തര്‍ജ്ജനി

മുഖമൊഴി

ജനാധിപത്യവും ഫെഡറലിസവും പിന്നെ ചില റെയില്‍വേ വിചാരങ്ങളും

ഭാരതം എന്ന രാഷ്ട്രീയ ഏകകം ബ്രിട്ടീഷ്‌ വാഴ്‌ചയുടെ ഫലമാണ്‌. നമ്മുടെ ദേശീയത കൊളോണിയലിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കാലത്തെ ആദര്‍ശാത്മകതയുടെ ബാക്കിപത്രവുമാണ്‌. ഗാന്ധിജിയും നെഹ്രുവും സര്‍ദാര്‍ പട്ടേലും മറ്റു ദേശീയനേതാക്കളും ഒരു രാഷ്ട്രം എന്ന നിലയില്‍ നമ്മെ യോജിപ്പിച്ചു. നാനാഭാഷകള്‍ സംസാരിക്കുന്ന വൈവിദ്ധ്യമാര്‍ന്ന സംസ്‌കാരങ്ങളുള്ള ഈ സവിശേഷമായ അവസ്ഥയെ നാനാത്വത്തില്‍ ഏകത്വം എന്നു കാര്യമാത്രപ്രസക്തമായും ആദര്‍ശാത്മകമായും ജവഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിക്കുകയുണ്ടായി. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ക്‌ ദിനത്തിലും നാമത്‌ ഏറ്റുപാടി. നമ്മുടെ കുട്ടികള്‍ക്ക്‌ ദേശീയപ്രസ്ഥാനത്തിന്റെ മഹത്തായ പൈതൃകത്തിന്റെ പ്രസാദമായി ഈ മുദ്രാവാക്യം നാം കൈമാറി. എങ്കിലും പലപ്പോഴും നമ്മുടെ ദേശീയവികാരത്തിന്‌ പോറലേല്‍ക്കുന്നതായും വിവേചനത്തിന്റെ കയ്‌പ്‌നീര്‌ കുടിക്കേണ്ടി വരുന്നതായും നമുക്ക്‌ തോന്നുന്നു. അതിന്റെ ആവൃത്തി ഈയിടെ വര്‍ദ്ധിച്ചു വരുന്നതായും തോന്നുന്നു. പാലക്കാട്‌ റെയില്‍വേ ഡിവിഷന്‍ പ്രശ്നത്തില്‍ ഒടുവില്‍ നാം ചെന്നെത്തി നില്‍ക്കുന്നതും ഈ മുറിവേറ്റ ഫെഡറലിസ്റ്റ്‌ അഭിമാനവുമായാണ്‌.

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കേരള കോണ്‍ഗ്രസ്സ്‌ എന്ന പാര്‍ട്ടിയുടെ നേതാവും മന്ത്രിയുമായിരുന്ന ആര്‍.ബാലകൃഷ്‌ണപിള്ള പഞ്ചാബ്‌ മോഡലിനെ പരാമര്‍ശിച്ച്‌ പ്രസംഗിക്കുകയുണ്ടായി. നാം മലയാളികളും ആ മാതൃക പിന്തുടരണം എന്ന അര്‍ത്ഥത്തിലാണ്‌ മന്ത്രി ആ പ്രസംഗം ചെയ്‌തത്‌. പഞ്ചാബികള്‍ അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു. വിവേചനത്തിനെതിരെ പോരാടി. ഒടുക്കം അതൊന്നും മതിയാവില്ല എന്നായപ്പോള്‍ ഖലിസ്ഥാന്‍ എന്ന സ്വന്തം രാജ്യം സ്ഥാപിക്കാന്‍ പുറപ്പെട്ടു. പഞ്ചാബികളുടെ ഈ മാതൃക പിന്തുടരാന്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കാന്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരത്തിലേറിയ ഒരു മന്ത്രി നിര്‍ദ്ദേശിക്കാമോ? ഒടുവില്‍, വിഘടനവാദത്തെ ന്യായീകരിക്കയും രാജ്യദ്രോഹം നടത്താന്‍ ആഹ്വാനം ചെയ്യുകയുമാണ്‌ മന്ത്രി ചെയ്‌തത്‌ എന്ന തീര്‍പ്പിലാണ്‌ അന്ന്‌ കേരളീയര്‍ ചെന്നെത്തിയത്‌. ഫെഡറലിസത്തെ, അഖണ്ഡഭാരതത്തെ വൈകാരികമായ ഉള്‍പ്പുളകത്തോടെ എന്നും നാം സംരക്ഷിക്കുന്നു.

