തര്‍ജ്ജനി

മുഖമൊഴി

മലയാളത്തിന്റെ ഡിജിറ്റല്‍ മരണം

താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ ആരോഗ്യനികേതനം എന്ന നോവലിലെ ജീവന്‍ മശായ് എന്ന കഥാപാത്രം മരണം മുന്‍കൂട്ടി കാണാന്‍ സാധിക്കുന്ന ചികിത്സകനായിരുന്നു. കാലക്രമത്തില്‍ മരണത്തിന്റെ പ്രവാചകനാവുക എന്ന ദുരവസ്ഥ ഈ കഥാപാത്രത്തിനുണ്ടായി. സാധാരണനിലയില്‍ ഭൂതകാലവും വര്‍ത്തമാനകാലവും മാത്രം കൈകാര്യം ചെയ്യാനാകുന്ന മനുഷ്യരുടെ ഇടയില്‍ അസാധാരണമാംവിധം ഭാവികാലത്തെ കാണാനും പ്രവചിക്കാനും കഴിവുള്ളവര്‍ വിരളമാണ്. എന്നു മാത്രമല്ല, വളരെക്കാലത്തിനിടയില്‍ എപ്പോഴെങ്കിലുമാണ് ഇങ്ങനെ ഒരു അസാധാരണത്വം സംഭവിക്കുക. അങ്ങനെ പിറന്നവരെ നാം അവതാരങ്ങള്‍ എന്നു വിളിക്കുകയും അവരെ ദിവ്യന്മാര്‍ എന്നു വാഴ്ത്തുകയും ചെയ്യുന്നു. സാധാരണ മനുഷ്യജീവിതത്തെക്കാള്‍ എത്രയോ ഉയരത്തില്‍ നില്ക്കുന്ന ഇത്തരം ജീവിതങ്ങള്‍ പലരെയും പ്രചോദിപ്പിക്കുന്നുണ്ടാവണം. അതിനാലാണ് അവര്‍ ആരാദ്ധ്യരായിത്തീരുന്നത്. ചികിത്സകന്മാര്‍, ജ്യോതിഷികള്‍ എന്നിങ്ങനെ വരാനിരിക്കുന്ന കാലത്തെ പരിമിതമായ അളവില്‍ പ്രവചിക്കുക എന്നത് തൊഴില്‍പരമായ ആവശ്യമായ ചിലര്‍ എല്ലാ കാലത്തും എല്ലാ സമൂഹത്തിലും ഉണ്ടാകും. എന്നാല്‍ അങ്ങനെയല്ലാത്ത പ്രവചനതല്പരര്‍ മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും കാര്യത്തില്‍ ഇടയ്ക്കിടെ കടന്നു വരാറുണ്ട്. കവിത മരിച്ചു, ചിത്രകല മരിച്ചു, നാടകം മരിച്ചു, സിനിമ മരിച്ചു എന്നൊക്കെ ഇവര്‍ മുന്‍കൂട്ടി മരണത്തെ കണ്ട് പ്രവചനങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഇത്തരം പ്രാദേശിക ജീവന്‍ മശായ്‌മാരുടെ പ്രവചനങ്ങള്‍ തെറ്റിച്ച് അവര്‍ മരണം പ്രവചിച്ച കവിതയും ചിത്രകലയും നാടകവും സിനിമയുമെല്ലാം ഇവിടെ ഇപ്പോഴും നിലനില്‍ല്ക്കുന്നുണ്ട്.

