തര്‍ജ്ജനി

മുഖമൊഴി

വേണം കാര്‍ഷികരംഗത്ത് ഒരു ബദല്‍

തച്ചുടക്കലിന്‍ തത്വശാസ്ത്രങ്ങള്‍ക്ക് അപ്രാപ്യമായ കൊച്ചു തുരുത്തില്‍ അഭയം പ്രാപിക്കാന്‍ മുമ്പൊരിക്കല്‍ നമ്മുടെ ഒരു കാല്പനികകവി കൊതിക്കുകയുണ്ടായി . വിപ്ലവത്തെ സ്വപ്നം കണ്ട ഒരു പൂര്‍വ്വാശ്രമം ഈ കവിക്കും ഉണ്ടായിരുന്നു. കേരളം തച്ചുടക്കലിന്റെ മഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍ കവികളാകട്ടെ രാഷ്ട്രീയപ്രവര്‍ത്തകരാകട്ടെ പൊതുജനങ്ങളാകട്ടെ ആരും തന്നെ എവിടെയും അഭയം തേടാനാഗ്രഹിക്കുന്നില്ല . കൌതുകകരമാണിത് . നിയമവിരുദ്ധമായി ഭൂമി കൈവശം വെച്ചവര്‍ ഒഴികെ ആരും ഈ ഇടിച്ചു നിരത്തലിനെതിരെ പരസ്യമായി രംഗത്തു വരാതിരിക്കത്തക്കവിധം ശക്തമായ ജനവികാരം ഇക്കാര്യത്തിലുണ്ടായി. മലയാളികള്‍ ഇടിച്ചുനിരത്തല്‍ മനോഭാവമുള്ള സമൂഹമായി എന്നാണോ നാം ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്?

കുട്ടനാട്ടിലെ കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെ, പാടങ്ങള്‍ നിരത്തുന്നതിനെതിരെ വെട്ടിനിരത്തല്‍ സമരം നടത്തിയ അതേ നേതാവാണ് ഇന്ന് ഇടിച്ചു നിരത്തലിന്റെ താത്വികവും പ്രായോഗികവുമായ നേതൃത്വത്തിലുള്ളത്. വെട്ടിനിരത്തല്‍ ഒരു സാമൂഹികാതിക്രമമായി ചിത്രീകരിക്കാന്‍ അന്ന് മാദ്ധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ശ്രമിച്ചു. അങ്ങനെ വിശ്വസിക്കാന്‍ അക്കാലത്ത് മലയാളികള്‍ക്ക് വിഷമമുണ്ടായില്ല. സര്‍ക്കാര്‍ വെട്ടിനിരത്തല്‍ നടത്തുന്നത് പതിവില്ലാത്തതാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകും എന്നു പ്രഖ്യാപിക്കുകയാണ് പതിവ്. എല്ലാ അനീതിയും അഴിമതിയും നിയമത്തിന്റെ വഴിക്കു പോയി ബലിഷ്ഠമാകുന്നത് കണ്ടു മടുത്ത സമൂഹമാണ് നിയമലംഘനത്തെ നിഷ്കരുണം കൈകാര്യം ചെയ്യുന്ന നടപടിയെ പിന്തുണയ്ക്കുന്നത്.

നിവൃത്തികേടുകൊണ്ട് അഴിമതി കാണിച്ച് പുലരേണ്ട അവസ്ഥയിലാണ് കേരളീയ സമൂഹം. സര്‍വ്വീസ് സംഘടനകളും ട്രെയ്‌ഡ് യൂനിയനുകളും ചേര്‍ന്നു സംരക്ഷിക്കുന്ന അഴിമതിക്കാരുടെ വന്‍പടയെ ചെറുക്കാനാകാത്ത വ്യക്തികളുടെ ധര്‍മ്മരോഷം ഇതിനു മുമ്പ് കാണാനായത് സര്‍ക്കാര്‍ ജീവനക്കാര്‍ സമരം ചെയ്തപ്പോഴാണ്. എ.കെ.ആന്റണി അന്ന് മുഖ്യമന്ത്രി. ആവശ്യങ്ങള്‍ അംഗീകരിക്കാവുന്ന അവസ്ഥയിലല്ലെന്നും സര്‍ക്കാരാപ്പീസുകള്‍ അടഞ്ഞു കിടന്നാല്‍ ജനത്തിനു പ്രശ്നമൊന്നുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമയത്ത് ആപ്പീസില്‍ പോകാതിരിക്കുകയും നേരത്തിനു മുമ്പേ തിരിച്ചു പോരുകയും ഏത് ജോലി ചെയ്യാനാണോ ശമ്പളം വാങ്ങുന്നത് അത് ചെയ്യാന്‍ പൊതുജനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങുകയും ചെയ്യുന്ന സര്‍ക്കാര്‍ സര്‍വ്വീസ് പൊതുജനരോഷത്തിനു മുമ്പില്‍ കീഴടങ്ങിയ ആ ചരിത്രസംഭവത്തെ തുടര്‍ന്ന് പല സംഘടനകളും അഴിമതിയുടെ പേരില്‍ ജനങ്ങളുടെ ശത്രുവാകാതിരിക്കാനെന്തു ചെയ്യാം എന്നു പരസ്യമായി ആലോചിക്കുക പോലും ചെയ്തു.

