തര്‍ജ്ജനി

ഷംസുദീന്‍, മസ്കറ്റ്

Indian school Al Ghubra,
PB No 1887, P C 111,
C P O Seeb,
Sultanate of Oman.
E mail: thanalgvr@yahoo.com

Visit Home Page ...

അനുഭവം

പ്രകൃതിയുടെ നിയമങ്ങള്‍ - ഒരു ദിനസരിക്കുറിപ്പ്

2007 ജൂണ്‍ 5 ചൊവ്വ, പകല്‍.

രാവിലെ മൊബെയില്‍ ഫോണില്‍ വന്ന അറബിക്‌ സന്ദേശം ഏതെങ്കിലും ആദായവില്‍പനക്കാരുടെ പ്രലോഭനങ്ങളിലൊന്നായിരിക്കാമെന്ന് കരുതി ഞാന്‍ വായിക്കാന്‍ മിനക്കെട്ടില്ല. ആഴ്ച അറുതികളില്‍ വരുന്ന നിരവധി സന്ദേശങ്ങളില്‍ മറ്റൊന്നുകൂടി എന്നേ കരുതിയുള്ളൂ. പലപ്പോഴും ഇത്തരം സന്ദേശങ്ങള്‍ പ്രതിമാസ ബഡ്ജറ്റിനെ പ്രതികൂലമായി ബാധിക്കുക പതിവുമായിരുന്നു. എന്നാല്‍ പത്ത്‌ മിനുട്ട്‌ ഇടവേളക്ക്ശേഷം വന്ന ഇംഗ്ലീഷിലുള്ള അതേ സന്ദേശത്തില്‍, ഒമാനില്‍ ഗോനു എന്ന ചുഴലിക്കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നുമായിരുന്നു ഉള്ളടക്കം. ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതായിരുന്നു രണ്ട്‌ സന്ദേശങ്ങളും. ഞങ്ങളുടെ താമസസ്ഥലത്തുനിന്നും 500 കിലോമീറ്റര്‍ നീങ്ങിയാണ്‌ 'ഗോനു'വിന്റെ പ്രഭവകേന്ദ്രം എന്നതിനാല്‍ ആശ്വാസത്തിന്‌ വകയുണ്ടായിരുന്നു.

പക്ഷേ ഉച്ചയോടെ സ്ഥിതിഗതികളില്‍ മാറ്റം വരാന്‍ തുടങ്ങി, എങ്ങും നിലക്കാത്ത ഫോണ്‍ വിളികളുടേയും, അന്വേഷണങ്ങളുടേയും ബഹളമായിരുന്നു. സ്കൂളുകളില്‍ നിന്ന് കുട്ടികളെ നേരത്തെ കൊണ്ടുപോകാന്‍ തിടുക്കം കൂട്ടുന്ന മാതാപിതാക്കള്‍, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് കഴിയുന്നത്ര സാധനങ്ങള്‍ വാങ്ങി വീടുകളിലെത്തിപ്പെടാന്‍ ശ്രമിക്കുന്ന തദ്ദേശിയരും, വിദേശിയരും, പ്രക്ഷുബ്ധമായ ഒരവസ്ഥ. ഇതിനു മുന്‍പ്‌ സമാനമായ രംഗത്തിന്‌ സാക്ഷ്യം വഹിച്ചത്‌ 1990ലെ ഇറാക്കിന്റെ കുവൈറ്റ് അധിനിവേശക്കാലത്തായിരുന്നു. ഇതിനിടയില്‍ 4 ദിവസത്തെ സര്‍ക്കാര്‍ അവധി പ്രഖ്യാപനവും വന്നു, തീര്‍ച്ചയായും എന്തോ സംഭവിക്കാനിരിക്കുന്നു എന്ന തോന്നല്‍ എല്ലാവരിലും ശക്തമായി, എങ്കിലും അസാധാരണമായി ഒന്നും സംഭവിക്കാതെ ജൂണ്‍ 5 കടന്നുപോയി.

2007 ജൂണ്‍ 6 ബുധന്‍.

