തര്‍ജ്ജനി

സിനിമ

ഉണ്ട് എന്ന അവസ്ഥ

(2007 ജൂലൈ 30-ന്, തന്റെ എണ്‍പത്തിയൊന്‍പതാമത്തെ വയസ്സില്‍ ബെര്‍‌ഗ്‌മന്‍ മരിച്ചു. അദ്ദേഹത്തിന്റെ ആദ്യ ആത്മകഥ ‘മാജിക് ലാന്റേണി’ലെ ഒരദ്ധ്യായം ഇവിടെ കൊടുക്കുന്നു. ‘പ്രതിബിംബങ്ങള്‍: സിനിമയിലെ എന്റെ ജീവിതം’ എന്ന പേരില്‍ മറ്റൊരു ആത്മകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്.)

എനിക്കു പത്തുവയസ്സുള്ളപ്പോള്‍ സോഫിയഹിമെറ്റിലെ മോര്‍ച്ചറിയില്‍ ഒരിക്കല്‍ ഞാന്‍ കുടുങ്ങിപ്പോവുകയുണ്ടായി.

ആല്‍ഗോട്ട് എന്നു പേരുള്ള ഒരു മഞ്ഞമുടിക്കാരനായിരുന്നു മോര്‍ച്ചറി സൂക്ഷിപ്പുകാരന്‍. മരണത്തെക്കുറിച്ചും മരിച്ചവരെക്കുറിച്ചും പറയാന്‍ അയാള്‍ക്ക് വലിയ ഉത്സാഹമായിരുന്നു.

രണ്ടു മുറികളായിരുന്നു മോര്‍ച്ചറിയ്ക്ക്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രിയപ്പെട്ടവരോട് വിടപറയാന്‍ പാകത്തില്‍ പുറത്ത് ഒരു ചെറിയ മുറി. അകത്ത് പരിശോധനകഴിഞ്ഞ ശവങ്ങളെ ശുചിയാക്കി സൂക്ഷിക്കുന്ന വലിയ മുറി.

ശൈത്യകാലത്തെ ഒരു തെളിഞ്ഞ ദിവസം ആല്‍ഗോട്ട് എന്നെ അകത്തെ മുറിയിലേയ്ക്ക് വശീകരിച്ചുകൊണ്ടുപോയി. അപ്പോള്‍ കൊണ്ടുവന്ന ശവത്തെ തുണിമാറ്റി കാണിച്ചുതന്നു. ഒരു ചെറുപ്പക്കാരിയുടെ ശവമായിരുന്നു അത്. നീണ്ട കറുത്ത മുടി, ഉരുണ്ട കവിള്‍ത്തടം, നിറഞ്ഞചുണ്ടുകള്‍. ദീര്‍ഘനേരം ഞാന്‍ അവളെ തന്നെ നോക്കിക്കൊണ്ട് നിന്നു. ആല്‍ഗോട്ട് മറ്റെന്തോ ജോലിയില്‍ വ്യാപൃതനായിരുന്നു. പെട്ടെന്ന് എന്തോ തകര്‍ന്നു വീഴുന്ന ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. പുറത്തെ വാതില്‍ കൊട്ടിയടയ്ക്കപ്പെട്ടതാണ്.

മരിച്ചവര്‍ക്കിടയില്‍ ഞാന്‍ തനിച്ചായി. മരിച്ച സുന്ദരിയെക്കൂടാതെ ആറോ ഏഴോ ശവങ്ങള്‍ ചുമരിനോട് ചേര്‍ന്നുള്ള തട്ടുകളില്‍ അടുക്കിവെച്ചിട്ടുണ്ട്. ഞാന്‍ വാതിലില്‍ ഊക്കോടെ ഇടിച്ചു. ഉച്ചത്തില്‍ ആല്‍ഗോട്ടിനെ വിളിച്ചു. ഫലമുണ്ടായില്ല. പ്രേതങ്ങള്‍ക്കിടയില്‍ ഞാന്‍ കുടുങ്ങിപ്പോയിരിക്കുന്നു. ഏതു നിമിഷവും അതിലേതെങ്കിലുമൊന്ന് എഴുന്നേറ്റ് വന്ന് എന്നെ പിടികൂടാം. ജാലകത്തിന്റെ ചില്ലുപാളികളിലൂടെ സൂര്യപ്രകാശം മുറിയിലെത്തി എന്റെ തലയ്ക്കുമുകളില്‍ താഴികക്കുടം തീര്‍ത്തു. എന്റെ ഹൃദയമിടിപ്പ് എന്റെ കാതുകളില്‍ മുഴങ്ങി. ശ്വാസമെടുക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു. തൊലിപ്പുറത്തും ഉദരത്തിനകത്തും മരവിപ്പിക്കുന്ന തണുപ്പു പടര്‍ന്നു.

