തര്‍ജ്ജനി

ദീപ ഡി. എ.

നിര്‍മ്മല്‍ ഭവന്‍ ,
അപ് ഹില്‍ പി. ഒ
മലപ്പുറം 676505

Visit Home Page ...

കഥ

കപിലവസ്തു

ശ്രീരാമന്‍ സീതയെ കാട്ടില്‍ ഉപേക്ഷിച്ചു. ലക്ഷ്മണന്‍ ഊര്‍മ്മിളയെ വീട്ടിലിരുത്തി. വിഭീഷണന്‍ രാവണനെ വഞ്ചിച്ചു. മാരീചന്‍ സീതയെ കബളിപ്പിച്ചു. സീത ലക്ഷ്മണനെ സംശയിച്ചു. ബാലിയെ ശ്രീരാമന്‍ ചതിച്ചു കൊന്നു. .. ആദര്‍ശപുസ്തകത്തിലെ തെറ്റുകള്‍ക്ക് വയലറ്റ് സ്കെച്ച് പേന കൊണ്ട് അടിവരയിട്ട് കൊണ്ടിരിക്കുന്ന സമയത്താണ് ഇ-മെയില്‍ മെസ്സേജ് എത്തിയത്. "You are appointed as our Marketing cum Operating Manager, Northern Division. Please join within seven days"

ഇന്ന് അല്ലെങ്കില്‍ നാളെ എത്തേണ്ട മെസ്സേജായിരുന്നു. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടന്നപ്പോള്‍ തന്നെ ജോലി ഉറപ്പായിരുന്നു. പ്ലേസ്മെന്റ് എവിടെയാകും എന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. ഒരു ലക്ഷം രൂപ പ്രതിമാസം ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ മെസേജിനകത്ത് സോറി എന്നൊരു വാക്കുകൂടി ഉള്‍പ്പെടുത്തി താങ്കള്‍ക്ക് മറ്റൊരവസരത്തില്‍ ജോലി തരാം എന്നൊരു മറുപടിയാകും അയയ്ക്കുക. ഒരു ലക്ഷം രൂപയ്ക്ക് താന്‍ തീറെഴുതപ്പെട്ടുവെന്ന് ശങ്കര്‍ റാമിന് ബോധ്യമായി. സുഹൃത്തുക്കള്‍ പലരും ഇപ്പോള്‍ തന്നെ ബഹുരാഷ്ട്രകമ്പനികളുടെ അടിമകള്‍ ആയിക്കഴിഞ്ഞിരിക്കുന്നു. ഇരുമ്പുചങ്ങലയ്ക്ക് പകരം ഒന്നിലധികം വെളുത്ത ചങ്ങല കൊണ്ട് അവര്‍ അവരുടെ കഴുത്തിനെയും കാലുകളെയും പൂട്ടിക്കഴിഞ്ഞിരിക്കുന്നു. തലയില്‍ ആര്‍ക്കും കാണാന്‍ കഴിയാത്ത രീതിയില്‍ കമ്പനികളുടെ ഹോളോമാര്‍ക്കുകള്‍ പച്ചകുത്തുമ്പോലെ പതിഞ്ഞു കഴിഞ്ഞിരിക്കുന്നു. വര്‍ഷങ്ങളും മണിക്കൂറുകളും ബോണ്ട് പേപ്പറില്‍ ഒരാള്‍ക്ക് വിധേയമാക്കിക്കൊടുത്തതിന്റെ വേദനയെക്കുറിച്ച് ചിലരെങ്കിലും ശങ്കര്‍ റാമിനോട് പറഞ്ഞിരുന്നു.

പക്ഷേ നിവൃത്തിയില്ല. ഇപ്പോള്‍ തനിക്കും വീണിരിക്കുന്നു വെള്ളക്കയര്‍ ‍. കഴുത്തിനെ ചുറ്റിവരിഞ്ഞ്. ഇ-മെയിലിനും ജോയിനിങ്ങിനും ഇടയില്‍ ഇനി ഒരിക്കലും സാധിച്ചില്ലെങ്കിലോ എന്നു കരുതി ചെറുപ്പത്തിന്റെ ആദ്യ പകുതിയില്‍ ഒരഭിനിവേശം പോലെ വായിച്ചു തീര്‍ത്ത രാമായണവും മഹാഭാരതവും തിരുക്കുറലും കാമശാസ്ത്രവും ഇനി അടുക്കി വയ്ക്കാം. ഹൈദരബാദിലേക്കു പറക്കുന്നതിനു മുമ്പ് ഇതൊക്കെ രാജിക്ക് നല്കണം. ലിറ്ററേച്ചര്‍ എന്നു പറഞ്ഞാല്‍ അവള്‍ക്ക് വട്ടാണ്. അവള്‍ സൂക്ഷിച്ചു വച്ചു കൊള്ളും. എന്നെങ്കിലും ഒരവസരം കിട്ടിയാല്‍ അവളുടെ വീട് വരെ പോകുന്ന സമയം മാത്രം മതിയല്ലോ.

