![]() |
|||||
വി. മുസഫര്‍ അഹമ്മദ്സബ് എഡിറ്റര്‍, മലയാളം ന്യൂസ്, ജിദ്ദ. ഫോണ്‍: ഇ-മെയില്‍: വെബ്: Visit Home Page ... |
ഒരു മഹാനഗരത്തില്‍ എത്ര നാട്ടിന്‍ പുറങ്ങള്‍ പാര്‍ക്കുന്നുണ്ടാകും. മഹാനഗരങ്ങളുടെ അസ്തിവാരവും ചുമരും മോന്തായവും കുടിയേറ്റക്കാരും പ്രവാസികളും നിര്‍മ്മിച്ചതാണെന്ന് ഇന്ന് എല്ലാവരും സമ്മതിക്കുമെന്നിരിക്കെ അവിടെ ആയിരക്കണക്കിന് നാട്ടിന്‍ പുറങ്ങള്‍ക്ക് പാര്‍പ്പുകാരാകാതിരിക്കാന്‍ കഴിയില്ല. ചെറിയ അങ്ങാടികള്‍ , മുക്കൂട്ടു കവലകള്‍ , കിണറുകളുടേയും കുളങ്ങളുടേയും കടലില്‍ ചെന്നു ചേരുന്ന നീരൊഴുക്കുകള്‍ , തെയ്യവും തിറയും പൂതനും കാളനും കൂളിയും പള്ളിനേര്‍ച്ചകളും കുരുത്തോല പെരുന്നാളും അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത വിശ്വാസങ്ങളും ആചാരങ്ങളും നഗരത്തില്‍ പാര്‍ക്കുന്ന അദൃശ്യരായ നാട്ടിന്‍ പുറ ചിഹ്നങ്ങളാണ്. അവക്ക് ചിലപ്പോള്‍ ഒരിടത്തും പ്രത്യക്ഷപ്പെടാന്‍ പറ്റിക്കൊള്ളണമെന്നില്ല. കുടിയേറ്റക്കാരന്‍ തന്റെ നാട്ടിന്‍ പുറത്ത് അവധിക്ക് എത്തുമ്പോഴേക്കും അവിടവും നഗരമായി മാറിയിട്ടുണ്ടാകും. അങ്ങിനെ എവിടേയും പാര്‍പ്പുറക്കാനാകാത്ത നാട്ടിന്‍പുറം എന്നാല്‍ എല്ലായിടത്തും അദൃശ്യമായി പിന്തുടരുന്ന നാട്ടിന്‍ പുറം കുടിയേറ്റക്കാരന്റെ എല്ലാ കാലത്തേയും മുഖ്യപ്രശ്നങ്ങളിലൊന്നാണ്. ഇക്കുറി നാട്ടില്‍ അവധിക്ക് ചെന്നിട്ട് പലപ്പോഴായി വഴി തെറ്റിപ്പോയെന്ന് മലയാളി കുടിയേറ്റക്കാരന് ആവര്‍ത്തിക്കേണ്ടി വരുന്നത് അവനില്‍ / അവളില്‍ നാട്ടിന്‍പുറം ഇപ്പോഴും മരിക്കാതെ നിലനില്ക്കുന്നത് കൊണ്ടാണ്.