പുലര്‍ച്ച 3 മണിക്ക്‌ തുടങ്ങിയ ശക്തമായ കാറ്റും, ചാറ്റല്‍ മഴയും ഒരു കാലാവസ്ഥാ വ്യതിയാനമായി തള്ളിക്കളയാവുന്നതിലുമപ്പുറം പ്രകോപനപരമായിരുന്നില്ല. രാവിലെ കാറ്റ് അല്‍പമൊന്ന് ശമിച്ചപ്പോള്‍ കാലം തെറ്റിവന്ന മഴയെ എല്ലാവരും സ്വാഗതം ചെയ്യുന്നതായി തോന്നി. മഴ ആഘോഷിക്കാന്‍ നാല്‌ ദിവസത്തെ അവധി കൂടിയായപ്പോള്‍ ചാനലുകളുടെ സ്വകാര്യതയിലേക്ക്‌ എല്ലാവരും സ്വയം വിലയം പ്രാപിച്ചു. അപ്പോഴും മഴ നേരിയ തോതിലാണെങ്കിലും നിലക്കാതെ ചാറി കൊണ്ടിരുന്നു. ഇതിന്നിടയില്‍ സന്ദേഹികളായ സുഹൃത്തുക്കള്‍ ഉല്‍കണ്ഠകള്‍ പങ്കുവെക്കാന്‍ ഫോണില്‍ ഇടതടവില്ലാതെ വിളിച്ചുകൊണ്ടേയിരുന്നു, ചിലരോടെല്ലാം അല്‍പം കയര്‍ത്ത്‌ സംസാരിക്കേണ്ടതായും വന്നു, കാരണം ഗോനുവിന്റെ ശക്തി കുറഞ്ഞു വരുന്നതായും, അത്‌ ഒമാന്റെ തീരം വിട്ട്‌ ഇറാക്കിലേക്ക്‌ വഴിമാറാനുള്ള സാദ്ധ്യതയുള്ളതായും ഇതിനകം ഔദ്യോഗികമായ സ്ഥിരീകരണം വന്നു കഴിഞ്ഞിരുന്നു.

ഉച്ചക്ക്‌ മൂന്ന് മണിയോടെ റോഡുകളിലെല്ലാം വെള്ളം നിറഞ്ഞു. വാഡികള്‍ എന്നുവിളിക്കുന്ന, മഴവെള്ളം ഒഴുകിപ്പോകാനുള്ള വലിയ ചാലുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അപ്പോഴും അസ്വഭാവികത ആര്‍ക്കും തോന്നിയില്ല. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ഇതൊക്കെ ഒമാനില്‍ പതിവുള്ളതാണ്. പതിവുതെറ്റി വരുന്ന ചില ശീലവഴക്കങ്ങള്‍ ചിലപ്പോള്‍ കൌതുകകരമാണ്...പ്രകൃതിയുടേത് പ്രത്യേകിച്ചും. അങ്ങനെയാണ് എല്ലാവരും കരുതിയത്.

