തര്‍ജ്ജനി

നിരൂപണം

ഒച്ചയില്‍ ഒളിപ്പിച്ച അര്‍ത്ഥങ്ങളുടെ ഉപമ

നിശ്ശബ്ദതയോളമെത്തുന്ന സവിശേഷ ആഖ്യാന നിര്‍വ്വഹണമാണ് ഉത്തരാധുനിക മലയാള കവിതയെ വേറിട്ടുനിര്‍ത്തുന്ന പ്രധാന വസ്തുത. മൌനത്തില്‍ മുഴങ്ങാനുള്ള പ്രത്യേകമായൊരു വെമ്പല്‍ പുതിയ കാവ്യാവിഷ്കാരങ്ങളുടെ ആസ്വാദനത്തെ നിണ്ണയിച്ചിട്ടുണ്ട്. പഴയ കാവ്യധാരയില്‍ നിന്നുള്ള ഈ വിഛേദത്തിന് സാമൂഹികവും രാഷ്ട്രീയവുമായ നിരവധി അന്തര്‍ദ്ധാരകള്‍ കണ്ടെത്താവുന്നതാണ്. അരികിലാക്കപ്പെട്ട അനുഭവതലങ്ങളെ പ്രമേയമാക്കി എന്നതിനൊക്കെ അപ്പുറം വാക്കിലും പരിചരണത്തിലും അതീവ ശ്രദ്ധ കാട്ടുകയും ഭാഷയെ അതിന്റെ അഗാധതയില്‍ പോയി വീണ്ടെടുക്കുകയും ചെയ്തു എന്നത് നിസ്സാരമല്ല. ഒരു അനുഭവത്തെ ചരിത്രബോധത്തോടെയും രാഷ്ട്രീയ മുഴക്കത്തോടെയും പുറത്തുകൊണ്ടുവരാനുള്ള ഭാഷക്കായി ധ്യാനനിരതമായി കാത്തുനിന്നതിന്റെ സൂചന നല്‍കുന്ന നിരവധി കവിതകള്‍ ഈ ഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. ഓരോ വാക്കിലും ഒരു സമൂഹം ഇരമ്പുന്നുണ്ട് എന്ന തിരിച്ചറിവുള്ള എഴുത്തുകാര്‍ ഭാഷാവിനിമയത്തെ ഏറ്റവും സൂക്ഷ്മവും സുതാര്യവുമാക്കി മാറ്റും. ഭാഷ വെല്ലുവിളിയായി മാറുന്നത് ഭാഷ അറിയാത്തവര്‍ക്കല്ല, ആഴമുള്ള ഭാഷാബോധം സൂക്ഷിക്കുന്നവര്‍ക്കാണ്. ഭാഷയും ആവിഷ്കാരവും ആന്തരികമായ വേവലാതിയായി മാറിയ ഒരു കവിയെ ഈ പുസ്തകത്തിലെ കവിതകളില്‍ കാണാം. സെന്‍ കവിതയെ ഓര്‍മ്മിപ്പിക്കുന്ന ഒരു ശരീര ഭാഷ വിനോദിന്റെ കവിതയ്ക്കുണ്ട്. അതിലുമപ്പുറം ഉള്ളുലയ്ക്കുന്നവയെ ഉള്ളുലയ്ക്കുന്ന ഭാഷയില്‍ പറയാനാവുന്നില്ലല്ലോ എന്ന ഉള്‍ക്കരച്ചിലിന്റെ ഏതോ ഒരിഴ ഈ കവിയുടെ ഏത് രചനയിലും അനുഭവപ്പെടും.

ജീവിതത്തില്‍ നിന്ന്
കവിതയിലെക്ക്
വിരുന്നു പോവുമ്പോള്‍
വാക്കിന്റെ
മടിശ്ശീലയിലുണ്ടാകുമോ
അടുത്ത തവണ
മറക്കില്ലെന്നേറ്റിരുന്ന
മധുരമായൊരര്‍ത്ഥം?

