തര്‍ജ്ജനി

മുഖമൊഴി

പള്ളിക്കൂടം വിട്ട് തെരുവിലേയ്ക്ക്

2007-2008 വിദ്യാഭ്യാസവര്‍ഷം ‘കാര്യക്ഷമതാവര്‍ഷ’മായി ആചരിക്കാനാണ് കേരള സര്‍ക്കാരിന്റെ തീരുമാനം. പൊതുവിദ്യാഭ്യാസരംഗം അത്രയൊന്നും കാര്യക്ഷമമല്ലെന്ന നിഗൂഢധ്വനിയുണ്ട് ഈ ആചരണാഹ്വാനത്തിന്. ‘കേരളമാതൃക’എന്നൊക്കെ പലപാട് കേട്ട് രോമാഞ്ചം കൊണ്ടിട്ടുള്ള പൊതുസമൂഹത്തിലെ ശുദ്ധഗതിക്കാരായ ഭൂരിപക്ഷത്തിനും നമ്മുടെ വിദ്യാഭ്യാസമേഖലയിലെ നടപ്പുദോഷങ്ങളെക്കുറിച്ചോ കാര്യക്ഷമതയില്ലായ്മയെക്കുറിച്ചോ വലിയ വേവലാതിയൊന്നുമുണ്ടായിരുന്നില്ല. ‘കൊച്ച് ഇംഗ്ലീഷു പറയണം, സയന്‍സെടുത്ത് മെഡിസിനോ എഞ്ചിനീയറിംഗിനോ കിട്ടുവോ എന്നു നോക്കണം‘. ഇങ്ങനെ ചില അടിസ്ഥാന ആഗ്രഹങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് മദ്ധ്യവര്‍ഗത്തിന്റെ വിദ്യാഭ്യാസസ്വപ്നങ്ങള്‍. അവര്‍ക്ക് അതിനപ്പുറത്ത് ചിന്തിക്കേണ്ട കാര്യമില്ല. കുറച്ചുപേരെ സംബന്ധിക്കുന്ന ‘സ്വാശ്രയകോളേജുകളും ന്യൂനപക്ഷപദവി‘ പ്രശ്നങ്ങള്‍ നേടിയെടുക്കുന്ന വാര്‍ത്താപ്രാധാന്യം ഭൂരിപക്ഷത്തെയും അടുത്ത തലമുറയെയും സംബന്ധിക്കുന്ന പൊതുവിദ്യാഭ്യാസ പ്രശ്നത്തിന് ലഭിക്കാത്തത്. കാരണമെന്തായാലും, പ്രാഥമികതലം മുതല്‍ വിദ്യാഭ്യാസരംഗമാകെ കേരളത്തില്‍, തകരാറിലായിക്കിടക്കുകയാണെന്നും അതു പരിഷ്കരിക്കേണ്ടതാണെന്നും അതിനുവേണ്ടി കോടികള്‍ തന്നെ ചെലവഴിക്കേണ്ടതാണെന്നും തോന്നിയത് ലോകബാങ്കിനും അതിന്റെ അനുസാരികള്‍ക്കുമാണ്. അങ്ങനെയാണ് ഡി പി ഇ പി യ്ക്കു 537 കോടിയും അതിനുശേഷം വന്ന സര്‍വ ശിക്ഷാ അഭിയാന് 1300 കോടിയും നല്‍കാന്‍ ബാങ്ക് തീരുമാനിക്കുന്നത്. കോടികള്‍ ചെലവഴിക്കപ്പെട്ടു. ഇനി കോടികളുണ്ട് ചെലവഴിക്കാന്‍! ഈ ചെലവഴിക്കല്‍ പ്രക്രിയയുടെ ഊര്‍ജ്ജസ്വലതയിലാണ് നമ്മുടെ ‘കാര്യക്ഷമതാ കൊണ്ടാട്ട‘ത്തിന്റെ സത്ത മുഴുവനുമിരിക്കുന്നത്.

