തര്‍ജ്ജനി

ഷംസുദ്ദീന്‍ എം.കെ.

Indian school Al Ghubra,
PB No 1887, P C 111,
C P O Seeb,
Sultanate of Oman.
E mail: thanalgvr@yahoo.com

Visit Home Page ...

അനുഭവം

സി.എ. കുട്ടപ്പന്‍ -പിന്‍ കോഡ്‌ 680102

ആയിരത്തി തൊള്ളായിരത്തി അറുപത്തി എട്ടിലെ ഏപ്രില്‍ മാസം. ഞാന്‍ പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ്‌ തോറ്റതറിയാന്‍ വീട്ടിലും, നാട്ടിലുമായി നിറഞ്ഞു നില്‍ക്കുന്ന കാലം. മീശ മുളച്ചുവരുന്നുണ്ട്‌, പക്ഷേ എന്റെ ശരീരം ഇത്തിരി കറുത്തതായതിനാല്‍ മീശ വരുന്ന വിവരം ഞാനൊഴികെ അധികമാരും അറിഞ്ഞിട്ടില്ല, പ്രത്യേകിച്ചും നാട്ടിലെ പെണ്‍കുട്ടികള്‍. ആയതിന്റെ ഒരു ചെറിയ ടെന്‍ഷനൊഴികെ നിലവില്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ഒറ്റ വഴി പ്രണയങ്ങള്‍, അമ്പലക്കുളത്തില്‍ മിനിമം മൂന്ന് നേരം കുളി, എന്നിങ്ങനെ അല്‍പം സൈഡ്‌ ബിസിനസ്സുകള്‍ വേറെയുമുണ്ട്‌ താനും.

അങ്ങനെയിരിക്കെ ഒരു ദിവസം വൈകീട്ട്‌ എന്റെ അച്ഛനെന്നെ വിളിച്ചു,
“മോനേ കുട്ടപ്പാ....“
ആദ്യം ഞാന്‍ വിളികേട്ടില്ല, അപ്പോള്‍ അച്ഛന്‍ വീണ്ടും വിളിച്ചു, ടാ കുട്ടപ്പാ....., പിന്നെ താമസിച്ചില്ല ഞാന്‍ ഓടിച്ചെന്നു. അച്ഛന്‍ ഞങ്ങളുടെ അയല്‍ ഗ്രാമമായ കൂനമ്മൂച്ചി എന്ന സ്ഥലത്തെ യൂണിഫോമിടുന്ന ഔദ്യോഗിക പോസ്റ്റ്മാനാണ്‌. ദിവസവും 10 മൈലെങ്കിലും നടക്കുന്നുണ്ടെന്നാണ്‌ അച്ഛന്റെ അവകാശവാദം, ആയതിന്റെ ക്ഷീണമകറ്റാന്‍ എല്ലാ വൈകുന്നേരങ്ങളിലും ചെറിയ തോതില്‍ ചാരായ സേവ പതിവുമാണ്‌. ഈ പതിവിനെ വീട്ടിലാരും ചോദ്യം ചെയ്യാറില്ല. ഉള്ളതുപറയാമല്ലോ ആളൊരു നിരുപദ്രവകാരിയായിരുന്നു. പക്ഷേ അന്ന് അച്ഛന്‍ സേവിച്ചിട്ടില്ല, കുടിക്കാത്ത ദിവസം അച്ഛന്‌ 'ഗൗരവാല്‍റ്റി' അല്‍പം കൂടും.

