തര്‍ജ്ജനി

വാര്‍ത്ത

പവിത്രന്‍ തീക്കുനിയ്ക്കൊരു വീട്

മലയാളത്തിലെ ശ്രദ്ധേയനായ യുവകവി പവിത്രന്‍ തീക്കുനി ഇപ്പോഴും ആയഞ്ചേരിയിലെ മൂന്നു സെന്റിലെ ചോര്‍ന്നൊലിക്കുന്ന ഒറ്റ മുറിയിലാണ്. മത്സ്യത്തൊഴിലാളിയായ പവിത്രന്റെ വരുമാനം കുടുംബം പുലര്‍ത്താന്‍ പോലും അപര്യാപ്തമാണ്. ഭാര്യയും ആറിലും ഏഴിലും പഠിയ്ക്കുന്ന രണ്ട് കുട്ടികളുമ്മടങ്ങുന്ന കുടുംബം ദുരിതം നനഞ്ഞു കൊണ്ടേയിരിക്കുമ്പോള്‍ വീടെന്ന വലിയൊരു സ്വപ്നം സാക്ഷാല്‍‌ക്കരിക്കുവാനുള്ള പരിശ്രമത്തിലാണ് എഴുത്തുകാരായ സുഹൃത്തുക്കള്‍.

അക്കാദമി അവാര്‍ഡടക്കം അനേകം പുരസ്കാരങ്ങള്‍ നേടിയ, 9 പുസ്തകങ്ങളുടെ രചയിതാവുമായ പവിത്രന് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് കുരീപ്പുഴ ശ്രീകുമാര്‍ കണ്‍‌വീനറും നൌഷാദ് പത്തനാപുരം സെക്രട്ടറിയും പി. ആര്‍. രതീഷ് ട്രഷററുമായി പത്ത് അംഗങ്ങളുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സഹൃദയരുടെ നിസ്സീമമായ സഹകരണം പ്രതീക്ഷിക്കുന്നു.

സംഭാവന അയയ്ക്കേണ്ട വിലാസം:

പവിത്രന്‍ തീക്കുനി ഭവനനിര്‍മ്മാണ സമിതി
റൂം നമ്പര്‍ - 8,
220 കെ. വി. സബ്സ്റ്റേഷന്‍ കോം‌പൌണ്ട്,
കെ. എസ്. ഇ. ബി, കണിയാമ്പറ്റ പി. ഒ
വയനാട്

SBI Account No: 3019307819-8

Subscribe Tharjani |
Submitted by ഡോ.മഹേഷ് മംഗലാട്ട് (not verified) on Sun, 2007-07-08 18:27.

അതീവകൌതുകത്തോടെയാണ് പവിത്രന്‍ തീക്കുനിക്ക് വിടുവെക്കുവാന്‍ സഹകവികള്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായ കത്ത് വായിച്ചത്. പക്ഷെ ഇത് ഒരു അതിക്രമമാണ് എന്നു പറയാതിരിക്കാനാവില്ല. നിര്‍ദ്ധനവും നിരാവലംബിയുമായ ഒറാള്‍ക്ക് സമൂഹത്തിലെ ഉദാരമതികള്‍ ചെയ്യുന്ന സേവനം മനസ്സിലാക്കാം. അതിനോട് ആരും ആദരപൂര്‍വ്വം യോജിക്കും.

എന്നാല്‍ ഇത് അങ്ങനെയല്ല തന്നെ. മത്സ്യത്തൊഴിലാളിയല്ല പവിത്രന്‍ തീക്കുനി എന്നതാണ് ആദ്യത്തെ വസ്തുത. മത്സ്യവില്പനക്കാരനാണ്. അതാവട്ടെ ഒരു തൊഴില്‍ എന്ന നിലയില്‍ അയാള്‍ സ്വയം തെരഞ്ഞടുത്തതാണ്. പരമ്പരാഗതമത്സ്യവില്പനക്കാരായതിനാലും ഇതല്ലാതെ വേറെ തൊഴിലു ചെയ്യാന്‍ പ്രാപ്തിയില്ലാത്തവരുമായ നിരവധി പേര്‍‍ വീടില്ലാതെ കഴിയുമ്പോള്‍, വര്‍ഷകാലത്ത് കടല്‍ക്ഷോഭം കാരണം അഭയാര്‍ത്ഥി ക്യാമ്പില്‍ ദാരുണമായ സാഹചര്യത്തില്‍ കഴിയുമ്പോള്‍ കരുണകാണിക്കണമെന്നു തോന്നാത്തവര്‍ ഇറങ്ങിപ്പുറപ്പെടുന്നത് കാണുന്നതു തന്നെ തമാശയാണ്.

