തര്‍ജ്ജനി

അനുഭവം

മലയാളികളായ എന്റെ സഹപ്രവര്‍ത്തകരോട്‌

വേനല്‍ ചൂടിന്റെ തീക്ഷ്ണത ഏറിത്തുടങ്ങിയില്ല. അതിനുമുമ്പേ ജോലിസ്ഥലവും പരിസരങ്ങളും ചൂടുപിടിച്ചു. ചില ജീവനക്കാരുടെ നികൃഷ്ടചിന്തകളും അതോടൊപ്പം തിളച്ചുപൊങ്ങി. വാര്‍ഷിക ചരക്ക്‌ കണക്കെടുപ്പുത്സവത്തിന്‌ കൊടിയേറിയനേരം. വില്‍പന ഇടപാടുകള്‍ക്ക്‌ താത്ക്കാലിക വിരാമം. ചിലര്‍ ആഹ്ലാദഭരിതര്‍. മറ്റുചിലര്‍ മന്ദഗതിക്കാര്‍. ജീവിതവൃത്തിയുടെ വാതില്‍ തങ്ങള്‍ക്കുമുന്നില്‍ തുറന്നു തന്ന ദൈവത്തോട്‌ നന്ദി പ്രകടിപ്പിച്ചും മുറതെറ്റാതെ പറ്റുന്ന മാസവേതനത്തോട്‌ നീതി പുലര്‍ത്തിയും കീ ബോര്‍ഡില്‍ താളം പിടിച്ചും പാതിരാവുവരെ ഇരിപ്പിടങ്ങളില്‍ പൃഷ്ഠവാസം പതിവാക്കിയ വേറെയും ചിലര്‍! തങ്ങളലങ്കരിക്കുന്ന പദവികളുടേ നിലയും വിലയും തിച്ചറിയാന്‍ കഴിയാതെ, അവധാനതയോടെയും സൂക്ഷ്മ നിരീക്ഷണത്തോടെയും പ്രശ്നസങ്കീര്‍ണ്ണതകളെ നേരിടാന്‍ മിനക്കെടാത്ത, സങ്കുചിത താത്പര്യ സംരക്ഷണത്തിന്റെ പര്യായമായ ഒരു പറ്റം ആസുരജന്മങ്ങളുടെ കപട സന്ദേശങ്ങളാല്‍ പ്രകോപിതനായി കലിമൂത്ത്‌ തീതുപ്പുന്ന പരമോന്നതാധികാരിയുടെ ക്രൂരവിനോദങ്ങള്‍ക്കു മുന്നില്‍ പ്രജ്ഞയറ്റ്‌ ചൂളിനില്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു കൂട്ടം കുട്ടി മേലധികാരികളും. അങ്ങനെ ഒരുപാട്‌ ഗുണങ്ങളുള്ള പ്രവാസിജീവനക്കാരാല്‍ "അനുഗ്രഹിക്കപ്പെട്ട" അബുദാബിയിലെ പേരുകേട്ട ഒരു മരുന്നു കമ്പനിയില്‍ എട്ടുവര്‍ഷക്കാലം സേവനമനുഷ്ഠിച്ച്‌ രാജിവെയ്ക്കാന്‍ അപൂര്‍വഭാഗ്യം സിദ്ധിച്ച ഒരു പ്രവാസി മലയാളിയായ ഞാന്‍ ഉള്ളുതുറന്ന് അവസാനമായി കുറച്ചു പറയട്ടേ!!!

പ്രവാസജീവിതത്തിന്റെ തീക്ഷ്ണത ഏറുകയാണ്‌. കൊടിയ വേനല്‍ ചൂടില്‍ അത്‌ പതിന്മടങ്ങ്‌ വര്‍ദ്ധിക്കും. ജന്മനാടിന്റെ ചൂടും ചൂരും നെഞ്ചേറ്റി ഗൃഹാതുരത്വത്തെ മനസ്സില്‍ സന്നിവേശിപ്പിച്ച്‌ എന്നെങ്കിലുമൊരു മടക്കയാത്രയ്ക്ക്‌ കാത്തിരിക്കുന്ന നമ്മളെ സ്വീകരിക്കുവാന്‍ നമ്മുടെ സ്വന്തം നാടുണ്ട്‌ എന്ന ബോധം ഈ പ്രവാസഭൂമിയില്‍ നമ്മളെ കൂടുതല്‍ വിനയാന്വിതരാക്കിയിട്ടേയുള്ളൂ. ഇവിടേ വന്നു ചേരുന്ന പ്രദേശികളായ വിവിധ രാജ്യക്കരുടേ സംക്കാരത്തെയും ജീവിത രീതികളെയും ഭാഷകളെയും സമൂഹ്യക്രമങ്ങളെയും കൌതുകത്തോടെ മാത്രമായിരുന്നു നാം നോക്കിക്കണ്ടത്‌. കൌതുകം കൌശലങ്ങള്‍ക്കു വഴിമാറി വറുപ്പിന്റെയും ആത്മവഞ്ചനയുടെയും മാത്സര്യത്തിന്റെയും പടച്ചട്ടയണിഞ്ഞ്‌ പിന്നീടേറ്റുമുട്ടിയെങ്കില്‍ നമ്മള്‍ അപരാധികളാകുമോ? ഇല്ല, തീര്‍ച്ചയായും അങ്ങിനെയാവാന്‍ തരമില്ല. ജീവിതവൃത്തിക്കായുള്ള നെട്ടോട്ടങ്ങള്‍ക്കിടയിലും അപരന്റെ അത്മാഭിമാനത്തിനുമേല്‍ കാലെടുത്തുവെയ്ക്കാനും എന്നിട്ടവിടെ യഥേഷ്ടം ചിത്രപ്പണി നടത്തുവാനും ധാര്‍ഷ്ട്യം കാണിക്കുന്ന ഒരു വിഭാഗത്തിനു തന്നെ ആ ഏറ്റുമുട്ടലിന്റെ ആദ്യവിത്തുപാകിയതിനുള്ള അംഗീകാരം വകവെച്ചു കൊടുത്തേ തീരൂ.

