തര്‍ജ്ജനി

സി. ജെ.ജോര്‍ജ്ജ്

ചീങ്കല്ലേല്‍, മാട്ടനോട്, കോഴിക്കോട്. 673 527.

Visit Home Page ...

ലേഖനം

സ്രഷ്ടാവിന്റെ പരമ്പരയില്‍ ഒരാള്‍ - 2

അറിയാനും അറിയിക്കാനും വേണ്ടിയുള്ള അന്വേഷണങ്ങള്‍
ഗോവിന്ദന്റെ വിമര്‍ശനം ഒരിക്കലും വിമര്‍ശനത്തിനു വേണ്ടിയായില്ല. സാങ്കേതികതയിലൂന്നിയ തര്‍ക്കമായിരുന്നില്ല അദ്ദേഹത്തിന്റെ വഴി. കാര്യങ്ങള്‍ അറിയാനും അറിയിക്കാനും വേണ്ടിയുള്ള അന്വേഷണമായിരുന്നു ഗോവിന്ദന്‍ നടത്തിപ്പോന്നതു്‌. മാര്‍ഗ്ഗം തെളിക്കുവാനായിരുന്നു ഗോവിന്ദന്റെ യത്‌നം. മഠം സ്ഥാപിക്കുന്നതിനായിരുന്നില്ല. യുക്തിവിചാരപരമായ ഒരു സാംസ്‌കാരികജീവിതം അനിവാര്യമാണെന്നു വാദിക്കുമ്പോഴും സകലതിനെയും യുക്തീകരിച്ചേ അടങ്ങൂ എന്ന ശാഠ്യങ്ങളില്‍നിന്നു്‌ അദ്ദേഹം ഒഴിഞ്ഞുനിന്നു. പ്രത്യക്ഷത്തില്‍ യുക്തിയില്ലാത്ത പലതും ജീവിതത്തില്‍ സംഭവിക്കാം. അല്ലെങ്കില്‍ പലതരം യുക്തികളുണ്ടാവാം. എന്തിനെയും കാര്യകാരണങ്ങളാക്കി ബന്ധിപ്പിച്ചും വ്യാഖ്യാനിച്ചും ശാസ്‌ത്രീയമാക്കിയേ അടങ്ങൂവെന്നും അല്ലാത്ത പ്രകാശനങ്ങളെല്ലാം പ്രതിലോമപ്രവര്‍ത്തനമാണെന്നുമുള്ള അന്ധവിശ്വാസം അദ്ദേഹത്തെ തീണ്ടിയിരുന്നില്ല. മൂര്‍ത്തികളെ പ്രതിഷ്‌ഠിക്കാതെ, ആരാധനയും പൂജയും കഴിച്ചു്‌ പുരോഹിതനായിച്ചമയാതെ അദ്ദേഹം ജീവിച്ചു. തനിച്ചു്‌, തന്റെ കാലടിവെച്ചു്‌. മിക്കവാറും ഏകാന്തനായി. ഭ്രഷ്ടനായി. എഴുത്തുകാരന്റേതായ, ഏറ്റിപ്പറഞ്ഞാല്‍ സ്വതന്ത്രബുദ്ധിജീവിയുടേതായ ഒരു ജീവിതം അദ്ദേഹം ജീവിച്ചുതീര്‍ത്തു.

