തര്‍ജ്ജനി

വി.കെ. ആദര്‍ശ്‌

ഇ-മെയില്‍:adarshpillai@gmail.com

വെബ്:www.adarshpillai.in

Visit Home Page ...

പരിസ്ഥിതി

അപകടകാരികളായ പുത്തന്‍ മാലിന്യങ്ങള്‍

വ്യവസായവികസനവും നഗരവത്‌കരണവും വരുത്തിവച്ച വിനയായി ലോകം മലിനീകരണത്തെ കാണുന്നു. നവസാങ്കേതികവിദ്യയുടെ ഫലമായി ഉടലെടുത്ത മാലിന്യങ്ങളെ അപകടകാരിയായ മാലിന്യങ്ങള്‍ (Hazardous Waste) എന്നാണ്‌വിവക്ഷിക്കാറുളളത്‌. സ്വാഭാവികമാലിന്യത്തെക്കാളും വളരെ ഉയര്‍ന്നശതമാനത്തിലാണ്‌ ഇത്തരം മാലിന്യങ്ങള്‍ ഭൂമുഖത്ത്‌ അടിഞ്ഞു കൂടികൊണ്ടിരിക്കുന്നത്‌. പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ തന്നെ ഇവ പതിന്മടങ്ങ്‌ അപകടകാരികളുമാണ്‌. പരിസ്ഥിതിയേയും സസ്യജീവജാലങ്ങളേയും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഭൌതിക-രാസസ്വഭാവം ഉളള ഇത്തരം മാലിന്യങ്ങളുടെ സംസ്കരണവും പുനരുപയോഗവും അതീവസങ്കീര്‍ണമായ പ്രക്രിയയാണ്‌. ന്യൂക്ലിയര്‍ മാലിന്യം, ബയോ മെഡിക്കല്‍ മാലിന്യം, ഇ-മാലിന്യം തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു.

ന്യൂക്ലിയര്‍ മാലിന്യം

ഖനിജ ഇന്ധനങ്ങള്‍ ഏറെക്കാലത്തെ ഉപയോഗത്തിന്‌ അവശേഷിച്ചിട്ടില്ലന്ന വസ്തുതയുടെ വെളിച്ചത്തില്‍ ആശവോര്‍ജ്ജവാദികള്‍ക്ക് മേല്‍ക്കൈ ലഭിക്കുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട മേഖലയാണ്‌ ന്യൂക്ലിയര്‍വേസ്റ്റ്‌ അഥവാ ആണവമാലിന്യങ്ങള്‍ ‍. ഉല്പാദനത്തിന്റെ ഘട്ടത്തിലും അതിനുശേഷവും ഏറെ അപകടമുണ്ടാക്കാന്‍ സാദ്ധ്യതയുളളതാണ് ഈ ആണവഇന്ധനം.വൈദ്യുതോര്‍ജ്ജത്തില്‍ വന്‍കമ്മി നേരിടുന്ന സാഹചര്യത്തില്‍ ആണവനിലയങ്ങളെ ഊര്‍ജ്ജാവശ്യത്തിനായി ആശ്രയിക്കാനുളള സാദ്ധ്യത ഇന്നത്തെ സാഹചര്യത്തില്‍ കൂടുതലാണ്‌. വൈദ്യുതോല്പാദനശേഷം പുറന്തള്ളുന്ന മാലിന്യത്തില്‍ റേഡിയോആക്ടീവതയുളള പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ഇത്തരം അവശിഷ്ടങ്ങളുടെ കൈകാര്യം ചെയ്യലിന്‌ വിശ്വസനീയമായ മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഉരുത്തിരിഞ്ഞിട്ടില്ല. ഫ്രാന്‍സ്‌ അവരുടെ ഊര്‍ജ്ജ ആവശ്യങ്ങളുടെ മുഖ്യപങ്കും ആണവഇന്ധനം വഴിയാണ്‌ സാധിച്ചെടുക്കുന്നത്‌. പക്ഷേ 1979ല്‍ അമേരിക്കയിലെ ത്രീ മൈല്‍ ഐലന്റിലും 1986 ല്‍ റഷ്യയിലെ ചെര്‍ണോബിലിലും സംഭവിച്ച അപകടം മാനവരാശിയെ ഞെട്ടിപ്പിച്ചിരുന്നു. 31ആളുകള്‍ മരണപ്പെട്ട ചെര്‍ണോബില്‍ അപകടത്തിന്റെ ദുരന്തഫലം 50 വര്‍ഷത്തോളം ആ ഭാഗത്ത്‌ തുടരുമെന്ന്‌ ഭയക്കുന്നു. ആണവറിയാക്ടറിനു വേണ്ടിയുള്ള ഇന്ധനം നിര്‍മ്മിക്കുന്ന വേളയിലും മലിനീകരണത്തോത്‌ വളരെയധികമാണ്‌. ആണവറിയാക്ടറില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്ക്കരിക്കാന്‍ പഴുതുകളില്ലാത്തതുമായ സംവിധാനം വിശ്വസനീയമായ രീതിയില്‍ രൂപപ്പെടുന്നതുവരെ ആപദ്ഘട്ടത്തിലാണ്‌ ജീവിക്കുന്നത്‌ എന്നു പറയേണ്ടിവരും. ഒരു ട ണ്‍ യുറേനിയത്തില്‍ 1000 ടണ്‍ കല്ക്കരിയില്‍ നിന്നും ലഭിക്കുന്നതിനെക്കാള്‍കൂടിയ അളവില്‍ ഊര്‍ജ്ജം ലഭിക്കുമെങ്കിലും, ആയിരം ടണ്‍ കല്ക്കരി സൃഷ്ടിക്കുന്ന ആഘാതത്തിന്റെ എത്രയൊ ഇരട്ടി ആഘാതം ഒരു നിമിഷാര്‍ദ്ധത്തെ ആണവക്കൈപ്പിഴക്ക്‌ സാധിക്കുമെന്നത്‌ ഭീതിയോടെ മാത്രമേചിന്തിക്കാന്‍ സാധിക്കുകയുളളൂ.