കാര്യമായ മുഖവുരയില്ലാതെ അച്ഛന്‍ പറഞ്ഞു തുടങ്ങി,
"അരിയന്നൂര്‌ പോസ്റ്റാഫീസിലെ പോസ്റ്റ്മാന്‍ സൈമണ്‍ നേവിയില്‍ ജോലികിട്ടി പോവാണ്‌, അവിടത്തെ പോസ്റ്റ് മാഷ്‌ തോമാസ്‌മാഷ്‌ എന്റെ സ്നേഹിതനായതിനാല്‍ സൈമണ്‌ പകരം നിന്നെ എടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്‌, നാളെ മൊതല്‌ നീയ്യ്‌ അരിയന്നൂരില്‍ പണിക്ക്‌ പോണം, എന്താ സമ്മതല്ലേ"?
ഞാന്‍ ഉടന്‍ പറഞ്ഞു -“സമ്മതമല്ല! "ഇത്ര ചെറുപ്പത്തില്‍ കാക്കിക്കുപ്പായവും, വളഞ്ഞ കുടയും ചൂടി നടക്കാന്‍ എനിക്ക്‌ പറ്റൂല്ല".
ഇതുകേട്ടപ്പോള്‍ അച്ഛനൊന്ന് ചിരിച്ചു, "കാക്കികുപ്പായോം, കൊട്യേം ആണ്‌ കൊഴപ്പെങ്കില്‍ മോന്‍ പേടിക്കേണ്ട, അതൊക്കെ പി ആന്റ്‌ ടിയില്‍ സ്ഥിരമാകുന്ന കാലത്തേ വേണ്ടൂ, അതിനൊക്കെ ഇത്തിരി കടമ്പകള്‍ കടക്കാനുണ്ട്‌".
എനിക്ക്‌ ചെറിയ ആശ്വാസമായി,
“എങ്കിലും അച്ഛാ......“
കൂടുതല്‍ എന്തെങ്കിലും പറയും മുന്‍പ്‌ വാതിലിന്റെ പിന്നില്‍ നിന്ന് അമ്മ ആഗ്യം കാണിച്ചു, മോനെ അച്ഛനെ ദേഷ്യം പിടിപ്പിക്കാതെ, നീയ്യതങ്ങ്‌ സമ്മതിച്ചോടാ! അമ്മ വീട്ടിലെ പ്രാരാബ്ധങ്ങള്‍ ഒന്നൊന്നായി എണ്ണിപ്പറയാന്‍ തുടങ്ങും മുന്‍പ്‌ അര്‍ദ്ധ മനസ്സോടെ ഞാനെന്റെ തീരുമാനം പ്രഖ്യാപിച്ചു - പോസ്റ്റ്മാനെങ്കില്‍ പോസ്റ്റ്മാന്‍!

പിറ്റേന്ന് എന്റെ കൈപിടിച്ച്‌(വലിച്ച്‌) അച്ഛനെന്നെ അരിയന്നൂര്‍ പോസ്റ്റാഫീസില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയി. പോസ്റ്റ്‌ മാസ്റ്റര്‍ക്കുമുന്‍പില്‍ എന്നെ ഹാജരാക്കി അച്ഛന്‍ പറഞ്ഞു ഇതാണ്‌ ഞാന്‍ പറഞ്ഞ കക്ഷി, കൂടുതല്‍ ഒന്നും പറയാന്‍ നില്‍ക്കാതെ അച്ഛന്‍ ഡ്യൂട്ടിക്ക്‌ പോയി. പോസ്റ്റ്‌ മാഷ്‌ എന്നെ മൊത്തമായി ഒന്ന് നോക്കി എന്നിട്ട്‌ പെണ്ണുങ്ങളുടെ ശബ്ദത്തിലൊരു ചോദ്യം,
“അത്യാവശ്യം ഇംഗ്ലീഷിലുള്ള മേല്‍ വിലാസമൊക്കെ വായിക്കാന്‍ പറ്റ്വോടോ തനിക്ക്‌?“
തോമാസ്‌ മാഷിന്റെ ശബ്ദത്തിലെ സ്ത്രൈണത എനിക്ക്‌ ധൈര്യം നല്‍കി, ഞാന്‍ മുന്‍പിന്‍ നോക്കാതെ ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞു,
‌'ഓഫ്‌ കോഴ്സ',
രണ്ട്‌ ദിവസം മുന്‍പ്‌ കണ്ട സിനിമയില്‍ വില്ലനായ ജോസ്പ്രകാശ്‌ എപ്പോഴും പറയുന്ന ഡയലോഗാണ്‌, ഈ 'ഓഫ്‌ കോഴ്സ്'. മാഷൊന്ന് ചിരിച്ചു, പിന്നെ വിളിച്ചു, സൈമാ......

