തര്‍ജ്ജനി

വി. കെ പ്രഭാകരന്‍

വടക്കെ കാളാണ്ടിയില്‍,
ചോമ്പാല പോസ്റ്റ്.
കോഴിക്കോട് ജില്ല.

ഫോണ്‍: 0496-2502142

Visit Home Page ...

നാടകം

പാഥേയമായ്‌ ഈ കഥ കൂടി

(ഈ നാടകത്തിലുടനീളം പശ്ചാത്തലത്തില്‍ ശ്രുതിയായ്‌ കടല്‍ത്തിരകളുടെ ശബ്ദമുണ്ട്‌, സന്ദര്‍ഭത്തിനനുസരിച്ച്‌ ഉയര്‍ന്നും പതിഞ്ഞും)

ഉച്ചസ്ഥായിയിലേക്കുയരുന്ന കടല്‍ത്തിരകളുടെ ശബ്ദം. കടല്‍ത്തിരകളുടെ ശബ്ദത്തിനിടയിലൂടെ പതിയെ അടുത്തടുത്തു വരുന്ന കളരിപ്പയറ്റ്‌ പരിശീലനത്തിന്റെ ശബ്ദങ്ങള്‍ ‍. ഗുരുക്കളുടെ വായ്ത്താരിയും അതിനനുസരിച്ചുള്ള ശിഷ്യന്മാരുടെ പാദപതനശബ്ദവും.
വായ്ത്താരി:-അമര്‍ന്ന് അമര്‍ച്ചയില്‍ ഇടത്തുവെച്ച്‌ വലത്തുകൊണ്ടച്ചവുട്ടി വലത്തേതു വെച്ചു വയ്യോട്ട്‌ മാറി ഇടത്തേതും കൂട്ടിവാങ്ങി അമര്‍ന്നു അമര്‍ച്ചയില്‍ ഇടത്തുവെച്ച്‌ വലത്തുകൊണ്ടച്ചവുട്ടി വലത്തേതുവയ്യോട്ടുമാറി ഇടത്തേതെടുത്തു നോക്കി വലത്തേമെച്ചാടിക്കെട്ടി ചവുട്ടി വലിഞ്ഞമര്‍ന്ന്‌ നിവര്‍ന്ന്‌ വലത്തുനേരെ ഇടത്തു നേരെ വലത്തു നേരെ തിരിഞ്ഞുചാടി വലിഞ്ഞമര്‍ന്ന്‌ ഇടത്തേതെടുത്തു നോക്കി വലത്തെമെ ചാടി കെട്ടി ചവുട്ടി വലിഞ്ഞമര്‍ന്നു തെറുത്തു തെരുത്തു വലിഞ്ഞു വലത്തു ചവുട്ടി ഇടത്തു തൂക്കി വയിമാറി പൊങ്ങി വലിഞ്ഞമര്‍ന്നു നിവര്‍ന്നു..
വായ്ത്താരി ഒരു കോല്‍ക്കളിപ്പാട്ടില്‍ കലരുന്നു. കോല്‍ക്കളി മുറുകവേ.. വിശേഷങ്ങള്‍ എന്തോ സംഭവിച്ചത്‌ അറിയിക്കാനുള്ള കൂക്കികള്‍ ( കൂവലുകള്‍ ) പലഭാഗത്തുനിന്നുമായി ഉയരുന്നു. ഒപ്പം ഉയരുന്ന ആള്‍ക്കൂട്ടത്തിന്റെ ആരവത്തില്‍ കോല്‍ക്കളിപ്പാട്ട്‌ മുങ്ങിപ്പോകുന്നു.
എന്താടോ മത്തിപെട്ടപോലെ പൊലപ്പെങ്ങാന്‍ കാണുന്നുണ്ടോ?
പൊലപ്പല്ല കപ്പല്‌ . പെരുത്ത്‌ വലിയ കപ്പല്‌.
ഇങ്ങനെത്തെ ഒരു കപ്പല്‍ എന്റെ വയസ്സെടേല്‍ ഞാന്‍ കണ്ടിട്ടില്ല
കപ്പലിന്‌ ഇത്തരയും വലുപ്പോ? വല്ലാത്തൊരു രൂപം
കപ്പല്‍പ്പായക്കെടയിലെന്താ ആ അനങ്ങുന്നത്‌?
ആനയെപ്പോലെ തുമ്പിക്കയ്യൊക്കെയുണ്ട്‌
കടലാനയായിരിക്കും
കടലാനക്കുണ്ടൊഡോ തുമ്പിക്കൈ
ഇതുവരെ കാണാത്തൊരു കൊടിയാണല്ലൊ ആ പാറുന്നത്‌
കുത്തനെയും വെലങ്ങനെയും ഒരോ വര.. പിന്നെയും എന്തൊക്കെയൊ ഉണ്ടാക്കൊടിയില്‍
എന്തൊരു വേഗാ.. കടലിലൂടെ പറക്വാ..
