തര്‍ജ്ജനി

ബിനു തോമസ്‌

കിഴക്കയില്‍
പഴയരിക്കണ്ടം
ഇടുക്കി 685602

ഇമെയില്‍: binu.thomaz@gmail.com

Visit Home Page ...

കവിത

മോഹമര്‍മ്മരം


നീരിറങ്ങാത്തയാഴ്‌മണ്ണിന്‍ കണ്ഠത്തിലെ
നീറും ദാഹത്തിന്‍ മര്‍മ്മരം
കേള്‍ക്കുന്നുവോ നീ?

എന്നൊപ്പമിന്നീ-
യുന്മാദഗുഹാന്തരം പൂകി,
യൊരു നറുംതളിര്‍പ്രേമം
ചുണ്ടുകളില്‍ പകുത്ത്‌
വിലോലയായ്‌ നീയുറങ്ങുന്നു,
നിന്റെ കടക്കണ്ണില്‍ നിന്നുമൂറും സുഖദമദജലം
എന്നുയിരിന്‍ ചോന്നമേല്‍പ്പാളിയുടെ തണുവ്‌.

നീയുറങ്ങുനൂ, ചേതനയില്‍
[ചതുരപ്പെട്ടിയില്‍ നിന്നു ജ്വലിച്ചിറങ്ങിയ]
അതിവേഗതാളങ്ങള്‍ താരാട്ടിന്നീണം
നിറക്കുന്നൂ,നീയുറങ്ങുന്നൂ,
പാദാംഗുലികളിപ്പോഴും വിറയ്ക്കുന്ന-
താ ചടുലദേഹപ്രകമ്പനമോര്‍ത്തിട്ടോ?

ഞാനുണര്‍ന്നിരിപ്പൂ,വെന്നാത്മന്‍ ജ്വലിപ്പൂ,
വെന്‍ മടിയിലൊരു കടലാസ്സു
മഷി കാത്തിരിപ്പൂ,
അരികിലൊരു നരച്ചപുസ്തകം
മനുഷ്യന്റെ,
എന്റെയും നിന്റെയും,
[അതെ, എന്റെ മാത്രമല്ല, നിന്റെയും]
വേദനകളെണ്ണിപ്പറയുന്നൂ,
കേള്‍ക്കുവാന്‍ ഞാന്‍ മാത്രം.
ജീവശ്വാസത്തില്‍ നിറയുവതൊരു പുക മാത്രം,
അകാരണം പിടയുവതെന്നുയിരൊക്കെയും,
ധിഷണയില്‍ നിറയുവതൊരു മരച്ചമൂടല്‍മഞ്ഞും.

നീയൊഴുകും പുഴ-
യൊരു മദമദിരത്തിന്‍ ലഘുലഹരി,
ഞാനുഴലും ചുഴി-
യൊരു പ്രജ്ഞാഘാതത്തിന്‍ നിറഭാരം.

വിഷച്ചിലന്തികള്‍ വലതീര്‍ത്ത ജാലകങ്ങളുടെ
വിള്ളലുകള്‍ തള്ളിനീക്കിയൂറിവരും വെള്ളിരശ്മികളെ
വിറയ്ക്കും കൈക്കുടന്നയിലേറ്റി,
പാപവൃത്തികളുടെ,
ഹാ, വെറുക്കും മനുജബലഹീനതകളുടെ,
ഹാ, തളര്‍ത്തും ചിന്താപ്പകപ്പിന്റെ,
മഞ്ഞത്തീയില്‍ പഴുപ്പിച്ച്‌,
തമസ്സിന്‍ കനത്തനിറം വാര്‍ത്തെടുക്കു-
മീയുലയുടെ ചൂടറിയുന്നുവോ നീ?

ഇല്ല, അറിയുന്നില്ല,
നിനക്കോയജ്ഞാതമീയിരുള്‍ഗേഹം.
ചിന്തകളുടെ വിയര്‍പ്പുതുള്ളികള്‍
വീണുകുഴഞ്ഞ ചേര്‍ക്കളങ്ങള്‍
തീണ്ടിയിട്ടില്ലാ നിന്‍ മൃദുകാലടികള്‍
[മൃദുവായിരുന്നല്ലോ,യവ, ഗര്‍ഭം മുതല്‍ക്കേ!].
ഭ്രമിപ്പിക്കും, പിന്നെ ദിക്കുമാറ്റും, ഒടുവി-
ലന്തമില്ലാതെയലയ്ക്കും കാനനവീഥികളുടെ
രാത്രിബഹുലത നിനക്കന്യം
[വെളിച്ചം കുറവുള്ള വഴികള്‍ നീ സഞ്ചരിക്കാറില്ലല്ലോ].
നിനക്കോയജ്ഞാതമീയിരുള്‍ഗേഹം,
ഭയമേറി, വിറ മുറ്റി,
ജ്വരം മൂര്‍ച്ഛിച്ചോരീയേകാന്തപഥികന്‍
നൂണ്ടുകടന്ന്‌, സര്‍പ്പദംശം
കാത്തുകാത്തിരിക്കുമീ മാളം,
നിനക്കോയജ്ഞാതമീയിരുള്‍ഗേഹം
[ഭയക്കുമ്പോള്‍ നിനക്കൊളിക്കാനുണ്ടല്ലോ ചുറ്റും മാളികകള്‍].

നീരിറങ്ങാത്തയാഴ്‌മണ്ണിന്‍ കണ്ഠത്തിലെ
നീറും ദാഹത്തിന്‍ മര്‍മ്മരം
കേള്‍ക്കുന്നുവോ നീ?

കേള്‍ക്കേണ്ട, നീ.
എന്നുമെന്‍ മേനിയില്‍
പതിക്കും വിഷസ്പര്‍ശമറിയേ-
ണ്ടെ,ങ്കിലുമൊരൂഷ്മളകരവലയത്താ-
ലെന്നെപ്പൊതിയൂ.
ഈ കറുത്തമണ്ണിന്റെ രോദനം ശ്രവിക്കേ-
ണ്ടെ,ങ്കിലുമീ ചുണ്ടുകളില്‍ നിന്‍
നനുത്തയാഹ്ലാദക്കണ്ണീര്‍ പൊഴിക്കൂ.
ഈ ഭയമെന്നുമെന്‍ സ്വന്ത-
മതുപങ്കുവെക്കേ-
ണ്ടെ,ങ്കിലുമതില്‍ നുരയ്ക്കും
പുഴുക്കളുടെ മേലൊരു പച്ചപ്പട്ടു
വിരിയ്ക്കൂ, നിന്‍ ചിരസഖിത്വ,
മതിലൊന്നു ഗാഢമായുറങ്ങട്ടെ ഞാന്‍.

Subscribe Tharjani |