ഒരു ആക്ടിവിസ്റ്റിന്റേതോ പൗരാവകാശപ്രവര്‍ത്തകന്റേതോ ആയിരുന്നില്ല ആ ജീവി തം. നിത്യനിദാനരാഷ്ട്രീയസംഭവങ്ങളെക്കുറിച്ചെല്ലാം പ്രതികരിക്കുകയും തീര്‍പ്പുകല്‌പിക്കുകയും ഒപ്പുവെയ്‌ക്കുകയും ചെയ്യുന്ന സാംസ്‌കാരികനായകവൃന്ദത്തിലെ അംഗത്വത്തിനു്‌ ഗോവിന്ദനു്‌ അര്‍ഹതയുണ്ടായിരുന്നുവോ എന്ന കാര്യം സംശയമാണു്‌. ഇതൊന്നും മോശമാണെന്ന സൂചനയില്ല. ഗോവിന്ദന്റെ പ്രകൃതം മറ്റൊന്നായിരുന്നു എന്നു സൂചിപ്പിക്കുക മാത്രം. കടന്നാക്രമണങ്ങളെ കടന്നാക്രമണംകൊണ്ടു നേരിടേണ്ടതാണു്‌ എന്ന ധാരണയായിരുന്നില്ല ഗോവിന്ദനുണ്ടായിരുന്നതു്‌. കേരളത്തിലെ ആദ്യകമ്യൂണിസ്റ്റു്‌ ഭരണം അഴിമതിയുടെയും മറ്റു കൊള്ളരുതായ്‌മകളുടെയും കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്നു മനസ്സിലാക്കുകയും ആ മട്ടിലുള്ള ചില വാര്‍ത്തകള്‍ പൊതുജനശ്രദ്ധയില്‍ക്കൊണ്ടുവരുന്നതില്‍ പങ്കാളിയാവുകയും ചെയ്‌തിട്ടും വിമോചനസമരത്തില്‍ പങ്കുചേര്‍ന്നില്ലെന്നു മാത്രമല്ല അതിനനുകൂലമായിത്തീരാവുന്ന പെരുമാറ്റങ്ങളില്‍നിന്നുപോലും അദ്ദേഹം ഒഴിഞ്ഞുനിന്നു. കമ്യൂണിസ്റ്റു്‌ സെല്‍ഭരണത്തിന്റെ അപകടത്തെക്കുറിച്ചു ബോധ്യമുണ്ടെങ്കിലും ഏതു ചെകുത്താനെയും കൂട്ടി നേരിടുക എന്ന രീതിയോടു്‌ അദ്ദേഹത്തിനു്‌ ആദരമുണ്ടായില്ല. ജനങ്ങളെ ജനാധിപത്യപ്രബുദ്ധരാക്കുകയാണു്‌ വഴി എന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. അതേ നാണയത്തില്‍, അതേ മുദ്രാവാക്യത്തില്‍ പ്രതികരിക്കുന്നതില്‍ അര്‍ത്ഥമില്ല. അതു്‌ അതേ ലക്ഷ്യത്തിലാവുമല്ലോ എത്തിപ്പെടുക. വ്യത്യസ്‌തമായ ലക്ഷ്യമുണ്ടെങ്കില്‍ വ്യത്യസ്‌തമായ മാര്‍ഗ്ഗം അവലംബിക്കാതെ വയ്യ. കമ്യൂണിസ്റ്റു ദുര്‍ഭരണത്തിനു്‌ ഉടനടി പരിഹാരം കാണണമെന്നു വാദിച്ച, ആത്മമിത്രമായിരുന്ന സി.ജെ.തോമസ്സിനോടു്‌ ഗോവിന്ദന്‍ വിയോജിച്ചു. വിമോചനസമരത്തില്‍ പങ്കാളിയായതുകൊണ്ടു്‌ സി. ജെ. മഹാപാപത്തില്‍ പങ്കുപറ്റി എന്നു വിചാരിച്ചുകൊണ്ടല്ല ഇക്കാര്യം എഴുതുന്നതു്‌. രണ്ടു വ്യക്തികളുടെ പ്രകൃതങ്ങള്‍ തമ്മിലുള്ള അന്തരം ചൂണ്ടിക്കാണിക്കുകയാണു്‌. അത്യാചാരത്തെ അത്യാചാരം കൊണ്ടു്‌ നേരിട്ടിട്ടെന്തുകാര്യം? അമിതാധികാരപ്രവണതയെ നിക്ഷിപ്‌തതാല്‌പര്യംകൊണ്ടു്‌ എതിര്‍ത്തിട്ടു്‌ എന്തു കാര്യം? ഇത്തരം ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നതായിരുന്നു ഗോവിന്ദന്റെ പ്രകൃതം. അതിവൈകാരികതയോ തിടുക്കങ്ങളോ അല്ല ബുദ്ധിജീവികര്‍മ്മത്തെ നയിക്കേണ്ടതെന്ന തെളിഞ്ഞ വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.

അടിയന്തിരാവസ്ഥയോടുള്ള പ്രതികരണത്തിലും ഇതു കാണാം. ഇന്ത്യയുടെ അവസ്ഥയില്‍ ദു:ഖിക്കുകയും തന്റെ സുഹൃത്തുക്കളുമായി അതു പങ്കുവെയ്‌ക്കുകയും ചിലതൊക്കെ എഴുതുകയും ചെയ്‌തതിനപ്പുറത്തു്‌ ജയിലില്‍ പോകാന്‍കൊള്ളുന്ന പണികളെടുക്കുവാന്‍ അദ്ദേഹം മിനക്കെട്ടതായി കാണുന്നില്ല. ഇന്ദിരാവിരുദ്ധവിശാലസഖ്യത്തിന്റെ തോളിലേറി അധികാരരാഷ്ട്രീയത്തിന്റെ വിജയപാതയിലേക്കുവന്ന ഹൈന്ദവയാഥാസ്ഥിതികരിലോ ചൈനീസു്‌ ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍എന്നു പ്രഖ്യാപിക്കുന്ന വിപ്ലവകാരികളിലോ പ്രതീക്ഷവെയ്‌ക്കുവാന്‍ ഗോവിന്ദനു കഴിഞ്ഞില്ല. അവര്‍ക്കെല്ലാം കൈമുതലായ ദര്‍ശനങ്ങള്‍ അവര്‍ എതിര്‍ക്കുന്ന ശക്തിപ്രയോഗത്തില്‍നിന്നു ഭിന്നമായ ഒരുക്രമത്തെ വിഭാവനചെയ്യുന്നില്ല എന്ന കാര്യത്തെക്കുറിച്ചു്‌ ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിനു്‌. ശത്രുവിന്റെ ശത്രു മിത്രമാവാന്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയായിരുന്നില്ല. വൈകാരികതയായിരുന്നില്ല അദ്ദേഹത്തിന്റെ ചിന്തയെ നയിച്ചിരുന്നതും. ഫാസിസ്റ്റു്‌ ഭീഷണിയെ സാംസ്‌കാരികമായ പ്രശ്‌നമായാണു്‌ ഗോവിന്ദന്‍ മനസ്സിലാക്കിയിരുന്നതു്‌. ഫാസിസത്തിന്റെ വേരുകള്‍ ആഴത്തിലുള്ളതാണു്‌. അതിനു്‌ നമ്മുടെ സംസ്‌കാരത്തില്‍ വലിയ മൂലധനമുണ്ടു്‌. ഉപരിതലത്തിലെ ചികിത്സകൊണ്ടു്‌ അതിനെ നേരിടാനാവുകയില്ല. അതിന്റെ സാംസ്‌കാരികമൂലധനത്തോടാണു്‌ ബുദ്ധിജീവി ഏറ്റുമുട്ടേണ്ടതു്‌. സ്ഥായിയും മൗലികവുമായ ഫലങ്ങള്‍ അങ്ങനെ മാത്രമേ കൈവരികയുള്ളൂ. ഉടനടിയായി ലഭിക്കുന്ന ഫലങ്ങളുണ്ടാവില്ലായിരിക്കാം അത്തരം പ്രവര്‍ത്തനത്തിനു്‌. എന്നാല്‍, പെട്ടെന്നു്‌ കിട്ടി നിരാശിതരാകേണ്ടമട്ടിലുള്ള ഫലങ്ങളാവില്ല ലഭിക്കുക എന്ന വ്യത്യാസം അവിടെയുണ്ടു്‌.

