തര്‍ജ്ജനി

മനോജ് കാട്ടാമ്പള്ളി

സൌരവം
കാട്ടാമ്പള്ളി പി ഒ

ഫോണ്‍: 9388423670

വെബ്ബ്: പായല്‍
ഇ-മെയില്‍: mannu9388@gmail.com

Visit Home Page ...

കവിത

കുട്ടികളുടെ വാര്‍ഡ്

കുട്ടികളുടെ വാര്‍ഡില്‍
ഒരു പെണ്‍കുട്ടിയുണ്ടാവാം
രാത്രിയില്‍ കൂട്ടു നില്‍ക്കുമ്പോള്‍
ജനാലയുടെ ഇരുട്ടില്‍
പിണഞ്ഞു പാഞ്ഞു വരുന്ന
നിലാവിനെ അവളും അകറ്റിപ്പോകും
അത് ആകാശത്തോളം ഉയരത്തില്‍
മുറ്റം നിറയെ പൂച്ചക്കുട്ടികളുള്ള വീടായ്
വളരുന്നതും നോക്കി കണ്ണുനനയുമ്പോള്‍

ഞാനൊരു ഓക്സിജന്‍ ട്യൂബില്‍ പറ്റിയ
ഒടുവിലത്തെ ശ്വാസമായി
അവളില്‍ നിന്ന് മാഞ്ഞു പോകും

കുറച്ച് മരുന്ന് വാങ്ങാനുണ്ട്
എന്നു പറഞ്ഞ് വിളിക്കുന്ന
കറുത്ത നഴ്സിന്റെ നുണക്കുഴിയിലാവും
അവളുടെ കരഞ്ഞ കണ്ണുകള്‍.
ഉപ്പിലിട്ട നെല്ലിപ്പഴത്തില്‍
ഒരുമിച്ച് കടിച്ച അടുപ്പമുള്ള അകലങ്ങള്‍
ഓര്‍മ്മയില്‍ വന്നുപോകും.

കുഞ്ഞ് സുഖപ്പെടുമോ എന്ന്
നിരന്തരം അന്വേഷിച്ച്
കുട്ടികളുടെ വാര്‍ഡില്‍
ഒരു പെണ്‍കുട്ടിയുണ്ടാവാം

വേദനയുടെ പാലത്തടിയിട്ട
ജീവിതത്തിന്റെ ചെളിക്കുഴികള്‍
കടന്നു വെയ്ക്കേണ്ട കാലടികള്‍
അവളുടെതു തന്നെയെന്ന്
ഞാന്‍ തിരിച്ചറിയുന്നുവെന്ന്
എങ്ങനെയാണ്
വയലറ്റു മണമുള്ള
കാറ്റിനോട് പറയുക?

Subscribe Tharjani |