തര്‍ജ്ജനി

മുഖമൊഴി

സ്മാര്‍ട്ട്സിറ്റിയും കേരളത്തിന്റെ ഐ.ടി നയവും

കഴിഞ്ഞ മാസം കേരളത്തിലെ പ്രധാനവാര്‍ത്തകള്‍ സ്മാര്‍ട്ട്സിറ്റിക്കരാര്‍ , പാത്രക്കടവ് പദ്ധതി , മുന്നാറിലെ ഭൂമികയ്യേറ്റം എന്നിവയായിരുന്നു. ഇവയിലൊന്നും പുതിയ വാര്‍ത്തയല്ല. കഴിഞ്ഞ കുറേക്കാലമായി മാദ്ധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടവയും നിയമസഭയിലും തെരുവിലും കൈകാര്യം ചെയ്യപ്പെട്ടവയുമായിരുന്നു ഈ വിഷയങ്ങളെല്ലാം. എന്നാല്‍ അവയുമായി ബന്ധപ്പെട്ട ഗണ്യമായ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായി എന്നതാണ് വീണ്ടും ഇവ വാര്‍ത്തയാവാന്‍ കാരണം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കൊച്ചിയിലെ സ്മാര്‍ട്ട്സിറ്റി പദ്ധതി ആദ്യമായി ആലോചനയിലെത്തുന്നത്. ദുബായ് ഇന്റര്‍നെറ്റ്സിറ്റിയെന്ന സ്ഥാപനത്തിന്റേയും കേരള സര്‍ക്കാരിന്റേയും കൂട്ടുസംരഭമെന്ന നിലയില്‍ ഐ.ടി മേഖലയിലെ ഒരു വന്‍ പദ്ധതിയായി സ്മാര്‍ട്ട്സിറ്റി അവതരിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ വിവാദങ്ങള്‍ ആരംഭിച്ചു. സര്‍ക്കാരിന്റെ പങ്കാളിയായി വരുന്ന ദുബായിലെ കമ്പനിയുടെ യോഗ്യതയാണ് ഇക്കൂട്ടത്തില്‍ ആദ്യമേ തന്നെ എടുത്തു കാണിക്കപ്പെട്ട വസ്തുത. ഐ.ടി മേഖലയിലെ സേവനദാതാവോ ഐ.ടി ഉല്പന്നങ്ങളുണ്ടാക്കുന്നതോ ആയ കമ്പനിയല്ല അതെന്നും റിയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്നുമായിരുന്നു വിമര്‍ശനം. രണ്ടാമതായി ഈ കമ്പനിയുമായി ഉണ്ടാക്കുന്ന കരാറിലെ വ്യവസ്ഥകളാണ്. സ്മാര്‍ട്ട്സിറ്റിക്കു വേണ്ട സ്ഥലം ഏറ്റെടുക്കുന്നത്, കമ്പനിയിലുള്ള സര്‍ക്കാര്‍ പങ്കാളിത്തം, മറ്റു ഐ.ടി സംരഭങ്ങള്‍ സ്മാര്‍ട്ട്സിറ്റിയുടെ അരികിലെങ്ങും പാടില്ല എന്ന വ്യവസ്ഥ, ഇന്‍ഫോ പാര്‍ക്ക് എന്ന കൊച്ചിയിലെ സ്ഥാപനം തങ്ങളുടെ വരുതിയില്‍ വേണം എന്ന ദുബായ്‌ക്കമ്പനിയുടെ ആവശ്യം എന്നിവയെല്ലാം വിമര്‍ശനത്തിന് വിഷയമായി. ഈ കമ്പനിക്ക് ആവശ്യമായ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ നല്കുന്നത് തുച്ഛമായ വിലയ്ക്കാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു . ഇതെല്ലാം വസ്തുതകള്‍ തന്നെയാണ് എന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കാര്യത്തില്‍ നാടകീയമായ രാഷ്ട്രീയമലക്കംമറിച്ചിലുകള്‍ ഉണ്ടായി. കരാറിന്റെ ആദ്യവ്യവസ്ഥകള്‍ ചിലത് വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റി. വിഷയം കോടതിയിലെത്തി. കരാര്‍ പൊതുതാല്പര്യത്തിന് വിരുദ്ധമാണെന്നും കരാറിലേര്‍പ്പെടുന്നത് തടയണം എന്നും അപേക്ഷിച്ചുള്ള ഹരജിയില്‍ കരാറിലേര്‍പ്പെടാന്‍ സര്‍ക്കാരിന് അനുമതി നല്കിക്കൊണ്ട് കോടതി വിധി വന്നു. എന്നാല്‍ തെരഞ്ഞടുപ്പ് അടുത്ത സന്ദര്‍ഭമായതിനാല്‍ ഇതൊരു ഇലക്‍ഷന്‍ വിഷയമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഐ.ടി, വികസനം, വികസനവിരുദ്ധരാഷ്ട്രീയം എന്നീ പ്രമേയങ്ങള്‍ തെരഞ്ഞടുപ്പില്‍ ഉന്നയിക്കാനുള്ള അവസരമായി അന്നത്തെ സര്‍ക്കാര്‍ ഇതിനെക്കണ്ടു. കാര്യമെന്തായാലും തെരഞ്ഞടുപ്പില്‍ സ്മാര്‍ട്ട് സിറ്റിക്കരാറിനെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് അനുകൂലമായിരുന്നു ജനവിധി.