തനിക്ക് ലഭിക്കാന്‍ പോകുന്ന ആദ്യ അസൈന്‍മെന്റ് എന്തായിരിക്കും? എന്തായാലും കടുത്ത ഒന്നായിരിക്കും. ഒരു ലക്ഷം തരികയാണെങ്കില്‍ ഒരു ദിവസം കൊണ്ട് അവര്‍ ഒമ്പത് ലക്ഷം മുതലാക്കും.

കഥയില്‍ ദേവേന്ദ്രന്റെ കൊട്ടാരം പോലെ മൂസി നദിയുടെ കരയില്‍ തലയുയര്‍ത്തി നില്ക്കുന്നു, ഞാന്‍ ചെല്ലേണ്ട SOLUTIONS WEST. പതിനഞ്ച് നിലയെങ്കിലും ഉണ്ടാകും. മുഴുവന്‍ ഗ്ലാസ്സില്‍ പൊതിഞ്ഞിരിക്കുന്നു. ഖുത്ബ്ഷാ റോഡിലൂടെയുള്ള തന്റെ ആദ്യത്തെയും അവസാനത്തെയും കാല്‍ നടയാത്രയെ തിരിച്ചറിഞ്ഞപ്പോള്‍ റോഡിനിരുവശവും എന്നെപോലെയുള്ള ഒരാള്‍ കാണാന്‍ പാടില്ലാത്ത, അഥവാ കണ്ടെങ്കില്‍ കണ്ടില്ലെന്ന് നടിക്കേണ്ട കാര്യങ്ങള്‍ മാത്രമായിരുന്നു. എല്ലാ ഇന്ത്യന്‍ നഗരങ്ങളുടെയും ശാപമാണത്. തുറന്നു വച്ചിരിക്കുന്ന ആഹാരസാധനങ്ങള്‍ അതില്‍ വന്നിരിക്കുന്ന ഈച്ചകള്‍ ‍, നിറഞ്ഞ് കലങ്ങി ഒഴുകുന്ന കാനകള്‍ ‍, നഗരത്തിലെ മുഴുവന്‍ ക്ലോസറ്റുകളും തുറക്കപ്പെടുന്നത് മൂസിയിലേക്കുള്ള കാനയിലാണ്. കാനയെ മൂടി മറച്ചിരുന്ന സ്ലാബുകളില്‍ 18-10-1990 എന്നൊരു തീയതി കാണുന്നുണ്ട്. കോണ്‍ക്രീറ്റില്‍ കരണ്ടി കൊണ്ടെഴുതിയത്. പല സ്ലാബുകളുടെയും മാംസം അടര്‍ന്നു പോയിരിക്കുന്നു. തുരുമ്പിച്ച ഇരുമ്പിലെ വാരിയെല്ലുകള്‍ തങ്ങളുടെ ശനിയ പഴിച്ചുകൊണ്ട് ഓരോ മനുഷ്യന്റെയും ചവിട്ട് ഏറ്റുവാങ്ങുന്നു.

റോഡിന്റെ ഇരുവശങ്ങളും വിപരീതാര്‍ത്ഥങ്ങളാണ്. ഒരു വശത്ത് ഹൈദരബാദ് പേള്‍ വില്ക്കപ്പെടുകയാണെങ്കില്‍ നേരെ എതിര്‍വശത്ത് സര്‍ദാര്‍ജിയുടെ ഇറച്ചിക്കട. ആടിന്റെയും പോത്തിന്റെയും പന്നിയുടെയും കഴുത്തില്ലാത്ത തൊലിയുരിച്ച രൂപങ്ങളില്‍ നിന്നും ആവശ്യക്കാര്‍ക്ക് മാംസം ഇന്‍സ്റ്റന്റായി അറുത്തറുത്ത് നല്കുന്നു. ചൂടു രക്തം കുടിയ്ക്കാന്‍ ഈച്ചകള്‍ വട്ടമിട്ട് പറക്കുന്നു.

എന്തൊരറപ്പിക്കുന്ന കാഴ്ച! തൊട്ടടുത്ത് ഹൈദരബാദ് സഹോദന്മാര്‍ എന്ന് നിയോണ്‍ ബോര്‍ഡ് എഴുതി വച്ചിരിക്കുന്ന മദ്യവില്പനശാല. രാവിലെ തന്നെ ചെറിയൊരു ക്യൂവുണ്ട്. ആറേഴു ചെറുപ്പക്കാരും രണ്ട് വൃദ്ധന്മാരും അക്കൂട്ടത്തിലുണ്ട്. ചിലര്‍ ടൂവീലറുകള്‍ കടയുടെ ഓരത്ത് ചേര്‍ത്ത് നിറുത്തുന്നുണ്ട്. നേരെ എതിരെ അത്തറിന്റെ വില്പന മാത്രമുള്ള ഷോപ്പാണ്. അവിടെ നിന്നും വിവിധ ഗന്ധങ്ങള്‍ റോഡിലേക്കിറങ്ങി വരുന്നു. മനുഷ്യജീവിതത്തിന് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായിത്തീര്‍ന്നിരിക്കുന്നു ഷോപ്പുകള്‍ . ഒരു ഷോപ്പില്‍ നിന്നും മറ്റൊരു ഷോപ്പിലേക്ക് കണ്ണയച്ച് മടുത്തു. ഓരോ ഷോപ്പും ചൂഷണത്തിന്റെ തൊട്ടിലാണ്. ലാഭം എന്ന രണ്ടു കണ്ണുകള്‍ ഓരോ ഷോപ്പിന്റേയും മുന്നില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ടാവും. ഖുത്ബ്ഷാ തെരുവിന് ഉറക്കമില്ല. രാത്രിയും പകലും കച്ചവടം തന്നെ. ഒരുനാള്‍ ഒരു സാധനവും വാങ്ങാന്‍ ഒരാള്‍ പോലും വരാതിരുന്നാല്‍ ‍... അവിടെയപ്പോള്‍ സാമ്പത്തികശാസ്ത്രത്തിന് ചൊറിയും ചിരങ്ങും പിടിക്കും. വരട്ടുചൊറിയും കോഴിച്ചിരങ്ങും!