കമ്പ്യൂട്ടറിന്റെയും വിവരസാങ്കേതികവിദ്യയുടേയും മേഖല പ്രാദേശികജീവന്‍മശായ്‍മാരുടെ ശ്രദ്ധയ്ക്ക് വിഷയമാവാതിരുന്നില്ല. പ്രവചനവും പ്രതിവിധിനിര്‍ദ്ദേശവുമൊക്കെയായി മശായ്‌മാര്‍ ഇടക്കാലത്ത് സജീവമായിരുന്നു. ഇത് ഡിജിറ്റല്‍ കാലമാണ് എന്നും അതിനാല്‍ വിവരസാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തില്‍ മലയാളം പോലെ ഒരു ചെറുകിടഭാഷയ്ക്ക് ഭാവിയില്ലെന്നും അവര്‍ പ്രവചിച്ചു. ജീവനില്‍ കൊതിയുള്ളവര്‍ വല്ല കുണ്ടിലും ഒളിച്ച് രക്ഷപ്പെട്ടു കൊള്ളാനുള്ള മുന്നറിയിപ്പായിരുന്നു അത്. ദൌര്‍ഭാഗ്യവശാല്‍ മലയാളമല്ലാത്ത മറ്റ് ഭാഷകളൊന്നും വശമില്ലാത്ത പരലക്ഷം മലയാളികള്‍ ഈ പ്രവചനം അറിയാതെ അനവരതം ആസന്നമരണമെന്നു വിധിക്കപ്പെട്ട ഈ ഭാഷ ഉപയോഗിക്കുകയും അതില്‍ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത് പ്രവാചകന്മാരെ അന്ധാളിപ്പിച്ചുകളഞ്ഞു. മറ്റൊരു സംഘം പ്രവാചകന്മാര്‍ വളരെ ശാസ്ത്രീയമെന്നു തോന്നിപ്പിക്കും വിധമാണ് പ്രവചനം നടത്തിയത്. കണക്കും കാര്യങ്ങളും പറഞ്ഞുകോണ്ടുള്ള ആ പ്രവചനം ആരെയും അന്ധാളിപ്പിക്കും വിധമായിരുന്നു. അഞ്ഞൂറില്‍ ചില്വാനം ലിപി ചിഹ്നങ്ങള്‍ അച്ചടിക്കു വേണ്ടി ഉപയോഗിക്കുന്ന മലയാളത്തിന് ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഇരുണ്ട ഭാവിയാണ് ഉള്ളതെന്നായിരുന്നു പ്രവചനം. പറയുന്നത് ഭാഷാശാസ്ത്രം പഠിച്ചയാളാവുമ്പോള്‍, ആരായാലും മറ്റൊന്നും ആലോചിച്ചില്ലെങ്കില്‍, വിശ്വസിച്ചു പോകും. നാലായിരത്തിനടുത്ത് ലിപിചിഹ്നമുള്ള മണ്ഡാരിന്‍ പോലുള്ള ഭാഷകള്‍ക്ക് എന്തു സംഭവിക്കുമെന്ന് ഇത് വിശ്വസിക്കുന്നവര്‍ ചോദിക്കാനിടയില്ല. എന്നാല്‍ അവിശ്വാസികള്‍ എക്കാലത്തും ഉണ്ടാകും എന്നതാണ് ലോകത്തിന്റെ ഒരു സ്ഥിതി. അതിനാല്‍ ഈ പ്രവചനം അവിശ്വസിക്കാനും അത് തെറ്റാണെന്നു തെളിയിക്കാനും ആളുണ്ടായി. ഇതിനിടയില്‍ ലിപി പരിഷ്കരണത്തിലൂടെ മലയാളം ലിപി ചിഹ്നങ്ങളുടെ എണ്ണം തൊണ്ണൂറായി കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ആരും ആശങ്കപ്പെടേണ്ടതില്ലന്നും ചിലര്‍ അറിയിക്കുകയുണ്ടായി.

തൊണ്ണൂറാക്ഷരാളിയായി പുനരവതരിപ്പിക്കപ്പെട്ട മലയാളഭാഷ ഉപയോഗിക്കുന്നവരാരാണ്? പിറന്നപാടെ മരിച്ചുപോയ ഈ പ്രതിഭാസത്തെ കാണാനോ പ്രവചിക്കാനോ ആരും ഇല്ലാതായിപ്പോയി എന്നത് ദൌര്‍ഭാഗ്യകരം തന്നെ. പത്രങ്ങള്‍, പുസ്തകങ്ങള്‍ എന്നിങ്ങനെ കമ്പ്യൂട്ടറില്‍ ടൈപ്പ്സെറ്റു ചെയ്തു അച്ചടിക്കുന്നവയെല്ലാം ഉപയോഗിക്കുന്ന സോഫ്റ്റ്‌വേറിന്റെ ശേഷിയനുസരിച്ച് തൊണ്ണൂറാക്ഷരാളിയായി പുനരവതരിപ്പിക്കപ്പെട്ട മലയാളഭാഷയുടേതില്‍ നിന്നും വ്യത്യസ്തമായ ലിപിസഞ്ചയം അച്ചടിയില്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. മാതൃഭൂമി പത്രം വ്യഞ്ജനത്തില്‍ നിന്ന് വേര്‍പെടുത്തിയ ഉകാരം എന്ന ലിപിപരിഷ്കരണം ഒഴികെയുള്ള ബാക്കിയുള്ളവ അപ്പാടെ ഉപേക്ഷിച്ചു കഴിഞ്ഞു. ഇതിനിടയില്‍ യൂനിക്കോഡ് സാങ്കേതികവിദ്യയുടെ സഹായം ഉപയോഗപ്പെടുത്തി മലയാളം ബ്ലോഗുകള്‍ വാരാന്‍ തുടങ്ങി. അവിടെ നാം കാണുന്നത് തൊണ്ണൂറാക്ഷരാളിയായി പുനരവതരിപ്പിക്കപ്പെട്ട മലയാളഭാഷയല്ല, മറിച്ച് തനതുലിപിയിലുള്ള മലയാളഭാഷയാണ്.

