തര്‍ജ്ജനി

എ.പി അഹമ്മദ്‌

ഇ-മെയില്‍: apahammed@hotmail.com

Visit Home Page ...

പുസ്തകം

മണല്‍ക്കാട്ടില്‍ നിന്നൊരു കവിത


മലയാള മനോരമ വാര്‍ഷികപ്പതിപ്പില്‍ (2007) സക്കറിയ എഴുതിയ നബിയുടെ നാട്ടില്‍ എന്ന യാത്രാ വിവരണം മലയാളികളുള്ളിടത്തെല്ലാം ഇതിനകം ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. സൗദി അറേബ്യയെക്കുറിച്ച്‌ മലയാളത്തില്‍ എഴുതപ്പെട്ട സുന്ദരവും സംഗ്രവുമായ കാഴ്ചക്കുറിപ്പുകള്‍ മാത്രമല്ലിത്‌. മലയാളിക്കും അറേബ്യക്കുമിടയില്‍ നിലനില്‍ക്കുന്ന അജ്ഞതയുടെ മഞ്ഞുപടലം നീക്കാന്‍ വിഖ്യാതനായ ഒരു എഴുത്തുകാരന്‍ ഏറ്റെടുത്ത ചരിത്ര ദൗത്യം തന്നെയാണ്‌.

അറബ്‌ നാടിന്റെ അറിയപ്പെടാത്ത പ്രകൃതി വിസ്മയങ്ങളും ചരിത്ര സ്മാരകങ്ങളും തേടിയുള്ള ഒരു ആത്മീയ സഞ്ചാരം. ഇവിടുത്തെ ജനജീവിതത്തെക്കുറിച്ചു പുറം ലോകം കേട്ട ഭീതി നിറഞ്ഞ കഥകളുടെ നേര്‍പുറം കാട്ടിക്കൊടുക്കാനുള്ള ഒരു സത്യാന്വേഷണം അതായിരുന്നു സക്കറിയയുടെ സൗദി പര്യടനം. പക്ഷേ അനുഗൃഹീതമായ ആ തൂലികയിലൂടെ ആ യാത്ര അക്ഷരങ്ങളായി പിറന്നപ്പോള്‍ അത്‌ ലോകത്തെവിടെയും യാത്ര ചെയ്യുന്നവര്‍ക്ക്‌ നല്ലൊരു വഴികാട്ടിയായി; എക്കാലത്തും യാത്ര എഴുതുന്നവര്‍ക്ക്‌ മികച്ച ഒരു പാഠപുസ്തകവുമായി. ഒപ്പം മുക്കാല്‍ കോടി മലയാളികള്‍ക്ക്‌ ജീവിതം നല്‍കുന്ന ഈ നാടിന്‌ മലയാളം നല്‍കിയ അമൂല്യമായ സ്നേഹോപഹാരവുമായി!

പ്രവാചകന്റെ ജീവിതവും സന്ദേശവും ഈ യാത്രയുടെ സൗരഭ്യമായി ഓരോ വരിയിലും നിറഞ്ഞു നില്‍ക്കുന്നുണ്ട്‌. ഒപ്പം വിയോജിപ്പുകുളെ സങ്കടപൂര്‍വ്വം ബോധ്യപ്പെടുത്താനും വിഡ്ഢിത്തങ്ങളെ നര്‍മബോധത്തോടെ അവഗണിക്കാനും സക്കറിയ ആര്‍ജ്ജവം കാട്ടിയിരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ആരോഗ്യകരമായ സംവാദ പാഠങ്ങള്‍ക്ക്‌ ഒരു കൈപ്പുസ്തകമായും ഉടനെ പുസ്തകരൂപത്തിലിറങ്ങുന്ന ഈ യാത്രാവിവരണം പ്രയോജനപ്പെടും

