തര്‍ജ്ജനി

കഥ

വാസവദത്തം

വളരെ അധികം ടെലിഫോണിലൂടെ ബന്ധപ്പെട്ടതിനു ശേഷമാണ്‌ മേബിളിനെ ലൈനില്‍ കിട്ടിയത്‌. അപ്പു റത്തുനിന്നും തികച്ചും നിസ്സംഗമായ വിരസമായ ചോദ്യം..

"ആരാ, എവിടുന്നാ..?

"ഞാന്‍ വേണു, എന്താ ഇത്ര പെട്ടെന്നു മറന്നുപോയോ.?"

"ഓ. അതു ശരി. ഇപ്പോള്‍ എവിടെ നിന്നാ..? എവിടെയാ..? എന്തു ചെയ്യുന്നു?.."

"എല്ലാം പറയാം, എനിക്ക് ഒരു അത്യാവശ്യ കാര്യമുണ്ട്‌.. ചര്‍ച്ച്‌ഗേറ്റ്‌ സ്‌റ്റേഷനില്‍ വരണം. വൈകുന്നേരം 6 മണിക്ക്‌."

പെട്ടെന്ന്‌ എടുത്തടിച്ചതു പോലെ അവളുടെ മറുപടി.

"അയ്യോ..ആറരക്കുശേഷം എനിക്ക്‌ ബോസിന്റെ കുട്ടികള്‍ക്ക്‌ ട്യൂഷനുണ്ട്.."

ഞാന്‍‌ ഷോക്കേറ്റതു പോലെ തരിച്ചു. കാലവിളംബരം പുറകോട്ടടിച്ചു. ഈ പെണ്ണിന്‌ വേണ്ടിയാണോ, മാധവദാസ്‌, ചരണ്‍‌ദാസ്‌, തുളസീദാസ്‌ എന്നീ എന്റെ മാര്‍‌വാടി ദുഷ്‌പ്രഭുക്കളോട്‌ അവള്‍ക്കായി ഒരു ജോലിക്കുവേണ്ടി, താണ്‌ കേണ്, അഭ്യര്‍‌ഥിച്ചത്‌? അതിനുവേണ്ടി ഞാനേറ്റവും വെറുക്കുന്ന ശിങ്കിടികളോട്‌ അടുപ്പം ഭാവിച്ചത്?. ഒരു നാള്‍ സ്റ്റാഫിന്റെ എണ്ണം കുറക്കുമെന്ന അഭ്യൂതി പരന്നപ്പോള്‍ അവള്‍ക്കു വേണ്ടി സ്വന്തം ജോലി എറിഞു കളഞ്‌ വീണ്ടും ഇന്‍‌ടര്വ്യൂ പ്രഹസനങ്ങളിലേക്ക്‌ കൂപ്പു കുത്തിയത്.? ലോക്കലിനും ബെസ്തിനും ഇടയില്‍ ഒരു മൂല ഇടമില്ലാതെ നഗരദ്രുത സര്‍ക്കസ്സില്‍ കരണം കുത്തിമറിഞത്‌.? ഇത്‌ ചഞലതയോ, വഞ്ചനയോ..?"

ഞാന്‍ പറഞൂ..

'നോക്കുക..മേബിള്‍..ഇന്നു ഞാന്‍ ഈ നഗരം വിട്ടു പോകുകയാണ്‌. ഇന്നു അവസാനത്തെ ദിവസമാണ്‌. എന്റെ ഒരു ഡയറി നിങ്ങളുടെ കൈയില്‍ ഉണ്ട്. അതില്‍ ചില എനിക്ക്‌ അനാഥമായ വിലാസങ്ങളും, വാലും തലയുമില്ലാത്ത ഫോണ്‍ നന്വറുകളും ഉണ്ട്. അതു എന്റെ വലിപ്പില്‍ നിന്ന്‌ ഞാന്‍ രാജി വെച്ച്‌ പോരുന്ന ദിവസം എടുക്കാന്‍ മറന്നു. പിന്നെ ഒരു കാലത്തു നിങ്ങള്‍ സഹൃദയണെന്ന്‌ തോന്നിച്ചിരുന്നപ്പോള്‍ നിങ്ങള്‍ മതിപ്പുണ്ടെന്ന്‌ എന്നെ വിശ്വസിപ്പിച്ച ചില കവിതാ ശകലങ്ങളും.