സെക്യൂരിറ്റി റൂമില്‍ ചീഫ് സെക്യൂരിറ്റി ഓഫീസറെ വിവരങ്ങള്‍ അറിയിച്ചു. അയാള്‍ക്ക് വോയ്സ് മെയില്‍ വഴി എന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ചു. പരുപരുത്ത ഒരു ഹസ്തദാനവും എന്റെ ചേംബറിലേക്കുള്ള വഴി പറഞ്ഞു തരാന്‍ മറ്റൊരു സെക്യൂരിറ്റി ഉദ്യോഗസ്ഥനും എന്റെ കൂടെയുണ്ടായിരുന്നു. ലിഫ്റ്റിനുള്ളില്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ തോന്നി. ഓര്‍മ്മയുടെ ഒരു തോടുടഞ്ഞതാണ്. മലയാളം എം. എ വൈവാവോസിക്ക് സെന്റ് ആന്റണീസ് കോളേജിന്റെ അഞ്ചാം നിലയിലേക്കുള്ള ലിഫ്റ്റ് യാത്ര. ലിഫ്റ്റില്‍ ഞാനും രാജിയും തനിച്ച്. വര്‍ഷങ്ങളുടെ സീല്‍ വച്ച് പൂട്ടിയ ഒരാഗ്രഹം വലിച്ച് പൊട്ടിച്ച് രാജിയെ നെഞ്ചോട് ചേര്‍ത്തു. അവളുടെയും എന്റെയും നെഞ്ച് തേവലക്കരക്കായലിലെ ഓളങ്ങളെപ്പോലെ ഉലഞ്ഞു. കുറച്ച് മുല്ലപ്പൂവ് ലിഫ്റ്റില്‍ വീണു. ലിഫ്റ്റ് എത്ര പെട്ടെന്നാണ് അഞ്ചാം നിലയിലെത്തിയത്. വൈവാവോസിയില്‍ ആശാന്‍ ഉള്ളൂ‍രായി, ഉള്ളൂര്‍ കേശവദേവായി, ബഷീര്‍ തകഴിയായി... വൈവ കഴിയും വരെ എനിക്ക് നെഞ്ചിടിപ്പായിരുന്നു. വൈവകഴിഞ്ഞ് അഞ്ചാം നിലയില്‍ നിന്ന് താഴെയെത്താന്‍ അവള്‍ ലിഫ്റ്റിന്റെ അടുത്തെത്തിയില്ല. പകരം സിമന്റ് പടവുകള്‍ ഇറങ്ങുകയായിരുന്നു. അവളുടെ പിറകെ ഇറങ്ങുകയല്ലാതെ എനിക്ക് നിവൃത്തിയില്ലായിരുന്നു. ഇടനാഴി പോലെയുള്ള സിമന്റ് പടവുകള്‍ ഇറക്കത്തെയും കയറ്റത്തെയും ഓര്‍മ്മിപ്പിച്ചു. വര്‍ഷങ്ങളില്‍ ഇടനാഴിയിലെ ചുമരുകളില്‍ ചില അടയാളങ്ങള്‍ കോറിയിട്ടിരുന്നു. പ്രേമത്തിന്റെ ചിഹ്നം എല്ലാ നിലയിലെയും ഇടനാഴിയിലും ഇഷ്ടം പോലെയുണ്ട്. വാസു + ലക്ഷ്മി എല്ലാ നിലയിലെയും ഇടനാഴികളിലേയും ചുമരുകളില്‍ കോമ്പസ്സുകൊണ്ട് എഴുതപ്പെട്ടതുപോലെ. ഏതോ വര്‍ഷങ്ങളില്‍ ഈ കോളേജില്‍ ഒരു വാസുവും ലക്ഷ്മിയും പഠിച്ചിരുന്നു. അവര്‍ പ്രേമിച്ചിരുന്നു. ഇപ്പോള്‍ അവരെവിടെയാകും? ആര് എപ്പോള്‍ എവിടെയായിരിക്കുമെന്ന് ആര്‍ക്കെങ്കിലും പ്രവചിക്കാന്‍ സാധിക്കുമോ?