അന്തര്‍ദ്ദേശീയതലത്തില്‍ ജനാധിപത്യത്തിനെതിരായ തത്വശാസ്‌ത്രങ്ങളെന്ന നിലയില്‍ കമ്യൂണിസവും മുതലാളിത്തവുമാണു്‌ സജീവമായിരിക്കുന്നതു്‌. ഇന്ത്യയെ സംബന്ധിച്ചും ഈ ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണി പ്രസക്തമാണു്‌. എന്നാല്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഹൈന്ദവയാഥാസ്ഥിതികത്വത്തില്‍നിന്നു്‌ ഉയര്‍ന്നുവരുന്നതാണെന്നു ഗോവിന്ദന്‍ വിശ്വസിച്ചു. ഫാസിസവുമായി അതിനുള്ള മൗലികമായ ബന്ധത്തെക്കുറിച്ചു്‌ അദ്ദേഹം ബോധവാനായിരുന്നു. ബ്രാഹ്മണിസത്തിന്റെ ജാതിബദ്ധമായ സാമൂഹികവീക്ഷണം വര്‍ണ്ണവെറിയേക്കാള്‍ നികൃഷ്‌ഠമാണെന്നു്‌ അദ്ദേഹം വിലയിരുത്തി. കൊളോണിയല്‍ ഭരണത്തിലെ സാംസ്‌കാരികപ്രതികരണമെന്നനിലയില്‍ ഉയര്‍ന്നുവന്ന ഹിന്ദുസ്വത്വബോധത്തെ ദേശീയപ്രസ്ഥാന ത്തിലേക്കു്‌ ആവാഹിച്ചുകൊണ്ടു്‌ ഇന്ത്യന്‍ നവോത്ഥാനപ്രക്രിയയെ തടസ്സപ്പെടുത്തുകയും വര്‍ഗ്ഗീയചേരിതിരിവിനു വിത്തിടുകയും ചെയ്‌ത ബ്രാഹ്മണിത്തധാരയുടെ മേല്‍ക്കോയ്‌മ ഇല്ലാതാക്കുന്ന ഒരു സാംസ്‌കാരികവിപ്ലവം ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പൂര്‍ത്തീകരണത്തിനു്‌ ആവശ്യമാണെന്നു്‌ ഗോവിന്ദന്‍ കരുതി.

ദേശീയസ്വാതന്ത്ര്യസമരത്തെ അപേക്ഷിച്ചു്‌ കീഴാളരുടെ സാമൂഹികനീതിക്കായുള്ള നവോത്ഥാനസമരധാരയോടു്‌ ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു വീക്ഷണം മദിരാശിയില്‍ ജീവിതം ആരംഭിച്ച കാലം മുതലേ്‌ക്ക അദ്ദേഹത്തില്‍ രൂഢമൂലമായിരുന്നു. ബ്രാഹ്മണിസത്തിനെതിരായ പോരാട്ടം എല്ലാവിധത്തിലുമുള്ള പാരതന്ത്ര്യത്തിനുമെതിരായ സമരമാണെന്നു്‌ അദ്ദേഹം കണ്ടു. അതു്‌ ആന്തരികമായ ജനാധിപത്യവത്‌കരണമാണു്‌; നിര്‍കോളണീകരണമാണു്‌. മദിരാശി ജീവിതം അഭിരുചിപരമായിത്തന്നെ ഗോവിന്ദനെ സ്വാധീനിച്ചു എന്നു പറയുന്നതാകും ശരിയാവുക. ദ്രാവിഡമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ഭാവുകത്വം അദ്ദേഹത്തില്‍ രൂപപ്പെട്ടുവരികയുണ്ടായി. തമിഴ്‌നാട്ടില്‍ ശക്തമായിരുന്ന ദ്രാവിഡപ്രസ്ഥാനത്തിന്റെ പ്രഭാവമായി ഇതിനെ വിലയിരുത്താം. ഈ പ്രതിദേശീയബോധമാണു്‌ ഗോവിന്ദന്റെ ധൈഷണികതയെ നിര്‍ണ്ണയിച്ചതു്‌. ആര്യാവര്‍ത്തകേന്ദ്രിതമായ ബ്രാഹ്മണികദേശബോധത്തിനെതിരായി ചലിക്കുന്ന ഒരു ലോകവീക്ഷണമാണതു്‌. കീഴാളവും ശൈവവും ബൗദ്ധവും ആധുനികവുമായ പ്രതിബോധ ധാരകള്‍ അതില്‍ വന്നുലയിക്കുന്നു. അടിസ്ഥാനപരമായ ഈ വീക്ഷണസവിശേഷതയാണു്‌ ഗോവിന്ദനെ സമകാലികരായ സാഹിത്യ-രാഷ്ട്രീയചിന്തകരുടെ കൂട്ടത്തില്‍നിന്നു വേറിട്ടുനിര്‍ത്തുന്നതു്‌.

