തര്‍ജ്ജനി

പി.കെ. ശിവദാസ്‌ മേനോന്‍

ചെന്നൈ

ഇ-മെയില്‍:.pks.menon@gmail.com

Visit Home Page ...

കഥ

ഹിജഡ

ഇരമ്പി പായുന്ന തീവണ്ടിയുടെ ചക്രങ്ങള്‍ റെയില്‍ പാളത്തില്‍ സൃഷ്ടിക്കുന്ന താളാത്‌മക ശബ്ദാരോഹണ അവരോഹണങ്ങളില്‍ മുഴുകി കമലടീച്ചര്‍ ഇരുന്നു. ആ ശബ്ദതരംഗങ്ങളിലും ശ്രുതിലയനം അവള്‍ക്കനുഭവപ്പെട്ടു. വണ്ടി ഓരോ സ്റ്റേഷന്‍ വിടുമ്പോഴും തിരക്കേറി വരുകയാണ്‌. മുംബൈയില്‍ എത്താന്‍ ഇനിയും ഒരുപാട്‌ മണിക്കൂറുകള്‍ കഴിയണം.

പാന്‍ട്രിയില്‍ നിന്നുള്ള വിവിധ തരം ഭക്ഷണ പദാര്‍ത്ഥങ്ങളും ചായയും കോഫിയും

അധിക കമ്മീഷന്‍ നേടാന്‍ ധൃതി പിടിച്ച്‌ വില്‍ക്കാന്‍ നടക്കുന്ന കാക്കിയുടുപ്പിട്ട സപ്ലയര്‍മാരും അതിന്നിടയില്‍ യാത്രക്കാരെ ശല്യം ചെയ്യാനെത്തുന്ന ഭിക്ഷക്കാരും കംപാര്‍ട്ട്‌മെന്റില്‍ അസഹ്യത വര്‍ദ്ധിപ്പിച്ചു. തന്റെ അസ്വസ്ഥത കണ്ട്‌ അരുണ്‍ പഞ്ചപുഛമടക്കി ചിരിക്കുന്നത്‌ തനിക്ക്‌ കാണാം. കുറച്ചാശ്വാസത്തിന്നായി ജനലിന്നരികിലേക്ക്‌ നീങ്ങി. വണ്ടിയുടെ വേഗതയില്‍ മറഞ്ഞു പോകുന്ന തരിശുഭൂമികള്‍. കൊച്ചു കൊച്ചു ഗ്രാമങ്ങള്‍. വൃക്ഷങ്ങള്‍. മൊട്ടക്കുന്നുകള്‍. പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട്‌ വിദൂരതയിലേക്ക്‌ കണ്ണും നട്ട്‌ അവള്‍ ഇരുന്നു.

ട്രെയിന്‍ യാത്ര എന്നും ടീച്ചര്‍ക്ക്‌ അസഹ്യത മാത്രമാണ്‌ നല്‍കിയത്‌. പക്ഷെ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും തന്റേയും അരുണിന്റേയും മാതാപിതാക്കളെ സന്ദര്‍ശിക്കാതിരിക്കാന്‍ ആവില്ലല്ലൊ. എല്ലാ വര്‍ഷവും സ്കൂള്‍ പൂട്ടിയാല്‍ അതൊരു പതിവാണ്‌.

"അമ്മേ വെള്ളം"

രണ്ട്‌ വയസ്സായ ചിഞ്ചുമോള്‍ തോണ്ടി വിളിച്ചപ്പോളാണ്‌ താന്‍ എത്ര നേരമായി എല്ലാം മറന്നുള്ള ഈ ഇരുത്തം തുടങ്ങിയിട്ട്‌ എന്ന്‌ കമലടീച്ചര്‍ ഓര്‍ത്തത്‌. ബാഗ്‌ തുറന്ന്‌ വെള്ളത്തിന്റെ ബോട്ടില്‍ എടുത്ത്‌ മകളുടെ ചുണ്ടിനോടടുപ്പിച്ച്‌ പിടിച്ചു. വെള്ളം കുടിക്കുമ്പോള്‍ അവള്‍ തന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു. ആ നിഷ്കളങ്കത നിറഞ്ഞ ചിരിയില്‍ സ്വയം അലിഞ്ഞു ചേര്‍ന്നു. മകളെ വാരിയെടുത്ത്‌ നെഞ്ചോട്‌ ചേര്‍ത്ത്‌ പിടിച്ച്‌ കമലടീച്ചര്‍ ഇരുന്നു. എത്ര നേരമായി താന്‍ അവളെയെടുത്ത്‌ ഒന്ന്‌ കൊഞ്ചിയിട്ട്‌ എന്ന്‌ അവള്‍ ഓര്‍ത്തു.

