ ജാനില്‍ നിന്ന് ഒഴിഞ്ഞുനടക്കുകയാണ്‌. അതിന്റെ മൂര്‍ദ്ധന്യത്തില്‍ സുഹൃത്തായ ജാക്കിന്‌ അവളെ നിര്‍വ്വികാരതയോടെ വിട്ടുകൊടുക്കുകയും.

ശയ്യാവലംബിയായിത്തീര്‍ന്ന അമ്മയെ ഒരു ദിവസം അയാള്‍ കാണാനെത്തുന്നു. ഒടുവില്‍, അമ്മയുടെ ആവശ്യങ്ങള്‍ക്കായി ജാനിനെ കുറച്ച്‌ പണമേല്‍പ്പിച്ച്‌, അവരെ കാണാന്‍ നില്‍ക്കാതെ മിശെല്‍ നടന്നുമറയുന്നു. മറ്റൊരിക്കല്‍, ജാന്‍ അയച്ച ഒരു സന്ദേശം വായിച്ച്‌ വീണ്ടുമയാള്‍ അമ്മയെ കാണാനെത്തുന്നു. ചോദ്യങ്ങളും അന്വേഷണങ്ങളും ഇഷ്ടപ്പെടാത്തവനാണ്‌ മകന്‍ എന്നറിയാവുന്ന അവര്‍ അവന്റെ ജീവിതവൃത്തിയെ കുറിച്ചാരായുന്നില്ല. അമ്മ, തന്നില്‍ നിന്നെന്തെങ്കിലും മറച്ചുവെയ്ക്കുന്നതായി മിശെല്‍ അറിയുന്നുമില്ല. മറിച്ച്‌, മാന്യമായ ഒരു ജീവിതം നയിക്കുന്നവനാണ്‌ താനെന്ന്‌ അമ്മ തന്റെ സുഹൃത്തില്‍ നിന്ന്‌ മനസ്സിലാക്കുന്നതായി അയാള്‍ തീരുമാനിയ്ക്കുന്നു.

അമ്മ മരിയ്ക്കുന്നു. ശവമടക്കിനു ശേഷം അമ്മയുടെ അവശേഷിച്ച വസ്തുവകകളുമായി മിശെലും ജാനും അയാളുടെ മുറിയിലെത്തുന്നു.

മിശെല്‍ ചോദിയ്ക്കുന്നു: "ജാന്‍, നാം (അന്തിമനാളില്‍) വിധിയ്ക്കപ്പെടുമോ?

ജാന്‍: "തീര്‍ച്ചയായും; പക്ഷെ നിന്റെ അമ്മയെ ഓര്‍ത്ത്‌ വിഷമിക്കേണ്ട. അവര്‍ എല്ലാം തികഞ്ഞവരായിരുന്നു."

മിശെല്‍: എങ്ങിനെ വിധിയ്ക്കപ്പെടുമെന്നാണ്‌? നിയമപ്രകാരം? ഏതു നിയമങ്ങള്‍ക്ക്‌ വിധേയമായി? ശുദ്ധ അസംബന്ധം!

അരണ്ട മന്ദഹാസത്തോടെ ജാന്‍: "നീ ഒന്നിലും വിശ്വസിയ്ക്കുന്നില്ലേ..."

വൈകാതെ മിശെലിന്റെ കൂട്ടാളികള്‍ പൊലീസ്‌പിടിയിലാവുന്നു. വിരണ്ടുപോയ അയാള്‍ പാരീസ്‌ വിടുവാന്‍ തീരുമാനിയ്ക്കുകയാണ്‌. പണ്ടൊരിയ്ക്കല്‍ അയാളോട്‌ ഒരു കാര്യം പൊലീസ്‌ ചീഫ്‌ പറഞ്ഞിരുന്നു. മിശെല്‍ മുമ്പെന്നോ നടത്തിയ ഒരു കളവിനെപ്രതിയായിരുന്നു അത്‌. കട്ടത്‌ അമ്മയുടെ പണമായിരുന്നതിനാല്‍ ഗൗരവമായ ഒരു പ്രശ്നമായത്‌ വളര്‍ന്നില്ല എന്നുമാത്രം. മാത്രമല്ല, മകനാണ്‌ അതെടുത്തത്‌ എന്നറിയാനിടയായ ആ സ്ര്തീ പരാതി പിന്‍വലിയ്ക്കുകയും ചെയ്തു. ആ സംഭാഷണം മിശെലിനെ അന്നേ അലട്ടിയിട്ടുണ്ട്‌. അയാള്‍ ഒരു മോഷ്ടാവാണെന്ന കാര്യം ശരിയ്ക്കും അമ്മക്കറിയാമായിരുന്നുവോ എന്നതുറപ്പിക്കാനായി, പാരീസ്‌ വിടുന്നതിനു മുമ്പ്‌, അയാള്‍ ജാനിനെ ചെന്നുകാണുന്നു. വ്യംഗ്യമായി അയാള്‍ ചോദ്യങ്ങളുരുവിടുന്നു; അവളാകട്ടെ മറയില്ലാതെ അതെല്ലാം ശരിവെയ്ക്കുകയും. അങ്ങിനെ ജാനിനും തന്റെ ജീവിതവൃത്തിയെ പറ്റി അറിയാമായിരുന്നുവെന്ന കാര്യവും മിശെല്‍ മനസ്സിലാക്കുകയാണ്‌. അയാള്‍ തകരുന്നു; നാടുവിടുന്നു.