ഒരവധി ദിവസത്തിന്റെ ആലസ്യത്തില്‍ ഉച്ചയുറക്കത്തിലായിരുന്ന എന്നെ നാലുമണിയോടെ മുകളിലത്തെ നിലയില്‍ താമസിക്കുന്ന സുഹൃത്ത്‌ ബൈജുവിന്റെ ഫോണ്‍ വിളി ഉണര്‍ത്തി‌. കഴിയുന്നത്ര പെട്ടെന്ന് കുട്ടികളുമായി മുകളിലത്തെ നിലയിലേക്ക്‌ കയറിവരിക, നമ്മുടെ കെട്ടിടത്തിനുചുറ്റും ഒരുമഹാപ്രവാഹമായി വെള്ളം ഒഴുകുകയാണ്‌, തീര്‍ച്ചയായും ഇത്‌ മഴവെള്ളം മാത്രമല്ല, എന്തോ പന്തികേടുണ്ട്‌, സാധനങ്ങളൊന്നും എടുത്ത്‌ വെക്കാന്‍ നില്‍ക്കരുത്‌, ബൈജു ഒറ്റ ശ്വാസത്തില്‍ അസ്വസ്ഥനായി പറഞ്ഞു. ഇതിനകം ഗ്രൗണ്ട്‌ ഫ്ലോറിലെ ഞങ്ങളുടെ വീടിന്റെ ചവിട്ടുപടികള്‍ കടന്ന് വെള്ളം വാതില്‍ പഴുതുകളിലൂടെ അകത്തേക്ക്‌ പ്രവേശിക്കാന്‍ തുടങ്ങിയിരുന്നു. വളരെ സാഹസപ്പെട്ട്‌ കുട്ടികളുമായി മുകളിലത്തെ നിലയിലുള്ള ബൈജുവിന്റെ വീട്ടിലെത്തുമ്പോഴേക്കും ഒരു വലിയ ദുരന്തത്തിന്റെ വാര്‍ത്തകള്‍ പല വഴികളിലൂടെ ഞങ്ങള്‍ക്ക്‌ കിട്ടിക്കൊണ്ടിരുന്നു.

സമയം വൈകീട്ട്‌ 4.30.
വീടിനു ചുറ്റുമുള്ള വെള്ളത്തിന്റെ ഒഴുക്ക്‌ ഏകദേശം പത്തടിയില്‍ കൂടുതലായി കഴിഞ്ഞിരിക്കുന്നു. അത്‌ മതിലുകളും, കൈവഴികളും, വാഡികളും തകര്‍ത്ത്‌ മഹാപ്രവാഹമായി കുതിക്കുകയാണ്‌. ആ ഒഴുക്കില്‍ പലരുടേയും ആയുഷ്ക്കാല സമ്പാദ്യത്തോടൊപ്പം, വിലയേറിയ കാറുകളും, വലിയ ട്രക്കുകളും, ബസ്സുകളും, വളര്‍ത്തുമൃഗങ്ങളും, പോര്‍ട്ടോ ക്യാബിനുകള്‍ എന്ന് വിളിക്കുന്ന പ്ലൈവുഡ്‌ വീടുകളുമുണ്ടായിരുന്നു. ഏറെ നാളത്തെ ചിന്തകള്‍ക്കും, കണക്കുകൂട്ടലുകള്‍ക്കും ശേഷം വാങ്ങിയ, ഒഴുകിപ്പോകാന്‍ തുടങ്ങിയ എന്റെ കാറിനുനേരെ നോക്കാന്‍ പോലും അശക്തനായി ഞാന്‍ നിന്നു. വ്യക്തിപരമായ എല്ലാ നഷ്ടങ്ങളും മറ്റൊരിക്കല്‍ തിരിച്ച്‌ പിടിക്കാമെന്ന് മനസ്സ്‌ പറയുമ്പോഴും, വീടിനു ചുറ്റും സംഹാരരുദ്രയായി അലറിയൊഴുകുന്ന പ്രളയത്തില്‍ കെട്ടിടം നിലം പൊത്തുമോ എന്നതായിരുന്നു പ്രധാന ആശങ്ക. ബൈജു ധൈര്യം തന്നു, നമ്മള്‍ ആര്‍ക്കുവേണ്ടിയാണോ ജീവിക്കുന്നത്‌, അവരും നമ്മോടൊപ്പമുണ്ടല്ലോ? അഥവാ എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ ഓര്‍ത്ത്‌ ദു:ഖിക്കാനായി നമ്മളാരും ബാക്കിയുണ്ടാവാന്‍ ഇടയില്ല, തീര്‍ച്ചയായും അതൊരു നല്ല ഉറപ്പായിരുന്നു.....