അടുത്തിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തിലും പാലക്കാട്‌ റെയില്‍വേ ഡിവിഷന്റെ കാര്യത്തിലും അയല്‍പക്കക്കാരായ തമിഴ്‌നാടുമായി തര്‍ക്കമുണ്ടായ അവസരത്തില്‍ ഫെഡറലിസത്തിന്റെ കനത്ത ബാദ്ധ്യതയും രാജ്യസ്നേഹത്തിന്റെ സന്ദിഗ്‌ദ്ധതകളുമായി നാം വിവശരായിരുന്നപ്പോള്‍, തമിഴകത്തെ ദേശീയരാഷ്ട്രീയക്കാരുള്‍പ്പെടെ വടിയും കൊടിയുമായി തെരുവിലിറങ്ങി ജനങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്തു.

സേലത്ത്‌ റെയില്‍വേ ഡിവിഷന്‍ ആരംഭിക്കാന്‍ തിരുമാനിച്ചുവെന്ന വിവരം ആദ്യം മാദ്ധ്യമശ്രദ്ധയിലെത്തിക്കുന്നത്‌ റെയില്‍വേ ജീവനക്കാരായിരുന്നു. പാലക്കാട്ടെ പല ഓഫീസുകളും അടച്ചു പൂട്ടുമെന്നും പലര്‍ക്കും ഇനി തമിഴകത്ത്‌ പോയി ഉപജീവനം കഴിക്കേണ്ടിവരുമെന്നും സൂചിപ്പിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ ആദ്യം വന്നു. ഉദ്യോഗസ്ഥന്മാരുടെ പ്രശ്‌നം എന്ന നിലയില്‍ ലാഘവത്തില്‍ കണ്ട പ്രശ്‌നം പിന്നെ റെയില്‍വേ വികസനത്തിന്റെ കാര്യമാണ്‌ എന്ന നിലയില്‍ വാര്‍ത്തയായി . നാള്‍ തോറും വികസിച്ച്‌ വികസിച്ച് ഇനി എവിടെ വികസിക്കാന്‍ എന്ന നിലയിലായിരിക്കയാണല്ലോ കേരളത്തില്‍ റെയില്‍വേ! ഒരല്‍‌പം വികസനം കുറഞ്ഞാലും പ്രശ്‌നമില്ലെന്ന നിലയില്‍ ലാഘവത്തിലായിരുന്നു അപ്പോഴും നമ്മള്‍. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പ്രശ്‌നം ലോക്സഭയില്‍ ഉന്നയിക്കുന്നതോടെയാണ്‌ കാര്യങ്ങള്‍ ഇന്നത്തെ നിലയിലെത്തിയത്‌. തമിഴ്‌നാട്ടില്‍ നിന്നുള്ള എം.പിമാര്‍ ഒറ്റക്കെട്ടായി കേരളത്തിന്റെ ആവശ്യങ്ങള്‍ക്കെതിരെ അണിനിരന്നു. തമിഴകമാകെ ജാഗ്രതയായി.

