തര്‍ജ്ജനി

പി. പി. രാമചന്ദ്രന്‍

ഹരിതകം,വട്ടംകുളം പി.ഒ, മലപ്പുറം ജില്ല 679 578

വെബ്: ഹരിതകം

Visit Home Page ...

സാഹിതീയം

കുടിയിലെ കവിക്കൂട്ടം

മലപ്പുറം ജില്ലയിലെ കൊളത്തൂരിലുള്ള ഒരു ചെറിയ വീട്; സര്‍ഗ്ഗാത്മകമായ വിചാരങ്ങള്‍ക്കും ആവിഷ്കാരങ്ങള്‍ക്കുമായി ഒരിടം - അതാണ് കുടി. ഇക്കഴിഞ്ഞ ജനുവരി 28, 29 തിയ്യതികളില്‍ അവിടെ ഒരു കവിക്കൂട്ടം സംഘടിപ്പിച്ചു. ലോകകവിതയുടെ 'വര്‍ത്തമാന'മെന്തെന്ന് എത്തിനോക്കാനുള്ള ഒരു പരിശ്രമമായിരുന്നു കുടിയിലെ കവിക്കൂട്ടം. എസ്.ജോസഫ്, അനിതാ തമ്പി, ശ്രീകുമാര്‍ കരിയാട് എസ്. കണ്ണന്‍, വി എം ഗിരിജ, എന്‍ ജി ഉണ്ണികൃഷ്ണന്‍, പി രാമന്‍, പി എന്‍ ഗോപീകൃഷ്ണന്‍, ബിനു എം പള്ളിപ്പാട്, അന്‍വര്‍ അലി, പി പി രാമചന്ദ്രന്‍, ടി പി രാജീവന്‍, മനോജ് കുറൂര്‍, കെ ജെ ജോണി എന്നിവരാണ് ശില്പശാലയില്‍ പങ്കെടുത്തത്. പുസ്തകങ്ങളില്‍നിന്നും ഇന്റര്‍നെറ്റില്‍നിന്നും പ്രത്യേകിച്ചൊരു മുന്‍വിധിയുമില്ലാതെ എടുത്ത സമീപകാല രചനകളാണ് ഇവിടെ വായിച്ചത്. വായിച്ചതിന്റേയും ആസ്വദിച്ചതിന്റേയും രേഖ എന്ന നിലയില്‍ അവയില്‍ച്ചിലത് മൊഴിമാറ്റം ചെയ്യപ്പെട്ടു. പണിതീരാത്ത ഭാഷാശില്പങ്ങളെന്നേ ഈ പരിഭാഷകളെ കരുതേണ്ടതുള്ളൂ.

ഹുംബെര്‍ടോ അക് അബല്‍
കീഷെ എന്ന മായന്‍ ഭാഷയിലെഴുതുന്ന ഗ്വാട്ടിമാലക്കാരന്‍ കവിയാണ് ഹുംബെര്‍ടോ അക് അബല്‍ (1952) ‍. ലാറ്റിന്‍ അമേരിക്കയിലെ പ്രാദേശികഭാഷകളില്‍നിന്ന് ഏറ്റവുമധികം വിവര്‍ത്തനം ചെയ്യപ്പെട്ട കവിയാണിദ്ദേഹം. വൃക്ഷങ്ങള്‍ സംസാരിക്കുമെങ്കില്‍, ആ മുഴക്കത്തെ അനുസ്മരിപ്പിക്കുംവിധം ഗംഭീരമായ ശബ്ദത്തിലാണത്രേ അദ്ദേഹത്തിന്റെ കവിതാവായന!. വെള്ളത്തില്‍ തെളിയുന്ന പ്രതിബിംബംപോലെ സുതാര്യമോ നിഷ്കളങ്കമോ ആയ ഭാവനകളാണ് അദ്ദേഹത്തിന്റെ ഈരടികള്‍. സ്പാനിഷില്‍നിന്ന് ഏള്‍ ഷോറിസും സില്‍വിയ ഷോറിസ്സും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ പാഠങ്ങളാണ് ഈ മലയാളപ്പകര്‍ച്ചകള്‍ക്കാധാരം.

