തര്‍ജ്ജനി

രാജേഷ്‌ ആര്‍. വര്‍മ്മ

ഫോണ്‍: (503) 466 2039

ഇ-മെയില്‍: rajeshrv@hotmail.com

വെബ്:രാജേഷ് ആര്‍ വര്‍മ്മ

Visit Home Page ...

കഥ

അവസാനത്തെ അദ്ധ്യായം: ഞാന്‍ നോവലിസ്റ്റിനെ ധിക്കരിക്കുന്നു

(ചാള്‍സ്‌ ഡിക്കന്‍സിനോടു ക്ഷമാപണം.)

ഉണര്‍ന്നപ്പോള്‍ നേരം നന്നായി വെളുത്തിരുന്നു. മുറിയ്ക്കുള്ളില്‍ പ്രകാശം പരന്നിരുന്നു. കടലിന്റെയും കൊടുങ്കാറ്റിന്റെയും ഇരമ്പം പെട്ടെന്ന് സ്ഥലകാലബോധമുണ്ടാക്കി. ഞാന്‍, ഡേവി എന്ന ഡേവിഡ്‌ കോപ്പര്‍ഫീല്‍ഡ്‌ കട്ടിലില്‍ എഴുനേറ്റിരുന്നു.

ഞാന്‍ യാര്‍മത്തിലായിരുന്നു. തലേന്ന് ഇരുട്ടുംമുമ്പ്‌ ലണ്ടനില്‍ നിന്നു പുറപ്പെട്ടതാണ്‌. രാത്രിയില്‍ത്തന്നെ ഇങ്ങെത്തേണ്ട ഒരു അത്യാവശ്യമുണ്ടായിരുന്നു. അതുകൊണ്ടാണ്‌ പേമാരിയും കൊടുങ്കാറ്റും കൂട്ടാക്കാതെ ലണ്ടനില്‍നിന്നു രാത്രിയില്‍ത്തന്നെ പുറപ്പെട്ടത്‌. കാറ്റും മഴയും മൂലം യാത്ര വളരെ ദുഷ്കരമായിരുന്നു. കുതിരവണ്ടിയ്ക്കെതിരെ പീരങ്കി പോലെ ഇരമ്പുന്ന കാറ്റുവീശിക്കൊണ്ടിരുന്നു. യാര്‍മത്തിലെത്തിയപ്പോള്‍ രാത്രി വളരെ വൈകിയിരുന്നു. സത്രത്തിലാണ്‌ രാത്രി തങ്ങിയത്‌. തളര്‍ച്ചകൊണ്ടു നീണ്ട ഉറക്കം കഴിഞ്ഞുണരുമ്പോള്‍ പകലേറെയായിരുന്നു.

വെള്ളത്തുള്ളികള്‍ വീണു കാഴ്ചമറഞ്ഞ ജനാലച്ചില്ലിനരികില്‍ നിന്നുകൊണ്ട്‌ ഞാന്‍ മുഖത്ത്‌ ഷേവിങ്ങ്‌സോപ്പു പതയ്ക്കുമ്പോഴാണ്‌ ആരോ ഉറക്കെ വാതിലില്‍ തട്ടിവിളിച്ചത്‌.

"എന്തുവേണം?" ഞാന്‍ വിളിച്ചു ചോദിച്ചു.

"കപ്പല്‍ച്ചേതം. കടപ്പുറത്ത്‌"

"എന്തു കപ്പല്‍?" ഞാന്‍ ചോദിച്ചു.

"സ്പെയിനിലോ പോര്‍ച്ചുഗലിലോ നിന്നുള്ള യാത്രക്കപ്പലാണ്‌. കാണണമെന്നുണ്ടെങ്കില്‍ വേഗം പോന്നോളൂ. ചിതറിപ്പോകുന്നത്‌ എപ്പോഴാണെന്നറിഞ്ഞുകൂടാ."

വാതിലിനു പുറത്തെ കാലടികള്‍ ഓടിയകന്നു. ഞാന്‍ മുഖത്തെ സോപ്പു കഴുകിക്കളഞ്ഞു. ഒരു ദുരന്തദൃശ്യം എനിയ്ക്കും പങ്കിടാന്‍ ശ്രമിച്ച്‌ വാതിലില്‍ മുട്ടിയ ആ അജ്ഞാതനെ അതിനു പ്രേരിപ്പിച്ച സൗഹൃദമെന്തായിരിക്കാമെന്നു വിസ്മയിച്ചുകൊണ്ട്‌ ഞാന്‍ മുറിപൂട്ടി പുറത്തിറങ്ങി.