ഒട്ടനവധി പരിപാടികളാണ് അതോടനുബന്ധിച്ചിപ്പോള്‍ അരങ്ങു കൊഴുപ്പിക്കുന്നത്. മൈനസ് ടു മുതല്‍ പ്ലസ് ടു വരെ ഒറ്റകുടക്കീഴിലാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍‌തൂക്കം. പാഠ്യപദ്ധതികള്‍ നേരത്തെ തന്നെ പരിഷ്കരിക്കപ്പെട്ടു. സിലബസ് പരിഷ്കരണമല്ല. ബോധനരീതി തന്നെ. പക്ഷേ അദ്ധ്യാപകര്‍ മാറുന്നില്ലല്ലോ. ഉയര്‍ന്ന ക്ലാസ്സില്‍ പഠിപ്പിക്കാന്‍ അധിക യോഗ്യത വേണമെന്ന തീരുമാനത്തെ സമരം ചെയ്തു തോത്പിച്ച ചരിത്രമുള്ളവരാണ് അവര്‍. പണ്ടു ബിയെഡ് ക്ലാസ്സുകളിലെ സ്കിന്നറും ബ്രൂണരുമാണ് ഇപ്പോഴും അവരുടെ ബോധനരീതിയുടെ ആധാരശിലകള്‍. അതുകൊണ്ട് വിദ്യാര്‍ത്ഥികളോട് എന്തു ചെയ്യരുതെന്ന് പരിശീലനക്ലാസ്സില്‍ അവരെ ഉപദേശിക്കുന്നുവോ അതു തന്നെ ചെയ്തു കൊണ്ടു- കണ്ണുരുട്ടിക്കാണിച്ചും അച്ചടക്ക നടപടികള്‍ സ്വീകരിക്കും എന്ന് ആണയിട്ടും- അവരെ സര്‍ക്കാര്‍ അനുസരണ പഠിപ്പിക്കുന്നു. പരിശീലനങ്ങള്‍ക്കു ശേഷവും പഴയപടി ഉദാസീനതയോടെ അവര്‍ ക്ലാസ്സിലെയ്ക്കു മടങ്ങി, കാണാതെ പഠിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ഉപന്യസിക്കുന്നു. വിവിധ ഏജന്‍സികള്‍ വിവിധതലത്തില്‍ പരിശീലന പരിപാടികള്‍ തലങ്ങും വിലങ്ങും നടത്തുന്നുണ്ട്. ബി ആര്‍.സി, എസ്. സി ആര്‍. ടി, സി മാറ്റ്.... അങ്ങനെ. അതിനും പുറമേ മാസം തോറും ഒരേ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അന്‍പതു അദ്ധ്യാപകരുടെ ക്ലസ്റ്റര്‍ ഏതെങ്കിലും ഒരു സ്കൂളില്‍ വച്ചു കൂടണം. തെരെഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകര്‍ മോണിട്ടറിംഗിനായി സ്കൂളുകള്‍ സന്ദര്‍ശിക്കണം.

