തര്‍ജ്ജനി

പ്രസന്ന ആര്യന്‍

Visit Home Page ...

കഥ

അവസ്ഥാന്തരങ്ങള്‍

'ഭയ്യാ, ഇസ്മേ കീഡാ ക്യോം നഹീ ഹെ?' പച്ചക്കറിക്കാരനോട്‌ ക്വോളീഫ്ലവറില്‍ നിന്നും അപ്രത്യക്ഷമായ പുഴുക്കളെക്കുറിച്ചു തിരക്കുകയായിരുന്നു അവള്‍.

'മാഡം....അതാണ്‌ രാംസിങ്ങ്‌.. എത്ര തിരഞ്ഞുപിടിച്ചാണെന്നോ നിങ്ങള്‍ക്കുവേണ്ടി ഇത്തരം സബ്ജി കൊണ്ടുവരുന്നത്‌'...

അവളോര്‍ത്തു. ശരിയാണ്‌ ഇപ്പോള്‍ വരുന്ന ക്വോളി ഫ്ലവറില്‍ ഒന്നും പുഴുക്കളില്ല!

'മാഡം ഞാന്‍ തൂക്കട്ടെ? യഹ്‌ ലോബിയാ ദേഖോ കിത്നാ സുന്ദര്‍ ഹെ'. നീണ്ടു മെലിഞ്ഞു വെളുത്ത പയര്‍ കാണിച്ച്‌ അവന്‍ പറഞ്ഞു.

'പക്ഷെ ഭയ്യ ഇതില്‍ ഒരു പുള്ളിക്കുത്തു പോലുമില്ല'.

'മാഡം അതാണ്‌ രാംസിങ്ങ്‌'...

'പുഴുക്കളുള്ള പച്ചക്കറി എവിടെ കിട്ടും ഭയ്യാ'?

രാംസിങ്ങ്‌ അവളെ തുറിച്ചു നോക്കി.

'മാഡം വഹ്‌ സബ്‌ ഗാവ്‌ മേം മിലേംഗെ. ഗരീബോം കെ ഖേത്ത്‌ മേം'.

പാവപ്പെട്ടവരുടെ കൃഷിയിടത്തില്‍! ശരിയാണ്‌ അവര്‍ക്ക്‌ വിഷം സ്വയം ചാവാനുള്ളതാണ്‌. അല്ലാതെ പച്ചക്കറികളില്‍ തളിക്കാനുള്ളതല്ലല്ലൊ.

'ഭാഭീജീ നിങ്ങള്‍ വാങ്ങുന്നില്ലേ'?

സ്നേഹ ക്വാളിഫ്ലവര്‍ തിരഞ്ഞെടുക്കുകയാണ്‌. 'ശരിയാണ്‌ ഭാഭീജി ഞങ്ങളുടെ ഗുരു മഹാവീര്‍ബാബയുടെ കരുണ്യമാണ്‌! മുന്‍പ്‌ ഞങ്ങള്‍ ക്വാളീഫ്ലവര്‍ കഴിക്കാറില്ലായിരുന്നു'.

ജൈനവിശ്വാസിയായ സ്നേഹയ്ക്ക്‌ ശ്വാസത്തില്‍ കൂടി പോലും ഒരു ജീവന്‍ അകത്ത്‌ കടന്നുകൂടാ! ഒന്നും പറയാതെ പതുക്കെ അവള്‍ അവിടെ നിന്നും നടന്നു.പിന്നില്‍ രാംസിങ്‌ പതിഞ്ഞ ശബ്ദത്തില്‍ സ്നേഹയോടു ചോദിച്ചതു കേട്ടു

'ആഗ്രാ സെ ആയാ ഹായ്‌ ക്യാ?'അതിനു മറുപടിയായി സ്നേഹ പതുങ്ങിയ ചിരി ചിരിച്ചിട്ടുണ്ടാകും.

നമ്മുടെ ഊളമ്പാറയുടെയും കുതിരവട്ടത്തിന്റെയും പര്യായമാണ്‌ ആഗ്ര. പുഴുവുള്ള ക്വാളിഫ്ലവറും തേടി നടന്ന്‌ ഒന്നും വാങ്ങാതെ അവള്‍ വീട്ടിലെത്തി. രാത്രി നിശാഗന്ധി കാണുന്നതിനിടയില്‍ ഇന്നലെ വാങ്ങിയ അമരയ്ക്ക മുറിയ്ക്കുകയായിരുന്ന അവള്‍ പെട്ടന്ന്‌ കയ്യിലിരുന്ന അമരയ്ക്ക അറപ്പോടെ വലിച്ചെറിഞ്ഞു

'എന്തു പറ്റി'? അച്ഛ്നും മകനും ഒരേശബ്ദത്തില്‍ ചോദിച്ചു.

