തര്‍ജ്ജനി

സംഗീതം

അലൈപായുതേ കണ്ണാ...

കര്‍ണ്ണാടകസംഗീതരംഗത്ത് കേരളത്തില്‍ നിന്ന് ഗായകരും ഗായികമാരും നിരവധിയുണ്ടെങ്കിലും അപൂര്‍വ്വമായേ സ്വന്തം ആലാപനങ്ങള്‍ ആല്‍ബങ്ങളായി അവര്‍ അവതരിപ്പിക്കാറുള്ളൂ. പുതിയ തലമുറയിലെ ഗായകരില്‍ ഉണ്ണികൃഷ്ണന്‍ ഒഴികെ മറ്റു ഗായകര്‍ക്ക് ക്ലാസ്സിക്കല്‍ സംഗീതരംഗത്ത് ശ്രദ്ധേയമായ സാന്നിദ്ധ്യമാകാന്‍ സാധിക്കാതെ പോകാന്‍ ഒരു പക്ഷെ ഇത് കാരണമായിട്ടുണ്ടാകാം. അഭിനേതാക്കള്‍ നാടകരംഗത്ത് നിന്നും സീരിയല്‍ - സിനിമാരംഗത്ത് ചേക്കേറുന്നതു പോലെ സംഗീതരംഗത്തുള്ളവരും വളരെ എളുപ്പത്തില്‍ ക്ഷിപ്രപ്രസാദികളും യശസേര്‍ത്ഥകാരികളുമായ സീരിയല്‍ - പിന്നണിഗാനരംഗത്തേക്ക് ആകര്‍ഷിക്കപ്പെടുന്നതായാണ് കാണുന്നത്. വിപണിയുടെ വിജയത്തിലൂടെ സാക്ഷാത്കരിക്കപ്പെടേണ്ടതാണ് കല എന്ന അബോധം ഇവിടെ സര്‍വ്വശക്തമായിക്കഴിഞ്ഞിട്ടുണ്ട്. സംഗീതരംഗത്തെ ഈ പൊതുധാരണകളില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്ന ഒരു കലാകാരിയാണ് സിദ്ധിവിനായകം, അലൈപായുതേ കണ്ണാ എന്നീ ആല്‍ബങ്ങളിലൂടെ കടന്നു വന്ന ജയശ്രീ രാജീവ്. നിരവധി ലളിതഗാനആല്‍ബങ്ങളില്‍ പാടിയ ഗായികയാണെങ്കിലും സ്വന്തം കര്‍മ്മമണ്ഡലം ക്ലാസ്സിക്കല്‍ സംഗീതമാണെന്ന വിശ്വാസമാണ് ജയശ്രീരാജീവിനെ തന്റെ കൂട്ടാളികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ആലാപനത്തിന്റെ നൈസര്‍ഗ്ഗികമായ ലാവണ്യത്തെ പരിശീലത്തിന്റെ ദൃഢതയാല്‍ കരുത്തുറ്റതാക്കിയ ഒരു ഗായികയുടെ സാന്നിദ്ധ്യംപ്രകടമാക്കുന്ന രണ്ട് ആല്‍ബങ്ങളിലൂടെ ഈ ഗായിക ക്ലാസ്സിക്കല്‍ സംഗീതരംഗത്ത് കേരളത്തിന്റെ സംഭാവന അര്‍പ്പിച്ചിരിക്കുന്നുവെന്നു പറയുന്നതില്‍ അതിശയോക്തിയില്ല.

ഗണപതിസ്തുതിപരമായ കീര്‍ത്തനങ്ങള്‍ക്ക് സംഗീതക്കച്ചേരികളില്‍ നിസ്തുലമായ സ്ഥാനമാണുള്ളത്. പ്രശസ്തമായ അത്തരം കീര്‍ത്തനങ്ങളില്‍ തെരഞ്ഞെടുത്ത പത്ത് കൃതികളാണ് സിദ്ധിവിനായകം എന്ന ആല്‍ബത്തില്‍ ജയശ്രീരാജീവ് ആലപിച്ചിരിക്കുന്നത്. പുരന്ദര ദാസര്‍ ഹംസദ്ധ്വനിരാഗത്തില്‍ ചിട്ടപ്പെടുത്തിയ ഗജവദനായില്‍ ആരംഭിക്കുന്ന ഈ ആല്‍ബത്തില്‍ ഒടുവിലായി സൌരാഷ്ട്രരാഗത്തിലുള്ള ശ്രീ ഗണപതി എന്ന ത്യാഗരാജകൃതിയാണ്. മുത്തുസ്വാമി ദീക്ഷിതര്‍ , പാപനാശം ശിവന്‍ , വിശ്വനാഥശാസ്ത്രി , മുത്തയ്യ ഭാഗവതര്‍ , തുളസീവനം എന്നിവരുടേത് ഉള്‍പ്പെടെ പത്തു രചനകള്‍ ഈ ആല്‍ബത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഹംസദ്ധ്വനി , നാട്ട , ഷണ്‍മുഖപ്രിയ , ബഹുധാരി , സഹാന , അഠാന, ബേഗഡ , മോഹനകല്യാണി , ഗൌളം , സൌരാഷ്ട്രം എന്നീ രാഗങ്ങളിലുള്ള കൃതികള്‍ ഒരു കച്ചേരിയുടെ സമഗ്രതയോടെ തെരഞ്ഞെടുത്തു സംവിധാനം ചെയ്ത ഈ ആല്‍ബം മികച്ച സംഗീതാനുഭവം നല്കുന്നു.

