തര്‍ജ്ജനി

ഹക്കിം ചോലയില്‍

പി. ബി. നമ്പര്‍: 136873
ജിദ്ദ: 21313
സൗദി അറേബ്യ.

Visit Home Page ...

കഥ

അപരിചിതം

പത്രത്താളുകളില്‍ നിരതെറ്റാതെ അടുക്കിവെച്ചിരിക്കുന്ന കഥകളിലൊക്കെ ചോരയുടെ മണവും മരണത്തിന്റെ മുദ്രകളുമുണ്ട്‌. അസാധാരണമൊന്നുമല്ലാത്ത ജീവിതക്കുറിപ്പുകളായിരുന്നിട്ടും ചില വാര്‍ത്തകള്‍ നമ്മെ ഞെരിച്ചുകളയുന്നു. പെട്ടെന്നൊരു നാള്‍ എല്ലാവരുടേയും ശ്രദ്ധാപാത്രമാവുന്നതിലെ അദ്ധാളിപ്പും ഒരു തരം ദൈന്യതയും പത്രത്തിലെ അല്‍പം നിറം മങ്ങിയ അയാളുടെ മുഖത്തുമുണ്ടായിരുന്നു. എന്നാല്‍ അപമാനത്തിന്റെ പരിഹാസ്യതയിലും കണ്ണുകളിലെ തിളക്കം പഴയതുപോലെ പെട്ടെന്ന്‌ മരണത്തിനുകീഴടങ്ങേണ്ടി വന്ന ഒരു മത്സ്യത്തിന്റേതു പോലെ തോന്നിച്ചു.

കഴിഞ്ഞ ദിവസം കാണുമ്പോള്‍ പഴുത്ത ഇരുമ്പുപോലെ ഭുമിയെ ചുടുപിടിപ്പിച്ച മെയ്‌ മാസത്തിലെ ഒരു ഉച്ചയിലെന്നപോലെ അയാളുടെ മുഖം വെയിലിന്‌ നേരെ വിളറിയാണ്‌ നിന്നിരുന്നത്്‌. പിരിവുകാരുടെ ഞായറാഴ്ചകളെ കുറിച്ചോര്‍ത്ത്‌ മാസാവസാനത്തെ കീശയില്‍ അവശേഷിക്കാന്‍ ഇടയില്ലാത്ത ചില്ലറ നോട്ടുകള്‍ തേടി അകത്തേക്ക്‌ നടക്കാനൊരുങ്ങിയപ്പോഴാണ്‌ അയാള്‍ പോക്കറ്റില്‍ നിന്നും ഒരു കത്തെടുത്ത്‌ നീട്ടിയതും പിന്നില്‍ മറഞ്ഞുനിന്നിരുന്ന പെണ്‍കുട്ടിയെ കൂറെ കൂടി മുന്നിലേക്ക്‌ ഉന്തി നീക്കിയതും. പതിനാലോ പതിനഞ്ചോ വയസ്സുള്ള ഒരു പെണ്‍കുട്ടി. എന്നാല്‍ ശരീര വളര്‍ച്ചയില്‍ അതിനേക്കാളെത്രയോ തോന്നിക്കുന്ന പ്രകൃതമായിരുന്നു അവളുടേത്‌. പഴയതെങ്കിലും വൃത്തിയുള്ള വസ്ത്രങ്ങളും നിറംമങ്ങിയ ആഭരണങ്ങളും അവള്‍ അണിഞ്ഞിരുന്നു.

ഞാന്‍ കത്തുവാങ്ങി പൊട്ടിച്ചു വായിക്കാന്‍ തുടങ്ങി. വലതുവശത്തേക്ക്‌ അല്‍പം ചെരിച്ചെഴുതിയ ഇടതുകൈയുടെ വികൃതികള്‍ക്കൊപ്പം ഒന്നിച്ചുപഠിച്ചിരുന്ന സതീശന്റെ മുഖം പെട്ടെന്ന്‌ എന്റെ ഓര്‍മയിലേക്ക്‌ വാര്‍ന്നുവീണു.