പൊതുജനവികാരത്തിന്റെ പ്രകടനമാണ് നാമിപ്പോള്‍ കേരളത്തില്‍ കാണുന്നത്. ഇത് ആരുടെ നേട്ടമാണ് എന്ന് പൊതുജനങ്ങള്‍ക്ക് സംശയമില്ല. സ്വന്തം ചുമതലയില്‍ വകുപ്പില്ലാതെ മുഖ്യമന്ത്രിയെ ഇരുത്തി, മന്ത്രിസഭാനുമതിയില്ലാതെ ലോകബാങ്ക് ലോണ്‍ നടപടിയുമായി മുന്നേറിയവര്‍ക്കാണോ ഇതിന്റെ ക്രഡിറ്റ് അതോ മറ്റാര്‍ക്കെങ്കിലുമോ എന്ന് പഠിപ്പിക്കാന്‍ ഒരു കൌശലത്തിനും സാദ്ധ്യമല്ല. ജനവികാരം അറിയുകയും ജനങ്ങളോട് പ്രതിജ്ഞാബദ്ധത പുലര്‍ത്തുകയും ചെയ്യുന്ന ഒരാളില്‍ നിന്നേ ഇത്തരം നടപടിയുണ്ടാകൂ എന്നു മനസ്സിലാക്കാന്‍ മാര്‍ക്സിസം ലെനിനിസം പഠിക്കേണ്ട കാര്യമെന്നുമില്ല.

പാടങ്ങള്‍ നികത്തുന്നതിന് എതിരെ,കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ സമരം ചെയ്യുന്ന ഒരാള്‍ ഇടിച്ചു നിരത്തലിന്റേയോ വെട്ടിനിരത്തിലിന്റേയോ രാഷ്ട്രീയം മാത്രമുള്ളവനായിരിക്കില്ല എന്ന് ഉറപ്പാണ്. കൃഷി ആദായകരമല്ല എന്നതിനാല്‍ , അല്ലെങ്കില്‍ കാര്‍ഷികരംഗത്തെ ട്രേഡ് യൂനിയന്‍ വിലപേശലിനെ ചെറുക്കാന്‍ കൃഷിയില്‍ നിന്ന് പിന്‍വാങ്ങുന്ന കര്‍ഷകന്‍ ഒരു പക്ഷെ തന്റെ സ്വാതന്ത്ര്യമാണ് തിരിച്ച് ഒരു വിലപേശലിനായി ഉപയോഗപ്പെടുത്തുന്നത്. കേരളത്തില്‍ ഇന്ന് കാര്‍ഷികരംഗം ദുര്‍ബലമായതിന് വേറെയും കാരണങ്ങള്‍ പറയാം. എന്നാല്‍ കാര്‍ഷികോല്പാദനമില്ലാതെ ഒരു സമൂഹത്തിന് നിലനില്ക്കാനാകില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കൃഷി വകുപ്പും വകുപ്പിനു കീഴില്‍ സംസ്ഥാനം മുഴുവന്‍ വ്യാപിച്ചു നില്ക്കുന്ന കൃഷിയാപ്പീസ് ശൃംഖലയും ഉദ്യോഗസ്ഥന്മാരും ഇതിനൊക്കെ പുറമെ ഒരു കാര്‍ഷിക സര്‍വ്വകലാശാല പോലും കാര്‍ഷികരംഗത്തെ പുരോഗതി ഉറപ്പു വരുത്താന്‍ നമ്മുക്കുണ്ട്. ഓരോ ബജറ്റിലും മാന്യമായ വിഹിതം ഈ വകുപ്പിനും കിട്ടുന്നുണ്ട്. എന്നിട്ടും നാള്‍ക്കു നാള്‍ കൃഷി വേരറ്റു പോകുന്ന അവസ്ഥയുണ്ടാകുന്നതെന്തുകൊണ്ട് എന്നു തിരിച്ചറിയാന്‍ , അതിന് പ്രായോഗികപരിഹാരനിര്‍ദ്ദേശം നല്കാന്‍ നമ്മുടെ വിദഗ്ദ്ധര്‍ക്ക് സാധിച്ചിട്ടില്ല. കാര്‍ഷിക സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ഏത് പാര്‍ട്ടിയുടെ നോമിനിയാകണം എന്നത് ഒരല്പം മുമ്പ് മാദ്ധ്യമങ്ങളില്‍ നാം കണ്ട ഭരണപ്രശ്നമായിരുന്നു. കൃഷി ഇല്ലാത്ത സ്ഥിതിക്ക് ഈ വകുപ്പും സര്‍വ്വകലാശാലയും അടച്ചു പൂട്ടുകല്ലേ വേണ്ടത് എന്ന് ആരും ചോദിച്ചില്ല.

അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനു പിന്നാലെ കൃഷിഭൂമിയുടെ കാര്‍ഷികേതരവിനിയോഗം തടയാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പരമ്പരാഗതകര്‍ഷകന്‍ തന്റെ ഭൂമിയില്‍ നിര്‍ബന്ധമായും കൃഷി ചെയ്യണം എന്നു സര്‍ക്കാരിന് നിഷ്കര്‍ഷിക്കാനാകുമോ? കൃഷി ചെയ്യാത്ത പാടങ്ങള്‍ സര്‍ക്കാരിനു പിടിച്ചെടുക്കാനാകുമോ? പിടിച്ചെടുത്ത ഭൂമിയില്‍ കൃഷി ചെയ്യാന്‍ സര്‍ക്കാരിനു സംവിധാനമുണ്ടോ? ട്രെയ്‌ഡ് യൂനിയനെക്കൊണ്ട് അവിടെ കൃഷി ചെയ്യിക്കാനാകുമോ? അങ്ങനെ ചെയ്യുന്ന കൃഷി ആദായകരമാകുമോ? കാര്‍ഷികരംഗത്തെ പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടിയ ഒരു സാഹചര്യമാണ് കൃഷിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നില നില്ക്കുന്നത് എന്ന യാഥാര്‍ത്ഥ്യബോധത്തോടെയല്ലാതെ ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനം എന്തായാലും ആപല്ക്കരമാണ്.

കാര്‍ഷികരംഗത്ത് ഒരു പ്രായോഗികബദല്‍ എന്താണ്? സര്‍ക്കാരും ഭൂവുടമകളും കര്‍ഷകരും ഒത്തുചേരുന്ന സംയുക്തസംരഭമല്ലാതെ വേറെ എന്താണ് പ്രായോഗികമാവുക? വ്യവസായരംഗത്തും അടിസ്ഥാനസൌകര്യവികസനത്തിലും സര്‍ക്കാര്‍ മുതല്‍മുടക്കുള്ളത് പോലെ കാര്‍ഷികോല്പാദനത്തിലും സര്‍ക്കാര്‍ മുതല്‍ മുടക്കല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല. കാര്‍ഷിക സര്‍വ്വകലാശാലയും കൃഷിവകുപ്പും വരമ്പത്ത് നിന്ന് കൃഷി ഉപദേശകരായിരിക്കുന്നതിനു പകരം കര്‍ഷകരോടൊപ്പം ഈ കൂട്ടു സംരംഭത്തില്‍ പങ്കാളികളാകണം. കൃഷി ലാഭകരമായി നടത്താനുള്ള തങ്ങളുടെ സാങ്കേതികപരിജ്ഞാനം അവര്‍ അങ്ങനെ പ്രാവര്‍ത്തികമാക്കിക്കാണിക്കട്ടെ. ലാഭത്തിന്റെ ഒരു പങ്ക് അവര്‍ക്കും അവകാശപ്പെട്ടതു തന്നെ. എന്‍ഡോസള്‍ഫാന്‍ പോലെയുള്ള മാരകവിഷനിര്‍മ്മാതാക്കളില്‍ നിന്ന് കൈപ്പറ്റുന്ന കിംബളത്തെക്കാള്‍ മാന്യതയുള്ളതാണ് ഇങ്ങനെ ലഭിക്കുന്ന ലാഭവിഹിതം. അത് നിയമപരമാകാവുന്ന വിധത്തിലുള്ള കൂട്ടുസംരംഭത്തെക്കുറിച്ച് നമ്മുക്ക് ആലോചിക്കാം. കാര്‍ഷികരംഗത്തെ പ്രായോഗികബദലിനെക്കറിച്ച് നമ്മുക്ക് ചിന്തിക്കാം.