പുതിയ സര്‍ക്കാര്‍ ഒരു വര്‍ഷം തികയ്ക്കുമ്പോള്‍ സ്മാര്‍ട്ട്സിറ്റി കരാര്‍ ഒപ്പിടുന്നുവെന്നത് വന്‍ നേട്ടമായി എടുത്തു കാണിക്കുകയാണ്. ഈ പദ്ധതിയുടെ മുതല്‍മുടക്ക്, ഇതിലൂടെ ഉണ്ടാകാവുന്ന തൊഴിലവസരങ്ങള്‍, പഴയ സര്‍ക്കാരിന്റെ പൊതുതാല്പര്യത്തിനെതിരായ വ്യവസ്ഥകള്‍, അതിനു പിന്നിലുള്ള അഴിമതി, പുതിയ കരാറിലെ വ്യവസ്ഥകള്‍ എല്ലാം ചേര്‍ത്ത് ഇതൊരു നേട്ടമാണെന്ന് ആര്‍ക്കും തോന്നാം.

എന്നാല്‍ ഇതിന് ഒരു മറുവശമുണ്ട്. ഇത് ആരുടെ പദ്ധതിയാണ് ? കേരളത്തിലെ ജനങ്ങള്‍ ആവശ്യപ്പെട്ട ഒരു പദ്ധതിയാണോ സ്മാര്‍ട്ട്സിറ്റി? കേരളത്തിന്റെ ഐ.ടി വികസനത്തിന്റെ അടിത്തറ പാകുന്ന പദ്ധതിയാണോ ഇത് ? എല്ലാറ്റിനും ഒടുവിലായി, നമ്മുടെ പ്രഖ്യാപിത ഐ.ടി നയവുമായി ഇണങ്ങിപ്പോകുന്നതാണോ ഈ പദ്ധതി?

എളുപ്പമുള്ള ഉത്തരമല്ല മേല്പറഞ്ഞ ചോദ്യങ്ങള്‍ക്ക് നല്കാനുള്ളത്. കൊച്ചി നഗരത്തിന് കണക്ടിവിറ്റിയുടേയും ബാന്‍ഡ്‌വിഡ്‌ത്തിന്റേയും കാര്യത്തിലുള്ള മികവ് ചൂഷണം ചെയ്യാനാഗ്രഹിക്കുന്ന ഒരു വ്യവസായസംരഭകന്റെ പദ്ധതിയാണിത്. മുടക്കുമുതലില്‍ നിന്ന് പരമാവധി ലാഭം കൊയ്യാനാഗ്രഹിക്കുന്ന ഏതൊരു സംരഭകനെയും പോലെ പരമാവധി ആനുകൂല്യങ്ങള്‍ മുന്‍സര്‍ക്കാരില്‍ നിന്ന് നേടാന്‍ സംരഭകനു സാധിച്ചു. എന്നാല്‍ എതിര്‍പ്പു കാരണം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചില്ല . പുതിയ സര്‍ക്കാരുമായി ചര്‍ച്ച നടത്തി പഴയ വന്‍ലാഭങ്ങളില്‍ ചിലതെല്ലാം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഒപ്പിടുന്ന കരാര്‍ സംരഭകന്റെ ആത്യന്തികവിജയം തന്നെയാണ്. സംരംഭകനെക്കുറിച്ച് മുമ്പ് ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം അതു പോലെ നിലനില്ക്കമ്പോഴും കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സംരഭകന് സാധിക്കുന്നു. അവിടെ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളൊന്നും പ്രതിബന്ധമാകുന്നില്ല.

എന്നാല്‍ കേരള സര്‍ക്കാരിന്റെ പുതിയ ഐ.ടി നയം പ്രഖ്യാപിച്ച് ഏറെക്കഴിയുന്നതിനു മുമ്പാണ് ഈ കരാര്‍ എന്നതിനാല്‍ ഐ.ടി നയവും ഈ പദ്ധതിയും തമ്മിലുള്ള ബന്ധം എന്തെന്ന് ആലോചിക്കേണ്ടതുണ്ട്. കുത്തക സോഫ്റ്റ്‌വേറുകളില്‍ നിന്ന് മാറി ഓപ്പണ്‍സോഴ്സ് സോഫ്റ്റ്‌വേറുകളുടെ വന്‍കേന്ദ്രമാക്കി കേരളത്തെ മാറ്റിത്തീര്‍ക്കാന്‍ വിഭാവനം ചെയ്യുന്ന ഐ.ടി നയത്തിന് വിരുദ്ധമാണ് ഈ പദ്ധതി. ഓപ്പണ്‍സോഴ്സ് സോഫ്റ്റ്‌വേറുകളും ഈ പദ്ധതിയും തമ്മില്‍ ഒരു ബന്ധവുമില്ല. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വേര്‍ മേഖലയിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍.

