തര്‍ജ്ജനി

വി. മുസഫര്‍ അഹമ്മദ്‌

സബ് എഡിറ്റര്‍, മലയാളം ന്യൂസ്, ജിദ്ദ.

ഫോണ്‍:

ഇ-മെയില്‍:

വെബ്:

Visit Home Page ...

കവിത

ഉരുക്കം

ചന്ദ്രക്കല
110 കെ.വി. ലൈനില്‍
കുടുങ്ങിപ്പോയത്‌
എന്റെ നാട്ടിലാണ്‌.
അന്നുമുതലാണ്‌
വാനിലമ്പിളി
എന്നപ്രയോഗം
ഭാഷയില്‍ നിന്ന്
നാടുകടത്തപ്പെട്ടത്‌ .
അങ്ങാടിയില്‍
പോകാന്‍
കാത്തു കാത്തു
നില്ക്കുമ്പോള്‍
വളവിനപ്പുറത്തെ
ബസ്‌
തിരിവിനിപ്പുറം
സൈക്കിളായി
മാറിക്കൊണ്ടിരുന്നതും
നാട്ടുകുളങ്ങള്‍
തട്ടിന്‍ പുറങ്ങളിലും
ആട്ടിന്‍ പറ്റങ്ങള്‍
ഒലിവുള്ള തോട്ടിലും
ഉറങ്ങിയതും
ഇതേ നാട്ടില്‍ തന്നെ.
കരിങ്കൂവളം
വൈക്കോലിനെ
പ്രേമിച്ച്‌
ഇരട്ടക്കുട്ടികളെ
പ്രസവിച്ചതും
ആണുങ്ങള്‍ക്ക്‌
മുലയും
പെണ്ണുങ്ങള്‍ക്ക്‌
മീശയും മുളച്ചത്
മറ്റെവിടെയുമല്ല.
ഇക്കുറി അവധിക്ക്‌
ചെന്നപ്പോള്‍
നട്ടുച്ചക്ക്‌ ഞാനത്‌ കണ്ടു
220 കെ.വി.ലൈനില്‍
കുടുങ്ങി
ഷോക്കേറ്റ്‌
ഉരുകിത്തീരുന്ന
സൂര്യനെ.
Subscribe Tharjani |