(വിരുന്ന്)

സൂക്ഷ്മതയുടെ സൌന്ദര്യത്തിലോ ശ്രദ്ധയുടെ വിവേകത്തിലോ നെയ്തെടുത്ത കവിതകളാണ് ഈ സമാഹാരത്തിലെ മിക്ക രചനകളും. എന്നാല്‍ ചരിത്ര ദര്‍ശനത്തിന്റെയും രാഷ്ട്രീയധാരണയുടെയും അഭാവത്തില്‍ എളുപ്പം ചത്തുപോവുന്ന അരാഷ്ട്രീയ ധാരയില്‍പ്പെടുന്ന കവിതകളല്ല ഇവയൊന്നും. ഭാഷാസന്ദേഹങ്ങള്‍ സാമൂഹിക ഉല്‍കണ്ഠകളാവുന്നതിനാല്‍ ഈ കവിതകള്‍ കനമുള്ള രചനാസംരംഭങ്ങളാവുന്നു. മന്ത്രസമാനമായ ഭാഷയിലും അര്‍ത്ഥരഹിതമായ വാക്യങ്ങളിലും ഒന്നുമില്ലായ്മയുടെ പ്രമേയ പരിചരണത്തിലും ആതമരതിയിലും അഭിരമിച്ച് കാലക്ഷേപം ചെയ്യുന്ന നവലിബറല്‍ കാവ്യനിര്‍മ്മാതാക്കള്‍ക്കിടയിലാണ് പുലരുന്നതെങ്കിലും ചരിത്രത്തിന്റെയും കൃത്യമായ രാഷ്ട്രീയ ബോധത്തിന്റെയും ചോരയോട്ടമുള്ള വരികള്‍ ഈ കവിയുടേതായി കാണാം. ആത്മവിമര്‍ശനത്തിലൂടെയുള്ള സാമൂഹ്യബോധവും സാമൂഹ്യവിമര്‍ശനത്തിലൂടെയുള്ള ആത്മബോധവും വിനോദിന്റെ കവിതയുടെ അടരുകളില്‍ ഉള്‍പ്പെടുന്നു.

ഓരോരുത്തരും
അവരവരുടെ
പാരഡികളായാണ്
ജീവിക്കുന്നത്

(പാരഡി)

എങ്ങനെ പറഞ്ഞാലും പാതി പതിരായിപ്പോവുന്ന അനുഭവസന്ദര്‍ഭങ്ങളെ പലമട്ടില്‍ ആവിഷ്ക്കരിച്ച് അസംതൃപ്തനാവുന്ന ഒരു കവിയെ വിനോദില്‍ നമ്മള്‍ പരിചയപ്പെടുന്നു. പച്ചമണ്ണില്‍ വെയില്‍ വീഴുന്ന ഒച്ചപോലുള്ള വാക്കുകളിലാവും ചിലപ്പോള്‍ അയാള്‍ പറയുക. വെള്ളത്തിന്റെ ഒരു തുള്ളി ഇലപ്പച്ചയില്‍ നിന്ന് വേര്‍പെടുന്ന ശബ്ദത്തിലാവും ചിലപ്പോള്‍. കണ്ണാടിയിലെന്ന പൊലെ തെളിമയുടെ ബിംബ പ്രതിബിംബ ഭാവത്തിലുമാവും. ജീവിതാനുഭവത്തെ ഭാഷയുടെ തുള്ളിയില്‍ വ്യാഖ്യാനിച്ച് പ്രതിഫലിപ്പിക്കുന്ന പഴഞ്ചൊല്ലോ ആപ്തവാക്യമോ പോലെ ‘കുഞ്ഞു കണ’ ക്കവിതയും വിനോദിന്റേതായുണ്ട്. “സ്ക്രൂ” എന്ന രചന ആണിയുടെ കൂര്‍ത്ത മുനമ്പുകൊണ്ട് അതിന്റെ ആത്മകഥ എഴുതാമെന്ന മട്ടിലുള്ള കവിതയാണ്.

