തര്‍ജ്ജനി

എം.പി.രാധാകൃഷ്ണന്‍

മഹാത്മാ കോളേജ്, തലശ്ശേരി

ഇ-മെയില്‍:radhanmp@yahoo.com

Visit Home Page ...

ഓര്‍മ്മ

എം. എന്‍ . വിജയന്‍ - ഉദ്ബുദ്ധനായ ഒരു ഒറ്റയാന്‍

ആമുഖം

സമീപകാലചരിത്രത്തിലെ ഉദ്ബുദ്ധനായ ഒരു ഒറ്റയാനായിരുന്നു ശ്രീ. എം. എന്‍ ‍.വിജയന്‍ . കപടതകളുടെ പെരുങ്കാട്ടില്‍ അകപ്പെട്ട ഇന്നത്തെ മലയാളിക്ക് വിജയന്‍മാഷ്‌ടെ സത്യസന്ധതയെ എളുപ്പം തിരിച്ചറിയാന്‍ കഴിഞ്ഞു. തന്റെ ദൌത്യനിര്‍വ്വഹണത്തോടെ സഫലമീയാത്ര എന്ന രീതിയില്‍ തന്നെ ധന്യനായി മാഷ് കേരളസമൂഹത്തോട് വിട പറഞ്ഞു.

അറുപതുകള്‍ തൊട്ടു തന്നെ മാഷുമായുള്ള സൌഹൃദം ഞാന്‍ നിലനിറുത്തിയിട്ടുണ്ട്. മാഷ്‌ടെ മുമ്പിലെത്തുമ്പോള്‍ എല്ലാ ആവരണങ്ങളും ഊര്‍ന്നുവീഴുന്നതായി തോന്നിയിട്ടുണ്ട്. കലവറയില്ലാതെ സ്നേഹം നല്കി നമ്മെ സ്വതന്ത്രരാക്കുന്ന ചില പുണ്യാത്മാക്കളുണ്ട്. അവരുടെ വംശനാശം ഏതാണ്ട് സംഭവിച്ചു കഴിഞ്ഞു. എം. എന്‍ . വിജയന്‍ അങ്ങിനെയൊരു പുണ്യാത്മാവായിരുന്നു.

വിജയന്‍മാഷ്‍ടെ വേര്‍പാട് ചിലര്‍ക്ക് ഏറെ സന്തോഷം നല്കുന്നുണ്ടാവാം. എന്നാല്‍ മരിക്കാത്ത ഒരു പൈതൃകം ബാക്കിവെച്ചാണ് പോരാടിക്കൊണ്ട് മാഷ് യാത്രയായത്.

ഈ പൈതൃകത്തിന് മരണമില്ല.

എന്താണ് ഈ പൈതൃകം?

രാഷ്ട്രീയനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഒരു പടയണി കേരളത്തിന്റെ മണ്ണില്‍ രൂപപ്പെട്ടു വരേണ്ടതുണ്ട്. ഒരു പുത്തന്‍ രാഷ്ട്രീയസാക്ഷരതയുടെ നിര്‍മ്മിതിയായിരുന്നു മാഷ്‍ടെ ദൌത്യങ്ങളിലൊന്ന്. ആഗോളവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുന്ന കേരളം മാഷെ ഏറെ ആശങ്കാകുലനാക്കിയിരുന്നു. ഒരു പുത്തന്‍ രാഷ്ട്രീയസാക്ഷരത മാത്രമാണ് പോംവഴി എന്ന് വിജയന്‍മാഷ് കണ്ടെത്തി. ഈ കണ്ടെത്തലില്‍ നിന്നും നാം ഏറെ മുന്നേറേണ്ടതുണ്ട്.
ഇതാവട്ടെ നമ്മെ സംബന്ധിച്ചിടത്തോളം മാഷ്‍ക്കുള്ള ആദരാഞ്ജലി.

