തര്‍ജ്ജനി

ശിവകുമാര്‍. ആര്‍. പി

ഫോണ്‍: 9447761425

ഇ-മെയില്‍: sivanrp@rediffmail.com

Visit Home Page ...

മുഖമൊഴി

മൂന്നടിമണ്ണിന്റെ അര്‍ത്ഥവ്യാപ്തി

ഒരു ഓണം കൂടി കഴിഞ്ഞു.

മറവിയിലാണ്ട പലതിനെയും ചികയാനാണ് ആഘോഷങ്ങളെല്ലാം. കാര്യബഹുലതയാല്‍ വ്യഗ്രമായ മനസ്സുകളെ ജാഗ്രത്താക്കാനാണ് ആചാരങ്ങള്‍. കൊള്ളിയാന്‍ പോലെ അതു ചിലതെല്ലാം നിവേദിച്ചിട്ടു മറയുന്നു. അടുത്ത ആഘോഷകാലം വരെ. ഓണം ത്രസിപ്പിക്കുന്ന ഓര്‍മ്മയല്ല, ക്രിസ്മസ്സിന്റേത്, ബലിപ്പെരുന്നാളിന്റേതില്‍ നിന്നു വ്യത്യസ്തമാണ് വിഷുവിന്റേത്. ഓരോന്നിനും സാര്‍വലൌകികവും പ്രാദേശികവുമായ പതിപ്പുകളുണ്ട്. ഓരോരുത്തരും അവരവര്‍ക്ക് താത്പര്യമുള്ളവ മാത്രം തെരെഞ്ഞെടുത്തു വായിക്കുന്നു. രോമാഞ്ചം കൊള്ളുന്നു. വേദനിക്കുന്നു. ഓര്‍മ്മകളെ അനുഭവങ്ങളാക്കി നിര്‍ത്തുന്നതല്ലാതെ വീണ്ടു വിചാരത്തിനു പ്രേരിപ്പിക്കുന്നില്ലെന്നതാണു് മതപരമായ ഉത്സവങ്ങളുടെ പ്രത്യേകത. എങ്കിലും സമൂഹത്തിന്റെ അനുഭവഘടനകളില്‍ സ്ഥായിയായ ചിലതുണ്ടെന്ന് നമ്മെ തെര്യപ്പെടുത്താന്‍ അവയോളം ധ്വനനശക്തി മറ്റൊന്നിനുമില്ല. അതാണ് അവയുടെ വാസ്തവവും പ്രസക്തിയും.

നടപ്പു രീതികളെ മണ്ണിട്ടുറപ്പിക്കാന്‍ വേണ്ടി മാത്രമാണ് ആഘോഷങ്ങള്‍ ഇങ്ങനെ ആരവാരങ്ങളുമായി വന്ന് കയറിയിറങ്ങി പോകുന്നതെങ്കില്‍ അതിലൊരു ദുരന്തമുണ്ട്. ഒരു ദേശീയ ഉത്സവമായിരിക്കാന്‍ ഓണത്തിനുള്ള യോഗ്യത അതിന്റെ ബാഹ്യമായ പ്രശ്നമാണ്. പേപ്പര്‍ ഇലയും ഇന്‍സ്റ്റന്റു കറികളും ടി വി സിനിമയും കടം വാങ്ങിയുള്ള കിടിലന്‍ ഷോപ്പിങ്ങുമൊക്കെയായി ഓണം അതിന്റെ പുറംകുപ്പായം പുതുക്കിയിട്ടുണ്ട്. ചരിത്രത്തില്‍ പലതവണ അത് ആവര്‍ത്തിച്ചിരിക്കും. അതിനിയും മാറും. കാളനൊപ്പം കാളയും ഓണവിഭവമായി സ്ഥാനം പിടിക്കും. എങ്കിലും അതീത കാലത്ത് നിന്നു് ഇറങ്ങി വരുന്ന യുക്തിയില്ലാത്ത ആ കഥ -മാവേലി മിത്ത്- നിര്‍മ്മിച്ചു കൊടുത്ത പരിവേഷമാണ് ഓണാഘോഷത്തിന്റെ കസവുകര. കയ്യാളുന്നവനും കയ്യടക്കുന്നവനുമിടയില്‍ മൂന്നടിമണ്ണിന്റെ നേര്. നേര്യതുകള്‍ എത്ര മാറിയാലും കരയുടെ പത്തരമാറ്റ് നിലനില്‍ക്കുന്നു.