ഗ്രൌണ്ട് ഫ്ലോറിന്റെ ഇടനാഴിയില്‍ പെന്‍സില്‍ കൊണ്ട് ആരോ എഴുതിയിരിക്കുന്നു. ചുമരുകളേ നിങ്ങള്‍ നിങ്ങള്‍ മാത്രം സത്യം. പൊളിച്ചു കളയുന്നതുവരെ പ്രണയം പൊടിഞ്ഞു പോയ ഏതെങ്കിലുമൊരു നിരാശകന്റെ വരികളായിരിക്കും.

വിടപറയും മുമ്പേ അവള്‍ കോളേജിനെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. കുറച്ച് ഓര്‍മ്മകള്‍ എല്ലായിടത്തും എല്ലാവര്‍ക്കും വാരിക്കൊടുത്ത ശേഷം എന്റെ ഹൈദരബാദിലേക്കുള്ള വരവ് ചെന്ന് നില്ക്കാന്‍ പോകുന്നത് സൊല്യൂഷന്‍സ് വെസ്റ്റിന്റെ പതിനഞ്ചാം നിലയിലാണ്.

ഒരു മിനിറ്റ് കൊണ്ട് ഞാന്‍ ഹൈദരബാദിന്റെ ഉന്നതങ്ങളില്‍ എത്തിയിരുന്നു. തുറന്നിട്ടിരിക്കുന്ന ജനാലയിലൂടെ കാറ്റ് ശക്തമായി കടന്നു വന്നു. കടന്നു വരലുകള്‍ അനുയാത്രയുടെ തുടക്കമല്ലേ...?

"“Hello, Welcome Mr. Double God"
"what?"

“അതേ ഞാനും മലയാളി തന്നെ. നിങ്ങള്‍ രണ്ട് ദൈവങ്ങള്‍ ‍, അതായത് ശങ്കരനും രാമനും. ഞാനാണെങ്കില്‍ മുകുന്ദന്റെ വെറും ദാസനും. മനസ്സിലായോ?
“ഉവ്വ്, മിസ്റ്റര്‍ മുകുന്ദ ദാസ്”
“അതേ മുകുന്ദ ദാസ്. സ്ഥലം ഒറ്റപ്പാലം, കൃത്യം പത്തിരിപ്പാല. ഇവിടെ പ്ലേസ്മെന്റ് മാനേജര്‍ ‍”
“ഇവിടെ ഇപ്പോള്‍ മലയാളികള്‍ ആകെ രണ്ട്. പതിനഞ്ച് നിലയും രണ്ട് മലയാളികളും. ഇവിടെ യജമാനന്മാരില്ല. എല്ലാവരും തൊഴിലാളികളാണ്. മുലപ്പാലിന്റെ മണം മറക്കേണ്ടി വരും. തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ ‍. ഓരോ ദിവസവും നിങ്ങള്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ തലേന്നു രാത്രി തന്നെ നിങ്ങളുടെ മോണിറ്ററിലെത്തും.

നീണ്ട നീല നിറമുള്ള തിരശ്ശീലക്കപ്പുറത്ത് ഗ്ലാസ് ചേംബറുകളാണ്. ഒക്കേയും ശീതീകരിച്ചവ. ഹൃദയത്തെപ്പോലും പൂജ്യം ഡിഗ്രി സെല്‍‌സ്യഷില്‍ തണുപ്പിച്ച് വച്ച് ഓരോ യുവാവും യുവതിയും ബുദ്ധിയുടെ ചുളിവുകളില്‍ വീണ്ടും വീണ്ടും ചുളിവുകള്‍ ഉണ്ടാക്കുന്നു. കറുത്ത നിറമുള്ളവര്‍ ആകെ രണ്ട് പേര്‍ ‍. ബാക്കിയെല്ലാം വെളുത്തവര്‍ ‍. ചില്ലുകൊട്ടാരങ്ങള്‍ എക്കാലത്തും മാറ്റി വച്ചിരുന്നത് വെളുത്ത നിറമുള്ളവര്‍ക്കായിരുന്നല്ലോ? ക്യാപിറ്റലിസത്തിന്റെയും ഗ്ലോബലൈസേഷന്റെയും നിറം എങ്ങനെ വെളുപ്പായി? കാപ്പിരിക്കറുപ്പ് എങ്ങനെ വെറുക്കപ്പെട്ടു?

തേവലക്കരയും ഹൈദരബാദും തമ്മിലുള്ള അകലം പതിനഞ്ച് നിലകളിലും നിറഞ്ഞ് നില്ക്കുന്നുണ്ട്. പതിനഞ്ചാം നിലയില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ മനുഷ്യര്‍ക്ക് വലിപ്പം കുറഞ്ഞതു പോലെ. അകലെ മൂസി അനങ്ങാതെ കിടക്കുന്നു. ആയിരം തലകളുള്ള പ്ലേഗിന്റെ മുഖം പേറിയ ചാര്‍മിനാര്‍ കുറേയേറെ വര്‍ഷങ്ങളുടെ കഥ പറയാന്‍ ആരെയൊക്കെയോ കൂട്ടു വിളിക്കുന്നുണ്ട്.