ഞാന്‍ സ്റ്റൂളിന്റെ പുറത്ത് കണ്ണടച്ചിരുന്നു. അതെന്റെ ഭീതി വര്‍ദ്ധിപ്പിച്ചതേയുള്ളൂ. പിന്നില്‍ എന്താണ്‍ നടക്കുന്നതെന്ന് എനിക്ക് അറിയണമെന്നായി. അപ്പോള്‍ മയപ്പെട്ട ഒരു മുരള്‍ച്ച മൌനം ഭഞ്ജിച്ചു. അതെന്താനെന്ന് എനിക്കറിയാം. ആല്‍ഗോട്ട് പറഞ്ഞിട്ടുണ്ട് മരിച്ചവര്‍ വളി വിടുമെന്ന്. അതുകൊണ്ട് ആ ശബ്ദം എന്നെ ഭയപ്പെടുത്തിയില്ല. അന്നേരം മുറിക്കു പുറത്തുകൂടെ ചില രൂപങ്ങള്‍ നടന്നു പോകുന്നത് ജാലകത്തിന്റെ മഞ്ഞണിച്ച ചില്ലിലൂടെ ഞാന്‍ കണ്ടു. ശബ്ദവും കേട്ടു. എനിക്കവരെ വിളിക്കണമെന്ന് തോന്നിയില്ല. ഞാന്‍ മുറിയില്‍ അനങ്ങാതെ നിശ്ശബ്ദം ഇരുന്നു. ക്രമേണ രൂപങ്ങള്‍ മാഞ്ഞു. ശബ്ദവും നിലച്ചു.

അകം പൊള്ളിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ശക്തമായ ത്വര എന്നെ കീഴടക്കി. ഞാനെഴുന്നേറ്റ് ശവത്തിനു നേരെ ചെന്നു. അലപ്പം മുന്‍പ് വൃത്തിയാക്കുകയും ചമയിക്കുകയും ചെയ്ത ചെറുപ്പക്കാരിയെ മുറിയുടെ മദ്ധ്യത്തില്‍ നിലത്ത് മരപ്പലകമേല്‍ കിടത്തിയിരിക്കുകയാണ്‌. അവളെ മൂടിയ തുണി ഞാന്‍ മാറ്റി. കഴുത്തു മുതല്‍ അരക്കെട്ടുവരെ നീണ്ടു കിടക്കുന്ന പ്ലാസ്റ്റര്‍ ഒഴിച്ചാല്‍ അവള്‍ തീര്‍ത്തും നഗ്നയാണ്. ഞാന്‍ കൈനീട്ടി അവളുടെ ചുമല്‍ തൊട്ടു. മരനത്തിന്റെ മരവിപ്പിനെപ്പറ്റി ഞാന്‍ കേട്ടിരുന്നു. പക്ഷേ ഈ ചെറുപ്പക്കാരിയുടെ ചര്‍മ്മത്തിനു നല്ല ചൂടാണ്. എന്റെ കൈകള്‍ അവളുടെ മാറിടത്തിലേയ്ക്ക് നീങ്ങി. അത് ചെറുതും അയഞ്ഞതുമായിരുന്നു. കറുത്ത മുലക്കണ്ണ് എഴുന്നു നില്‍ക്കുന്നുണ്ട്. ഉദരത്തിനു താഴെ കറുത്ത രോമങ്ങള്‍. അവള്‍ ശ്വസിച്ചോ? ഇല്ല. വെറുതേ തോന്നിയതാണ്. അവള്‍ വായ തുറന്നതു പോലെ. ചുണ്ടുകള്‍ക്കിടയില്‍ വക്രരേഖയില്‍ വെളുത്ത ദന്തനിര എനിക്കു കാണാം. ഞാന്‍ അവളുടെ ലൈംഗികത കാണാന്‍ പാകത്തില്‍ നീങ്ങി നിന്നു. എനിക്കതൊന്നു തൊട്ടു നോക്കണമെന്നുണ്ടായിരുന്നു. പക്ഷേ ധൈര്യം വന്നില്ല.

