തര്‍ജ്ജനി

നവ്യ പി. ദേവിപ്രസാദ്

പണിക്കശ്ശേരി വീട്
ചളിങ്ങാട്ട് തപാല്‍
കയ്പമംഗലം
തൃശ്ശൂര്‍ ജില്ല - 680681

Visit Home Page ...

കഥ

നീല

ഇരുണ്ടവിഭാതങ്ങളെ അവള്‍ സ്നേഹിച്ചിരുന്നു. കാളകൂടം കഴുത്തില്‍ നിറം ചേര്‍ത്ത നീല കണ്‌ഠഗളം പോലെ, യാമിനി പുറപ്പാടിനു തയ്യാറെടുക്കുന്ന ബ്രാഹ്മമുഹൂര്‍ത്തം. സര്‍പ്പവിഷത്തിന്റെ ഗാംഭീര്യം ഉള്ളിലൊതുക്കിയ കരിനീല നിറമുള്ള പ്രകൃതി. അന്നജത്തിന്റെ സാന്നിദ്ധ്യമളക്കാന്‍ പരീക്ഷണശാലയില്‍ തീര്‍ത്ത ലായനിയുടെ അന്തിമഫലം പോലെ ലീനമായ നീല... കരിംനീല...

വിഷാംശം അകത്തുചെന്നു, ഒരുദിനത്തിനകം ഞരമ്പുകള്‍ ഇതേ കരിംനീല നിറത്തില്‍ തെളിഞ്ഞുകാണുമായിരിക്കും. അങ്ങനെയെങ്കില്‍ നാളെ വിഭാതത്തില്‍ പ്രകൃതിയോടലിഞ്ഞുചേര്‍ന്ന് താനും കുഞ്ഞുനാളിലെ തനിക്കു നീല നിറത്തിനോട്‌ എന്തെന്നില്ലാത്ത താത്പര്യമായിരുന്നു. വാങ്ങിക്കൂട്ടിയ വസ്ത്രങ്ങളില്‍ അധികവും നീല മല കയറാന്‍ മൂന്നാം ക്ലാസില്‍ കറുപ്പുടുപ്പു തുന്നിക്കൂട്ടിയവരില്‍ അവള്‍ ഒരപവാദമായി. അവിടെയും നീല അനുവദനീയമായിരുന്നുവല്ലോ? എഴുതാന്‍ മഷി തിരഞ്ഞെടുക്കുന്നതിലും അവള്‍ നീലയ്ക്ക്‌ പ്രാമുഖ്യം നല്‍കി. മരണത്തിന്റെ നിറമാണു നീല എന്നവള്‍ക്കുതോന്നിത്തുടങ്ങിയിട്ട്‌ അധികകാലം ആയിട്ടില്ല. വിഷവസ്തുക്കളുടെതും നീലനിറമാണെന്ന തിരിച്ചറിവ്‌ അന്നുമുതലാണ്‌ അവള്‍ക്കുണ്ടായത്‌.

ആറുമാസങ്ങള്‍ക്കുമുമ്പാണ്‌ അവള്‍ നീലക്കുറിഞ്ഞികളെ ശ്രദ്ധിച്ചത്‌. പന്തീരാണ്ടുകഴുഞ്ഞുപൂക്കുന്ന നീലവസന്തത്തില്‍ പ്രണയത്തിന്റെ പൂങ്കുലകള്‍ അവളുടെ നെഞ്ചില്‍ വിരിയിച്ച്‌ കടന്നുപോയത്‌ 'നീല്‍' ആയിരുന്നു. എത്ര സൌമ്യനായാണ്‌ അയാള്‍ പെരുമാറിയത്‌. ആറുമാസം പരദേശി ആയിരുന്നിട്ടുകൂടി അയാളിലേക്ക്‌ അലിഞ്ഞു ചേരാന്‍ അവള്‍ക്ക്‌ വൈഷമ്യം ഉണ്ടായിരുന്നില്ല. കുഞ്ഞുനാളില്‍ തനിക്ക്‌ സ്വന്തമായുണ്ടായിരുന്ന പാവക്കുട്ടികളുടേതുപോലുള്ള നീല സ്ഫടികക്കണ്ണുകളാണ്‌ 'നീലി'നും ഉണ്ടായിരുന്നത്‌. ഉറ്റുനോക്കി ഇരുന്നാല്‍ അനന്തമായ അകാശവും ഇടയ്ക്കിടെ അലയടിക്കുന്ന ആഴിയും അയാളുടെ കണ്ണുകളില്‍ പുനര്‍ജ്ജനിക്കുന്നതായി അവള്‍ക്കു തോന്നിയിരുന്നു. എങ്ങനെയാണ്‌ നീലിനു തന്നെ തള്ളിക്കളയാന്‍ തോന്നിയത്‌? എങ്ങനെയാണ്‌ അയാള്‍ക്ക്‌ തന്നോട്‌ ഇത്രമാത്രം പരുഷമായി പെരുമാറാന്‍ കഴിയുന്നത്‌? അവളുടെ സങ്കടം തൊണ്ടയില്‍ കുരുങ്ങിയ മീന്‍ മുള്ളുപോലെ വിങ്ങി നില്‍ക്കയാണ്‌. ഒന്നു തേങ്ങാന്‍ പോലും കഴിയാതെ...