ജന്മനാട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കപ്പെട്ടവന്‍ ഭൂമിയിലെ ആദ്യപ്രവാസിയെന്ന് ചരിത്രം. പ്രവാസി അഭയാര്‍ത്ഥിയായി. അഭയം കൊടുത്തവരോട്‌ നന്ദിയും വീണ്ടും അഭയം തേടിവന്നവരോട്‌ കരുണയും അവന്‍ കാണിച്ചു. വെട്ടിപ്പിടുത്തവും ആട്ടിയകറ്റലും അവന്‌ അന്യമായിരുന്നു. കാലം മാറി കഥ മാറി. ആട്ടിപ്പുറത്താക്കല്‍ എന്ന പ്രതിഭാസം ഇന്നും അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതിന്‍ കീഴ്പ്പെടാന്‍ തയ്യാറാകാത്തവര്‍ ദുരിതം വാരിത്തിന്നുമ്പോഴും തളരാതെ പൊരുതുകയാണ്‌. പക്ഷേ, ആട്ടിയിറക്കപ്പെട്ടവരില്‍ കുടിലബുദ്ധികളായ ഒരു കൂട്ടര്‍ ഇന്ന് ആട്ടിന്‍പടങ്ങളെപ്പോലെ അലഞ്ഞു നടക്കുന്നില്ല. പ്രവാസജീവിതം അവര്‍ ആഘോഷിക്കുകയാണ്‌. എത്രകാലത്തോലമെന്നു അവര്‍ക്കുതന്നെ അറിയില്ല. അതിനെക്കുറിച്ചവര്‍ക്ക്‌ ഉത്കണ്‌ഠയുമില്ല. രാഷ്ട്രമില്ലാത്ത ഒരു രാഷ്ട്രത്തലവന്‍ അവര്‍ക്കുണ്ടായിരുന്നു. ആതിഥ്യമരുളിയ രാജ്യത്തെ അയല്‍രാജ്യം വിട്ടിവിഴുങ്ങിയപ്പോള്‍ പ്രത്യുപകാരമായി അക്രമിയോടൊപ്പം ചേര്‍ന്നുകൊണ്ട്‌ ഉച്ഛിഷ്ഠം ഭുജിക്കാന്‍ മടിക്കാതിരുന്നയാള്‍. നന്ദികേടില്‍ അന്നു മുതല്‍ ഇക്കൂട്ടര്‍ക്ക്‌ ഉദാത്തമായ മാതൃകയുണ്ട്‌. മന:സാക്ഷി മരവിച്ചുപോയ അഭിശപ്തജന്മങ്ങള്‍.