മണലും കടല്‍ച്ചെടികളും ചിതറിക്കിടന്ന തെരുവുകളിലൂടെ കടപ്പുറത്തേക്ക്‌ കാഴ്ചക്കാരോടുകയായിരുന്നു. ഞാനും ആ ഒഴുക്കിനോടൊപ്പം പോയി ഒടുക്കം കടപ്പുറത്തു ചെന്നടിഞ്ഞു. കെട്ടിടങ്ങള്‍ക്കു മറഞ്ഞുനിന്നുകൊണ്ട്‌ ആള്‍ക്കാര്‍ കടലിലേക്കു നോക്കാന്‍ ശ്രമിക്കുകയായിരുന്നു. മറവുകളില്‍നിന്ന് ധൈര്യം സംഭരിച്ചു പുറത്തുവന്നവരെയെല്ലാം കാറ്റിന്റെ രോഷം അടിച്ചുപറത്തി. അവര്‍ മണലില്‍ മറിഞ്ഞുവീണു.

കടലില്‍ കോട്ടകളുടെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നുചിതറുന്നുണ്ടായിരുന്നു. അവയ്ക്കിടയില്‍ കപ്പല്‍ കാണാനേയില്ലായിരുന്നു. എന്റെ ഇടതുവശത്തു നിന്നയാള്‍ കടലിലേക്കു കൈചൂണ്ടിയതു പെട്ടെന്നാണ്‌. ഞാന്‍ അങ്ങോട്ടുനോക്കി. നുരഞ്ഞുയര്‍ന്ന തിരമാലകളുടെ ഫണങ്ങള്‍ തെല്ലു താണിടത്ത്‌ കപ്പല്‍ കാണാമായിരുന്നു; കടപ്പുറത്തിനടുത്തു തന്നെ.

കപ്പലിന്റെ പാമരങ്ങളിലൊന്ന് ഒടിഞ്ഞു കിടക്കുകയായിരുന്നു. കപ്പല്‍ത്തട്ടിലാകെ കൂടിക്കുഴഞ്ഞുകിടന്ന കപ്പല്‍പ്പായയുടെയും പായ്ക്കയറുകളുടെയും നടുവില്‍ നിന്നുകൊണ്ട്‌ യാത്രക്കാര്‍ പാമരങ്ങള്‍ വെട്ടിമറിച്ചിടാന്‍ യത്നിക്കുന്നതു കാണാമായിരുന്നു. ചലിച്ചുകൊണ്ടിരുന്ന മനുഷ്യര്‍ക്കിടയില്‍ ചുവന്ന തൊപ്പിവെച്ച ഒരു രൂപത്തിന്റെ ചടുലത വളരെ വ്യക്തമായിരുന്നു. പിന്നെയും തിരകള്‍ ഉയര്‍ന്നു. കപ്പല്‍ കാണാനില്ലാതായി.

കപ്പലിന്റെ അടുത്ത ദൃശ്യത്തിനുവേണ്ടി കാത്തുനില്‍ക്കുന്നതിനിടയില്‍ ഞാന്‍ കണ്ണെത്തുന്ന ദൂരത്തോളം പരന്നുകിടക്കുന്ന കടല്‍പ്പുറത്തിനു ചുറ്റും ഒന്നു കണ്ണോടിച്ചു. കടലിന്റെയും കാറ്റിനെയും ഇരമ്പവും ദുരന്തത്തിന്റെ ഗന്ധവും നിറഞ്ഞ വര്‍ത്തമാനത്തില്‍ നിന്ന് ഞാന്‍ ഓര്‍മ്മകളിലേക്ക്‌ ഒരു തിരമാലപ്പുറത്തുനിന്നെന്നപോലെ മറിഞ്ഞുവീണു. എന്റെ ബാല്യത്തിന്റെ ഒരദ്ധ്യായം എഴുതിയിട്ടിട്ടുള്ള കടപ്പുരമാണിത്‌. ഇവിടെ കക്കകളും ശംഖുകളും പെറുക്കി ഞാന്‍ അലഞ്ഞുനടന്നിട്ടുണ്ട്‌. ഈ കടലിന്റെ ഇരമ്പത്തിന്റെ മറവിലാണു ഞാനാദ്യമായി ഒരു പെണ്‍കുട്ടിയെ പ്രേമിക്കുന്നുവെന്നു പറഞ്ഞത്‌. ഈ കടല്‍ക്കാറ്റാണ്‌ എന്നെ സൗഹൃദത്തിന്റെയും വിരഹത്തിന്റെയും പിന്നെ വഞ്ചനയുടെയും ആദ്യവാക്കുകള്‍ പഠിപ്പിച്ചത്‌.