റെയില്‍വേ ബജറ്റ്‌ വരുന്ന സന്ദര്‍ഭത്തിലെല്ലാം കേരളം എക്കാലത്തും വളരെയേറെ വിവേചനത്തിന്‌ വിധേയമാവാറുണ്ട്‌. നമുക്കത്‌ ശീലമാണ്‌ എന്നതിനാല്‍ ചില്ലറ മുറുമുറുപ്പില്‍ നമ്മള്‍ കാര്യങ്ങള്‍ അവസാനിപ്പിക്കും. ഒ.രാജഗോപാല്‍ റെയില്‍വേ സഹമന്ത്രിയായിരുന്ന കാലത്താണ്‌ അടുത്ത കാലത്ത്‌ കേരളത്തിന്‌ എന്തെങ്കിലും അല്‌പം പരിഗണനകള്‍ ലഭിച്ചത്‌. റെയില്‍വേ നമുക്ക്‌ നീതി തന്നാലും ഇല്ലെങ്കിലും പൗരബോധത്താല്‍ പ്രചോദിതരായി നമുക്കുള്ള വണ്ടികളില്‍ ടിക്കറ്റെടുത്ത്‌ യാത്ര ചെയ്യുക എന്ന ശീലമുള്ളവരാണ്‌ കേരളീയര്‍. ഓരോ ബജറ്റിലും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ അധിവസിക്കുന്ന ദേശങ്ങളിലേക്ക്‌ കൂടുതല്‍ കുടുതല്‍ വണ്ടികള്‍ അനുവദിക്കുകയും കുടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന റെയില്‍വേ വികസനം നാം കണ്ട്‌ പഴകിയതാണ്‌. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രസ്ഥാനങ്ങളെല്ലാം വെള്ളാനകളാണെന്ന ധാരണയെ ബലപ്പെടുത്തുമാറ്‌ റെയില്‍വേ ഓരോ ബജറ്റിലും പലതരം കണക്കുകള്‍ കാണിച്ച്‌ വണ്ടിക്കൂലി വര്‍ദ്ധിപ്പിച്ച്‌ ഓടിക്കൊണ്ടിരിക്കയായിരുന്നു. അതിനിടയിലാണ്‌ ടിക്കറ്റു ചാര്‍ജ്ജ്‌ വര്‍ദ്ധിപ്പിക്കാതെയും, പിന്നീട്‌ ഇളവ്‌ നല്‌കിയും റെയില്‍വേ ലാഭത്തിലാക്കിക്കൊണ്ട്‌ ലാലു പ്രസാദ്‌ യാദവ്‌ നമ്മെ വിസ്‌മയിപ്പിച്ചത്‌.

എന്നാല്‍ വിസ്‌മയം അവിടെ തീരുന്നു. പതിവു പോലെ വണ്ടികളെല്ലാം ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവര്‍ക്ക്‌ തന്നെ. ബീഹാറിനും സഹമന്ത്രിയായ വേലുവിന്റെ നാടായ തമിഴകത്തിനും വണ്ടികളും പദ്ധതിവിഹിതവും സമൃദ്ധമായി നല്‌കിയ ബജറ്റ്‌, കൂട്ടത്തില്‍ കേരളത്തിലെ പരിമിതമായ റെയില്‍വേ സംവിധാനത്തെ തകിടം മറിക്കുന്ന വിധത്തിലുമായിരുന്നു. പുതിയ വണ്ടികളോ പദ്ധതികളോ ഇല്ലെന്നു മാത്രമല്ല, ഉള്ളത്‌ എടുത്തു മാറ്റുകയും ചെയ്യുന്നു. പാലക്കാട്‌ ഡിവിഷന്റെ ഭൂരിഭാഗവും എടുത്തുമാറ്റിയാണ്‌ സേലം ഡിവിഷന്‍ രൂപീകരിക്കാന്‍ റെയില്‍വേ സഹമന്ത്രിയും അദ്ദേഹത്തിന്റെ മേലധികാരിയായ ലാലു പ്രസാദ്‌ യാദവും നിശ്ചയിച്ചത്‌.