നഗരത്തിലാദ്യമായി വരുന്ന അവര്‍ക്ക്‌ ഒരു ദിവസത്തേക്ക്‌ താമസസൗകര്യമൊരുക്കുന്നതിനുള്ള ഒരപേക്ഷ മാത്രമായിരുന്നു അത്‌. കോളജ്‌ ജീവിതം കഴിഞ്ഞതില്‍ പിന്നെ സതീശനെ കാണുകയോ അവനെകുറിച്ച്‌ എന്തെങ്കിലും കേള്‍ക്കുകയോ ചെയ്തിരുന്നില്ല. മറ്റൊരാളുടെ പ്രണയത്തെ ചൊല്ലിയുണ്ടായ വഴക്കിനെ തുടര്‍ന്ന്‌ കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി നാലുപെഗ്ഗ്‌ വിസ്കിയുടെ പുറത്ത്‌ പരസ്പരം കൈകൊടുത്ത്‌ പിരിഞ്ഞ ദിവസമാണ്‌ ഞാനവനെ അവസാനമായി കണ്ടതുതന്നെ. അവന്‍ എന്റെ വിലാസം കണ്ടുപിടിച്ചതിലായിരുന്നു എനിക്കത്ഭുതം.

സെലീനയെ അവളുടെ വീട്ടിലാക്കി തിരിച്ചെത്തിയതേയുണ്ടായിരുന്നുള്ളു ഞാന്‍. ഇത്തവണയും പതിവുപോലെ രാത്രി കൂടെ കഴിയാന്‍ അവള്‍ നിര്‍ബന്ധം പിടിച്ചു. ഗര്‍ഭാസ്വാസ്ഥ്യം തുടങ്ങിയതുമുതലേ അവളുടെ സ്വഭാവത്തില്‍ സാരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്‌. നിസ്സാര കാര്യത്തിനുവേണ്ടി വാശിപിടിക്കുകയും മുഖം കറുപ്പിച്ചാല്‍ ദുശ്ശാഠ്യത്തോടെ കരയുകയും ഇപ്പോള്‍ അവളുടെ പതിവാണ്‌. ആദ്യത്തെ ഗര്‍ഭം അലസിപ്പോയതിന്റെ ഉത്കണ്ഠ വിഷം തീണ്ടിയപോലെ പൊതുവെ വിളര്‍ത്ത അവളുടെ മുഖത്ത്‌ നീലനിറം തൂവി നില്‍ക്കും. രാത്രികള്‍ അവള്‍ക്ക്‌ ഒരു ലേബര്‍ ക്യാമ്പാണ്‍്‌. മൂളിയും ഞരങ്ങിയും ഉറക്കം വരാതെ നേരം വെളുക്കാന്‍ അവള്‍ക്ക്‌ കാത്ത്‌ കിടക്കണം.

"നഗരത്തിലാദ്യായിട്ട്‌ വര്‍വാ. ഒരൂസം തങ്ങേണ്ടി വരൂന്നറിയ്യായിര്‍ന്ന്‌. പരിചയല്ലാത്തിടത്ത്‌ ഒരു പെങ്കുട്ട്യൊത്ത്‌..." വൃദ്ധന്‍ തെല്ലുമടിയോടെ പറഞ്ഞു

"ഇത്‌ മകളാവും. അല്ലേ...."

"അല്ല. അടുത്ത വീട്ടിലെ കുട്ട്യാ. ഒരു ജോലീടെ കാര്യവുമ്പോ. അതുങ്ങക്ക്‌ ആരുല്ല്യ ഒരു തൊണ."

അന്നുരാത്രി മുഴുവന്‍ തനിച്ചിരിക്കാന്‍ എന്തുകൊണ്ടോ ഞാനാഗ്രഹിച്ചു. ഓഫിസിലെ തിരക്കുപിടിച്ച ജീവിതവും സെലീനയുടെ വേവലാതികളും എന്നെ തളര്‍ത്തിയിരുന്നു. മാത്രമല്ല, ദുസ്വപ്നങ്ങളില്‍ ഇടയ്ക്കിടെ ഞെട്ടിയുണരുന്ന സെലീനയെ ആശ്വസിപ്പിച്ചും സാന്ത്വനപ്പെടുത്തിയും എന്റെ കൂറേനാളത്തെ ഉറക്കവും മുറിഞ്ഞുപോയിരുന്നു.

"നിങ്ങക്കാളുമാറിയതാവും ന്നാ തോന്നണെ. സുരേന്ദ്രന്‍ ന്നൊരാള്‌ ഇവിടെ മുമ്പ്‌ താമസിച്ചിരുന്നു. മാറ്റം കിട്ടി എവിടേക്കോ പോയി. ഞാനിവിടെ അധികായിട്ടില്ല."