വര്‍ഷാരംഭത്തില്‍ തന്നെ വിദ്യാഭ്യാസമന്ത്രി അദ്ധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചപ്രകാരം പത്തു ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമാക്കാമെന്ന് തീരുമാനിച്ചിരുന്നതാണ്. പക്ഷേ തുടര്‍ച്ചയായ അഞ്ചു പ്രവൃത്തിദിവസത്തിനു ശേഷമുള്ള ശനിയാഴ്ച ജോലിക്കു വരുന്നതല്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ അന്നേ ചെക്കു വച്ചു. ജൂണ്‍ 16 ശനിയാഴ്ച നടത്തേണ്ടിയിരുന്ന ഹൈസ്കൂള്‍ അദ്ധ്യാപകരുടെ ആദ്യ ക്ലസ്റ്റര്‍ ഈ ന്യായം പറഞ്ഞ് അവര്‍ പൊളിച്ചു. അത് 23-നു വ്യാഴാഴ്ച സ്കൂളുകള്‍ക്ക് അവധി നല്‍കി നടത്തേണ്ടി വന്നതോടെ കാര്യക്ഷമതയുടെ 200 സാദ്ധ്യായദിവസങ്ങള്‍ എന്ന സങ്കല്‍പ്പം ആദ്യമാസം തന്നെ പൊളിഞ്ഞു പാളീസായി. ഇപ്പോഴും ക്ലസ്റ്ററുകള്‍ ബഹിഷ്കരണവും പ്രതിഷേധങ്ങളുമായി കൊഴുക്കുന്നു. യുവജനസംഘടനകള്‍ അദ്ധ്യാപകരെ അകത്തുകയറ്റി ഗേറ്റു പൂട്ടിയിട്ട് ക്ലസ്റ്ററുകള്‍ നടത്തി സര്‍ക്കാരിനു പിന്തുണ നല്‍കുന്നു. പൊതു വിദ്യാഭ്യാസരംഗത്തെ പുത്തന്‍ പരിഷ്കരണങ്ങള്‍ക്കെതിരെ വാല്വേഷന്‍ ക്യാമ്പ് ബഹിഷ്കരിച്ച് പ്രതികരിച്ച അദ്ധ്യാപകരെയും എതിര്‍ സംഘടനക്കാര്‍ ഓടിച്ചിട്ടു തല്ലി. പ്രബുദ്ധകേരളം !

സ്കൂളുകളില്‍ SRG(സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്) കൂടണം. സ്കൂള്‍ വിഷയസമിതികള്‍ വേണം. സ്കൂളുകളിലും അതതു വിഷയങ്ങളിലും ചെയ്യാന്‍ പോകുന്ന കാര്യങ്ങളുടെ ഏകീകരണത്തിനാണ് അത്. അവര്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ ഒരു പഞ്ചായത്തിലെ മുഴുവന്‍ സ്കൂളുകളെയും ഒന്നിച്ചണിനിരത്തുന്ന ‘പഞ്ചായത്തുതല സ്കൂള്‍ കോം‌പ്ലക്സുകളില്‍‘ അവതരിപ്പിക്കേണ്ടതുണ്ട്. ഒരു പഞ്ചായത്തിലെ വിവിധസ്കൂളുകളിലെ ഒരേ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ കൂട്ടായ്മയായ ‘വിഷയ സമിതികള്‍‘ മൂന്നു മാസത്തിലൊരിക്കലാണ് കൂടേണ്ടത്. പഞ്ചായത്തു തല അക്കാദമിക് കോര്‍ കമ്മറ്റികള്‍, മോണിറ്ററിംഗ് കമ്മിറ്റികള്‍ എന്നിവ വേറെയുണ്ട്. അവര്‍ സ്കൂളുകളിലെ അക്കാദമിക് കാര്യങ്ങളെ കുറിച്ച ജാകരൂകരായ്ക്കൊള്ളും. ഇതിങ്ങനെ ജില്ലാ, സംസ്ഥാനം എന്ന് നീണ്ടു പോകും. ഒന്നിച്ചു കൂടാനുള്ള ഫണ്ട് ഉള്ളതുകൊണ്ട് യോഗങ്ങള്‍ നടന്നു പോകുന്നുണ്ട്. താഴേ തട്ടില്‍ മുറുമുറുപ്പും ചില്ലറ പ്രതിഷേധങ്ങളുമൊക്കെയുണ്ട്. കാര്യമില്ല. സര്‍ക്കാരു കാര്യമാണ്. അതു മുറപോലെ നടക്കും. മേലേയ്ക്ക് മേലേയ്ക്ക് ചെല്ലുന്തോറും ആളോഹരി കൂടികൂടി വരുന്നതു കൊണ്ട്.. സര്‍വ സമ്മതം. ഇങ്ങനെയൊക്കെ തന്നെ വേണം. പൊതുവിദ്യാഭ്യാസത്തില്‍ സമൂല പരിവര്‍ത്തനം

