തര്‍ജ്ജനി

കുമിളുകള്‍

പൊതിഞ്ഞുവച്ച പൂച്ചെല്ലാം
മഴക്കൈയാല്‍ അടര്‍ത്തിമാറ്റി
ഇടിമിന്നല്‍ വേരിറക്കിയപ്പോള്‍...
വിത്തിനുള്ളിലെ സുഷുപ്തിയില്‍
ഞങ്ങളൊരു സ്വപ്നം കണ്ട്
തമ്മില്‍ പറയാതെ ചിരിച്ചു.

മഹാഗണിയെന്നൊരുവന്‍
മാവെന്നു മറ്റൊരുവന്‍
വാകയെന്നും വയണയെന്നും
വെവ്വേറെ പലരും.

ഒരു ചങ്ങാടത്തിന്റെ ഉടലായി
അരുവിയും പുഴയും തുഴഞ്ഞ്
മറ്റൊരു കരയുടെ തിട്ടില്‍
ഇലച്ചാര്‍ത്താല്‍ പുതച്ചുമൂടി
ശിശിരമായുറങ്ങുമെന്ന്.

അടര്‍ന്ന സ്വപ്നത്തെ മിഴിച്ച്
തിണര്‍ത്തയൌവനമായ് കുതറി
അതിശീഘ്രവളര്‍ച്ചയില്‍ തപിച്ച്
ഞങ്ങള്‍ മണ്‍ഗര്‍ഭത്തിനു പുറത്ത്.

മണ്ണിടിഞ്ഞ ജീവിതങ്ങളിലെ
ശമനമില്ലാത്ത ആസക്തികളുടെ
തുടിച്ചുയരുന്ന ഗ്രന്ഥികളായ്
ഞങ്ങള്‍ ഉടലുണര്‍ത്തി നില്‍ക്കുന്നു.

വരൂ കൊതിക്കുരുന്നുകളേ!
അടര്‍ത്തൂ! വിടര്‍ത്തൂ!
മണ്‍ച്ചട്ടിയില്‍ വഴറ്റി ചൂടോടെ വിളമ്പൂ.

നോക്കണേ വിധി!
മണ്‍ഗര്‍ഭത്തില്‍ നിന്ന് മണ്‍ചട്ടിയിലേയ്ക്ക്
മനുഷ്യരിലേയ്ക്ക്
പിന്നെയും മണ്ണിലേയ്ക്ക്
ഞങ്ങള്‍ കുമിളുകള്‍.

പി. ശിവപ്രസാദ്
Subscribe Tharjani |