താമസമെന്യെ, എല്ലായിടത്തും പരാജയപ്പെട്ട്‌, മിശെല്‍ തിരിയെ പാരീസിലെത്തുന്നു. ജാനിനെ കാണാനെത്തുന്ന അയാള്‍ ഒരു ശിശുവിനെയും അവിടെ കാണുന്നു. ജാനിന്‌ ജാക്കിലുണ്ടായ സന്തതി. ജാക്ക്‌ അവളെ ഉപേക്ഷിച്ച്‌ പോയിരിയ്ക്കുന്നു. യഥാര്‍ത്ഥ സ്നേഹമില്ലാതെ ഒരാളെ എത്രകാലം ഭര്‍ത്താവായി കണ്ട്‌ ഒരുമിച്ചു കഴിയാമെന്നായിരുന്നു, ജാന്‍, മിശെലിന്റെ തുടര്‍ചോദ്യത്തിന്‌ ഉത്തരം നല്‍കുക. അവളേയും കുട്ടിയേയും പോറ്റാമെന്നയാള്‍ വാക്കുകൊടുക്കുന്നു. എന്നാല്‍, ഇനി തന്നെ കാണാന്‍ വരരുതെന്നാണ്‌ ജാന്‍ മിശെലിനോട്‌ പറയുക. ഇനിയങ്ങോട്ട്‌ സത്യത്തോടെ ജീവിയ്ക്കാമെന്നും വീണ്ടുമൊരവസരം കൊടുക്കണമെന്നും അയാള്‍ പറയുന്നു. അടുത്തൊരു കാഴ്ചയില്‍, കുതിരപ്പന്തയത്തില്‍ ജയിച്ച പണം അവിടെനിന്ന്‌ കിട്ടിയ കവറോടുകൂടി അയാള്‍ ജാനിന്‌ കൊടുക്കുന്നുമുണ്ട്‌.

പോക്കറ്റടിയ്ക്കുള്ള പ്രേരണ, വീണ്ടുമൊരിക്കല്‍ മിശെലിനെ തിരഞ്ഞെത്തുന്നു. വേഷപ്രച്ഛന്നനായ ഒരു പോലീസുകാരനായിരുന്നു ഇത്തവണ ഇര. തോറ്റ കുതിരയില്‍ വാതുവെച്ചിട്ടും വിജേതാവിനെ പോലെ നടിയ്ക്കുന്ന, ജയിച്ചു കിട്ടിയതെന്നപോലെ തുകയെ പ്രദര്‍ശിപ്പിയ്ക്കുന്ന, അയാളെ മിശെല്‍ സംശയിക്കായ്കയല്ല. അയാള്‍ പന്തയത്തിലേര്‍പ്പെടുന്നതിനു പകരം ശ്രദ്ധയെ മറ്റെവിടെയോ കൊളുത്തിയിട്ടിരിക്കയാണെന്നും അത്‌ തന്നില്‍ത്തന്നെയാണെന്നും അറിയാതെയുമല്ല. എന്നിട്ടും കയ്യടക്കവിദ്യയിലെ തന്റെ സൂപ്പര്‍മാന്‍ അഹന്ത മിശെലിനെ പോക്കറ്റടിയ്ക്കാന്‍ പ്രലോഭിപ്പിക്കാതിരിക്കുന്നില്ല. ഒരു കണക്കിന്‌ സ്വയം പ്രതീക്ഷിച്ചതുപോലെത്തന്നെ, മിശെല്‍ പിടിയ്ക്കപ്പെടുകയും ജയിലിലാവുകയും ചെയ്യുന്നു.