തേങ്ങയാണോ പിണ്ണാക്കാണോ എന്നു തിരിച്ചറിയാന്‍ വയ്യാത്തവരുടെ ഇടയിലേയ്ക്കാണ് ആക്ടിവിറ്റി കലണ്ടറും പ്രാദേശിക വിഭവ സമാഹരണവും പഠനസാമഗ്രി കൈമാറ്റവും മോണിറ്ററിംഗും വിഷയസമിതിയും കണ്‍സ്ട്രക്ടീവിസവും കിടുപിടിയും ഒക്കെക്കൂടി ആകാശത്തു നിന്ന് പൊട്ടി വീണതു പോലെ പെട്ടെന്നൊരു ദിവസം അവതരിച്ചിരിക്കുന്നത്. ഒക്കെയും ഇറക്കുമതി ചരക്കുകളാണ്. വട്ടിപ്പലിശകാരന്‍ എഴുതികൊടുത്ത കുറിമാനങ്ങള്‍. തൊട്ടു നോക്കിയും നക്കിയും രുചിയറിഞ്ഞ് സംഗതിയെന്താണെന്നു മനസ്സിലായിവരാനെടുക്കുന്ന സമയം ഇവിടങ്ങളിലൊന്നും വരവു വച്ചിട്ടില്ല. ‘കാര്യക്ഷമത‘ മാത്രം വിട്ടുവീഴ്ചയ്ക്കു വശംവദയാവാതെ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. പഞ്ചായത്ത് അംഗങ്ങള്‍ അദ്ധ്യാപരുടെ കാര്യങ്ങളില്‍ വര്‍ദ്ധിതവീര്യത്തോടേ ഇടപെട്ടു തുടങ്ങിയതിന്റെ വാര്‍ത്തകള്‍ അവിടവിടെയായി പൊങ്ങുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് ധാരണയൊന്നുമില്ല. വായ്പ വാങ്ങാന്‍ സര്‍ക്കാര്‍ ഒപ്പിട്ടുകൊടുത്ത ഉടമ്പടി പത്രത്തിലെ വ്യവസ്ഥകളിലൊന്നായിരുന്നു അതെന്നറിയാം. ആ പണം വച്ചാണല്ലോ കളി. സ്കൂളുകള്‍ തങ്ങളുടെ കീഴിലാണെങ്കില്‍ ‍നോക്കാം ഞങ്ങള്‍ ഭരിച്ചാലും ‘ഭരുമോ‘ എന്ന്‌ ! ഇതാണ്` അവസ്ഥ.