ജലപ്രവാഹം ആര്‍ത്തിരമ്പി തുടര്‍ന്നുകൊണ്ടിരുന്നു..
അടുത്ത ഫ്ലാറ്റുകളില്‍ നിന്നുയരുന്ന കുട്ടികളുടെ കരച്ചിലുകളും, ഒഴുകിവരുന്ന വാഹനങ്ങളില്‍ ആരെങ്കിലുമുണ്ടാകുമോ എന്ന പരസ്പരമുള്ള അന്വേഷണങ്ങളുമായി സമയം വളരെ പതുക്കെ കടന്നുപോയി. ഇതിനിടയില്‍ വൈദ്യുതി ബന്ധവും നിലച്ചു. ഞങ്ങള്‍ താമസിക്കുന്നതിന്ന് കുറച്ച്‌ അകലെയുള്ള ഒരു കമ്പനിയുടെ മേല്‍ക്കൂരയില്‍ അഭയം തേടിയ മലയാളികളടക്കമുള്ള പതിനഞ്ചോളം പേര്‍ കെട്ടിടം തകര്‍ന്ന് ഒഴുകിപോയ വാര്‍ത്തയുമായി ഒരു സുഹൃത്ത്‌ വിളിച്ചു.
അധികം വൈകാതെ ടെലഫോണും നിലച്ചു......

രാത്രി പതിനൊന്നുമണി.
ചെറിയ തോതിലാണെങ്കിലും ഒഴുക്കിന്റെ ശക്തി കുറയുന്നത്‌ ആശ്വാസകരമായി തോന്നി. ഒരു വലിയ ദ്വീപിന്റെ നടുവില്‍ ഒറ്റപ്പെട്ടവരെപ്പോലെ, അന്യോന്യം ധൈര്യം പകരുന്ന നല്ലവാക്കുകളോതി, ചുമരുകള്‍ ചാരിയിരുന്ന് ഞങ്ങളെപ്പോഴോ ഉറങ്ങിപ്പോയി.

ജൂണ്‍ 7, വ്യാഴം.
രാവിലെ അഞ്ച്‌ മണിക്ക്‌ ഉണര്‍ന്ന് ജനലുകള്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ചകള്‍ മനം മടുപ്പിക്കുന്നതായിരുന്നു. വളര്‍ത്തുമൃഗങ്ങളുടെ വിറങ്ങലിച്ച ജഡങ്ങളും, വാഹനങ്ങളും ഗൃഹോപകരണങ്ങളും കളിപ്പാട്ടങ്ങളും തലേദിവസത്തെ ദുരന്തത്തിന്റെ ബാക്കി പത്രങ്ങളായി എങ്ങും ചിതറിക്കിടക്കുന്നു. വെള്ളം ഒരുവിധം ഒഴിഞ്ഞുപോയിരിക്കുന്നു. രണ്ടടിയോളം കനത്തില്‍ പരിസരങ്ങളിലും വീടുകള്‍ക്കുള്ളിലും ചെളി തളം കെട്ടിക്കിടന്നു. അത് പുറത്തേക്കിറങ്ങുന്നത്‌ പോലും ദുഷ്കരമാക്കി. എയര്‍ കണ്ടീഷണറുകളൊഴികെ, ഗ്രൗണ്ട്ഫ്ലോറുകളില്‍ താമസിക്കുന്നവരുടെ മറ്റൊരു വസ്തുവും രക്ഷപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. കാറുകളുടെ കാര്യത്തില്‍ എല്ലാ ഫ്ലോറുകാരും തുല്യദു:ഖിതരായിരുന്നു. ഒന്നുകില്‍ അവ ഒഴുകിപോയിക്കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ ഇടിച്ചു ഞണുങ്ങി ഉപയോഗിക്കാനാവാത്ത വിധം മാറിക്കഴിഞ്ഞിരുന്നു.