ബയോമെഡിക്കല്‍ മാലിന്യം

ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ ലാബുകളില്‍ നിന്നും പുറന്തളളുന്ന മാലിന്യങ്ങള്‍ നഗരമാലിന്യങ്ങള്‍ക്കൊപ്പം സംസ്ക്കരിക്കുന്നതാണ്‌ പരക്കെകണ്ടു വരുന്ന രീതി. ചെറിയൊരളവിലാണ്‌ നഗരമാലിന്യങ്ങളില്‍ ബയോമെഡിക്കല്‍ അവശിഷ്ടം എത്തുന്നതെങ്കില്‍ പോലും ഗുരുതരമായആരോഗ്യപ്രത്യാഘാതങ്ങളുണ്ടാക്കും. ശസ്ത്രക്രിയയ്ക്ക്‌ ഉപയോഗിക്കുന്ന കത്തി , ഇഞ്ചക്ഷന്‍ , മരുന്നിന്റെ സ്ഫടികക്കുപ്പി , മുറിവ്‌ തുന്നിക്കെട്ടിയശേഷമുളള അവശിഷ്ടങ്ങള്‍ ‍, ശസ്ത്രക്രിയാനന്തരം മുറിച്ചുമാറ്റപ്പെട്ട ശരീരഭാഗങ്ങള്‍ ‍, പരിശോധനക്കായി ശേഖരിക്കുന്ന രക്തസാമ്പിളുകള്‍ ‍, സിറിഞ്ച്‌ , ബ്ലഡ്‌ബാഗുകള്‍ എന്നിവ ബയോമെഡിക്കല്‍ മാലിന്യത്തില്‍പ്പെടുന്നു. മാലിന്യം നീക്കുന്ന / ശേഖരിക്കുന്ന തൊഴിലാളികള്‍ക്ക്‌ ശരീരം മുറിവേല്ക്കാനും , ഗുരുതരമായ അസുഖങ്ങള്‍ പിടിപെടാനും ഇത്തരം അപകടകരമായ മാലിന്യങ്ങള്‍ കാരണമാകും . ഹെല്‍ത്ത്‌ സര്‍വീസ്‌ ഡയറക്ടര്‍ ജനറലിന്റെ 1993ലെ കണക്ക്‌ പ്രകാരം തന്നെ ഇന്ത്യയില്‍ പ്രതിവര്‍ഷം 54000 ടണ്‍ ബയോമെഡിക്കല്‍ മാലിന്യം പുറംതളളുന്നു എന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. 1993 ന്‌ ശേഷം ആശുപത്രികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന തന്നെയുണ്ടായി . ഒരു കിടക്ക പ്രതിദിനം ശരാശരി 150 മുതല്‍ 500ഗ്രാം വരെ ബയോമെഡിക്കല്‍ മാലിന്യം സൃഷ്ടിക്കുന്നുണ്ട്‌ . ആശുപത്രിയുടെ വലിപ്പത്തിനും സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും അനുസരിച്ച്‌ ഈ കണക്ക്‌ വ്യത്യാസപ്പെടാം. 150 ഗ്രാം എന്ന തോതില്‍ കണക്കാക്കിയാല്‍ തന്നെ 400കിടക്കയുളള ആശുപത്രി പ്രതിദിനം 60 കി.ഗ്രാം മാലിന്യമാണ്‌ കുന്നുകൂട്ടുന്നത്‌. പ്രതിവര്‍ഷം 21900 കി.ഗ്രാം. ഇതോടൊപ്പം ആധുനിക മെഡിക്കല്‍ ഉപകരണവും മറ്റൊരു തരത്തില്‍ മാലിന്യമാകുന്നുണ്ട്‌. മെഡിക്കല്‍ ഇലക്‍ട്രോണിക്സ് മേഖലയിലെ ദ്രുതഗതിയിലുളള വളര്‍ച്ച ദിനംപ്രതി പുതിയ ഉപകരണങ്ങള്‍ ആരോഗ്യപരിപാലനത്തിനായി വിപണിയിലിറക്കുന്നുണ്ട്‌. ഒരു മെഷീന്‍ ഇറങ്ങിയാല്‍ അതിന്റെ തന്നെ കൂടുതല്‍ നവീകരിച്ച സൌകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ വകഭേദം കുറഞ്ഞകാലത്തിനുളളില്‍ വിപണിയില്‍ എത്തും. ഇത്‌ ആശുപത്രികളെ പുതിയവയിലേക്ക്‌ മാറാന്‍ നിര്‍ബന്ധിതരാക്കും. പഴയ ഉപകരണം പൊടിപിടിച്ച്‌ മൂലയിലേക്ക്‌ മാറ്റപ്പെട്ടിരിക്കും. കൂടാതെ മെഡിക്കല്‍ ഉപകരണങ്ങള്‍അറ്റകുറ്റപണി നടത്താനുളള ശരിയായ സാങ്കേതിക വിദഗ്ദ്ധരുടെ അഭാവവും മെഡിക്കല്‍ ഉപകരണങ്ങളെ ഇലക്‍ട്രോണിക്‍ മാലിന്യമാക്കി മാറ്റും. മിക്ക ഉപകരണങ്ങളിലും ആരോഗ്യത്തിന്‌ ഹാനികരമായേക്കാവുന്ന ലെഡ്‌, കാഡ്‌മിയം , മെര്‍ക്കുറി , ആഴ്‌സനിക്ക്‌, പ്ലാസ്റ്റിക്ക്‌ എന്നിവ അടങ്ങിയിട്ടുണ്ട്‌.

ഇ-മാലിന്യം?