മൂന്നുനാലെണ്ണമുണ്ടല്ലോ
അതാ അങ്ങ്‌ വെള്ളിയാങ്കല്ലില്‌ അപ്പുറത്തുംണ്ട്‌ രണ്ടെണ്ണം
അത്‌ നമ്മുടെ തൂക്കിലേക്കാ നീങ്ങിവരുന്നത്‌
എന്ത്‌ രസാ കാണാന്‍
അതാ ആന ചിന്നം വിളിക്കുന്നതുപോലെ
ഒരു തുമ്പിക്കൈ നമ്മക്ക്‌ നേരെ നീണ്ടുവരുന്നു
പെട്ടെന്നു ഭയങ്കര ശബ്ദത്തോടേ രണ്ട്‌ മൂന്ന്‌ പൊട്ടിത്തെറികള്‍ ‍. ആള്‍ക്കൂട്ടത്തിന്റെ ആക്രോശങ്ങള്‍ ‍. നിലവിളികള്‍ . ഇവയെല്ലാം കൊണ്ട്‌ അന്തരീക്ഷം നിറയുന്നു. ക്രമേണ എല്ലാം നിശ്ശബ്ദമാകുന്നു. കടല്‍ത്തിരകളുടെ പതിഞ്ഞശബ്ദം മാത്രം. കടല്‍ത്തിരകളുടെ ശബ്ദത്തിന്‌ മുകളിലൂടെ ഒരു വൃദ്ധന്റെ ശബ്ദം ഉയരുന്നു.
വൃദ്ധന്‍ :- അഞ്ഞൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് കടലില്‍ പ്രത്യക്ഷപ്പെട്ട വിചിത്രമായ കപ്പലുകള്‍ കൌതുകത്തോടെ നോക്കി നില്ക്കുമ്പോള്‍ ആ കപ്പലുകളില്‍നിന്നുള്ള തീയുണ്ടകളേറ്റ്‌` ഒന്നും മനസ്സിലാകാതെ... ആരാണ്‌ ശത്രുക്കളെന്നോ.. എന്തിനാണിവര്‍ തങ്ങളെ കൊല്ലുന്നതെന്നോ മനസ്സിലാക്കാതെ നിഷ്കളങ്കരായി മരിച്ചുവീണ നമ്മുടെ പൂര്‍വ്വികര്‍ ‍.. ഈ കടലോരങ്ങളിലെ അഞ്ചു പതിറ്റാണ്ടിനിടയില്‍ ജീവിച്ചുമരിച്ച നമ്മുടെ പൂര്‍വ്വികരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്‌ മുമ്പിലാണ്‌ നാം നില്ക്കുന്നത്‌. കാലം പിന്നിട്ടപ്പോള്‍ ആ തീ തുപ്പിയ യന്ത്രം ഫീറങ്കിയാണെന്ന്‌, പീരങ്കിയാണെന്ന്‌ നാം തിരിച്ചറിഞ്ഞു. ആ പാതകം ചെയ്തവരെ, ഫിറങ്കികളെന്നും പറങ്കികളെന്നും പോര്‍ച്ചുഗീസുകാരെന്നും...
ഇന്ന്‌ പ്രത്യക്ഷവും പരോക്ഷവുമായ നിരവധി സാമ്രാജ്യത്വങ്ങളുടെ അധിനിവേശമോഹങ്ങള്‍ നമ്മളെ ചൂഴ്‌ന്ന് നില്ക്കുകയാണ്‌. എങ്ങനെ ചെറുത്തു നില്ക്കണമെന്നറിയാതെ പതറി നില്ക്കുന്നവരുടെ മനസ്സിലേക്ക്‌ നാല്‌ നൂറ്റാണ്ട്‌ മുമ്പത്തെ ഒരു പ്രഭാതം. കൃത്യമായി പറഞ്ഞാല്‍ 1600ആം ആണ്ട്‌ മാര്‍ച്ച്‌ പതിനാറാം തിയ്യതി പ്രഭാതം. ഈ കടല്‍ത്തിരകളില്‍ അന്ന്‌ തിളങ്ങിനിന്നത്‌ പുതുപ്പണത്തെ മരക്കാര്‍ കോട്ട . അതാ ആ മരക്കാര്‍കോട്ടയിലെ തന്റെ സ്വകാര്യമുറിയില്‍ ഉറങ്ങുകയാണ്‌, തലേരാത്രിയിലെ വികാരവിക്ഷുബ്ധമായ വിശകലനങ്ങള്‍ക്കൊടുവില്‍ ആ മനുഷ്യന്‍ ‍. അദ്ദേഹം ഉണരുന്നതും കാത്ത്‌ ഏറ്റവും അടുത്ത ഏതാനും അനുയായികള്‍ ആ മുറിക്ക്‌ പുറത്ത്‌ നിശബ്ദരായി നില്ക്കുന്നു. അതാ അമ്പത്‌ വയസ്സ്‌ തോന്നിക്കുന്ന ആരോഗദൃഢഗാത്രനായ ആ യോദ്ധാവ്‌ ഉറക്കത്തില്‍ എന്തോ പിറുപിറുക്കുന്നു...
(ഒരു സ്വപ്നലോകത്തെ സൂചിപ്പിക്കുന്ന അലൌകികസംഗീതം അന്തരീക്ഷത്തില്‍ നിറയുന്നു..)
കുഞ്ഞാലി:- ദൈവമേ, ലോകത്തിന്റെ വെളിച്ചമത്രയും വാരിച്ചുറ്റി എന്റെ ഇരുട്ടു കയറിത്തുടങ്ങിയ ലോകത്തേക്ക്‌ കടന്നുവന്നിരിക്കുന്ന നിങ്ങള്‍ ‍.. നിങ്ങള്‍ ആരാണ്‌?...