മഹാനഗരങ്ങള്‍ നിര്‍മ്മിപ്പെടുന്നത് നാട്ടിന്‍പുറങ്ങളുടെ വാരിയെല്ലുകള്‍ കൊണ്ടാണ് എന്നതില്‍ അധികമാരും തര്‍ക്കിക്കുമെന്ന് തോന്നുന്നില്ല. മീന്‍ മുള്ള് മനുഷ്യന്‍ കളയുകയോ ചവച്ച് ആസ്വദിക്കുകയോ ചെയ്യുമെങ്കിലും അത് തൊണ്ടയില്‍ കുത്തുമെന്നതിനാല്‍ ഇറക്കാതെ തുപ്പിക്കളയാറാണ് പതിവ്. പക്ഷെ ഒരു മീനിന് മനുഷ്യന്‍ മുള്ളെന്ന വിളിക്കുന്ന സാധനം വളരെ പ്രധാനപ്പെട്ടതാണ്. മീനിന്റെ ജൈവികഘടനയില്‍ മുള്ള് പ്രധാനമാകുന്നത് അത് അതിന്റെ നട്ടെല്ലാണ് എന്നതിനാലാണ്. അതു പോലെത്തന്നെയാണ് നഗരത്തിലെത്തിപ്പെടുന്ന നാട്ടിന്‍പുറങ്ങളും. ഇത്തരത്തിലുള്ള ചില കുടിയേറ്റ-ജൈവിക പരിസരത്തേക്കുള്ള തുറവിയാണ് ടി.പി. അനില്‍ കുമാറിന്റെ രണ്ട് അദ്ധ്യായങ്ങളുള്ള നഗരം എന്ന സമാഹാരത്തിലെ കവിതകള്‍ . സമാഹാരത്തിന്റെ തലക്കെട്ട് തന്നെ നഗരത്തെ രണ്ട് അദ്ധ്യായമാക്കി മുറിച്ചിരിക്കുന്നു. അല്ലെങ്കില്‍ കുടിയേറ്റക്കാരന്റെ നഗരത്തെ കവി പലതായി മുറിച്ച് പരിശോധിക്കുന്നു എന്ന് എളുപ്പത്തില്‍ പറയാം.
രണ്ട് അദ്ധ്യായങ്ങളുള്ള നഗരം എന്ന കവിതയില്‍ വാഹനങ്ങളെ തെന്നാതെ പോകൂ എന്നും
വഴികളെല്ലാം മിന്നുന്നുണ്ട് എന്നും മഴ പെയ്യുന്ന പ്രഭാതത്തെക്കുറിച്ച് പറഞ്ഞ് ചില നഗരദൃശ്യങ്ങളെ വലം വെച്ചശേഷം
ഈ മണിക്കൊട്ടാരങ്ങള്‍ക്കു പിന്നില്‍
വേറൊരു ചവറ്റുകൊട്ടയുണ്ട്
എന്നെപ്പോലെ ചെറുതല്ലാത്ത
ഒരു മുത്തന്‍ രാജ്യം
എന്ന് കവി പറയുന്നു.
കവിത അവസാനിക്കുന്നത് ഇങ്ങിനെയാണ് :
മരക്കൊമ്പില്‍ തൂങ്ങുന്ന
തുണിത്തൊട്ടില്‍
നനഞ്ഞുവോ എന്ന് നോക്കുമോ
ചുവന്ന സാരിയുടുത്ത്
കണ്ണെഴുതി കനകാംബരം ചൂടി
കുടയെടുക്കാതെ പോയവള്‍
മഴയില്‍ അലിഞ്ഞുപോയെന്ന് തോന്നുന്നുവെന്നാണ്.
മരക്കൊമ്പില്‍ തൂങ്ങുന്ന തുണിത്തൊട്ടില്‍ കുടിയേറ്റക്കാരന്റെ ഉള്ളിലിരുന്ന് താരാട്ട് കേട്ടുറങ്ങാന്‍ മഴയില്‍ നനയുകയാണ്. അഥവാ നഗരത്തിലെത്തിയ ഒരു നാട്ടിന്‍പുറം വീടിനകത്തേക്ക് കയറാന്‍ വയ്യാതെ കയ്യാലയില്‍ നിന്ന് മഴ നനയുകാണ് എന്നു പറയാം. ഈ മഴ നനച്ചില്‍ പെട്ടെന്ന് ഗൃഹാതുരമാണെന്ന് തോന്നാം. എന്നാല്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് കുടിയേറിയ അനില്‍കുമാറിനെപ്പോലുള്ളവരില്‍ തുണിത്തൊട്ടില്‍ ഒരു രാഷ്‌ട്രീയബിംബം തന്നെയാണ്. ഒരിടത്തും ഉറച്ചു നില്ക്കാന്‍ കഴിയാതെ സ്ഥിരമായി സഞ്ചരിക്കേണ്ടി വരുന്ന ഒരു ജനതയുടെ ഏറ്റവും വലിയ ബിംബങ്ങളിലൊന്ന് മരത്തില്‍ മഴ നനയുന്ന തുണിത്തൊട്ടില്‍ തന്നെ ആകാതെ വയ്യല്ലോ.