പകുതി താഴ്ത്തിയ കണ്‍പോളകള്‍ക്കിടയിലൂടെ അവള്‍ എന്നെ മിഴിച്ചു നോക്കുന്നത് എനിക്കു കാണാമായിരുന്നു. ആകെ കുഴഞ്ഞു മറിഞ്ഞ പോലെ. സമയം എന്നൊന്ന് ഇല്ലാതായി. വെളിച്ചത്തിന് തിളക്കം കൂടി. ആല്‍ഗോട്ട് ഒരിക്കല്‍ തന്റെ സുഹൃത്തിനെപ്പറ്റി പറഞ്ഞത് ഞാനോര്‍ത്തു. ചെറുപ്പക്കാരിയായ ഒരു നേഴ്സിനെ പറ്റിക്കാനായി അയാള്‍ ഒരു ദിവസം ശവത്തിന്റെ മുറിച്ചെടുത്ത കൈ കൊണ്ടു പോയി അവളുടെ കിടക്കവിരിയ്ക്കടിയില്‍ വച്ചു. അടുത്ത ദിവസം രാവിലെ പ്രാര്‍ത്ഥനയ്ക്ക് അവളെ കാണാത്തതുകൊണ്ട് ചെന്നു നോക്കിയപ്പോള്‍ മുറിക്ക് മദ്ധ്യത്തില്‍ നഗ്നയായിരുന്ന് ആ കയ്യിന്റെ തള്ളവിരല്‍ ചവച്ചുകൊണ്ടിരിക്കുകയാണ്. അവളതിന്റെ നഖം പിഴുതുമാറ്റി വിരല്‍ തന്റെ കാലുകള്‍ക്കിടയിലെ ദ്വാരത്തിലേയ്ക്ക് തിരുകി വച്ചു.

ആ നേഴ്സിനെപ്പോലെ എനിക്കും ഭ്രാന്തായി പോകുമോ എന്നു ഞാന്‍ ഭയന്നു. ഞാന്‍ വാതിലിലേയ്ക്കോടി. പെട്ടെന്ന് വാതില്‍ തുറക്കപ്പെട്ടു. പടിയില്‍ ഒരു ചെറുപ്പക്കാരി. അവളെന്നെ കടന്നു പോകാന്‍ അനുവദിച്ചു.

ഈ ഉപാഖ്യാനം ‘ചെന്നായയുടെ സമയം’ എന്ന ചിത്രത്തില്‍ പകര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു. തൃപ്തി വരാത്തതു കാരണം മുറിച്ചു മാറ്റി. ‘പെഴ്സോണ’യുടെ ആമുഖത്തില്‍ അത് ആവര്‍ത്തിച്ചു. ഒടുവില്‍ ‘ക്രൈസ് ആന്‍ഡ് വിസ്പേഴ്സ്’ എന്ന ചിത്രത്തിലാണ് ഉദ്ദേശിച്ച വിധത്തില്‍ പകര്‍ത്തിയത്. അതില്‍ മരിച്ചവര്‍ മരിക്കാത്തവരെ നിരന്തരം ശല്യം ചെയ്യുന്നു.