മലക്ക്‌ (സ്ത്രീ):-മുഹമ്മദ്‌ എന്ന നാമവും കുഞ്ഞാലി മരക്കാര്‍ എന്ന സ്ഥാനവും വഹിക്കുന്നവനായ ധീരയോദ്ധാവേ.. നീ മനുഷ്യനന്മയ്ക്ക് വേണ്ടിനിലക്കൊണ്ടവന്‍ ‍. നിന്നെ സമാശ്വസിപ്പിക്കാന്‍ വേണ്ടി ഞങ്ങള്‍ രണ്ടു മലക്കുകള്‍ അയക്കപ്പെട്ടിരിക്കുന്നു.
മലക്ക്‌ (പു):- നന്മക്ക്‌ വേണ്ടിയുള്ള നിന്റെ ത്യാഗങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. കൊടിയ തിരമാലകള്‍ ഉറഞ്ഞുതുള്ളുന്ന കടല്‍ പോലെ പ്രക്ഷുബ്ധമാണ്‌ നിന്റെ മനസ്സ്‌.. ശാന്തമാക്കുവാന്‍ വേണ്ടി ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു.
കുഞ്ഞാലി:- ദൈവമേ.. ദൈവമേ ഇതും ഒരു പരീക്ഷണമോ! പരാജയഭാരത്താല്‍ വിങ്ങുന്ന എന്റെ മനസ്സിന്‌, ഇനിയും ഒരു പരീക്ഷണം താങ്ങാനാവില്ല.
മലക്ക്‌ (സ്ത്രീ):- മുഹമ്മദ്‌ കുഞ്ഞാലി മരക്കാര്‍ എന്നു നിന്നെ ഞാന്‍ സംബോധനചെയ്യുന്നു. ആ സംബോധന ഒരു വ്യക്തി എന്ന നിലയിലുള്ള നിന്റെ പരിമിതികളില്‍ നിന്നും നിന്നെ മോചിപ്പിക്കും.
മലക്ക്‌(പു):-നീ കുഞ്ഞാലി മരക്കാര്‍ നാലാമനാണ്‌. ഈ കോട്ട നീ സ്ഥാപിച്ചതല്ല. നിന്റെ നേരമ്മാമന്‍ പാറ്റി മരക്കാര്‍ ‍... ഗോവ മുതല്‍ കന്യാകുമാരി വരെ പോര്‍ചുഗീസുകാര്‍ക്ക്‌ നാശം വിതച്ചുകൊണ്ട്‌ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച പാറ്റി മരക്കാര്‍ ‍.. സാമൂതിരിയുടെ സര്‍വ്വസൈന്യാധിപന്‍ എന്ന നിലയില്‍ സ്ഥാപിച്ചതണ്‌ ഈ കോട്ട ....
മലക്ക്‌ (സ്ത്രീ):- കുഞ്ഞാലിമരക്കാരെ ഞങ്ങള്‍ ചരിത്രം പഠിപ്പിക്കുകയല്ല. മുഹമ്മദ്‌ കുഞ്ഞാലി മരക്കാര്‍ ഒരു വെറും വ്യക്തിയല്ല. പ്രതിരോധത്തിന്റെ തുടര്‍ച്ചയാണ്‌ എന്ന്‌ ബോദ്ധ്യപ്പെടുത്താനുള്ള ഒരു ശ്രമം.. മലബാറിലെ കടല്‍ത്തീരത്ത്‌ നൂറ്‌ വര്‍ഷം മുമ്പ്‌ ഒരത്യാഹിതം നടന്നു.
കുഞ്ഞാലി:- ആ അത്യാഹിതം എന്റെ ചോരയില്‍ എഴുതപ്പെട്ടിരിക്കുന്നു. ഈ വ്യാപാരകേന്ദ്രങ്ങളില്‍ നിലനിന്നിരുന്ന മര്യാദകള്‍ ‍.. പരസ്പരവിശ്വാസവും സമ്പത്തും കൈമാറുന്ന കച്ചവടമര്യാദകള്‍ ‍ അട്ടിമറിക്കപ്പെട്ടു. ആ സ്ഥാനത്ത്‌ മുഷ്ക്കും ആയുധബലവും ഭീഷണിയും ചതിയും സ്ഥാപിക്കപ്പെട്ടു. കടല്‍കൊള്ളക്കാരായ ഫിറങ്കികള്‍ അതുമാത്രമല്ല ചെയ്തത്‌. അവരുടെ ലക്ഷ്യം ഇവിടുത്തെ രാജാവിന്റെ അധികാരം കൂടിയായിരുന്നു. അവരുടെ സ്വപ്നങ്ങളില്‍ സാമ്രാജ്യമോഹങ്ങള്‍ നിറഞ്ഞുനിന്നിരുന്നു.