കലാപകാരികളുടെ ഇടം

`ഗോവിന്ദന്റെ പവിത്രസംഘം' എന്നു്‌ ആരാധകരെക്കൊണ്ടും `ഗോവിന്ദന്റെ പ്രതിലോമപാഠശാല' എന്നു്‌ `വിപ്ലവപക്ഷ'ബദ്ധരായ ബുദ്ധിജീവികളെക്കൊണ്ടും പറയിപ്പിച്ച, എഴുത്തുകാരും കലാകാരന്മാരും അടങ്ങിയ ഒരു കൂട്ടം ഗോവിന്ദനു ചുറ്റുമുണ്ടായിരുന്നു. ബഹുജനങ്ങളോടു്‌ സാഹിത്യകാരനു്‌ ബന്ധമുണ്ടാകുന്നതു്‌ അഭിലഷണീയമാണെന്നു്‌ വിശ്വസിച്ച ഗോവിന്ദന്‍, പുരോഗമനസാഹിത്യപ്രസ്ഥാനം തകര്‍ച്ചയെ നേരിട്ട നാല്‌പതുകളുടെ അവസാനകാലംമുതല്‍ വളര്‍ത്തിയെടുത്ത സര്‍ഗ്ഗാത്മകസാഹിത്യകാരന്മാരുടെ കൂട്ടായ്‌മകളിലെ പങ്കാളികളാണു്‌ അവര്‍. അവരെ വിശ്വസിക്കാമെങ്കില്‍, ഗോവിന്ദന്‍ അവരെയാരെയും തുല്യനിലയിലുള്ള സുഹൃത്തുക്കളായല്ലാതെ ശിഷ്യന്മാരാക്കുകയുണ്ടായില്ല. എങ്കിലും ഗോവിന്ദനെക്കുറിച്ചു്‌ അവര്‍ അഭിമാനിച്ചു. ഗോവിന്ദനെക്കുറിച്ചു്‌ അവര്‍ നല്ലതു പറഞ്ഞു. ഗുരുവിനെയെന്നപോലെ അനുസ്‌മരിച്ചു. എന്നാല്‍ അവരാരെങ്കിലും ഗോവിന്ദന്റെ ചിന്താജീവിതത്തെ പങ്കിട്ടിരുന്നുവോ എന്നു ചോദിച്ചാല്‍ കെ.പി.അപ്പനു്‌ ഒരു പക്ഷേ ഉത്തരമുണ്ടായിരിക്കാം. `പവിത്രസംഘം' എന്ന പ്രയോഗം അദ്ദേഹത്തിന്റേതാണല്ലോ.

എന്നാല്‍, ഇതല്ലാതെ മറ്റൊരു മാനസസംഘമുണ്ടായിരുന്നു ഗോവിന്ദനു്‌. അതില്‍ മനുഷ്യനാണു്‌ മനുഷ്യന്റെ വേരു്‌ എന്നു പ്രഖ്യാപിക്കുന്ന മാര്‍ക്‌സും, ``സദാചാരനിരതവും നീതിധന്യവുമായ സമുദായ''ത്തെ സ്വപ്‌നം കാണുന്ന പുതിയഹ്യൂമനിസത്തിന്റെ ആവിഷ്‌കര്‍ത്താവായ റോയിയും, അധികാരത്തില്‍നിന്നു്‌ അകന്നുമാറി നൈതികതയിലും സദാചാരത്തിലും ഊന്നിയ സാമൂഹികരാഷ്ട്രീയത്തിന്റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ച ഗാന്ധിയും ഒക്കെയാണുള്ളതു്‌. ഐന്‍ സ്റ്റീനും നാരായണഗുരുവും സഹോദരന്‍ അയ്യപ്പനും വി.ടി.യും കേസരിയും മാരാരും മറ്റുമുണ്ടു്‌. കുഞ്ചന്‍നമ്പ്യാരും കുമാരനാശാനും ഉണ്ടു്‌. നാറാണത്തു ഭ്രാന്തനും പാക്കനാരും കുറിയേടത്തു താത്രിയും വാന്‍ഗോഗും ഒക്കെ ഈ അരങ്ങിന്റെ അണിയറയില്‍ ഒരുങ്ങിയിരിക്കുന്നുമുണ്ടു്‌. നിലവിലിരിക്കുന്ന പ്രമാണങ്ങള്‍ക്കെതിരെ, സര്‍ഗ്ഗാത്മകമായ കലാപങ്ങളുടെ മാതൃകകള്‍ വിരചിച്ച മനുഷ്യരാണു്‌ അവരൊക്കെ. ജീവിതത്തെ സര്‍ഗ്ഗസൃഷ്ടിയാക്കിയവര്‍. വേറിട്ട വഴികളിലൂടെ സഞ്ചരിച്ചവര്‍. വിപ്ലവം ഒരു കലാസൃഷ്ടിയാണു്‌ എന്നു്‌ പറയും ഗോവിന്ദന്‍. കല വിപ്ലവത്തിന്റെ വിത്താണെന്നും. ഒരു വിപ്ലവകാരി വിപ്ലവകാരിയാവുന്നതു്‌ അംഗീകൃതസങ്കല്‌പങ്ങളെ, ഭൂരിപക്ഷവീക്ഷണത്തെത്തന്നെ ചോദ്യം ചെയ്യുമ്പോഴാണു്‌ എന്നും ഗോവിന്ദന്‍ പറഞ്ഞിട്ടുണ്ടു്‌.

