തര്‍ജ്ജനി

കെ. പി. രമേഷ്

പൂങ്ങോട്ട് വീട്
അയിലൂര്‍ പി. ഒ
പാലക്കാട്

ഇമെയില്‍: rameshzorba@yahoo.com
ഫോണ്‍: 9447315971

Visit Home Page ...

സംഗീതം

ഹംസദൂതിയുടെ ഈണം

ഉഷാഗുപ്ത സംവിധാനം ചെയ്ത നവരസ എന്ന നൃത്ത സമന്വയത്തില്‍ ഫ്ലേവിയ റോബ്‌ള്‍സ് അവതരിപ്പിച്ച ‘ഫ്ലെമെന്‍‌കോ’ എന്ന സ്പാനിഷ് നൃത്തം കണ്ടിരുന്നു. ഫ്ലെമെന്‍‌കോ എന്ന സ്പാനിഷ് നാമം ഫ്ലെമിങോ എന്ന ആംഗലേയനാമത്തെ ഓര്‍മ്മപ്പെടുത്തുന്നു. ഭാരതീയര്‍ക്ക് അത് രാജഹംസമാണ്, അരയന്നമാണ്. പിങ്കു നിറമുള്ള തൂവല്‍ , ഉയരമുള്ള വലിയ കൊക്ക് എന്നിവയാണ് രാജഹംസത്തിന്റെ അടയാളങ്ങള്‍ ‍. വെണ്മയുടെ സാന്ദ്രിമയായി അരയന്നം നമ്മുടെ സ്വപ്നതീരങ്ങളിലും വന്നെത്താറുണ്ട്. ഈ സവിശേഷപക്ഷിയുടെ രൂപവിതാനങ്ങള്‍ മിഥോളജിയിലും സുകുമാരകലകളിലും ഒരുപാടുണ്ട്.

രാജാരവിവര്‍മ്മയുടെ ഹംസവും ദമയന്തിയും എന്ന വിഖ്യാതചിത്രം ഓര്‍ക്കുക. ഈ ഹംസം ഹിമാലയസാനുക്കളില്‍ നിന്നും വരുന്നതാണ്. നളചരിതത്തില്‍ ഉണ്ണായി വാര്യര്‍ ഹംസദൂതിയെ സ്നേഹദൂതിയാക്കി മാറ്റിക്കൊണ്ട് സാക്ഷാല്‍ കാളിദാസന്റെ കാവ്യഭാവനയ്ക്ക് കേരളീയമായ ഒരു ബദല്‍‌സാരം നല്കുകയായിരുന്നു.

ശ്രേഷ്ഠമായ സംഗീതാനുഭവത്തെ ‘ഹംസഗീതം’ (Swan Song) എന്നാണ് വിശേഷിപ്പിക്കുക. ഉന്മാദിയായിത്തീര്‍ന്ന ഫെഡറിക് നീത്ഷെ ഒടുവില്‍ പിയാനോവില്‍ വിരലോടിച്ചുമീട്ടിയത് ഹംസഗാനമായിരുന്നുവല്ലോ. ആ വാഗ്നേറിയന്‍ സിംഫണിയില്‍ അത്രമേല്‍ രാജഹംസങ്ങള്‍ നിവസിച്ചിരുന്നു. (ചിറകുകളില്‍ സംഗീതമുള്ള കളഹംസം എന്ന് ഒ. എന്‍ . വി) ഒരാള്‍ മരിക്കുമ്പോള്‍ ഹംസഗാനം പാടുന്ന പതിവ് ചിലേടങ്ങളിലുണ്ട്. ഖവാലി സംഗീതജ്ഞനായ നസ്രത്ത് ഫത്തേ അലിഖാന്റെ (ഖാണ്ഡഹാറില്‍ വച്ചു നടത്തിയ)അവസാനത്തെ സംഗീതമേളയുടെ പേരും ‘ഹംസഗീതം’ എന്നായിരുന്നു. അതു അറം പറ്റിയോ? "Swan Lake" എന്ന പേരില്‍ ചൈക്കോഫ്സ്കിയുടെ ഒരു രചനയും ഉണ്ട്.

പുരാണത്തിലേയ്ക്ക് കണ്ണോടിച്ചാലോ? ബ്രഹ്മാവ്, ഹംസവാഹനനാണ്. വിഷ്ണുവിനും ശിവനും ഹംസന്‍ എന്നു കൂടി പര്യായമുണ്ട്. പരമഹംസന്‍ എന്നു വിളിപ്പേരുള്ള ശ്രീരാമകൃഷ്ണനില്‍ ഭാരതീയസന്ന്യാസത്തിന്റെയും ആശ്രമവ്യവസ്ഥയുടെയും അവസ്ഥാന്തരങ്ങള്‍ കാണാനാവുമെന്നു പറയുമ്പോള്‍ ആ പദത്തിന് അര്‍ത്ഥവ്യാപ്തിയേറുന്നു.

ആയിരം കൊറ്റികളെക്കുറിച്ചെഴുതിയ യസുനാരി കവാബാത്തയുടെ സാഹിത്യചിഹ്നങ്ങളില്‍ നിന്ന് ഇന്ത്യന്‍ സംഗീതത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ഹംസം നാദരൂപമാളുന്നതാവും കാണുക. ഹംസദ്ധ്വനി, ഹംസനാദം, ഹംസാനന്ദി, ഹംസ വിനോദിനി തുടങ്ങിയ രാഗനാമങ്ങള്‍ ഉദാഹരണം. സാമ്യമകന്നോരുദ്യാനമേ എന്ന കല്പനയുടെ ചാരുതയില്‍ നിന്ന് നമ്മള്‍ രാജഹംസമേ പറയൂ, അരയന്നമേ, പറയൂ നിന്‍ ഹസഗാനം, നളദമയന്തി കഥയിലെ അരയന്നം, അരയന്നപ്പിടയൊന്നെന്‍ , എന്നീ ഗാനങ്ങളിലേയ്ക്കു വരുമ്പോള്‍ ഒരു ഹംസത്തിന്റെ ഗാനവും നൃത്തവും നമ്മുടെ ചേതനയിലാകെ സാന്നിദ്ധ്യമരുളുന്നത് അനുഭവിച്ചറിയുന്നു.

Subscribe Tharjani |
Submitted by afaisal (not verified) on Fri, 2007-07-27 17:15.

അന്ന നടയുടെ ചന്തമോ......?

അമ്പേറ്റ്‌ വീണ അരയന്നപ്പിടയില്‍
അഹിസയുടെ സ്ഫുരണം......

അറിഞ്ഞതല്ലേ ആദ്യത്തെ.....enlightment.......?

ഹംസദൂതിയുടെ ഈണം......
നന്നായിരിക്കുന്നു......!!