മലക്ക്‌(സ്ത്രീ):- രാജ്യാഭിമാനത്താല്‍ പ്രേരിതരായി നിന്റെ വലിയമ്മാമന്‍ അയാളുടെ സ്വത്തും ജീവനും സാമൂതിരിയുടെ കാല്‍ക്കല്‍ അടിയറവെച്ച്‌ പോര്‍ച്ചുഗീസ്‌ കടല്‍കൊള്ളക്കാരെ -പോര്‍ച്ചുഗീസ്‌ സാമ്രാജ്യമോഹികളെ തുരത്തുവാനുള്ള തന്റെ സന്നദ്ധത അറിയിച്ചു. സാമൂതിരി മഹാരാജാവ്‌ ആ സദസ്സില്‍ വെച്ചു തന്നെ ആ സന്നദ്ധതയെ ശ്ലാഘിച്ചു. വലിയസ്സന്‍ എന്ന പട്ടുമരക്കാരെ കുഞ്ഞാലി മരക്കാര്‍ എന്ന സ്ഥാനപ്പേരോടെ തന്റെ നാവികസൈന്യാധിപനായി അവരോധിച്ചു.
മലക്ക്‌(പു):- പട്ടുമരക്കാര്‍ക്ക്‌ ശേഷം പക്കി മരക്കാര്‍ ആ ദൌത്യം ഏറ്റെടുത്തു. ഫിറങ്കികളെ പിന്തുടര്‍ന്നാക്രമിക്കുന്നതിനിടയില്‍ സിംഹളത്തുവെച്ച്‌ വീരമൃത്യു വരിച്ച പക്കി മരക്കാര്‍ ... നിന്റെ കുലം ധീരന്മാരുടെ കുലമാണ്‌..
കുഞ്ഞാലി:- മലക്കുകളെ.. നബിവചനങ്ങള്‍ പോലെ ആശ്വസിപ്പിക്കുന്നവയാണ്‌ നിങ്ങളുടെ വാക്കുകള്‍ ..‍. പക്ഷെ പറയൂ.. ധീരന്മാരായ ബുദ്ധിമാന്മാരായ എന്റെ അമ്മാവന്മാരുടെ പാരമ്പര്യത്തിന്‌ ഞാനൊരു കളങ്കമായിരിക്കുമോ?
മലക്ക്‌ (സ്ത്രീ):- കുഞ്ഞാലിമരക്കാര്‍ ... ഈ ചോദ്യം ധീരനായ ഒരു പോരാളിക്ക്‌ ചേര്‍ന്നതല്ല. നിങ്ങള്‍ നീതിക്കുവേണ്ടി ധര്‍മ്മത്തിനു വേണ്ടി പിറന്ന നാടിനുവേണ്ടി ധീരമായ ഒരു യുദ്ധത്തിലാണ്‌. യുദ്ധമെന്നാല്‍ വിജയവും പരാജയവും മുന്നേറ്റങ്ങളും പിന്മാറ്റങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ്... യുദ്ധസന്നദ്ധനായ ഒരാളെ സംബന്ധിച്ചിടത്തോളം എല്ലാം ഒരു പോലെയാണ്‌... എല്ലാം അവസാന ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗത്തിലെ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങള്‍ മാത്രം....
കുഞ്ഞാലി:- പക്ഷെ ഞാന്‍ പരാജയപ്പെട്ടു! നിനച്ചിരിക്കാതെ എന്റെ മാത്രം തെറ്റുകള്‍ കൊണ്ട്‌ ദീര്‍ഘവീക്ഷണമില്ലായ്മ കൊണ്ട്‌ പരാജയപ്പെട്ടു.
മലക്ക്‌(പു):-മുഹമ്മദ്‌ കുഞ്ഞാലിമരക്കാര്‍ ‍! ഞാന്‍ നിന്നെ ഒരു കാര്യം ഓര്‍മ്മിപ്പിക്കാം.. ഏതു ചീത്തകാര്യത്തിലും സൂക്ഷ്മദൃക്കായ ഒരു പോരാളിക്ക്‌ ചില നല്ലവശങ്ങള്‍ കണ്ടെത്താന്‍ പറ്റും. അതു കണ്ടെത്തുക. അത് ഉപയോഗപ്പെടുത്തുക! അന്തിമവിജയത്തിലേക്കുള്ള പാതയായിരിക്കും അത്‌!
മലക്ക്‌(സ്ത്രീ):- ഇനി പറയൂ.. പിന്മാറ്റങ്ങളും തന്ത്രപരമായ കീഴടങ്ങലുകളും യുദ്ധത്തിന്റെ ഭാഗമല്ലേ?...
മലക്ക്‌(പു):- പറയൂ.. നീ പരാജിതനാണോ? നിന്റെ പോരാട്ടം ഇവിടെ അവസാനിക്കുന്നുവോ?
കുഞ്ഞാലി(അലറുന്നു) ഇല്ല! ഇല്ല! ഇല്ല! (കൂറ്റന്‍ കടല്‍ത്തിരകള്‍ പതിയെ തീരത്തണയുന്നു) ഹോ! എവിടെ മലക്കുകള്‍ ‍.. പ്രകാശത്തിന്റെ വസ്ത്രം ധരിച്ചവര്‍ ‍..! ഓ...! എല്ലാം വെറും കിനാവുകളായിരുന്നുവോ? അതെ ഞാന്‍ തീരുമാനിച്ചു നേരത്തെ സമ്മതിച്ചതുപോലെ കീഴടങ്ങുക.. അത്മവിശ്വാസത്തോടെ കീഴടങ്ങുക.. പ്രഭാതനിസ്കാരത്തിനുശേഷം വലിയ ഖാസിമുമ്പാകെ ഞാനതു പ്രഖ്യാപിക്കും.(നേരിയ ശബ്ദത്തില്‍ അകലെ ബാങ്ക്‌ വിളിയുയരുന്നു)
ഒരു വാതില്‍ തുറക്കുന്ന ശബ്ദം. ഒരാള്‍ ധൃതിയില്‍ നടക്കുന്ന ശബ്ദം.