ഊത്തുക്കാട്ട് വെങ്കിടസുബ്ബയ്യര്‍ കൃതികളാണ് അലൈപായുതേ കണ്ണാ എന്ന ആല്‍ബത്തില്‍ ജയശ്രീ രാജീവ് അവതരിപ്പിക്കുന്നത് . കര്‍ണ്ണാടകസംഗീതത്തിലെ വാഗ്ഗേയക്കാരില്‍ കൃഷ്ണസ്തുതികളാല്‍ അതുല്യസ്ഥാനം നേടിയ സംഗീതജ്ഞനാണ് ഊത്തുക്കാട്. കാംബോജി രാഗത്തിലെ കുഴലൂതി മനമെല്ലാം എന്നാരംഭിക്കുന്ന ഇദ്ദേഹത്തിന്റെ കീര്‍ത്തനം നമ്മുടെ കച്ചേരികളില്‍ ആവര്‍ത്തിക്കപ്പെടുന്നതാണ്. ജയശ്രീ രാജീവിന്റെ ഈ ആല്‍ബത്തില്‍ അലൈപായുതേ കണ്ണാ (രാഗം: കാനഡ, ആദിതാളം) , മരതകമണിമയ (രാഗം: ആരഭി, ആദിതാളം) ,സ്വാഗതം കൃഷ്ണാ (രാഗം: മോഹനം, ആദിതാളം) , നീരദസമനീയ (രാഗം: ജയന്തശ്രീ, ആദിതാളം) , മധുര മധുര (രാഗം: അഠാന, ആദിതാളം) , പാല്‍വടിയും മുഖം (രാഗം: നാട്ടക്കുറിഞ്ഞി, ആദിതാളം) എന്നീ പ്രശസ്തങ്ങളായ ഊത്തുക്കാട് കീര്‍ത്തനങ്ങള്‍ സമാഹരിച്ചിരിക്കുന്നു. ആലാപനത്തിന്റെ ആര്‍ജ്ജവവും ശ്രുതിസൌഭഗവും കൊണ്ട് ഏതൊരു ശ്രോതാവിനേയും തൃപ്തമാക്കുന്ന സംഗീതസഞ്ചയമാണ് ഇതെന്നു നിസ്സംശയം പറയാം.

വിദ്യാര്‍ത്ഥിജീവിതകാലത്തു തന്നെ സംഗീതാഭ്യസനം ആരംഭിച്ച ജയശ്രീ കലോത്സവവേദികളില്‍ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടുമ്പോഴും തന്റെ പ്രഥമാനുരാഗം സംഗീതം തന്നെയെന്നു നിശ്ചയിച്ച ഗായികയാണ്. വായ്പാട്ടിനു പുറമെ വയലിന്‍ വാദനത്തിലും ജയശ്രീ നൈപുണ്യം നേടിയിട്ടുണ്ട്. ലളിതസംഗീതത്തിന്റെ വിലോഭനീയമായ ലോകത്തെക്കാള്‍ നിത്യമായ അനുശീലനത്താല്‍ പരിപുഷ്ടമാക്കേണ്ട ശുദ്ധസംഗീതത്തിന്റെ പാതയാണ് തന്റേത് എന്ന് ഈ ഗായിക നിശ്ചയിച്ചിരിക്കുന്നു.

സിദ്ധിവിനായകം
പ്രശസ്തങ്ങളായ വിഘ്നേശ്വര സ്തോത്രങ്ങള്‍
ആലാപനം: ശ്രീമതി ജയശ്രീ രാജീവ്

അലൈപായുതേ കണ്ണാ
ഊത്തുക്കാട് കൃതികള്‍
ആലാപനം: ശ്രീമതി ജയശ്രീ രാജീവ്

രണ്ട് ആല്‍ബങ്ങളും പുറത്തിറക്കിയത് സര്‍ഗ്ഗം മ്യൂസിക്സ് , ഫൌസിയാ കമേഴ്‌സ്യല്‍ സെന്റര്‍ , കാല്‍വരി റോഡ്, വെസ്റ്റ് ഫോര്‍ട്ട്, തൃശ്ശൂര്‍ .

ഷര്‍മ്മിള മഹേഷ്

Subscribe Tharjani |
Submitted by Anonymous (not verified) on Sun, 2007-09-02 11:21.

തീര്‍ച്ചയായും ഇത്തരം ലേഖനങള്‍ നല്ലതു തന്നെ. വാങി കേള്‍‌‌ക്കുന്നുണ്ട്‌.
“"പുരന്ധരദാസര്‍ “ അല്ല പുരന്ദര ദാസര്‍ ആണ്. വാഗേയം അല്ല വാഗ്ഗേയ ആണ്.

Submitted by ഷര്‍മ്മിള മഹേഷ് (not verified) on Sun, 2007-09-02 21:32.

അച്ചുപിഴവുകള്‍ ചൂണ്ടാക്കാണിച്ച അജ്ഞാതവായനക്കാരാ,നന്ദി.
അച്ചുപിഴവുകള്‍ പൊറുക്കുക.
ഷര്‍മ്മിള

Submitted by Anonymous (not verified) on Sun, 2007-09-23 17:46.

Very Good. Somebody should be there to indicate the printing mistake.

Keep it up

Sree