തര്‍ജ്ജനി

സുരേഷ് കൂത്തുപറമ്പ്

കലാചിത്ര
കൂത്തുപറമ്പ്
കണ്ണൂര്‍

ഫോണ്‍: 9447364752

ഇ-മെയില്‍: sureshkoothuparamba@yahoo.com

Visit Home Page ...

ലേഖനം

ഹരിതാഭയിലൂടെ ഒരു സഞ്ചാരം

സ്വയംശിക്ഷിതരായ കലാകാരന്മാര്‍ എന്നത് അക്കാദമികപഠനം കലാവിഷയത്തില്‍ ഉണ്ടായിട്ടില്ലാത്തവരെക്കുറിച്ച് പറയാനുള്ള വാക്കാണ്. കലാവിദ്യ എന്നല്ല എല്ലാ വിദ്യകളും ഗുരുമുഖത്തുനിന്നും അഭ്യസിക്കണമെന്ന പ്രാചീനവിധികളുടെ അബോധം ഒരു പക്ഷെ ഈ പദപ്രയോഗത്തിനു പിന്നിലുണ്ടായിരിക്കാം. ഏകലവ്യന്മാരല്ല ഈ മണ്ഡലത്തിന്റെ അധികാരികള്‍ എന്ന ആധികാരികതയുടെ വിവക്ഷകളും ഈ പറച്ചിലിനകത്തുണ്ട്. ഏകലവ്യന്മാര്‍ സാമാന്യമല്ല , അപവാദമാണ്. എന്നാലും , എക്കാലവും സ്വന്തമായ വഴിയിലൂടെ അന്വേഷണം നടത്തുകയും ആവിഷ്കരണത്തിന് സ്വന്തം ശൈലി രൂപപ്പെടുത്തുകയും ചെയ്തവര്‍ കലാചരിത്രത്തില്‍ ഉണ്ടായിരുന്നു. ആവശ്യമെങ്കില്‍ അധിക്ഷേപാര്‍ത്ഥം പോലും ധ്വനിപ്പിക്കാവുന്ന സ്വയംശിക്ഷിനായ കലാകാരന്‍ എന്ന പദപ്രയോഗം സാര്‍ത്ഥകമാകുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ഗുരുപരമ്പരയുടെ ഭാരമില്ലാതെ സ്വതന്ത്രമായി രചനയുടെ സ്വാച്ഛന്ദ്യം അനുഭവിക്കുന്ന കലാകാരന്മാരാണ് ഇത് അഭികാമ്യമായ വിശേഷണമാക്കുന്നത്. ദേവന്‍ മടങ്ങര്‍ലിയുടെ ചിത്രങ്ങള്‍ക്കു മുമ്പില്‍ നില്ക്കുമ്പോള്‍ നിങ്ങള്‍ അങ്ങനെ ചിന്തിക്കുന്നത് സ്വാഭാവികം മാത്രമാണ്. മൌലികതയുടെ തിളക്കം വരയിലും വര്‍ണ്ണത്തിലും യാഥാര്‍ത്ഥ്യമാക്കുന്ന കലാകാരനാണ് ദേവന്‍ മടങ്ങര്‍ലി.

