തര്‍ജ്ജനി

ആര്‍. രാധാകൃഷ്ണന്‍

Head- IT centre
Intrumentation Ltd
Palakkad 678623
ഫോണ്‍: 0491-2567595

Visit Home Page ...

കഥ

ഉമ്മക്കൊല്‍സുവിന്റെ സങ്കടങ്ങള്‍

ഇക്കഴിഞ്ഞ റിപ്പബ്ലിക്ദിനത്തിന്‌ രണ്ടു ദിവസം മുമ്പാണ്‌ ഉമ്മക്കൊല്‍സു പട്ടണത്തിലെ ഡോക്ടര്‍ ഹൈമവതിയുടെ പരിശോധനാ മുറിയില്‍ ആദ്യമായി കയറുന്നത്‌.

ഒരു കുട്ടി മാത്രം മതിയെന്ന തീരുമാനത്തില്‍ അകത്തിട്ട ചെമ്പുകഷണം ഉള്ളിലിരുന്ന്‌ അസ്വസ്ഥതകള്‍ ഉണ്ടാക്കിയപ്പോഴാണ്‌ സ്ത്രീരോഗ വിദഗ്ദ്ധയായ ഒരു ലേഡീ ഡോക്ടറെ കാണാന്‍ അവളും ഭര്‍ത്താവും തീരുമാനിച്ചത്‌.

പട്ടണത്തിലെ പ്രസിദ്ധനായ ഗൈനക്കോളജിസ്റ്റ്‌ പുരുഷ ഡോക്ടര്‍ ആണെന്ന്‌ അവളെ കുറെ നാളായി അലോസരപ്പെടുത്തിയിരുന്നു. തങ്ങള്‍ രാജസ്ഥാനില്‍ ഉണ്ടായിരുന്നപ്പോള്‍ അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മിസ്സിസ്‌ ലളിതാ ശര്‍മ്മ എന്ന വയസ്സായ സ്ത്രീ ഡോക്ടറായിരുന്നു ഇത്‌ ഉള്ളില്‍ നിക്ഷേപിച്ചത്‌.

കുറെ ദിവസത്തെ ചര്‍ച്ചകള്‍ക്ക്‌ ശേഷമാണ്‌ അവര്‍ ഡോക്ടര്‍ ഹൈമവതിയെ കണ്ടാല്‍ മതിയെന്ന്‌ തീരുമാനിച്ചത്‌. ചെറുകുടുംബം എന്ന തീരുമാനം ഉറച്ചതു തന്നെയെന്നതു കൊണ്ട്‌ ലോഹക്കഷണം പുറത്തെടുത്ത്‌ ഒരുമാസത്തിനുള്ളില്‍ പുതിയത്‌ നിക്ഷേപിക്കുക എന്നതായിരുന്നു അവരുടെ സന്ദര്‍ശനോദ്ദേശ്യം.

ഡോക്ടറുടെ വെളുത്ത ഗ്ലൗ ധരിച്ച ഗോതമ്പിന്‍ നിറമുള്ളകൈ ഉള്ളില്‍ പരതി തറഞ്ഞു കിടക്കുന്ന സംരക്ഷണോപാധി പുറത്തെടുക്കുവാന്‍ പരമാവധി ശ്രമിച്ചു.

ഓപ്പറേഷന്‍ തിയേറ്ററിന്റെ സാമഗ്രികള്‍ അത്യാവശ്യമെന്ന്‌ കണ്ട്‌, കൈ കഴുകി വന്ന ഡോക്ടര്‍ രണ്ടു പേരോടുമായി പറഞ്ഞു.

"നാളെ ടൗണിലെ ദൈവകൃപാ ഹോസ്പിറ്റലില്‍ വരൂ. എറൗണ്ട്‌ ടെന്നോ ക്ലോക്ക്‌, അവിടുത്തെ തിയേറ്റര്‍ റെഡിയാക്കി വെയ്ക്കാന്‍ പറയാം".

പിറ്റേന്ന്‌, തിയേറ്റര്‍ കിടക്കയില്‍ ഇരുകാലിന്റെയും പെരുവിരല്‍ ഓരോ ഹുക്കില്‍ ഘടിപ്പിച്ച്‌, അകത്തി വച്ച തുടകള്‍ക്കിടയിലൂടെ കൃതഹസ്തയായ ഹൈമവതി ഡോക്ടര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ 'ടി' പുറത്തെടുത്തപ്പോള്‍ ഉമ്മക്കൊല്‍സുവിന്‌ വേദന സഹിക്കാനായില്ല.

ഉള്ളില്‍ നിന്നും കൊളുത്തിവലിക്കുന്ന വേദന, വേദനകളുടെ പ്രഭവസ്ഥാനങ്ങള്‍ തിരിച്ചറിയാനാവുന്നില്ല.