മലയാളഭാഷയുടെ മരണവും ഡിജിറ്റല്‍ കാലഘട്ടത്തിലെ ഇരുണ്ട ഭാവിയെക്കുറിച്ചുള്ള പ്രവചനവും പാഴായിപ്പോയ കാലഘട്ടത്തിലാണ് ഈ അക്ഷരങ്ങള്‍ ഞാന്‍ ടൈപ്പു ചെയ്യുന്നതും നിങ്ങള്‍ വായിക്കുന്നതും. മലയാളത്തിന്റെ ഡിജിറ്റല്‍ കാലഘട്ടത്തിലെ അജണ്ടയെന്തായിരിക്കണമെന്ന് ആലോചിക്കാനുള്ള സമയമാണിതെന്നു ഞങ്ങള്‍ കരുതുന്നു. അച്ചടിവിദ്യ എഴുത്തില്‍ മാത്രം ഒതുങ്ങിനിന്ന ഭാഷയെ എങ്ങനെ വിപ്ലവാത്മകമായി നവീകരിക്കുകയും സാമൂഹികവിപ്ലവത്തിന്നും മനുഷ്യപുരോഗതിക്കും വഴിയൊരുക്കിയെന്ന് ഇന്ന് നമ്മുക്കറിയാം. കാലദേശങ്ങളുടെ നിയന്ത്രണങ്ങള്‍ക്കപ്പുറത്ത് ഒരേ സമയം ചെന്നെത്താന്‍ കഴിയുന്ന ആശയവിനിമയസംവിധാനത്തിന്റെ ഭാഗമാണ് ഡിജിറ്റല്‍ കാലഘട്ടത്തിലെ ഭാഷ. ഓരോ ഭാഷയും അത് സംസാരിക്കുന്ന ജനതയുടെ നൂറ്റാണ്ടുകളിലൂടെയുള്ള ജീവിതം നല്കിയ അറിവുകളുടെ അമൂല്യഖനിയാണ്. മലയാളവും അങ്ങനെ തന്നെ. അത് ഡിജിറ്റല്‍ കാലഘട്ടത്തില്‍ മരിച്ചുപോകുമെന്നു വേവലാതിപ്പെടുവാന്‍ ലളിതബുദ്ധികള്‍ക്കല്ലാതെ സാധിക്കില്ല. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും മലയാളത്തെ ലോകത്തിന്റെ വിവിധകോണുകളിലുള്ള മലയാളികളെ അവരുടെ ഭാഷയുടേയും സംസ്കാരത്തിന്റേയും മണ്ഡലത്തില്‍ തിരിച്ചെത്തുവാന്‍ സഹായിച്ചുകൊണ്ട് നിലയുറപ്പിച്ച് നില്പുണ്ട്. ഈ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തുവാന്‍ നാം തയ്യാറാവണം. അതിനുള്ള കര്‍മ്മപദ്ധതികളാണ് ഡിജിറ്റല്‍ കാലഘട്ടത്തിലെ മലയാളത്തിന്റെ അജണ്ടയായി രൂപപ്പെടുത്തേണ്ടത്.

കേരളസര്‍ക്കാരിന് ഭാഷയും സാഹിത്യവും വിവരവും വിവരസാങ്കേതികതയും കൈകാര്യം ചെയ്യാന്‍ നിരവധി സ്ഥാപനങ്ങളുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഇതിന് ഒരു മലയാളം പേരു പോലും കണ്ടെത്താനായില്ല) എന്നിങ്ങനെയുള്ള സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഇക്കാലമത്രയുമായി എന്താണ് ചെയ്തത് എന്നു നോക്കുക. ഭാവനാശൂന്യരായ നടത്തിപ്പുകാരായിരുന്നു അവയ്ക്കുണ്ടായിരുന്നത് എന്നു കാണാം. ഇപ്പോഴുള്ളവര്‍ എന്ത് ചെയ്യുന്നുവെന്ന് നമ്മുക്ക് നോക്കാം.

ഭാഷ സര്‍ക്കാരിന്റെ കാര്യമല്ല. ജനതയുടെ സ്വത്വത്തിന്റെ ഭാഗമാണ്. നമ്മുക്ക്, ഓരോ വ്യക്തിക്കും എന്തു ചെയ്യാനാകും എന്നു ആലോചിക്കാം,നമ്മുടെ കര്‍മ്മപദ്ധതി തയ്യാറാക്കാം, അത് പ്രാവര്‍ത്തികമാക്കാം.

Subscribe Tharjani |
Submitted by പ്രവീണ്‍ (not verified) on Wed, 2007-07-11 21:24.

ഈ വിഷയത്തില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കൊടുത്ത കണ്ണി നോക്കുക.

http://fci.wikia.com/wiki/സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/തനതു ലിപിയുടെ തിരിച്ചു വരവ്

Submitted by അഗ്നിമിത്രന്‍ (not verified) on Wed, 2007-07-25 14:11.

സര്‍ക്കാരും ജനവും തമ്മിലുള്ള വ്യത്യാസം ലേഖകന്‍ ഒന്ന് പറഞ്ഞുതന്നാല്‍ കൊള്ളാം.
മറ്രുള്ളവരെല്ലാം മണ്ടന്‍മാരാണെന്ന് വിചാരിക്കുന്നതല്ലേ മണ്ടത്തരം ?

Submitted by ചന്ദ്രശേഖരന്‍ നായര്‍ (not verified) on Mon, 2007-09-17 14:46.

സര്‍ക്കാര്‍ എന്ന്‌ പറയുന്നത്‌ ജനത്തിന്റെ ചെലവില്‍ കഴിയുന്നവര്‍. ജനം എന്നാല്‍ അവരെ ഭരിക്കാനായി സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നവര്‍. ഇതല്ലെ ശരി.