സ്വതന്ത്രബുദ്ധിജീവി

ഗോവിന്ദന്റെ പൊതുജീവിതത്തിലേക്കുതന്നെ മടങ്ങാം. അദ്ദേഹത്തിനു്‌ ബഹുമതിയായും ആക്ഷേപമായും ലഭിച്ച സാംസ്‌കാരികപുരസ്‌കാരം ബുദ്ധിജീവി എന്ന വിശേഷണമാണു്‌. കൃത്യമായിപ്പറഞ്ഞാല്‍ സ്വതന്ത്രബുദ്ധിജീവി. സ്വതന്ത്രബുദ്ധിജീവി എന്നൊരു കുലപരമ്പരയെ സങ്കല്‌പിക്കുന്നതിനു്‌ സാര്‍വ്വദേശീയമായ മാനങ്ങളുണ്ടു്‌. രണ്ടാം ലോകയുദ്ധകാലത്തു്‌ രൂപമെടുത്ത സമാധാനപ്രസ്ഥാനത്തിന്റെ വക്താക്കളായിരുന്ന റസ്സലും ഐന്‍സ്റ്റീനും തുടങ്ങി വിയറ്റ്‌നാം യുദ്ധകാലത്തു്‌ മാതൃരാജ്യമായ അമേരിക്കയുടെ അന്യായമായ നടപടികളെ വിമര്‍ശിച്ചുകൊണ്ടു രംഗത്തുവന്ന നോഅം ചോംസ്‌കിയും പലസ്‌തീനിയന്‍ പ്രശ്‌നത്തില്‍ എടുത്ത നിലപാടുകളിലൂടെ ലോകശ്രദ്ധയാര്‍ജ്ജിച്ച അധിനിവേശ-അധിനിവേശാനന്തര സൈദ്ധാന്തികനായ എഡ്വാര്‍ഡു്‌ സെയ്‌ദും ഒക്കെ കണ്ണിയാകുന്ന ഒരു കുലമത്രേ അതു്‌. ജനാധിപത്യത്തെയും അധികാരത്തെയും സംബന്ധിച്ച മൗലികമായ വീക്ഷണങ്ങളുടെ പേരില്‍, ഭൂമിയുടെ ഇടത്തും വലത്തും ആകാശത്തിരിക്കുന്ന ദൈവത്തിന്റെയടുത്തും അഭയം കിട്ടാതെ പോയ ധൈഷണികരുടെ പരമ്പരയാണതു്‌. ആധുനികതയുടെ ഉദാരതാമൂല്യങ്ങള്‍ക്കു്‌ വില കല്‌പിച്ചവര്‍; ദേശീയബോധം തടങ്കലിലാക്കാത്ത വിശ്വപൗരന്മാര്‍; ആദര്‍ശവാദികള്‍; കാല്‌പനികര്‍. ജനാധിപത്യരാഷ്ട്രത്തിന്റേതായാലും ജനകീയജനാധിപത്യരാഷ്ട്രത്തിന്റേതായാലും അതിക്രമത്തെ ജനാധിപത്യപരമെന്നു വിശ്വസിക്കാന്‍ വിസമ്മതിക്കുന്നവര്‍. ലേബലുകളെ സംശയിക്കുന്നവര്‍. സിദ്ധാന്തവും പ്രയോഗവും തമ്മില്‍ വേര്‍പിരിച്ചിട്ടു്‌ വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദം പ്രയോഗിച്ചു്‌ അടിമത്തത്തെ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാന്‍ കഴിയാത്തവര്‍. നിസ്സാര്‍ അഹമ്മദിന്റെ വാക്കുകള്‍ കടമെടുത്താല്‍ വൈശ്വമായ ഒരു അവബോധം കൊണ്ടു്‌ അനുഗ്രഹീതരാണു്‌ അവര്‍. അത്തരമൊരു ദാര്‍ശനികകുലത്തെക്കുറിച്ചുള്ള ബോധ്യം ഗോവിന്ദന്റെ ചിന്തയെയും പ്രവൃത്തിയെയും നിയന്ത്രിച്ചിരുന്നു എന്നതിന്റെ സൂചനകളുണ്ടു്‌. ബുദ്ധിജീവികളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ധര്‍മ്മത്തെക്കുറിച്ചും ഇന്ത്യന്‍ സാഹചര്യത്തില്‍ അവര്‍ നേരിടുന്ന സമസ്യകളെക്കുറിച്ചും അദ്ദേഹം നടത്തിയിട്ടുള്ള പര്യാലോചനകള്‍ അതിന്റെ ഭാഗങ്ങളാണു്‌.