‘ഓണപ്പാട്ടുകാരില്‍’ വൈലോപ്പിള്ളി സംസ്കൃതിയുടെ തൊട്ടില്‍ക്കാലത്തെയാണ് മാവേലിക്കാലമായി കാണുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനു മാത്രം സ്വന്തമായിട്ടുള്ളതല്ല ആ സങ്കല്‍പ്പം എന്നര്‍ത്ഥം. സംസ്കാരത്തിന്റെ കളിയൂഞ്ഞാലുകളില്‍ മനുഷ്യന്‍ ആടി തുടങ്ങിയ കാലത്തെക്കുറിച്ചുള്ള സ്മൃതികളിലെല്ലാം സന്നിഹിതമായ യാഥാര്‍ത്ഥ്യമാണത്രേ അത്. ബാല്യം, ഗൃഹം എന്നൊക്കെയുള്ള അതിരുകള്‍ വിട്ട് അത് അതിപ്രാചീനമായ, സര്‍വസമത്വം തികഞ്ഞ, ഒരു സെറ്റില്‍മെന്റിനെക്കുറിച്ചുള്ള ആതുരത്വമാകുന്നു. അങ്ങനെയൊന്ന് ഉണ്ടായിരുന്നോ എന്നത് പ്രസക്തമല്ല. ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടോ എന്നതും. അത്തരമൊരു ആവാസവ്യവസ്ഥയുടെ സങ്കല്‍പ്പത്തിനു നമുക്കിനിയും ശേഷിയുണ്ടെന്ന പരിശോധന വര്‍ഷാവര്‍ഷം നടക്കുന്നുണ്ടെന്നുള്ളതാണ് മുഖ്യം. ചൂഷണസാദ്ധ്യത തീരെയില്ലാത്ത മൂന്നടിമണ്ണ് നമ്മുടെ പ്രതീക്ഷയുടെ ഒരു ബാദ്ധ്യതയാണ് ഇനിയും. ആ സങ്കല്പസമത്വം സ്ഥിതി ചെയ്തിരുന്നത് ഒരു ആസുര സാമ്രാജ്യത്തിലായിരുന്നു, ദേവലോകത്തല്ല. പരിഷ്കരിക്കപ്പെട്ട ആസുരതകളെയാണ് നാം ദേവത്വമെന്നു പറഞ്ഞു വരുന്നത്. പരിഷ്കാരത്തിനു വിലക്കുകളും അളവുകളും വേണം. ഇവകളൊന്നുമില്ലാതെ കാടുപിടിച്ചു കിടക്കുന്ന കാല്‍പ്പനികതയിലാണ് മാവേലിനാട് പൂത്തു നിന്നത്. ആ കല്‍പ്പന അത്രയ്ക്ക് ശൈശവമാണ്. അതാണ് അതിന്റെ ആകര്‍ഷണീയതയും അഭിലഷണീയതയും. അതുകൊണ്ട് വാമനന്‍ ചൂടി വന്ന കുട ‘പരിഷ്കാര‘ത്തിന്റെ കുടയാണ് എന്നു പറയാം. പരിഷ്കരിക്കപ്പെട്ട മാവേലിയ്ക്ക് പിന്നെ നാം ഈ കുട നല്‍കി. ഇപ്പോള്‍ അതില്ലാതെ മാവേലിയില്ല. എത്ര സാര്‍ത്ഥകമായ രൂപകം! കഥയില്‍ നിന്നു പുറത്തിറങ്ങി ഇതേ കുടചൂടി പിന്നെ തരം പോലെ വന്നവരൊക്കെ ഇവിടെ മൂന്നടി അളന്നവരാണ്. പുരോഗമനങ്ങള്‍ കൊണ്ടു പിടിച്ചു നടക്കുന്നു. ഒരു മിത്തില്‍ നിരവധി മിത്തുകള്‍. കഥകള്‍ പരസ്പരം കെട്ടി മറിയുന്നു. ഓരോ തവണയും പഴയ ആസുരകാലത്തെ സ്വപ്നഭൂമിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നമ്മില്‍ സാന്ദ്രമായിക്കൊണ്ടിരിക്കുന്നു. നമ്മള്‍ വര്‍ഷാവര്‍ഷം കൃത്യമായി ഓണം കൊണ്ടാടുന്നു.