ഭാഷ ആശവിനിമയോപാധിമാത്രമല്ല, ഏതൊരുസംസ്ക്കാരത്തിന്റെയും ആണിക്കല്ലാണെന്ന്‌ പണ്ഢിതമതം ശരിയായിരിക്കാം പക്ഷേ അതേ ഭാഷതന്നെ ഒരു പ്രവാസഭൂമിയില്‍ സ്ഥാനമാനങ്ങള്‍ക്കുള്ള മുഖ്യമാനദണ്ഡങ്ങളായി ഗണിക്കപ്പെടുമ്പോള്‍ ആട്ടിയിറക്കപ്പെട്ടവര്‍ ആഢ്യപ്രഭുക്കളെപ്പോലെ പെരുമാറുന്നതിനെ എന്തുപറഞ്ഞാണ്‌ വിശേഷിപ്പിക്കുക. ഒരു വിഭാഗത്തോടുള്ള വെറുപ്പ്‌ അവരോട്‌ നീതികാട്ടുന്നതില്‍ നിന്നും നിങ്ങളെ തടയരുതെന്ന് വിശുദ്ധവാക്യം . അത്‌ ഇക്കൂട്ടര്‍ക്ക്‌ വിരസവാക്യം! അവഗണനയും ധിക്കാരവും വഞ്ചനയും സ്വജനപക്ഷപാതവും അതുകൊണ്ട്‌ തന്നെ ഇവിടെ പെറ്റുപെരുകുന്നു. തീവ്രഗൃഹാതുരത്വവും അന്യതാബോധവും അതോടൊപ്പം തൊലിവെളുപ്പിന്റെ അഹന്തയും പേറിനടക്കുന്നവരുടെ (സായിപ്പല്ല) ഭാഷാമുശ്ക്കും നമ്മുടെ അഭിമാനം കളങ്കപ്പെടാന്‍ ഒരിക്കലും നിമിത്തമാകരുത്‌. സ്വയം അടിമത്തം വരിക്കാന്‍ തയ്യാറാകുന്ന ഒരു ജനതയാണ്‌ സമൂഹത്തില്‍ ധിക്കരികളെയും ഏകാധിപതികളെയും സൃഷ്ടിക്കുന്നതെന്നതും ഒരു യാഥാര്‍ത്ഥ്യം. യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ എന്നും നിത്യയൌവനം. പക്ഷേ യൌവനത്തിന്റെ കൂലംകുത്തിയൊഴുക്കില്‍ അപഥസഞ്ചാരം ശീലമാക്കിയവര്‍ക്ക്‌ അതനുഭവിച്ചറിയാന്‍ കഴിയാത്തതും മറ്റൊരു യാഥാര്‍ത്ഥ്യമായി അവശേഷിക്കുമ്പോള്‍ നമുക്ക്‌ പരസ്പരം പഴിചാരാം. അല്ലെങ്കില്‍ ഉറക്കെ ചിരിക്കം അതുമല്ലെങ്കില്‍ സ്വയം ശപിക്കാം. മണല്‍ക്കൂന പോലെ നമ്മെ വളഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ തൊട്ടറിയാന്‍ കഴിയാത്തവര്‍ക്ക്‌ അനുവര്‍ത്തിക്കാവുന്ന ഒരു പുതിയ സമവാക്യമായി ഇതിനെ കാണാം. അങ്ങനെ പ്രവാസഭൂമിയില്‍ അതിജീവശേഷി തെളിയിക്കാം.

നിര്‍ത്തുന്നു, എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞുകൊണ്ട്‌ യാത്ര ചോദിക്കുകയാണ്‌. ഉള്ളില്‍ കുടല്‍ മാത്രമല്ല. ഇരമ്പുന്ന കടലുമുണ്ട്‌. മൂര്‍ച്ചയുള്ള കത്തികൊണ്ട്‌ കുത്തിക്കീറി അതിന്റെ തിരയും പതയും കാണിക്കാന്‍ കഴിയില്ല. ജൂണ്‍-16,2006 മുതല്‍ ഈ മരുന്നു കമ്പനിയിലെ ജീവനക്കാരുടെ ശമ്പളപ്പട്ടികയില്‍ എന്റെ പേരുണ്ടാവില്ല പേരുമായ്ക്കം വേരു മായ്ക്കാന്‍ കഴിയില്ലല്ലോ. പിഴുതെടുത്തുമാറ്റുമ്പോള്‍ ചോര പൊടിയും പേരുള്ളവന്റെ കഥയെക്കാള്‍ വേരുള്ളവന്റെ കഥയ്ക്ക്‌ ചോരയും നീരുമുണ്ടാകും. ജൂതന്‍ ആട്ടിപ്പായിച്ചവരുടെ കൂട്ടത്തില്‍
പൊന്നുവിളയുന്ന നാട്ടിലെത്തപ്പെട്ട ചില സൃഗാലബുദ്ധികള്‍ക്ക്‌ ഇവിടെ ഭാഷതന്നെ വിശിഷ്ടായുധം. അവരുടെ ഭാഷാധാര്‍ഷ്ട്യത്തിന്റെ വിഷബാധയേറ്റ്‌ നമ്മുടെ അത്മാഭിമാനത്തിന്‌ മുറിവേല്‍ക്കാതിരിക്കാന്‍ ചെറുത്തുനില്‍പിന്റെ കരിമ്പടത്തില്‍ അത്‌ പൊതിഞ്ഞു വെയ്ക്കുക.

നിങ്ങള്‍ക്ക്‌ സര്‍വഭാവുകങ്ങളും നേര്‍ന്നുകൊണ്ട്‌

സ്നേഹപൂര്‍വം

മുഹമ്മദ്‌ ഇബ്രാഹീം (കുട്ടി)

Subscribe Tharjani |
Submitted by Rajesh (not verified) on Thu, 2007-09-06 17:13.

Dear Mohammed Ibrahim,
Sahapravarthakarkkumunnil kettazhicha manovedanayil chalichezhuthiya kathu vayichu. Athisundaramayirikkunu. Varikal sookshathayodeyum chankil tharakkunathumanallo! Oru pravasiyaya ente jeevithavum ithrathilulla naravadi anubhavangalkku sakshyam vahichittundu. Thankal rookshayi vimarsikkunna oru vibhagam .. avarathu arhikkunnathu thanneyanu ketto... oru sarasari indian pravasi gulfil neridunnathe thankal paranjittulloo... Thankalkkum chintha online magazinum ente orayiram abhinandanangal nerunnu. Eniyum ezhuthanam.

Best regards,

Rajesh K Nair
P. O. Box: 2445
Abu Dhabi - UAE