ഉപയോഗകാലം കഴിഞ്ഞോ അല്ലാതെയോ ഉപേക്ഷിച്ച ഇലക്‍ട്രിക്‌ / ഇലക്‍ട്രോണിക്‌ ഉപകരണത്തേയോ ഭാഗത്തേയോ ഇ-മാലിന്യം അല്ലെങ്കില്‍ 'ഇ-വേസ്റ്റ്‌' എന്നുപറയാം. ടെലിവിഷന്‍ ‍, കമ്പ്യൂട്ടര്‍ ‍, ടേപ്പ്‌റെക്കോര്‍ഡര്‍ ‍- പ്ലെയര്‍ ‍, വിസിആര്‍ ‍, മോബൈല്‍ ഫോണ്‍ തുടങ്ങി ഹൈടെക്‍ കളിപ്പാട്ടങ്ങള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു. ടെലിവിഷന്‍ ‍- കംപ്യൂട്ടര്‍ മോണിറ്ററുകളും ബാറ്ററിയുമാണ്‌ ഇ-മാലിന്യത്തില്‍ അപകടത്തിലും അളവിലും ഏറെ മുന്നില്‍ ‍. പ്രവര്‍ത്തനരഹിതമായാല്‍ അറ്റകുറ്റപ്പണി നടത്തുന്നതിനേക്കാള്‍ ഭേദം' എക്‌സ്‌ചേഞ്ച്‌' ചെയ്യുന്നതാണെന്ന വിപണിചിന്തയും, കൂടുതല്‍ ആകര്‍ഷകമായ' യൂട്ടിലിറ്റികള്‍ ‍' ഉള്‍പ്പെടുത്തിയ ഉപകരണങ്ങള്‍ കുത്തൊഴുക്കെന്നപോലെ വിപണിയില്‍ എത്തുന്നതും ഇ-മാലിന്യത്തിന്റെ ആക്കം കൂട്ടുന്നു. 1990 ന്റെ തുടക്കം മുതലാണ്‌ ഇ-മാലിന്യത്തിന്റെ ഗൌരവം ബോദ്ധ്യപ്പെട്ടുതുടങ്ങിയത് ‌. അമേരിക്ക , ജപ്പാന്‍ ‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ ഇ-മാലിന്യസംസ്ക്കരണത്തിന്‌ ശക്തമായ നിയന്ത്രണസംവിധാനങ്ങളും നിയമങ്ങളുമുണ്ട് ‌. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന്‌ ടണ്‍ ഇ-മാലിന്യമാണ്‌ സൃഷ്ടിക്കപ്പെടുന്നത് ‌. അതോടൊപ്പം ഗൌരവമായ ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതായി 2005 ലെ യു . എന്‍ ‍.ഇ . പി. റിപ്പോര്‍ട്ട്‌ എടുത്തു പറയുന്നു . പുതിയ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളും ഇപ്പോഴത്തെ ആവശ്യങ്ങള്‍ക്കുള്ള നവീകരിച്ച ഉപകരണങ്ങളും വിപണിയിലേക്കെത്തുന്നത്‌ പെട്ടെന്നാണ്‌. ഉപകരണത്തിന്റെ വലിപ്പം കുറയുന്നതും പ്രവര്‍ത്തനശേഷി ഉയരുന്നതും പ്രവചനാതീതമായ വേഗത്തിലാണെന്ന്‌ പറയാം. അതോടോപ്പം ഇപ്പോള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ പഴഞ്ചനായി പിന്നാമ്പുറത്തേക്ക്‌ എത്താനുള്ള സാദ്ധ്യത കൂടുതലാണ്‌. ഇതര എന്‍ജിനീയറിങ്‌ ശാഖകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇലക്‍ട്രോണിക്സ്‌ മേഖലയിലാണ്‌ പ്രായോഗക്ഷമതയുള്ള ഉപകരണങ്ങള്‍ പോലും ഉപേക്ഷിക്കുന്ന സ്ഥിതിയില്‍ എത്തിക്കുന്നത്‌. എന്നാല്‍ ഇത്തരത്തില്‍ പുറംതള്ളുന്ന ഇലക്‍ട്രോണിക്‍ വസ്തുക്കള്‍ക്ക്‌ എന്ത്‌ സംഭവിക്കുന്നു? സാധാരണക്കാരന്റെ പോലും ചിന്തയ്ക്കും സ്വപ്നത്തിനും അതീതമായ ഇലക്‍ട്രോണിക്‍ ഉപകരണങ്ങള്‍ പ്രാപ്യമായപ്പോള്‍ മറുവശത്ത്‌ നമ്മെത്തന്നെ കാത്തിരിക്കുന്നത്‌ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളാണ്‌. കമ്പ്യൂട്ടര്‍ ‍/ ടെലിവിഷന്‍ മോണിറ്ററില്‍ രണ്ട്‌ കിലോഗ്രാമോളം ലെഡ്‌ (ഈയം) അടങ്ങിയിട്ടുണ്ട്‌. ഇതു കൂടാതെ കാഡ്‌മിയം, ക്രോമിയം, ടിന്‍ ‍, മെര്‍ക്കുറി, ആഴ്സനിക്‍ ‌, കോബാള്‍ട്ട്‌, നിക്കല്‍ തുടങ്ങി 100ലേറെ അപകടകരമായ മൂലകങ്ങളോ സംയുക്തങ്ങളോ ഇ-മാലിന്യത്തില്‍ അടങ്ങിയിരിക്കുന്നു. ഇവ ശ്വാസകോശം, തലച്ചോറ്‌, ആമാശയം എന്നിവയ്ക്ക്‌ കടുത്ത രോഗഭീഷണി ഉയര്‍ത്തുന്നു, മാത്രമല്ല, അര്‍ബുദത്തിന്‌ വരെ വഴി മരുന്നിടാം. പ്ലാസ്റ്റിക്ക്‌ കത്തിക്കുമ്പോള്‍ പുറത്തുവരുന്ന ഡയോക്‍സിന്‍ അര്‍ബുദത്തിന്‌ കാരണമാകുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ചെറിയോരളവില്‍ ശരീരത്തിലെത്തിയാല്‍ തന്നെ ലെഡ്‌ നാഡീവ്യൂഹത്തിനും രക്തചംക്രമണത്തിനും കിഡ്‌നിക്കും സാരമായ കേടുപാടുകള്‍ സൃഷ്ടിക്കും. കുട്ടികളുടെ ബുദ്ധിവികാസത്തേയും ഇത്‌ പ്രതികൂലമായി ബാധിക്കുന്നു. 1997 മുതല്‍ 2007 വരെയുള്ള കാലയളവില്‍ അമേരിക്കയില്‍ മാത്രം 50 കോടി കമ്പ്യൂട്ടറുകള്‍ ഇ-മാലിന്യമാകുമെന്ന്‌ സിലിക്കോണ്‍വാലി ടോക്സിക്കിന്റെ പഠനത്തില്‍ പറയുന്നു. 75 കോടി കി.ഗ്രാമിലേറെ ലെഡ്‌ ഇത്രയും മാലിന്യത്തില്‍ നിന്നും മാത്രം ഭൂമുഖത്തെത്തും. ഇലക്‍ട്രോണിക്‍ മാലിന്യം പ്രാധാനമായും ഉപയോഗശൂന്യമായ ഇലക്‍ട്രിക്ക് ‌/ ഇലക്‍ട്രോണിക്‌ ഉപകരണങ്ങളുടെ ബാഹുല്യവുമായി ബന്ധപ്പെട്ടതാണ്‌. അതോടോപ്പം ചേര്‍ത്തുവെയ്‌ക്കേണ്ടതാണ്‌ ഇലക്‍ട്രോണിക്‍ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന പരിസരമലിനീകരണം. ചിപ്പ്‌ നിര്‍മ്മാണത്തില്‍ ലോകവിപണിയുടെ സിംഹഭാഗവും കയ്യടക്കിവച്ചിരിക്കുന്ന ഇന്റല്‍ കോര്‍പ്പറേഷന്‍ അമേരിക്കയിലെ ന്യൂമെക്സിക്കോ സംസ്ഥാനത്ത്‌ സ്ഥാപിച്ച ചിപ്പ്‌ നിര്‍മ്മാണകേന്ദ്രം വന്‍പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇലക്‍ട്രോണിക്‌ ഉപകരണങ്ങളുടെ നിര്‍മ്മാണവേളയില്‍ തന്നെ മലിനീകരണം വളരെക്കൂടുതലാണ്‌. ആറിഞ്ച്‌ വലിപ്പമുള്ള ചിപ്പ്‌ (6 inch wafer of semi conducter chip) നിര്‍മ്മാണവേളയില്‍ പലഘട്ടങ്ങളായി 3200 ഘനഅടി വാതകം പുറന്തള്ളുന്നു. ഇതില്‍ 22 ഘന അടി വിഷവാതകങ്ങളാണ്‌. കൂടാതെ 2275 ഗ്യാലന്‍ ഡീഅയണൈസ്‌ഡ്‌ ജലം, 10 കി.ഗ്രാം രാസപദാര്‍ത്ഥങ്ങള്‍ 285 യൂണിറ്റ്‌ വൈദ്യുതിയും ഉപയോഗിക്കുന്നു .

ഇ-മാലിന്യം എങ്ങനെ ഉണ്ടാകുന്നു
മറ്റുള്ള ഏത്‌ സാങ്കേതികവിദ്യയുമായി താരതമ്യപ്പെടുത്തിയാലും ഇലക്‍ട്രോണിക്‌ ഉപകരണങ്ങള്‍ക്ക്‌ തന്നെയാണ്‌ ഏറ്റവും കുറഞ്ഞ ആയുര്‍ദൈര്‍ഘ്യം. മെക്കാനിക്കല്‍ എന്‍ജിനീയറിംഗിന്റെ ഗണത്തിലുള്ള മോട്ടോര്‍കാറിന്റ ജീവിതകാലം 15 വര്‍ഷത്തിലേറെയാണ്‌ എന്നാല്‍ ആധുനിക കംപ്യൂട്ടറിന്റ പ്രവര്‍ത്തനകാലം ഏകദേശം 6 വര്‍ഷമായിട്ടാണ്‌ കണക്കാക്കുന്നത്‌. കാറിന്‌ സെക്കന്റ്‌ഹാന്‍ഡ്‌ വിപണിയും സജീവമാണ്‌എന്നാല്‍ കമ്പ്യൂപ്യൂട്ടര്‍ ‍/ഇലക്‍ട്രോണിക്‌സ്‌ ഉപകരണങ്ങള്‍ മാറ്റണമെന്ന്‌ തോന്നിയാല്‍ മിക്കവരും ഉപേക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌. അതായത്‌ അകാലചരമം വിധിക്കപ്പെടുന്നു. പുതിയ കമ്പ്യൂട്ടറോ, മൊബൈല്‍ ഫോണോ മാര്‍ക്കറ്റിലിത്തിയാല്‍ ആദ്യഉപഭോക്താക്കള്‍ ഇപ്പോള്‍ തന്നെ പഴയമോഡല്‍ ഉപയോഗിക്കുന്നവരായിരിക്കും. ഇത്തരത്തില്‍ സാങ്കേതികവിദ്യയുടെ പ്രഭാപൂരത്തില്‍ നാം സ്വാംശീകരിക്കുന്ന നവജീവിതശൈലിയില്‍ തന്നെയാണ്‌ ഭാവിദുരന്തത്തിന്റെ വിത്തുകള്‍ ഒളിഞ്ഞിരിക്കുന്നത്‌. സാങ്കേതികവിദ്യയുടെ ലക്കുംലഗാനുമില്ലാത്ത വളര്‍ച്ച ഇ-മാലിന്യ കൂമ്പാരത്തിന്‌ രാസത്വരകമായി വര്‍ത്തിക്കുന്നുവെന്ന്‌ പറയാം. ഇന്നലത്തെ ആഡംബരം ഇന്നത്തെ ആവശ്യവും നാളത്തെ അത്യാവശ്യവുമാകും എന്നതാണല്ലോ ഇതുവരെയുളള അനുഭവം. ഉപയോഗകാലം കഴിഞ്ഞോ അല്ലാതെയോ ഉപേക്ഷിക്കപ്പെടുന്ന വൈദ്യുതോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെയും അനുബന്ധവസ്തുക്കളെയും ഇ-മാലിന്യമെന്ന്‌ പറയാം. ഇങ്ങനെ ഒരു ഉപകരണം ഉപേക്ഷിക്കാന്‍ നിരവധി കാരണങ്ങളുണ്ട്‌.