പണം തരുന്നവരുടെ അജണ്ടകളെ നടത്തികൊടുക്കാനുള്ള ഇച്ഛാശക്തിയില്‍ കവിഞ്ഞ പ്രതിഭാബലം ഭരണകൂടങ്ങള്‍ക്ക് ആവശ്യമില്ല എന്നാണ് വിദ്യാഭ്യാസരംഗത്തെ ആശയക്കുഴപ്പങ്ങള്‍ കാട്ടിത്തരുന്നത്. 1958-59 കാ‍ലത്ത് നിലവില്‍ വന്ന വിദ്യാഭ്യാസനിയമം സി പി നായരുടെ നേതൃത്വത്തില്‍ മാറ്റിയെഴുതപ്പെടുകയാണ്. കാലോചിതമായ പരിഷ്കരണങ്ങളെ ആര്‍ക്കെങ്കിലും കുറ്റം പറയാന്‍ പറ്റുമോ? എന്നാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളെ ഒന്നാകെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഏല്‍പ്പിക്കുക. വിദ്യാഭ്യാസ നടത്തിപ്പിനായുള്ള ഫണ്ട് പ്രാദേശികമായി കണ്ടെത്തുക. പ്രാദേശിക വിഭവ ലഭ്യതയെ അടിസ്ഥാനമാക്കി പാഠ്യക്രമം രൂപപ്പെടുത്തുക. അക്കാദമിക കാര്യങ്ങളെ വികേന്ദ്രീകരിക്കുക തുടങ്ങിയ “ടേംസ് ഓഫ് റഫറന്‍സുകള്‍’ കേള്‍ക്കാന്‍ സുഖമുള്ളതു പോലെയാവില്ല നടപ്പില്‍ വരുമ്പോള്‍. ഡി പി ഇ പി വക ചെലവഴിക്കപ്പെട്ട ഫണ്ടുകളുടെ സ്മാരകങ്ങള്‍ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ ചെന്നാല്‍ കാണാം. അഴിമതിയുടെ ലോകറാങ്കിംഗില്‍ അത്ര നിസ്സാരമല്ലാത്ത സ്ഥാനം നേടിയെടുത്തിരിക്കുന്ന ഇന്ത്യപോലൊരു മഹാരാജ്യത്ത് കോടികള്‍ ഒഴുകുന്ന വഴിയില്‍ ഒരു നീര്‍ച്ചാലുകൂടി മിച്ചം കാണില്ല. അപ്പോള്‍ തിരിച്ചടവ്, പലിശയുള്‍പ്പടെ എങ്ങനെയാണ് നമ്മുടെ ദരിദ്രനാരായണ(ണി)ന്മാര്‍ നിര്‍വഹിക്കാന്‍ പോകുന്നത്? വായ്പ തിരിച്ചടച്ചു തുടങ്ങേണ്ട 2010-നു ശേഷമുള്ള സര്‍ക്കാര്‍ വക പള്ളിക്കൂടങ്ങളുടെ സ്ഥിതിയെന്തായിരിക്കും? വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ക്കായി നല്‍ക്കുന്ന ഗ്രാന്റ് ആണിതെന്നും 2010-ല്‍ അതു നിലയ്ക്കുമെന്നും ഒരു പാഠഭേദം കൂടി ഈ കോടികളുടെ കഥയ്ക്കുണ്ട്. എങ്കിലും ആശങ്കകള്‍ അവസാനിക്കുന്നില്ല. എന്തിന്, ആര് ഇങ്ങനെയൊരു ഗ്രാന്റ് ഇവിടെകൊണ്ടിറക്കി? പകരം എന്താണ് അവര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത്?

സ്വാശ്രയ അനുപാതങ്ങള്‍ കൂട്ടിയും കിഴിച്ചും മുന്നേറുന്നതിനിടയില്‍ മാദ്ധ്യമങ്ങള്‍ പോലും കാണാതെ പോകുന്നത് അതിനേക്കാള്‍ ഇരട്ടി പ്രാധാന്യമര്‍ഹിക്കുന്ന പൊതുവിദ്യാഭ്യാസത്തിന്റെ ഭാവിയാണ്. ഒരു തലമുറയെ മുഴുവന്‍ ബാധിക്കുന്ന വിദ്യാഭ്യാസത്തില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജനാധിപത്യഭരണകൂടത്തിന് ചില ബാദ്ധ്യതകളൊക്കെയുണ്ട്. കാര്യക്ഷമത കൂട്ടുന്ന തിരക്കിലായതു കാരണം മറ്റൊരു കാര്യവും വിശദീകരിക്കാന്‍ സര്‍ക്കാരിനാവുന്നില്ല. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഇപ്പോള്‍ നിത്യ സംഭവമാണ്. പണ്ട് പേടിസ്വപ്നമായിരുന്ന എസ് എസ് എല്‍ സിയ്ക്ക് ഒരു വിഷയം ജയിക്കാന്‍ അഞ്ചു മാര്‍ക്കു മതിയാവും.അതാണ് പുതിയ പരിഷ്കാരം. ഈ വര്‍ഷത്തെ വിജയ ശതമാനം 91.44. അദ്ധ്യാപകര്‍ മാറിയില്ല. കുട്ടികള്‍ മാറിയില്ല. സിലബസ്സ് മാറിയില്ല. വിദ്യാഭ്യാസമന്ത്രി മാത്രം മാറിയപ്പോഴേയ്ക്കും തോല്‍ക്കാനാരുമില്ല എന്ന അവസ്ഥ. എല്ലാവരും ജയിച്ചാല്‍ പിന്നെ SSLC മാമാങ്കത്തിനെന്തു പ്രസക്തി? ചുരുങ്ങിയ കാലം കൊണ്ട് ആ പരീക്ഷ അപ്രസക്തമായി തീരും. ആ ചെലവ് അങ്ങനെ ലാഭിക്കാം. അത് വായ്പാ തിരിച്ചടവിലേയ്ക്ക് ഉപയുക്തമാക്കാനാണ് സമ്പൂര്‍ണ്ണ വിജയനാടകം.