പകല്‍ 8 മണി.
ഒരുവിധം സാഹസപ്പെട്ട്‌ ഓരോരുത്തരായി വീടുകള്‍ വിട്ട്‌ പുറത്തിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു ഇപ്പോള്‍. തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ഏതാനും മണിക്കുറുകള്‍ക്കു ശേഷം ഈ ലോകത്തിന് എന്താണ് സംഭവിച്ചതെന്നറിയണം. കൂടെയുള്ളവര്‍ എങ്ങനെ കഷ്ടകാണ്ഡങ്ങള്‍ താണ്ടിയതെങ്ങനെയെന്നറിയണം. പറ്റുമെങ്കില്‍ ഞങ്ങളെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ടി വിയിലൂടെയും മറ്റും അറിഞ്ഞ് കഴിഞ്ഞിരിക്കുന്ന നാട്ടിലുള്ള സ്വന്തം കുടുംബങ്ങളെ വിളിച്ച് നെടുവീര്‍പ്പിലൂടെയെങ്കിലും ഇതാ ഞാന്‍.. ഞങ്ങള്‍.... എന്ന് സാന്ത്വനം പറയണം...

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു, ഇതിന്നിടയില്‍. കുതിച്ചൊഴുകിയ മഹാപ്രളയത്തെക്കുറിച്ച്‌ നിറം പിടിപ്പിച്ച പല കഥകളും പുറത്തു വന്നു. വൈദ്യുതിയും ശുദ്ധജലവും ഇല്ല. ടെലഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു. റോഡുകള്‍ ഒഴുകിപ്പോയി. ഇവയെല്ലാം ചേര്‍ന്ന് ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ദുഷ്കരമാക്കി. എങ്കിലും ദുരന്തവിധികള്‍ക്കു മുന്നില്‍ മാനുഷികമായ കൂട്ടായ്മകള്‍ക്ക് വല്ലാത്ത ഉണര്‍ച്ചകളുണ്ട്. നിസ്സഹായത കൊണ്ട് ഒരു നിമിഷം ചിലപ്പോള്‍ നാം പകച്ച് ഇരുന്നെന്നു വരും. അടുത്ത നിമിഷം നാം ആലസ്യങ്ങളെ കുടഞ്ഞെറിയും. എല്ലാവരും പരസ്പര സഹായം ആവശ്യമുള്ളവര്‍. ഉച്ചയോടെ പ്രദേശത്തെ വിവിധ സ്കൂളുകളില്‍ ക്യാമ്പുകള്‍ സ്ഥാപിക്കപ്പെട്ടു. സ്വന്തം തിരക്കുകള്‍ക്ക് അവധി നല്‍കി ആളുകള്‍ കുടിവെള്ളവും ഭക്ഷണവും ക്യാമ്പുകളില്‍ എങ്ങനെയൊക്കെയോ എത്തിച്ചു. രണ്ടാഴ്ച നീണ്ടു നിന്ന സമാശ്വാസപ്രവര്‍ത്തനങ്ങള്‍ മാനുഷികതയുടെ തിരിനാളം തെളിഞ്ഞ് സ്വയം അങ്ങനെ ആരംഭിച്ചതാണ്. മേല്‍നിര്‍ദ്ദേശങ്ങളില്ലാതെ.

ഭക്ഷണവും, വെള്ളവും, പഴവര്‍ഗങ്ങളും, വസ്ത്രങ്ങളുമടങ്ങിയ നിരവധി ട്രക്കുകള്‍ ക്യാമ്പില്‍ എത്തിക്കൊണ്ടിരുന്നു. ഭക്ഷണ പാക്കറ്റുകളും, വെള്ളവുമായി ചെല്ലുമ്പോള്‍ പല വീടുകളിലും അപ്പോഴും അരക്കൊപ്പം ദുസ്സഹമായ ഗന്ധമുള്ള ചെളി കട്ടിപിടിച്ച്‌ നിന്നിരുന്നു ദിവസങ്ങളോളം. ഇഷ്ടവിഭവങ്ങള്‍ പാചകം ചെയ്തിരുന്ന അടുക്കളകളില്‍ മാലിന്യ കൂമ്പാരങ്ങള്‍. കഴുകി വെടിപ്പാക്കാന്‍ വെള്ളമില്ല. ഏയര്‍കണ്ടിഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി ഇല്ലാത്തതിനാല്‍, കടുത്ത ചൂടില്‍ അസ്വസ്ഥതയോടെ കരയുന്ന കുട്ടികളും, അവരെ ആശ്വസിപ്പിക്കാനാവാതെ വിഷമിപ്പിക്കുന്ന അമ്മമാരും. ഏതു ദുരന്തത്തിന്റെയും പ്രധാന ഇരകള്‍ ഇവര്‍ തന്നെയല്ലേ എപ്പോഴും. അതു മനുഷ്യന്‍ വരുത്തിവയ്ക്കുന്നതായാലും പ്രകൃതി നിര്‍മ്മിക്കുന്നതായാലും! .

ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിച്ചുകൊണ്ട് അമീര്‍ അഹമ്മദും, അഹമ്മദ്‌ റയീസും, അഷറഫും രാത്രി വളരെ വൈകുന്നതു വരെ ക്യാമ്പില്‍ തങ്ങി. സങ്കടങ്ങളും, പരിദേവനങ്ങളുമായി വരുന്ന എല്ലാവരേയും അവര്‍ സമചിത്തതയോടെയും, അനുകമ്പയോടെയും ആശ്വസിപ്പിച്ചു. സ്വന്തം പാഠപുസ്തകങ്ങളുടെ ഭാരത്തിനുമപ്പുറം ജീവിതത്തില്‍ മറ്റൊന്നും പേറിയിട്ടില്ലാത്ത പലരും വലിയ ട്രക്കുകളില്‍ നിന്ന് സാധങ്ങള്‍ ചുമലുകളിലേറ്റി വിതരണം ചെയ്യാന്‍ ഉത്സാഹിച്ചു. ഈ ദിവസങ്ങളിലും ദുരിതാശ്വാസ ക്യാമ്പില്‍ സജീവമായിരുന്ന പേരറിയാത്ത കുറേ മുഖങ്ങളെ ഞാന്‍ ഓര്‍ക്കുന്നു. കൂട്ടത്തില്‍ ദുരന്തം കേട്ടറിഞ്ഞ്‌ ദുബായിയില്‍ നിന്നും ലീവെടുത്ത്‌ ഞങ്ങളൊടൊപ്പം ചേര്‍ന്ന ചാള്‍സിനെ മറന്നാല്‍ തീര്‍ച്ചയായും അതൊരപരാധമാവും.