എം.എ.ബേബി തെരഞ്ഞടുപ്പിന് മത്സരിച്ച മണ്ഡലത്തില്‍ വോട്ട് പിടിക്കാന്‍ പോയ കേരളത്തിലെ സാംസ്കാരികനായകരില്‍ ഒരാളാണ് ശ്രീമാന്‍ പവിത്രന്‍ തീക്കുനി. ഇതിന് പ്രത്യുപകാരമായി ബുക്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി എന്ന സര്‍ക്കാര്‍ ഏജന്‍സിയില്‍ അംഗത്വം പവിത്രന് സാംസ്കാരികവകുപ്പ് മന്ത്രിയെന്ന നിലയില്‍ ശ്രീമാന്‍ ബേബി നല്കിയിട്ടുണ്ട്. ചോര്‍ന്നൊലിക്കുന്ന വീടുള്ള പവിത്രനെ മത്സ്യത്തൊഴിലാളി എന്നു വിശേഷിപ്പിക്കുന്നതിനു പകരം ഈ വസ്തുതകള്‍ എടുത്തു പറയുകയായിരുന്നു വേണ്ടത്.

തനിക്കു വേണ്ടതെല്ലാം മറ്റെല്ലാവരും തരണം എന്ന് ഒരാള്‍ ആഗ്രഹിക്കുന്നതിന് നീതീകരണമുണ്ടോ? തന്റെ കവിതകളുടേയും പുസ്തകങ്ങളുടേയും പ്രതിഫലമായി പത്രാധിപന്മാരും പ്രസാധകരും ഈ കവിക്ക് ഒന്നും കൊടുക്കാറില്ലേ? കവിതയല്ലാതെ മറ്റെന്തിങ്കിലും ഒന്ന് ഇക്കാലത്തിനിടയ്ക്ക് തനിക്കുള്ളതില്‍ നിന്ന് തന്നെക്കാള്‍ പ്രാരാബ്ധക്കാരനായ ഒരള്‍ക്ക് ഈ കവി നല്കിയിരിക്കുമോ?

ഇത്രത്തോളും വരുമാനമില്ലാത്ത നമ്മുടെ നാട്ടിലെ മനുഷ്യര്‍ ലോണെടുത്തും അത്യദ്ധ്വാനം ചെയ്തും വീടു പണിയുകയാണ് പതിവ്. അത് കവിയാണെ എന്ന ഒറ്റ ന്യായത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീമാന്‍ പവിത്രന്‍ തീക്കുനിക്ക് ബാധകമാവില്ല എന്നുണ്ടോ? അദ്ധ്വാനിച്ച് ജീവിക്കുകയാണ് അന്തസ്സ് എന്ന സങ്കല്പം കാലഹരണപ്പെട്ടതായി പ്രഖ്യാപിക്കുന്ന നടപടിയായാണോ ഇത് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്?

എന്ന്
ഡോ.മഹേഷ് മംഗലാട്ട്.

പത്തൊമ്പത് വര്‍ഷമായി കോളേജ് അദ്ധ്യാപകനാണ്,യുജിസി നിരക്കില്‍ വേതനം. സ്വന്തമായി ഒരു വീടില്ല. കാറില്ല. ഇങ്ങനെ ഇല്ലായ്മകള്‍ ഏറെയുണ്ട്.

Submitted by കൈപ്പള്ളി (not verified) on Sun, 2007-07-08 21:00.

സ്വന്തമായി വീടില്ലാത്ത എത്ര ആദിവസികള്‍ നാട്ടിലുണ്ട്.
കുടുമ്പങ്ങള്‍ ഉപേക്ഷിച്ച എത്ര മാനസീക രോഗികള്‍.
അബലകളായ എത്ര സ്ത്രീകള്‍.
അനാധരായ കുട്ടികള്‍.
നിര്‍ധനരായ വൃദ്ധജനങ്ങള്‍.