ഉമ്മക്കൊല്‍സു തന്റെ കലാലയ പഠനകാലത്ത്‌ ബോട്ടണി ലാബില്‍ ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ വിടര്‍ത്തി കേസരനാളി പുറത്തെടുക്കുമ്പോള്‍ അനുഭവിച്ച ലാഘവവും സുഖവും ഡോക്ടറുടെ മുഖത്ത്‌ കണ്ടു.

'നിത്യ അഭ്യാസി ആനയെ എടുക്കും' എന്ന പഴഞ്ചൊല്ല്‌ ഓര്‍ത്ത്‌ അവള്‍ ചിരിയ്ക്കാന്‍ വ്യഥാ ശ്രമം നടത്തി.

വേദന അല്‍പമെങ്കിലും കുറയട്ടെ എന്ന മനഃപൂര്‍വ്വമായ ഉദ്ദേശ്യം ഫലം കണ്ടില്ലെങ്കിലും.

രാജ്യത്തിന്റെ രക്ഷയ്‌ക്കു വേണ്ടുന്ന ഉപകരണങ്ങള്‍ ലോകത്തിന്‌ പ്രദര്‍ശിപ്പിക്കുന്ന വന്‍ ചടങ്ങ്‌ ടിവി യില്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ്‌ ഉമ്മക്കൊല്‍സു ചാനലിന്റെ ഫ്ലാഷ്‌ ന്യൂസില്‍ ആ വാര്‍ത്ത കണ്ടത്‌. മനുഷ്യജീവികളുടെ രക്ഷയ്ക്ക്‌ ആരും ഉണ്ടാവില്ലെന്ന്‌ ഓര്‍മ്മപ്പെടുത്തുന്ന വന്‍ ഭൂചലനം ഗുജറാത്തിനെ തകര്‍ത്ത വാര്‍ത്ത.

തലേന്ന്‌ തനിയ്ക്ക്‌ ഉണ്ടായ സ്ട്രെസ്സ്‌ റിലീവിംഗ്‌ പോലെ ഭൂമിയ്ക്ക്‌ എപ്പോഴോ എവിടെയോ സ്ട്രെസ്സ്‌റിലീഫ്‌ കിട്ടിയോ? -അവള്‍ ഓര്‍ത്തു.

-ഭുജ്നഗരത്തിലെ, ബചാവ്‌ ഗ്രാമങ്ങളിലെ പിളര്‍ന്ന ഭാഗങ്ങളിലൂടെ ഭൂമിയുടെ ഉള്ളിലെ വേദനയ്ക്ക്‌ ആശ്വാസമായി ഒരു നിശ്വാസം ഉയര്‍ന്നതോ!

അവള്‍ക്ക്‌ പേടി തോന്നിയതും വെറുതെയോരോന്ന്‌ ചിന്തിച്ചുകൂട്ടാന്‍ തുടങ്ങി.

തന്റെ ഉള്ളില്‍ അമര്‍ത്തി വച്ചിരുന്ന ഒരു ചെമ്പടപ്പ്‌ തുറന്ന്‌, ആ മൂടി പുറത്തെടുത്തപ്പോള്‍ തുടങ്ങിയ വേദന ഈ വസുധയും അനുഭവിച്ചതോ?

അവള്‍ തന്റെ മലയാളനാടിനെക്കുറിച്ച്‌ ഓര്‍ത്തു. അവിടെ എന്തായാലും ഭൂമികുലുക്കം ഉണ്ടാവില്ല.

കേരള ഭൂമിയ്ക്ക്‌ സ്ട്രെസ്സ്‌ റിലീഫ്‌ കിട്ടാന്‍ എല്ലാവര്‍ഷവും ചിങ്ങമാസത്തിലെ തിരുവോണനാള്‍ മഹാബലി പാതാളത്തില്‍നിന്നെത്തുന്നുണ്ടല്ലോ.

ഈ പാസ്സേജ്‌ ഇവിടുത്തെ പ്രദേശത്തെ സ്ട്രെസ്സ്‌ ലോജിക്കലായെങ്കിലും കുറയ്‌ക്കുന്നുണ്ടല്ലോ-

അവള്‍ നര്‍മ്മം പുരട്ടി ചില സത്യങ്ങള്‍ക്ക്‌ പര്‍ദ്ദയിടാന്‍ ശ്രമിച്ചു.

കേരളത്തെ സംബന്ധിച്ച മഹാബലിയുടേയും പരശുരാമന്റേതുമായ ഐതിഹ്യങ്ങളില്‍ കാലഗണനാ പൊരുത്തക്കേടുകള്‍ ഉള്ളതുകൊണ്ട്‌ അവള്‍ പരശുരാമക്കഥയിലൂടെയും ഒരു അപഗ്രഥനം നടത്തി നോക്കി.