ഒന്ന്

ഒരു ജനതയുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്ന ആഗോളമൂലധനത്തിന്റെ കടന്നാക്രമണത്തെയാണ് ശ്രീ. എം. എന്‍ . വിജയന്‍ പ്രതിരോധിക്കാന്‍ ഒരുമ്പെട്ടത്. ഈ കടന്നാക്രമണത്തിന് നേതൃവര്‍ഗ്ഗം കൊടുത്ത ഓമനപ്പേരായിരുന്നു ജനകീയ ആസൂത്രണം എന്നത്. പുത്തന്‍ സാമ്രാജ്യത്വശക്തികളുടെ അധിനിവേശതന്ത്രങ്ങളെ നിര്‍വ്വീര്യമാക്കുവാന്‍ പാകത്തിലുള്ള ജനകീയമുന്നേറ്റത്തിന്റെ ആവശ്യകതയെക്കുറിച്ച് മാഷ് ബോധവാനായിരുന്നു. ഈ അവബോധം മാഷെ ഒരു യോദ്ധാവാക്കി. പല അതിര്‍ത്തികളിലും ഒരേ സമയം ആത്മവിശ്വാസത്തോടെ പോരാടി. വിജയമായിരുന്നില്ല , പോരാട്ടം തന്നെയായിരുന്നു മാഷ്‍ടെ ലക്ഷ്യം. പുറത്തു നിന്നും അസംഖ്യം ശക്തികളുടെ ആക്രമണം നേരിടേണ്ടിവന്ന മാഷ്‍ക്ക് തന്റെ ശരീരം നല്കിക്കൊണ്ടിരുന്ന അസംഖ്യം വെല്ലുവിളികളേയും ചെറുക്കേണ്ടിവന്നു. മാഷ് അര്‍ബുധരോഗബാധിതനായത് ഇക്കാലത്താണ്. എല്ലാ ഇരുണ്ടശക്തികളേയും അവബോധംകോണ്ട് പ്രതിരോധിച്ച മാഷ് ഒരു ദൌത്യനിര്‍വ്വഹണത്തിന്റെ കൃതാര്‍ത്ഥതയോടെ ധന്യനായി സഫലമീയാത്ര എന്ന മട്ടില്‍ ഒടുവില്‍ നമ്മോട് വിട പറഞ്ഞു.

രണ്ട്

എഴുപതുകളുടെ ആദ്യം ഭാരതം ഒരു വലിയ ജനമുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. ഈ മുന്നേറ്റത്തിന്റെ നായകന്‍ ജയപ്രകാശ് നാരായണന്‍ ആയിരുന്നു. ഗുജറാത്തിലും ബീഹാറിലും മഹാരാഷ്ട്രയിലുമുള്ള ഉദ്ബുദ്ധരായ യുവാക്കളും തൊഴിലാളികളും ജെ.പിയോടൊപ്പം അണിനിരന്നു. ഒരു സമഗ്രവിപ്ലവമാണ് ഭാരതത്തിനാവശ്യം എന്ന് ജെ.പി പറഞ്ഞു. ഇന്ത്യയുടെ പല ഭാഗങ്ങളും ആളിക്കത്തി. എന്നാല്‍ മറുവശത്ത് ജയപ്രകാശ് ആരോഗ്യപരമായ കാരണങ്ങളാല്‍ പരിക്ഷീണനായിരുന്നു. ഗുരുതരമായ രോഗം ജെ.പിയുടെ കിഡ്നിയെ ബാധിച്ചിരുന്നു. ഡയാലിസിസ്സില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന നിലയിലെത്തി. ഇന്ദിരാഗാന്ധിയുടെ സര്‍വ്വാധിപത്യത്തിനും അഴിമതിക്കുമെതിരായിരുന്നു ജെ.പിയുടെ നീക്കം. തന്റെ മൃത്യുസന്ധിയെ അതിജീവിക്കാന്‍ ജെ.പിക്കായില്ല. ഭാഗ്യവശാല്‍ ഒട്ടേറെ മൃത്യുസന്ധികളെ അതിജീവിക്കാനും ആഗോളമൂലധനത്തിന്റെ ഭീകരതകളെ ഫലപ്രദമായി തുറന്നു കാട്ടാനും വിജയന്‍ മാഷ്‍ക്ക് കഴിഞ്ഞു. ജെ.പിയെപ്പോലെത്തന്നെ ഒടുവില്‍ മാഷെയും ശരീരം തോല്പിച്ചു.