ഒടുവില്‍
ആഴങ്ങളിലേക്ക്
പിരിഞ്ഞ് മുറുകി
അനങ്ങാതിരിക്കാനാണ്
എല്ലാതിരിയലുകളുമെന്ന്
അതിന്റെ
കീറിയ തലയില്‍
തുരുമ്പിന്റെ ഭാഷയുണ്ടായി

(സ്ക്രൂ)

സാഹിത്യഭാഷ, വിശേഷിച്ചും കവിതാഭാഷ നിലവിലുള്ള സാമാന്യഭാഷയില്‍ നിന്ന് ബഹുദൂരം അകന്ന് അതിനെ അതിവ്യാപിച്ച് നില്‍ക്കുന്ന ഒന്നാണ്. സാഹിത്യകര്‍ത്താവിന്റെ ‘ലിറ്റററി പരോള്‍’ എന്ന് നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള ഈ സവിശേഷ എഴുത്തുഭാഷയാണ് സാഹിത്യത്തിന്റെ സാഹിതീയത (literiness) യെ നിര്‍ണ്ണയിക്കുന്ന മുഖ്യ സംഗതി. ഒരു അനുഭവത്തെ എങ്ങനെ ആവിഷ്ക്കരിക്കുന്നു എന്നത് ആ അനുഭവം പോലെ തന്നെ പ്രധാനമാണ്. അവ്യവസ്ഥ, വ്യത്യസ്തത, ചിത്തവൃത്തിയിലെ മാറ്റം, വ്യാകരണങ്ങളില്‍ നിന്നുള്ള വഴിമാറല്‍, വ്യവസ്ഥാപിതമല്ലാത്ത വളച്ചുതിരിക്കലുകള്‍ തുടങ്ങിയവയിലൂടെയാണ് സാധാരണഭാഷ സാഹിത്യഭാഷയായി പരിണമിക്കുന്നത്. ബോധപൂര്‍വ്വം കവികള്‍ നിര്‍വ്വഹിക്കുന്ന സംഗതിയല്ല ഇത്. ആസ്വാദകരിലെ ചിരപരിചിതമായ സാമാന്യ ഭാഷാബോധത്തെയും ഒപ്പം നിലവിലുള്ള സാഹിത്യ ഭാഷാബോധത്തെയും അട്ടിമറിക്കുകയാണ് ഏത് പുതു എഴുത്തുസംരഭത്തിന്റെയും ലക്ഷ്യം. ഭാഷയെ സംബന്ധിച്ചും രചനകളുടെ സാഹിതീയതയെ സംബന്ധിച്ചുമുള്ള ഈ യാഥാര്‍ത്ഥ്യങ്ങളെ പ്രശ്നവല്‍ക്കരിക്കുന്നു ഈ പുസ്തകത്തിലെ കവി. ജീവിതവും അനുഭവവും ഏത് കാവ്യ ഭാഷയില്‍, ഏത് പുതുമയില്‍ അവതരിപ്പിക്കുമെന്ന അഗാധമായ സന്ദേഹം ഈ കവിയെ നിരന്തരം പിന്തുടര്‍ന്നതിന്റെ സാക്ഷ്യങ്ങളാണ് ഈ സമാഹാരത്തിലുള്ളത്.

ഏങ്കോണിച്ചും
മുഴച്ചും കുഴിഞ്ഞുമുള്ള
എന്റെ നില്പിനെ
വാക്ക് തേച്ച് ഞാന്‍
മിനുസമാക്കുമ്പോഴാകുമോ
ജീവിതം
ചിലപ്പോഴൊക്കെ
എന്റെയരികില്‍ നിന്നും
ഓടിമാറുന്നത്?

(ശബ്ദാതുരം)

