തര്‍ജ്ജനി

സ്നേഹത്തെക്കുറിച്ച്...

അത്രത്തോളമായപ്പോള്‍ തോന്നലുകള്‍ പതിഞ്ഞടങ്ങി. ഇരുപതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ശരിയായ അര്‍ത്ഥം തിരിഞ്ഞു കിട്ടാതെ വായിച്ച അതേ വാക്കുകള്‍ അതേ കടലാസില്‍ നിന്ന് ഇപ്പോള്‍ കനത്തു കിടന്ന ധ്വനികളോടെ അവള്‍ ചേര്‍ത്തു വായിച്ചു:

-- നമുക്കിടയില്‍ തിരയടിക്കുന്നത് സ്നേഹത്തിന്റെ സമുദ്രമാണെന്ന് നീ പറഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു; തീരങ്ങള്‍ തമ്മിലുള്ള അകലമോര്‍ത്ത്.

മരിച്ചവരുടെ ചെറിയ ഒപ്പീസ്, സുഭാഷ് ചന്ദ്രന്‍

അത് ജാരവംശത്തിന്റെ ശാപമായിരിക്കാം.

സ്നേഹം അവര്‍ക്ക് ഒരാവശ്യമല്ല, ഒരാര്‍ഭാടം മാത്രം.

ഉള്ളുറപ്പിച്ച്, ചുറ്റുമുള്ള ലോകത്തെ മറന്ന്, ഭ്രാന്ത് പിടിച്ച്, ഒരു പിശാചിനെപ്പോലെ അള്ളിപ്പിടിച്ച് സ്നേഹിക്കാന്‍ അവര്‍ക്കാകുന്നില്ലല്ലോ. സ്നേഹം എപ്പോഴും അങ്ങനെയാണ്. തിരികെക്കിട്ടുമെന്ന മോഹമില്ലാതെ, ഒരേ വഴിയിലൂടെ നീങ്ങുന്ന, ഒരാളുടെ കിനാവുകളില്‍ മാത്രം ഒതുങ്ങുന്ന--

തിരികെക്കിട്ടുന്ന സ്നേഹം വെറുമൊരു സാ‍ധാരണ കൊടുക്കലും വാങ്ങലുമായിത്തീരുന്നു. തള്ളിക്കളയലിലൂടെ ഇഴകള്‍ അടുക്കുന്നു. പിരിമുറുകുന്നു. മോഹങ്ങള്‍ പെരുകുന്നു.
എനിക്കിപ്പോള്‍ അയാളോട് ഒരു തരം അലിവുപോലും തോന്നിപ്പോകുന്നു.

പാണ്ഡവപുരം, സേതു