തര്‍ജ്ജനി

കഥ

ഒരു മനുഷ്യന്റെ ഛായാച്ചിത്രം

ജീവിതം ഇനി ഇതിനേക്കാള്‍ മെച്ചപ്പെടാനില്ല എന്നു അഭിപ്രായപ്പെടുന്നത് ഒരു വലിപ്പം പറച്ചിലാണ്. പക്ഷേ പരാതിപ്പെടാന്‍ എനിക്ക് ഒരു കാരണവുമില്ല എന്നതാണ് വാസ്തവം. സൂക്ഷിപ്പുകാരനായി ജോലി നോക്കിയിരുന്ന സ്ഥലത്തു വച്ചു തന്നെ അവരെന്നെ പറഞ്ഞു വിട്ടപ്പോഴും ഞാനാരോടും പരാതി പറയാനൊന്നും പോയില്ല. അവിടെ ശമ്പളം അധികമൊന്നുമില്ല. എങ്കിലും ജോലി നിസ്സാരമായിരുന്നു.
ഏതാണ്ട് 5000 കന്നാസുകളില്‍ നിറച്ചു വച്ചിരിക്കുന്ന സള്‍ഫ്യൂറിക് ആസിഡും ഇരുമ്പു ബാരെലുകളില്‍ വ്യവസായ ആവശ്യത്തിനായി വച്ചിരിക്കുന്ന കുറേ ഹെക്ടോ ലിറ്റര്‍ ചാരായവും ആരും എടുത്തു കൊണ്ടു പോകാതെ സൂക്ഷിക്കുക എന്നുള്ളതായിരുന്നു എന്റെ പണി. അവ വച്ചിരിക്കുന്നത് കമ്പികള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ബന്തവസ്തിനകത്താണ്. ഒരെണ്ണം പോലും മോഷണം പോകരുത്. സംഗതി ആലോചിച്ചു നോക്കിയാല്‍ രസമാണ്. ഒരുത്തനെയും കമ്പിവലയുടെ അടുത്തെങ്ങും വരാന്‍ സമ്മതിക്കരുത്, പക്ഷേ നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒന്നോ രണ്ടോ കന്നാസെടുത്ത് സൌകര്യപൂര്‍വം വെളിയിലേയ്ക്ക് കടത്താം. എന്നാല്‍ എനിക്ക് അങ്ങനെയുള്ള കാര്യങ്ങളിലൊന്നും താത്പര്യമില്ല. കുറേ കഴിയുമ്പോള്‍ ആര്‍ക്കായാലും കുറച്ചുകൂടി പണം കിട്ടിയാല്‍ കൊള്ളാമെന്നു തോന്നും, അപ്പോള്‍ മനസ്സാക്ഷി പറയുന്നത് അനുസരിക്കുക ബുദ്ധിമുട്ടാകും. ഈ സംഗതിയില്‍ എനിക്കു വല്ലാത്ത വിഷമമുണ്ട്. ഒരിക്കല്‍ കൂടി മറ്റൊരുത്തനെ ആശ്രയിച്ച് ജീവിക്കാന്‍ പറ്റില്ല. അതെന്റെ പ്രതിജ്ഞയാണ്. ഞാനെല്ലാം ഒറ്റയ്ക്കു ചെയ്യും. നിവൃത്തിയില്ലെങ്കില്‍ പട്ടിണി കിടക്കും. പക്ഷേ എന്നെ മാത്രമേ ഞാന്‍ ആശ്രയിക്കൂ.

അതെന്തായാലും തുടക്കം മുതല്‍ ഭാഗ്യം എന്നോടൊപ്പമായിരുന്നു. ഞാന്‍ ഒരു പരസ്യം കണ്ടു എന്നിട്ട് തിമര്‍ തെരുവിലുള്ള ‘ഇമ്മ്യൂണോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് നേരെ കയറി ചെന്നു. “നിങ്ങള്‍ രക്തം കൊടുക്കാനാണോ വന്നത്?” അവര്‍ ചോദിച്ചു
അതേയെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ അവരുടെ സ്ഥിരം കക്ഷിയാവുക മാത്രമല്ല, അവരുമായുള്ള ബന്ധം ഓരോ വര്‍ഷവും കൂടുതല്‍ മെച്ചപ്പെടുകയും ചെയ്തു. യാതൊരു സങ്കോചവുമില്ലാതെ എനിക്കതു പറയാന്‍ പറ്റും.