ജയിച്ചവര്‍ക്കൊക്കെ തുടര്‍ന്നു പഠിക്കണ്ടേ? അതിനു വല്ല സൌകര്യവുമുണ്ടോ ‘ദൈവത്തിന്റെ സ്വന്തം രാജ്യത്തില്‍‘? റിസള്‍ട്ട് വന്ന് മാസം ഒന്നര കഴിഞ്ഞിട്ടും പ്ലസ് വണ്‍ അഡ്മിഷന്‍ എങ്ങുമെത്തിയിട്ടില്ല. പാഠപുസ്തകങ്ങള്‍ കിട്ടാനില്ല. ഈ നിലയ്ക്ക് സംസ്ഥാനത്ത് ഇത്തവണ ആദ്യ ടെം പരീക്ഷയെങ്ങനെ നടത്തും? പുനഃപരീക്ഷാ തീയതി പലപ്രാവശ്യം മാറ്റി. യു പി-ഹൈസ്കൂള്‍ അദ്ധ്യാപകര്‍ സഹകരിക്കാത്തതിനാല്‍ ശനിയാഴ്ചകളില്‍ നടക്കേണ്ട സ്കൂള്‍ തല യോഗങ്ങള്‍ നടക്കുന്നില്ല. അല്ലെങ്കില്‍ യോഗങ്ങള്‍ക്കു വേണ്ടി സ്കൂളിനു തന്നെ അവധി നല്‍കണം. ഈ വിവിധ സമിതികള്‍ക്കും ഉപസമിതികള്‍ക്കും റിപ്പോര്‍ട്ടെഴുത്തുകള്‍ക്കും മോണിട്ടറിംഗിനും പരിശീലനങ്ങള്‍ക്കും പാഠപ്രവര്‍ത്തനങ്ങളുടെ മാക്രോ-മൈക്രോ ലെവല്‍ ആസൂത്രണങ്ങള്‍ക്കും മറ്റും മറ്റും ഇടയില്‍ കുട്ടികളോടൊപ്പം ചെലവഴിക്കാനുള്ള സമയവും മാനസികശേഷിയും എവിടുന്നു കിട്ടും? ഈ പൊല്ലാപ്പുകളൊന്നുമില്ലാതെ പഠനം നടക്കുന്ന CBSE, ICSE സിലബസ് സ്കൂളുകളിലേയ്ക്ക് രക്ഷാകര്‍ത്താക്കളുടെ ശ്രദ്ധ തിരിയും. ആ വഴിക്ക് ചില സൂചനകള്‍ മാദ്ധ്യമങ്ങള്‍ നല്‍കി തുടങ്ങിയിരിക്കുന്നു.