"Look Mr. Shanker Ram, Your first assignment is at Kapilavasthu. A comprehensive project." ജനറല്‍ കോര്‍ഡിനേറ്ററുടെ വാക്കുകള്‍ പൂര്‍ണ്ണവും മൃദുലവും ആയിരുന്നു. വിത്സണ്‍ റോക്കിയെന്നു പേരുള്ള ജനറല്‍ കോര്‍ഡിനേറ്ററുടെ വലതു കവിളിലെ രണ്ട് പാലുണ്ണികള്‍ അയാളുടെ മുഖത്തെപ്പോലെ നിഷ്കളങ്കമായിരുന്നു.

“കപിലവസ്തുവിലെ പ്രോജക്ട് പലതവണ മാറ്റിവച്ചതാണ്. മറ്റൊന്നുമല്ല അവിടുത്തെ ഹിസ്റ്റോറിക്കല്‍ ബാക്ക്ഗ്രൌണ്ട്, ഓള്‍ഡ് സ്റ്റുപ്പിഡിറ്റീസ്.. തനിക്കാവുമ്പോള്‍ ഒരു ചലഞ്ച് ആയിരിക്കും. കട്ട് ദ് നെര്‍വ്സ് ഇന്‍ ഐസ്. നിന്റെ ആദ്യ മാസത്തെ ശമ്പളം ഒരു ദിവസം കൊണ്ട് മുതലാക്കാനുള്ള പദ്ധതിയാണിത്. നമ്മുടെ കമ്പനി അമേരിക്കയിലെ ആലീസ് കിംഗ് എന്ന കമ്പനിക്കു വേണ്ടി എടുത്ത കോണ്ട്രാക്ടാണിത്.”

എന്റെ ചേംബര്‍ കാണിച്ചുതരാന്‍ നടന്നപ്പോള്‍ മുകുന്ദദാസ് കൂട്ടിച്ചേര്‍ത്ത വസ്തുതകള്‍ എനിക്ക് നേരെ ഒരുകൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് കല്ലെറിയുന്നതു പോലെ തോന്നിയെങ്കിലും “ഒന്നും പ്രശ്നമല്ല” എന്ന തിയറി മനസ്സില്‍ മുഴച്ച് കയറിയിരിക്കുന്നു. ഈ നിമിഷം മുതല്‍ ഞാനും അടിമയായിരിക്കുന്നു. പലരുടെയും ഓര്‍ക്കസ്ട്രയ്ക്കനുസരിച്ച് നൃത്തം ചെയ്യേണ്ടവന്‍ . നൃത്തം ചെയ്യുമ്പോള്‍ ഉടുതുണി അഴിച്ചിടാന്‍ പറഞ്ഞാലും ചെയ്യണം. അല്ലെങ്കില്‍ ചെയ്യിക്കും. ഇതിനെ ഏതുതരം അടിമത്തം എന്നു വിളിക്കണം...?

മേശപ്പുറത്ത് ഞാന്‍ കപിലവസ്തുവില്‍ ചെയ്യേണ്ട കാര്യങ്ങളുടെ ബ്ലൂപ്രിന്റ് റെഡി. ഞാന്‍ ചെല്ലുന്നതിനും എത്രയോ മണിക്കൂറുകള്‍ക്ക് മുമ്പ് അത് എത്തിയിരിക്കുന്നു. അസൈന്മെന്റ് തുടങ്ങേണ്ടത് ആഗസ്റ്റ് ഒന്നാം തിയ്യതി. ഹൈദരബാദില്‍ നിന്ന് ഡല്‍ഹിക്ക് ഫ്ലൈറ്റ്. അവിടെനിന്നും കാഠ്മണ്ടു ത്രിഭുവന്‍ എയര്‍പോര്‍ട്ടിലേക്ക്. ഒരു ദിവസത്തെ യാത്ര. കാഠ്മണ്ടുവില്‍ കമ്പനി പ്രതിനിധികള്‍ കപിലവസ്തുവിലേക്ക് കൊണ്ട് പോകും. പിറ്റേന്ന് മുതല്‍ ഓപ്പറേഷന്‍ ആരംഭിക്കണം. 30 ദിവസം സമയം. ആഗസ്റ്റ് 31-ന് പൂര്‍ത്തീകരിച്ചിരിക്കണം. സെപ്തംബര്‍ 1-ന് തിരിച്ച് ഹൈദരബാദില്‍ റിപ്പോര്‍ട്ട് ചെയ്യണം.

എല്ലാം മനസ്സിലായി. തികച്ചും യാഥാസ്ഥിതികമായ മതത്തിന്റെ വേരുകള്‍ വടവൃക്ഷം പോലെ വളര്‍ന്നു നില്ക്കുന്ന ഒരു പ്രദേശത്ത് അധിനിവേശത്തിന്റെ വിത്തുകള്‍ പാകുക! അതാണ് എന്റെ കര്‍ത്തവ്യം. കുറച്ച് വെള്ളവും വളവും നല്കണം. പിന്നെ അതങ്ങ് വളര്‍ന്നു കൊള്ളും. അപ്പോള്‍ ഞാനൊരു ബീജവാഹകനാണ്. ചെകുത്താന്റെ ബീജങ്ങള്‍ കൊണ്ട് നടക്കാന്‍ വിധിക്കപ്പെട്ട ഒരു മള്‍ട്ടിനാഷണല്‍ പന്നി. ഞാന്‍ ചെയ്യാന്‍ പോകുന്ന ദ്രോഹത്തിന്റെ ആഴം ഇപ്പോള്‍ ആര്‍ക്കും മനസ്സിലാകില്ല. പക്ഷേ ഏതോ ഒരു തലമുറ... അവരെന്നെ ശപിക്കുന്നത് കാണാന്‍ കഴിയുന്നുണ്ട്. ഞാന്‍ ചെയ്യാന്‍ പോകുന്ന കര്‍മ്മങ്ങള്‍ ആര്‍ക്കുവേണ്ടിയാണെങ്കിലും പൊറുക്കണേ, അമ്മേ...