സ്വന്തം സംസ്ഥാനത്തിന്‌ സ്വന്തം പദവികളുപയോഗിച്ച്‌ ചെയ്യുന്ന സവിശേഷപരിഗണന അവിഹിതമായ കാര്യമാണ്‌. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളെയും സമഭാവനയോടെ കാണാന്‍ കേന്ദ്രമന്ത്രി ബാദ്ധ്യസ്ഥനാണ്‌. റെയില്‍വേ വികസനം എന്നതില്‍ മുന്‍ഗണന നിശ്ചയിക്കുന്നത്‌ തന്നിഷ്ടപ്രകാരമായിരിക്കരുത്‌. വികസനത്തെക്കുറിച്ചുള്ള ദേശീയപരിപ്രേക്ഷ്യം പരിഗണിച്ചായിരിക്കണം പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത്‌. തനിക്കോ, തന്റെ പാര്‍ട്ടിക്കോ, ദേശത്തിനോ പ്രയോജനപ്പെടുന്നത്‌ ചെയ്‌തതിനുശേഷം മതി ബാക്കിയെല്ലാം എന്നു കരുതുന്നത്‌ അധികാരദുര്‍വ്വിനിയോഗമാണ്‌. വ്യത്യസ്‌തഭാഷകളും സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ കേന്ദ്രമന്ത്രിസഭയിലെ ഒരു അംഗം ഇങ്ങനെ പെരുമാറുന്നുവെങ്കില്‍ അത്‌ നിയന്ത്രിക്കാനും തിരുത്തുവാനുമുള്ള ചുമതല സഭാദ്ധ്യക്ഷനും പ്രധാനമന്ത്രിക്കും പ്രതിപക്ഷത്തിനുമുണ്ട്‌. പക്ഷെ സ്വാതന്ത്ര്യപ്രാപ്‌തിയുടെ ആദ്യനാളുകള്‍ മുതല്‍ അധികാരം സ്വന്തം കാര്യപരിപാടികള്‍ നടപ്പിലാക്കാനുള്ളതാണെന്ന ധാരണ ബലപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മന്ത്രിസഭകള്‍ എല്ലാം പിന്തുടര്‍ന്നു പോന്ന കീഴ്‌വഴക്കം തെറ്റാണെന്ന്‌ ആലോചിക്കാന്‍ പോലും ആര്‍ക്കും സാധിക്കുന്നില്ല. എന്റെ ഊഴം വന്നാല്‍ എന്റെ കാര്യം ഞാന്‍ നോക്കും എന്ന ന്യായം നടപ്പിലായി. ഭരിക്കുന്നവന്‌ തോന്നും പടി നടത്താനുള്ളതാണ്‌ എല്ലാം എന്ന അവസ്ഥ. പ്രതിപക്ഷം അധികാരത്തിനായി കാത്തിരിക്കുന്നത്‌ തങ്ങളുടെ തോന്നുംപടി ഭരണത്തിനുള്ള ഊഴത്തിനു വേണ്ടിയാണ്‌.

സമര്‍ത്ഥന്മാരുടെ കുതന്ത്രത്തിനിടയില്‍ ചവിട്ടിമെതിക്കപ്പെടുന്നവനെ സാന്ത്വനപ്പെടുത്തുവാനുള്ള മുദ്രാവാക്യമാണ്‌ കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നത്‌. മുറവിളി കൂട്ടി നേടിയെടുക്കേണ്ടതാണ്‌ ന്യായമായ കാര്യങ്ങള്‍ പോലും എന്ന അവസ്ഥ ദുര്‍ഭരണം നിലവിലിരിക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌. എല്ലാത്തരം മുറവിളികളെയും സംഘബലം ഉപയോഗിച്ച്‌ എതിരിടുകയും തകര്‍ക്കുകയും ചെയ്യുന്നത്‌ ഇതിന്റെ പാരമ്യമാണ്‌. ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ പോലും തൃണവല്‍ഗണിച്ചുകൊണ്ട്‌ നടത്തപ്പെടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദ്ധ്വംസകപ്രവര്‍ത്തനം പോലെ ദേശവിരുദ്ധപ്രവര്‍ത്തനം തന്നെയാണ്‌. പ്രാദേശികവികാരം കുത്തിയിളക്കി ജനങ്ങളെ തെരുവിലിറക്കി കലാപത്തിനൊരുങ്ങപന്നതില്‍ പ്രാദേശികകക്ഷികള്‍ മാത്രമല്ല ദേശീയകക്ഷികളുടെ പ്രാദേശികഘടകങ്ങളുമുണ്ട്‌. സേലം ഡിവിഷന്‍ കാര്യത്തിലും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലും നാമത്‌ കണ്ടതാണ്‌.