അല്‌പം ചിന്തിച്ചാലെന്തു്‌? എന്ന പുസ്‌തകത്തില്‍ ചേര്‍ത്തിട്ടുള്ള `പ്രത്യയശാസ്‌ത്രം' എന്ന ലേഖനം സ്വതന്ത്രബുദ്ധിജീവികളുടെ ദൗത്യവും അവരഭിമുഖീകരിക്കുന്ന വെല്ലുവിളികളും കണിശമായി ഉള്‍ക്കൊണ്ടതിന്റെ ഒരു രേഖയാണു്‌. ബുദ്ധിജീവികള്‍ അഭിമുഖീകരിക്കുന്ന പ്രത്യയശാസ്‌ത്രപ്രതിസന്ധിയെക്കുറിച്ചുള്ള ഒരു അന്വേഷണമായി ഈ ലേഖനത്തെ വായിക്കാവുന്നതാണു്‌. വിപ്ലവപരമായ പ്രവര്‍ത്തനത്തിനു്‌ വിപ്ലവപരമായ ഒരു പ്രത്യയശാസ്‌ത്രം കൂടിയേ കഴിയൂ എന്ന ലെനിന്‍ വചനത്തെ ഉദ്ധരിക്കുന്നു ഗോവിന്ദന്‍. എന്നിട്ടു്‌ അദ്ദേഹം പറയുന്നു: ``പക്ഷേ ലെനിന്റെ വിപ്ലവപ്രവര്‍ത്തനവും വിപ്ലവപ്രത്യയശാസ്‌ത്രവും അംഗീകരിക്കാത്തവരും അതേ സമയത്തു്‌ പുതിയ ഒരു സമ്പ്രദായം നിര്‍മ്മിക്കാനാശിക്കുന്നവരുമായ വ്യക്തികളും കക്ഷികളും ധാരാളമുണ്ടു്‌. പ്രധാനമായും അവരെ ബാധിക്കുന്ന കാര്യങ്ങളാണു്‌ ഈ ലേഖനത്തില്‍ ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നതു്‌ ''

വിപ്ലവകരമായ മാറ്റത്തിനായി നിലകൊള്ളുക; അതേസമയം ലെനിന്റെ സമീപനത്തോടു്‌ പൊരുത്തപ്പെടാതിരിക്കുക! വാസ്‌തവത്തില്‍ പുരോഗമനചിന്ത പങ്കിടുകയും കമ്യൂണിസ്റ്റു്‌ കക്ഷിയില്‍നിന്നു്‌ സ്വതന്ത്രരായിരിക്കുകയും ചെയ്യുന്ന ഉദാരവാദി(ലിബറല്‍)കളെയാണു്‌ സ്വതന്ത്രബുദ്ധിജീവി എന്നു വിശേഷിപ്പിക്കുന്നതു്‌. അവരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സ്വതന്ത്രമായ ഒരു നവീനലോകം സൃഷ്ടിക്കുവാന്‍ പര്യാപ്‌തമാകണം വിപ്ലവം. നിലവിലുള്ളതിനെ മാറ്റിയതുകൊണ്ടായില്ല; നിര്‍മ്മിക്കുവാന്‍ പോകുന്ന ലോകം നവീനമായിരിക്കണം. അധികാരത്തെക്കുറിച്ചുള്ള നവീനമായ ദര്‍ശനത്താല്‍ പ്രചോദിതമായിരിക്കണം. സമകാലത്തു്‌ സമഗ്രമായ രീതിയില്‍ നിലകൊള്ളുന്ന പ്രത്യയശാസ്‌ത്രങ്ങളായ മതത്തിനും കമ്യൂണിസത്തിനും, കമ്യൂണിസത്തെപ്പോലെതന്നെ ലിബറല്‍ തത്വങ്ങളെ വെറുക്കുന്ന ഫാസിസത്തിനും നാസിസത്തിനും, ലിബറല്‍ തത്വങ്ങളെ ചുരുട്ടിക്കെട്ടിയ മുതലാളിത്തത്തിനും, അധികാരത്തെ ലക്ഷ്യമാക്കുന്ന ഏതൊരു പുതുകക്ഷിക്കും അത്തരമൊരു ദര്‍ശനം പ്രദാനം ചെയ്യാന്‍ കഴിയുകയില്ല. അധികാരത്തോടുള്ള വീക്ഷണമാണു്‌ പ്രശ്‌നത്തിന്റെ കാതല്‍. ഗാന്ധിമാര്‍ഗ്ഗം അധികാരാസക്തമായ ഒന്നല്ലെങ്കിലും ആധുനികതാവിരുദ്ധത അതിനെ പരിമിതപ്പെടുത്തുന്നു; ബ്രാഹ്മണിസത്തെയും ഫാസിസത്തെയും മനസ്സിലാക്കുവാന്‍ അതിനു്‌ ത്രാണിയില്ല. ജാതിയെ മെരുക്കാനാണു്‌, ഒഴിക്കാനല്ല ഗാന്ധി ശ്രമിച്ചതു്‌ എന്നു്‌ ഓര്‍ക്കുക.

അധികാരമാണു്‌ സ്വതന്ത്രരായ ബുദ്ധിജീവികളുടെ കേന്ദ്രപ്രമേയം. അതിലേക്കു്‌ എത്തിച്ചേര്‍ന്നുകൊണ്ടു്‌ അദ്ദേഹം അധികാരരാഷ്ട്രതന്ത്രത്തില്‍നിന്നു്‌ വിമുക്തമായ പ്രത്യയശാസ്‌ത്രവും പ്രവര്‍ത്തനപദ്ധതിയുമാണു്‌ നവീനലോകസൃഷ്ടിക്കു്‌ ആവശ്യമായിട്ടുള്ളതു്‌ എന്നു നിരീക്ഷിക്കുന്നു. അധികാരത്തിന്റെ രാക്ഷസീയപ്രകൃതി ഇല്ലാതാക്കുവാനുള്ള ദൃഢനിശ്ചയം പാര്‍ട്ടികളുടെ ഭാഗത്തുനിന്നുണ്ടാകണം. അധികാരാസക്തിയില്‍നിന്നു വിമുക്തമായ വ്യക്തികളുണ്ടാവണം. അത്തരം വ്യക്തികളുടെ രാഷ്ട്രീയം ഉണ്ടാകണം. അതിനു വഴിയൊരുക്കുവാനുള്ള സാമൂഹികരാഷ്ട്രീയപ്രവര്‍ത്തനമാണു്‌ബുദ്ധിജീവികള്‍ ഏറ്റെടുക്കേണ്ടതെന്നു്‌ ഗോവിന്ദന്‍ വിശ്വസിച്ചു. രാഷ്ട്രീയകക്ഷികളുടെ ഭാഗമായി അസ്വതന്ത്രരായിത്തീര്‍ന്നവര്‍ക്കു്‌ അതിനു സാദ്ധ്യമല്ലെന്നും അദ്ദേഹം കരുതി..