"ഓ ഇപ്പോഴെങ്കിലും തനിക്ക്‌ അവളെ ഓര്‍മ്മ വന്നല്ലൊ"

-: 2 :-

അരുണിന്റെ പരിഭവം നിറഞ്ഞ സ്വരം. കണ്ണിറുക്കി ഒരു മന്ദഹാസത്തോടെ ലാളന തുടര്‍ന്നു. പെട്ടെന്ന്‌ തൊട്ടടുത്ത റെയില്‍ പാളത്തിലൂടെ കടന്നു പോയ മറ്റൊരു ട്രെയിനിന്റെ ശീല്‍ക്കാര ശബ്ദം കേട്ട്‌ ചിഞ്ചുമോള്‍ പേടിച്ചരണ്ട്‌ തന്നെ ബലമായി കെട്ടിപ്പിടിച്ചു.

മേയ്‌ മാസത്തെ പകല്‍ ചുടിന്റെ കാാ‍ി‍ന്യം ട്രെയിന്നുള്ളിലെ ഉഷ്ണവും തീവ്രമായി അനുഭവപ്പെട്ടിരുന്നു. പാവം! ചിഞ്ചുമോള്‍. അവള്‍ക്കെങ്ങിനെ സഹിക്കാനാവുന്നു. ടോയിലറ്റില്‍ പോകാന്‍ ചിഞ്ചുമൊള്‍ ശാി‍ച്ചപ്പോള്‍ അവളേഴും കൊണ്ട്‌ അങ്ങോട്ട്‌ നടന്നു. ഭാഗ്യം. ടോയിലറ്റിന്റെ മുമ്പില്‍ തിരക്കില്ല. തിരിച്ചു വന്നപേള്‍ സീറ്റിന്നരികില്‍ അരുണിനെ ചുറ്റിപ്പറ്റി ചുവട്‌ വെക്കുന്ന മൂന്ന്‌ പേര്‍. സൂക്ഷിച്ചു നോക്കിയപ്പോഴാണ്‌ മനസ്സിലായത്‌ അവര്‍ ഹിജഡകളാണെന്ന്‌.

"അരുണ്‍ എന്തെങ്കിലും കൊടുത്ത്‌ വിട്‌"

തന്റെ ശബ്ദം കേട്ട്‌ അവരില്‍ ഒരുവള്‍ തിരിഞ്ഞ്‌ നോക്കി. പെട്ടെന്ന്‌ ഉള്ളം പിടച്ചു. ചെറിയ ഒരു ഭയം തോന്നി. ചിഞ്ചുമോളെ കണ്ടപ്പോള്‍ അവരുടെ ഡിമാന്റ്‌ ഒന്നു കൂടി വര്‍ദ്ധിച്ചു. ഹിജഡകള്‍ ശപിച്ചാല്‍ കുട്ടികള്‍ക്ക്‌ ദോഷമാണത്രെ. ഒരു അന്ധവിശ്വാസം. അവള്‍ തന്നെ കുറച്ച്‌ നേരം ഉറ്റുനോക്കി. പെട്ടെന്ന്‌ അ മുഖത്ത്‌ ഒരു പുഞ്ചിരി വിടര്‍ന്നു. സംശയത്തോടു കൂടിയാണെങ്കിലും സങ്കോചമില്ലാതെ അവള്‍ ചോദിച്ചു.