ഓര്‍മ്മകള്‍ക്കു പുറത്ത്‌ എന്റെ കണ്‍മുമ്പില്‍ കപ്പല്‍ തെളിഞ്ഞു. പെട്ടെന്ന്, വളരെപ്പെട്ടെന്നൊരു നിമിഷം കപ്പല്‍ ഒരു ഭാഗത്തേക്കു ചരിഞ്ഞു. മലപോലെയുള്ള തിരമാലകള്‍ കപ്പലിനു മുകളിലൂടെ കയറിയിറങ്ങിപ്പോയി. കടപ്പുറത്തു നിന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന് വലിയൊരു നിലവിളിയുയര്‍ന്നു. കപ്പല്‍ത്തട്ടിലുണ്ടായിരുന്ന മനുഷ്യരെയും അവരുടെ ആയുധങ്ങള്‍ക്കും തടിക്കഷണങ്ങള്‍ക്കുമൊപ്പം സമുദ്രം ഒഴുക്കിക്കൊണ്ടുപോയി. ഒരു തിരമാലയുടെ ആഴത്തില്‍നിന്നു പെട്ടെന്നുയര്‍ന്നുവന്ന ആ ചുവപ്പുതൊപ്പിവെച്ചയാള്‍ ഒഴിഞ്ഞുകിടന്ന ഒരു പാമരത്തില്‍ കടന്നുപിടിച്ചു. അയാള്‍ ഉയരത്തിലേക്ക്‌ അള്ളിപ്പിടിച്ചു കയറിക്കൊണ്ട്‌ ചുവന്ന തൊപ്പി വലിച്ചൂരിയെടുത്തു. ഇരമ്പുന്ന കാറ്റിനും കടലിനും മുകളിലുയര്‍ന്നു നിന്ന പാമരത്തിന്റെ കബന്ധത്തില്‍ ഒരു കൈകൊണ്ടിറുകെപ്പിടിച്ചുകൊണ്ട്‌ അയാള്‍ ഞങ്ങള്‍ക്കുനേരെ ആ തൊപ്പിയുയര്‍ത്തി വീശാന്‍ തുടങ്ങി.

പെട്ടെന്നൊരു പടനീക്കം പോലെ കടന്നുവന്ന മലപോലൊരു തിര അയാള്‍ക്കുമുകളിലൂടെ കടന്നുപോയി. കപ്പലിന്റെ അവസാനത്തെക്കഷണങ്ങളും മറഞ്ഞു. പാമരം ഉയര്‍ന്നുനിന്നിടത്തുകൂടി ശൂന്യതയൊഴുകി. ദുരന്തം പൂര്‍ത്തിയായിരുന്നു.

കടപ്പുറവും ആ യാത്രക്കപ്പലിന്റെ ദുരന്തവും മാത്രമാണു സത്യമെന്നും എന്റെ കഴിഞ്ഞകാലജീവിതമുള്‍പ്പെടെ മറ്റെല്ലാം സ്വപ്നം പോലെ അസത്യമാണെന്നും എനിയ്ക്കു പെട്ടെന്നു തോന്നി. ലണ്ടനിലെ ഞങ്ങളുടെ ശാന്തമായ കൊച്ചുവീടിന്റെയും നെരിപ്പോടിന്റെ വെളിച്ചത്തില്‍ എന്നോടു ചേര്‍ന്നിരിക്കുന്ന ഡോറയുടെയും കടലുകളിലെ ദുരന്തങ്ങളെല്ലാം പത്രവാര്‍ത്ത മാത്രമാവുന്ന ഞങ്ങളുടെ സ്വീകരണമുറിയിലെ നിതാന്തശാന്തതയുടെയും മാര്‍ദ്ദവത്തിന്റെയും ഊഷ്മളതയുടെയും ഓര്‍മ്മകളെല്ലാം ഒരു സ്വപ്നത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു. കടലും കൊടുങ്കാറ്റും അവയുടെ ഗര്‍ജ്ജനങ്ങളും ഉരുക്കുതരികള്‍ പോലെ വര്‍ഷിച്ചുകൊണ്ടിരുന്ന വെള്ളത്തുള്ളികളുമെല്ലാം നിറഞ്ഞ കടപ്പുറം മാത്രമായിരുന്നു അവശേഷിച്ച സത്യം.