എന്റെ ലഗേജിനുള്ളില്‍ ‍, ഞാനറിഞ്ഞു കൊണ്ട് ചെയ്യാന്‍ പോകുന്ന നാശത്തെയോര്‍ത്ത് എന്റെ മനസ്സാക്ഷിയോട് വഞ്ചന ചെയ്യാതിരിക്കാന്‍ ഒരു ആല്‍മരത്തെ പാക്ക് ചെയ്തു വച്ചിരുന്നു.

എല്ലാം ഷെഡ്യൂളനുസരിച്ചു തന്നെ നീങ്ങി. ഹിമാലയത്തിന്റെ ഉത്തുംഗത എന്നെ തളര്‍ത്തി. ഹിമവാന്‍ എന്നെ നോക്കി “പാപീ പാപീ” എന്നു പുലമ്പും പോലെ. ചരിത്രത്തില്‍ വായിച്ച കപിലവസ്തു കാണുന്നു. ലുംബിനിയിലെ ഉദ്യാനം കാണുന്നു. ശുദ്ധോധനന്റെ കൊട്ടാരം ഉണ്ടായിരുന്നെന്ന് പറഞ്ഞ സ്ഥലം കണ്ടു. കുറെ കറുത്ത കല്ലുകളും പേരറിയാത്ത കുറെ മരങ്ങളും തണുത്തു വിറച്ചു നില്ക്കുന്നു. മരങ്ങള്‍ ഇലകള്‍ പൊഴിക്കുകയും ചൂളക്കാറ്റില്‍ ഉലയുകയും ചെയ്യുന്നു.

ഒറ്റനോട്ടത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല എന്നെനിക്ക് ബോധ്യമായി. സിംപിള്‍ ഓപ്പറേഷന്‍സ് മതിയാകും. കട്ട് ദി വെയിന്‍ വിത്തൌട്ട് ഇന്‍‌ജുറി.

കപിലവസ്തു ഉറങ്ങുകയാണ്.

അമ്രപാലിയും ഉപഗുപ്തനും നീയാര് എന്ന് ചോദിക്കുന്നുവോ? അജാതശത്രുവും അശോകനും ഞങ്ങളെ അറിയാമോ എന്ന് ചോദിക്കും പോലെ... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.

അകലെ നിന്നും ‘ബുദ്ധം ശരണം ഗച്ഛാമി’ എന്ന സ്തുതി അവ്യക്തമായി കേള്‍ക്കുന്നു. കപിലവസ്തുവിലെ നിരത്തില്‍ ഏതാനും വിളക്കുകള്‍ കൂടി മാത്രമേ ബാക്കിയുള്ളു..

കപിലവസ്തുവിലെ ഇപ്പോഴത്തെ ജനസംഖ്യ ഇരുപതിനായിരത്തില്‍ താഴെ. ഹിന്ദുക്കളും ബുദ്ധമതക്കാരും കൂടുതല്‍ . കപിലവസ്തുവിന് പുറത്ത് വിച്ഛിന്ന ഗ്രാമത്തില്‍ ഒരു റോമന്‍ കാത്തലിക് പള്ളിയുണ്ട്. വിശ്വാസികള്‍ കുറവാണ്. മനസ്സ് തയ്യാറായിക്കഴിഞ്ഞു. കാല്‍ക്കുലേഷനുകള്‍ തെറ്റില്ല. എവിടെയെങ്കിലും ഒന്ന് പാളിയാല്‍ പകരം വയ്ക്കനുള്ള പ്രോഗ്രാ‍മുകളും റെഡി.

കപിലവസ്തു നല്ലൊരു തീര്‍ത്ഥാടനകേന്ദ്രമാണ്. പക്ഷേ ഇതുവരെ മാര്‍ക്കറ്റ് വാല്യൂ ഉള്ള ഒരിടമാക്കി മാറ്റിയിട്ടില്ല. ഇവിടേയ്ക്ക് ഇപ്പോള്‍ വരുന്നത് വിശ്വാസികള്‍ മാത്രമാണ്. അതു മാറണം. ഇവിടെ എല്ലാവരും വരണം. ശൂന്യതയില്‍ നിന്നും കോടികള്‍ ജനിക്കണം. അതുതന്നെയാണ് കമ്പനിയുടെ ലക്ഷ്യവും.