പൊടുന്നനെ വൃദ്ധന്റെ കണ്ണുകളില്‍ കര്‍ക്കിടകം കറുത്തു. ദീനമായ നിലവിളി പുറത്തുചാടാനാവാതെ അടച്ചുപൂട്ടിയ വായക്കകത്ത്‌ ചുറ്റിത്തിരിഞ്ഞ്‌ പിന്നീട്‌ ഒരു നെടുവീര്‍പ്പ്‌ മാത്രമായി പുറത്തേക്ക്‌ ചാടി.

പറഞ്ഞുകഴിഞ്ഞപ്പോള്‍ വേണ്ടിയിരുന്നില്ലെന്ന്‌ തോന്നി. ഈ പെണ്‍കുട്ടിയുമായി വൃദ്ധന്‍ എവിടേക്കുപോകും. മാംസത്തിന്റെ മാദകഗന്ധത്തിനായി വെറളിപ്പിടിച്ച്‌ വേട്ടപ്പട്ടികളെപോലെ ഇരുളില്‍ മറഞ്ഞിരിക്കുന്ന തെരുവുഗുണ്ടകളെ ഈ ഇളം ശരീരം എങ്ങിനെ അതിജീവിക്കും?.

അയാള്‍ തിരിഞ്ഞ്‌ നോക്കിയിരുന്നെങ്കില്‍ ഞാന്‍ തിരികെ വിളിക്കുമായിരുന്നു. ഗേറ്റിനരികില്‍ കാറ്റിലുലയുന്ന വസ്ത്രം പോലെ മറയുന്നതിനു മുമ്പേ പെണ്‍കുട്ടി ഒരിക്കല്‍, ഒരിക്കല്‍ മാത്രം തിരിഞ്ഞുനോക്കി. ആ കണ്ണുകള്‍ അന്നേരം കലങ്ങിയിരുന്നുവോ?

ദൂരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷയായ പെണ്‍കുട്ടിയെ കുറിച്ചുള്ള കഥകളായിരുന്നു പത്രം നിറയെ. എന്നാല്‍ എന്നെ ഞെട്ടിച്ചത്‌ അതൊന്നുമായിരുന്നില്ല. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി തന്റെ മകളാണെന്നും രാത്രി ആരുമറിയാതെ ഹോട്ടല്‍മുറിയില്‍ നിന്നും അവള്‍ അപ്രത്യക്ഷയായിരിക്കുകയാണ്‌ യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നുമാണ്‌ അയാള്‍ പോലീസിന്‌ കൊടുത്തിരിക്കുന്ന മൊഴി.

ആ പെണ്‍കുട്ടിക്ക്‌ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടായിരിക്കുക? രാത്രിയില്‍ ആരും കാണാതെ എവിടേക്കായിരിക്കും അവള്‍ ഓടിപ്പോയിട്ടുണ്ടായിരിക്കുക? നാലഞ്ചു ദിവസങ്ങള്‍ ഇത്തരം ചോദ്യങ്ങളില്‍ കുരുങ്ങിയാണ്‌ എന്റെ ദിവസങ്ങള്‍ ആരംഭിച്ചതും അവസാനിച്ചതും.

പിറ്റേന്ന്‌ ചര്‍ദ്ദിയില്‍ ചുളുങ്ങിയ മുഖവുമായി സലീന വന്നു. അവളുടെ ആവലാതികളിലും പരാതികളിലും കലങ്ങി മനസ്സ്‌ നനഞ്ഞ ഒരു കടലാസുപോലെ കുതിരും. പത്രങ്ങളാവട്ടെ അയാളെയും പെണ്‍കുട്ടിയേയും കൈയൊഴിഞ്ഞ്‌ അതിനേക്കാള്‍ എരിവുള്ള വിഭവങ്ങള്‍ തേടിത്തുടങ്ങിയിരുന്നു.