കുട്ട്യാലി:- അസ്സാലുമു അലൈക്കും
ഖാസി:-വ അലൈക്കുമസ്സലാം
കുട്ട്യാലി:- വലിയ ഖാസി ഇരുന്നാലും. ഞാന്‍ കുഞ്ഞാലിമരക്കാരുടെ മൂത്തമരുമകന്‍ ‍. കുട്ട്യാലി. കുഞ്ഞാലിമരക്കാര്‍ സുബഹി നമസ്കാരത്തിലാണ്‌.
ഖാസി:- ആയ്ക്കോട്ടെ.. നിസ്കാരം കഴിയുമ്പം പറഞ്ഞാല്‍ മതി, വലിയ ഖാസി വന്നിരിക്കുന്നു എന്ന്‌. ഖാസി രാവിലെ ഇവിടെ ഉണ്ടായിരിക്കണം. അവസാനതീരുമാനം നിങ്ങളുടെ മുമ്പാകെ വേണം എല്ലാവരേയും അറിയിക്കാന്‍ ‍, എന്നാ മൂപ്പര്‌ ചൊല്ലി അയച്ചത്‌.
കുട്ട്യാലി:-വല്ലത്തൊരു മാനസിക സംഘര്‍ഷത്തിലാണ്‌ അമ്മാവന്‍ ‍. ഇന്നലെ രാത്രി ഉറങ്ങാന്‍ പോകുംവരെ ഉറച്ച തീരുമനത്തില്‍ എത്തിയിട്ടില്ല.
ഖാസി:- ഒന്നും കൊണ്ടും ബേജാറാവേണ്ട. റബ്ബ്‌ കുഞ്ഞാലിമരക്കാര്‍ക്ക്‌ നൂറായുസ്സ്‌ നല്കും. പിന്നെ ഈ കോട്ടയുടെ ചിത്രം കൊത്തിയ ചെമ്പ്‌ വസ്സി, മക്കത്തേക്ക്‌ അയച്ചിട്ടുണ്ട്‌. നേര്‍ച്ചയും പ്രാര്‍ത്ഥനയുമൊന്നും വെറുതെയാവില്ല.
കുട്ട്യാലി:- ആത്മവിശ്വാസം കിട്ടുന്ന ഒരു വഴിയും അമ്മാവന്‍ ഉപേക്ഷിക്കില്ല. വലിയ ഖാസി ഇരിങ്ങല്‍ പള്ളി വഴിയല്ലേ വന്നത്‌.. എന്താ അവിടത്തെയൊക്കെ സ്ഥിതി?.. ഫിറങ്കികളുടെയും നായന്മാരുടെയുമ്മൊക്കെ...
ഖാസി:-വടകരവാഴുന്നവരും കടത്തനാട്ടുകുറുപ്പന്മാരും ഇരിങ്ങലെത്തീട്ടുണ്ട്‌. സാമൂതിരി ഒരു മാസമായി ഇരിങ്ങല്‍ കോവിലകത്ത്‌ തന്നെ തമ്പടിച്ചിരിക്കുകയാ.. സാമൂതിരി യുദ്ധം കാണാന്‍ വന്നിരിക്കാറുള്ള ഇരിങ്ങലെ കിഴക്കെ കൊന്നപ്പറയിലെ പീഠം തകര്‍ന്നത്‌ മൂപ്പര്‍ക്ക്‌ വലിയ ക്ഷീണമായിപ്പോയി..
കുട്ട്യാലി:- അതെന്തായിരുന്നു സംഭവം?
ഖാസി:- മൂന്നുമാസം മുമ്പ്‌ പൊലര്‍ച്ചക്കൊരു യുദ്ധം ഉണ്ടായില്ലേ? അന്നു സാമൂതിരി പതിവുപോലെ ഒരു എട്ടൊമ്പത്‌ മണിക്ക്‌ യുദ്ധം കാണാന്‍ കൊന്നപ്പറയില്‍ എഴുന്നള്ളി. നോക്കുമ്പം കോട്ടപ്പുഴ നിറയെ പറങ്കികളുടെയും നായന്മാരുടെയും ശവം അങ്ങനെ ഒഴുകിനടക്കുന്നു. എല്ലാവരേയും ശപിച്ചുകൊണ്ടും ചീത്തപറഞ്ഞുകൊണ്ടും മൂപ്പര്‍ ഉടനെ മടങ്ങി. എന്തിനു പറയുന്നു.. സാമൂതിരി പറമ്മേന്ന് താഴെ എത്തി എത്തീല്ലാന്നുള്ളപ്പം അതാ ഒരു പൊട്ടല്‌. തിരിഞ്ഞു നോക്കുമ്പം എന്താ കഥ ? സാമൂതിരി യുദ്ധം കാണാന്‍ കൊത്തിയുണ്ടാക്കിയ കരിങ്കല്‍ പീഠം ചെതറിത്തെറിക്കുന്നു... ഒരു തലനാരിഴ തലനാരിഴാന്നൊക്കെ പറേന്ന ഒരു രക്ഷപ്പെടലില്ലേ, അത്‌ തന്നെ.