മൂന്നു ഭാഗങ്ങളുള്ള ലേഖനപരമ്പരയുടെ രണ്ടാം ഭാഗം. മൂന്നാം ഭാഗം അടുത്ത ലക്കത്തില്‍ തുടരുന്നതാണ്

Subscribe Tharjani |
Submitted by sali (not verified) on Tue, 2007-07-10 12:42.

സൃഷ്ടാവിന്റെ പരമ്പരയില്‍ ഒരാള്‍.... സൃഷ്ടാവ് എന്നാല്‍ എന്താണന്ന് മനസ്സിലാക്കാത്തത് കൊണ്ടാവണം ഇങ്ങനെ ഒരു തലേക്കെട്ട്?. മനുഷ്യനെന്ന കേവല ജീവകളില്‍ പെട്ട ഒരാള്‍ക്ക് (അതാരായാലും) സൃഷ്ടാവിന്റെ പരമ്പരയില്‍ പ്രതിഷ്ടിക്കാന്‍ അപാര ബോധമില്ലായ്മയും അഹങ്കാരവും തന്നെ വേണം. ഇങ്ങനെയാവണം മനുഷ്യദൈവങ്ങളുണ്ടാകുന്നത്. ക്രാഫ്റ്റ് കൊഴുപ്പിക്കാന്‍ എന്തും എഴുതിവിടാമെന്ന് കരുതുന്നവര്‍ക്കേ ഇതൊക്കെ സാധ്യമാവൂ.

Submitted by Anonymous (not verified) on Tue, 2007-07-10 18:43.

അപാര ബോധമില്ലായ്മയും അഹങ്കാരവും തന്നെ വേണം. എന്ന അഭിപ്രായം ഇഷ്ടപ്പെട്ടു. വിനയവാന്മാരും ബോധവാന്മാരും നിറഞ്ഞ ലോകത്തില്‍ അവരുടെ കൂട്ടത്തില്‍ കൂടാതെ ജീവിച്ച ഗോവിന്ദനെക്കുറിച്ച് പറയുമ്പോള്‍ ഇതിലധികം വിനയമൊന്നും പ്രതീക്ഷിക്കരുത്.

Submitted by O.K. Sudesh (not verified) on Thu, 2007-07-12 10:47.

കുഴപ്പമില്ല, സാലി.

സി.ജെ.ജോര്‍ജ്ജിന്റേത്‌, 'സ്രഷ്ടാവ്‌'; സാലിയുടേത്‌, 'സൃഷ്ടാവ്‌'. ഇവയില്‍, കുന്നംകുളം ബ്രാന്‍ഡ്‌ ഏതാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാമല്ലോ --ശകലം മലയാള-വിവരം വേണമെന്നുമാത്രം!

ആകപ്പാടെ ഓരേയൊരു പുസ്തകം വായിച്ചിരുന്നാല്‍, കുത്താന്‍ വരുന്നതെല്ലാം സ്വന്തം 'പൊസ്തക വെവര'-ത്തെയാണെന്ന് തോന്നിപ്പോകും. കുഴപ്പമില്ല; ഇനിയങ്ങോട്ടെങ്കിലും critical reading നടത്തിയാല്‍ പോതും.

ഏത്‌?

ങ്‌ഹ! ആ ഒന്നാം പാഠപുസ്തകം തന്നേന്ന്!

എപ്പടി?

ഒന്നായ നിന്നെയിഹ രണ്ടായി കണ്ടളവില്‍, മള്‍ട്ട്യായി പിരിഞ്ഞതു താന്‍ നാരായണായ നമഃ

Submitted by sasmohd (not verified) on Mon, 2007-07-16 11:29.

കഷ്ടം
വാക്കുകളില്‍ നിന്ന് ഉദ്ദ്യേശത്തിലേക്ക് എന്നാണ് നാമൊക്കെ നടന്നുതുടങ്ങുക?
ഒരിക്കെലെന്തായലും മനസ്സിലാവും
അപ്പോ നീക്കിയിരിപ്പ്‌ എന്തെങ്കിലും ഉണ്ടങ്കില്‍ നോക്കാം അല്ലേ
നന്മ വരട്ടെ ... എല്ലാവര്‍ക്കും

Submitted by O.K. Sudesh (not verified) on Tue, 2007-07-17 00:03.

പ്രശ്നം, സാംഖികം; അല്ലാതെ വാചികമാവില്ല.

'ഒന്ന്' ഒരു പരിമാണം (പരിണാമം എന്ന് തെറ്റരുത്‌) --മുപ്പത്തിമുക്കോടി പോലെ മറ്റൊരു മാത്ര. ഒരു അളവ്‌. ഒന്നെന്ന് ശഠിയ്ക്കുവാന്‍ തുടങ്ങിയാല്‍, അതിന്‌ രണ്ടുമാവാം; മുപ്പത്തിമുക്കോടിയുമാവാം. മുഷിയില്ല എന്നര്‍ത്ഥം. പെയ്യട്ടേ മഴ, പെയ്യട്ടേ --അല്ലേ!