മാസത്തിലുള്ള ചെക്കപ്പുകഴിഞ്ഞിറങ്ങിവന്ന സലീനയുടെ മുഖം പതിവുപോലെ വാര്‍ന്നുപോയിരുന്നു. ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോഴാണ്‌ അവള്‍ സ്ത്രീത്വത്തിലേക്ക്‌ പൂര്‍ണമായും ഇറങ്ങിചെല്ലുന്നത്‌. എന്തൊ ക്രൂരതകാണിച്ചപോലെ അമര്‍ഷത്തോടെയാണ്‌ അവള്‍ പിന്നെ എല്ലാ പുരുഷന്മാരെയും നോക്കുക. കൈയിലെ വിറയ്ക്കുന്ന പ്രിസ്ക്രിപ്ഷനേയും സെലീനയെയും മാറി മാറി നോക്കി ഞാന്‍ പുരികം ഒരു ചോദ്യത്തിലേക്ക്‌ വളച്ചു.

"സ്കാനിംഗ്‌ വേണംന്ന്‌ പറഞ്ഞു."

"കഴിഞ്ഞ മാസമല്ലേ സ്കാന്‍ ചെയ്തത?" ഞാന്‍ ചോദിച്ചു.

"എല്ലാമാസവും വേണ്ടി വരുംന്നാ ഡോക്ടര്‍ പറയുന്നേ.."

സ്കാന്‍ ചെയ്യാനുള്ള സൗകര്യം അവിടയില്ലാത്തതിനാല്‍ സലീനയേയും കൂട്ടി പുറത്തേക്കിറങ്ങുകയാണ്‌ മുന്നിലുണ്ടായിരുന്ന ഏക വഴി. പുറത്താകട്ടെ എല്ലാ സര്‍ക്കാര്‍ ആസ്പത്രികള്‍ക്കുചുറ്റും ഈച്ചയാര്‍ക്കുന്നതുപോലെ വഴിവാണിഭക്കാരുടെ ആര്‍ത്തിപിടിച്ച നോട്ടവുമായി പരിശോധനാ ശാലകളാണ്‌. പൊടുന്നനെയാണ്‌ ഒരു ചങ്ങലക്കൊളുത്തുപോലെ കൈതണ്ടയില്‍ പിടുത്തം മുറുകിയത്‌. വിശ്വാസിക്കാനായില്ല. സ്രൈണമായ മുഖത്തിന്‌ കാലത്തിന്‌ അധിജീവിക്കാന്‍ കഴിയുമെന്ന്‌ ബോധ്യപ്പെടുത്തികൊണ്ട്‌ സതീശന്‍ മുന്നില്‍ വാചാലതയോടെ നില്‍ക്കുന്നു.

"നീയെങ്ങോട്ടാ ഇത്ര ധൃതിയില്‍. എനിക്ക്‌ നിന്നോട്‌ ഒത്തിരി സംസാരിക്കാനുണ്ട്‌"

ഞാന്‍ സലീനയെ നോക്കി. അവളുടെ മുഖത്ത്‌ ആറുമാസമായി മുഷിപ്പല്ലാതെ മറ്റൊന്നുമില്ല. തികട്ടിവരുന്ന പിത്തനീരിന്റെ അവശിഷ്ടങ്ങള്‍ ഒരിക്കലും വിട്ടുപോകാതെ തൊണ്ടക്കുഴലില്‍ അടിഞ്ഞുകിടക്കുന്നതുകാരണം അവള്‍ എപ്പോഴും അസ്വസ്ഥയാണ്‌. ആ രൂപത്തില്‍ എന്തുകൊണ്ടോ എനിക്കവളെ ഒട്ടും ഇഷ്ടമായില്ല. വയറുന്തി നിതംബത്തിന്‌ ഒരു താങ്ങുപോലെ കൈകൊടുത്തുനില്‍ക്കുന്ന സെലീന അവഗണിക്കപ്പെടേണ്ട വൈകൃതം നിറഞ്ഞ മറ്റേതോ പെണ്‍കുട്ടിയാണെന്ന്‌ പോലും എനിക്ക്‌ ചിലപ്പോള്‍ തോന്നാറുണ്ട്‌. ഭാര്യയുടെ കെട്ടുകാഴ്‌യായി സതീശന്റെ മുന്നില്‍ അവളെ അവതരിപ്പിക്കാന്‍ ഞാനന്നേരം ഇഷ്ടപ്പെട്ടില്ല.