മുഹമ്മദ്‌ നബിയെന്ന ആട്ടിന്‍ കുട്ടിയപ്പോലുള്ള മനുഷ്യന്‍ നടന്ന മണ്ണും ശ്വസിച്ച വായുവും കണ്ട ആകാശവും ചക്രവാളങ്ങളും കൊണ്ട കാറ്റും വെയിലും അനുഭവിക്കണമെന്ന തീവ്രമായ ആഗ്രഹം എന്നില്‍ നിറഞ്ഞു. യാത്രക്കു പ്രചോദനം സക്കറിയ വെളിപ്പെടുത്തന്നത്‌ ഇങ്ങനെയാണ്‌. തന്റെ മോഹം സഫലമാക്കുന്നതില്‍ ജിദ്ദ മലയാളം ന്യൂസിലെ ഹസ്സന്‍ കോയയും ദമാമിലെ അബ്ദുള്ള മഞ്ചേരിയും നല്‍കിയ സഹായങ്ങള്‍ യാത്രയിലുടനീളം അദ്ദേഹം അനുസ്മരിക്കുന്നു. ഒപ്പം റസാഖ്‌ കൈപ്പുറം (ഖമീസ്‌ മുഷൈത്ത്‌) റഫീക്ക്‌ വടകര (നജ്രാന്‍) നിസാര്‍ ജമീല്‍ (റിയാദ്‌) തുടങ്ങി അനേകം മലയാളി സുഹൃത്തുക്കളുടെ സ്നേഹാദരങ്ങളും ആവര്‍ത്തിച്ചു ഓര്‍മ്മിക്കുന്നുണ്ട്‌.

കരയിലും കടലിലും ആകാശത്തും നടത്തുന്ന യാത്രകളുടെ നേര്‍വിവരണം, സഞ്ചാരക്കുറിപ്പുകളുടെ അസ്ഥികൂടം മാത്രമേ ആകുന്നുള്ളൂ. എന്നാല്‍ കാണുന്ന നാടിന്റെ വേരും ചൂരും തേടി ചരിത്രത്തിലും സാഹിത്യത്തിലും വേദപുരാണങ്ങളിലും നടത്തുന്ന അന്വേഷണം കൂടി ചേരുമ്പോഴാണ്‌ അതിന്‌ മനോഹരമായ മാംസളരൂപം കൈവരുന്നത്‌. ഒപ്പം കണ്ടു പോയവര്‍ കാണാത്ത ചിലത്‌ കണ്ടെത്തുകയും കണ്ടുകൊണ്ടേയിരിക്കുന്നവര്‍ക്ക്‌ കാഴ്ചയുടെ പുതിയ ഉള്‍ക്കണ്ണുകള്‍ നല്‍കുകയും, കണ്ടിട്ടില്ലാത്തവരെ കാണാന്‍ കൊതിപ്പിക്കുകയും ചെയ്യുന്ന ഒരു മിന്നല്‍ വെളിച്ചം രചനയിലുടനീളം ആളി നില്‍ക്കുമ്പോഴാണ്‌ അത്‌ പ്രതിഭയുടെ ചൈതന്യമാണെന്ന്‌ വായനക്കാര്‍ തിരിച്ചറിയുന്നത്‌. ഈ ചേരുവകള്‍ എല്ലാം ചേര്‍ന്ന ലക്ഷണമൊത്ത ഒരു കലാസൃഷ്ടിയായതുകൊണ്ടാണ്‌ നബിയുടെ നാട്ടില്‍ എല്ലാ നാട്ടിലും എല്ലാ നിലവാരത്തിലുമുള്ള മലയാളികളെ ഒരു പോലെ രസിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രചനയാവുന്നത്.

ഏതാനും രാപകലുകള്‍ മാത്രമാണ്‌ അറേബ്യയുടെ നേടുകെയും കുറുകെയും സഞ്ചരിച്ച്‌ മണ്ണും മരുപ്പച്ചയും കുന്നും കൃഷിയും ജീവിതവും സംസ്കാരവും കാണാന്‍ സക്കറിയ ചിലവിട്ടത്‌. പക്ഷേ അറേബ്യയെ അറിയാന്‍ അദ്ദേഹം കടന്നുപോയ ഗ്രന്ഥങ്ങളുടെ പട്ടികയും ചിലവിട്ട ദിനരാത്രങ്ങളും ആരെയും അതിശയിപ്പിക്കുമെന്ന്‌ തീര്‍ച്ച. ബൈബിളും ഖുര്‍ആനും ആയിരത്തൊന്ന്‌ രാവുകളും മാത്രമല്ല, മഹാഭൂരിപക്ഷം മലയാളികളും കേട്ടറിഞ്ഞില്ലാത്ത വിജ്ഞാനത്തിന്റെ അത്ഭുതലോകത്തേക്കാണ്‌ അറേബ്യയുടെ ആത്മാവു തേടി സക്കറിയ സഞ്ചരിച്ചത്‌.