അവെരേക്കാള്‍ പ്രധാനമാണോ ഒരു കവി. ജോലി വേണേല്‍ നാട്ടില്‍ ധാരാളം ജോലിയുണ്ട്. പറമ്പ് കിളക്കാന്‍ ദിവസക്കൂലി 180 രൂപ. എട്ടു മണിക്കൂര്‍ പണി. ഓണത്തിനും ദീവാലിക്കും ബോണസ്സ്. എന്നിട്ടും ആളിനെ കിട്ടാനില്ല എന്നാണു അറിഞ്ഞത്, ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ആളിനെ ഇറക്കുന്നു എന്നാണു കേട്ടത്. പുസ്തകം വിറ്റു കിട്ടുന്ന കാശ് തികയുന്നില്ലെങ്കില്‍ അന്തസായ വേറെ എതെല്ലാം തൊഴില്‍ നാട്ടിലുണ്ട്. ശ്രമിച്ച് നോക്കു. please. എന്താ കൃഷി അന്തസുള്ള പണിയല്ലെ? അതോ ഇനി മഹാകവിക്ക് കിളയല്‍ അറിയില്ലെന്നുണ്ടോ?

Submitted by ബെന്നി::Benny (not verified) on Mon, 2007-07-09 10:37.

കൈപ്പള്ളി പറഞ്ഞത് കാര്യം. രാജവാഴ്ചയും ജന്മിത്തവാഴ്ചയും ബൂര്‍ഷ്വാരീതികളും പിന്തുടര്‍ന്ന് വന്നതാണ് കല ഉപജീവനമാര്‍ഗ്ഗമായി തിരഞ്ഞെടുക്കുന്നവരെ പോറ്റേണ്ട ഗതികേട് നാട്ടുകാര്‍ക്കും സര്‍ക്കാരിനും ആണെന്ന ധാരണ. ഒരു തരത്തിലുള്ള ന്യായീകരണവും കാണുന്നില്ല ഈ ധാരണയ്ക്ക്. ഇപ്പഴത്തെ ജനാധിപത്യ സര്‍ക്കാരുകളും കലാ രംഗത്തുള്ളവര്‍ക്ക് പ്രാധാന്യം കല്‍‌പ്പിച്ച് പോരുന്നു. കല്ലുടക്കുന്ന തൊഴിലാളിക്കും കലാ തൊഴിലാളിക്കും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഞാന്‍ കാണുന്നില്ല.

സസ്നേഹം,
ബെന്നി

Submitted by സുനില്‍ (not verified) on Mon, 2007-07-09 11:06.

മഹേഷ് മാഷ്ടെ കമന്റിന്റെ വാല്‍ “ക്ഷ” പിടിച്ചു. ഇല്ലായ്മകള്‍ നികത്താന്‍ ഉത്സാഹിക്കണോ? (തമാശയാണേ) -സു-

Submitted by മഹേഷ് മംഗലാട്ട് (not verified) on Mon, 2007-07-09 16:32.

എന്റെ എല്ലാ ആവശ്യങ്ങളും സമൂഹം സാധിച്ചു തരണം എന്നു കരുതുന്ന തരത്തിലുള്ള കവിയോ കവിക്കൂട്ടുകാരനോ അല്ല ഞാന്‍. ലോണെടുത്തും കിട്ടുന്ന ശമ്പളത്തെ ആശ്രയിച്ചും ചെയ്യാവുന്ന കാര്യങ്ങളുമായി സന്തോഷമായി കഴിയുകയാണ്.

കവിയുടെ ഇല്ലായ്മ കേട്ടപ്പോള്‍ ഏതാനും ദിവസം അയാളുടെ അദ്ധ്യാപകനായിരുന്ന ഒരാളുടെ ഇല്ലായ്മയെപ്പറ്റി ഓര്‍മ്മിപ്പിച്ചുവെന്നേയുള്ളൂ. ഒരു പക്ഷേ വീടുപണി കഴിഞ്ഞ് കാശ് മിച്ചം വരുന്നെങ്കില്‍ എനിക്കു വല്ലതും തരുന്നെങ്കില്‍ ആവട്ടെ എന്നും കരുതി.

Submitted by രാജു ഇരിങ്ങല്‍ (Raju Iringal) (not verified) on Tue, 2007-07-10 18:50.