'അമരയ്ക്കയില്‍ പുഴു 'അവള്‍ പറഞ്ഞു.

'നോക്കി വാങ്ങാഞ്ഞിട്ടല്ലെ.....അതും ജീവനുള്ള പുഴു' അയാളുടെ ശബ്ദ്ത്തില്‍ ദ്വേഷ്യം.

'പക്ഷെ'..,,അവള്‍ കൈ ഉടുപ്പില്‍ തുടച്ചു കൊണ്ടിരുന്നു...

'പെസ്റ്റിസൈഡില്ലെന്നുറപ്പായല്ലൊ...'

പകച്ചുനോക്കിയ അയാള്‍ പറഞ്ഞു 'നിനക്കു വട്ടാണ്‌'.

രാത്രിയില്‍ മകന്‍ ചൂടാവുകയയിരുന്നു 'ഇപ്പോള്‍ എന്താ ദിവസവും കടലക്കറി തന്നെ? അമ്മയ്ക്ക്‌ വേറെ വല്ലതും മാറിയുണ്ടാക്കരുതോ?'

'ക്വാളിഫ്ലവര്‍ വാങ്ങാഞ്ഞതെന്താ...സീസനാണല്ലൊ?' അയാളുടെ ചോദ്യത്തിന്‌ അവള്‍ മറുപടി പറഞ്ഞില്ല.

ഒഫീസില്‍ നിന്നും വരുമ്പോള്‍കണ്ട മിനി ലോറിയിലെ ക്വാളിഫ്ലവറിന്റെ ഭംഗി വിവരിയ്ക്കുകയായിരുന്നു അയാള്‍. അടുക്കിയൊതുക്കി വണ്ടിയില്‍ അതു വെച്ചിരിക്കുന്നത്‌' കാണാന്‍ നല്ല ഭംഗി ആണ്‌. നാളെയും തിരയണം. പുഴുവുള്ള ഒരു ക്വാളിഫ്ലവറെങ്കിലും കിട്ടാതിരിക്കില്ല.

മകന്‍ വെള്ളം കുടിയ്ക്കാന്‍ അടുക്കളയില്‍ വന്നപ്പോള്‍ അവള്‍ അന്നു വാങ്ങിയ ആപ്പിള്‍ വെള്ളം നിറച്ച പാത്രത്തില്‍ ഇടുകയായിരുന്നു.

'ആപ്പിളെന്തിനാണ്‌ വെള്ളത്തിലിടുന്നത്‌?'അവന്‍ ചോദിച്ചു. എട്ടു മണിക്കൂര്‍ വെള്ളത്തില്‍ കിടന്നാല്‍ അലിഞ്ഞു പോകുന്ന ആപ്പിളിന്മേല്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള കീടനാശിനിയെപ്പറ്റി അവള്‍ വാചാലയായി.

'ആര്‍ യൂ മാഡ്‌? ആപ്പിളിലെ ന്യുട്രിയന്റ്സ്‌ മുഴുവന്‍ നശിക്കില്ലെ? കൂടാതെ വെള്ളം കുടിച്ച ആപ്പിളിനെന്ത്‌ സ്വാദാണുണ്ടവുക'?

രാത്രി കിടക്കുന്നതിനു മുമ്പ്‌ മകളെ ഓര്‍മ്മിപ്പിയ്ക്കുകയായിരുന്നു അവള്‍. നാളെ കിറ്റിയുണ്ട്‌. ഗോയലാന്റി പ്രത്യേകം പറഞ്ഞിട്ടുണ്ട്‌ നിന്നെ കൊണ്ടുചെല്ലാന്‍.

'അമ്മയുടെ ഒരു കിറ്റി....ഞനവിടെവന്നെന്തു ചെയ്യാനാണ്‌?' മാസത്തില്‍ ഒരിക്കല്‍ അവര്‍ പെണ്ണുങ്ങള്‍ ഒത്തുകൂടും. പുതിയ സാരികളും വ്യത്യസ്തമായ ഭക്ഷ്ണവും എല്ലാറ്റിലുമുപരിയായി നിറയെ ചിരിയും ബഹളവും നിറഞ്ഞ സദസ്സ്‌.