ദേവന്റെ രചനകളുടെ ശ്രദ്ധേയമായ ഒരു സവിശേഷത അവയുടെ ആത്മകഥാപരമായ മാനമാണ്. കലാകാരന്റെ ജീവിതവും വൈയക്തികതയും അതിശക്തമായ വിധത്തില്‍ ദേവന്റെ ചിത്രങ്ങളില്‍ തെളിഞ്ഞു കാണാം. ഏകാന്തമായ ബാല്യം,കലയും സാഹിത്യവും ജീവിതവും ഒത്തചേരുന്ന ദിശാസന്ധിയില്‍ ദിഗ്ഭ്രമത്തോടെ എന്നാല്‍ തെല്ല് വിസ്മയത്തോടെ നില്ക്കുന്ന ഒരാള്‍ ഈ ചിത്രങ്ങളിലുണ്ട്. കലാലയപഠനത്തിനു ശേഷം തൊഴില്‍ എന്ന നിലയില്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ഒരു വന്‍കമ്പനിയുടെ വില്പനക്കാരുടെ സംഘത്തിന്റെ ഭാഗമായി ദേവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വന്തം മനസ്സിനോടോ തൊഴിലിനോടോ ഇഴുകിച്ചേരാനാത്ത സ്വത്വപ്രതിസന്ധി ദേവന്‍ മുമ്പൊരു ചിത്രത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്. ആര്‍തര്‍ മില്ലറിന്റെ പ്രശസ്തമായ നാടകശീര്‍ഷകമാണ് ആ ചിത്രത്തിന് ദേവന്‍ നല്കിയത് , ഡെത്ത് ഓഫ് എ സെയ്‌ല്‍സ്‌മേന്‍ . ദര്‍ശനപരമായി ആധുനികതയുടെ ഭൂമികയിലാണ് ദേവന്‍ നില്ക്കുന്നത്. അതിനാലാവണം ഇന്ത്യന്‍ കലാചരിത്രത്തില്‍ ഉണ്ടായ താന്ത്രിക്‍ പരീക്ഷണങ്ങള്‍ ഈ ചിത്രകാരനെ ഒട്ടും സ്വാധീനിച്ചതായി കാണുന്നില്ല. പ്രമേയസ്വീകരണം,നിറങ്ങളുടെ തെരഞ്ഞടുപ്പ്,രൂപവിന്യസനം എന്നിവയിലെല്ലാം ഇത് പ്രകടമാണ്. അതു പോലെതന്നെയാണ് ആഖ്യാനപരമായ രീതിയും ഗുരു പരമ്പരയുടെ ഭാരമില്ലാത്ത ഈ ചിത്രകാരന് ബാദ്ധ്യതയായിത്തീരുന്നില്ല. ഒരു പക്ഷെ, കാല്പനികനായ ഏകാകിയെപ്പോലെ ഈ ചിത്രകാരന്‍ ആത്മാവിഷ്കാരത്തിന്റെ ബാദ്ധ്യത സ്വന്തം രചനകളിലൂടെ പൂര്‍ത്തീകരിക്കുന്നുവെന്നു പോലും പറയാം.

രചനകളിലെ വ്യക്തിപരത ചരിത്രനിരപേക്ഷതയല്ല. പ്രത്യയശാസ്ത്രങ്ങള്‍ തകര്‍ന്നു നിലംപരിശായ ഒരു കാലഘട്ടത്തില്‍ കലാകാരന്മാരെ എന്നല്ല ആര്‍ക്കും നേതാക്കളില്ല. സ്വന്തം വഴി കണ്ടെത്തുവാനുള്ള വിധിയുമായി കലാകാരന്മാരും സമൂഹത്തിലെ മറ്റു മനുഷ്യരും ജീവിക്കുന്നു. ഇക്കാലത്തും എന്നാല്‍ പ്രാസ്ഥാനികമായ മതിഭ്രമങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ നിരവധിയാണ്. സംഘാംഗമായിരിക്കുന്നതുകൊണ്ട് കിട്ടാവുന്ന ആത്മസാക്ഷാത്കാരമായി കരുതുന്നവരുടെ വഴിയാണത്. ദേവന്റെ ശൈശവം പ്രബുദ്ധമായ രാഷ്ട്രീയത്തെ അടുത്തറിയാന്‍ സഹായകമായ സാഹചര്യത്തിലായിരുന്നു. സമൂഹത്തെ നയിക്കുക എന്നതിനെക്കാള്‍ തന്റെ പരിസരത്തെ അറിയാനാഗ്രഹിച്ച ജിജ്ഞാസുവാണ് പില്ക്കാലത്ത് തന്റെ മാര്‍ഗ്ഗമായി സര്‍ഗ്ഗാവിഷ്കാരം തെരഞ്ഞടുത്തത്. അതിനാലാവാം ആരു നയിക്കുന്നു,ആര് പിന്തുടരുന്നു,നാം എവിടെയാണ് എന്നതിനെക്കുറിച്ച് എടുത്തു പറയേണ്ടതുണ്ട് എന്നു ദേവന്‍ കരുതുന്നത്. Goat Leading.... Dog Follows എന്ന ചിത്രത്തെക്കുറിച്ചാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്. നയിക്കുന്നവന്റേയും പിന്തുരുന്നവന്റെയും ഇടയിലായി സഞ്ചരിക്കുന്നത് ചിത്രകാരന്‍ തന്നെയാകുന്നു. മുത്തശ്ശിക്കഥയുടെ അന്തരീക്ഷം വിഭ്രാമകത സൃഷ്ടിക്കാനോ, ശൈശവത്തിന്റെ നിഷ്കളങ്കത എടുത്തു കാണിക്കാനോ ദേവന്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നുണ്ട്. ഒരുപക്ഷെ ഈ ചിത്രകാരന്റെ മുഖമുദ്ര തന്നെ മുത്തശ്ശിക്കഥയുടെ ഭാവാന്തരീക്ഷസൃഷ്ടിയാണെന്നു പറയാവുന്നതാണ്.