അത്ഭുതങ്ങളുടെ അത്ഭുതമായ നമ്മുടെ ഭൂമിയില്‍ മര്‍ദ്ദകര്‍ ഏറെയുണ്ട് എന്ന അവബോധം മാഷ്‍‍ക്ക് നേരത്തെ ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ തന്റെ ഏറ്റവും വലിയ മര്‍ദ്ദകനായി മാഷ് കണ്ടത് തന്റെ ശരീരത്തെ തന്നെയായിരിക്കണം. അസംഖ്യം രോഗങ്ങളുടെ പണിപ്പുരയായിരുന്നു മാഷ്‍ടെ ശരീരം. എന്നാല്‍ വേദനയെ അവബോധമാക്കി മാറ്റുന്ന രാസവിദ്യ എവിടെയോവെച്ച് മാഷ് സ്വന്തമാക്കി. കൂടുതല്‍ വേദനകള്‍ മാഷെ കൂടുതല്‍ കരുത്തനാക്കി. ഈ വേദനകള്‍ തന്റെ സംവേദനക്ഷമതയ്ക്ക് കൂടുതല്‍ ആഴവും വിസ്താരവും നല്കി. വേദനകളുടെ പടയാണ് മാഷെ ഒരു വലിയ സഹൃദയനാക്കി മാറ്റിയത്. ഈ സഹൃദയത്വമായിരുന്നു മാഷ്‍ടെ സര്‍ഗ്ഗമൂലധനം. മാഷ്‍ടെ സാംസ്കാരികപ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജ്ജം ലഭിച്ചത് ഈ മൂലധനത്തില്‍ നിന്നായിരുന്നു.

വേദനയെ കാല്പനികവല്ക്കരിക്കാതെ തന്നെ ഒരു സത്യം പറയാം : തീവ്രവേദനയ്ക്ക് ഒരു വിമോചകതലമുണ്ട്. ഈ തലം മാഷ് കണ്ടെത്തിയിരുന്നു.

നമ്മുടേത് വേദനാസംഹാരികളുടെ കാലഘട്ടമാണ്. പകുക്കപ്പെട്ട മനസ്സിനുള്ള (Schizoprenia) ഒരു പ്രതിവിധിയായി Prozac നിത്യവും കഴിക്കുന്നവരായി 100 ലക്ഷം അമേരിക്കക്കാരുണ്ട് എന്നു കണക്കാക്കപ്പെടുന്നു. പുതിയ ക്ഷേമത്തിന്റെ മാരകമായ ഒരു തലമാണിത്. ആഗോളമൂലധനം നല്കുന്ന ക്ഷേമം നമ്മെ എത്തിക്കുന്നത് നരകത്തിലാണ്. ഈ നരകനിര്‍മ്മിതിയാണ് ഷോപ്പിംഗ്‍മാലുകളിലൂടെയും ജനകീയ ആസൂത്രണത്തിലൂടെയും മാഫിയാരാജാക്കന്മാരിലൂടെയും കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിനെതിരായിരുന്നു വിജയന്‍മാഷ്‍ടെ പോരാട്ടം.

വേദനയും കരുത്തേറിയ അവബോധവും തമ്മില്‍ ഒരു ജൈവബന്ധമുണ്ട്. ഈ ജൈവബന്ധം എന്നാല്‍ എല്ലാവരും സാക്ഷാത്കരിച്ചെടുക്കുന്നില്ല. ആത്മസാക്ഷാത്കാരത്തെക്കുറിച്ച് നമ്മുക്കെല്ലാം പലവിധ സങ്കല്പങ്ങളുണ്ട്. പുസ്തകപ്പുഴു ആവുകയെന്നതല്ല കാര്യം. അനുഭവങ്ങളെ തുറസ്സോടെ സ്വീകരിക്കാനും ആഘാതങ്ങളെ അവബോധത്തിനുള്ള ഇന്ധനമാക്കി മാറ്റാനും കഴിയണം. ജീവിതത്തിന്റെ തിരുമുഖത്തു നിന്നും ടാഗോര്‍ ആഹരിച്ചത് ശുദ്ധവിഷമായിരുന്നു എന്നു പറയാറുണ്ട്. എന്നാല്‍ അവബോധത്തിന്റെ രാസവിദ്യയാല്‍ ഈ വിഷത്തെ ബോധാമൃതമാക്കി മാറ്റാന്‍ ടാഗോറിനു സാധിച്ചു. ടാഗോറിന്റെ ബോധോദ്യാനത്തില്‍ കഥകളും കവിതകളും ദര്‍ശനങ്ങളും പൂത്ത് പരിലസിച്ചത് അങ്ങനെയാണ്.