ചുരുക്കിപ്പറഞ്ഞ് നിങ്ങളെ കാര്യങ്ങള്‍ മനസ്സിലാക്കിപ്പിക്കാന്‍ എനിക്കു പറ്റുമെന്നു തോന്നുന്നില്ല. ഞാന്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിച്ചിരുന്നു എങ്കിലും ഒരിക്കല്‍ എന്റെ നോട്ടുബുക്ക് കീശയില്‍ കിടന്ന് നനഞ്ഞ് നാശമായി. എന്തായാലും ചെറിയ തെറ്റുകള്‍ പരിഗണിക്കാതെ വിട്ടാല്‍ 1951മുതല്‍ നാളിതുവരെ ഏതാണ്ട് 68 ലിറ്റര്‍ രക്തം ഞാന്‍ ഇന്സ്റ്റിറ്റ്യൂട്ടിനു കൊടുത്തിട്ടുണ്ടാവും. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഇക്കാലയളവിനിടയ്ക്ക് രക്തത്തിന്റെ വിലയില്‍ വളരെ പ്രകടമായ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടക്കത്തില്‍ 30 ഫോറിന്റ്സാണ് അവര്‍ ഓരോ ഡെസിലിറ്ററിനും വിലയായി തന്നുകൊണ്ടിരുന്നത്. അന്നത്തെ സാഹചര്യങ്ങളില്‍ അതത്ര മോശപ്പെട്ട വിലയായിരുന്നില്ല. ആ കാലങ്ങളിലാണ് ഞാനീ തൊപ്പിയും സോക്സും പട്ടീസും പിന്നെ അതുപോലുള്ള സാധനങ്ങളുമൊക്കെ വാങ്ങിയത്. അവര്‍ സന്നദ്ധസേവകന്മാരെ നിയമിച്ചപ്പോള്‍ രക്തവില 25 ഫോറിന്റ്സാക്കി കുറച്ചു. അതുകാരണം പതിവുകാരായ കുറേ വിശ്വസ്തരായ സത്സ്വഭാവികളായ രക്തദാതാക്കള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിട്ട് പോയി. രക്തം കൊടുക്കാന്‍ ഇവിടെ ആരും വരാത്ത അവസ്ഥയുണ്ടായി. പിന്നെ എല്ലാവര്‍ക്കും അറിയാവുന്നതു പോലെ 1956 ജനുവരി ആദ്യം മുതല്‍ 50 ഫോറിന്റ്സാക്കി വിലയുയര്‍ത്തി അവര്‍ രക്തം വാങ്ങാന്‍ തുടങ്ങി. ആ താരിപ്പാണ് ഇപ്പഴും തുടര്‍ന്നു വരുന്നത്.