പിന്നീട്‌ ഞാന്‍ ഫോണ്‍ ചെയ്ത്‌ ആ ഡയറിയെ കുറിച്ച് നിന്നെ ഓര്‍മിപ്പിക്കുകയും ഉണ്ടായി. വൈകുന്നേരം ആറു മണിക്ക്‌ അതും കോണ്ട്‌ ജോളീഭവനു കീഴെ വരിക. എന്നിട്ട്‌ തിരികെ പൊയ്‌ക്കൊളുക.

"ഓക്കെ. ഞാന്‍ വരാം. സമയം ഇല്ലാ. വേഗം എത്തിയേക്കണം."

"ശരി. കാണാം.."

ആറു മണിക്ക്‌ മേബിള്‍ ഇറങ്ങി വന്നു. താഴെ കാത്തു നിന്നിരുന്ന ഞാന്‍ അവളുടെ അടുത്തേക്ക്‌ ചെന്നു. അവളുടെ ശ്രദ്ധ ആദ്യം പതിഞത്‌ മൈലുകള്‍ താണ്ടി സോളില്‍ ദ്വാരം വീണ എന്റെ ഷൂസിലേക്കാണ്‌. അവള്‍ കര്‍ചീഫ്‌ കോണ്ട്‌ മുഖം അമര്‍ത്തി തുടച്ചു. അനുകന്വയുടെ അശ്രുക്കള്‍ ആണെന്നു കരുതുന്നത്‌ വിഢിത്തം. വിയര്‍പ്പാണ്‌. ഓദ്‌കൊളോഞിന്റെ സുഗന്ഡം മറക്കുന്ന സ്വേദകണങ്ങള്‍. ഒരിക്കല്‍ വാകപ്പൂക്കള്‍ കൊഴിയുന്ന വേനലിലും, റോഡിലൂടെ നീര്‍ച്ചാലുകള്‍ ഒഴുകുന്ന മഴയത്തും രണ്ടു കനലുകളില്‍ നിന്നുയുരന്ന അഗ്നിയുടെ ഒറ്റ ജ്വാലപോലെ പരസ്പരം ഇഴചേര്‍ന്ന ഞങ്ങളുടെ വിയര്‍പ്പുകണങ്ങള്‍ എവിടെയെല്ലാമോ വീണിരിക്കണം.

ഇപ്പോള്‍ കൃത്രിമഗ്രഹങ്ങളുടെ തീക്ഷണതയില്‍ പൂര്‍‌വാധികം‍ ശൂന്യമായും സ്ഥൂലമായും അവള്‍ നില്‍ക്കുന്നു. ജോര്‍ജറ്റ്‌ സാരി. കൈത്തണ്ടയുടെ നഗ്നത വെളിവാക്കുന്ന‌ ബ്ലൗസ്‌. സുവര്‍ണ നൂലുകള്‍ പാകി വെല്‍‌വെറ്റ്‌ പതിച്ച വാനിറ്റിബാഗ്‌ കൈമുട്ടിനു താഴെ ഇളകിയാടി. ഹൈഹീല്‍ ചെരിപ്പുകളുടെ ഔന്നത്യം.

ബാഗ്‌ തുറന്ന്‌ ഡയറി എന്റെ നേരെ നീട്ടി.

"നാട്ടിലേക്കു തിരിച്ചു പോകുകയാണോ, അതോ വല്ല വിസയും തരമാക്കിയോ..?"

ഞാന്‍ ഒന്നും പറയാതെ ഡയറി വാങ്ങി കീശയില്‍ നിക്ഷേപിച്ചു. എന്റെ മറുപടിയില്‍ അവള്‍ക്ക്‌ താല്പര്യം ഇല്ലെന്ന സന്ദേശം വ്യക്തമാക്കാനായി ഒരു നീണ്ട മൗനം ഞാന്‍ സമ്മാനിച്ചു.

"പിന്നെ കഥ അറിഞില്ലെന്നു വേണ്ട. വേണു അന്നു രാജിവെച്ചതിനു ശേഷം ബോസുമാര്‍ മാറിക്കൊണ്ടിരുന്നു. എല്ലാവര്‍ക്കും എന്നെ മതിപ്പും താല്പര്യവുമായിരുന്നു. കാരണം അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഞാന്‍ കോമ്പ്രമൈസ്‌ ചെയ്യുന്നു. അതുകോണ്ടു ഞാന്‍ സംതൃപ്തമായ ജീവിതം നയിക്കുന്നു. ഖാറില്‍ എനിക്ക്‌ ഫ്ലാറ്റുണ്ട്‌. പരിപൂര്‍ണ സ്വാതന്ത്ര്യവും. ബോണ്ടില്ല..കരാറില്ല."