വാള്‍ട്ടര്‍ ഡിലാമോറെയുടെ അറേബ്യ (കവിത) ടി.ഇ.ലോറന്‍സിന്റെ സെവന്‍ പില്ലേഴ്സ്‌ ഓഫ്‌ വിസ്‌ഡം, വില്‍ഫ്രഡ്‌ തീസെഗറുടെ അറേബ്യന്‍ സാന്‍ഡ്‌സ്‌, മുഹമ്മദ്‌ അസദിന്റെ റോഡ്‌ റ്റു മെക്ക, റോബര്‍ട്ട്‌ ലേസീയയുടെ ദ കിങ്ങ്‌ഡം, അറേബ്യ ആന്റ്‌ ദ ഹൗസ്‌ ഓഫ്‌ സൗദ്‌, അലി ഹാഫിസിന്റെ ചാപ്റ്റേഴ്സ്‌ ഫ്രം ദ ഹിസ്റ്ററി ഓഫ്‌ മദീന, മാക്സിം റോഡിന്‍സന്റെ മുഹമ്മദ്‌, താരീഖ്‌ റമദാന്റെ ദ മെസ്സെഞ്ചര്‍; ദ മീനിങ്ങ്സ്‌ ഓഫ്‌ ദ ലൈഫ്‌ ഓഫ്‌ മുഹമ്മദ്‌, ദ ജീനിയസ്സ്‌ ഓഫ്‌ അറബ്‌ സിവിലൈസേഷന്‍; സോഴ്സ്‌ ഓഫ്‌ റിനൈസ്സാന്‍സ്‌ (എവ്‌റബിയാ പബ്ലിഷിംഗ്‌) മിര്‍സാ അബ്ദുല്‍ ഫസലിന്റെ സേയിങ്ങ്സ്‌ ഓഫ്‌ ദ പ്രോഫറ്റ്‌ മുഹമ്മദ്‌, തുടങ്ങിയ ഏതാനും ഗ്രന്ഥങ്ങളുടെ സൂചനകള്‍ അദ്ദേഹം നല്‍കിയിരിക്കുന്നു. അതുപോലും അറേബ്യയെ അന്വേഷിക്കാനുള്ള വഴിയില്‍ ബഹുദൂരം മുന്നേറാനുള്ള ഈടുറ്റ ചൂട്ടുകള്‍ തന്നെയാണ്‌.

ശുദ്ധ ലളിതമായ ഭാഷയില്‍ ഋജുമധുരമായി കാര്യം പറയുന്ന ആഖ്യാനരീതിയാണ്‌ ഈ യാത്രാ വിവരണത്തെ കഥയോളം ഹൃദ്യമാകുന്നത്‌. അതോടൊപ്പം രണ്ടുഘടകങ്ങള്‍ രചനാശില്‍പ്പത്തെ ജീവസ്സുറ്റതാക്കുന്നു. ഒന്ന്‌ മുട്ടിന്‌ മുട്ടിന്‌ പൊട്ടിച്ചിതറുന്ന നര്‍മോക്തിയും ആക്ഷേപഹാസ്യവും. മറ്റൊന്ന്‌ ഓരോ അറേബ്യന്‍ ദൃശ്യത്തിനും സമാനമായ ഇന്ത്യന്‍ സമൂഹചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള താരതമ്യ ചിന്തയും ആത്മവിമര്‍ശനവും. ആയിരത്തൊന്നുരാവുകളുടെ കര്‍ത്താവിനെ ഇസ്ലാമിക വ്യാസന്‍ എന്നു വിളിക്കുന്നതില്‍ തുടങ്ങുന്നു ഈ ഇന്തോ-അറബ്‌ രൂപകപ്രയോഗങ്ങള്‍.