വലിച്ചെറിഞ്ഞ മഴു തറഞ്ഞുപോയ ഭൂമിയില്‍ നിന്ന്‌ തിരികെയെടുക്കാന്‍ പരശുരാമന്‍ തന്നെ പുനരവതരിക്കണം!!! അപ്പേഴേ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വലിയൊരു ഭൂചലനം ഉണ്ടാവൂ-റിച്ചറെന്നല്ല ഒരു തരം സ്കയിലിലും അളക്കാന്‍പറ്റാത്ത ഒന്ന്‌!

ഉമ്മക്കൊല്‍സുവിന്റെ സെക്കുലര്‍ ചിന്തകള്‍ വളരുകയായിരുന്നു.

അവള്‍ ഒന്ന്‌ തീര്‍ച്ചയാക്കി - എന്തായാലും നാളെത്തന്നെ അഥവാ ഈയാഴ്ച തന്നെ, പുതിയൊരു 'മള്‍ട്ടിലോഡ്‌' വാങ്ങി ഹൈമവതി ഡോക്ടറെക്കൊണ്ട്‌ ഉള്ളില്‍ നിക്ഷേപിച്ചാലേ എന്റെയും ഭുമിയുടെയും ഉള്ളിലെ വിങ്ങല്‍ അവസാനിക്കൂ-

പ്രകൃതി വിരുദ്ധം എന്നത്‌ ഉല്‍പതിഷ്‌ണുക്കളുടെ നിഘണ്ടുവില്‍ ഇല്ലല്ലോ.

ഭര്‍ത്താവിനൊപ്പം അവള്‍ അടുത്തദിവസം തന്നെ ഡോക്ടറെക്കാണാന്‍ പുറപ്പെട്ടു. അവരുടെ വഴിയില്‍ വീരപ്പനെ തിരയുന്ന പ്രത്യേക ദൗത്യ സംഘം എല്ലാ വാഹനങ്ങളും തടഞ്ഞു പരിശോധിക്കുകയാണ്‌.

'അതിരടിപ്പടൈ' എന്ന്‌ വിളിക്കപ്പ്ടുന്ന തമിഴ്‌ സംഘത്തിന്റെ തലയില്‍ അറബികളുടേത്‌ മാതിരി കറുത്ത തുണിയുടെ തലക്കെട്ട്‌.അവരുടെ കൈകളില്‍ എ.കെ. 47, മെറ്റല്‍ ഡ്റ്റക്ടറുകള്‍ ഒക്കെ ഉണ്ടായിരുന്നു. ചിലപ്പോള്‍ അവരൊക്കെ ബാബു ആന്റണിയുടെ സിനിമകളിലെ സ്റ്റണ്ട്‌ മാസ്റ്റര്‍മാരെ ഓര്‍മ്മപ്പെടുത്തി.

ഉമ്മക്കൊല്‍സുവിന്റെ ദൃഷ്ടിയും ചിന്തയും ആ വഴിക്ക്‌ തിരിയുകയായിരുന്നു.

ഡോക്ടറെക്കൊണ്ട്‌ കോപ്പര്‍ടീ ഇന്‍സേര്‍ട്ട്‌ ചെയ്തു വരുമ്പോഴാണ്‌ ഈ ചെക്കിംഗ്‌ എങ്കില്‍ സ്ത്രീ ശരീരത്തിലെ ലോഹക്കഷണങ്ങളെ അവരുടെ കൈയിലുള്ള മെറ്റല്‍ ഡിറ്റക്ടറുകള്‍ കണ്ടുപിടിച്ച്‌ പ്രശ്നമാക്കുമോ? ഉത്തരം നിര്‍ധാരണം ചെയ്തെടുക്കാനായില്ലെങ്കിലും അവള്‍ സമാധാനിച്ചു.

ഇക്കാലമത്രയും കുതിച്ചു ചാട്ടങ്ങള്‍ നടത്തിയ ശാസ്ത്രം ഭൂകമ്പ പ്രവചനം ചെയ്യാനാവാതെ ഇതികര്‍ത്തവ്യതാ മൂഢമായി നിന്ന സന്ദര്‍ഭമായിരുന്നുവല്ലോ ഈ റിപ്പ്ബ്ലിക്ദിവസം! സ്ത്രീശരീരവും മനസ്സും എപ്പോഴും ശാസ്ത്രങ്ങള്‍ക്ക്‌ ഇത്തരം ദശാസന്ധികളെ സംഭാവന ചെയ്യാറുള്ളതുമാണല്ലോ!!. പെണ്‍കുട്ടികള്‍ റിപ്പബ്ലിക്കും രാഷ്ട്രവും ആയി കവികള്‍ക്ക്‌ തോന്നുന്നത്‌ വെറുതെയല്ല.

Subscribe Tharjani |