ഞാന്‍ പെട്ടെന്ന്‌ ഒരു സഡണ്‍ ബ്രേക്കിട്ടു. സ്വാതത്ന്യം വിനാശകാരിയാണെന്നു ആരു പറഞു? സുരക്ഷിതത്വം ആര്‍ക്കുവേണം?

"ഞാന്‍ വി.ടി.യിലേക്കാണ്. അവിടേക്കാണെങ്കില്‍ ക്രോസ്‌മൈതാനം വഴി നമുക്ക്‌ നടന്നു പോകാം."

"ശരി. എന്റെ ഡ്രൈവര്‍ കാറുമായി അവിടെ കാത്തു നില്‍ക്കുന്നുണ്ടാകും."

മോബൈല്‍ കാതോടു ചേര്‍ത്ത്‌ അവള്‍ നിര്‍‌ദ്ദേശങ്ങള്‍ നല്‍കി.

ഞങ്ങള്‍ ക്രോസ്‌മൈതാനത്തിലൂടെ നടന്നു. പതുക്കെ പതുക്കെ ഞങ്ങളെ അനുധാവനം ചെയ്തിരുന്ന നിഴലുകള്‍ മുന്നിലൂടെ വഴികാട്ടികളായി ഇഴഞ്ഞു. മൈതാനത്തിന്റെ മതിലരികില്‍ ഒട്ടി നിന്നിരുന്ന മിഥുനങ്ങളുടെ അടക്കിയ ചിരിയും സീല്‍കാവും കേട്ടു തുടങ്ങി. രാവിന്റെ നിഴലാകുന്ന സന്ഡ്യ പകലിന്റെ അശ്രുക്കള്‍ അവഗണിച്ചു. പെട്ടെന്ന്‌ പച്ച വിറകിന്റെയോ, ടയറിന്റേയോ കത്തിയെരിയുന്ന ഗന്‌ഡം വ്യാപരിക്കുകയും പുകപടലങ്ങള്‍ ഉയരുകയും ചെയ്തു. മാസം കരിയുന്നതും, എല്ലുകള്‍ പൊട്ടുന്നു. ഈ മൈതനം ഒരു ചുടലയായി മാറുകയാണോ..? അതാ ഒരു മൂലയില്‍ കൈയും കാലും വിഛേദിക്കപ്പെട്ട വാസവദത്തയുടെ ഉടല്‍ ഒരു ശുഭ്രമായ വസ്തൃത്തില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നു. ഞാന്‍ ആ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കി. അനേകം കഴുകന്മാര്‍ ഭോഗിക്കാന്‍ വരുന്ന ആ ഉടലിന്റെ മുഖത്തിന്‌ മേബിളിന്റേതു മായി സാദൃശ്യമുണ്ടോ?

"ശരീരമദ്യാം ലഘുധര്‍മ്മസാധനാം.." ഞാന്‍ പതുക്കെ ഉരുവിട്ടു."

"എന്നാ.."

"ഓ. ഒന്നുമില്ലാ. മേബിള്‍ തിരിച്ചു പൊയ്‌ക്കോള്‍ക. ജീവിച്ചിരിക്കുകയാണെങ്കില്‍ എവിടെയെങ്കിലും കാണാം. ഇനിയിപ്പോള്‍ അനിവാര്യമായി ഒന്നും ഇല്ല."

ചുണ്ടിന്റെ കോണില്‍ ഒരു ചിരി വരുത്തി കോണ്ട് അവള്‍ നടന്നകന്നു. ഞാന്‍ എന്റെ പാന്റിന്റെ കീശയില്‍ തപ്പി നോക്കി. ആശ്രമത്തില്‍ നിന്നും വന്ന കത്തിലെ വിലാസം വായിച്ചു ഉറപ്പു വരുത്തി.

വി.ടി. യില്‍ എന്റെ ട്രെയിന്‍ പ്ലാറ്റുഫോമില്‍ വന്നു നില്പ്പുണ്ടായിരുന്നു. ഞാനതില്‍ കയറി എന്റെ ഇരിപ്പിടം ലക്ഷ്യമാക്കി ചുറ്റിതിരിഞ്ഞു....

Subscribe Tharjani |