ക്ലിനിക്കില്‍ പ്രതീക്ഷിച്ചതിലേറെ തിരക്കുണ്ടായിരുന്നു. എല്ലാവരും സലീനയെയായിരുന്നു ശ്രദ്ധിച്ചിരുന്നത്‌. ഗര്‍ഭാലസ്യം അവളുടെ സൗന്ദര്യത്തെമാത്രമല്ല, അവളെ തന്നെ ആകെ മാറ്റിയിട്ടുണ്ട്‌. ഗര്‍ഭകാലത്തെ ഏകാന്തതയാണ്‌ ജീവിതത്തിന്റെ മുഴുവന്‍ ഭാരമെന്ന്‌ തോന്നുമായിരുന്നു അവളുടെ മുഖത്തേക്ക്‌ അല്‍പനേരം നോക്കിനിന്നാല്‍.

നഗരത്തിന്റെ വൃത്തികെട്ട ഈ ഭാഗത്ത്‌, ജീവിതത്തിന്റെ വൈരസ്യമത്രയും വലിച്ചുവാരിചുറ്റി നില്‍ക്കുന്ന സലീനയുടെ കൂടെ ഇരുന്നിട്ട്‌ പ്രത്യേഗിച്ച്‌ ഗുണമൊന്നുമില്ല എന്നെനിക്കപ്പോള്‍ തോന്നി. മാത്രമല്ല, സതീശന്‍ കാത്ത്‌ മുഷിയുന്നുണ്ടാവില്ലേ. ഊഴം എത്തുമ്പോഴേക്കും തിരിച്ചുവരാവുന്ന കാര്യമേയുള്ളൂ. കൈതണ്ടയില്‍ പ്രതിഷേധത്തോടെ സെലീനയുടെ നഖങ്ങള്‍ അമര്‍ന്നെങ്കിലും ഉടനെവരാമെന്ന്‌ പറഞ്ഞ്‌ ഞാനെഴുന്നേറ്റു.

സതീശന്‍ എന്നെ നേരെ ബാറിലേക്കാണ്‌ കൂട്ടികൊണ്ടുപോയത്‌. ചുവന്ന വെളിച്ചം സുതാര്യമായ പുതപ്പുപോലെ നിവര്‍ന്ന്‌ കിടക്കുന്ന ബാറിലെ ഒഴിഞ്ഞ ഒരു കോണില്‍ ഇരുവശത്തേക്കും ചെരിച്ചിട്ട അടുത്തടുത്ത കസേരകളിലായി ഞങ്ങള്‍ ഇരുന്നു.

ഓരോ പെഗ്ഗുവീതമുള്ള ആദ്യത്തെ റൗണ്ടു തീര്‍ന്നതും സതീശന്‍ ഒരു സിഗരേറ്റ്ടുത്ത്‌ എനിക്ക്‌ നീട്ടി. മര്‍ബോറോ വൈറ്റ്‌. നീ കുറേകാലം എവിടെയായിരുന്നുവെന്ന എന്റെ ചോദ്യത്തിന്‌ നേരെ അവന്‍ പുഞ്ചിരിതൂകി.

"ഒരുപാട്‌ ദേശത്തൂടെ അലഞ്ഞു സുരേന്ദ്രാ. പക്ഷേ എങ്ങും നില്‍ക്കാന്‍ തോന്നിയില്ല."

പിന്നെ അവന്‍ ഓരോ ദേശത്തുവെച്ച്‌ നേരിട്ട വെല്ലുവിളികളെകുറിച്ച്‌ കുഴഞ്ഞ ശബ്ദത്തില്‍ വിസ്തരിച്ച്‌ പറയാന്‍ തുടങ്ങി. ബാറിലെ സ്റ്റാലിന്റെ മുഖത്തിന്‌ താഴെ തൂക്കിയിട്ടിരുന്ന പ്രാചീനമായ ക്ലോക്കില്‍ മാത്രം സമയം മിടിപ്പില്ലാതെ ചലിക്കുന്നത്‌ ഞാന്‍ കണ്ടു. അതിനിടയ്ക്ക്‌ ബെയറര്‍ രണ്ടുതവണ വന്നുപോയി.