1. സാങ്കേതികമായ പ്രചാരലുപ്തത (Technical Obsolescence): പഴക്കം ഒരു കാരണമാകാറുണ്ട്‌. ക്രമരഹിതമായ പ്രവര്‍ത്തനമോ കേടുപാട്‌ തീര്‍ക്കാന്‍പറ്റാത്തതോ ആയ ഉപകരണങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാകും. കേവലം ഒരു ഭാഗത്തിനു മാത്രം സംഭവിക്കുന്ന പ്രശ്നം ഉപകരണത്തെ പൂര്‍ണ്ണമായിത്തന്നെ ഉപേക്ഷിക്കാന്‍ കാരണമാകും.

2 രൂപകല്പനയിലെ അപാകം: തുറന്ന്‌ അറ്റകുറ്റപ്പണി നടത്താന്‍ പറ്റാത്ത രൂപകല്പന ഉപകരണത്തെ പ്രതികൂലമായി ബാധിക്കും. ചിലപ്പോള്‍ കേവലം 50 പൈസമാത്രം വിലവരുന്ന ഒരു റസിസ്റ്ററിന്റെ മരണമാകാം ഉപകരണത്തിന്റെ മൊത്തത്തിലുള്ള ചരമക്കുറിപ്പെഴുതിയത്‌. വിപണിയിലെ വാണിജ്യപരമായ കിടമത്സരങ്ങളാണ്‌ നിര്‍മ്മാതാക്കളെ ഇത്തരത്തിലുള്ള രൂപകല്പനയ്ക്ക്‌ പ്രേരിപ്പിക്കുന്നത്‌.

3. താരതമ്യേന വിലകുറഞ്ഞ ഉപകരണങ്ങളുടെ ബാഹുല്യം: 1992ല്‍ 20000രൂപയ്ക്ക്‌ വാങ്ങിയിരുന്ന ടെലിവിഷന്‍ ഇന്ന്‌ 10000 താഴെ രൂപയ്ക്ക്‌ ലഭ്യമാണെന്നിരിക്കെ പിക്ച്ചര്‍ട്യൂബ്‌ മാറ്റം തുടങ്ങിയ പണച്ചിലവുളള റിപ്പയറിങ്ങിന്‌ ആരും ശ്രമിക്കില്ല.

4. നവസാങ്കേതികവിദ്യ: പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടി.വി , കളര്‍ ടി .വിയ്ക്ക്‌ വഴിമാറിക്കൊടുത്തതും അതേ കളര്‍ ടി.വി ഇന്ന്‌എല്‍ ‍.സി. ഡി /പ്ലാസ്‌മാ ടി.വി തുടങ്ങിയ പുതിയ തലമുറയ്ക്ക്‌ വഴിതുറന്ന്‌ കൊടുക്കുന്നതും ഉത്തമ ദൃഷ്ടാന്തം.

5 ഊര്‍ജലാഭം: ലോകമൊട്ടാകെ വൈദ്യുതിയുടെ വില ഏറിവരുകയാണ്‌ അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ വൈദ്യുതി ചിലവുള്ള ഉപകരണങ്ങളോടാണ്‌ ഉപഭാക്താക്കള്‍ക്ക്‌ പ്രിയം. കറണ്ടുതീനികളായ പഴയ ഫ്രിഡ്ജുകള്‍ ഇന്ന്‌ ഇ വേസ്റ്റ്‌ കൂനയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാകും.

6. കാഴ്‌ചയിലെ മാറ്റം: ഉപഭോക്തൃഭ്രമത്തില്‍പ്പെട്ട്‌ പുതിയ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടുന്ന ശീലം, കൂടുതല്‍ നയനാന്ദകരമായ രൂപകല്പന , ഭാരക്കുറവ്‌, പരസ്യംവഴിയുളള സ്വാധീനം തുടങ്ങിയ കാരണങ്ങളാല്‍ പുതിയ ഉപകരണത്തിലേക്ക്‌ മാറാം. 1995ല്‍ നമ്മുടെ നാട്ടില്‍ അവതരിച്ച ഏറെ വലുപ്പവും ഒപ്പം ഭാരവുമുള്ള മോബൈല്‍ ഫോണ്‍ ഇത്തരത്തിലെ മാറ്റത്തിനകപ്പെട്ട്‌ ഇ-മാലിന്യക്കൂനയിലേക്ക്‌ എത്തിയവയില്‍ പെടുന്നു.

7. വിപണിപരമായ മത്സരം: ഉപകരണനിര്‍മ്മാതാക്കള്‍ തമ്മിലുള്ള രൂക്ഷമായ മത്സരം ഉപഭോക്താവിനെ ഒരു എക്സേഞ്ചിനെങ്കിലും പ്രേരിപ്പിക്കാതിരിക്കില്ല.