70 ലക്ഷം മലയാളികളെ പോറ്റുന്ന സൗദി അറേബ്യയുടെ കാരുണ്യത്തെ വാഴ്ത്തുന്ന ഭാഗം ഇങ്ങനെ അവസാനിക്കുന്നു. യു.ഡി.എഫും എല്‍.ഡി.എഫും ചെയ്യേണ്ട ജോലി ഒരു വിദേശരാജ്യം ചെയ്യുന്നു. മസ്കറ്റിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനം വൈകിയതിന്റെ കാരണങ്ങള്‍ ഊഹിക്കുമ്പോള്‍ ഇങ്ങനെയും ഒരു സാധ്യത സക്കറിയ കണ്ടു: വിമാനം വൃത്തിയാക്കുന്നവരുടെ യൂണിയന്‍ മീറ്റിംഗ്‌ നീണ്ടുപോയതാവാം. മുത്തവ്വയുടെ പീഡനശ്രമത്തെ ചെറുത്ത മലയാളി നഴ്സിനെ മുന്‍ ഡി.വൈ.എഫ്‌.ഐക്കാരി എന്നും ലേഖകന്‍ സംശയിക്കുന്നു. സൗദിയിലെ പള്ളികളില്‍ രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങള്‍ സംബന്ധിച്ച ഭീകരവാദ പ്രസംഗങ്ങള്‍ വിലക്കിയതിനെപരാമര്‍ശിക്കുന്നത്‌ ഇങ്ങനെ: ഇവിടുത്തെ പള്ളികളില്‍ ചിലവാകാത്ത വഹകളായിരിക്കാം ഇക്കൂട്ടര്‍ കേരളത്തിലേക്ക്‌ കയറ്റുമതി ചെയ്യുന്നത്‌. പേരറിയാത്തവരെ മുഹമ്മദ്‌ എന്നു വിളിക്കുന്ന അറേബ്യന്‍ ശീലത്തെ സക്കറിയ താരതമ്യം ചെയ്യുന്നത്‌ നോക്കൂ: നാം എല്ലാ ശബരിമല തീര്‍ത്ഥാടകരേയും അയ്യപ്പന്‍ എന്നും സ്വാമി എന്നും വിളിക്കുന്നതുപോലെ. ഇതിലൊരു ഉത്തമമായ ആദ്ധ്യാത്മിക ജനാധിപത്യം ഒളിഞ്ഞിരുപ്പുണ്ട്‌. മജ്മയിലെ പശുക്കളുടെ സുഭിക്ഷാവസ്ഥക്ക്‌ ഇങ്ങനെയൊരു അടിക്കുറിപ്പ്‌: അറബി കുലത്തിലെ ഈ ഗോമാതാക്കളുടെ ജീവിതം നമ്മുടെ ഗോമാതാക്കളുടേതിനേക്കാള്‍ മെച്ചമാണ്‌. വിശപ്പും ദാഹവുമില്ല തന്നെ. പക്ഷേ അവരെ ആരും പൂജിക്കുന്നില്ല എന്നൊരു കുറവുണ്ട്‌.

അഞ്ചു നേരത്തെ നിര്‍ബന്ധ നിസ്കാരത്തെ പരാമര്‍ശിക്കുന്ന ഭാഗം അവസാനിക്കുന്നത്‌ ഇങ്ങനെ: ഇന്ത്യയില്‍ അഞ്ചു നേരം അമ്പലത്തില്‍ പോകണമെന്ന ഒരു നിയമം കൊണ്ടുവരുന്ന കാര്യം ഹിന്ദുത്വ വാദികള്‍ക്കു ചിന്തിക്കാവുന്നതാണ്‌. കുറെപ്പേര്‍ക്ക്‌ മതപ്പോലീസായി കിമ്പളം വാങ്ങാന്‍ അവസരമാകും

സൗദിക്കു നേരെ പുറം ലോകം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ ശക്തിയുക്തം ചെറുക്കുന്നുണ്ട്‌ സക്കറിയ. തലവെട്ട്‌ തൂക്കിലേറ്റുന്നതിനേക്കാള്‍ ഭേദപ്പെട്ട വധശിക്ഷയാണെന്ന്‌ അദ്ദേഹം സമര്‍ത്ഥിക്കുന്നു. നിസ്കാരത്തിന്റെ ധ്യാനസാധ്യതകളെ ശാസ്ത്രീയമായി സമീപിക്കുന്നു. ഭാവനയുടെ ചക്രവര്‍ത്തിയായി പ്രവാചകനെ വാഴ്ത്തുന്നു. വാദി മാപ്പു കൊടുത്താല്‍ വധശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ഇന്ത്യയില്‍ പോലുമില്ലെന്ന് കാട്ടിത്തരുന്നു. അറബ്‌ സമൂഹത്തിന്റെയും പത്രങ്ങളുടേയും സത്യസന്ധതയേയും ധീരതയും ചൂണ്ടിക്കാണിക്കുന്നു. സിനിമ കൊട്ടകയില്ലെങ്കിലും സിഡികള്‍ നിരോധിക്കാത്ത സന്മനസ്സിനെ നമിക്കുന്നു. കൂട്ടത്തില്‍ ഏറ്റവും മികച്ച പ്രശംസ കിട്ടുന്നത്‌ അറബ്‌ നാട്ടിലെ സുന്ദരികള്‍ക്കാണ്‌. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും പര്‍ദ്ദയെ അതിജീവിച്ച സൗന്ദര്യം നാലുപാടും തൂകുന്ന രംഭ-തിലോത്തമ-മേനകമാര്‍. മുഖപടക്കീറിലെ കണ്ണുകളുടെ ഒളിമിന്നല്‍. കൈപ്പത്തികളുടെ നടുക്കുന്ന ശില്‍പസൗന്ദര്യം. പാദങ്ങളുടെ മാസ്മരിക വശ്യത.. അറബി വനിതകളുടെ മുഖപടക്കീറിലൂടെയുള്ള നോട്ടമാണ്‌ ലോകത്തിലേറ്റവും നിഗൂഢരഹസ്യം എന്നതിന്‌ സംശയമില്ല.