ഈ ആരവാരങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം കാര്യമായി കുറയുന്നുണ്ട്. 1:45 എന്ന അനുപാതം കുറച്ചില്ലെങ്കില്‍, ആയിരത്തിലധികം അദ്ധ്യാപകര്‍ ജോലി നഷ്ടപ്പെടുമെന്ന ഭീഷണിയിലാണ് , ഈ വര്‍ഷവും. ചുരുക്കത്തില്‍ DPEP തൊട്ട് ആരംഭിച്ച ‘കാര്യക്ഷമത’ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളെ നാളിതുവരെയായിട്ടും ആശ്ലേഷിച്ചിട്ടില്ല എന്നര്‍ത്ഥം. തിരുവനന്തപുരം ജില്ലയില്‍ പുതിയ സ്കൂള്‍ വര്‍ഷത്തില്‍ മുപ്പത്തിയൊന്നായിരം കുട്ടികള്‍ സര്‍ക്കാര്‍-എയിഡഡ് സ്ഥാപനങ്ങളില്‍ നിന്നും കേന്ദ്ര സിലബസിലേയ്ക്കു മാറി എന്നാണ് പുതിയ കണക്ക്. (DPEP കൊണ്ടുപിടിച്ചു നടപ്പാക്കിയതിന്റെ മുഖ്യ മുഖവാക്യം കൊഴിഞ്ഞുപോക്ക് തടയുക എന്നതാണ് !) അണ്‍ എയിഡഡ്, സി ബി എസ് സി, ഐ സി എസ് സി സമ്പ്രദായങ്ങളെ കുറ്റം പറയുകയും അകറ്റി നിര്‍ത്തുകയും ചെയ്യുക എന്ന നയം തുടരുമ്പോള്‍ തന്നെ വടക്കന്‍ മേഖലയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഓരോ വര്‍ഷവും 20 സ്വകാര്യ സ്കൂളുകള്‍ക്ക് വീതം അനുമതി നല്‍കാന്‍ തീരുമാനിച്ചു കൊണ്ട് സര്‍ക്കാര്‍ ഇതിനിടയില്‍ ഇണ്ടാസിറക്കി. പാഠ്യപദ്ധതി പരിഷ്കരണത്തിന് സര്‍വ പിന്തുണയുമായി കൂടിയിട്ടുള്ള ശാസ്ത്ര സാഹിത്യ പരിഷത്തു് ഇപ്പോള്‍ ഗവണ്മെന്റിന്റെ ഈ നയത്തിനെതിരെ മറ്റൊരു ‘ഇടയ(ന്‍)‘ലേഖനവുമായി മുന്നോട്ടു വന്നിരിക്കുകയാണ്.

‘കാര്യക്ഷമത’ ഒരു ഭാഗത്തേയ്ക്ക് മാത്രമായി നിജപ്പെട്ടിരിക്കുന്നതു കൊണ്ടു വന്ന തകരാറുകളാണിവ. നിര്‍ദ്ദേശങ്ങള്‍ എല്ലാം നല്ലത്. എന്നാലവ അംഗീകരിച്ച് ഒപ്പിട്ടുകൊടുക്കും മുന്‍പായി നമ്മുടെ പശ്ചാത്തലത്തില്‍ വച്ച് അതിന്റെ പ്രായോഗികത പരിശോധിക്കണമായിരുന്നു. ചോദ്യങ്ങള്‍ക്ക് യുക്തിഭംഗമില്ലാതെ ഉത്തരം പറയാനുള്ള ധാര്‍മ്മിക ബാദ്ധ്യത ഏറ്റെടുക്കണമായിരുന്നു. എന്നാല്‍ നമ്മുടെ മുന്നിലുള്ളത് മൌനം, മിമിക്രി പിന്നെ പേശികുലച്ച ധാര്‍ഷ്ട്യവും വിവരക്കേടുകളും മാത്രം.. ഇത്രയും വച്ച് നമ്മുടെ കുട്ടികള്‍ അമ്മാത്ത് എത്തുമോ?

Subscribe Tharjani |
Submitted by Manikantan (not verified) on Mon, 2007-08-06 18:47.

വിദ്യാഭ്യാസം എപ്പോഴും ചൂടുള്ള വിഷയം തന്നെ. ഈ ബ്ലോഗുകളില്‍ ഇതേ വിഷയം മറ്റൊരു രീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.. അതും കൂടി ചേര്‍ത്തു വെയ്ക്കാം
http://binublogs.blogspot.com/2007/07/blog-post_23.html
http://nilavathekozhi.blogspot.com/2007/08/blog-post.html
http://kiranthompil.blogspot.com/2007/07/blog-post.html

Submitted by Anonymous (not verified) on Tue, 2007-08-14 23:21.