ലുംബിനിയില്‍ കമ്പനി സ്ഥലം അക്വയര്‍ ചെയ്തിട്ടുണ്ട്. പൂന്തോട്ടത്തിനു നേരെ എതിരെ പൂന്തോട്ടം നിറയെ പാരിജാതം പൂവിട്ടു നില്‍ക്കുന്നു. പാരിജാതത്തിന്റെ മണത്തിന് ദൈവത്തിന്റെ നിശ്വാസമെന്നാണ് പറയുന്നത്. മഹാമായ മായാദേവി പാരിജാതത്തിന്റെ മറവില്‍ ബുദ്ധനെ പ്രസവിച്ചപ്പോള്‍ മുഴുവന്‍ പാരിജാതങ്ങളും തങ്ങളുടെ പൂക്കളെക്കൊണ്ട് പൂന്തോട്ടം നിറച്ചു. അതും ഒരു രാത്രിയായിരുന്നു. ഇന്നും ഒരു രാത്രി.

അടുത്താഴ്ച നടക്കുന്ന ബുദ്ധ സെറിമണി സ്പോണ്‍സര്‍ ചെയ്യുന്നത് കമ്പനിയായിരുന്നു. അടിമയാക്കപ്പെട്ട എന്റെ ബുദ്ധിയുടെ ആദ്യത്തെ സ്കെച്ച്. കാശിന് ബുദ്ധിമുട്ടിയിരുന്ന സന്യാസിമാര്‍ സ്പോണ്‍സറിങ്ങ് അംഗീകരിച്ചു. സെറിമണിയുടെ അവസാനം ‘ബുദ്ധക്ഷേത്ര’ എന്ന ഷോപ്പിംഗ് കോം‌പ്ലക്സിന്റെ ശിലാസ്ഥാപനം. സന്യാസി അല്പം കീറിയ ഭൂമിയില്‍ വെട്ടുകല്ലുകള്‍ ഇറക്കി വയ്ക്കുന്നത് കണ്ടപ്പോള്‍ മനസ്സിന്റെയുള്ളില്‍ കുറെ കീറലുകള്‍ വീഴുന്നത് കൃത്യമായി കേള്‍ക്കുന്നുണ്ടായിരുന്നു. അന്നു രാത്രി ഹിമാലയത്തിലെ സകല കൊടുമുടികളും എന്നെ ആലിപ്പഴം വാരിയെറിഞ്ഞു. എന്റെ ദേഹത്തു നിന്നും ചോര ചുമരിന്റെ നാലുപാടും തെറിച്ചു വീണു. വിറയ്ക്കുന്ന എന്റെ നെറ്റിയില്‍ ആരോ തടവുന്നു. കൈകള്‍ക്ക് മഞ്ഞിന്റെ തണുപ്പും ചന്ദനത്തിന്റെ സുഗന്ധവും ഉണ്ടായിരുന്നു.

ഒരു ടെക്നോക്രാറ്റ് കണ്ട സ്വപ്നം. അതിനപ്പുറം ഒന്നുമില്ല. കാര്യമായ എതിര്‍പ്പ് ആരില്‍ നിന്നും ഉണ്ടായില്ല. പൈലിംഗ് പൂര്‍ത്തിയായി. ഗ്ലോബലേസേഷനെ അവര്‍ അംഗീകരിച്ചിരിക്കുന്നു. സന്യാസിമാരും മനസ്സിലാക്കിയിരിക്കുന്നു ആവശ്യങ്ങളുടെ ഔചിത്യം. ഇനിയൊരു ജന്മം ശ്രീബുദ്ധനുണ്ടെങ്കില്‍ അയാള്‍ ജീവിക്കുന്നത് സൊല്യൂഷന്‍സ് വെസ്റ്റില്‍ തന്നെയായിരിക്കും... അല്ലെങ്കില്‍ ആലീസ് കിംഗില്‍ !

പാരിജാതങ്ങളുടെ ഇടയില്‍ ഞാനെന്റെ ആല്‍മരം നട്ടു. ബോധിവൃക്ഷം പോലെ വളര്‍ന്നാല്‍ ‘ബുദ്ധക്ഷേത്ര’ സൂപ്പര്‍മാര്‍ക്കറ്റിന് നല്ലൊരു ഫ്രണ്ടേജാകും.

കാര്യങ്ങളെല്ലാം ഇനി ഭംഗിയായി അതിന്റെ വഴിയെ നടന്നു കൊള്ളും. ഒരു ഗ്ലാസ് പാലസ് ആറ് മാസത്തിനുള്ളില്‍ രൂപപ്പെടും. അവയിലെ ഓരോ മുറിയിലും ശ്രീബുദ്ധന്റെ ഓരോ പ്രതിമയുണ്ടാകും. കപിലവസ്തുവിലെ ഓരോ മനുഷ്യനും ഇവിടെ വരും. അവന്റെ ഉപ്പും വിയര്‍പ്പും ആലീസും വെസ്റ്റും ഊറ്റിയെടുക്കും. അതിലൊരു പിച്ച എനിക്കും കിട്ടും. പ്രിയപ്പെട്ട ബുദ്ധാ, ഇനി ആധാരം ഞങ്ങളുടെ ബാങ്കില്‍ പണയം വയ്ക്കൂ. പകരം ലോണ്‍ തരാം. പലിശയടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യചെയ്യുന്നതിനായി വിഷവില്പനശാലയും ശവപ്പെട്ടിക്കടയും ഞങ്ങളുടെ കോംപ്ലക്സിലുണ്ട്. മോഡലിംഗിനും ഇന്റര്‍‌നെറ്റിനും എന്നു വേണ്ട ഒരു കൂരയ്ക്കുള്ളില്‍ ഭൂമിയില്‍ ഒരാള്‍ക്ക് ആവശ്യമുള്ളതെല്ലാം ഓരോരോ ഷോപ്പുകളിലായി പകുത്തു വയ്ക്കുന്നുണ്ട് ഞാന്‍ ‍.