മൂന്ന്

68 - 69 കാലത്താണ് ഞാന്‍ വിജയന്‍മാഷെ ആദ്യമായി പരിചയപ്പെടുന്നത്. രൂപംകൊണ്ട് മാഷ് അന്നു തന്നെ പരിക്ഷീണനായിരുന്നു. കേവലം 38 വയസ്സ് പ്രായം. അന്തര്‍മുഖത്വത്തിന്റെ അങ്ങേയറ്റം എന്നു തോന്നിച്ച ഒരു മനോനിലയില്‍ നിന്ന് പൊള്ളുന്ന ആശയങ്ങളും വാക്കുകളും ക്ലാസ്സുമുറിയില്‍ മാഷ് ഞങ്ങളിലേക്ക് കൈമാറുമായിരുന്നു. അത് ഒരു അസാധാരണ അനുഭവമായിരുന്നു. മാഷ്‍ടെ ബോധസാന്നിദ്ധ്യത്തിനു തന്നെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത പ്രത്യേകതകളുണ്ടായിരുന്നു.

ഞാന്‍ അന്ന് ഡിഗ്രി തലത്തില്‍ ഇംഗ്ലീഷ് സാഹിത്യവിദ്യാര്‍ത്ഥിയായിരുന്നു. ശ്രദ്ധാപൂര്‍വ്വമായ വായനയൊഴിച്ച് എഴുത്തിനോ മറ്റുമുള്ള ഒരു തയ്യാറെടുപ്പുമില്ലാതെ തന്നെ എന്റെ അവബോധം ചില ലേഖനങ്ങളായി പൊട്ടിത്തെറിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ആംഗല എഴുത്തുകാരെക്കാള്‍ എന്നെ സ്വാധീനിച്ചത് യൂറോപ്യന്‍ എഴുത്തുകാരായിരുന്നു. New Statesman, Guardian, The Listener, Encounter തുടങ്ങിയ പ്രശസ്ത പ്രസിദ്ധീകരണങ്ങള്‍ അന്ന് ബ്രണ്ണന്‍ കോളേജ് ലൈബ്രറിയില്‍ ലഭ്യമായിരുന്നു. ഒരു പക്ഷെ ഈ പ്രസിദ്ധീകരണങ്ങളുടെ ലഭ്യതയ്ക്കു പിന്നിലുള്ള ശക്തി വിജയന്‍മാഷ് തന്നെയാവാം. ധൈര്യപൂര്‍വ്വം മലയാളം ഡിപ്പാര്‍ട്ട്മെന്റിലേക്ക് കയറിച്ചെല്ലാനും ആധുനിക ജര്‍മ്മന്‍ കവിതകളുടെ അന്തോളജി, റിംബോ (Rimbaud) വിന്റെ കവിതാസമാഹാരം തുടങ്ങിയ കൃതികള്‍ തെരഞ്ഞെടുത്ത് വായിക്കുവാനുമുള്ള പ്രചോദനം കിട്ടിയത് വിജയന്‍മാഷില്‍ നിന്നായിരുന്നു.