ഇങ്ങനെ സ്നേഹാദരങ്ങളുടെ മധുരോദാരപദങ്ങള്‍ അറബ്‌ നാടിനുമേല്‍ നിര്‍ലോഭം ചൊരിയുമ്പോഴും അനിവാര്യമായ വിമര്‍ശനങ്ങള്‍ സക്കറിയ ഒളിച്ചു വെച്ചിട്ടില്ല. പ്രവാചകന്മാരുടെ അനുയായികള്‍ക്കു വന്ന പതനം അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു: മതങ്ങള്‍ വരട്ടുവാദികളും സ്വാതന്ത്ര്യവൈരികളും ഭാവനാശൂന്യങ്ങളുമായിത്തീരുന്നത്‌ ഗുരുക്കന്മാരുടെ കുഴപ്പം കൊണ്ടല്ല. ഗുരുവാകാന്‍ ശ്രമിക്കുന്ന അനുയായികളാണ്‌ അതിനുത്തരവാദികള്‍. സൗദിയുടെ അംഗീകൃത മത ചിന്തയായ വഹാബിസത്തെ സക്കറിയ നിര്‍വചിക്കുന്നത്‌ ഇങ്ങനെയാണ്‌:

ഖുര്‍ആന്റെ അക്ഷരാധിഷ്ഠിതവും കര്‍ക്കശവുമായ നൈയാമിക യാഥാസ്ഥിതികത്വമാണ്‌ വഹാബിസം. ഈ യഥാസ്ഥിതിക സമൂഹത്തിന്റെ പുരുഷാധിപത്യ പ്രവണതയെ മാരകമായിത്തന്നെ അദ്ദേഹം പ്രഹരിക്കുന്നു. ഇവിടെ കാണാനില്ലാത്തത്‌ ഒന്നു മാത്രമേയുള്ളൂ. സ്ത്രീയുടെ മുഖം! മുഖം പുരുഷന്മാര്‍ക്കുമാത്രം അവകാശപ്പെട്ടതാണ്‌. സ്ത്രീക്ക്‌ മുഖം ഒരു ഭാരവും ബാധ്യതയും പാപവുമാണ്‌. ഹജ്ജുവേളയില്‍ ബലിയര്‍പ്പിക്കപ്പെടുന്ന ആടുകള്‍ക്കുവേണ്ടിയുള്ള ധര്‍മ്മരോഷം കാണുക: പണ്ട്‌ ഗോത്രപിതാവ്‌ അബ്രഹാം തന്റെ പുത്രന്റെ സ്ഥാനത്ത്‌ ബലിയര്‍പ്പിച്ച മുട്ടനാടിന്റെ മരണം അവസാനമില്ലാതെ തുടരുകയാണ്‌. കഥയില്‍ ചോദ്യമില്ലാത്തതുപോലെ, മതത്തിലും ചോദ്യമില്ലല്ലോ.