ഏങ്കോണിപ്പുള്ള പരുക്കന്‍ ജീവിതാനുഭവങ്ങളെ വെളിപ്പെടുത്താന്‍ ഇന്ന് ഭാഷയിതപൂര്‍ണ്ണം എന്ന് ഈ കവി അസംതൃപ്തനാവുന്നു. ഈ അസംതൃപ്തിയുടെയും, വേദനയുടെയും, സംശയത്തിന്റെയും പരകോടിയിലെത്തിയ ചില സന്ദര്‍ഭങ്ങളിലെ രചനകള്‍ മികച്ച ഉപലബ്ധികളാവുകയും ചെയ്തിട്ടുണ്ട്. ‘അങ്ങനെ’, ‘നുണ’ തുടങ്ങിയ കവിതകള്‍ ഉദാഹരണം. സാമൂഹ്യപരിസരത്തിലെ പലതരം ഭാഷാവ്യവഹാരങ്ങളുടെ പിന്തുണയോടെ, ആ ഘടനയുടെ സഹായത്തില്‍, പുതിയ ജീവിതാവസ്ഥകളെ വ്യാഖ്യാനിക്കാനുള്ള ഫലപ്രദമായ ശ്രമം ഈ കവിതകളിലുണ്ട്. സ്വന്തം കാവ്യാന്വേഷണത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ നേരിടാന്‍ ഈ കവി ഇത്തരം അപരിചിത ഭാഷാസ്ഥലികളെ സുഹൃത്തുക്കളാക്കുന്നു, ശത്രുക്കളാകാന്‍ സാധ്യതയുള്ള പൊതുകാവ്യധാരയിലെ സ്ഥിരം ആവിഷ്ക്കാരമാതൃകകളെ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഏതൊരു എഴുത്തിലും ഒരു വാക്കുപോലും ഒറ്റയായി നില്‍ക്കുന്നില്ല. വര്‍ത്തമാനത്തില്‍ നിന്നും ഭൂതത്തിലേക്ക് മടങ്ങിയും ഭാവിയിലേക്ക് മിഴിനട്ടും അത് ചലനത്തെ ബോധ്യപ്പെടുത്തുന്നു. ചരിത്രത്തിന്റെയും സാമൂഹ്യഘടനയുടെയും ഭൂമികയില്‍ ഏത് പ്രയോഗവും വേരുകളാഴ്ത്തുന്നു. അങ്ങനെയുള്ള വാക്കോ പ്രയോഗമോ പിഴുത് കവിതയില്‍ നടുമ്പോള്‍ അതിനോടൊപ്പം അതിന്റെ നാരായവേരുകളായി അനേകം വസ്തുതകളും വരുന്നു. സമൂഹത്തിന്റെ പൊതു മുതലായ ഭാഷയെ കവി എടുത്ത് പെരുമാറുമ്പോള്‍ അതിലയാള്‍ വെളിപ്പെടും, പിടിക്കപ്പെടും. വാക്കില്‍ കളിക്കുന്ന കാലം അയാളെ നഗ്നനാക്കും. എഴുത്തില്‍, വായനയില്‍ സംഭവിക്കുന്നവയെച്ചൊല്ലി ഈ ഒരു ആധി പലവിധത്തില്‍ ഒരു ഭൂതബാധയായി ഇയാളുടെ കവിതകളുടെ രൂപവും ഭാവവും നിര്‍ണ്ണയിച്ചിട്ടുണ്ട്.

പറയുമ്പോഴും
എഴുതുമ്പോഴും
ഓര്‍ത്തുനോക്കുമ്പോഴും
ഒരു വാക്ക്
കാലത്തിന്റെ
തൊണ്ടിമുതലാവുന്നത്
ഇങ്ങനെയൊക്കെയാണ്.

(അപസര്‍പ്പകം)

വാക്കും പ്രയോഗവും മാത്രമല്ല അര്‍ത്ഥവും അനര്‍ത്ഥവും എഴുത്തുകാരന്റെ പേടിയായും സംശയമായും തെഴുത്ത് നില്‍ക്കുന്നു. നിരന്തരം വഴുതിമാറുന്ന അര്‍ത്ഥത്തിന്റെ ലീലാവിലാസം നിസ്സംഗതയോടെയല്ല ഈ കവി കണ്ടുനില്‍ക്കുന്നത്. വാക്കിനുള്ളില്‍ അര്‍ത്ഥം നടത്തുന്ന ഈ ചൂതാട്ടം അതര്‍ഹിക്കുന്ന വന്യതയോടെ നിരീക്ഷിക്കാനും കവിതയിലാവിഷ്ക്കരിക്കാനും ഇയാള്‍ ശ്രമിക്കുന്നു.

സംശയത്തിന്റെയും
പകയുടെയും
വരികള്‍ക്കിടയില്‍
അര്‍ത്ഥങ്ങളാല്‍
പിടികൂടപ്പെടുന്നതുവരെ.

(ഡബിള്‍ ഏജന്റ്)

ഒച്ച ഒച്ച മാത്രമല്ല, ഒച്ചപ്പാട് കൂടിയാണ്. അത് സൃഷ്ടിക്കുന്ന അര്‍ത്ഥങ്ങളിലെ പാട് ചരിത്രത്തിന്റെതാണ്, പ്രത്യയശാസ്ത്രങ്ങളുടേതാണ്. തീരെ ചെറിയ ഇനം ഒച്ചകളൊക്കെ ഒച്ചകള്‍ മാത്രമായിത്തീരുന്ന കാവ്യഘട്ടത്തില്‍ എന്നുടെയൊച്ച വേറിട്ട് കേള്‍ക്കണമെന്ന് ഏത് കവിയെയുമ്പോലെ ഈ കവിയും ആഗ്രഹിക്കുന്നു.
ഒച്ച ആസ്വാദകരില്‍ അര്‍ത്ഥമായി എത്തുമോ അതോ ഒച്ചിഴയും പോലെയാവുമോ എന്ന ആധിയെത്തന്നെ കവിതയില്‍ സംവാദസജ്ജമാക്കുന്നുണ്ട് വിനോദ്.

ഒച്ച കലരുമ്പോള്‍
അര്‍ത്ഥമാവുന്ന
അതിശയമേ,
വ്യഥകളുടെ വാതിലില്‍
പ്രണയമായ് മുട്ടുന്നു
പിന്നെയും പിന്നെയും
പിന്നെയും നീ.

(വാക്ക്)

ഒച്ച ചെറുതോ വലുതോ എന്നതല്ല അതില്‍ മറവിയോ ഓര്‍മ്മയോ ഏതാണ് കുഴിച്ചിട്ടിരിക്കുന്നത് എന്ന അന്വേഷണം വരുമ്പോള്‍ നിയോകൊളോണിയല്‍ പ്രത്യയശാസ്ത്രം മറച്ചുപിടിച്ച് ആളാവുന്നവര്‍ പകല്‍ച്ചൂടില്‍ നില്‍ക്കേണ്ടി വരും. ബൃഹദാഖ്യാനത്തിന്റെ തകര്‍ച്ച ആഘോഷിക്കുന്നവര്‍ ചെറിയ ഒച്ചകളെ മുഴുവന്‍ ആട്ടിത്തെളിച്ച് ഏത് അധിനിവേശക്കടലിലാണ് മുക്കിക്കൊല്ലുന്നതെന്ന് രാഷ്ട്രീയം ചോദ്യം ചോദിക്കാന്‍ തുടങ്ങുന്നതേ ഉള്ളൂ. ഒച്ചയുടെ രാഷ്ട്രീയത്തെ ഈ കവി മറ്റൊരു കോണില്‍ നിന്ന് നോക്കിക്കാണുന്നത് ഇങ്ങനെ:

മറവിയെ റദ്ദുചെയ്യുന്ന
വിസ്മയങ്ങള്‍
ഏറെയൊന്നുമില്ലാത്തതുകൊണ്ടാകണം
വേരു കിനിഞ്ഞിട്ടുണ്ടോ എന്ന്
കൌതുകപ്പെട്ട്
ഒച്ചയില്‍ കുഴിച്ചിട്ട
ചില അര്‍ത്ഥങ്ങളെ
പിഴുതു നോക്കിപ്പോവുന്നത്.