കുട്ട്യാലി:- ഓഹോ ! അങ്ങിനെ സംഭവിച്ചോ? ഇന്നിപ്പം ഫിറങ്കികളുടേയും നായന്മാരുടെയും കൈനിലകളില്‍ എന്താ വിശേഷം..
ഖാസി:-അവരൊക്കെ ഏതാണ്ട്‌ യുദ്ധം തീര്‍ന്നു എന്ന മട്ടിലുള്ള ആഘോഷത്തിലാ.. കോട്ടേല്‌ ഒരു പാട്‌ പൊന്നും പണോമ്മ് ഉണ്ട്‌ ന്നാ വര്‍ നെഗമനം
കുട്ട്യാലി:- യുദ്ധം ഇന്നു തീരുമോ?
ഖാസി:- അതു കുഞ്ഞാലി മരക്കാര്‍ ഇന്നുതീരുമാനിക്കും. എത്രയുദ്ധം കണ്ട ആളാ ഈ മുഹമ്മദ്‌ കുഞ്ഞാലി മരക്കാര്‍. എന്തുതീരുമാനമെടുക്കണമെന്ന്‌ അവര്‍ക്കറിയാം.
കുട്ട്യാലി:-അതാ അമ്മാവന്റെ നിസ്കാരം കഴിഞ്ഞുവെന്നു തോന്നുന്നു. വാതില്‍ തുറക്കുന്നുകണ്ടു.
ഖാസി:അതാ കുഞ്ഞാലി മരക്കാര്‍ ഇറങ്ങുന്നുണ്ട്‌. പടാച്ചോന്റെ ബിരിശിപ്പെട്ട അനുഗ്രഹം കിട്ടിയ മനുഷ്യനാ. എന്തൊക്കെ ബേജാറുണ്ടയിട്ടും മുഖത്ത്‌ ഒരു ഭാവവ്യത്യാസവുമില്ല. യാ അള്ളാ...
( ഏതാനും കനത്ത കാലൊച്ചകള്‍ ‍)
കുഞ്ഞാലി:- വലിയ ഖാസി കാത്തിരുന്നു മുഷിഞ്ഞോ? ഞാന്‍ എഴുന്നേല്ക്കാന്‍ അല്പം വൈകി.
ഖാസി:- ഏയ്‌ മുഷിയാനൊന്നും ആയിട്ടില്ല. എന്നാ നമുക്ക്‌ ചടങ്ങ്‌ ആരംഭിക്കുകയല്ലേ?
കുഞ്ഞാലി:- ആവാം...
ഖാസി:-ഇങ്ങോട്ട്‌ എന്റെ ഉയര്‍ത്തിയ കൈക്ക്‌ കീഴിലേക്ക്‌ നില്ക്കൂ . (അറബിയില്‍ ചില പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു) ഇനി കുഞ്ഞാലി മരക്കാര്‍ക്ക്‌ തീരുമാനം പ്രഖ്യാപിക്കാം. മരുമകന്‍ ‍.. മുഖ്യകപ്പിത്താന്‍ ‍.. കോട്ട വാതിലുകളുടെ കാവല്‍ തലവന്മാര്‍ ‍.. സംഘ നായകന്മാര്‍ എല്ലാവരും മുമ്പോട്ട്‌ വരട്ടെ.
കുഞ്ഞാലി:- നാളിതുവരെ ഈ കോട്ട കാത്തു സംരക്ഷിച്ച്‌ അതിനുവേണ്ടി നിരവധി ത്യാഗങ്ങള്‍ സഹിച്ച നായകന്മാരെ.. നമ്മുടേ പള്ളിയിലെ വലിയ ഖാസിയെ സാക്ഷിനിര്‍ത്തി ഇതാ ഞാന്‍ കുഞ്ഞാലിമരക്കാര്‍ നാലാമന്‍ ‍‍.... മുഹമ്മദ്‌ കുഞ്ഞാലിമരക്കാര്‍ ഈ കോട്ട , പുതുപ്പണത്തെ ഈ മരക്കാര്‍ കോട്ട , ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ കോട്ടയെ ചുറ്റിയൊഴുകുന്ന മൂരാട്‌ പുഴയെ സാക്ഷിനിര്‍ത്തി ഞാന്‍ പ്രഖ്യാപിക്കുന്നു നമ്മള്‍ ഇന്ന്‌ പുറപ്പെടുകയാണ്‌... യുദ്ധത്തിനല്ല ! കീഴടങ്ങുവാന്‍ ‍! നമ്മുടെ തമ്പുരന്‍ മഹാരാജ രാജശ്രീ സാമൂതിരി തിരുമനസ്സു മുമ്പാകെ കീഴടങ്ങുവാന്‍ ‍.
ആള്‍ക്കൂട്ടം വിളിച്ചുപറയുന്നു:- അങ്ങയുടെ ഏതു തീരുമാനത്തിനും പിന്തുണ നല്കിക്കൊണ്ട്‌ ഞങ്ങള്‍ ഒപ്പമുണ്ടായിരിക്കും, മരണം വരെ.. അല്ല മരണത്തിലും..