നാല്

മനുഷ്യന്റെ അവബോധം ഒരു സമസ്യയാണ്, സമസ്യകളുടെ സമസ്യയാണ്. അവബോധത്തെ ഒരു സമവാക്യമാക്കി മാറ്റാന്‍ വെമ്പുന്നവരുണ്ട്. അങ്ങനെ ചെയ്യാതെ, അനുഭവങ്ങള്‍ ആഹരിച്ച് കിട്ടുന്ന അറിവോടെ അസാധാരണമായ ചിത്തവ്യാപ്തിയിലേക്ക് സഞ്ചരിക്കുന്നവരുമുണ്ട്. അവബോധത്തെ ഒരു ശുഷ്കസിദ്ധാന്തമാക്കി മാറ്റാനല്ല, ചിത്തവ്യാപ്തിക്കുള്ള ഒരു ചവിട്ടുപടിയാക്കി മാറ്റാനാണ് വിജയന്‍മാഷ് യത്നിച്ചത്. ഈ യത്നത്തില്‍ ഒരു കാലയളവില്‍ മാഷെ ആകര്‍ഷിച്ചത് ഫ്രോയ്‍ഡ് ആയിരുന്നു. അതിസങ്കീര്‍ണ്ണതകള്‍ ഉള്ള ഒരു രാവണന്‍കോട്ട പോലെ അസംഖ്യം ഇരുണ്ട ഇടനാഴികളുള്ള മനുഷ്യമനസ്സിനെപ്പറ്റിയുള്ള ഫ്രോയ്‍ഡിന്റെ നിരീക്ഷണങ്ങള്‍ മാഷ്‍ടെ ശ്രദ്ധയെ ആകര്‍ഷിച്ചു. ശരീരം തന്റെ അനുഭവത്തില്‍ ഒരു മര്‍ദ്ദകനാണ്, മനസ്സും അതെ. ഒരു പക്ഷെ വിജയന്‍മാഷ് പില്ക്കാലത്ത് അന്വേഷിച്ചത് അകത്തും പുറത്തും പീഡിതനായ മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. വിജയന്‍മാഷ്‍ടെ ചിന്ത ക്രമാനുഗതമായി വൈയക്തികമനസ്സ് നേരിടുന്ന ഊരാക്കുഉടുക്കുകളില്‍ നിന്നും മനുഷ്യവര്‍ഗ്ഗം നേരിടുന്ന ഊരാക്കുടുക്കുകളിലേക്ക് നിങ്ങി. ശേഷിപ്പുള്ള കാലം മാഷ് അന്വേഷിച്ചത് ഈ ഊരാക്കുടുക്കുകളില്‍ നിന്നുള്ള മോചനമാണ്. ഇവിടെ മാഷ്‍ടെ രക്ഷക്കെത്തിയത് മാര്‍ക്സ് ആണ്.

വേദനകളുമായുള്ള നിരന്തരസഹവര്‍ത്തിത്വത്താല്‍ ഒരു പക്ഷെ എല്ലായ്പോഴും അവബോധത്തിന്റെ പണിപ്പുരയില്‍ കഴിഞ്ഞയാളായിരുന്നു വിജയന്‍മാഷ്. തീവ്രവേദനകളിലൂടെ ഒരു തരത്തിലുള്ള ആന്തരികസ്വാതന്ത്ര്യവും മാഷ് കരസ്ഥമാക്കിയിരുന്നു. ഇങ്ങനെ കൈമുതലായി കിട്ടിയ അവബോധം അങ്ങേയറ്റം സര്‍ഗ്ഗമാനങ്ങളുള്ള ഒരു ക്രീഡാപരതയും മാഷ്‍ക്ക് സമ്മാനിച്ചിരുന്നു. ചലനാത്മകതയുള്ള സൌന്ദര്യാവബോധത്തില്‍ നിന്നു തന്നെയാണ് ഈ ക്രീഡാപരതയുടെ പിറവി. ചിന്താതലത്തിലും കര്‍മ്മതലത്തിലും അത്യന്തവേഗതയോടെ വിജയന്‍മാഷ് നടത്തിയ കുതിപ്പുകളെ ഒരു തരം ആലോചനാശൂന്യതയുടെ ഭാഗമായിക്കാണുന്നവരുണ്ട്. എന്നാല്‍ ഒരു സിദ്ധാന്തവാക്യത്തില്‍ തന്നെത്തന്നെ കുഴിച്ചുമൂടുന്നതിനുപകരം വേദനിച്ച് വേദനിച്ച് നേടുന്ന ചിത്തവ്യാപ്തിയില്‍ ശരണം പ്രാപിക്കാനായിരുന്നു മാഷ് യത്നിച്ചതെന്നു തോന്നുന്നു. ഈ ചിത്തവ്യാപ്തിയെ നമ്മുക്ക് സമാഹരിച്ച് പറയാന്‍ പറ്റില്ല. എന്നാല്‍ ഇതിന്റെ അടിത്തട്ടില്‍ മുഴുവന്‍ പീഡിതരും സ്വാതന്ത്യം നേടട്ടെ ; അതിനു ശേഷമാവാം എന്റെ സ്വാതന്ത്ര്യം എന്ന ബോധിസത്വന്റെ നിലപാട് ദര്‍ശിക്കാന്‍ പറ്റുമെന്നു തോന്നുന്നു.