നല്ലവരും കെട്ടവരും വെറുതെ ശല്യം ചെയ്യുന്നവരുമായ ഭൂതങ്ങളും പ്രേതങ്ങളും ചെകുത്താന്‍മാരും എനിക്ക് യഥാര്‍ത്ഥമായിരുന്നു. അവരെന്റെ മുഖത്തേയ്ക്ക് ഊതി. എന്നെ തള്ളി. പിന്നു കൊണ്ട് കുത്തി. ജഴ്സി പിടിച്ചു വലിച്ചു. അവര്‍ സംസാരിച്ചു. അടക്കം പറഞ്ഞു. ചീറ്റി. സ്പഷ്ടമായ ശബ്ദങ്ങള്‍. പ്രത്യേകമായ അര്‍ത്ഥമൊന്നുമില്ല. എങ്കിലും അവഗണിക്കാന്‍ കഴിയുന്നുമില്ല.

ആനന്ദരഹിതവും പീഡിതവുമായ ഒരു ബന്ധമായിരുന്നു ജീവിതം മുഴുവന്‍ എനിക്കു ദൈവവുമായുണ്ടായിരുന്നത്. വിശ്വാസവും വിശ്വാസരാഹിത്യവും ശിക്ഷയും അനുഗ്രഹവും കരുണയും നിരാസവുമെല്ലാം എനിക്കു യഥാര്‍ത്ഥവും അനുപേക്ഷണീയവുമായിരുന്നു. എന്റെ പ്രാര്‍ത്ഥനകളില്‍ ആധിയും കേഴലും വെറുപ്പും നിരാശയും ദുര്‍ഗന്ധം പരത്തി. “ദൈവമേ എന്നില്‍ നിന്ന് മുഖം തിരിക്കരുതേ..” ദൈവം ഒന്നും പറഞ്ഞില്ല.

ഇരുപതുകൊല്ലങ്ങള്‍ക്കു മുന്‍പ് ഞാന്‍ അത്ര സാരമല്ലാത്ത ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയുണ്ടായി. കൈപ്പിഴമൂലം മയക്കാന്‍ തന്ന മരുന്നിന്റെ അളവു കൂടി. ജീവിതത്തില്‍ നിന്ന് ആറു മണിക്കൂര്‍ തിരോഭവിച്ചു.

നഷ്ടമായ ആറുമണിക്കൂര്‍ എനിക്കു ശാന്തിയേകുന്ന ഒരു സന്ദേശം തന്നു.

“ലക്ഷ്യമൊന്നുമില്ലാതെ നീ ജനിച്ചു. അര്‍ത്ഥമൊന്നുമില്ലാതെ നീ ജീവിക്കുന്നു. മരിക്കുന്നതോടെ നീ ഇല്ലാതാകുന്നു. ഉണ്ട് എന്ന അവസ്ഥയില്‍ നിന്ന് ഇല്ല എന്ന അവസ്ഥയിലേയ്ക്കു മാറുന്നു. അണുക്കളുടെ വര്‍ദ്ധിതമായ അസ്ഥിരതകള്‍ക്കിടയില്‍ ഒരു ദൈവം കുടികൊള്ളണമെന്നില്ല.”

ഈ ഉള്‍ക്കാഴ്ച എനിക്ക് ആധിയും പ്രക്ഷുബ്ധതയും ഉന്മൂലനം ചെയ്യുന്ന ഒരു സുരക്ഷിതത്വ ബോധം പ്രദാനം ചെയ്തു. അതേ സമയം ആത്മാവിന്റെ അസ്തിത്വത്തെ ഞാന്‍ നിഷേധിച്ചതുമില്ല.

[രശ്മി ഫിലിം സൊസൈറ്റി (മലപ്പുറം) പ്രസാധനം ചെയ്ത ‘മാജിക് ലാന്റേണ്‍’ എന്ന കൃതിയില്‍ നിന്ന്. പരിഭാഷ :കെ പി എ സമദ്]

Subscribe Tharjani |
Submitted by kunhikannan vanimel (not verified) on Tue, 2007-09-04 14:03.

bergman's films a study class for our path.