ഒരു ദിവസം പുലര്‍ന്നാല്‍ നാമെന്തൊക്കെ കാണണം കേള്‍ക്കണം.
കവി അയ്യപ്പനെ പെരുവഴിയില്‍ വച്ച് കണ്ടാല്‍ ഓടിയൊളിക്കുന്ന കവി സുഹൃത്തുക്കള്‍ ഏറെ യാണ്.

തിക്കുനി കവിതകള്‍ക്ക് ഊര്‍ജ്ജം നഷ്ടപ്പെടുമ്പോള്‍ വീടെന്ന സ്വപ്നം യാഥാര്‍ഥമാക്കാന്‍ കുരീപ്പുഴയും കൂട്ടരും. എല്ലാം നല്ലതിനാണല്ലൊ.

ഒന്നു കഴിഞ്ഞല്ലേ രണ്ട്. അതു കൊണ്ട് അടുത്തത് മഹേഷ് മംഗലാട്ടില്‍നായിരിക്കും.
സുനില്‍ സൂചിപ്പിച്ചു കഴിഞ്ഞു. പക്ഷെ അടുത്ത ഇലക്ഷനിലെങ്കിലും ബേബിയെയൊ അതു പോലെ ചിലരെയെങ്കിലും താങ്ങണം. എന്താ മാഷേ..

ദിവസങ്ങള്‍ നമുക്ക് മുമ്പില്‍ ഏറെയാണല്ലൊ.

Submitted by Anonymous (not verified) on Tue, 2007-07-10 18:52.

മറ്റു മീന്‍വില്പനക്കാരെല്ലാം കഠിനാദ്ധ്വാനം ചെയ്തും കടമെടുത്തും വീടുവെക്കുമ്പോള്‍ കൂട്ടത്തിലൊരാള്‍ ‍ കവിതയെഴുതിയെന്നതിനാല്‍ നാട്ടുകാര്‍ വീടു പണിതു കൊടുക്കണം എന്നു പറയുന്നതിന്റെ യുക്തി മനസ്സിലായില്ല. പവിത്രന്റെ കവിത മാത്രമല്ല അഭിമുഖങ്ങളും വായിച്ച ഒരാളും കാപട്യത്തിന്റെ അവതാരമായ ഈ കവിയെ ഇഷ്ടപ്പെടുകയില്ല.
കുണ്ടറയില്‍ വോട്ടുപിടിക്കാന്‍ പോയതിന് പ്രത്യുപകാരമായി ബുക്ക് മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ അംഗത്വം നല്കിയ സാംസ്കാരികവകുപ്പ് മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പുരോഗമന കലാസാഹിത്യസംഘവുമൊന്നുമല്ല ഈ യാചനാ സംരഭത്തിനു പിന്നിലെന്നത് സംശയം ജനിപ്പിക്കുന്നു. എന്തോ എവിടെയോ ചീഞ്ഞു നാറുന്നു.

Submitted by സുനില്‍ (not verified) on Wed, 2007-07-11 11:00.

“അടുത്തത് മഹേഷ് മംഗലാട്ടില്‍നായിരിക്കും“ രാജൂ, പ്ലീസ് ഞാനൊരു തമാശ പറഞതാണേ.
തമാശയായിട്ടെടുക്കണേ. തമാശ മാത്രമാണ്. അതില്‍ പിടിച്ച് പ്രവചനങള്‍ ഒന്നും നടത്തല്ലേ. -സു-

Submitted by മഹേഷ് മംഗലാട്ട് (not verified) on Wed, 2007-07-11 14:19.

ഇത്രയും കാലം അദ്ധ്വാനിച്ച് ജീവിച്ചതു പോലെ ഇനിയുള്ള കാലത്തും അങ്ങനെ തന്നെ കഴിയാനാണ് പരിപാടി. കവിക്ക് സുഹൃത്തുക്കള്‍ വീടുപണിതു കൊടുക്കുന്നതില്‍ പരാതിയില്ല. അതിന് നാട്ടുകാര്‍ പണം കൊടുക്കണമെന്ന നിലയിലുള്ള ആഹ്വാനം സാമൂഹികവിരുദ്ധസ്വഭാവമുള്ളതാണ്. അതിനാലാണ് എതിര്‍ക്കുന്നത്.
പൊതുവെ നാട്ടുകാര്‍ വീടു നിര്‍മ്മിക്കാന്‍ അവലംബിക്കുന്ന രീതിയിലാണ് നാളിതുവരെ മലയാളത്തിലെ കവികള്‍ വീടു വെച്ചത്. അതില്‍ പ്രാരാബ്ദം പറഞ്ഞു നടക്കാത്ത നിരവധി കഷ്ടപ്പാടുകാരുണ്ടായിരുന്നവെന്ന് ആര്‍ക്കാണ് അറിയാത്തത്? അത് ഈ കൌശലക്കാരനായ കവിക്ക് ബാധകമല്ല എന്നത് എനിക്ക് മനസ്സിലാക്കാനാകാത്ത കാര്യമാണ്.