ഇതിനൊക്കെ പുറമേ വൈകാരികമായ കാരണങ്ങള്‍ ‍, ജീവിതശൈലിയിലെ മാറ്റം, വൈദ്യുതവോള്‍ട്ടേജിലെ ക്രമരാഹിത്യം എന്നിവയും ഉപകരണത്തിന്റെ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നു .ഉപകരണത്തിന്റെ ഉപയോഗത്തിനാവശ്യമായ വസ്തുക്കളും ഇ-മാലിന്യക്കൂട്ടത്തിലെ മുഖ്യപങ്കുകാരാണ്‌. കമ്പ്യൂട്ടറിന്‌ ഫ്ലോപ്പി ഡിസ്ക്‌ / സിഡി റോം ,പ്രിന്ററിന്‌ ടോണര്‍ ‍/കാറ്റ്‌റിഡ്ജ്‌, മൊബൈല്‍ ഫോണ്‍ ‍, യു.പി.എസ്‌ എന്നിവയ്ക്ക്‌ ബാറ്ററി എന്നിവ ചിലതു മാത്രം. ഒരു കമ്പ്യൂട്ടറിന്റെ ആയുസ്സ് ആറു വര്‍ഷമായി കണക്കാക്കാമെങ്കില്‍ ഫ്ലോപ്പി ഡിസ്ക്കിന്റേത്‌ കേവലം 30ദിവസത്തില്‍ താഴെയാകാം. ഇപ്രകാരം കുന്നുകൂടുന്ന ഇ-മാലിന്യത്തിന്റെ അളവിനേക്കാളും ആശങ്കയുണര്‍ത്തുന്നത്‌ ഇവയിലടങ്ങിയിരിക്കുന്ന അപകടകരമായ രാസപദാര്‍ത്ഥങ്ങളാണ്‌. ഇന്ത്യയില്‍ പൊതുവിലും കേരളത്തില്‍ പ്രത്യേകിച്ചും വൈദ്യുതി വിതരണത്തിലെ അപാകത ഉപകരണങ്ങളുടെ ആയുര്‍ദൈര്‍ഘ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. സ്ഥിരമായി നിശ്ചിത വോള്‍ട്ടേജ്‌ വൈദ്യുതി സുഗമമായി ലഭിക്കുകയാണെങ്കില്‍ ഗുണനിലവാരമുള്ള വൈദ്യുതിയാണെന്ന്‌ പറയാം. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന വളരെ ഉയര്‍ന്ന വോള്‍ട്ടേജ് ‌/ അല്ലെങ്കില്‍ വളരെ താഴ്ന്ന വോള്‍ട്ടേജ്‌ ഉപകരണത്തിന്റെ പ്രവര്‍ത്തനകാലം ഗണ്യമായി കുറക്കും. ശരാശരി 8000 മണിക്കൂര്‍ പ്രവര്‍ത്തിക്കേണ്ട സി.എഫ്‌.എല്‍ ‍5000 മണിക്കൂര്‍ പോലും പ്രവര്‍ത്തിക്കാതെ കണ്ണടക്കുന്നതിന്‌ പിന്നിലെ ഒരുകാരണം ഇതു തന്നെയാണ്‌. ഇലക്‍ട്രോണിക്‌ ഉപകരണങ്ങളില്‍ നൂറുകണക്കിന്‌ രാസപദാര്‍ത്ഥങ്ങളടങ്ങിയിട്ടുണ്ട്‌. വിലപിടിപ്പുള്ളതും വിഷമയങ്ങളായ മൂലകങ്ങളും ഇതില്‍പ്പെടും. സ്വര്‍ണം, പ്ലാറ്റിനം, വെള്ളി, ചെമ്പ്‌ എന്നീ ലോഹങ്ങള്‍ വ്യത്യസ്ഥ അളവുകളില്‍ ഇലക്‍ട്രോണിക്‌ ഉപകരണങ്ങളില്‍ കാണപ്പെടുന്നു. ഒരു ഗ്രാമില്‍ താഴെയളവില്‍ സ്വര്‍ണം ഒരു കമ്പ്യൂട്ടര്‍ മദര്‍ബോഡില്‍ നിന്നും വേര്‍തിരിച്ചെടുക്കാനാകും. ഒരു ഗ്രാം സ്വര്‍ണമെന്ന പ്രലോഭനമാണ്‌ നഗരങ്ങളിലെ ചേരിപ്രദേശങ്ങളില്‍ ഇലക്‍ട്രാണിക്‌ സര്‍ക്യൂട്ട്‌ ബോര്‍ഡുകള്‍ കൂട്ടിയിട്ട്‌ കത്തിക്കാനും, ആസിഡ്‌ലായനിയില്‍ മുക്കി മൂലകങ്ങളെ വേര്‍തിരിക്കാനും പാവപ്പെട്ട പണിക്കാര്‍ ശ്രമിക്കുന്നത്‌. അവിദഗ്ദ്ധരും നിരക്ഷരരുമായ തൊഴിലാളികളാണ്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇ-മാലിന്യസംസ്‌കരണത്തിലേര്‍പ്പെട്ടിരിക്കുന്നത്‌. ഇലക്‌ട്രോണിക്‍ മാലിന്യസംസ്ക്കരണം അവര്‍ക്ക്‌, പല ഭാഗങ്ങളാക്കി പൊളിച്ചുമാറ്റി കത്തിക്കുക എന്ന ലളിതപ്രക്രിയയാണ്‌. ലോഹഭാഗങ്ങള്‍ വേര്‍തിരിച്ച ശേഷം ബാക്കി വരുന്ന ഭാഗങ്ങള്‍ കുഴിച്ചുമൂടും. കത്തിക്കുന്നതിനിടയില്‍ അവരുടെ ശരീരത്തിലേക്കും അന്തരീക്ഷത്തിലേക്കും പുകയായെത്തുന്നത്‌ മാരകമായ രാസപദാര്‍ത്ഥങ്ങളാണെന്ന്‌ പാവങ്ങള്‍ തിരിച്ചറിയുന്നില്ല. അഥവാ തിരിച്ചറിഞ്ഞാല്‍ തന്നെ വൈകുന്നേരം കിട്ടുന്ന 75 രൂപയേക്കാള്‍ വലുതെന്തുണ്ട്‌ അവരുടെ ജീവിതത്തില്‍ ‍. ലോകജനസംഖ്യയുടെ ഇരുപത്‌ ശതമാനം വരുന്ന സമ്പന്നരാണ്‌ മൊത്തം ജി.എന്‍ ‍.പിയുടെ എണ്‍പത്തിയാറ്‌ ശതമാനവും ഉപയോഗിക്കുന്നത്‌. ഊര്‍ജ്ജ ഉറവിടത്തിന്റെ സിംഹഭാഗവും ഉപയോഗിച്ച്‌ തീര്‍ക്കുന്നതും ഈ ന്യൂനപക്ഷമാണ്‌. ആകെ ടെലഫോണ്‍ലഭ്യതയുടെ എഴുപത്തിനാല്‌ ശതമാനവും ഇവര്‍ക്കാണ്‌ പ്രാപ്യമായിട്ടുള്ളത്‌. മറ്റൊരു തലത്തിലേക്ക്‌ മേല്‍വിവരിച്ച സ്ഥിതിവിവരകണക്കുകളെ മാറ്റിയാല്‍ ‍; ലോകത്തിലെ ഇലക്‍ട്രോണിക്‌ മാലിന്യത്തിന്റെ 80ശതമാനവും അമേരിക്ക, കാനഡ, ജപ്പാന്‍ ‍, സിംഗപ്പൂര്‍ ‍, യു.കെ തുടങ്ങിയ വന്‍ശക്തികളാണ്‌ ഉണ്ടാക്കുന്നത്‌. ഇവിടെയൊക്കെ ഇ -മാലിന്യസംസ്‌ക്കരണത്തിന്‌ ശക്തമായ നിയമങ്ങളും നിലവിലുണ്ട്‌. 1997 നും 2004 നും ഇടയില്‍ അമേരിക്കയില്‍ മാത്രം 315 ദശലക്ഷം കമ്പ്യൂട്ടറുകള്‍ ഉപയോഗശൂന്യമായെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ നിന്നും ഭൂമുഖത്തേക്കെത്തുന്ന ലെഡിന്റെ അളവു മാത്രം 600 ദശലക്ഷം കി.ഗ്രാം വരും. വികസിത രാജ്യങ്ങളില്‍ നിലവിലുള്ള നിയമപ്രകാരം ഇലക്‌ട്രോണിക്‍ ‌മാലിന്യങ്ങളെ ശാസ്ത്രീയമായ റീ സൈക്ലിംഗിന്‌ വിധേയമാക്കേണ്ടതുണ്ട്‌. എന്നാല്‍ റീ സൈക്ലിംഗ്‌ എന്ന പേരില്‍ സമ്പന്ന രാജ്യങ്ങളില്‍ അരങ്ങേറുന്നത്‌, ഏഷ്യന്‍ രാജ്യങ്ങളിലേക്ക്‌ മൊത്തമായി ഇ -മാലിന്യങ്ങളെ കയറ്റുമതി ചെയ്യുന്നതാണ്‌. അമേരിക്ക സൃഷ്ടിക്കുന്ന ഇലക്‍ട്രോണിക്‌ മാലിന്യം കണ്ടെയ്‌നറുകളിലാക്കി ഇന്ത്യ, ചൈന, പാകിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേക്ക്‌ കയറ്റി അയയ്ക്കുകയാണ്‌. ഈ രാജ്യങ്ങളിലെ വര്‍ദ്ധിച്ച അളവിലുള്ള തൊഴിലില്ലായ്മയും കുറഞ്ഞ കൂലിയും ഒപ്പം ദുര്‍ബ്ബലമായ പരിസ്ഥിതി നിയമങ്ങളും ഇത്തരം മാലിന്യ ഇറക്കുമതിക്ക്‌ ആക്കം കൂട്ടുന്നുവെന്ന്‌ സിലിക്കോണ്‍ വാലി ടോക്‍സിക്സ്‌ കോയലിഷന്റെ പഠനത്തില്‍ വ്യക്തമായ കണക്കുകളോടെ പറയുന്നുണ്ട്‌. അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി (EPA) യുടെ അനുമാനത്തില്‍ പാഴായ കംപ്യൂട്ടറുകളില്‍ 11 ശതമാനം മാത്രമാണ്‌ റിസൈക്കിളിംഗിന്‌ വിധേയമാക്കുന്നത്‌. 2005 വരെ അമേരിക്കയില്‍ 130 ദശലക്ഷം മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായി . ഇതുണ്ടാക്കിയ മാലിന്യം മാത്രം 65,000 ടണ്‍ വരും. അമേരിക്കയില്‍ റീ സൈക്ലിംഗ്‌ നടത്തുന്ന മാലിന്യങ്ങളില്‍ നല്ലൊരു പങ്കും കൈകാര്യം ചെയ്യുന്നത്‌ തടവുകാരെ കൊണ്ടാണെന്ന വസ്‌തുതയും ഇതിനിടയില്‍ പുറത്തുവന്നു കഴിഞ്ഞു. തടവുകാര്‍ക്ക്‌ അമേരിക്കന്‍ ഫെഡറല്‍ ആരോഗ്യസുരക്ഷാനിയമങ്ങള്‍ ബാധകമല്ല എന്ന `അറിവാണ്‌' വന്‍സ്ഥാപനങ്ങള്‍ ആയുധമാക്കിയത്‌. ഫ്ലോറിഡയിലും ന്യൂജഴ്‌സിയിലുമാണ്‌ തടവുകാരെ വ്യാപകമായി ഈ രംഗത്ത്‌ ഉപയോഗിക്കുന്നത്‌. ഇവരാകട്ടെ കറുത്തവര്‍ഗക്കാരുമാണ്‌.

എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം

സമൂഹത്തിന്റെ സര്‍വ മണ്ഡലങ്ങളിലും വ്യാപിച്ച്‌ കഴിഞ്ഞ ഇലക്‍ട്രോണിക്‌ ഉപകരണങ്ങളെ പൂര്‍ണമായി ഒഴിവാക്കുക എന്നത്‌ ഒരു തുഗ്ലക്ക്‌പരിഷ്‌ക്കാരമായി ഭവിക്കും. ഉപയോഗിക്കാതിരിക്കുക എന്നതില്‍ നിന്നുപരിയായി എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നതാണ്‌ മുഖ്യം. തീര്‍ച്ചയായും മുന്‍സാങ്കേതിക വിദ്യയെ അപേക്ഷിച്ച്‌ വിവരസാങ്കേതികവിദ്യ മനുഷ്യന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളെ അത്യന്തം ലഘൂകരിക്കുകയും പ്രവര്‍ത്തനവേഗത അവിശ്വസനീയമാംവിധം മാറ്റുകയും ചെയ്തിട്ടുണ്ട്‌. ഇന്റര്‍നെറ്റിന്റെ വരവോടെ സ്ഥലകാലസീമകള്‍ അലിഞ്ഞില്ലാതെയായി. ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തം മാനവരാശിയെഎങ്ങനെ സ്വാധീനിച്ചുവോ അതിലും എത്രയോ ഇരട്ടി സ്വാധീനം കമ്പ്യൂട്ടര്‍വ്യൂഹങ്ങളും ഇന്റര്‍നെറ്റും സൃഷ്‌ടിച്ചു കഴിഞ്ഞു. ഉപയോഗിച്ച ഇലക്‍ട്രോണിക്‌ വസ്തുക്കള്‍ ശാസ്‌ത്രീയമായി സംസ്ക്കരിക്കുന്നത്‌ ഒരു വ്യവസായമായി നമ്മുടെ നാട്ടില്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല. വികസിത രാജ്യങ്ങളില്‍ ഇ -മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യാന്‍ നിയമം അനുശാസിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ മാലിന്യസംസ്കരണം ഒരു വ്യവസായസാദ്ധ്യത കൂടിയാണ്‌. സ്വിറ്റ്‌സര്‍ലണ്ട് ‌, യു.എസ്‌.എ, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ``അപകടകരമായ വസ്തു''ക്കളായി കണക്കാക്കി ഇത്തരം മാലിന്യങ്ങളെ സംസ്ക്കരിക്കാന്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്‌. യൂറോപ്യന്‍ യൂണിയന്‍ മാതൃകയാക്കാവുന്ന മറ്റൊരു നിര്‍ദ്ദേശവും മുന്നോട്ട്‌ വെയ്ക്കുന്നു. ഇലക്‍ട്രോണിക്‌ ഉപകരണം നല്കിയ സ്ഥാപനം തന്നെ ഉപയോഗകാലദൈര്‍ഘ്യത്തിനുശേഷം അവ തിരിച്ചെടുക്കാമെന്ന ഉറപ്പ്‌ ഉപഭോക്താവിന്‌ നല്കണം. ആദ്യം ഒരു തുക ഉല്പന്ന വിലയോടൊപ്പം ഉപഭോക്താവില്‍ നിന്ന്‌ ഈടാക്കുക . തിരികെഏല്പിക്കുമ്പോള്‍ ഈ തുക മടക്കി നല്കിയാല്‍ മതിയാകും. വലിച്ചെറിയാന്‍ സാദ്ധ്യതയുള്ള ഉപകരണങ്ങള്‍ പണത്തെ ഓര്‍ത്തെങ്കിലും തിരികെ എത്തിക്കും .ഇങ്ങനെ ശേഖരിക്കുന്ന മാലിന്യമായ ഉപകരണങ്ങളെ ശാസ്‌ത്രീയമായി സംസ്കരിക്കാനും സാധിക്കും. രൂപകല്പനയില്‍ സമൂലമായ മാറ്റം വരുത്തുക.

മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കികൊണ്ടുള്ള നിര്‍മ്മാണപ്രക്രിയയും ഉല്പന്നവും വികസിപ്പിച്ചെടുക്കാന്‍ ഗവേഷണവികസനമേഖലയും നിര്‍മ്മാതാക്കളും തയ്യാറാകണം. ഘട്ടംഘട്ടമായെങ്കിലും ലെഡ്‌, കാഡ്‌മിയം, മെര്‍ക്കുറി എന്നിവ ഒഴിവാക്കി കൊണ്ടുള്ള നിര്‍മ്മാണത്തിലേക്ക്‌ ശ്രദ്ധ പതിപ്പിക്കുക. സോണി കോര്‍പ്പറേഷന്‍ ലെഡ്‌ രഹിമായ സോള്‍ഡറിംഗ്‌ പ്രക്രിയ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഐ.ബി.എം. 100% റീ സൈക്കിള്‍ ചെയ്യാവുന്ന റെസിന്‍ ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. ഫിലിപ്സിന്റെ ബാറ്ററി ഉപയോഗിക്കേണ്ടാത്ത റേഡിയോ ഇവയൊക്കെ ഉത്തമമാതൃകകളാണ്‌. ശാസ്ത്രീയമായി ഇ -മാലിന്യം സംസ്ക്കരിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക. ബാംഗ്ലൂരില്‍ ഇ -പരിസര എന്ന സ്ഥാപനം ആരംഭിച്ചിട്ടുണ്ട്‌. വര്‍ഷാന്ത്യമുള്ള എനര്‍ജി ഓഡിറ്റിംഗില്‍ ഇ-മാലിന്യസംസ്ക്കരണവും ഉള്‍പ്പെടുത്തുക. അശാസ്ത്രീയമായ ഇ -മാലിന്യസംസ്ക്കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘങ്ങളെ നിരോധിക്കുകയും വേണം. അപകടകരമായ ഇത്തരം മാലിന്യങ്ങളുടെ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തുക. ഉപകരണങ്ങളുടെ പുറത്ത്‌ ഒരു ലേബലിംഗ്‌ സമ്പ്രദായം നടപ്പാക്കുക. എത്രമാത്രം അപകടകരമായ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു , ഉപയോഗത്തിന്‌ ശേഷം ആരെ ഏല്പിക്കണം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ലേബല്‍ ഉപകരണത്തിന്റെ മുന്‍ഭാഗത്ത്‌ കാണാനാവുന്ന വിധത്തില്‍ തന്നെ പതിയ്ക്കാം. പുതിയ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഏറെക്കാലം പ്രവര്‍ത്തിക്കുന്നവ തിരഞ്ഞെടുക്കുക. ഒരേതരം ഉപകരണം വിവിധ നിര്‍മ്മാതാക്കള്‍ നിര്‍മ്മിക്കുന്നുണ്ട്‌. ഇവയുടെ പ്രവര്‍ത്തനകാലം (Lifetime)താരതമ്യപ്പെടുത്തുക. ഭാവിയില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള കൂട്ടിചേര്‍ക്കലുകള്‍ക്ക്‌ ഉപകരണം സപ്പോര്‍ട്ട്‌ ചെയ്യുമോ എന്ന്‌ചോദിച്ചറിയുക. ഉദാ: കമ്പ്യൂട്ടറില്‍ ഭാവിയില്‍ കൂടുതല്‍ മെമ്മറി (RAM)കൂട്ടിയിണക്കാന്‍ കഴിയുക .കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗമുള്ള ഉപകരണങ്ങള്‍ മിക്കതും കുറഞ്ഞ അന്തരീക്ഷമലിനീകരണമേ സൃഷ്ടിക്കുകയുള്ളു. ഇ -മാലിന്യത്തില്‍ പിക്ചര്‍ട്യൂബുകളാണല്ലോ വില്ലന്‍ ‍. ഇതിന്‌ പകരക്കാരനായുള്ള എല്‍ ‍.സി. ഡി. മോണിറ്ററുകള്‍ വളരെ കുറഞ്ഞ വൈദ്യുതിയെ ഉപയോഗിക്കുന്നുള്ളു. വില അല്പം കൂടുതലാണെങ്കിലും, ഒരു വര്‍ഷത്തെ വൈദ്യുതചാര്‍ജ്‌ കൂടിചേര്‍ത്ത്‌ നോക്കുമ്പോള്‍ ആദായകരമാണെന്ന്‌ ബോദ്ധ്യമാകും. മാലിന്യത്തോതും റേഡിയേഷനും സി.ആര്‍ ‍.ടി മോണിറ്ററുകളെ അപേക്ഷിച്ച്‌ വളരെ കുറവാണ്‌.

സോഫ്ട്‌വെയര്‍ വ്യവസായത്തിലെ പ്രവണതകള്‍ ഇ -മാലിന്യത്തിന്‌കാരണമാകുന്നുണ്ട്‌. നമ്മുടെ ആവശ്യത്തിലും അധികമായുള്ള യൂട്ടിലിറ്റി ഉള്‍പ്പെടുത്തിയിട്ടുള്ള സോഫ്ട്‌വെയര്‍ വാങ്ങാന്‍ പ്രലോഭിപ്പിക്കുകയാണ്‌. പുതിയ സോഫ്ട്‌വെയറുകള്‍ക്ക്‌ തക്ക ഹാര്‍ഡ്‌വെയറും സംഘടിപ്പിക്കണമല്ലോ. ഇപ്പോഴത്തെ ഹാര്‍ഡ്‌വെയര്‍ ഇ-മാലിന്യമാകുമെന്ന്‌ പറയേണ്ടതില്ല. വേര്‍ഡ്‌ പ്രോസസിംഗ്‌ മാത്രം ഉപയോഗമുള്ള സ്ഥലങ്ങളിലും ഏറ്റവും കൂടിയ ശേഷിയുള്ള കമ്പ്യൂട്ടറുകളാണ്‌ വാങ്ങികൂട്ടുന്നത്‌. ഇനി ഇങ്ങനെ മാറ്റാന്‍ നിര്‍ബന്ധിതമാകുന്ന കമ്പ്യൂട്ടര്‍ നിങ്ങള്‍ ഒരു സ്ക്കൂളിന്‌ സംഭാവനയായി നല്കുന്നു എന്ന്‌ കരുതുക. നിലവിലുള്ള നിയമപ്രകാരം പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റവും ഓഫീസ്‌ പാക്കേജും വിപണിയില്‍ നിന്ന്‌ ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ ഏഴായിരത്തിലധികം രൂപ മുതല്‍മുടക്കണം. . അല്ലെങ്കില്‍ `മൈക്രോസോഫ്‌ട്‌ പൊലീസ്‌' സോഫ്ട്‌വെയര്‍ പകര്‍പ്പവകാശ ലംഘനത്തിന്‌ സ്ക്കൂളധികൃതരെ പിടികൂടിയേക്കാം. ഇവിടെയാണ്‌ സ്വതന്ത്രസോഫ്ട്‌വെയറുകളുടെ പ്രസക്തി. സ്വതന്ത്ര സോഫ്ട്‌വെയറുകള്‍ ഹാര്‍ഡ്‌വെയര്‍ ശേഷിയുടെ പരമാവധി ഉപയോഗപ്പെടുത്തുകയും എന്നാല്‍ സാമ്പത്തികമായ ബാദ്ധ്യതകള്‍ ഉണ്ടാക്കുകയുമില്ല എന്ന നേട്ടവുമുണ്ട്‌.

മാറിയ സമ്പദ്‌വ്യവസ്ഥയില്‍ കനത്ത വേതനം പറ്റുന്ന എന്‍ജീനിയര്‍മാരും ശാസ്ത്രജ്ഞരും ആഗോള കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളുടെ അവിഭാജ്യഘടകമാണ്‌. ഈ കൂട്ടായ്മ തന്നെയാണ്‌ പുതിയ ഉല്പന്നങ്ങള്‍ സൃഷ്‌ടിക്കുന്നതും. ഇതിന്റെ വാണിജ്യ സാദ്ധ്യതകള്‍ മുന്‍കൂട്ടി കാണുന്ന സംരംഭകര്‍ വന്‍ലാഭം കൊയ്യുകയും ചെയ്യും. എന്നാല്‍ ഇവരുടെ പ്രാവീണ്യത്തിന്റെയും ബുദ്ധിവൈഭവത്തിന്റെയും ചെറിയ ഒരംശമെങ്കിലും ഇവര്‍ തന്നെ സമ്മാനിച്ച ഇ-മാലിന്യത്തിന്റെ സംസ്ക്കരണത്തിന്‌ വിനിയോഗിക്കുന്നില്ല എന്നത്‌ ദുഃഖകരമായ വസ്തുതയാണ്‌.