കാവേരിയിലെ വെള്ളവും ഭാഷയും റെയില്‍വേ വികസനവും എന്നിങ്ങനെ മലയാളികളുടെ ഉദാരമായ ദേശീയവികാരത്തിന്റെ ദൗര്‍ബല്യത്തില്‍ പിടിച്ചുകയറി അയല്‍പക്കാര്‍ വിജയം നേടിയ പൂര്‍വ്വകഥകള്‍ എത്രയെണ്ണമുണ്ട്‌. എന്നും മറ്റുള്ളവരെ ആശ്രയിച്ചു കഴിയേണ്ടി വന്നതിനാല്‍ ഉദാരതയും ആദര്‍ശപരതയും എല്ലാം നമ്മുടെ നിലനില്‌പിന്‌ ഒഴിച്ചു കൂടാനാകാത്തതാണ്‌. എങ്കിലും ഫെഡറലിസത്തിന്റെ അന്തസ്സത്തയില്‍ നിന്ന്‌ അയല്‍പക്കക്കാരന്‍ വ്യതിചലിക്കുമ്പോള്‍, ജനാധിപത്യപരമല്ലാത്ത രീതികള്‍ അനുവര്‍ത്തിക്കുമ്പോള്‍ നാമെന്തു ചെയ്യണമെന്നും ആലോചിക്കാവുന്നതാണ്‌. പഞ്ചാബ്‌ മോഡലിനെക്കുറിച്ച്‌ പറഞ്ഞ്‌ പ്രശ്‌നത്തിലായ ബാലകൃഷ്‌ണപിള്ളയുടെ ദേശീയവികാരത്തെക്കുറിച്ച്‌ ആര്‍ക്കും സംശയമുണ്ടായിരുന്നില്ലെന്നതിനാല്‍ ഇക്കാലം വരെ ദേശീയകക്ഷികളുടെ സഖ്യത്തില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടി . സെക്കുലറിസം, ഫെഡറലിസം എന്നൊക്കെ പുരപ്പുറത്തു കയറി വിളിച്ചുകൂവുന്നവരുടെ വിഭാഗീയത ഇത്തരം വലിയ വര്‍ത്തമാനങ്ങള്‍ തന്നെ പറഞ്ഞ്‌ നേരിടുകയല്ലാതെ എന്തു ചെയ്യാനാണ്‌?

Subscribe Tharjani |
Submitted by GVV (not verified) on Sat, 2007-10-13 09:23.

Namukkum kure kendramanthri mandanmar?undu.Enthinu kollam

Submitted by tpsudhakaran (not verified) on Sat, 2007-11-24 20:07.