ഇലകള്‍ പോലെ
ഇലപോല്‍ മറവി.
പൊഴിയുന്നു കിളിര്‍ക്കുന്നു.
ഇല ഇലയല്ലാതാവുന്നു
മരം മരമല്ലാതാവുമ്പോള്‍ മാത്രം

ഓര്‍മ്മകള്‍
പലപ്പോഴും ഞാന്‍
പിന്നാക്കം നടക്കുന്നു.
പലതും ഓര്‍ത്തിരിക്കാന്‍ എന്റെ വഴി.
മുന്നാക്കം മാത്രം നടന്നെങ്കിലോ
മറവിയെക്കുറിച്ചല്ലേ
നിന്നോടു പറയാനാവൂ?
(മൊഴിമാറ്റം എന്‍ ജി ഉണ്ണികൃഷ്ണന്‍)

പ്രാര്‍ത്ഥന
പള്ളികളില്‍ കേള്‍ക്കാനാവുന്നത്
ബഞ്ചുകളായിമാറിയ
മരങ്ങളുടെ പ്രാര്‍ത്ഥന മാത്രം
(മൊഴിമാറ്റം വി എം ഗിരിജ)

അമ്മൂമ്മ
ഗ്രാമങ്ങളുടെ അമ്പിളിയമ്മൂമ്മ
കുമ്മായവെളുപ്പാര്‍ന്ന മെഴുതിരിയുമായി
മൌനത്തെ പ്രകാശിപ്പിയ്ക്കാന്‍ വരുമ്പോള്‍
രാത്രി തുടങ്ങുന്നു.
ഇരുട്ട്
മലയിടുക്കില്‍ ഒളിക്കുന്നു.
ചെറുകിളികള്‍
പാട്ടു ചുരുട്ടിവെയ്ക്കുന്നു,
മരങ്ങള്‍ സ്വന്തം നിഴലുകളില്‍
കിടന്നുറങ്ങുന്നു.
നൂറ്റാണ്ടുകളോളം ഉറങ്ങാതിരുന്ന അമ്മൂമ്മ
രാത്രിയുടെ കണ്ണുകളിലേയ്ക്കു താഴുന്നു.
(മൊഴിമാറ്റം വി എം ഗിരിജ)

ആദ്യയാമങ്ങള്‍
രാവേറെച്ചെന്ന നേരങ്ങളില്‍
നക്ഷത്രങ്ങള്‍ നഗ്നരായി
പുഴകളില്‍ കുളിക്കുന്നു.
മൂങ്ങകള്‍ അവരെ കൊതിക്കുന്നു.
മൂങ്ങാത്തലകളിലെ കുഞ്ഞുതൂവലുകള്‍
എഴുന്നു നില്ക്കുന്നു.
(മൊഴിമാറ്റം വി എം ഗിരിജ)

ചന്ദ്രനും തൂവലും
ചന്ദ്രന്‍ എനിയ്ക്കൊരു തൂവല്‍ തന്നു.
എന്റെ കൈയില്‍
അതു പാടുന്നപോലെ തോന്നി.
ചന്ദ്രന്‍ ചിരിച്ചു.
എന്നോട് പാടാന്‍ പഠിയ്ക്കാന്‍ പറഞ്ഞു.
(മൊഴിമാറ്റം പി എന്‍ ഗോപീകൃഷ്ണന്‍)

അന്ന്
അന്നവളെത്തിയ-
തത്രമേല്‍ ശക്തിയില്‍;
പൊട്ടിത്തകര്‍ന്നുപോയ്
എന്റെയേകാന്തത!
(മൊഴിമാറ്റം പി പി രാമചന്ദ്രന്‍)

പൊട്ടിച്ചിരി
പത തിരയുടെ പൊട്ടിച്ചിരി

അവയെന്താണ്?
മാനത്തു മിന്നുന്നതെന്താണ്?
തേനീച്ചകള്‍ എന്നമ്മ.
അന്നുമുതല്‍ എല്ലാ രാത്രിയിലും
എന്റെ കണ്ണുകള്‍ തേനുണ്ണുന്നു.