"തൂ കമലാ ദീദി ഹൈ നാ"

മനസ്സില്‍ ഭീതി വര്‍ദ്ധിക്കുന്നതായി തോന്നി എങ്കിലും തലയാട്ടി.

തനിക്ക്‌ ഒന്നും മനസ്സിലാവുന്നില്ല. തന്റെ പേര്‍ ഇത്രയും ദൃഢതയോടെ വിളിച്ചു പറയാന്‍ കെല്‍പ്പുള്ള അവള്‍ അരായിരിക്കണം. തന്നെ പരിചയമുള്ള ആള്‍ തന്നെ. അത്‌ ഉറപ്പാണ്‌. പക്ഷെ ആര്‍ എന്ന ചോദ്യം തന്നില്‍ ഉല്‍കണ്‌ഠ ഉളവാക്കി. മനസ്സില്‍ ആയിരം വട്ടം ചികഞ്ഞു നോക്കി. പരിചയമുള്ള ഒരു മുഖവും തെളിഞ്ഞു വരുന്നില്ല. ദൈവമെ! ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലൊ. ഏതൊ ഒരു മാസ്മരിക ലോകത്തെന്ന പോലെ അരുണ്‍ തന്നേയും അവളേയും മാറി മാറി നോക്കുന്നുണ്ട്‌. അവളുടെ മറ്റു രണ്ട്‌ കൂട്ടുകാരികളുടെ മുഖത്തും പരിഭ്രമം മൊട്ടിട്ടു നില്‍ക്കുന്നത്‌ തനിക്ക്‌ കാണാം. ആര്‍ക്കും ഒന്നും മനസ്സിലാവുന്നില്ല. ആകാംക്ഷയെ വെട്ടിമാറ്റി അവള്‍ പറഞ്ഞു.

"മൈ വിനോദ്‌ ഹൂ.... ലക്ഷ്മിതായിക്കി"

-: 3:-

ഓര്‍മകള്‍ ചുരുളഴിയാന്‍ തുടങ്ങി. അച്ഛന്റെ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക്‌ കേള്‍ക്കറുടെ ഭാര്യയാണ്‌ ലക്ഷ്മിതായി. ആ കുടുംബത്തെ തനിക്കെങ്ങിനെ മറക്കാനാകും. ഒരു ക്യാന്‍വാസിലെ ചിത്രം പോലെ ഇന്നും തന്റെ മനസ്സില്‍ പ്രതിഫലിച്ചു നില്‍ക്കുന്നു.

മദ്രാസില്‍ ഇ.ജീസ്‌ ഓഫീസില്‍ ജോലിയിലിരുന്ന അച്ഛന്‌ പെട്ടെന്നാണ്‌ മുംബൈയിലേക്കുള്ള ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയത്‌. വടാലയിലുള്ള ഗവണ്‍മെന്റ്‌ കോര്‍ട്ടേഴ്സില്‍ ആയിരുന്നു ഫ്ലാറ്റ്‌ അലോക്കേറ്റായി ലഭിച്ചത്‌. ജോലിയില്‍ ശീഘ്രം പ്രവേശിക്കാനുള്ള ഓര്‍ഡര്‍ കൈ പറ്റിയതിനാല്‍ അച്ഛ?‌ ഉടനെ തന്നെ ജോയിന്‍ ചെയ്യേണ്ടി വന്നു. അമ്മയും ഞാനും കുറച്ചു നാള്‍ കഴിഞ്ഞാണ്‌ മുംബൈയില്‍ എത്തിയത്‌. തൊട്ട ഫ്ലാറ്റിലായിരുന്നു മഹാരാഷ്ട്രക്കാരനായ കേള്‍ക്കറും അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിതായിയും രണ്ട്‌ കുട്ടികളും താമസിച്ചിരുന്നത്‌. മൂത്തത്‌ ആണ്‍കുട്ടി വിനോദ്‌. രണ്ടാമത്തെ പെണ്‍കുട്ടി വീണ. അധികം താമസിയാതെ അവര്‍ തങ്ങളുടെ വളരെ ഉറ്റ ഫാമിലി സുഹ്രുത്തുക്കളായി തീര്‍ന്നു.