ഹരിതാഭമായ ഈ ചിത്രം ഈയിടെ ദേവന്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തില്‍ (2007 ഫെബ്രവരി 9 മുതല്‍ 15 വരെ കേരള ലളിതകലാ അക്കാദമിയുടെ ചിത്രശാലാ ഗ്യാലറിയില്‍ ) വേറിട്ടു നില്ക്കുന്നു. മാത്രമല്ല ദേവന്റെ മുന്‍കാലചിത്രങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായ വര്‍ണ്ണച്ചേരുവയാണ് ഇതില്‍ കാണുന്നത്. ഈ പച്ചപ്പിന് ഹരിതരാഷ്ട്രീയത്തിന്റെ പരിപ്രേക്ഷ്യവുമായി ബന്ധമുണ്ട് . പ്രകൃതിയുമായി ഗാഢമായ സ്നേഹം മനസ്സില്‍ സൂക്ഷിക്കുകയും തന്നെ അത്തരം ഒരു പരിസരത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അനുദിനം ശോഷിച്ചുപോകുന്ന പാരിസ്ഥിതികാവസ്ഥയിലുള്ള ആകുലത ആവിഷ്കരണീയമായ ഒരു വിഷയം തന്നെയാണ്. നിലത്ത് വീണുകിടക്കുന്ന ഇലകള്‍ സമൃദ്ധമായി ദേവന്റെ ചിത്രങ്ങളില്‍ നാം കാണുന്നു. ബേര്‍ഡ് കാമൂഫ്ലാഴ് , ഡത്ത് ഓഫ് എ നാച്വറലിസ്റ്റ്, മെലാങ്കളി എന്നീ ചിത്രങ്ങള്‍ കാണുക. വ്യത്യസ്തമായ അര്‍ത്ഥമാനങ്ങളോടെയാണ് കൊഴിഞ്ഞുവീണ ഇലകള്‍ ദേവന്‍ കൈകാര്യം ചെയ്യുന്നത്. നാച്വറലിസ്റ്റിന്റെ മരണത്തില്‍ സര്‍പ്പക്കാവിന്റെ പശ്ചാത്തലത്തില്‍ കല്‍വിളക്കും പരേതന്റെ ഛായാചിത്രവും കാണുന്നു. ചിത്രത്തിനകത്ത് ചിത്രം കടന്നു വരികയാണ്. അവിടെ കാണുന്ന മുഖം മറ്റു ചിത്രങ്ങളിലേതെന്നപോലെ ചിത്രകാരന്റേത് തന്നെയാകുന്നു. തന്നിലേക്കു തന്നെ തിരിഞ്ഞു നോക്കുന്ന, അല്ലെങ്കില്‍ എവിടെയും തന്റെ പ്രതിബംബങ്ങള്‍ കാണുന്ന ഈ കാഴ്ച ഒര നാര്‍സിസിസ്റ്റിന്റേതല്ലെന്നു മനസ്സിലാക്കാം. ദേവന്റെ മുന്‍കാലരചനകളില്‍ നിന്നും വ്യത്യസ്തമായി കടന്നുവരുന്ന ആത്മാംശത്തിന്റെ ഈ രീതിയിലുള്ള പ്രാഭവം ചിത്രകാരന്റെ ദര്‍ശനത്തിന്റെ പ്രതിഫലനമാണ്. ചുവന്നവൃക്ഷത്തിന്റെ തണലില്‍ എന്ന ചിത്രം കൂടി കാണുമ്പോള്‍ ഏകാന്തവും വ്യഥിതവുമായ അസ്തിത്വത്തിന്റെ ആകുലതകള്‍ നമ്മുക്ക് തിരിച്ചറിയാനാകുന്നു. ഹരിതാഭയുടെ മറുപുറമായി നമ്മുക്ക് ഈ ചുവപ്പിന്റെ ലോകത്തെ കാണാം. മരക്കൊമ്പിലെ മൂങ്ങ , നിലത്തു കൊഴിഞ്ഞുവീണ ഇലകള്‍ , ഇലച്ചാര്‍ത്തുകള്‍ നഷ്ടപ്പെട്ട വൃക്ഷം, അതിനു കീഴില്‍ നില്ക്കുന്ന ഏകാകിയും ഉല്‍കണ്ഠാകുലനായ ബാലന്‍ എന്നിവയെല്ലാം ചേര്‍ന്നു നമ്മെ നയിക്കുന്ന അനുഭവലോകം വര്‍ത്തമാനകാലത്തിന്റേതു തന്നെയാണ്. അതാണ് ഈ ചിത്രങ്ങളിലെ ചരിത്രപരതയുടെ തലം.