പണ്ട് പേടിസ്വപ്നമായിരുന്ന എസ് എസ് എല്‍ സിയ്ക്ക് ഒരു വിഷയം ജയിക്കാന്‍ അഞ്ചു മാര്‍ക്കു മതിയാവും.അതാണ് പുതിയ പരിഷ്കാരം. ഈ വര്‍ഷത്തെ വിജയ ശതമാനം 91.44. അദ്ധ്യാപകര്‍ മാറിയില്ല. കുട്ടികള്‍ മാറിയില്ല. സിലബസ്സ് മാറിയില്ല. വിദ്യാഭ്യാസമന്ത്രി മാത്രം മാറിയപ്പോഴേയ്ക്കും തോല്‍ക്കാനാരുമില്ല എന്ന അവസ്ഥ.

പിടിപ്പുകേടിനുള്ള പുതിയ വാക്ക് കാര്യക്ഷമത എന്നാണ്. പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനാണല്ലോ മന്ത്രി.ഇത്രയൊന്നുമായില്ലെങ്കില്‍ എന്തു ഭരണം?

Submitted by dipu (not verified) on Sat, 2008-05-10 15:01.

ഈ മന്ത്രി അധികാരത്തില്‍ വന്നതില്‍ പിന്നെ എന്നും വിദ്യാഭ്യാസ മേഖല കോടതി കയറാനേ നേരമുള്ളൂ, അല്ലെങ്കില്‍ എങ്ങനെയൊക്കെ കോടതി കയറ്റാം എന്ന് റിസര്‍ച്ച് ചെയ്യുകയാണ് പുള്ളി, മുണ്ടശ്ശേരി മാഷ്‌ ആവാന്‍ പഠിക്കുകയാണ് എന്ന് തോന്നുന്നു , ബഹുമാനപെട്ട മന്ത്രി, ആന വാ പൊളിക്കും പോലെ അണ്ണാന് സാധിക്കില്ല എന്ന് മനസിലാക്കു. ഈ വിജയ ശതമാനം കാണിക്കുന്നത് നിലവാര തകര്‍ച്ചയെയാണ്, തന്‍റെ പൊട്ടന്‍ ആശയം വിജയം ആയിരുന്നു എന്ന് കാണിക്കുവാന്‍ വേണ്ടി മാത്രം കുട്ടികളെ ജയിപ്പിക്കാന്‍ നിര്‍ദേശം കൊടുത്തിരിക്കുന്നു, question no. എഴുതിയാല്‍ മാര്‍ക്ക്‌ കൊടുക്കാന്‍ നിര്‍ദേശം കൊടുത്ത ഈ മന്ത്രിയെ എന്ത് വിളിക്കണം, നിങ്ങള്‍ തന്നെ തീരുമാനിക്കൂ വായനക്കാരെ...

Submitted by Anonymous (not verified) on Sun, 2008-05-11 20:58.

തൊട്ടതെല്ലാം കൊളമാക്കുന്ന മന്ത്രി എന്നാണ് ഒരു വിശേഷണം കേട്ടിട്ടുള്ളത്. അശേഷം അത്യുക്തി അതിലില്ല എന്നു തോന്നി.
വിദ്യാഭ്യാസമന്ത്രിക്ക് നേരാംവണ്ണം വിദ്യാഭ്യാസമുണ്ടായിരിക്കണമെന്നില്ലെന്നു തോന്നുന്നു. ഡിഗ്രിക്ക് ചേര്‍ന്നതല്ലാതെ പരീക്ഷ ജയിച്ചതായൊന്നും എവിടെയും കേട്ടിട്ടില്ല. തനിക്ക് ജയിക്കാന്‍ സാധിക്കാതെ പോയ പരീക്ഷകളെ ഓര്‍ത്ത് കുട്ടികളെയെല്ലാം ജയിപ്പിക്ക് എന്ന് ആര്‍ത്ത് വിളിക്കുന്ന സ്ഥൂലശരീരിയായൊരു രൂപംമനസ്സിലെത്തുന്നു. സഹാതാപം ജനിപ്പിക്കും വിധം അപഹാസ്യം തന്നെ ഈ മന്ത്രിപുംഗുവന്‍.