കുഞ്ഞാലി:- ഇപ്പോള്‍ ഏല്ലാവര്‍ക്കും പോകാം കാര്യങ്ങള്‍ വിശദമായി കുറച്ചുകഴിഞ്ഞ്‌ അറിയിക്കും. രണ്ട്‌ പേര്‍ വലിയ ഖാസിയെ കോട്ടയുടെ തെക്കേ കവാടം വരെ അനുഗമിക്കട്ടെ. ചൈനാലി.. കുട്ട്യാലി.. കുട്ടിമൂസാ.. വരൂ.. നമുക്കല്പനേരം കൂടിയാലോചനാമുറിയിലിരിക്കാം. കുട്ട്യാമു ചെല്ലൂ. എല്ലാ ഒരുക്കങ്ങള്‍ക്കും നിങ്ങളുടെ ഒരു മേല്‍നോട്ടമുണ്ടായിരിക്കണം.
ആള്‍ക്കൂട്ടത്തിന്റെ വേവലാതിയോടെയുള്ള പിറുപിറുക്കലുകള്‍ അകന്നകന്ന് പോകുന്നു.
കുഞ്ഞാലി:- നിങ്ങള്‍ മൂന്നുപേരും കുറെക്കൂടി അടുത്തുനില്ക്കൂ .... സ്ഥാനമാനങ്ങളുടെയും ബന്ധങ്ങളുടെയും അകല്‍ച്ച ഇനി നമ്മള്‍ തമ്മിലില്ല.
ചൈനാലി:- ഇത്‌, കീഴടങ്ങലിന്റെ മുഹൂര്‍ത്തമാണ്‌. യുദ്ധത്തിലെന്നപോലെ, ഇപ്പോഴും അങ്ങ്‌ ഞങ്ങളുടെ നായകനാണ്‌. ഞാന്‍ എപ്പോഴും അങ്ങയുടെ ആജ്ഞക്കായ്‌ കാതോര്‍ത്തിരിക്കുന്നു. അതേ! അങ്ങയുടെ പ്രിയമിത്രം! ചിനാലി. ചീനാലി എന്ന വാക്കിന്റെ അര്‍ത്ഥം എനിക്കറിയില്ല. പക്ഷെ അങ്ങയുടെ ചുണ്ടുകളില്‍ നിന്ന്‌ ആ ശബ്ദം പുറപ്പെടുമ്പോള്‍ അത് ലോകത്തോളം ആഴവും പരപ്പും എന്റെ മനസ്സില്‍ ഉണ്ടാക്കുന്നു.
കുട്ടിമൂസ:- അങ്ങയുടെ സൈന്യത്തിലെ മുഖ്യകപ്പിത്താന്‍ കുട്ടിമൂസയായിത്തന്നെ മരണംവരെ ജോലി ചെയ്യണമെന്നാണ്‌ എന്റെ ആഗ്രഹം.
കുട്ട്യാലി:- അങ്ങയുടെ മരുമക്കളില്‍ മൂത്ത ആള്‍ ‍.. ഈ കുട്ട്യാലി.. ഇതാ യുദ്ധത്തിലെന്നപോലെ അങ്ങയുടെ ആജ്ഞക്കായ്‌ കാതോര്‍ത്തിരിക്കുന്നു. അങ്ങ്‌ പറയുക ഞങ്ങള്‍ അക്ഷരം പ്രതി അനുസരിക്കാം.
കുഞ്ഞാലി:- ചീനാലീ.. കുട്ട്യാലീ.. കുട്ടിമൂസാ. നിങ്ങള്‍ മൂന്നുപേരും ഈ മുഹൂര്‍ത്തത്തില്‍ എനിക്കു ചുറ്റുമുണ്ടായിരിക്കണം. ചൈനാലി മലാക്കയില്‍ വെച്ച്‌ ഞാന്‍ പിടിച്ചെടുത്ത പോര്‍ച്ചുഗീസ്‌ കപ്പലിലെ അടിമകളുടെ കൂട്ടത്തിലാണ്‌ നിന്നെ ഞാന്‍ ആദ്യമായി കണ്ടത്‌.
ചൈനാലി:- അതേ.. ഞാന്‍ അന്നൊരു ചെറിയ ചെക്കനായിരുന്നു. ഈ കോട്ടയില്‍ , ഈ കോട്ടയോടൊപ്പം വളര്‍ന്നു. കോട്ടയോടൊപ്പം വലുതായി. ചെറിയ വയസ്സിലേ ഒരു അടിമയുടെ ജീവിതം എന്റെ മേലേക്ക്‌ വലിച്ചെറിഞ്ഞ പോര്‍ച്ചുഗീസ്‌ കടല്‍ക്കഴുകന്മാര്‍ക്കെതിരെ ആകാവുന്നത്രയും പൊരുതി.
കുഞ്ഞാലി:- ലോകത്തിന്റെ ഏതോഭാഗത്ത് ജനിച്ചുവളര്‍ന്ന നിന്നോട്‌, ഞങ്ങള്‍ സാമൂതിരിയുടെ പ്രജകള്‍ കടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ഈ അവസാന നിമിഷങ്ങളില്‍ നീയെന്റെ കൂടെ ഉണ്ടായിരിക്കണം. നീയെന്റെ വലത്‌ ഭാഗത്ത്തന്നെ ഉണ്ടായിരിക്കണം.