കാരണം:

അരൂപിയാണത്‌, എന്നല്ലോ. അതിനാല്‍, സംശയലേശമെന്യെ, അളക്കാന്‍ ആവാത്തതും ആകണം. അപരിമേയം! അതിനേയാവുമോ ഒന്നിലേയ്ക്കു വെട്ടിക്കുറയ്ക്കുക? ബഹുത്വാചരണത്തെ ഭയന്നെങ്കിലും?

അത്തരം പ്രതിനിധീകരണ-പരിമിതത്വങ്ങളുടെ അടിതെടിയ്ക്കുവാനാണ്‌ അപ്പോള്‍ 'അപാരം', 'അനന്തം' തുടങ്ങിയ അതിവിശേഷണങ്ങള്‍ ഉത്ഭവിയ്ക്കുക. എന്നിട്ടും, അടുത്ത ചോദ്യത്തിന്‌ അറപ്പുണ്ടാവുന്നില്ലല്ലോ.

അതായത്‌:

--'അപാരത്തിനും', 'അനന്തത്തിനും' അപ്പുറം?

ആകയാല്‍, വാചികത്തിലും സാംഖികത്തിലും ഇനിയെന്തെങ്കിലും 'നീക്കിയിരുപ്പ്‌' വേണ്ടതുണ്ടാമെന്നോ?

എന്തുമാത്രം basic --അല്ലേ!

Submitted by സുനില്‍ (not verified) on Tue, 2007-07-17 11:10.

അതേയതേ, സുദേഷ് പറഞതു തന്നെ എനിക്കും പറയാനുള്ളൂ...
സാല്യേ.. മള്‍ട്ട്യായി... പള്‍ട്ട്യായീ....
-സു-

Submitted by സാലി (not verified) on Tue, 2007-07-17 15:57.

അസ്ഥിത്വമില്ലായ്മ തന്നെ
ആരുമാവാം ആര്‍ക്കുമാവാം
മലമൂത്രവിസര്‍ജ്ജനവും അലങ്കാരം
ഒന്നല്ല തന്നെ?
വികാരജീവിക്കും ദുര്‍ബലനും
പേരെന്തിട്ടാലും
കോടികളില്‍ പെടും?
താങ്ങിനിര്‍ത്താനാരെല്ലാം
താങ്ങുപോയാല്‍ തങ്ങി നില്‍ക്കുമോ?
ഇടവും വേണം നല്ലൂ വടവും
തുല്യരൊരുപാടാകയാല്‍
പാര” മറുപാര” ശിലമാം
ഒരു മൂന്നും ഒരു രണ്ടും
കോടി കഥയിലെ കഥയില്ലായ്മ.
തല മണ്ട യിലൊരു വണ്ടു കൂടി

Submitted by സാലി (not verified) on Sun, 2007-07-22 10:42.

നമുക്കുള്ളതൊരു ചെറിയ ജീവിതമിവിടെ
ഒരു യാത്രക്കാരനെപ്പോലെ
എപ്പോ വേണമെങ്കിലും ആക്സിഡന്റാകാവുന്നൊരു
കാറിലല്ലേ നമ്മുടെയൊക്കെ യാത്ര?
എപ്പോ വേണമെങ്കിലും നിന്നുപോകാവുന്ന
മിടിപ്പുകളല്ലേ നമ്മുടേത്?
എപ്പോ വേണമെങ്കിലും അസ്ഥിരമാകാവുന്നൊരു
ബുദ്ധിയല്ലേ നമുക്കുള്ളത്‌
“അച്ഛനാരാണന്ന ചോദ്യത്തിന്
ഇവരിലാരെങ്കിലുമാവാം
അല്ലെങ്കിലെല്ലാര്‍ക്കുമാവാം
എന്നൊരുത്തരത്തിന്
കേള്‍വിക്കാരനാകുന്നൊരച്ഛനാകാതിരിക്കട്ടെ ആരും”
ഈ ആകാശഭൂമികളുടെ സൃ(സ്ര)ഷ്ടിപ്പില്‍
മഴയില്‍ മഞ്ഞില്‍
ചിന്തിക്കാനൊന്നുമില്ലേ.
ഹൃദയത്തില്‍ തൊട്ട്
കാരുണ്യത്തോടെ ഒരു
പരിചയപ്പെടലായിക്കൂടെ
chengayi@gmail.com
സലി

Submitted by george (not verified) on Wed, 2011-05-11 21:19.

ശ്രദ്ധിക്കാന്‍ വൈകിയതിന് മാപ്പ് തരിക.

മനുഷ്യനില്‍ സ്രഷ്ടാവില്ലെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല, സ്നേഹിതാ. മനുഷ്യന്റെ ഏറ്റവും മഹത്തായ ഒരു സൃഷ്ടിയുടെ പേര് മാത്രം പറഞ്ഞോട്ടെ - സ്രഷ്ടാവായ ദൈവം.

സ്രഷ്ടാവിന്റെ പരമ്പരയില്‍പ്പെട്ടവര്‍ എന്ന പ്രയോഗം ഗോവിന്ദന്റേതാണ്. ഞാന്‍ അതെടുത്ത് ഉപയോഗിച്ചതാണെന്ന് ലേഖനത്തില്‍നിന്ന് വ്യക്തമാകും. ക്രാഫ്റ്റ്, കൊഴുക്കല്‍ - എനിക്ക് മനസ്സിലാകുന്നില്ല. സോറി.