വിനോദിന്‌ തന്നെ വലിയ കാര്യമായിരുന്നു. സ്ക്കൂള്‍ വിട്ട്‌ വന്നാല്‍ ഉടനെ തന്റെ അടുക്കല്‍ എത്തും. പിന്നെ ഒരെ നിര്‍ബന്ധം കൂടെ കളിക്കാന്‍ ചെല്ലാന്‍. തുടക്കത്തില്‍ തനിക്ക്‌ വേണ്ടത്ര കൂട്ടുകാര്‍ ഇല്ലാത്തതിനാല്‍ അവന്‍ തന്നെയായിരുന്നു ഏക ആശ്രയം. സ്ക്കൂളില്‍ നിന്ന്‌ വൈകി വരുന്ന വേളയില്‍ പലപ്പോഴും അവനെ താഴെ പെണ്‍പിള്ളരുമായി കളിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. ആണ്‍കുട്ടികളുമായി അവന്‍ കളിക്കുന്നത്‌ വളരെ വിരളമായിരുന്നു. അവന്റെ പെരുമാറ്റം മറ്റുള്ള ആണ്‍കുട്ടികളില്‍ നിന്ന്‌ വിഭിന്നമായി പലപ്പോഴും തനിക്ക്‌ തോന്നിയിട്ടുണ്ട്‌. ഒരിക്കല്‍ ലക്ഷ്മി ആന്റിയോട്‌ അതിനെ സംബന്ധിച്ച്‌ ആരായുകയും ചേയ്തു. അവന്‌ ചെറുപ്പം മുതലെ പെണ്‍കുട്ടികളുമായി കളിക്കുന്നതാണ്‌ ഇഷ്ടം എന്ന്‌ പറഞ്ഞ്‌ അവര്‍ ഒഴിഞ്ഞു മാറി.

വര്‍ഷങ്ങള്‍ കടന്നുപോയി. ഫൈനല്‍ ബി.എ.പഠിക്കുന്ന കാലം. ഒരുനാള്‍ ഫ്ലാറ്റില്‍ തനിച്ചിരിക്കുകയായിരുന്നു. വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട്‌ തുറന്നു നോക്കിയപ്പോള്‍ അവനായിരുന്നു. ഉള്ളിലേക്ക്‌ ക്ഷണിച്ചു. അവന്‍ ഓരോന്നും സംസാരിച്ച്‌ തുടങ്ങി. പരീക്ഷക്ക്‌ പ്രിപ്പേര്‍ ചെയ്യുന്ന തിരിക്കിലായ കാരണം ശ്രദ്ധ മുഴുവനും ബുക്കിലായിരുന്നു. പെട്ടെന്ന്‌ അവന്റെ ചോദ്യം കേട്ട്‌ അന്ധാളിച്ചു നിന്നു പോയി.

"ദീദി, മൈ ആഫ്‌ ക്കി ചുരിദാര്‍ പഹണു.

മുജെ ബഹുത്ത്‌ അച്ഛാ ലഗ്ത്താ ഹായ്‌."

-: 4 :-

വിരോധമില്ല എന്ന മട്ടില്‍ മൂളി. ശ്രദ്ധ വീണ്ടും ബുക്കിലേക്ക്‌ തിരിച്ചു. കുറച്ചു കഴിഞ്ഞ്‌ തല തിരിച്ച്‌ നോക്കിയപ്പോള്‍ അവന്‍ ചുരിദാര്‍ അണിഞ്ഞ്‌ നില്‍ക്കുന്നു. കണ്ണാടിയില്‍ താന്‍ ഒട്ടിച്ചു വെച്ചിരുന്ന ചുവന്ന പൊട്ട്‌ എടുത്ത്‌ നെറ്റിയില്‍ ചാര്‍ത്തി സ്വന്തം പ്രതിഛായയും നോക്കി ആസ്വദിച്ചു നില്‍ക്കുകയാണ്‌. ഒരു തമാശ കാണുന്ന ലാഘവത്വത്തോടെ ആ സംഭവം മറക്കുകയും ചേയ്തു. അവനിലെ സ്ത്രൈണ ഭാവം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയായിരുന്നു. അത്‌ കേള്‍ക്കര്‍ ദമ്പതിമാരെ വലിയ ആശയ കുഴപ്പത്തില്‍ എത്തിച്ചിരുന്നു. കേള്‍ക്കര്‍ അങ്കിള്‍ ഇതിനെ സംബന്ധിച്ച്‌ ഒരു നാള്‍ അച്ഛനോട്‌ സംസാരിക്കുന്നതും താന്‍ കണ്ടിട്ടുണ്ട്‌. ഏതെങ്കിലും നല്ല ഒരു ഡോക്ടരെയും സൈക്കലോജിസ്റ്റിനേയും കാണുവാന്‍ അച്ഛന്‍ ഉപദേശിക്കുകയും ചേയ്തിരുന്നു.

തങ്ങളുടെ സൗഹാര്‍ദത്തിന്ന്‌ തിരശീല വീണത്‌ പെട്ടെന്നാണ്‌. അച്ഛന്റെ പ്രമോഷനോടനുബന്ധിച്ച്‌ കുറച്ചകലെയുള്ള ഒരു ഫ്ലാറ്റിലേക്ക്‌ ഞങ്ങള്‍ താമസം മാറ്റി. അതിനു ശേഷം വളരെ വിരളമായി മാത്രമെ കേള്‍ക്കര്‍ ഫാമിലിയുമായി നേരില്‍ ബന്ധപ്പെടാന്‍ അവസരം കിട്ടിയിരുന്നുള്ളു. അച്ഛന്‌ തുടര്‍ച്ചയായി ഉണ്ടായ രണ്ട്‌ ഹാര്‍ട്ട്‌ അറ്റാക്കിന്‌ ശേഷം ജോലി രാജിവെച്ച്‌ അച്ഛനും അമ്മയും മദ്രാസിലേക്ക്‌ താമസം മാറി. ആ അവസരത്തില്‍ യാത്ര പറയാന്‍ കേള്‍ക്കറുടെ ഫ്ലാറ്റില്‍ ചെന്നപ്പോളാണ്‌ വിനോദിന്റെ ഒളിച്ചോട്ടം അറിഞ്ഞത്‌. അവന്‍ ഹിജഡകളുടെ കൂട്ടത്തില്‍ കൂടി എന്ന്‌ പിന്നീടാണ്‌ അറിഞ്ഞത്‌.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആകസ്മികമായി ഇതാ അവന്‍ തന്റെ മുന്നില്‍ എത്തിയിരിക്കുന്നു. ഒരു നിയോഗം പോലെ. നീട്ടി വളര്‍ത്തിയ മുടി രണ്ട്‌ ഭാഗത്തേക്ക്‌ പിന്നിയിട്ട്‌ രണ്ടറ്റത്തു ചുവപ്പ്‌ റിബ്ബണ്‍ കൊണ്ട്‌ കെട്ടിയിട്ടിരിക്കുന്നു. പച്ച സാരിയും പച്ച ബ്ലൗസുമാണ്‌ വേഷം. കണ്ണെഴുതി പൊട്ട്‌ തൊട്ട്‌ കാതില്‍ മിന്നിതിളങ്ങുന്ന ജിംക്കിയിട്ട്‌ ഒരു കൊച്ചു സുന്ദരിയായി.

അവള്‍ കൂട്ടുക്കാര്‍ക്ക്‌ തന്നെ പരിചയപ്പെടുത്തി എന്നിട്ട്‌ തന്റെ അടുക്കല്‍ ഇരുന്നു കുശലങ്ങള്‍ ആരാഞ്ഞു. സഹയാത്രികര്‍ അത്ഭുതത്തോടും വളരെ ജീജ്ഞാസയോടും കൂടി തങ്ങളുടെ സംഭാഷണങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അരുണിനെ അവള്‍ക്ക്‌ പരിചയപ്പെടുത്തി. പണം ചോദിച്ച്‌ ബുദ്ധിമുട്ടിച്ചതിന്ന്‌ അരുണിനോട്‌ അവള്‍ മാപ്പ്‌ ചോദിച്ചു. കൂട്ടത്തില്‍ പറഞ്ഞു. 'തൊഴിലൊന്നും അറിയാത്ത ഞങ്ങള്‍ തെണ്ടി ജീവിതം നയിക്കയല്ലാതെ എന്ത്‌ ചെയ്യും. ആരും ഞങ്ങളെ ജോലിക്ക്‌ വെക്കാന്‍ തയ്യാറല്ല'

-: 5 :-

അവള്‍ ചിഞ്ചുമോളെ വാരിയെടുത്ത്‌ മടിയില്‍ വെച്ചു. ഒരു പരിചയക്കേടും കാണിക്കാതെ ഒരു കൗതുക വസ്തു കാണുന്നപ്പോലെ ചിഞ്ചുമോള്‍ അവളുടെ മുടിയില്‍ കെട്ടിയ ആ ചുവപ്പ്‌ റിബ്ബണില്‍ തിരിപ്പിടിച്ചിരുന്നു. ഇടക്കിടെ തന്നേയും അരുണിനേയും മാറി മാറി നോക്കി കണ്ണിറുക്കി ചിരിക്കുന്നുണ്ടായിരുന്നു.

ആകാംക്ഷയോടെ ചോദിച്ചു.

"എന്തിനാ വീട്‌ വിട്ട്‌ ഓടി പോയത്‌"

അവളുടെ മുഖം വാടുന്നതും കണ്ണുകള്‍ നിറയുന്നതും തനിക്ക്‌ കാണാമായിരുന്നു. ഒരു ദീര്‍ഘ നിശ്വാസത്തോടെ അവള്‍ കഥ പറഞ്ഞു.

'എട്ടാം ക്ലാസ്സിലെത്തിയതോടെ അച്ഛന്‍ പഠി‍പ്പ്‌ നിര്‍ത്തി. അവിടന്നങ്ങോട്ട്‌ വീട്ട്‌ തടങ്ങലില്‍ തന്നെ. പുറത്തേക്ക്‌ എങ്ങും എന്നെ അയക്കാതെയായി. എപ്പോഴും അമ്മയില്‍ നിന്ന്‌ കുത്തുവാക്കുകള്‍ മാത്രം. 'ഈ അശ്‌രീകരം ഞങ്ങളെ നശിപ്പിച്ചെ അടങ്ങു. എന്തിനെന്റെ വയറ്റില്‍ ജന്മമെടുത്തു. ദീദി, എന്റെ കുറ്റമാണൊ ഞാന്‍ ഇങ്ങിനെ ആയത്‌. സമൂഹത്തിന്റെ അവഹേളനകള്‍. അര്‍ത്ഥം വെച്ചുകൊണ്ടുള്ള അയല്‍വാസികളുടെ നോട്ടവും കളിയാക്കലും ആയിരിക്കണം അമ്മയുടെ വെറുപ്പിന്ന്‌ കാരണം. അനിയത്തി വീണയേയും അയല്‍വാസികള്‍ നോവിക്കാതെ വിട്ടില്ല. 'നീയും പെണ്ണ്‌ തന്നെ ആണോ?' അവര്‍ അവള്‍ക്ക്‌ നേരെയും നാഗാസ്ത്രം തൊടുത്തു. എവിടേയും കളിയാക്കലും പരിഹാസവും മാത്രം. താന്‍ കാരണം എത്ര പേര്‍ വേദന അനുഭവിക്കുന്നു. എന്റെ സാന്നിദ്ധ്യത്തില്‍ അവളുടെ കല്ല്യാണം കൂടെ നടക്കില്ല എന്ന്‌ അമ്മ കുറ്റപ്പെടുത്തിയപ്പോള്‍ മനസ്സ്‌ ഉലഞ്ഞു. വല്ലാത്ത വിഷമവും സങ്കടവും തോന്നി. പലപ്പോഴും ആത്മഹത്യ ചെയ്യണം എന്ന്‌ വരെ തോന്നിയിട്ടുണ്ട്‌. അച്ഛനും അമ്മയും വീട്ടിലില്ലാത്തൊരു ദിവസം. ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ താഴെ കൈകൊട്ടി കടകള്‍ കയറി ഇറങ്ങി തെണ്ടുന്ന ഹിജഡകളെ കണ്ടു. മനസ്സിന്റെ അടിത്തട്ടില്‍ ആരോ പ്രേരിപ്പിക്കുന്നതു പോലെ.....ഓടിപ്പോ... രക്ഷപ്പെട്‌. നീയും ഒരു ഹിജഡയാണ്‌.

എല്ലാവരുടേയും നന്മക്ക്‌ അതു തന്നെ ശരി എന്ന്‌ തോന്നി. ഒരു ഒളിച്ചോട്ടം. സമൂഹത്തില്‍ നിന്ന്‌ എന്നന്നേക്കുമായി ഒരു രക്ഷപ്പെടല്‍.

ട്രെയിനിന്റെ വേഗത കുറഞ്ഞു തുടങ്ങിയപ്പോളാണ്‌ ശ്രദ്ധിച്ചത്‌. ഏതോ ഒരു സ്റ്റേഷന്‍ അടുക്കാറായിരിക്കുന്നു. അവള്‍ കണ്ണു തുടച്ചിട്ട്‌ പറഞ്ഞു.

"ദീദി മൈ അഭി ആത്താ ഹൂ"

-: 6 :-

മനസ്സില്‍ വല്ലാത്ത ഒരു ഭാരം. സ്നേഹത്തിന്നും ബന്ധത്തിന്നും ഈ ലോകത്തെന്തു വില. ഒരു മനുഷ്യായുസ്സ്‌ മുഴുവനും ശിഖണ്ഡി‍യായി അശ്വത്ഥമാവിനെ പോലെ ഗതി കിട്ടാതെ അലഞ്ഞു നടക്കാന്‍ ആരുടെ ശാപമാണ്‌ അവള്‍ക്ക്‌. അതോ മുന്‍ജന്മ പാപമോ.

അധികം വൈകാതെ അവള്‍ കൂട്ടുക്കാരികളുമായി വീണ്ടും വന്നു. കൈ നിറയെ പഴം. കൈയ്യില്‍ പിടിച്ചിരുന്ന കാഡ്ബറി മില്‍ക്ക്‌ ചോക്കലേറ്റ്‌ ചിഞ്ചുമോളുടെ കയ്യില്‍ വെച്ച്‌ അവളുടെ കവിളില്‍ ഒരു മുത്തം കൊടുത്തു. ഇറങ്ങാന്‍ നേരത്ത്‌ അവള്‍ പറഞ്ഞു.

"ദീദി, മൈ ചല്‍ത്താ ഹൂ. തക്ക്ദീര്‍ ഹൈത്തൊ ഫിര്‍ മിലേങ്കെ"

തിരിഞ്ഞ്‌ നടക്കാന്‍ തുടങ്ങിയ അവളോട്‌ ചോദിച്ചു.

"നിന്റെ പുതിയ പേരെന്താണ്‌?"

ചിരിച്ചുകൊണ്ടവള്‍ മൊഴിഞ്ഞു.

"സുന്ദരീഭായി. ഗുരു ഇട്ടതാണ്‌ "

കണ്ണുകള്‍ നിറഞ്ഞ്‌ തുളുമ്പുന്നത്‌ ടീച്ചര്‍ അറിഞ്ഞില്ല. മനസ്സില്‍ വല്ലാത്തൊരു നൊമ്പരം. ഹൃദയത്തിന്റെ അടിത്തട്ടില്‍ ആരോ മന്ത്രിക്കുന്നത്‌ ടീച്ചര്‍ക്ക്‌ കേള്‍ക്കാമായിരുന്നു......അവനെ സ്നേഹിക്കുന്ന ഹിജഡകള്‍ക്കൊപ്പം മറ്റൊരു ഹിജഡയായി അവന്‍ ജീവിക്കട്ടെ.

ചിത്രീകരണം: ചന്ദ്രന്‍‍
Subscribe Tharjani |