തര്‍ജ്ജനി പ്രവര്‍ത്തകര്‍

Subscribe Tharjani |
Submitted by challyan (not verified) on Sun, 2007-06-03 08:46.

കേരളം ഒരിക്കലും കാര്‍ഷിക സംസ്ഥാനമായിരുന്നിട്ടില്ല. അതിന്‍റെ ചരിത്രത്തിലുടനീളവും. കേരളീയര്‍ എന്നും മേലനങ്ങാതെ ജോലി ചെയ്യാന്‍ ഇഷ്ടമുള്ളവരാണ്, അണിഞ്ഞൊരുങ്ങി, അല്പജ്ഞാനിയായി പ്രഭാഷണം വിളമ്പാന്‍ ഇഷ്ടപ്പെടുന്നവരും. ഇപ്പോള്‍ കാണുന്ന ജനവികാരം അടിച്ചൂ നിരാത്തലിന്‍റ്റ്റേതല്ല. ‘അവന് അങ്ങനെ തന്നെ വേണം’ എന്ന് വികാരമാണ്.

നമ്മുടെ ഉപഭോഗത്തിന്‍റെ എത്ര ശതമാനം ഇവിടെ ഉത്പാദിപ്പിക്കുന്നു എന്ന് നോക്കിയിട്ടുണ്ടോ? ഞെട്ടേണ്ടിവരും.... :)

ചള്ളിയാന്‍

Submitted by സിമി (not verified) on Sun, 2007-06-03 12:28.

ആദ്യം മനസിലാക്കേണ്ടത് മറ്റേതു വ്യവസായങ്ങളെയും പോലെ കൃഷിയും ഒരു വ്യവസായമാണെന്നാണ്. മിക്കപ്പോഴും വളരെ ചുരുങ്ങിയ സമ്പാദ്യവും നാമമാത്രമായ കൃഷിഭൂമിയുമായി കൃഷിയിറക്കുന്ന കര്‍ഷകന് കൃഷി ലാഭകരമല്ലെങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ നോക്കേണ്ടിവരും. ഈ വ്യവസായം ആദായകരമല്ലെങ്കില്‍ കര്‍ഷകരുടെ മക്കളും മറ്റ് വ്യവസായങ്ങളിലേക്കോ കൂടുതല്‍ സുരക്ഷിതമായ ജോലികളിലേക്കോ തിരിയും.

കേരളത്തില്‍ ഇന്ന് പണം ബാങ്കില്‍ സൂക്ഷിക്കുന്നതിനു പകരം പണം ചിലവാക്കുന്ന ഒരു സംസ്കാരമാണ്. ഫ്ലാറ്റുകള്‍ വാങ്ങാനും വ്യവസായങ്ങള്‍ തുടങ്ങാനും ജനങ്ങള്‍ക്ക് പണമുണ്ട്. കൃഷിയെ ഒരു വ്യവസായം എന്ന നിലയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് മുതല്‍ മുടക്കാന്‍ പറ്റുമോ? ഈ സമ്പ്രദായത്തില്‍ യതാര്‍ത്ഥ കര്‍ഷകനെ മാസക്കൂലി കൊടുക്കുന്ന ഒരു തൊഴിലാളിയായി മുതല്‍ മുടക്കുന്നവന്‍ ഉപയോഗിക്കും. എങ്കിലും നിലം നിശ്ചിത കാലയളവിലേക്ക് പാട്ടത്തിനെടുക്കാന്‍ പറ്റിയാല്‍ / വാങ്ങാന്‍ പറ്റിയാല്‍ ഇതില്‍ പലരും മുതല്‍ മുടക്കാന്‍ തയ്യാറാവും - സര്‍ക്കാര്‍ നിയന്ത്രണങ്ങളോടെ തന്നെ.