‘അതൊരു തന്ത്രമായിരുന്നു’ എന്നൊക്കെയുള്ള ശൈലികള്‍ ഉപയോഗിക്കുന്നതില്‍ എനിക്കു താത്പര്യമില്ല. കാരണം രക്ത വില 25 ഫോറിന്റ്സായി താഴ്ത്തിയപ്പോഴും ഒരു പരാതിയും പറയാതെ രക്തം നല്‍കിക്കൊണ്ടിരുന്നവനാണ് ഞാന്‍. അതാണ് എന്റെ പ്രകൃതം. അങ്ങനെ തന്നെയായിരിക്കാനാണ് എനിക്കിഷ്ടം. അന്നു മുതലായിരിക്കും അവര്‍ക്ക് എന്നോട് ഇഷ്ടം വര്‍ദ്ധിച്ചിരിക്കുക എന്നാണെന്റെ തോന്നല്‍. കാരണം ഒരു യുവഡോക്ടര്‍ എന്റെടുക്കല്‍ വന്ന് മജ്ജ നല്‍കുന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ എന്നു തിരക്കി. മജ്ജ നല്‍കിയാല്‍ രക്തം കൊടുക്കാന്‍ പറ്റുമോ എന്നായിരുന്നു എന്റെ പേടി. ഒരു പ്രശ്നവും ഉണ്ടാവില്ല എന്നു പറഞ്ഞ് അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. മജ്ജ നല്‍കുക എന്നു വച്ചാല്‍ കുറേകൂടി പണം കിട്ടുക എന്നാണ് അര്‍ത്ഥം. എനിക്കാണെങ്കില്‍ പണം വളരെ അത്യാവശ്യവും. വൃത്തിയില്ലതെ വസ്ത്രം ധരിച്ചു നടക്കുന്ന ആളുകളെ എനിക്കിഷ്ടമല്ല.. എന്റെ അടിവസ്ത്രങ്ങളാണെങ്കില്‍ ഖേദകരമായ അവസ്ഥയിലായിട്ട് കാലം കുറെയായി. ആധുനിക ഭൌതികശാസ്ത്രത്തിന്റെ ഗവേഷണ പരീക്ഷണങ്ങള്‍ നടക്കുന്ന സമയത്ത് അണുവികിരണം ചുരുക്കിക്കളഞ്ഞ അസ്ഥിമജ്ജകളെ സുഖപ്പെടുത്താനാണ് അവര്‍ക്ക് ഇപ്പോള്‍ മജ്ജ ആവശ്യമായി വന്നിരിക്കുന്നത്. മജ്ജ മാറ്റിവയ്ക്കലില്‍ മാത്രമാണ് കുറച്ചെങ്കിലും പ്രതീക്ഷ ബാക്കിക്കിടക്കുന്നത്.


ചിത്രകാരന്‍: ആല്‍ബെര്‍ട്ട് ബ്ലോക്ക് (1911)

എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു കച്ചവടമാണ് ഇതിലൂടെ ഉറച്ചത്. അവര്‍ നിങ്ങള്‍ക്കൊരു മരുന്നു തരും. നെഞ്ചില്‍ ഒരു ചെറിയ വേദനയാണ് ആകെകൂടിയുണ്ടാവുന്നത്. പിന്നെ അതേ സൂചി അസ്ഥിയില്‍ കുത്തിത്തുളച്ചു കയറ്റി അവര്‍ മജ്ജ വേര്‍പ്പെടുത്തും. ഇത്രേ ഉള്ളൂ. 5 ക്യുബിക് സെന്റിമീറ്റര്‍ മജ്ജയാണ് ഒരു സമയം അവരെടുക്കുന്നത്. അതിന് തന്നത് 150 ഫോറിന്റ്സും. കൃത്യമായി പറഞ്ഞാല്‍ അതത്ര വലിയ തുകയൊന്നുമല്ലായിരിക്കും. പക്ഷേ ഞാന്‍ മുറുമുറുക്കുകയോ പിറുപിറുക്കുകയോ അന്നും ചെയ്തില്ല. സത്യത്തില്‍ എന്തിനു വേണ്ടിയാണ് അവര്‍ എനിക്കീ പണം നല്‍കുന്നത്? ഒന്നിനും വേണ്ടിയല്ല. പിന്നെ മൂന്നോ നാലോ മാസം കഴിയുമ്പോള്‍ മജ്ജയിലെ സെല്ലുകള്‍ പഴയതു പോലെ തന്നെ വളര്‍ന്നു കഴിഞ്ഞിരിക്കും.