സ്ഥലം ഏറ്റെടുക്കല്‍, പ്രത്യേക സാമ്പത്തികമേഖലാ പദവി എന്നിങ്ങനെ അനുബന്ധവിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വേറെയും നിലനില്ക്കുന്നുണ്ട് . പ്രഖ്യാപിതമായ ഐ.ടി നയത്തില്‍ നിന്ന് വ്യതിചലിച്ച് നിലവില്‍ വരുന്ന പദ്ധതി കേരളത്തിന്റെ ഐ.ടി വികസനത്തില്‍ എന്തു സംഭാവന നല്കുമെന്നു വരാനിരിക്കുന്ന നാളുകളില്‍ നമ്മുക്ക് കാണാവുന്നതാണ്. ഒരു ജനസമൂഹത്തിനപ്പാടെ അപമാനകരവും തീവെട്ടിക്കൊള്ള നടത്തുന്നതുമായ പഴയ വ്യവസ്ഥകളില്‍ നിന്ന് ഉണ്ടായ മാറ്റങ്ങള്‍ ആശ്വാസകരമാണ് എന്നത് മറക്കാനാവില്ല. അതിനപ്പുറത്ത് നേട്ടങ്ങള്‍ ആര്‍ക്ക് എന്ന ചോദ്യം മാത്രം ബാക്കി നില്ക്കുന്നു.

പാത്രക്കടവിലും മുന്നാറിലും നേരത്തെ പറഞ്ഞതു പോലെ നയത്തില്‍ നിന്ന് ബഹുദൂരം അകന്ന് സഞ്ചരിക്കുന്ന സര്‍ക്കാരിനെയാണ് നാം കാണുന്നത്. അല്ലെങ്കിലും സര്‍ക്കാരുകളുടെ നയം പ്രഖ്യാപിത നയങ്ങളില്‍ നിന്നും അകന്നു നില്ക്കുന്ന പ്രവര്‍ത്തനം നടത്തുകയാണ് എന്ന് സിനിസിസത്തോടെ പറഞ്ഞ് നമ്മുക്കും പിന്മാറി നില്ക്കാം. വികസനവിരുദ്ധന്‍ എന്ന ആക്ഷേപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അതല്ലാതെ എന്തു വഴി?

Subscribe Tharjani |
Submitted by baburaj on Sun, 2007-05-06 19:45.

കേരളത്തിന്റെ പ്രഖ്യാപിത ഐ ടി നയം ഒരു ഭരണകൂടത്തിന്റെ സുഖിപ്പിപ്പു തന്ത്രമാണ്. ഓപ്പണ്‍ സോഴ്സ് എന്നൊക്കെ ഉച്ചത്തില്‍ കൂവുന്നത് അതു കാരനമാണ്. എന്നാല്‍ അതാവില്ല ധനസമാഹരണം ബാധപോലെ ആവേശിച്ച ഒരു പാര്‍ട്ടിയുടെ നയം. അപ്പോള്‍ മൂലധനക്കുത്തകകള്‍ക്ക് ആളുകളെ ഒഴിപ്പിച്ചും സ്ഥലം കണ്ടെത്തി കൊടുക്കും. കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താന്‍ വിദേശയാത്ര നടത്തും. ചെല്ലും ചെലവും കൊടുത്ത് കോട്ട് -സ്യൂട്ട് വേഷധാരികളെ ഇവിടെ വരുത്തും . അവരോപ്പം കിടന്നുറങ്ങും. എന്നിട്ട് എഴുന്നേറ്റു നിന്ന് പഴയ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നും ഇപ്പോള്‍ ഞങ്ങളെല്ലാം ശരിയാക്കിയെന്നും പുരപ്പുറത്തു കയറി നിന്ന് ആര്‍ക്കും.. ശരിയായിരിക്കും. ആര്‍ക്കറിയാം....?

Submitted by challliyan (not verified) on Tue, 2007-05-15 08:49.

ജനയുഗം ദിനപത്രത്തിന്‍റെ ബക്കറ്റ് പിരിവ് കോടികള്‍ കവിഞ്ഞു, നന്ദിഗ്രാമത്തിലെ പുനരുദ്ധാരണത്തിന് ലക്ഷങ്ങള്‍ മാത്രം. ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണോ ഇതെല്ലാം. ലെനിന്‍ പണ്ട് വര്‍ഷങ്ങള്‍ ഒളിവില്‍ കഴിഞ്ഞസമയത്താണ് കമ്യൂണിസം പഠിച്ചത് എന്ന് വായിച്ചിട്ടുണ്ട്. ഇന്നത്തെ പ്രബുദ്ധരായ രാഷ്ടീയക്കാര്‍ ഏത് രാഷ്ടതന്ത്രം എത്ര നേരം വായിച്ചു എന്നത് കൌതുകകരമായിരിക്കാം.

ചള്ളിയാന്‍