നാളെ ഒരു പക്ഷേ പത്രക്കോളങ്ങളില്‍ തന്റെ ഫോട്ടോ വന്നേക്കാം. എത്രയോ തവണ വന്നിരിക്കുന്നു. ജീവിതത്തിന്റെ ഓരോ നിര്‍ണ്ണായക ചുവടും വെന്നിക്കൊടിനാട്ടി മുകളിലേക്കു അടുത്ത പടിക്കായ്‌ ആഞ്ഞുനില്‍ക്കുമ്പോള്‍ പലപ്പോഴായി വന്ന പത്രവാര്‍ത്തകള്‍ .. പക്ഷേ അവയിലൊന്നും അവള്‍ക്കു താത്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ അങ്ങനെയല്ലല്ലോ നാളെ വരാവുന്ന വാര്‍ത്തകള്‍... സെന്‍സേഷണലിസത്തിന്റെ മേമ്പോടി പറ്റി ആദ്യമായ്‌ ആയിരിക്കും തന്നെ പറ്റി വാര്‍ത്ത അച്ചടിക്കുന്നത്‌.

"നഗരത്തിലെ അറിയപ്പെടുന്ന സത്രത്തില്‍ സാമൂഹ്യപ്രവര്‍ത്തക ജീവനൊടുക്കി"

അവള്‍ സാധുതയുള്ള തലവാചകങ്ങള്‍ സങ്കല്‍പിച്ചുനോക്കി. ഒരു പക്ഷേ പ്രണയനൈരാശ്യം എന്ന വിലകുറഞ്ഞ ചീട്ട്‌ ചിക്കിചികഞ്ഞ്‌ മുകളിലായ്‌ മലത്തി സാംസ്കാരിക നായകന്മാര്‍ പരിതപിച്ചേക്കാം. മാധ്യമപ്രവര്‍ത്തകര്‍ താര്‍ക്കികവിഷയമാക്കിയേക്കാം . പക്ഷേ നീലിമയില്‍ മുങ്ങിപ്പോയ തന്റെ ജീവന്‌ പ്രണയനൈരാശ്യം മാത്രമാണോ കാരണം? കൊല്ലങ്ങളായി തങ്ങളില്‍ കാണാതെ സംവദിക്കുന്ന മാതാപിതാക്കള്‍ കണ്ണീരൊഴുക്കിയേക്കം ഒരു പക്ഷേ നെഞ്ചിലേറ്റി വളര്‍ത്തിയ ശതാഭിഷിക്തയായ മുത്തശ്ശി ചങ്കുപൊട്ടി മരിച്ചേക്കാം. അവസാനം എല്ലാം ശുദ്ധി വരുത്തി ദേഹിയെ വഹിച്ച്‌ പൊങ്ങേണ്ട അഗ്നിക്കും നീലനിറം പൂര്‍ണ്ണ ജ്വലനം നടക്കുമെന്നാണല്ലോ. പൂരിതയല്ലേ ഞാന്‍? ശ്രദ്ധിക്കപ്പെട്ടിട്ടില്ല ഇതുവരേയ്ക്കും എങ്കിലും എന്റെ കുഞ്ഞേ നിന്റെ അസ്തിത്വം നാളെ ഈ ലോകം അറിയും.

മാപ്പ്‌! ഈ നീലാകാശവും നീലക്കടലും നീലവസന്തവും കാണുവാന്‍ നിന്റെ നീലക്കണ്ണുകളെ അനുവദിക്കാതിരിക്കുന്നതിന്‌ മാപ്പ്‌. അല്ലെങ്കിലെന്തിന്‌ ഈ അമ്മ നിന്നോട്‌ മാപ്പിരക്കണം. ഇപ്പോള്‍ നീ എന്നൊടുകൂടിയാണ്‌ എന്റെ ചിന്തകളാണ്‌ നിന്റേതും. ദേഹിയും ദേഹവും ഒന്നായി ഒട്ടിച്ചേര്‍ന്ന അവസ്ഥ. പിതൃത്വം ആരായുന്ന ലോകത്തിനുമുന്നില്‍ പൈതൃകം തിരക്കുന്ന അരവങ്ങള്‍ക്കിടയില്‍ നീലാകാശം താണ്ടി, നീലക്കടല്‍ കടന്നു, അമ്മ സ്വദേശത്തിനു സമ്മനമായി തന്നതാണു തന്നെ, എന്നു ശിരസ്സുയര്‍ത്തി ചെല്ലുമായിരിക്കുമെങ്കിലും പിതൃശൂന്യനെന്ന വിളികേള്‍ക്കാതിരിക്കാന്‍ നീ ബധിരനാവുന്നത്‌ ഒരു ന്യായമല്ലേ ഉണ്ണി.. " അച്ഛനില്ലെനിക്ക്‌ എല്ലാം എന്നമ്മതാന്‍ എന്നുറക്കെ പാടുവാന്‍ നീ ദശമുഖനാവില്ലല്ലോ കുഞ്ഞേ.. എങ്കിലും മാപ്പിരക്കുന്നെന്റെ അടിവയറ്റില്‍ പൊട്ടിമുളച്ചെന്നാലും വെളിച്ചം കാണാത്തതാം, നീലക്കണ്ണാ, കൃഷ്ണനുണ്ണീ ക്ഷമാപണം.

Subscribe Tharjani |