സംഗതി വിജയിച്ചതില്‍ വല്ലാതെ സന്തോഷം എനിക്ക് തോന്നി . ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിക്കാരനാവാന്‍ പറ്റുമെന്ന് ഞാന്‍ ഒരിക്കലും സ്വപ്നം കണ്ടിരുന്നു പോലുമില്ല. പക്ഷേ അതു സംഭവിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഞാന്‍ എന്റെ മജ്ജയിലേയ്ക്ക് പ്രവേശിക്കാന്‍ ആര്‍ക്കാണോ അനുവാദം നല്‍കിയത് അതേ ഡോക്ടര്‍ പിന്നെയും എന്റെടുക്കല്‍ വന്നു. അദ്ദേഹത്തിനു നന്ദി. ഐസോടോപ്പുകള്‍ ബാധിച്ച രക്തം കൊടുക്കേണ്ടവരില്‍ ആദ്യത്തെ ആള്‍ ഞാനായിരുന്നു. ഇവിടെയും എനിക്കു തുറന്നു പറയാന്‍ കഴിയും ഞാന്‍ എന്റെ നിലപാടില്‍ തന്നെ ഉറച്ചു നിന്നു. തുറന്നു പറയട്ടെ, ഇതുപോലൊരു ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആളുകള്‍ക്ക്‍, ചില ശല്യങ്ങളെയും സ്ഥിര വരുമാനമില്ലാത്ത ചതിയന്മാരെയും നാണംകെട്ട തന്ത്രങ്ങള്‍ കൊണ്ട് അവിടെ വലിഞ്ഞു കയറുന്ന മര്യാദയില്ലാത്തവന്മാരെയും ഒഴിവാക്കാനുള്ള സാമാന്യബോധം കഷ്ടിയാണ്. അതു മനസ്സിലാക്കാവുന്നതെയുള്ളൂ.

ഐസോടോപ്പുകള്‍ ബാധിച്ച രക്തത്തിന്റെ കാര്യത്തിലും അതു സംഭവിച്ചു. എല്ലാവര്‍ക്കും അറിയാവുന്നതു പോലെ അവര്‍ ഈ പരീക്ഷണം നടത്തിയപ്പോള്‍ 20 ക്യുബിക് സെന്റിമീറ്റര്‍ രക്തം വലിച്ചെടുത്തു. ഐസോടോപ് കലര്‍ത്തി തിരികെ കുത്തിവച്ചു. വില 150 ഫോറിന്റ്സ്. തീര്‍ന്നില്ല. ഒരു മണിക്കൂറിനു ശേഷം അവര്‍ ചില ഉപകരണങ്ങളൊക്കെ വച്ച് ഫലം അളക്കും. അപ്പോള്‍ തന്നെ പരിശോധന പോലെ 5 ക്യുബിക് സെന്റിമീറ്റര്‍ രക്തം പെട്ടെന്ന് വലിച്ചെടുക്കുകയും ചെയ്യും. അതിന് 50 ഫോറിന്റ്സ് കൊടുക്കും. സങ്കടകരമാണ് എങ്കിലും സത്യമാണ് എനിക്ക് പറയാതിരിക്കാന്‍ വയ്യ, അവിടെ ചില മനുഷ്യരുണ്ട്, കുറച്ചൊന്നുമല്ല, നൂറ്റമ്പതു ഫോറിന്റ്സും വാങ്ങി കീശയിലിട്ടു നടന്നാല്‍ പിന്നെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിസരത്ത് പിന്നെ വരില്ല. ഇതുപോലെ ഒരുപാട് സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. സത്യസന്ധതയുടെ കിരീടം ചൂടി നടക്കാന്‍ വേണ്ടി ഞാന്‍ പറയുകയൊന്നുമല്ല. വിശ്വസിക്കണം.