പറഞ്ഞതുപോലെ അച്ഛനെന്നെ മാഷിനും, മാഷ്‌ സൈമണും കൈമാറി.
"കുട്ടപ്പാ, ഒന്ന് രണ്ട്‌ ദിവസം കൊണ്ട്‌ പഠിക്കാവുന്ന കാര്യേള്ളൂ ഇത്‌, അഞ്ച്‌ കൊല്ലം ഞാന്‍ കൊണ്ട്‌ നടന്നു, അവര്‌ സ്ഥിരാക്കണ ലക്ഷണല്ലാത്തതുകൊണ്ട്‌ മാത്രാ ഞാന്‍ നേവീല്‌ ചേര്‍ന്നത്‌", സൈമണ്‍ പരിഭവിച്ചു.
അന്ന് അരിയന്നൂര്‍ പോസ്റ്റാഫീസിന്റെ അതിരുകളും, പരിതികളും ചുറ്റിനടന്ന് കാണുന്നതിന്നിടയില്‍ സൈമണ്‍ പറഞ്ഞു, “നമുക്ക്‌ കൊറച്ച്‌ നേരം വല്ലൊടുത്തും ഇരുന്നാലോ?“
കുടക്കല്ല് പറമ്പിലെ ഞാവല്‍മരങ്ങള്‍ക്ക്‌ കീഴിലെ തണലിലിരുന്ന് സൈമണ്‍ ചില ഉപദേശങ്ങളും, പൊടിക്കൈകളും പറഞ്ഞുതന്നു.
"കണ്ടമാനം മണിയോര്‍ഡറുകള്‍ വരണ സ്ഥലാ, പത്തുറുപ്പ്യ മണിയോര്‍ഡറുണ്ടെങ്കില്‍ വഴിയില്‍നിന്നും മാറ്റി, ഒരഞ്ച്‌, നാലൊറ്റ, ബാക്കി ചില്ലറ എന്നിങ്ങനെയാക്കി വേണം മേല്‍ വിലാസക്കാരന്‌ കൊടുക്കാന്‍, എങ്കിലേ പോസ്റ്റ്മാന്‌ ചായ കുടിക്കാന്‍ വല്ലതും കിട്ട്വോ കുട്ടപ്പാ". പത്തിന്റെ ഒറ്റനോട്ട്‌ കൊടുത്താല്‍, "ചില്ലറയൊന്നുല്ലല്ലോ പോസ്റ്റ്മാനേ" എന്നായിരിക്കും ആള്‍ക്കാര്‌ പറയുക.“
സൈമന്റെ ഉപദേശങ്ങളിലെ പ്രധാന പോയന്റുകളിലൊന്ന് ഇതായിരുന്നു.

രണ്ട്‌ ദിവസം കൊണ്ട്‌ സൈമണ്‍ എന്നെ അരിയന്നൂരിന്ന് മുഴുവന്‍ പരിചയപ്പെടുത്തി
- "ഇത്‌ കൂനമ്മൂച്ചിയിലെ പോസ്റ്റ്മാന്‍ അപ്പൂട്ടിയുടെ മോന്‍ കുട്ടപ്പന്‍, എനിക്ക്‌ പകരം ഇനി ഇവനാണ്‌ ഇവ്ടത്തെ പോസ്റ്റ്മാന്‍" - സൈമന്റെ പരിചയപ്പെടുത്തലിന്റെ ഒരു ലൈന്‍ അങ്ങനെയായിരുന്നു. ഈ മീശമുളക്കാത്ത ചെക്കനോ? എന്ന മട്ടില്‍ എല്ലാവരും എന്നെയൊന്നു തറപ്പിച്ച്‌ നോക്കും, ഞാന്‍ മനസ്സില്‍ പറയും, മീശയൊക്കെ മുളച്ചിട്ടുണ്ട്‌ നാട്ടുകാരെ, ഞാന്‍ ബ്ലാക്ക്‌ ബ്യൂട്ടി ആയതിനാല്‍......പലരും അച്ഛനെ അറിയുന്നവരായിരുന്നതിനാല്‍ ഒരു ചെറിയ സഹതാപ തരംഗവും എന്റെ കാര്യത്തിലുണ്ടായിരുന്നു, അത്‌ സംഗതികള്‍ എളുപ്പമാക്കി. അങ്ങനെ ഒരാഴ്ചത്തെ പരിശീലനക്കളരിക്കുശേഷം ഞാന്‍ അരിയന്നൂരിന്റെ താല്‍കാലിക പോസ്റ്റ്മാനായി ജോലിയില്‍ പ്രവേശിച്ചു. അച്ഛന്‍ 10 മൈല്‍ ദിവസവും നടക്കാറുണ്ട്‌ എന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാതിരുന്ന എനിക്ക്‌ ആദ്യ ദിവസം തന്നെ ഒരുകാര്യം ഉറപ്പായി, മോന്റെ കാര്യത്തില്‍ സംഗതി 10 മൈലോണ്ട്‌ നില്‍ക്കില്ലെന്ന്. ഒന്ന് സ്റ്റാന്‍ഡിങ്ങ്‌ ആവട്ടെ എന്നിട്ട്‌ വേണം ഒരു സൈക്കിള്‌ വാങ്ങിക്കാന്‍ അതായിരുന്നു ആദ്യ ആഴ്ചയിലെ ശപഥം.