മാസം രണ്ടുകഴിഞ്ഞു.
ഒമാന്റെ പുരോഗതിയെ രണ്ട്‌ വര്‍ഷം പുറകിലേക്ക്‌ നടത്തുകയും, സാമ്പത്തികമായി 15000 കോടിയില്‍പരം രൂപയുടെ ബാദ്ധ്യതയുണ്ടാക്കുകയും ചെയ്തുവെങ്കിലും ഇപ്പോള്‍ എല്ലാവരും ഗോനു നല്‍കിയ ഞെട്ടലില്‍ നിന്ന് ഏറെക്കുറെ മോചിതരായെന്ന് ആലങ്കാരികമായി പറയാം. എങ്കിലും വലിയ ചില പാഠങ്ങള്‍ എല്ലാവര്‍ക്കും നല്‍കിയാണ്‌ ഗോനു കടന്നുപോയത്‌. ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണത്തിനും, വെള്ളത്തിനും വേണ്ടിയുള്ള നീണ്ട ക്യൂവില്‍ കണ്ട ചില സൗഹൃദങ്ങള്‍ക്കുനേരെ മുഖം തിരിക്കേണ്ടി വന്നിട്ടുണ്ട്‌, അവരെ അത്തരമൊരു അവസ്ഥയില്‍ കാണേണ്ടി വന്നത്‌ എന്റെ വ്യക്തിപരമായ നഷ്ടങ്ങളേക്കാള്‍ വലിയ ദു:ഖമായി എന്നില്‍ ഇപ്പോഴും നിറയുന്നു. ഒരു രാത്രികൊണ്ട്‌ എല്ലാം നഷ്ടപ്പെട്ടവരായിത്തീര്‍ന്നെങ്കിലും, ഈ മണ്ണില്‍നിന്നുതന്നെ ഞങ്ങള്‍ അവയെല്ലാം തിരിച്ചുപിടിക്കുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നവരും കുറവായിരുന്നില്ല. അപകടസന്ധികളാണ് നമ്മുടെ ശരിയായ വ്യക്തിത്വങ്ങളെ പുറത്തിടുന്നത്. ചില സൗഹൃദങ്ങളുടെ പൊള്ളത്തരങ്ങള്‍ പുനര്‍ നിര്‍വചിക്കാനാന്‍ ഉതകിയില്ലേ ഈ പ്രകൃതിദുരന്തം? ആര്‍ എവിടെയൊക്കെ നില്‍ക്കുന്നു എന്നതിരിച്ചറിവു നല്‍കാനും ഗോനു കാരണമായിട്ടുണ്ട്. ചില അഹങ്കാരങ്ങള്‍ക്ക്‌, സ്വയമറിയാത്ത ധാര്‍ഷ്ട്യങ്ങള്‍ക്ക്‌ ശക്തമായ താക്കീതായിരുന്നുവോ ഗോനു? അറിയില്ല. ദുരന്തങ്ങളെ അങ്ങനെ വ്യാഖ്യാനിക്കുന്നത് തീര്‍ത്തും പുരോഗമനപരമായ കാഴ്ചപ്പാടല്ല. എങ്കിലും വ്യഥ അദൃശ്യമായൊരു ചൂരല്‍ ചുഴറ്റി എന്തൊക്കെയോ പറഞ്ഞു തരികയാണെന്ന് ഓര്‍ക്കുന്നതില്‍ ഒരു ഗൃഹാതുര സ്മരണയുണ്ട്. പ്രത്യേകിച്ചും എന്നെ പോലൊരു പ്രവാസിയ്ക്ക്.

നമ്മുടെ ആകാശത്തിനും മുകളില്‍ നിന്ന്, മനുഷ്യന്റെ അഹങ്കാരങ്ങളുടെ സ്വതന്ത്രനിരീക്ഷകനായിരിക്കുകയും തീരെ പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ നമ്മള്‍ അതിരുവിട്ട് ചെയ്തുകൊണ്ടിരിക്കുന്ന തെറ്റു തിരുത്താന്‍ ഇറങ്ങി വരുകയും ചെയ്യുന്ന ഒരു പിതൃരൂപമാണ് ഗോനു എന്നില്‍ ബലപ്പെടുത്തിയ സങ്കല്പം. അങ്ങനെ വിചാരിക്കാനാണ് താത്പര്യം. ശിക്ഷകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമല്ലല്ലോ എന്ന ന്യായവിചാരത്തേക്കാള്‍ പ്രകൃതി നിയമങ്ങള്‍ അവ്യവസ്ഥിതങ്ങളാണെന്ന് വരാതിരിക്കാനാണ് എന്റെ മനസ്സുപൊള്ളുന്നത്. ഒരു പ്രവാസിയ്ക്ക് അവന്‍ ചവിട്ടി നില്‍ക്കുന്ന മണ്ണും ആകാശത്തിലെ നിയമങ്ങളുമല്ലാതെ മറ്റെന്താണ് ആലംബം? വായില്‍ വച്ച രുചികരമായ ആഹാരം ചവയ്ക്കാന്‍ മറന്ന് ഞാനിരുന്നു പോകുന്നത് അത് അങ്ങനെയല്ലാതെ ആയിതീരുമോ എന്ന് ഭയന്നിട്ടാണ്... അല്ല. അതങ്ങനെ ആയിതീരരുതേ എന്നു പ്രാര്‍ത്ഥിച്ചു പോകുന്നതു കൊണ്ടാണ്...

Subscribe Tharjani |
Submitted by Anonymous (not verified) on Thu, 2010-02-25 12:04.

nothing much to say it was simply terrific.carry on with your nice work. god bless

your friend

Submitted by manoj (not verified) on Mon, 2010-07-12 12:57.

blend of perfection in layout...carry on....god bless

MTR