മരുഭൂമിയിലെ കാലാവസ്ഥയുടെ യുക്തികൊണ്ട്‌ അറേബ്യന്‍ പര്‍ദ്ദയെ ന്യായീകരിക്കുന്ന സക്കറിയ, ഈ വസ്ത്രത്തെ കേരളീയ സ്ത്രീയുടെ വേഷമാക്കിത്തെര്‍ത്തവരോട്‌ സഹതപിക്കുന്നുണ്ട്‌. കൂട്ടത്തില്‍ ഈ യാത്രയിലെ തന്റെ ഏറ്റവും വലിയ സങ്കടം അദ്ദേഹം വരച്ചിട്ടത്‌ കാണുക: മദീനയില്‍ പോയില്ലെങ്കിലും അവിടത്തെ മേഘവും കാറ്റും ചന്ദ്രനും മായുന്ന സൂര്യനും അതിലേ പ്രയത്നിച്ചും പ്രസംഗിച്ചും ദുഃഖിച്ചും സന്തോഷിച്ചും നടന്ന ഒരു നല്ല മനുഷ്യനുവേണ്ടി എന്നെ അനുഗ്രഹിച്ചു. അദ്ദേഹമുണ്ടായിരുന്നെങ്കില്‍ എന്നെ അദ്ദേഹം കൂട്ടിയടക്കുമായിരുന്നില്ല എന്ന്‌ ഞാനോര്‍ത്തു. ഈ നെടുവീര്‍പ്പ്‌ പങ്കിടുന്ന ലക്ഷക്കണക്കിനു മനുഷ്യര്‍ ഭൂമുഖത്തുണ്ടെന്ന്‌ നാം ചേര്‍ത്തു വായിക്കുന്നു.
ഒരു നവീന രാഷ്ട്രമായി മുന്നേറാനുള്ള മോഹത്തോടെ സൗദിയില്‍ സംഭവിക്കുന്ന പരിവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം സക്കറിയ തന്റെ നിഗമനം കുറിക്കുന്നു: സൗദി മാറ്റത്തിന്റെ പാതയില്‍ പ്രവേശിച്ചുകഴിഞ്ഞു. സൗദി മാറുന്നതോടേ, അറബ്‌ ലോകം മുഴുവന്‍ ഒരു വമ്പിച്ച യുഗപരിണാമത്തിലേക്കു നീങ്ങും. കാരണം, മറ്റെല്ലാം കഴിഞ്ഞു പോയാലും ആ മണ്ണിലാണ്‌ മുഹമ്മദ്‌ എന്ന മനുഷ്യന്‍ രക്തം വിയര്‍പ്പാകിയത്‌. അവിടെയാണ്‌ അദ്ദേഹം ഉറങ്ങുന്നത്‌.

സൗദി അറേബ്യയെക്കുറിച്ചുള്ള സക്കറിയയുടെ നിലപാടുകളോടും നിരീക്ഷണങ്ങളോടും ചിലപ്പോഴെങ്കിലും നമുക്ക്‌ വിയോജിക്കേണ്ടിവരും. അപ്പോഴും ഒരു കാര്യം ഉറപ്പ്‌: നൂറ്റാണ്ടുകളായി അറേബ്യക്കുമേല്‍ മൂടിക്കിടക്കുന്ന മുഖപടം പൊക്കി ഈ മരുസുന്ദരിയുടെ തങ്കമുഖവും തറവാട്ടുമഹിമയും മാലോകരെ ബോധ്യപ്പെടുത്തനുള്ള ധീരമായ സല്‍ക്കര്‍മ്മമാണ്‌ അദ്ദേഹം ഏറ്റെടുത്തത്‌. വിശേഷിച്ച്‌ സൗദിയില്‍ ജീവിക്കുന്ന ഓരോ മലയാളിയിലും എന്നോ നിര്‍വഹിക്കേണ്ടിയിരുന്ന ഒരു വിശിഷ്ട ധര്‍മ്മം!

ഭരതീയ സംസ്കാരത്തിന്റെ സുഗന്ധത്തില്‍ നൂറ്റാണ്ടുകളായി കുളിച്ചുല്ലസിച്ചു നില്‍ക്കുന്ന അറേബ്യന്‍ ചുടുകാട്‌ ഇപ്പോള്‍ ഓരോ മലയാളിയുടേയും കാതില്‍ ഇങ്ങനെ മന്ത്രിക്കുന്നു: ശുക്രാന്‍ യാ ഹബീബി.. കടപ്പാടിന്റെ ചൂട്‌ ഒട്ടും കുറഞ്ഞുപോവാതെ നമ്മള്‍ ആ സന്ദേശം, നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരന്‌ കൈമാറുന്നു. നന്ദി.. പ്രിയപ്പെട്ട സക്കറിയാ...

Subscribe Tharjani |