കണക്കിലെടുക്കേണ്ടതില്ലാത്ത ചെറിയ ചെറിയ തുകകളെ ക്കുറിച്ചു ഞാന്‍ പറയാതെ വിട്ടിട്ടുണ്ടെന്നതു സത്യം. പക്ഷേ അവയും എന്റെ എളിയ ബഡ്ജറ്റിനെ തന്റേതായ രീതിയില്‍ തുണച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഞാന്‍ രക്തം മാത്രം കൊടുത്ത സമയങ്ങളില്‍ പോലും എനിക്ക് ബ്രഡും ഒരു കഷ്ണം ചീസും പന്നിക്കരളിന്റെ ഒരു ടിന്നും രണ്ടു കപ്പ് കേക്കും ഒരു കുപ്പി ശീതളപാനീയവുമൊക്കെ കിട്ടിയിട്ടുണ്ട്. യാത്രാക്കൂലി ലഭിച്ചിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ട്രാമില്‍ യാത്രചെയ്യാനുള്ള ടിക്കറ്റുകള്‍. എന്റെ ആരോഗ്യസ്ഥിതി മികച്ചതാണ്. എടുത്തു പറയേണ്ട കാര്യം എനിക്ക് ചീത്തശീലങ്ങളൊന്നും തന്നെയില്ല. പുകവലിക്കില്ല. വെയിലുകൊണ്ടാല്‍ ഞാന്‍ തളര്‍ന്നു പോകില്ല. തൊപ്പി കൂടി ഞാന്‍ ധരിക്കാറില്ല. വേനല്‍ക്കാലമായാലും തണുപ്പുകാലമായാലും മുഖം കഴുകുന്നത് തണുത്ത വെള്ളത്തില്‍ തന്നെ. നടത്തം എനിക്കിഷ്ടമാണ്. തുറസ്സായ സ്ഥലങ്ങള്‍ എനിക്കിഷ്ടമാണ് വൈകുന്നേരത്തെ ആള്‍ക്കൂട്ടങ്ങള്‍ എനിക്കിഷ്ടമാണ്. കടകളിലെ പലതരത്തില്‍ ചായം പൂശിയ ജനാലകള്‍ എനിക്കിഷ്ടമാണ്. മഴയും ശബ്ദമില്ലാതെ പൊഴിയുന്ന മഞ്ഞും എനിക്കിഷ്ടമാണ്.

ജന്മനാ ഞാന്‍ ശുഭാപ്തി വിശ്വാസക്കാരനാണ്. അതു ഭാഗ്യം. എന്നുവച്ചാല്‍ ഭാവിയിലേയ്ക്ക് റോസ് നിറമുള്ള കണ്ണടകള്‍ വച്ചു നോക്കുന്നു എന്നല്ല അര്‍ത്ഥം. ഞാന്‍ ആരെയും ചതിക്കാറില്ല. ഗുണത്തിനായാലും ദോഷത്തിനായാലും ഞാന്‍ എന്നെ തന്നെ വഞ്ചിക്കാറില്ല. എനിക്കിനിയും കുറേകൊല്ലക്കാലം രക്തവും മജ്ജയും കൊടുത്ത് ജീവിക്കാന്‍ കഴിഞ്ഞാല്‍, (അതെനിക്കു പറ്റും) അതിലെനിക്കൊരു വേവലാതിയുമില്ല. അടിസ്ഥാന ആവശ്യങ്ങളാണവ. ഞാന്‍ സ്വയം നേടിയതാണിതെല്ലാം. ഒരാളിനോടും എന്നെ സഹായിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് ഭൂതകാലത്തിന്റെ നൈരാശ്യത്തില്‍ നിന്ന് ഞാന്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഇംഗ്ലീഷ് പരിഭാഷ എല്ല വെരെസ്

ഇസ്തവാന്‍ ഓര്‍ക്കെനി (1912-1979) ഹംഗറിയിലെ പ്രമുഖ ആധുനിക എഴുത്തുകാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. ആദ്യ കഥാസമാഹാരം ’Ocean Dance‘ 1941-ല്‍ പ്രസിദ്ധീകരിച്ചു. യുദ്ധതടവുകാരനായി മോസ്കോയില്‍ കഴിയുന്ന കാലത്താണ് ‘Voronej‘ എന്ന നാടകം രചിച്ചത്. ‘ക്യാമ്പുകളിലെ മനുഷ്യര്‍’ എന്ന സാമൂഹിക രേഖയും ‘ഓര്‍മ്മിക്കപ്പെടുന്നവര്‍’ ആത്മകഥാപരമായ രചനയും അക്കാലത്തെ സംഭാവനകളാണ്. അദ്ദേഹത്തിന്റെ ‘Cat's Play‘, ‘Pisti In the Blood Bath‘, ‘The Toth Family‘, ‘The Toth Family‘ എന്നീ നാടകങ്ങള്‍ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ ലഘു കഥകളുടെ സമാഹാരമാണ് ‘One Minute Short Short Stories‘.

പരിഭാഷ: ശിവകുമാര്‍ ആര്‍.പി

Subscribe Tharjani |