റെയില്‍വെ കേരളത്തെ അവഗണിക്കുന്നുവെന്നത് സ്ഥിരമായി കേട്ടുവരുന്ന പല്ലവിയാണ്. വികസനകാര്യത്തിലുള്ള ചിറ്റമ്മനയത്തെക്കുറിച്ചും പരാതി തീര്‍ന്ന സമയമില്ല. പത്തു പതിനഞ്ച് ലക്ഷത്തോളംപേര്‍ പ്രത്യക്ഷമായും അതിന്‍റെ മൂന്നോനാലോ ഇരട്ടി പരോക്ഷമായും തൊഴിലെടുത്ത് ജീവിക്കുന്നത് ഈയൊരു സ്ഥാപനത്തെ ആശ്രയിച്ചാണ് . അതുകൊണ്ടുതന്നെ ഇത് നിലനില്‍ക്കേണ്ടതും ലാഭകരമായിരിക്കേണ്ടതും അനിവാര്യമാണ്. യാത്രാവണ്ടികള്‍ ഓടിക്കുന്പോള്‍ ചുരുങ്ങിയതു പത്തുപതിനഞ്ച് ശതമാനമെങ്കിലും നഷ്ടം റെയില്‍‍വേക്ക് വരു ന്നു. ഇത് നികത്തുന്നത് ചരക്ക് പാര്‍സല്‍ ഗതാഗതത്തിലൂടെയാണ്. ഇക്കാര്യത്തില്‍ കേരളത്തിന്‍റെ പങ്കെന്താണ്? സബ്സിഡൈസ്ഡ് റെയ്റ്റില്‍
വരുന്ന എഫ്സി ഐ , ഐ ഒ സി , പച്ചക്കറി വസ്തുക്കളല്ലതെ മറ്റെന്ത് ചരക്കുഗതാഗതമാണ് നമുക്കുള്ളത്? തിരിച്ചുകയറ്റിവിടാന്‍ ഒന്നുമില്ലാത്തതുകൊണ്ട് കാലിവാഗണുകള്‍ ഓടിക്കേണ്ടിവരുന്നത്
റെയില്‍വേ ഇഷ്ടപ്പെടുന്ന കാര്യമല്ല. (മടക്കത്തിന് ആളെക്കിട്ടാത്തിടത്തേക്ക് വിളിച്ചാല്‍ നമ്മുടെ ഓട്ടോക്കാര്‍
മടിക്കുന്നതിനു പിന്നിലെ അതേ സാന്പത്തികശാസ്ത്രം തന്നെ)
ഇരുന്പും കല്‍ക്കരിയും സിമന്‍റും യന്ത്രങ്ങളും കാര്‍ഷികവിളകളുമായി , ബിഹാറിന്‍റെ, തമിഴ്നാടിന്‍റെ , ഗുജരാത്തിന്‍റെ, മഹാരഷ്ട്ര യുടെ വിരിമാറിലൂടെ തലങ്ങും വിലങ്ങും ഓടുന്ന വണ്ടികളാണ് റെയില്‍വേയുടെ ലാഭം. അതുകൊണ്ടുതന്നെ പഠിപ്പും പത്രാസും കുറഞ്ഞ കുറേ തമിഴനോ ബിഹാറിയോ, തെലുങ്കനോ ടിക്കറ്റെടുക്കാതെ പോയാല്‍ തന്നെ നമൂക്ക് മാപ്പാക്കാം. അതാണോ സര്‍വ്വ്ജ്ഞപീഠം കയറിയ മലയാളി ചെയ്യേണ്ടത്. അറുപത് ലക്ഷത്തോളമുള്ള നമ്മുടെ വീടുകളില്‍ കമനീയമായി നിര്‍മ്മിച്ചുവെച്ചിട്ടുള്ള സെപ്റ്റിക് ടാങ്കുകള്‍ നിറയ്ക്കുക എന്ന ഒരൂ പ്രവര്‍ത്തി മാത്രം മുറതെറ്റാ തെ ചെയ്യാനറിയുന്ന , കണ്‍സ്യുമര്‍
സ്റ്റേറ്റ് എന്ന നാണംകെട്ട പദം ലജ്ജ ലവലേശമില്ലാതെ സ്വയം വി ശേഷിപ്പിക്കുനുപയോഗിക്കുന്ന മലയാളി
സ്വന്തം മണ്ണില്‍ എന്തെങ്കിലും നട്ടുനനച്ചുണ്ടാക്കി പഠിക്കട്ടെ (ടിപി സുധാകരന്‍ )