വെറും മൂന്നടിമണ്ണിന്റെ പ്രശ്നവുമായിട്ടായിരുന്നു വാമനന്‍ മഹാബലിയുടെ തലയില്‍ ചവിട്ടാന്‍ കാലും പൊക്കിപ്പിടിച്ചു നിന്നത്. ഒരു ജനത, തങ്ങളുടെ സ്വപ്നങ്ങള്‍ നോക്കിയിരിക്കേ പൊലിഞ്ഞു പോകുന്നതായി ഭാവന ചെയ്തത് ആ കുള്ളന്‍ പാദങ്ങളെ ധ്യാനിച്ചാണ്. വാമനന്റെ വാമനത്വം (പൊക്കക്കുറവ്) നമ്മുടെ നിരീക്ഷണത്തിന്റെ വൈകല്യമായിരുന്നു. ഗോപീകൃഷ്ണന്റെ (മാതൃഭൂമി) ഒരു കാര്‍ട്ടൂണില്‍ ആറ്റം ഘടനയുടെ കുടയും ചൂടി നില്‍ക്കുന്നത് പ്രസിഡന്റ് ബുഷാണ്. അണ്വായുധകരാറിന് ഭൃംഗാരകമായിരിക്കാന്‍ കഴിയില്ലെന്ന് ആരാണ് പറയുക. അങ്ങനെ നോക്കുമ്പോള്‍ മൂന്നടിമണ്ണിന്റെ അര്‍ത്ഥവ്യാപ്തി വളരെ വലുതാണ്. നമ്മെ ചൂഴ്ന്നു നില്‍ക്കുന്ന എന്തിലും അദൃശ്യനായ ഒരു വാമനന്റെ ഉയര്‍ത്തി വച്ച പാദമുണ്ട്. പ്രത്യേക സാമ്പത്തിക- ടൂറിസ്റ്റു മേഖലകള്‍, ഭീമന്‍ വാണിജ്യ ശൃംഖലകള്‍, ശാസ്ത്ര സാങ്കേതികത, മാദ്ധ്യമപ്രവര്‍ത്തനം, വിദ്യാഭ്യാസം, ആരോഗ്യം, ഫിനാന്‍സ്, പൊതുമരാമത്ത്, പഞ്ചായത്തുകള്‍, കല, മുത്തങ്ങ, നന്ദിഗ്രാം, ഖമ്മം ‍...

പുറം തോടിനുള്ളിലിരുന്നുണങ്ങി ഫോസിലായിത്തീരാത്ത പുരാവൃത്തങ്ങള്‍ക്ക് സാമൂഹിക യാഥാര്‍ത്ഥ്യത്തെ തൊട്ടുനില്‍ക്കുന്ന കനത്ത വേരുകളുണ്ടാവും. ആ വേരുകളാണ് വിവാദങ്ങള്‍‍ക്കിടയിലും ചിലതരം ആഘോഷങ്ങളെ തടിയുണക്കാതെ നില നിര്‍ത്തുന്നത്. ശിരസ്സില്‍ ചവിട്ടി താഴ്ത്തുക എന്ന അവഹേളനത്തെ ഒരു ഉത്സവമാക്കി തീര്‍ക്കാന്‍ നമുക്ക് കഴിഞ്ഞു. കാല്‍ച്ചവിട്ട് അധികാരത്തിന്റേതാണെങ്കില്‍ നമുക്ക് ആശങ്കയെന്തിന്? വിധേയത്വം നിരുപാധികമാവുമ്പോള്‍ പിന്നെ ചോദ്യങ്ങളെന്തിന്? അതും ചവിട്ടാനുയരുന്ന പാദങ്ങള്‍ നിത്യേനയെന്നോണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ ആഗോളീകരണകാലത്ത്. മാവേലിയില്‍ നാം മറ്റാരെയുമല്ല, നമ്മെ തന്നെയാണ് കാണുന്നതു്. ഇരിക്കപിണ്ഡങ്ങള്‍ കൊണ്ട് അങ്ങനെ ഓണം വമ്പിച്ച ആഘോഷമായി തീരുന്നു.