കുളം
കുളത്തിലൊത്തിരി നക്ഷത്രങ്ങളുണ്ടായിരുന്നു.
ഞാനച്ഛനോടു പറഞ്ഞു,
അവയെല്ലാം പുറത്തെടുക്കാന്‍.
അച്ഛന്‍ വെള്ളമെല്ലാം തുള്ളിതുള്ളിയായി
എന്റെ കൈയ്യില്‍ എടുത്തുവെച്ചുതന്നു.
പുലര്‍ച്ചെ
എനിയ്ക്കു കാണണമായിരുന്നു
ശരിയ്ക്കും അവയെല്ലാം
എടുത്തുമാറ്റിയോ എന്ന്.
അതെ, ശരിയായിരുന്നു,
കുളത്തിലുണ്ടായിരുന്നത്
ആകാശം മാത്രം.

Subscribe Tharjani |
Submitted by സുനില്‍ (not verified) on Sun, 2007-06-03 10:22.

കുറച്ചുകൂടെ ക്യാമ്പനുഭവങ്ങള്‍‍ പങ്കുവെക്കാമായിരുന്നു, മാഷെ. ഇത്ര പിശുക്ക്‌ വേണായിരുന്നോ? -സു-

Submitted by ബെന്നി (not verified) on Sun, 2007-06-03 17:48.

അങ്ങനെയൊരു റൈറ്റേഴ്സ് ഗസ്‌റ്റ്‌ഹൌസുണ്ടോ കൊളത്തൂരില്‍?

മൊഴിമാറ്റ വര്‍ക്ക്‌ഷോപ്പാണോ കുടിയില്‍ നടന്നത്? ആരെങ്കിലും പേപ്പറുകള്‍ അവതരിപ്പിക്കുകയുണ്ടായോ? എന്തായാലും, സുനില്‍ പറഞ്ഞ പോലെ, കുറച്ചുകൂടി വലിയൊരു ലേഖനം എഴുതാമായിരുന്നില്ലേ മാഷേ?

Submitted by PPRamachandran (not verified) on Sun, 2007-06-03 21:17.

ജനുവരിയില്‍ നടന്ന പരിപാടിയാണ്. അന്നത്തെ പല ചര്‍ച്ചകളും ഇപ്പോള്‍ ഓര്‍ത്തെടുക്കാനായില്ല. അതിനാലാണ് വിസ്തരിച്ചെഴുതാഞ്ഞത്. ചിന്തയുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ ഒരു ശില്പശാലയെപ്പറ്റി ആലോചിച്ചാലോ? എഴുത്തുകാരുടേയും കലാകാരന്മാരുടേയും ഒരൊത്തുകൂടല്‍? ഉത്സാഹിക്കാന്‍ ഞാനുമുണ്ടാവാം.

Submitted by സുനില്‍ (not verified) on Mon, 2007-06-04 11:28.

ബെന്നീ, ഞങ്ങടെ നാട്ടില്‍ അങ്ങനെയും ഉണ്ട്‌. ഒരു കൂട്ടം “വട്ടുകേസുകള്‍”" എന്ന് സാധാരണക്കാര്‍ വിശേഷിപ്പിക്കുന്നവരുടെ കൂട്ടായ്മയാണത്‌.
പി.പി.ആറ് മുന്നില്‍ നിന്നാല്‍ വളരെ നല്ലത്‌. തീര്‍ച്ചയായും ആലോചിക്കേണ്ട വിഷയം. മെയിലയക്കാം. -സു-

Submitted by Rehna Khalid (not verified) on Mon, 2007-06-04 12:34.

ലളിത സുന്ദരമായ വരികള്‍.കവി പരിചയത്തിനും പരിഭാഷകള്‍ക്കും നന്ദി