2002-ല്‍ മാത്രം 12.75 ദശലക്ഷം യൂണിറ്റ്‌ കമ്പ്യൂട്ടറുകള്‍ അമേരിക്കയില്‍നിന്ന്‌ റീസൈക്ലിഗ്‌ ഏജന്‍സിക്ക്‌ നല്കി. ഇതില്‍ ഏകദേശം 80% ത്തോളം ഏഷ്യന്‍രാജ്യങ്ങളിലേക്ക്‌ കയറ്റി അയച്ചു. അതായത്‌ 10.2 ദശലക്ഷം യൂണിറ്റ്‌. ഒരേക്കര്‍ പാദവിസ്‌തീര്‍ണ്ണമുള്ള ചതുരം 674 അടി പൊങ്ങിയാല്‍ എത്രവരും അത്രത്തോളം ഇ-മാലിന്യം എന്ന്‌ പ്രതികാത്മകമായി പറയാം. ഇത്‌ കേവലം ഒരു രാജ്യത്തുനിന്ന്‌ ഒരു വര്‍ഷം കൊണ്ട്‌ പുറം തള്ളിയ ഇ-മാലിന്യകണക്കാണ്‌. അമേരിക്കയിലെ സ്റ്റാച്ച്യൂ ഓഫ്‌ ലിബര്‍ട്ടിയ്‌ക്ക്‌വെറും 306 അടി പൊക്കം മാത്രമാണ്‌ ഉള്ളതെന്ന്‌ ഓര്‍ക്കുക.ഏഷ്യന്‍രാജ്യങ്ങളുടെ ദുര്‍ബ്ബലപ്രദേശങ്ങള്‍ക്ക്‌ അസ്വാതന്ത്ര്യം വിധിക്കുന്നതിന്റെ പൊക്കം 674 അടി.

പരിസ്ഥിതി സംരക്ഷണമെന്നാല്‍ വികസനത്തിന്റെ എതിര്‍പദമാണെന്ന്‌ എങ്ങനെയോ ധരിച്ചു വച്ചിരിക്കുന്നു. ഇതുമൂലം പരിസ്ഥിതിവാദികള്‍ വികസനത്തിന്റെ ശത്രുക്കളാണെന്ന ധാരണ സമൂഹത്തില്‍ ബലപ്പെട്ടു കഴിഞ്ഞു. ഏതൊരു വികസനപ്രക്രിയയും സ്വാഭാവികപ്രകൃതിക്ക്‌ പരിക്കേല്പിക്കുമെന്നതില്‍ സംശയമില്ല. അതോടൊപ്പം മാനവരാശിയുടെ പുരോഗതിക്ക്‌ വികസനം അത്യന്താപേക്ഷിതവുമാണ്‌. വികസനത്തെ തടസ്സപ്പെടുത്താത്ത പരിസ്ഥിതിസംരക്ഷണവും ഒപ്പം പരിസ്ഥിതിനാശത്തിനിടവരുത്താത്ത വികസനവുമാണ്‌ നമുക്കാവശ്യം. ഇന്നുവരെയുള്ള വികസനം പ്രകൃതി രഹസ്യങ്ങള്‍ മനസ്സിലാക്കിയതിന്റെയും വിഭവചൂഷണത്തിന്റെയും കൂടി വികസനമാണെന്ന്‌ പറയാം. ഇവിടെയാണ്‌ സുസ്ഥിരവികസനത്തിന്റെ പ്രസക്തിയും പ്രാധാന്യവും. ഭാവിതലമുറയില്‍ നിന്നും കടം വാങ്ങിയ ഭൂമിയാണിതെന്നും അത്‌ സുരക്ഷിതമായി തിരിച്ചേല്പിക്കാനുള്ള ധാര്‍മ്മികബാദ്ധ്യത നമുക്കുണ്ടെന്ന്‌ ഓരോ പൌരനും ചിന്തിക്കണം. സുസ്ഥിരവികസനം ഇന്ന്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്‌. നിലനില്ക്കുന്ന വികസനമെന്നും സ്ഥായിയായ വികസനമെന്നും വിളിക്കപ്പെടുന്ന ഈആശയം , പ്രകൃതിയുടെ സഹിക്കാവുന്ന പരിധിക്കകത്തു നിന്നുകൊണ്ട്‌ മനുഷ്യജീവിതത്തിന്റെ വികസനം മെച്ചപ്പെടുത്താനുള്ള സമഗ്ര ആശയമാണ്‌. വികസനവും വികസനം പ്രകൃതിക്ക്‌ സൃഷ്ടിക്കുന്ന ആഘാതവും ഒന്നായി കാണുന്നു. കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ള, കുറഞ്ഞ മലിനീകരണമുണ്ടാക്കുന്ന ഒപ്പം ഏറെക്കാലം നിലനില്ക്കുന്ന ഉല്പന്നങ്ങളിലേക്ക്‌ മടങ്ങാം. മെച്ചപ്പെട്ട സാങ്കേതികവിദ്യകൊണ്ട്‌ ഉയര്‍ന്ന ഉല്പാദനവും ലാഭവും ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ ‍/സമൂഹങ്ങള്‍ അധികസമ്പത്ത്‌ സൃഷ്ടിച്ചിട്ടുണ്ട്‌. എന്നാല്‍ സാങ്കേതികവിദ്യ ഒരു സാമൂഹികോല്പന്നമാണെന്നും അതു വഴി ലഭിക്കുന്ന അധികസമ്പത്തിന്റെ ഒരു ഭാഗമെങ്കിലും വ്യവസായത്തിന്റെ ഉപോല്പന്നമായ മലിനീകരണത്തിന്റെ നിവാരണത്തിനും ഉപയോഗിക്കണമെന്നും നിഷ്കര്‍ഷിച്ചാല്‍ ഒരു പരിധിവരെ പരിഹാരം കാണാം. ഇന്ന്‌ നഗരപ്രദേശത്തെ അഴുക്കുചാലുകളില്‍ പ്ലാസ്റ്റിക്‍ വസ്തുക്കള്‍ വരുത്തുന്ന തടസ്സം ചെറുതല്ല. എന്നാല്‍ അതിലും എത്രയോ വലിയ ഭീഷണി ഭാവിയില്‍ ഉയര്‍ത്താന്‍ ഇ -മാലിന്യങ്ങള്‍ക്കാകും. ഇ -മാലിന്യ വിഷയത്തില്‍ നാം ഇപ്പോള്‍ ശൈശവദശയിലാണെന്ന്‌ പറയാം. അതുകൊണ്ട്‌ പഴുതുകളില്ലാതെ ഒരു നിയന്ത്രണസംവിധാനവും സംസ്ക്കരണരീതിയും വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. സ്മാര്‍ട്ട്‌ സിറ്റി വഴിയും ടെക്നോപാര്‍ക്ക്‌ രണ്ടാംഘട്ട വികസനം വഴിയും വന്‍ ഐ.ടി നിക്ഷേപം ലക്ഷ്യമിടുന്ന കേരളം സമഗ്രമായ ഒരു ഇലക്‍ട്രോണിക്‌ മാലിന്യനയം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.

Subscribe Tharjani |
Submitted by ചന്ദ്രശേഖരന്‍ നായര്‍ (not verified) on Sun, 2007-07-08 18:02.

കണ്ണുതുറപ്പിക്കുന്ന ലേഖനം. അഭിനന്ദനങ്ങള്‍

Submitted by SHAIJU (not verified) on Sun, 2007-07-08 20:57.

YES.....

Submitted by Saiju Viswam (not verified) on Fri, 2007-07-13 12:08.

It showing what is happening around us.