Subscribe Tharjani |
Submitted by O.K. Sudesh (not verified) on Tue, 2007-09-04 16:23.

എന്തായിരുന്നിരിയ്ക്കാം മഹാബലി ചെയ്ത കുറ്റം?

മാനുഷരെല്ലാം ഒന്നുപോലെ എന്നു പാടിപ്പിച്ചതു തന്നെയായിരുന്നിരിയ്ക്കുമോ? കാരണം, ഒന്നുപോലിരുന്ന ആ ജനത്തിനിടെ രാജാവ്‌ മാത്രം വേറിട്ടു നിന്നു. അങ്ങിനെയായിരുന്നിരിയ്ക്കുമോ മഹാബലിയ്ക്ക്‌ അസുരത്വത്തിന്റെ ലെയ്ബല്‍ ഒട്ടിച്ചുകിട്ടുക. കക്ഷിയ്ക്കെതിരെ lobbying നടക്കുക?

അതോ പ്രജകളേയെല്ലാം 'ഒന്നു'പോലെ ചുമരുചാരി നിറുത്തി പളുങ്ങിയതിനായിരിയ്ക്കുമോ? എന്നിട്ട്‌ മൊത്തമൊരു ദീനരോദനം നൂറ്റാണ്ടുകളപ്പുറത്തേയ്ക്കുപോലും ലളിതഗാനമായി ചമപ്പിച്ചതിന്‌?

എങ്ങിനെ നോക്കിയാലും വാമനന്‍ നല്ലൊരു കാര്യമാണ്‌ ചെയ്തത്‌ എന്നതിനെ തെറ്റായി വായിച്ചുകൂടാ. ജനമെല്ലാം അക്കാലത്തുതന്നെ ഒരുപോലെ വരവുണ്ടാക്കുകയും അതുപോലെ ചിലവാക്കുകയും ചെയ്തിരുന്നുവെങ്കില്‍, ഇന്നത്തെ നമ്മുടെ ഗതിയെന്താകുമായിരുന്നേനെ! global warming കാരണം എന്നേ നമ്മുടെ ഈ ഒരു scoop globe മൂന്നിലൊന്നായി ചുരുങ്ങിയേനെ!

ഇതിനാല്‍, ഇതൊന്നിനാല്‍ മാത്രം, വാമനന്റെ myth മുതുനെല്ലിയ്ക്ക പോലെയാണെന്നത്‌ കണ്ടറിയാന്‍ മേലേ? ...ആദ്യം ചവര്‍ക്കും; പിന്നെ മധുരിയ്ക്കും.

(അല്ല, ശിവകുമാര്‍, കഥകള്‍ യുക്തിഭരമാണെന്ന്, -മാവണമെന്ന്, ആരുചൊല്ലി? അതങ്ങിനെയാവാത്തതിനാലല്ലേ, കഥകളായിരിയ്ക്കുകയും സര്‍ഗ്ഗാത്മകമായിരിയ്ക്കുകയും, ആകയാല്‍ സുന്ദരമായിരിയ്ക്കുകയും ചെയ്യുന്നത്‌? ഹല്ല! അദ്ഭുതം കൂറിപ്പോയി, കേട്ടോ.)