സ്വിറ്റ്‌സര്‍ലന്റില്‍
ഹോട്ടല്‍ കുശിനിക്കാരനായ
ഒരു വൃദ്ധനെ
ഇന്നലെ രാത്രി
ദുബായിലെ ഒരു ബാറില്‍ കവി കണ്ടു മുട്ടുന്നു (സ്റ്റാലിനുമായി ഒരഭിമുഖം). ദുബായിയിലെ ബാറില്‍ കണ്ടെത്തിയ കുശിനിക്കാരന്റെ പേര്‍ സ്റ്റാലിന്‍ . ഇരുവരുടേയും സംസാരങ്ങള്‍ പലതിലൂടെയും കടന്നു പോവുകയും അവസാനം രുചികളുടെ ലോകത്തെ കേന്ദ്രീകരിച്ചാവുമ്പോള്‍ കവി എഴുതുന്നു:
പുലിപ്പുള്ളികളുള്ള
അലൂമിനിയക്കലത്തില്‍
വെന്ത കൂര്‍ക്ക,
ഉറിയിലിരുന്ന് ധ്യാനിക്കുന്ന തൈര്,
പാതിയമ്പുറത്ത് ഈര്‍ക്കിലില്‍
കോര്‍ത്തിട്ട കൊടപ്പുളി,
ചുട്ടഴിയിലൂടെ
ഉച്ചവെയില്‍
വിരലിട്ട് നക്കുന്ന
ചാളക്കൂട്ടാന്‍
യൂറോപ്പിന്റെ അടുക്കളക്കാരാ
ഇവയൊക്കെയാണ് എന്റെ രുചികള്‍ .
ദുബായ് പോലുള്ള മഹാനഗരത്തില്‍ വെച്ച് കണ്ടു മുട്ടുന്ന യൂറോപ്പിലെ പാചകക്കാരന് കൂര്‍ക്കയും തൈരും കൊടപ്പുളിയും ചാളക്കൂട്ടാനും വിളമ്പുമ്പോള്‍ ഈ കവി നഗരത്തെ തന്റെ നാട്ടിന്‍പുറം കൊണ്ട് പിളര്‍ത്തുകയാണ്. ആ പിളര്‍ത്തല്‍ ആ കുശിനിക്കാരനില്‍ പ്രത്യേകിച്ച് ആഘാതമൊന്നും സൃഷ്ടിക്കാനിടയില്ലെങ്കിലും ആ കുടിയേറ്റക്കാരന്റെ രുചി ലോകസംഘട്ടനം അത്ര മേല്‍ വലുതാണ്. ആ യൂറോപ്യന്‍ കുശിനിക്കാരനും നമ്മെ ഞെട്ടിക്കാന്‍ കഴിയുന്ന നാട്ടു രുചിയുടെ പെരുമ പറയാന്‍ തീര്‍ച്ചയായും കാണും എന്നതില്‍ സംശയിക്കേണ്ടതില്ല.
കഥാകൃത്ത് എം. നന്ദകുമാറുമൊത്ത് തൃശൂരില്‍ ചിലവിട്ട ഒരു രാത്രിയുടെ സ്മരണയില്‍ എഴുതിയ തൃശ്ശിവപേരൂര്‍ എന്ന കവിതയില്‍ നഗരവാസിയുടെ നാട്ടിന്‍പുറം ആളിക്കത്തുന്നത് കാണാം.
കള്ളുമേശ പാമ്പിന്‍ കാവായി
തണുപ്പില്‍ പൂതല്‍ മരങ്ങളില്‍
കൂണുകള്‍ മുളച്ചു നിന്നു എന്നാണാ വരികള്‍ .