Subscribe Tharjani |
Submitted by പി.പി.രാജേഷ് (not verified) on Mon, 2007-10-08 21:17.

സ്വന്തം ഭൂതകാലത്തെ പാടെ തിരസ്കരിച്ചുകൊണ്ട് രാഷ്ട്രീയപ്രവേശം നടത്തിയ വിജയന്‍മാഷ് ഒരു വിസ്മയമായിരുന്നു. നെറികേടുകളുടെ താവളമായി മാറിക്കഴിഞ്ഞ ആ പാര്‍ട്ടിയെ വിപ്ലവപാര്‍ട്ടിയായി അദ്ദേഹം വിലയിരുത്തിയതും വിപ്ലവപാര്‍ട്ടികളില്‍ കാറ്റും വെളിച്ചവും കടക്കരുതെന്നു പറഞ്ഞതും ഈ വിസ്മയം സഹാതാപജനകമാക്കി മാറ്റി. പിന്നീട് പാര്‍ട്ടിക്കാര്‍ തന്നെ വിജയന്‍മാഷെ പുറത്തു കളഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരിക്കണമെന്നു മാഷ് കരുതിയ പട്ടാളച്ചിട്ട മാഷ്‍ടെ നേരെ പാര്‍ട്ടി പ്രയോഗിച്ചതിലെ ദുരന്തത സമാന്തരങ്ങളില്ലാത്ത രാഷ്ട്രീയഫലിതമായി.

വിയജന്‍ മാഷെ മന:ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വായിക്കാനുള്ള ശ്രമം നന്നായി.
പി.പി.രാജേഷ്

Submitted by Rajesh (not verified) on Tue, 2007-10-09 23:01.

M N Vijayan is a great man. if sincirly he had a social comitment he can avoid this "vivaadam" about parishath,he has always welcome to discuss about that matter but he never try to discuss about that...

Submitted by ജീവന്‍ (not verified) on Mon, 2010-03-15 05:57.

മാഷേ മരിച്ചപ്പോഴും വേദനിപ്പിച്ചവരുടെ നാടാണല്ലോ കേരളം..മനുഷ്യത്വത്തിന്റെ നേര്‍ രൂപമായിരുന്നു മാഷ്‌..മാഷേ ഉപയോഗപെടുത്തിയ പാര്‍ട്ടി ജനങ്ങളില്‍നിന്നകന്നു അതിന്റെ സ്വാര്‍ത്ഥമായ വഴി തിരഞ്ഞെടുക്കുമ്പോഴും മാഷ്‌ പ്രതികരിച്ചത് ജനങ്ങള്‍ക്ക്‌ വേണ്ടിയായിരുന്നു..ഈ മാനുഷിക മൂല്യങ്ങളൊന്നും കപടതയുടെ മുഖം മൂടി ധരിച്ച സുകുമാരന്മാര്‍ക്കും മനസിലാകില്ല...മാഷ്‌ കൊളുത്തിയ തീപന്തങ്ങള്‍ നമുക്കും ഉയര്‍ത്താം..