ഞാന്‍ സലീനയെ അന്നേരം ഓര്‍ത്തു. ഇപ്പോള്‍ അവളുടെ ഊഴമെത്തിയിട്ടുണ്ടാവണം. വീര്‍ത്തുന്തിയ വയറില്‍ ജെല്ലുകള്‍ പുരട്ടി സ്കാനറുടെ മൗസ്‌ ചലിപ്പിക്കുന്ന ഡോക്ടറുടെ വിരലറ്റം പരിധികള്‍ ലംഘിക്കുന്നുണ്ടോയെന്നാണ്‌ ഏതു ഭര്‍ത്താവും ആദ്യം ശ്രദ്ധിക്കുക. സ്രവങ്ങളില്‍ കുതിര്‍ന്ന കുട്ടിയുടെ മുഖം താഴെ പ്രിന്ററില്‍ കറുത്ത മഷി പുരണ്ടുവരുന്നത്‌ എപ്പോഴും ഉണ്ടാക്കുന്നത്‌ ആധിയോ വേവലാതിയോ ആണ്‌. ഒരുപക്ഷേ കടലാസിലെ ആ മുഖം മാത്രം അവശേഷിപ്പിച്ച്‌ അവന്‍ ഒരു സ്വപ്നത്തിലെന്ന പോലെ എന്നന്നേക്കുമായി മാഞ്ഞുപോകാമെന്ന ചിന്ത പെട്ടെന്ന്‌ എന്നെ നടുക്കിക്കളഞ്ഞു.

വാച്ചില്‍ നോക്കി അക്ഷമ പ്രകടിപ്പിച്ചപ്പോള്‍ സതീശന്‍ പറഞ്ഞു.

"എത്രനാളുകള്‍ക്ക്‌ ശേഷം കാണുന്നതാ നമ്മള്‍. ഏടാ ഈ നഗരത്തിന്റെ തിളപ്പ്‌ മറക്കണംങ്കീ നാലുലാര്‍ജില്ലാതെ പറ്റില്ല. നീ പുറത്തേക്ക്‌ നോക്ക്‌. തിളച്ചുമറിയുന്ന ലായനിപോലെയല്ലേ ആള്‍ക്കൂട്ടം. ഒരോരുത്തരെ എടുത്ത്‌ പരിശോധിച്ചാല്‍ അവര്‍ക്കൊക്കെ കാണും നിന്റെ പോലെ ഒരു ഭാര്യയും ചുറ്റിപറ്റി ചില പ്രശ്നങ്ങളും. ഒടുവില്‍ അവര്‍ക്കൊക്കെയും ഇതാ ഇതിനുമുമ്പില്‍ വരാതെ പറ്റില്ല. നഗരത്തിന്റെ വിസര്‍ജന്യങ്ങള്‍ ശരീരത്തില്‍ നിന്നുമാറ്റാനാ സുരേന്ദ്രാ പലരും മദ്യപ്പിക്കുന്നതുപോലും."

അവന്റെ ശബ്ദം മദ്യത്തിലൂടെ ഒരു നാട പോലെ ഇഴഞ്ഞു.

നാലാമത്തെ ലാര്‍ജ്‌ പ്രതീക്ഷിച്ചതിലേറെ ലഹരിയാണ്‌ ശരീരത്തിലേക്ക്‌ കുടഞ്ഞിട്ടതെന്ന്‌ തോന്നി. ബാറില്‍ നിന്നും കുഴഞ്ഞ കാലുകളോടെ ഏറെക്കുറെ ശരീരം സതീശന്റെ ചുമലില്‍ താങ്ങിയാണ്‌ ഇറങ്ങിയത്‌. ഇരുട്ടിനേക്കാള്‍ കൂടുതല്‍ വെളിച്ചമുള്ള നഗരം കണ്ണുകളെ പുളിപ്പിക്കുന്നുണ്ടായിരുന്നു. സതീശന്‍ കുഴഞ്ഞ്‌ ബൈക്കിലേക്കിരുന്നു. പിന്നെ പല്ലുകള്‍ കടിച്ച്‌ ബൈക്ക്‌ സ്റ്റാര്‍ട്ടാക്കി.

"എന്നെ പിടിച്ചിരുന്നോ. നമ്മുക്കൊരിടം വരെ പോകാം. ഇന്നേതായാലും തനിക്ക്‌ വീട്ടിപ്പോകാന്‍ പറ്റ്ല്യ."