ആ കവിത അവസാനിക്കുന്നത് ഇങ്ങിനെയാണ് :
പ്രയാസങ്ങള്‍ കൊണ്ട് മതം മാറിയ
ഏതെങ്കിലും ഡ്രൈവറുടെ
സുവിശേഷം കേള്‍ക്കേണ്ടി വരുമോ
എന്ന ഭയം പുറത്തിറങ്ങുമ്പോള്‍
എന്നെ മുറുകെ പിടികൂടി.
അകത്തിരിക്കുമ്പോഴുള്ള നാട്ടിന്‍പുറഘടന ഇയാള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ നഷ്ടമാകുന്നു, ഭയമായി പൊതിയുന്നു. അങ്ങിനെയെങ്കില്‍ മഹാനഗരത്തില്‍ കഴിയേണ്ടി വരുന്ന നാട്ടിന്‍പുറങ്ങളുടെ അവസ്ഥ എന്തുമാത്രം ഭീതിദമായിരിക്കും. അയല്‍മരം എന്ന കവിതയില്‍ ഈ വികാരം കൂടുതല്‍ തീക്ഷ്ണമാകുന്നത് കൂടി കാണാം.
വീട്ടുമുറ്റത്ത് ഇല വന്നു വീണതിന്
നടന്ന വഴക്കിനിടയില്‍
മഴുത്തായകൊണ്ട് അടിയേറ്റ് ചത്ത
പരമേശ്വരനെ ഓര്‍മ്മ വരും
വേണ്ട വേണ്ട എന്നെത്ര കരുതിയാലും
മുരിങ്ങമരം എന്നെ
വീട്ടുമുറ്റത്തേക്ക് തന്നെയാണല്ലോ
എത്തിക്കുന്നതെന്ന് കവി പറയുന്നു.
ചെറുകാടിന്റെ പ്രശസ്തമായ ആ പ്രസ്താവനയുണ്ടല്ലോ- ഞാനെന്റെ മുരിങ്ങമരത്തിന് കീഴില്‍ നിന്ന് ലോകം കണ്ടുകൊള്ളാം- അതിനെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് അയല്‍മരം എന്ന കവിത. എത്ര അകലേക്ക് പോയാലും ചില അയല്‍മരങ്ങള്‍ , എലുകക്കല്ലുകള്‍ എന്നിവ ജീവിതത്തിന്റെ മറ്റൊരു സന്ദര്‍ഭത്തില്‍ കുടിയേറ്റക്കാരനായ എഴുത്തുകാരന് ജീവിതത്തെ വ്യാഖ്യാനിക്കാനുള്ള ഉപകരണമായി മാറുകയാണ്.
ഇതേകവിതയില്‍ കവി പറയുന്നു:
കീഴെ, പ്ലാസ്റ്റിക് കസേരകളില്‍
കാല്‍ മടക്കിവെച്ച്
വര്‍ത്തമാനം പറയുന്ന
പാക്കിസ്ഥാനികള്‍
പെഷവാറിലോ
കറാച്ചിയിലോ
ഉള്‍നാടന്‍
മരച്ചുവടുകളില്‍
ബസ് കാത്തുനില്ക്കുകയാണെന്ന് തോന്നും.
ഇത്തരത്തിലുള്ള ചില സവിശേഷമായ തോന്നലുകളാണ് അനില്‍കുമാര്‍ എന്ന കവിയുടെ സിദ്ധിയും സാധനയും. കൊണ്ടു വരേണ്ട സാധനങ്ങള്‍ എന്ന കവിതയില്‍ നഗരത്തിലെ നാട്ടിന്‍പുറത്തോടുള്ള ചോദ്യം ആവര്‍ത്തിക്കപ്പെടുന്നു. അകലെ കഴിയുന്ന മകനോട് അവധിക്ക് വരുമ്പോള്‍ കൊണ്ടു വരേണ്ട സാധനങ്ങളെക്കുറിച്ചുള്ള കത്താണിത്. പല ആവശ്യങ്ങള്‍ക്ക് ശേഷം കവിതയുടെ അവസാന വരികള്‍ ഇങ്ങിനെയാണ്:
അവിടെ എങ്ങിനെയാണ്
ജീവിതം
ഇവിടെ നിന്നു പോകുമ്പോള്‍
ഉണ്ടായിരുന്നതെന്തെങ്കിലും
നിന്റെ കയ്യിലുണ്ടോ
കൊണ്ടു വരുമോ എന്നാണ് ആ ചോദ്യം.