സര്‍ക്കാര്‍ നിയന്ത്രണങ്ങളില്ലെങ്കില്‍ ഈ സ്വകാര്യ നിക്ഷേപകന്‍ അമിത ലാഭത്തിനായി നെല്‍‌വയലില്‍ നാണ്യവിളകള്‍ വെക്കുകയും രാസവളങ്ങള്‍ അമിതമായി ഉപയോഗിക്കുകയും പരമാവധി യന്ത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്യും. എങ്കിലും അല്പം നിയന്ത്രണങ്ങളോടെ പരീക്ഷിക്കാവുന്ന ഒരു സംവിധാനമാണ് ഇത്.

Submitted by സിമി (not verified) on Sun, 2007-06-03 12:37.

കൃഷിയെ ഒരു സ്വകാര്യ വ്യവസായമായി പ്രോത്സാഹിപ്പിച്ചുകൂടേ?

ഇന്ന് കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് മുതല്‍ മുടക്കാന്‍ മലയാളികള്‍ തയ്യാറാണ്. ഫ്ലാറ്റുകളിലും ലാഭം തരുന്ന വ്യവസായ സംരംഭങ്ങളിലും മലയാളികള്‍ തന്നെ മുതല്‍ മുടക്കുന്നു. സര്‍ക്കാര്‍ ഭൂമി പാട്ടത്തിനു തരികയും മാസ ശമ്പളത്തിന് പരമ്പരാഗത കര്‍ഷകരെ അല്ലെങ്കില്‍ തൊഴിലാളികളെ ലഭ്യമാവുകയും ചെയ്താല്‍ - സര്‍ക്കാര്‍ നിയന്ത്രണങ്ങളോടെ കൃഷിയെ ഒരു ലാഭകരമായ വ്യവസായമായി നടത്താന്‍ പലരും തയ്യാറാവും. തൊഴിലാളികളെ പരമാവധി കുറച്ച് കൃഷിയെ യന്ത്രവല്‍ക്കരിക്കാനും രാസവളങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാനും നെല്ലിനു പകരം കൂടുതല്‍ ലാഭം തരുന്ന നാണ്യവിളകള്‍ കൃഷി ചെയ്യാനും ഒക്കെ ഈ പുതിയ കൃഷി-വ്യവസായികള്‍ ശ്രമിച്ചാലും ഒടുവില്‍ ലാഭകരമായി കൃഷി നടത്തുകയും ഒടുവില്‍ ധാന്യം വിളയിക്കുകയും ചെയ്യും. സര്‍ക്കാര്‍ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടെങ്കില്‍ സ്വകാര്യ നിക്ഷേപകര്‍ കുറച്ചുപേരെങ്കിലും ഇതില്‍ പരീക്ഷിക്കും.

കൃഷിയും ഒരു വ്യവസായമാണ് എന്ന തിരിച്ചറിവാണ് വേണ്ടുന്നത്. ചെറുകിട കര്‍ഷകന്‍ നാമമാത്രമായ സമ്പാദ്യത്തോടെ നടത്തുന്ന ഒരു വ്യവസായം. ഇത് നഷ്ടത്തിലാവുമ്പോള്‍ അവന്‍ വേറെ മാര്‍ഗ്ഗങ്ങള്‍ നോക്കുന്നു. കര്‍ഷകരുടെ മക്കള്‍ കൂടുതല്‍ സുരക്ഷിതമായ ജോലികള്‍ നോക്കുകയും ചെയ്യുന്നു.

Submitted by Balakrishnan C (not verified) on Tue, 2007-09-04 00:45.

World:
1) To promote the skill sets in Agriculture and to provide the worth for their work, American State buys agriculture products, and even if the production is in excess they will convert them produce into organic manure. America has accepted the fact that the only area they should be self-sufficient is food production. Rest all they can outsource.
2) American state gives huge subsidy, means and assistance to farmers
3) Singapore has rented land in China to cultivate food items to make them self-sufficient is food production.

India:

4) Once we had political leaders from Agriculture family. Now all political leaders are SFI turned full time politicians who never worked in agriculture sector.
5) Our agricultural lands are not in the hand of farmers. All agricultural lands are in the hands of business community.
6) To save agriculture (we will have to), we should accept the agri-culture first.