പ്രകൃതിയെ സൂക്ഷമായി നിരീക്ഷിക്കുകയും വിശദാംശങ്ങളോടുകൂടി പുന:സൃഷ്ടിക്കുകയും ചെയ്യുന്ന ദേവന്റെ രചനകള്‍ കേരളീയകലാചരിത്രത്തിലെ മഹാനായ ഒര ചിത്രകാരന്റെ ഓര്‍മ്മ നമ്മിലുണര്‍ത്തും. അത് മറ്റാരുമല്ല, മാധവമേനോനാണ്. ഒരു പക്ഷെ മാധവമേനോനു് ശേഷം ശ്രദ്ധാപൂര്‍വ്വം പ്രകൃതിചിത്രണത്തില്‍ ഇത്രത്തോളം നിഷ്കര്‍ഷ പുലര്‍ത്തിയ ചിത്രകാരന്മാര്‍ അധികമില്ല. ദേവന്റെ ചിത്രങ്ങളുടെ മറ്റൊരു സവിശേഷത വിശദാംശങ്ങളിലുള്ള ഊന്നലാണ്. കാണുന്നതെല്ലാം പകര്‍ത്തുകയെന്നതല്ല ചിത്രകാരന്റെ കര്‍ത്തവ്യം. രൂപവിന്യസനത്തില്‍ പ്രസക്തമായവയെല്ലാം അതീവശ്രദ്ധയോടെ പരമാവധി വിശദാംശങ്ങളോടെ വരയുക എന്നതാണ് ദേവന്റെ രീതി. ഇതില്‍ രേഖാചിത്രരചനയിലുള്ള നൈപുണ്യം ഈ കലാകാരന് സഹായമേകുന്നു. ചിത്രങ്ങളെ രേഖാചിത്രരചനയുടെ കരുത്തുകൊണ്ട് ബലിഷ്ഠമാക്കിയ രാംകിങ്കറിനെപ്പോലുള്ള ചിത്രകാരന്മാരുടെ വരയല്ല ദേവന്റേത്. ഇതിനു സാദൃശ്യം ഒരു തടാകത്തിലെ ഓളവുമായോ കാറ്റേറ്റ് ഉലയുന്ന പാടവുമായോ ആണ്. മസൃണമായ ഈ രേഖാചിത്രണം ഗ്രാഫൈറ്റ് മാദ്ധ്യമമാക്കിയുള്ള രചനകളുടെ ജീവചൈതന്യപ്രഭവമാണ്.

ദേവന്‍ മടങ്ങര്‍ലിയുടെ ചിത്രങ്ങള്‍

Subscribe Tharjani |
Submitted by സുരേഷ് കൂത്തുപറമ്പ് (not verified) on Fri, 2007-07-13 16:52.

പ്രകൃതിയെ സൂക്ഷമായി നിരീക്ഷിക്കുകയും വിശദാംശങ്ങളോടുകൂടി പുന:സൃഷ്ടിക്കുകയും ചെയ്യുന്ന ദേവന്റെ രചനകള്‍ കേരളീയകലാചരിത്രത്തിലെ മഹാനായ ഒരു ചിത്രകാരന്റെ ഓര്‍മ്മ നമ്മിലുണര്‍ത്തും. അത് മറ്റാരുമല്ല, മാധവന്‍നായരാണ് എന്നതില്‍ ചിത്രകാരന്റെ പേര് മാധവമേനോന്‍ എന്നാണ് വേണ്ടത്.

അച്ചടിയില്‍ വന്ന ഈ പിഴവ് പ്രൂഫ്‌നോട്ടത്തിന്റെ അഭാവത്തില്‍ വെബ് പേജില്‍ നേരെ കടന്നുപോയി. സദയം ക്ഷമിക്കുക. മാധവമേനോനെയാണ് പരാമര്‍ശിച്ചതെന്നു മനസ്സിലാക്കുക.

Submitted by chinthaadmin on Sat, 2007-07-14 19:21.

നന്ദി സുരേഷ്... ലേഖനത്തില്‍ ഈ തിരുത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പോള്‍