ആളപായം എന്ന കവിതയില്‍ ഇതു പോലയല്ലെങ്കിലും സമാനമായ മറ്റൊരു മുഹൂര്‍ത്തം കാണാം.
സിഗ്നലില്‍ ചുവപ്പു കടന്ന്
അലമുറയിടും ആംബുലന്‍സ്
മസാല തേക്കാതെ
വേനലില്‍ വെന്ത ദേഹം
നെഞ്ചിലപ്പോഴും
പൂര്‍ത്തിയാകാത്ത
വീടിന്‍ ഇഷ്‌ടികക്കൂട്ടം
അകമൊരുക്കുവാന്‍
കണ്ടുവെച്ച
ഇറാനി മാര്‍ക്കറ്റിലെ പരവതാനി
ഇരുട്ടിന്‍ ഗല്ലിയില്‍ പതുങ്ങി
ചൈനാക്കാരി വില്ക്കും ലോഹമണി..
കുടിയേറ്റനാട്ടില്‍ നിന്ന് സ്വന്തം നാട്ടില്‍ വീടുപണിയുന്നതിനെക്കുറിച്ചും അതിന്റെ ക്ലേശഭരിതമായ സ്വപ്നങ്ങളും ഈ വരികളില്‍ പുരണ്ടിരിക്കുന്നു. കുടിയേറ്റക്കാരനായ ഗള്‍ഫ് മലയാളിയുടെ എക്കാലത്തേയും സ്വപ്നമാണിത്. അവസാനത്തെ മലയാളിയും ഗള്‍ഫ് വിടുന്നത് വരെ ഈ സ്വപ്നം, ഈ വരികള്‍ , അതെ ഇറാനി മാര്‍ക്കറ്റിലെ
പരവതാനി നോക്കിയുള്ള ആ നില്പ് തുടരുക തന്നെ ചെയ്യും. ആഴങ്ങളിലെ മണ്ണ് എന്ന കവിതയില്‍ തന്നെ കാണാനെത്തുന്ന സജീവ് എന്ന സുഹൃത്തിനോട്
കവി പറയുന്നു:
നീ പോയതിനു ശേഷം
തെരുവുകളില്‍
രാത്രി സഞ്ചാരത്തിനിറങ്ങുന്ന
സുഖവാഹിനിക്കപ്പലുകളില്‍
ഞാന്‍ യാത്ര ചെയ്തിട്ടില്ല
പിറകിലെ ആളൊഴിഞ്ഞ കെട്ടിടവും
മരങ്ങളും
ജനലരികില്‍ ചെവിയോര്‍ക്കുന്നുവെന്ന്
പെട്ടെന്ന് ഉരുള്‍ പൊട്ടിയ പേടിയില്‍
ഞാന്‍ മുങ്ങിമരിച്ചപ്പോളാവണം
അവന്‍ പോയത്.
ഉണര്‍ന്നപ്പോള്‍
കസേരയില്‍
അവനില്‍ പാര്‍ത്തിരുന്ന
പ്രാണികള്‍ ഇഴയുന്നുണ്ടായിരുന്നു
കുടിയേറ്റക്കാരനില്‍ പ്രാണികള്‍ ഇഴയുന്ന ശരീരവും പാര്‍ക്കുന്നുണ്ടെന്ന വസ്തുതയിലേക്ക് കവി ഇവിടെ വിരല്‍ ചൂണ്ടുകയാണ്. കുടിയേറ്റക്കാരന് നാട്ടിന്‍പുറത്തെക്കുറിച്ച് ഏറെ ഓര്‍ക്കാനുണ്ട്, എന്നാല്‍ എല്ലാ ഓര്‍മകളും സുഖകരമല്ല.