വീട്ടിലെത്തിയ മകള്‍ തുടങ്ങി...'എന്റെ വായ വേദനിയ്ക്കുന്നു..'അവളുടെ പകച്ച നോട്ടം കണ്ട്‌ മകള്‍ പറഞ്ഞു....'നിങ്ങളുടെ വിഡ്ഢിത്തമാശകള്‍ക്ക്‌ ചിരി നടിച്ച്‌ എന്റെ വായ വേദനിയ്ക്കുന്നു'..

'ചിരി നല്ലതാണ്‌ കുട്ടി'.....പല അസുഖങ്ങള്‍ക്കും...നിനക്കറിയില്ലെ ലാഫിങ്‌ ക്ലബ്ബിനെ പറ്റി? ഹൈപ്പര്‍ ടെന്‍ഷന്‍ കുറയും.

'അതാവും അമ്മ രാവിലെയും വൈകീട്ടും ഹൈപര്‍ ടെന്‍ഷന്‌ ടാബ്‌ലറ്റ്‌ എടുക്കുന്നത്‌'....'

മൗനം വിദ്വാനു ഭൂഷണം .... ചിരി അവളുടെ കൂടപ്പിറപ്പാണ്‌.... അഛന്‍ അതറിഞ്ഞാണവള്‍ക്കു പേരു പോലുമിട്ടിരിയ്ക്കുന്നത്‌. സുനിത പറഞ്ഞതോര്‍ക്കുന്നു.'ഭാഭീജീ നിങ്ങള്‍ എങ്ങിനെ എപ്പോഴും ചിരിക്കുന്നു? ദ്വേഷ്യം വന്നാലും നിങ്ങള്‍ ചിരിക്കാറാണ്‌ പതിവ്‌'! മുന്നാഭായിയിലെ ബൊര്‍മ്മന്‍ ഇറാനിയെ പോലെ അല്ലെ?

അവള്‍ ചിരിച്ചു.

പണ്ട്‌ താമസിച്ചിരുന്ന ഗലിയിലെ മക്കളുപേക്ഷിച്ച മുഖര്‍ജി അങ്കിള്‍ പറഞ്ഞതോര്‍മ്മ വന്നു. 'ബേട്ടി നിന്നെ കാണുമ്പോഴെന്റെ മനസ്സിനൊരു സുഖമാണ്‌'. ഈ ഗലിയില്‍ നീ മാത്രമെ എന്നോട്‌ ചിരിച്ചു സംസാരിക്കാറുള്ളു'

അങ്കിളിനെ കാണുമ്പോള്‍ നാട്ടിലുള്ള അച്ഛനെ ഓര്‍മ്മ വരും....

'അമ്മയ്ക്ക്‌ പ്രാന്താണ്‌' ഇന്നിന്റെ വക്താവായ മകള്‍ ഉറഞ്ഞു തുള്ളുകയാണ്‌! 'അമ്മയുടെ ക്രിയേറ്റിവിറ്റി ഇങ്ങിനെയുള്ള വിഡ്ഢിത്തങ്ങള്‍ക്കിടയില്‍ പെട്ട്‌ നശിയ്ക്കുകയാണ്‌' യൂ ആര്‍ എ വെയിസ്റ്റ്ഡ്‌ ടാലന്റ്‌. ജസ്റ്റ്‌ റിമംബര്‍. ഐ വോണ്ട്‌ ബി സോ....'

കല്ല്യാണമേ വേണ്ടെന്നു പറഞ്ഞിരിക്കയാണവള്‍... പോഗോ ചാനലിലെ തക്കെഷീസ്‌ കാസില്‍ കാണുകയായിരുന്നു അവള്‍. ഓരോ സെക്കന്റിലും നിറഞ്ഞു നില്‍ക്കുന്ന തമാശയാണ്‌ അത്‌.

'ആ ചാനലൊന്ന്‌ മാറ്റൂ' അയള്‍ കുളി കഴിഞ്ഞു വന്നത്‌ അവളറിഞ്ഞിരുന്നില്ല.

നിന്റെ പിരി കുറച്ച്‌ ലുസാണെന്നാ തോന്നുന്നത്‌.....അല്ലാതെ ഇങ്ങനത്തെ ചാനല്‍ വച്ച്‌ സമയം കളയുന്നതെങ്ങനെ'?

'ശരിയാണ്‌ അവള്‍ പറഞ്ഞു.'നാളെ ഒരപ്പോയിന്റ്മെന്റ്‌ എട്ക്കണം'.

'എന്തിന്‌'?

ഒരു സൈക്ക്യാട്രിസ്റ്റിന്‍ കാണണം.....

Subscribe Tharjani |