(വാക്കുകളുടെ നഴ്സറിയില്‍)

കവിതയുടെ ശീലങ്ങളെ, പാരമ്പര്യത്തില്‍ നിന്ന് വിരുന്ന് വരുന്ന അമിത വിനയങ്ങളെ അവിശ്വസിക്കാനുള്ള ധൈര്യം ഈ കവിതകള്‍ കാണിക്കുന്നുണ്ട്. ഉത്തുംഗതയിലിരിക്കുന്ന കവിതയുടെ സൌഹൃദത്തിലേക്ക് വലിഞ്ഞുകേറിപ്പോയി പരിചയം പുതുക്കുന്ന കവിയല്ല വിനോദ്. പല തിരക്കുകളില്‍ നഷ്ടപ്പെടുമ്പോഴും ഉപാധികളില്ലാതെ സ്നേഹം പങ്കുവെയ്ക്കുന്ന യുവസുഹൃത്തിനെ തേടിയുള്ള യാത്രപോലെയാണ് ഈ കവിക്ക് കവിത എന്ന് തോന്നുന്നു. ഓര്‍മ്മിക്കുമ്പോഴുള്ള വൈകാരികതയെല്ലാം കാണുമ്പോള്‍ അപ്രത്യക്ഷമാകുന്നു എന്നത് എഴുതപ്പെടുന്നതിന്റെ വേപഥു തന്നെ. ആവിഷ്കൃതമാവുമ്പോള്‍ ദു:ഖം ദു:ഖമല്ലാതാവുന്നു, മൌനം മൌനമല്ലാതാവുന്നു, ഭാഷ ഭാഷയല്ലാതാവുന്നു എന്നൊരാന്തല്‍ ഈ കവിയെ അസംതൃപ്തനും അതുകൊണ്ടു തന്നെ സത്യസന്ധനുമാക്കുന്നു. മണ്‍‌തരിയില്‍ ഭൂമിയുടെ പൊരുള്‍ എഴുതാന്‍ കഴിവു തരണേ എന്നല്ല, മണ്‍‌തരിയുടെ ഒരു കോണില്‍ മണ്‍‌തരിയെന്നെങ്കിലും രേഖപ്പെടുത്താനൊരുപായം തരണേ എന്നാണ് ഭാഷയോട് ഇയാളുടെ പ്രാര്‍ത്ഥന.

വാക്കുകളുടെ പെരുംകല്ലുകള്‍
അരയില്‍ കെട്ടിവെച്ച്
ഭാഷയുടെ
തണുത്ത ആഴത്തിലേക്ക്
കൂപ്പുകുത്തുന്ന ഒരു കവിതയും

വിടുതലിനെക്കുറിച്ച്
പുതിയതെന്തോ പറയുന്നത്
അതുകൊണ്ടാവണം.

(ആംഗ്യങ്ങള്‍)

ഭാഷയെപ്പോലെ തന്നെ സമകാലിക ജീവിതത്തിന്റെ സൂക്ഷ്മരാഷ്ട്രീയത്തെയും സംശയിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നുണ്ട് ഈ പുസ്തകത്തിലെ ചില കവിതകള്‍. പുതിയ നാഗരികത മനുഷ്യാനുഭവത്തെ മുഴുവന്‍ അര്‍ത്ഥശൂന്യമായ ഇടങ്ങളിലേക്ക് ഓടിച്ചുകൊണ്ടിരിക്കുന്ന വസ്തുതയെ ഈ കവി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാവണം അനുദിനം പൊടിഞ്ഞുപോവുകയോ പൊള്ളയായിപ്പോവുകയോ ചെയ്യുന്ന ആന്തരികലോകത്തിന്റെ പൊള്ളുന്ന ചില ആതുരതകള്‍ വിനോദിന്റെ എഴുത്തില്‍ തെളിയുന്നത്. ഉള്ളില്‍ നുരയ്ക്കുന്ന വിരസതയെയും അസംബന്ധതയെയും ഈ കവിതകള്‍ സത്യസന്ധമായി ആവിഷ്ക്കരിക്കുന്നു.

നിര്‍ണ്ണായകവും
ചരിത്രപ്രസക്തവുമായ
ഒരു അട്ടിമറിയിലൂടെ
വിരസതയ്ക്ക്
അന്നും
വിശന്നു തുടങ്ങി.