ഞാന്‍ മുറുകെപ്പിടിച്ചിരുന്ന തൂണില്‍നിന്നു പിടിവിട്ടു. പതുക്കെ, കെട്ടിടത്തിന്റെ മറവില്‍നിന്നു പുറത്തുവന്നു. കൊടുങ്കാറ്റിന്റെ വഴികള്‍ മണലിലൂടെയെന്നെ നയിക്കാന്‍ തുടങ്ങി. കടല്‍വെള്ളവും മണലും എന്റെ മേല്‍ അടിച്ചു ചിതറി. ഞാന്‍ കടലിനു നേരെ നടന്നു.

ആരവങ്ങളും മുഴക്കങ്ങളും അവസാനമായി എന്നെപ്പൊതിയുമ്പോള്‍ പെട്ടെന്ന് കഥാകൃത്ത്‌ എനിയ്ക്കുവേണ്ടി വിധിച്ചുവെച്ചിരുന്നതെല്ലാം ഞാനറിഞ്ഞു. എഴുതപ്പെടാനിരിക്കുന്ന വാക്കുകളില്‍ ചിതറിക്കിടന്ന എന്റെ ഭാവി മുഴുവനും എന്റെ പ്രജ്ഞയില്‍ നിറഞ്ഞുകവിഞ്ഞു. കക്കകളും ചിപ്പികളും ചിതറിക്കിടക്കുന്ന കടപ്പുറത്ത്‌ എന്റെ സുഹൃത്തുക്കള്‍ മരിച്ചടിയുന്നതും ഒരു ശീതകാലരാത്രിയുടെ കിടക്കറയില്‍ ഡോറ മരിച്ചുകിടക്കുന്നതും നെരിപ്പോടിനരികില്‍ അവളുടെ കസേര ശൂന്യമായിക്കിടക്കുന്നതും ഞാന്‍ കണ്ടു. അലച്ചിലിന്റെ വര്‍ഷങ്ങള്‍ കൊഴിയുന്നതും ഒടുക്കം ഞാന്‍ ആഗ്നസ്സിനെ കണ്ടെത്തുന്നതും ഞാന്‍ കണ്ടറിഞ്ഞു. ഞാന്‍ അവളോടുത്തുറങ്ങുന്നതും ഞങ്ങള്‍ക്കു കുട്ടികള്‍ പിറക്കുന്നതും എന്റെ ജീവിതത്തില്‍ ശാന്തതയുടെയും സംഭവരാഹിത്യത്തിന്റെയും മരവിപ്പുപടരുന്നതുമെല്ലാം എനിക്കു കാണാമായിരുന്നു. ഞാന്‍ കാറ്റിന്റെ കൈകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങി, അവ മറച്ചുപിടിച്ച വഴികളില്‍ നടന്ന് കടലിലേക്കു ചെന്നു. ഭീമാകാരങ്ങളായ തിരകള്‍ എന്നെ വന്നെടുത്തുകൊണ്ടുപോയി. ഞാന്‍ നോവലിസ്റ്റിനെ ധിക്കരിച്ചു.

Subscribe Tharjani |
Submitted by Yasar (not verified) on Sun, 2007-06-03 14:09.

Hi Rajesh, very interestin story expecting more creative articles like this
thanks for the publishers.

Regards
Yasar

Submitted by ബെന്നി (not verified) on Sun, 2007-06-03 17:39.

നോവലിസ്റ്റിനെ ധിക്കരിച്ച് സ്വന്തം പ്രജ്ഞയെ അനുസരിക്കുന്ന കഥാപാത്രമെന്ന കോണ്‍‌സപ്റ്റ് ഇഷ്ടപ്പെട്ടു.... നന്നായിരിക്കുന്നു.. അല്‍‌പ്പം കൂടി സമയം ചെലവിട്ട് ഒന്നുകൂടി തീക്ഷ്ണമാക്കാമായിരുന്നില്ലേ കോണ്‍‌സപ്റ്റ്?

Submitted by രാജേഷ്‌ (not verified) on Thu, 2007-06-14 07:49.

യാസര്‍, ബെന്നി, നന്ദി. കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം.