തര്‍ജ്ജനി

കെ. എച്ച്. ഹുസൈന്‍

Visit Home Page ...

കഥ

കരയില്‍ തനിച്ച്

കായലില്‍ ബോംബുകള്‍ തോരാതെ പെയ്തുകൊണ്ടിരുന്നു. രാത്രിയുടെ അവസാനമാണ്. അരണ്ട പ്രകാശത്തില്‍ ഇടയ്ക്കിടെ ചൊരിഞ്ഞ മിന്നല്‍പ്രകാശത്തില്‍ വഞ്ചികള്‍ കുതിക്കുന്നതും നോക്കി പ്രൊഫസര്‍ തെങ്ങിന്‍ ചുവട്ടില്‍ ഏകനായി നിന്നു. ഏതു ലക്ഷ്യം വെച്ചാണ് ഇവര്‍ പരിഭ്രാന്തരായി തുഴഞ്ഞു പോകുന്നതെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. ബോംബുകള്‍ പൊട്ടി ഉയര്‍ന്നു പൊങ്ങിയ തിരകളില്‍ വഞ്ചികള്‍ ഭീകരമായി ഉലയുന്നത് മിന്നലില്‍ കാണാമായിരുന്നു. കാതടപ്പിക്കുന്ന ശബ്ദം വെള്ളത്തിന്റെ സ്പര്‍ശത്തില്‍ ഞരക്കമായമര്‍ന്നു.

തോണികളില്‍ എത്രയെണ്ണം കരയ്ക്കണയും? ഏതു കര?

പലതും ഇക്കരയിലേക്കു തന്നെ മടങ്ങിയെത്തേണ്ടിയിരിക്കുന്നു എന്ന് പ്രൊഫസര്‍ നിരീക്ഷിച്ചു. സുരക്ഷിതമായ കരകള്‍ തേടിയുള്ള അപകടകരമായ യാത്രയായിരുന്നു മനുഷ്യന് എന്നും. വന്‍‌കരകള്‍ കണ്ടെത്തിയതും മരുഭൂമികള്‍ പൂത്തതും അങ്ങനെയാണ്. പെറ്റുവീണ ചിറയേക്കാള്‍ പ്രിയങ്കരമല്ല മറ്റെങ്ങും. നടുക്കടലില്‍ താഴ്ന്നു പോകുന്നതിനെക്കാള്‍ പിടച്ചില്‍ കുറവാണ് സ്വന്തം പാടത്ത് കത്തിയമരുമ്പോള്‍ ‍. അതിനാലാണ് ധര്‍മ്മടം വിട്ട് കൊടുങ്ങല്ലൂരേക്ക് പോന്നത് എന്ന് വേണമെങ്കില്‍ പറയാം.

ഭാര്യയെ ഉപേക്ഷിച്ച് പലായനം ചെയ്യുന്ന ഒരു ഭര്‍ത്താവ് പ്രൊഫസറെ തിടുക്കത്തില്‍ കടന്നു പോയി. എന്തു കൊണ്ട് ഒറ്റയ്ക്ക് എന്ന അദ്ദേഹത്തിന്റെ അന്വേഷണം അയാളെ കോപിഷ്ഠനാക്കി. എന്തിന് മറ്റൊരപകടം എന്ന് തിരിഞ്ഞു നിന്ന് ഉച്ചത്തില്‍ അയാള്‍ ചോദിച്ചു. വഞ്ചിയിലേക്കെടുത്ത് ചാടുമ്പോള്‍ അയാള്‍ ആസകലം വിറയ്ക്കുന്നുണ്ടായിരുന്നു. ക്ഷുബ്ധമായ തിരമാലകളില്‍ വഞ്ചി ശക്തമായുലഞ്ഞു. തുഴയിട്ട് അയാള്‍ വെള്ളത്തെ തലങ്ങും വിലങ്ങും തല്ലി. വഞ്ചി എവിടേയ്ക്കും നീങ്ങാതെ വട്ടം തിരിഞ്ഞു. കിഴവന്റെ തലയില്‍ ബോംബു വീഴട്ടെ എന്നയാള്‍ അലറി. മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കവെ അകലെ ഭാര്യ അതിവേഗം തുഴഞ്ഞു പോകുന്നത് ശ്രദ്ധയില്‍ പെട്ടു. സഹിക്കാനാകാതെ അയാള്‍ വെള്ളത്തിലേക്കെടുത്തു ചാടി.

ഇങ്ങനെ ആളൊഴിഞ്ഞ തോണികള്‍ കായലില്‍ ഏറെയുണ്ടായിരുന്നു. പലതും ബോംബുകള്‍ വീണ് മുങ്ങിപ്പോയി. ചിലത് ലക്ഷ്യമില്ലാതെ ഒഴുകി നടന്നു. രക്ഷതേടി നേര്‍രേഖയില്‍ തുഴഞ്ഞു പോകുന്ന വഞ്ചികളും, രക്ഷകിട്ടാതെ അനാഥമായി കറങ്ങുന്ന വഞ്ചികളും നോക്കി, പ്രൊഫസര്‍ എം. എന്‍ വിജയന്‍ ചാര നിറമാര്‍ന്ന പ്രഭാതത്തില്‍ ആകാശത്തെയും പുഴയെയും മനുഷ്യരെയും കുറിച്ചുള്ള ചിന്തകളിലമര്‍ന്നു.

Subscribe Tharjani |