ബൈക്ക്‌ പ്രകാശത്തിന്റെ ധാരാളിത്തത്തിലൂടെ ചാഞ്ഞും ചരിഞ്ഞും ഓടിക്കൊണ്ടിരുന്നു. രണ്ടുതവണ എതിരെ വന്ന വാഹനത്തിലെ യാത്രക്കാരോ ഡൈവറോയെന്ന്‌ തീര്‍ച്ചയില്ല, സതീശനുനേരെ അസഭ്യം ചൊരിഞ്ഞു. സതീശന്‍ ബൈക്ക്‌ ഒരു ഊടുവഴിയിലേക്ക്‌ ഊര്‍ന്നിറക്കി. മദ്യമകത്തായാല്‍ സതീശന്‌ ഒരു ഗുണമുണ്ട്‌. ആരോടും കയക്കുകയില്ല. ഇരുട്ട്‌ കുഴഞ്ഞുകിടക്കുന്ന ഒരു വീടിന്‌ മുമ്പില്‍ സതീശന്‍ ദുര്‍ഘടം പിടിച്ച യാത്ര അവസാനിപ്പിച്ചു.

ആരോ ചുറ്റികകൊണ്ട്‌ അടിച്ച പോലെ ലഹരി തലയില്‍ കടുത്ത ഒരു ഭാരം എടുത്തുവച്ചിട്ടുണ്ട്‌. ഇരുട്ടിന്റെ ഗര്‍ത്തങ്ങളിലൂടെ എവിടേക്കോ ഊര്‍ന്നിറങ്ങുന്നപോലെ തോന്നി. എത്രനേരമായി ഇവിടെ ഈ ഇരുട്ടില്‍ ഇങ്ങിനെ ഇരിക്കാന്‍ തുടങ്ങിയിട്ടെന്ന്‌ അറിഞ്ഞുകൂടാ. ഉടനെ വരാമെന്നുപറഞ്ഞ്‌ അകത്തേക്ക്‌ പോയ സതീശന്‍ ഇടനാഴിയിലെവിടെയോ വെച്ച്‌ ഒരു പാദസ്വരത്തിന്റെ കിലുക്കത്തില്‍ അമര്‍ന്നുപോയതും ഒരു ചിരി ആരുടേയോ വിരലുകളുടെ ആവരണത്തില്‍ അലിഞ്ഞില്ലാതായതും ഇത്തിരി മുമ്പാണെന്ന്‌ തോന്നുന്നു. ഒടുക്കം ഒരു മൂട്ട വിളക്കിന്റെ പ്രകാശം ഇടനാഴികടന്നുവരുന്നതു കണ്ടു. ഉടയാടകളുടെ നേര്‍ത്ത ശബ്ദം നിശ്ശബ്ദതയിലേക്ക്‌ പതുക്കെ അഴിഞ്ഞുവീണു. മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ വിളക്കിന്റെ ഇത്തിരിവെട്ടം തന്നെ ആവശ്യമുണ്ടെന്ന്‌ തോന്നിയില്ല. നിഷ്കളങ്കതയുടെ മെഴുകുരൂപം പോലെ മുന്നില്‍ നില്‍ക്കുന്നത്‌ മുമ്പു താന്‍ കണ്ട പെണ്‍കുട്ടിയല്ലേ? പത്രതാളുകളില്‍ അപ്രത്യക്ഷയായ പെണ്‍കുട്ടി?

നഗ്നത അവളെ കൂടുതല്‍ നിഷ്കളങ്കയാക്കിയ പോലെ തോന്നിച്ചു. അടയാഭരണങ്ങളില്ല. എന്നിട്ടും അവള്‍ സുന്ദരിയാണെന്ന്‌ കണ്ടു. കൗമാരത്തിന്റെ വശ്യമായ സൗന്ദര്യം. മുഖത്ത്‌ പ്രകാശം സ്വര്‍ണനിറം പൂശിയിരുന്നെങ്കിലും അവയവങ്ങളുടെ മുഴുപ്പിനെ ഇരുട്ട്‌ സൗമ്യതയോടെ മറച്ചിരുന്നു. എന്തു ചെയ്യണമെന്ന്‌ അറിയാതെ ഒരു നിമിഷം മരവിച്ചിരുന്നു. സൗഹൃദത്തോടെ ചിരിക്കുവാനോ കട്ടിലില്‍ ഇരുന്ന്‌ അവള്‍ മടിയിലേക്ക്‌ പതുക്കെ എടുത്തുവെച്ച കൈകള്‍ പ്രതിഷേധത്തോടെ വലിച്ചെടുക്കുവാനോ കഴിഞ്ഞില്ല. അവള്‍ എന്നെ നോക്കി നിശ്ശബ്ദമായി ചിരിച്ചു. അവളുടെ മൃദുലമായ വിരലുകള്‍ ചുമലില്‍ ആദ്യമായി സ്പര്‍ശിക്കുമ്പോള്‍ ഹൃദയം വിറച്ചു.