ചില ഓര്‍മകള്‍
യൂറോപ്യന്‍ ക്ലോസറ്റിലെറിയപ്പെട്ട
സിഗരറ്റു കുറ്റികളാണ്
എത്ര ഫ്ലഷ് ചെയ്താലും
അവ, അസുഖകരമായ
കാഴ്ചകളായി പൊങ്ങിക്കിടക്കും
(ഓര്‍മകള്‍ എന്ന കവിത)
ഇത്തരത്തില്‍ സുഖകരവും അസുഖകരവുമായ എത്രയോ ഓര്‍മകള്‍ , ബിംബങ്ങള്‍ ഈ സമാഹാരത്തിലെ 35 കവിതകളില്‍ നിന്ന് വായനക്കാരന് കണ്ടെടുക്കാന്‍ സാധിക്കും. കാമ്പസ് കവിതകളെ ഓര്‍മ്മിപ്പിക്കുന്ന ചില തരുണരചനകള്‍ ഈ സമാഹാരത്തിലുണ്ട്. ആത്മം, ആത്മാര്‍പ്പണം തുടങ്ങിയ കവിതകള്‍ .
സമാഹാരത്തിന്റെ ഗൌരവത്തെ ബാധിക്കുന്ന ഈ കവിതകള്‍ ഒഴിവാക്കാമായിരുന്നു. ഒരു പക്ഷെ ആ കവിതകള്‍ കവിക്ക് പ്രിയപ്പെട്ടതാകാം. വായനക്കാരന് അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. അനില്‍കുമാറിന്റെ കവിതളുടെ ഉള്ളും പുറവും തിരിച്ചറിയാന്‍ വായനക്കാരനെ സഹായിക്കുന്നതാണ് പുസ്തകത്തിനുള്ള ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്റെ അവതാരികയും കരുണാകരന്റെ പഠനവും. പുസ്തകത്തിന്റെ കവര്‍ചിത്രം കവിതകളുടെ ആത്മാവിലേക്കുള്ള വിരല്‍ചൂണ്ടിയായിരിക്കുന്നു. സമീപകാലത്ത് നമ്മുടെ പുസ്‌തകങ്ങള്‍ക്കൊന്നും കിട്ടാത്ത അതിമനോഹരമായ കവറാണ് ഈ പുസ്തകത്തിന്റേത്. വാഹനങ്ങളുടെ മോര്‍ച്ചറിയെന്ന് തോന്നിക്കുന്ന ഒരു പ്രദേശത്ത് ശ്വസിക്കാനെന്ന മട്ടില്‍ ഉയര്‍ന്നു നില്ക്കുന്ന ട്രാഫിക്‍ സിഗ്നലുകളും മേലെ അരുണിമ പകരുന്ന ആകാശവുമാണ് കവര്‍ ഗ്രാഫിക്കിലുള്ളത്. കാലം ഒരു ട്രാഫിക്‍ സിഗ്നലില്‍ കെട്ടിക്കിടക്കുകയാണെന്ന് പൊടുന്നനെ തോന്നിക്കുന്ന ഈ ഗ്രാഫിക്ക് തയ്യാറാക്കിയിരിക്കുന്നത് പ്രേം രാജനാണ്. കുടിയേറ്റക്കാരന്‍ മഹാനഗരങ്ങളില്‍ അനുഭവിക്കുന്ന ട്രാഫിക്‍ ജാം ഇവിടെ ഈ പുറംചട്ടയില്‍ കാലത്തിന്റെ നിശ്ചലതയായി വ്യാഖ്യാനിക്കപ്പെടുന്നു. കവി എല്ലാ കാലത്തും നേരിടുന്നത് ഇടക്ക് നിശ്ചലമായിപ്പോയെന്ന് തോന്നുന്ന കാലത്തെയാണല്ലോ.
പുസ്തകപരിചയം
രണ്ട് അദ്ധ്യായങ്ങളുള്ള നഗരം (കവിതാസമാഹാരം)
ടി.പി. അനില്‍കുമാര്‍ .
ഒലീവ് പബ്ലിക്കേഷന്‍സ്
കോഴിക്കോട്.
പേജ്- 98.
വില- 60 രൂപ.