തര്‍ജ്ജനി

ഇറച്ചിക്കോഴി മൂന്ന്‌

സൌഹൃദങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും കോഴികള്‍ പ്രാധാന്യത്തോടെ പങ്കെടുത്തു. തീന്‍ മുറികളിലും റസ്റ്റോറന്റുകളിലും കോഴികള്‍ തലയുയര്‍ത്തി നടന്നു. സദ്യകളില്‍ പോലും അവിയലിനും തോരനും പകരം ചില്ലിചിക്കനും ബട്ടര്‍ചിക്കനും പതിവായി. കേരളം ഇത്രയേറെ കോഴികള്‍ക്ക്‌ വിധേയരായ ഒരു കാലം ഇതിന്‌ മുന്‍പ്‌ ചരിത്രത്തില്‍ ഉണ്ടായതായി അറിവില്ല. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഇത്രയേറെ സ്വാധീനം ചെലുത്തുകയും നമ്മുടെ ഭക്ഷണക്രമത്തെ സമൂലം മാറ്റിമറിക്കുകയും ചെയ്ത കോഴികളോടുള്ള ബഹുമാനാര്‍ത്ഥം നമ്മുടെ ടൂറിസം മുദ്രാവാക്യമെങ്കിലും മാറ്റേണ്ട കാലം കഴിഞ്ഞു. ഇനി നമ്മുടെ പരസ്യവാചകങ്ങള്‍ ഇങ്ങനെയാവട്ടെ:
"കേരളം, കോഴികളുടെ സ്വന്തം നാട്‌"