കാണാന്‍ വരുന്ന ജാനിനോട്‌ അയാള്‍ തുടര്‍ന്നും വീരപ്രകടനം നടത്തുന്നുണ്ട്‌. കുറ്റം സമ്മതിച്ചുവെങ്കിലും താനത്‌ നിഷേധിയ്ക്കുമെന്നും പൊലീസിനെ കഷ്ടപ്പെടുത്തുമെന്നും അയാള്‍ വീമ്പിളക്കുന്നു. ഒരു മോഷ്ടാവാണെന്ന്‌ അറിയപ്പെട്ട സ്ഥിതിയ്ക്ക്‌ മിശെല്‍ ഇപ്പോള്‍ ലജ്ജയൊന്നും പ്രകടിപ്പിയ്ക്കുന്നില്ല. പോക്കറ്റടി ഒരാശയമാണെന്നാണ്‌ അയാള്‍ പറയുക. ശ്രദ്ധയില്‍ വന്ന പിഴവിനെപ്രതി മാത്രമെ അയാള്‍ക്ക്‌ വിഷാദമുള്ളു. ജയിലിനെ അയാള്‍ക്ക്‌ അങ്ങിനെയൊന്നും അനുഭവപ്പെടുന്നില്ല. തന്റെ ആ പഴയ മുറിയിലിരിക്കുന്ന ഒരു താല്‍ക്കാലികത മാത്രമെ ജയിലിലും അയാള്‍ അനുഭവിക്കുന്നതായി ദ്രഷ്ടാവിനേയും അറിയിപ്പിയ്ക്കുന്നുള്ളു.

അടുത്തൊരു ദിനം മിശെലിന്‌ ജാനിന്റെ ഒരു കുറിപ്പ്‌ കിട്ടുന്നു. അവള്‍ക്ക്‌ അയാളോടുള്ള നിര്‍മ്മലമായ സ്നേഹം അതിലയാള്‍ കാണുന്നു. മിശെലിന്റെ പ്രതിരോധങ്ങളെല്ലാം പൊട്ടുകയാണ്‌. അയാള്‍ അവളുടെ വരവിനായി കാത്തിരിയ്ക്കുകയായി.

പറഞ്ഞപ്രകാരം ജാന്‍ വന്നെത്തുന്നു. മിശെല്‍ ജാനിന്റെ നെറ്റിയില്‍ ചുംബിയ്ക്കുന്നു; ജാന്‍ തിരികെ അയാളുടെ കൈകളിലും. പാപവിമുക്തി (redemption) പൂര്‍ത്തിയാവുകയാണ്‌. ഫിലിം പൂര്‍ത്തിയാവുന്നേരം അയാള്‍ പറയുന്നു:

"ഓ ജാന്‍! നിന്നെ കണ്ടെത്താന്‍ എന്തു വിചിത്രമായ വഴിയിലൂടെയൊക്കെ ഞാനലഞ്ഞു?"

Subscribe Tharjani |
Submitted by saljo (not verified) on Sun, 2007-10-07 13:11.

സിനിമയുടെ നേര്‍കാഴ്ച നിരൂ‍പണത്തിന് അഭിനന്ദനങ്ങള്‍.
ഈ ചിത്രം കാണണമെന്നാഗ്രഹിച്ചിട്ടും കഴിഞ്ഞിട്ടില്ല. ഈ കുറിപ്പ് ഒരു നല്ല പ്രതീതി നല്‍കി.
തുടര്‍ലക്കങ്ങളില്‍ നുവോ സിനിമ പാരഡൈസോ പോലുള്ള ക്ലാസിക്കുകളെ പറ്റി പ്രതീക്ഷിക്കുന്നു.

Submitted by അനിരുദ്ധന്‍ അങ്ങാടിപ്പുറം (not verified) on Mon, 2007-10-08 21:50.

ഈ പരിശ്രമം ശ്ലാഘനീയം തന്നെ.
റൊബേര്‍ ബ്രെസ്സോന്‍ എന്നാവില്ലേ ശരിയായ ഉച്ചാരണം?‍
അനിരുദ്ധന്‍ അങ്ങാടിപ്പുറം