ചൈനാലി:-എന്നെ സംബന്ധിച്ചിടത്തോളം യുദ്ധത്തിന്‌ ഇടവേളകളോ അവസാനമോ ഇല്ല. അങ്ങയുടെ അജ്ഞയായി ഞാനിത്‌ സ്വീകരിക്കുന്നു.
കുഞ്ഞാലി:- കുട്ട്യാലി.. അള്ളാഹ്‌.. അനുവദിക്കുകയാണെങ്കില്‍ അടുത്ത കുഞ്ഞാലിമരക്കാര്‍ ആകേണ്ടവനാണ്‌ നീ.... സമൂതിരിയുടെ അടുത്ത നാവികസൈന്യാധിപന്‍ ‍. എന്റെ സ്വന്തം മരുമകന്‍ ‍. കുഞ്ഞാലി മരക്കാര്‍ അഞ്ചാമന്‍ ‍. കുട്ട്യാലീ .... നമ്മുടെ പൂര്‍വ്വികരുടെ രക്തം വീണ്‌ ചുവന്ന കടലാണിത്‌. നമ്മുടെ വംശസ്ഥാപകന്‍ വലിയസ്സന്‍ എന്ന പട്ടുമരക്കാര്‍ ‍.. സിംഹളത്ത്‌ വെച്ച്‌ വീരമൃത്യുവരിച്ച പക്കിമരക്കാര്‍ ‍.. എന്റെ നേരമ്മാവന്‍ പാറ്റിമരക്കാര്‍ ‍.. നമ്മെ കടലിലിലെ ഗറില്ലാ യുദ്ധതന്ത്രം പഠിപ്പിച്ച്‌ കടലിന്റെ ആഴവും പരപ്പും മനസ്സിലാക്കിച്ചുതന്ന കുട്ട്യാലി മരക്കാര്‍ ‍..... എല്ലാവരുടെയും അനുഗ്രഹം നിനക്കുമേല്‍ ഉണ്ടാകും. സര്‍വ്വോപരി ചോമായിപ്പള്ളി ഖബറിസ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്ന നമ്മുടെ വംശത്തിന്റെ ആത്മീയഗുരുനാഥന്‍ ശൈഖ്‌ സൈനുദ്ദീന്‍ മഖ്ദൂമിന്റെ അനുഗ്രഹം
കുട്ട്യാലി:-എന്റെ നേരമ്മാവാ.. കഴിഞ്ഞ ഒരു നൂറ്റാണ്ട്‌ കാലമായി ഈ കടലായ കടലിലെല്ലാം നമ്മളുണ്ടായിരുന്നു. ഫിറങ്കികളെ നിരന്തരം വേട്ടയാടിക്കൊണ്ട്‌. അവരുടെ അധിനിവേശമോഹങ്ങളെ സാദ്ധ്യമായ രീതിയിലെല്ലം നാം തുരത്തി . ബംഗാള്‍ ഉള്‍ക്കടലില്‍ ‍.. സിംഹളതീരങ്ങളില്‍ ‍.. അറബിക്കടലിലുടനീളം ലക്ഷദ്വീപ്‌സമൂഹങ്ങളില്‍ ‍.. ഈ ഹിന്ദ്‌ മഹാസമുദ്രമാകെ പോര്‍ച്ചുഗീസ്‌ കടല്‍ക്കഴുകന്മാര്‍ക്കെതിരെ നിരന്തരം യുദ്ധം നടത്തി. ഭാരതത്തിലെ മറ്റൊരു രാജാവിനും സ്വന്തമായി പേരിനുപോലും ഒരു നാവികസേന ഇല്ലാതിരുന്ന കാലത്ത്‌ സാമൂതിരിയുടെ നാവികസേന കുഞ്ഞാലിമരക്കാര്‍മാരുടെ നേതൃത്വത്തില്‍ കടലായകടലെല്ലാം ഭരിച്ചു. അതേ.. ഭരണം സാമൂതിരിയുടെ പേരില്‍ തുടര്‍ന്നും നടത്താന്‍ പടച്ചോന്‍ എന്നെ ആവതാക്കട്ടെ.. ഇപ്പോള്‍ എന്റെ നേരമ്മാവന്‍ ഈ പ്രതിസന്ധിയെ നേരിടാന്‍ എന്നെ അനുഗ്രഹിച്ചാലും.
കുഞ്ഞാലി:-കുട്ട്യാലി ഈ കോട്ടയില്‍‌വെച്ച്‌ അന്ത്യശ്വാസം വലിച്ച എന്റെ നേരമ്മാവന്‍ ‍! ഈ കോട്ടയുടെ സ്ഥാപകനായ പാറ്റിമരക്കാര്‍ , എന്റെ കാതില്‍ മന്ത്രിക്കുന്നു .... ഈ തിരിച്ചടികള്‍ താല്ക്കാലികം മാത്രമാണ്‌.. താല്ക്കാലികം മാത്രം.

നാടകത്തിന്റെ രണ്ടാം ഭാഗം അടുത്ത ലക്കത്തില്‍...

Subscribe Tharjani |