തര്‍ജ്ജനി

ഡി യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

അറിയാതിരുന്നത്

എത്രമേല്‍ നാമടുത്തിരുന്നു
എന്നിട്ടും
രണ്ടു ഗ്രാമങ്ങള്‍ പോലേറെ ദൂരം
തണലില്ലാതെ
നമ്മള്‍ക്കിടയില്‍ ഉണ്ടായിരുന്നിരിക്കും

എത്രമേല്‍ തമ്മില്‍ പറഞ്ഞു നിറഞ്ഞു
എന്നിട്ടും തമ്മില്‍ ബോധിക്കാത്തൊരിടം
തലമുറകള്‍ പോലെ കിടന്നലഞ്ഞിരിക്കും

നമ്മള്‍ പങ്കു വച്ചവയെല്ലാം
സ്വപ്നങ്ങളും സ്വര്‍ഗങ്ങളുമായിരുന്നെങ്കിലും
എന്തുകൊണ്ടോ നമ്മുടെ നാളുകള്‍
തരിശായി തന്നെ കിടന്നു കിതച്ചിരിക്കും

അങ്ങനെയാവാം
ഓസോണ്‍ വിള്ളല്‍ പോലൊന്ന്
നമ്മുടെ ആകാശത്തില്‍
പടര്‍ന്നു പിടിക്കുന്നത്

ഏതോ വിഷവാതകങ്ങള്‍
തമ്മില്‍ പ്രസരിക്കും വരെ
നാമതറിഞ്ഞില്ലെന്നു മാത്രം

അഥവാ, കണ്ണുകളെ വഞ്ചിച്ചുകൊണ്ട്
തീരെച്ചെറിയവപോലും
നമ്മെയൊക്കെയും വിഴുങ്ങുന്നതായി
തെഴുത്തു വളര്‍ന്നേക്കാം
ആ ചെറുപഴുതുകളെയാവാം
വന്‍ ദൂരമായും ശൂന്യതയായും തരിശായും
പിന്നെ നാം വിളിച്ചു കൂവുന്നത്

Subscribe Tharjani |