ചുമരുകള്‍ ഉയരുന്ന ആലീസ് കിംഗിനെ തിരിഞ്ഞു നോക്കുമ്പോള്‍ ലുംബിനി ഉദ്യാനത്തില്‍ വീണ്ടുമൊരു കുഞ്ഞിന്റെ കരച്ചില്‍ ‍. പാരിജാതങ്ങളുടെ ഇടയില്‍ നിന്നും ഒരു നേപ്പാളി സെക്സ് വര്‍ക്കര്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ എഴുന്നേറ്റു പോകുന്നു.

കാഠ്മണ്ഡുവിലേക്ക് ബസ് കയറാന്‍ ലുംബിനിയില്‍ നിന്നും ധാരാളം നേപ്പാളി സ്ത്രീകളുണ്ടായിരുന്നു. അവരില്‍ പലരും ഇന്ത്യയിലേക്ക് വരുന്നവരാണ്, മുംബെയിലേക്ക്... ബസ്സിനകം നിറയെ അവരുടെ ഉച്ഛ്വാസങ്ങളും നിശ്വാസങ്ങളും നെടുവീര്‍പ്പുകളും അടര്‍ന്നു വീണു. അവരുടെ കൂട്ടത്തില്‍ ഒരു മഹാമായ മായാദേവിയും പ്രജാപതി ഗൌതമിയും യശോധരയും ഉണ്ടായിരുന്നു.

ഞാന്‍ ആകാശത്ത് പറക്കുമ്പോള്‍ ലുംബിനിയില്‍ ഞാന്‍ നട്ട അരയാലിനെ എവിടുന്നോ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഒരു ഭ്രാന്തന്‍ വലിച്ചൂരി ദൂരേയ്ക്ക് എറിഞ്ഞു. ‘ഫൂ’ എന്നൊരാട്ടും. അയാള്‍ ബോധിസത്വന്റെ അവതാരമെന്നാണ് മൊബൈല്‍ വഴി ആകാശനടുവില്‍ വച്ച് ഞാനറിഞ്ഞത്. പക്ഷേ അത്...?

മൊബൈലില്‍ നിന്നും മെസേജ്. ഫ്രം ഹൈദരബാദ് സൊല്യൂഷന്‍സ് വെസ്റ്റ് - ബൈ വിത്സണ്‍ റോക്കി.

"Congratulations! You have done your mission nicely. Don't land at Hyderabad. Next assignment is in your home state. So divert your flight from Delhi to Cochin"

കൊച്ചിയില്‍ ഞാന്‍ ചെയ്യേണ്ട അടിമപ്പണിയുടെ ചാര്‍ട്ട് തെളിഞ്ഞു:

കമ്പനിയുടെ ഭാവി ആവശ്യങ്ങള്‍ക്കായി ഒരു പുഴ ആവശ്യമാണ്. പെരിയാര്‍ അതിനു പറ്റിയതായതിനാല്‍ കമ്പനിയുടെ പേരില്‍ പെരിയാര്‍ വാങ്ങണം.
ശങ്കരാചാര്യര്‍ ജനിച്ചുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് ഒരു അദ്വൈത കോംപ്ലക്സ് പണിയുക - പ്രശ്നങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ വേണം. കോപ്പിറൈറ്റ് ഇല്ലാത്തതുകൊണ്ട് ശങ്കാരാചാര്യരുടെ എല്ലാ കൃതികളും അവിടെ ചെന്നയുടന്‍ സ്കാന്‍ ചെയ്ത് ഇ-മെയില്‍ വഴി ഇവിടേയ്ക്ക് അയയ്ക്കണം. വെസ്റ്റില്‍ ആത്മീയതയ്ക്ക് ഇപ്പോള്‍ നല്ല മാര്‍ക്കറ്റാണ്.
നിങ്ങളുടെ മാതിരി തലയുള്ള കുട്ടികള്‍ അവിടെ ഏതൊക്കെ കോളേജുകളില്‍ പഠിക്കുന്നുവെന്നതിന്റെ ഒരു ഫയല്‍ നാളെത്തന്നെ കമ്പനിയ്ക്ക് അയയ്ക്കണം.

മെസേജ് തീരുന്നില്ല... മതി. ശങ്കര്‍ റാം ഓഫ് ബട്ടന്‍ അമര്‍ത്തി. നെഞ്ചില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസം ഒഴിഞ്ഞു പോയി. ചെറിയൊരു മയക്കത്തിനിടയില്‍ ശ്രീബുദ്ധന്‍ അകന്നകന്നു പോയി.. പകരം ശങ്കാരാചാര്യര്‍ അടുത്തടുത്തു വരുന്നു.

Subscribe Tharjani |