(വിരസത)

അതല്ല അതല്ല എന്ന് പിടികൊടുക്കാത്ത അര്‍ത്ഥങ്ങളിലേക്ക് സമൂഹജീവിതത്തിന്റെ എല്ലാ സന്ധിബന്ധങ്ങളെയും നയിച്ച് നവലിബറല്‍ കാലത്തിന്റെ വിഷജലത്തില്‍ മുക്കിക്കൊല്ലുന്ന ഒരു പോസ്റ്റ് മോഡേണ്‍ അവസ്ഥയുടെ ഉല്‍പ്പന്നമാണ് മനുഷ്യലോകം ഇന്നനുഭവിക്കുന്ന ആന്തരിക ശൂന്യത. കോമാളിക്കളികളോ അസംബന്ധ നാടകങ്ങളോ ആയിത്തീരുന്ന ജീവിതത്തിന്റെ നിരാലംബതയെ രാഷ്ട്രീയമായി തിരിച്ചറിയാന്‍ ഈ കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഭാഷയില്‍ അതിന്റെ സന്ദിഗ്‌ദ്ധതയില്‍ ആധികൊള്ളുന്ന കവി ജീവിത വ്യാകരണത്തെ തെറ്റിക്കുന്ന, കലുഷമാക്കുന്ന രാഷ്ട്രീയ ഭാഷയെയും സംശയിക്കുന്നു. ‘ട്രാജഡി‘, ‘എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു‘, ‘സത്യം പറയുന്നവരെക്കുറിച്ചുള്ള നുണകള്‍‘ എന്നീ കവിതകള്‍ ഈ ആശങ്കയെ പങ്കുവെയ്ക്കുന്നുണ്ട്.

ഭാഷയെ സംശയിക്കുകയോ വിചാരണചെയ്യുകയോ ചെയ്യുന്നത് ഏത് കാലത്തെയും മികച്ച എഴുത്തിന്റെ ലക്ഷണമാണ്. ഭാഷയും ആവിഷ്ക്കാരവും ഒരു ആധിയാകുമ്പോള്‍ എഴുത്തിന്റെ വിഷയം തന്നെ ഇതായി മാറുന്നതിന് സാക്ഷ്യമാണ് വിനോദിന്റെ കവിതകള്‍. ജീവിതത്തിലെ അനുഭവങ്ങളെ ഭാഷാവിഷ്ക്കാരത്തിലെ ഈയൊരു സന്ദിഗ്‌ദ്ധതയുമായി കൂട്ടിയിണക്കി അവതരിപ്പിക്കുന്നതിനും കാരണം മറ്റൊന്നല്ല. ഈ സമാഹാരത്തിലെ കവിതകളുടെ മുഖ്യപ്രമേയം വാക്കും അര്‍ത്ഥവും ആവിഷ്ക്കാരവും വിനിമയനഷ്ടവുമെല്ലാം ചേര്‍ന്ന കാവ്യഭാഷാ പ്രശ്നമാണെന്ന് വ്യക്തം. ഭാഷകള്‍ എന്ന പേരില്‍ തന്നെ ഉള്ള ഒരു കവിതയുള്ളത് നോക്കുക.

ലോകത്തിലെ ഏതോ ഒരു ഭാഷയില്‍
നിന്റെ പേരിന് ഓര്‍മ്മ എന്ന് അര്‍ത്ഥമുണ്ട്.
- - - - - - - - - - - - - - - - - - - - - - - - - - - - -
- - - - - - - - - - - - - - - - - - - - - - - - - - - - -
ലോകത്തില്‍ നിനക്കുമാത്രമറിയുന്ന ഒരു ഭാഷയില്‍
എന്റെ പേരിന് മറവി എന്ന് അര്‍ത്ഥമുണ്ട്.

(ഭാഷകള്‍)

ഭാഷാകവിയാണ് ഈ പുസ്തകത്തിലെ വിനോദ്. വാക്കിനെ, വാക്യത്തെ, അര്‍ത്ഥത്തെ, അതിന്റെ പ്രത്യക്ഷീകരണത്തെ സൂക്ഷ്മമായി കാവ്യഭാഷയില്‍ പരിചരിച്ച ഭാഷാകവി.

ഡോ. സോമന്‍ കടലൂര്‍
കടലൂര്‍ (പി.ഒ)
കോഴിക്കോട് 673 531
ph: 9847651559
Subscribe Tharjani |