Submitted by ഡ്രിസില്‍ മൊട്ടാമ്പ്രം (not verified) on Thu, 2007-07-12 08:30.

ഈ കവിയെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല. പക്ഷെ, എല്ലാവരുടേയും രൂക്ഷ വിമര്‍ശനം കണ്ടപ്പോള്‍ ചെറിയ വിഷമം തോന്നി. യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ്‌ ഇത്തരം വിമര്‍ശനങളെയ്യുന്നത് എന്ന് കരുതട്ടെ. ഇങനെ സഹായാഭ്യര്‍ത്ഥന നടത്താന്‍ മാത്രം അദ്ദേഹത്തിനുള്ള വിഷമം എന്താണെന്ന്, വിമര്‍ശകരില്‍ ആരെങ്കിലും നേരിട്ട് അന്വേഷിച്ചിരിക്കുമെന്ന് വിശ്വസിക്കുന്നു.

Submitted by Anonymous (not verified) on Thu, 2007-07-12 14:24.

ആര്യ അല്‍ഫോണ്‍സിന്റെ ഈ കവിത വായിക്കൂ,കവിയെക്കുറിച്ച് കാവ്യാത്മകമായിത്തന്നെ മനസ്സിലാക്കാം:

ആര്‍ട്ട് ഓഫ് ലിവിംഗ്

ഋത്വിക് ആണ് തലതൊട്ടത്
അറിയില്ലേ ? ഋത്വിക് ഘട്ടക്...?
ജോണ്‍ വളര്‍ത്തി.
മോശമായില്ല.
ചുള്ളിക്കാടുകളിലും കവിത മുളച്ചു.
പുനത്തില്‍ കുഞ്ഞന്മാര്‍ വേഗം വളര്‍ന്നു.
തീയില്‍ കുനിയാത്ത വേറൊരുത്തന്‍ വന്നു.
അയ്യ!(പ്പന്‍!) എന്തു രസമായിരുന്നു !
അന്നത്തെ അപ്പവും
അന്നത്തെ പെണ്ണും
വഴിയില്‍ തടഞ്ഞു.
(ആകാശത്തിലെ പറവകള്‍
വിതയ്ക്കുന്നില്ല കൊയ്യുന്നില്ല...)
എത്രയെത്ര രാജ്യങ്ങളിലെ എത്രയെത്ര വേശ്യകള്‍...
(അവരാണല്ലോ എന്റെ വീടും വ്യഥയും..)
എല്ലാം എഴുതി
എന്നാലും അച്ഛന്‍ അമ്മയെ കൂട്ടിക്കൊടുത്തതെഴുതിയ ഇനത്തിലാണ്
ഏറ്റവും കാശുവാരിയത്.
പ്രസ്താവനകളൊ ഇടയ്ക്കിടെ ഇറക്കാറുണ്ട്.
പുരുഷനു നാലു ഭാര്യവേണമെന്ന
ശാസ്ത്രീയപ്രസ്താവമാണ് ഏറ്റവും പുതിയത്.
ലോകത്തിന്റെ പ്രശ്നങ്ങളോ?
അതേതു പ്രശ്നങ്ങള്‍?
സാമൂഹ്യ പ്രതിബദ്ധതയോ?
ഭ !
ഒരു ഇടവേള
ചായയും അണ്ടിപ്പരിപ്പും
ഇപ്പോ അക്കാദമിയിലാണ്.
നല്ല സെറ്റപ്പിലാണ്
ഭാര്യയോ? ഓ അകത്തുണ്ട്.
പരമസാധ്വിയാണ്.
പരപുരുഷന്മാരെ ഭയമുള്ളവളാണ്.
വാതില്‍ മറവില്‍ മുഖം നീട്ടിയേക്കും.
വിളിക്കണോ?