തര്‍ജ്ജനി

ഡോ. കെ. കെ. ബാബുരാജ്

Visit Home Page ...

പുസ്തകം

മൂപ്പെത്തിയ വിത്ത്

കുറച്ച് വിതയ്ക്കുകയും കൂടുതല് കൊയ്യുകയും ചെയ്യുന്ന ഒരു സമൂഹത്തെയാണ് ആഗോളീകരണം പ്രോത്സാഹിപ്പിക്കുന്നത്. മനുഷ്യനുള്പ്പെടുന്ന എന്തിനും ഏതിനും ഇതെങ്ങനെ ബാധകമാക്കാം എന്നും അത് അന്വേഷിക്കുന്നു. വര്ജ്ജ്യം(Waste) എന്നൊന്നിനെക്കുറിച്ച് അത് പര്യാലോചിക്കുന്നില്ല. മറിച്ച് അവയെ എങ്ങനെ ഉല്പന്നത്തിനും ഉപോല്പന്നത്തിനും പ്രയോജനപ്പെടുത്താം എന്നാണ് അന്വേഷിക്കുന്നത്.

ഗൃഹാതുരത വര്ദ്ധിപ്പിച്ച് കുറഞ്ഞ സമയം കൊണ്ട് കൂടുതല് നേട്ടം ഉണ്ടാക്കുന്നതെങ്ങനെ എന്ന പ്രവാസത്തിന്റെ ഐഡിയോളജി പ്രദാനം ചെയ്യുന്ന അന്തരീക്ഷവും നമുക്കുണ്ട്. മാദ്ധ്യമങ്ങളിലൂടെ നാടിന്റെ കഷണങ്ങള് കാണുന്ന ശരാശരി പ്രവാസി ഇതില് വീണുപോവുകയും ചെയ്യുന്നു. ചെറിയ കോശങ്ങള്ക്ക് വലിയ അര്ത്ഥമണ്ഡലങ്ങള് നല്കുന്നിടത്താണ് ഭാഷയും ഇതിന്റെ ഭാഗഭാക്കാണെന്ന ധാരണ നമുക്കുണ്ടാകുന്നത്.

സി.ശകുന്തള എഴുതിയ നടുമുറ്റത്തേക്ക് ഒരു നിലാപ്പെയ്ത്ത്, (ലിപി, കോഴിക്കോട്) എന്ന സമാഹാരത്തിലെ കഥകളുടെ പാരായണമാണ് ഇത്രയും പറയാന് പ്രേരിപ്പിച്ചത്. മിതമായ ഭാഷയില് വികസിതമായൊരു അര്ത്ഥപ്രപഞ്ചത്തിലേക്ക് വായനക്കാരനെ വരവേല്ക്കാന് പര്യാപ്തമായവയാണ് ഇതിലെ മിക്ക കഥകളും. കാപ്പി ഊതിക്കുടിക്കുന്നതിനിടയില് പ്രക്ഷേപിക്കുന്ന ചെറിയ വാചകത്തില് ഒതുക്കിപ്പറയാന് മാത്രം വലിയ കാര്യങ്ങളൊക്കെ ചെറുതായിപ്പോയ ഒരു കാലത്താണ് നാമിന്ന് ജീവിക്കുന്നത്. ഭാഷയിലുള്ള കയ്യൊതുക്കത്തെക്കാള് അതിപരിചിതങ്ങള് വിസ്മയങ്ങളല്ലാതായി മാറുന്നതിന്റെ സൂചനയാണിവയില് മുഴച്ചു നില്ക്കുന്നത്. കഥയുടെ രാഷ്ട്രീയത്തിന് ഇത് ഗുണകരം തന്നെ. തീരെ ചെറിയ ഒരു സൂചകത്തിന് ഒരു വികസിതവും ആവര്ത്തിതവുമായ ഒരു സൂചകത്തെ സൃഷ്ടിക്കാന് കഴിയുന്നത് ചില്ലറക്കാര്യമല്ല. ഈ കഥകളുടെ പല പ്രത്യേകതകളിലൊരെണ്ണം ഇതാണ്.

കൊളാഷ് രൂപത്തിലുള്ള പ്രമേയങ്ങള് സ്വീകരിക്കുമ്പോഴും ചെറുകഥയുടെ ചട്ടക്കൂടിന് ലവലേശം പോറലേല്ക്കുന്നില്ല എന്നത് ശ്രദ്ധേയം. ക്രാഫ്റ്റില് അങ്ങേയറ്റം ഒരു മലയാളിത്തം കാത്തു സൂക്ഷിക്കുന്ന ശകുന്തളയുടെ പ്രിയപ്പെട്ട കഥാകാരന് എം.ടിയാണെന്നു പറഞ്ഞാല് അതില് അതിശയോക്തിയുണ്ടാവില്ല എന്നു വേണം കരുതാന്.

ഈ പുസ്തകത്തിന്റെ പ്രമേയപരിധി നിര്ണ്ണയിക്കാന് ഒരു വര വരച്ചാല് ആവര്ത്തിച്ച് തൊട്ടു കടന്നു പോകുന്ന ചില മേഖലകളുണ്ട്. അത്തരം ആവര്ത്തിതബിംബങ്ങളില് മുഖ്യം വീടാണെന്നു പറയാം. ഈ കഥകളുടെയെല്ലാം "പ്രമേയകേന്ദ്ര"വും അതാണെന്നു പറയാം. വീടിനെക്കുറിച്ചുള്ള അന്വേഷണവും വീടെന്ന സുരക്ഷാവലയം നല്കുന്ന സാദ്ധ്യതകളും ബോദ്ധ്യപ്പെടുത്തുന്ന ധാരാളം കഥകള് ഈ സമാഹാരത്തിലുണ്ട്. പ്രമേയതലത്തിലും ഭാവുകത്വതലത്തിലും ഇതൊരു ശ്രദ്ധിക്കപ്പെടേണ്ട പ്രധാനപ്പെട്ട വസ്തുതയാണ്. കുറച്ചു കാലം മുമ്പ് വീടിനെ തടവായി കണ്ട ഒരു വായനാസമൂഹത്തിന് വന്ന മാറ്റം കൂടിയാണിത്. ബാഹ്യനിര്മ്മിതിക്ക് വിഘാതമായി നില്ക്കുന്ന ആഭ്യന്തരസ്വത്വമെന്ന നിലയിലാണ് അന്ന് വീടിനെ വ്യാഖ്യാനിക്കാന് ശ്രമിച്ചത്. തടവറയെന്ന അവസ്ഥ അഭയവും സുരക്ഷിതവുമായ ഒരിടമാണ് വീടെന്ന നിരീക്ഷണം, മലയാളിയുടെ മാറിയ ഭാവുകത്വത്തിന്റെ പരിണാമദശ കൂടി അടയാളപ്പെടുത്തുന്നു.സാമൂഹികാവസ്ഥകളുടെ ചാഞ്ചല്യം അതിനെ എപ്രകാരം ത്വരിതപ്പെടുത്തുന്നു എന്ന അന്വേഷണം ശകുന്തളുടെ കഥകളിലുണ്ട് എന്നതും ശ്രദ്ധേയം.

Subscribe Tharjani |