"പേടിക്കണ്ട. ഒക്കെ സതീശേട്ടന്‍ പറഞ്ഞിട്ടുണ്ട്‌..."

പെണ്‍കുട്ടി എന്നെ സമാധാനിപ്പിക്കാനെന്നവണ്ണം പറഞ്ഞു. പിന്നെ അവള്‍ എന്റെ വസ്ത്രങ്ങള്‍ ഓരോന്നായി അഴിക്കാന്‍ തുടങ്ങി. ഉടല്‍ മനസ്സിന്റെ കള്ളത്തരത്തില്‍ നിന്നും വിശുദ്ധനാകുന്ന നിമിഷം പെണ്‍കുട്ടി എന്റെ മാറിലേക്ക്‌ വീണു. എതിര്‍ക്കുവാനോ ശരീരത്തില്‍ നിന്നും അവളെ പറിച്ചെറിയാനോ ആവാതെ ഞാന്‍ നിസ്സഹായനായി. ഒരു കരിനാഗം പോലെ അവള്‍ എന്നെ ചുറ്റിവരിഞ്ഞത്‌ പെട്ടെന്നാണ്‌.

പിറ്റേന്ന്‌, വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ സെലീനയുടെ അചഛനും അമ്മയും എത്തിയിരുന്നു. മുന്‍വശത്തെ സോഫകളില്‍ തളര്‍ന്നപോലെ കിടന്ന അവര്‍ എന്നെ കണ്ടതും എഴുന്നേറ്റു.

"മോനെവിട്യായിരുന്നു. സിസ്റ്റേഴ്സാ ഞങ്ങളെ വിളിച്ചത്‌. രാത്രി മുഴുവന്‍ കാത്തു. ഇത്തവണയും സെലീനയ്ക്ക്‌..."

ജാലകവാതിലുകള്‍ പാതി തുറന്ന്‌ പുറത്തെ നരച്ച വെയിലിലേക്ക്‌ നോക്കിയിരിക്കുകയായിരുന്നു സെലീന. അവളുടെ നട്ടെല്ല്‌ ഉയരുന്നതും താഴുന്നതും നോക്കി എന്തുപറയണമെന്നറിയാതെ ഞാന്‍ ഒരു നിമിഷം നിന്നു. കട്ടിലില്‍ അവള്‍ തുന്നിക്കൊണ്ടിരുന്ന കുഞ്ഞുടുപ്പുകള്‍ ചിതറിക്കിടന്നിരുന്നു.

"ഇനി എനിക്കൊന്നിനും വയ്യ സുരേട്ടാ."

എന്നെ കണ്ടതും സെലീന പൊട്ടിക്കരയാന്‍ തുടങ്ങി.

ഞാന്‍ സെലീനയുടെ മുടിയിഴകള്‍ തലോടി. അവളുടെ മെലിഞ്ഞ മാറില്‍ നിന്നും ചൂട്‌ കിനിയുന്നുണ്ടായിരുന്നു. നഗ്നതയുടെ ലഹരിയില്‍ കഴിഞ്ഞ രാത്രി ബോധം മറയുമ്പോള്‍ സലീന രക്തത്തിന്റെ ചുവന്ന തിരശ്ശീലയ്ക്കപ്പുറത്ത്‌ നിസ്സഹായതയോടെ വിലപിക്കുകയായിരുന്നുവെന്നോര്‍ത്തു. പാപബോധമല്ല അന്നേരം എന്നെ ഭരിച്ചത്‌. മറ്റെന്തോ വിവരണാതീതമായ വികാരമായിരുന്നു. കരയാന്‍ പോലുമാകാതെ സെലീനയുടെ പുറം തടവി, പുറത്തെ വെയിലിലേക്ക്‌ ഒന്നും ചെയ്യാനില്ലാത്ത പോലെ ഞാന്‍ നോക്കിയിരുന്നു.

Subscribe Tharjani |