ആറ്‌ മാസം കഴിഞ്ഞു, ഒന്നുരണ്ട്‌ തെറ്റിക്കൊടുക്കലും, തിരിച്ച്‌ വാങ്ങലുകളുമുണ്ടായതൊഴികെ കാര്യമായ കുഴപ്പങ്ങളൊന്നും ഈ കാലയളവിലുണ്ടായില്ല. സത്യത്തില്‍ ഞാന്‍ അല്‍പ്പാല്‍പ്പമായി എന്റെ ജോലിയെ സ്നേഹിച്ചു തുടങ്ങിയിരുന്നു. ആകെക്കൂടി ഒരഭിമാനമൊക്കെ 'ഫീല്‍' ചെയ്യുന്നുണ്ട്‌ ഇപ്പോള്‍. നമ്മുടെ അഭിമാനത്തിന്‌ ഇളക്കം തട്ടുന്നത്‌ ശംബളം വാങ്ങുന്ന ദിവസം മാത്രമാണ്‌, കാരണം 47രൂപ 60 പൈസയായിരുന്നു എന്നെപ്പൊലെ ഒരുപാട്‌ ആവശ്യങ്ങളുള്ള ഒരാളുടെ അന്നത്തെ ശംബളം. എന്നെ സ്ഥിരപ്പെടുത്തിയാല്‍ ഇത്‌ മേലോട്ട്‌ പോകും എന്നത്‌ മാത്രമാണ്‌ ഒരാശ്വാസം........

മാത്തിരി അമ്മായി പോസ്റ്റാഫീസിന്റെ നട്ടെല്ലാണ്‌, അവിവാഹിതയായ അവര്‍ക്ക്‌ 65നോടടുത്ത്‌ പ്രായമുണ്ട്‌, അടിച്ചുവാരല്‍, കുടിക്കാനുള്ള വെള്ളം കൊണ്ടുവരല്‍, അത്യാവശ്യം ചായ വാങ്ങികൊണ്ടുവരല്‍, അങ്ങനെയുള്ള ഒരു ജനറല്‍ സഹായി. മാത്തിരിയമ്മായിക്ക്‌ എന്തും പറയാനുള്ള ലൈസന്‍സുണ്ട്‌, അത്‌ പോസ്റ്റോഫീസ്‌ ജീവനക്കാരും, നാട്ടുകാരും ചോദ്യം ചെയ്യാറുമില്ല, ചോദ്യം ചെയ്തിട്ട്‌ വലിയ കാര്യമില്ല എന്നതാണ്‌ വാസ്തവം. ശ്രീകൃഷ്ണ കോളേജിലേക്ക്‌ വരുന്ന കുട്ടികള്‍ ബസ്സിറങ്ങുന്നതും, ബസ്സ്‌ കാത്തുനില്‍ക്കുന്നതും പോസ്റ്റോഫീസിനുതാഴെയാണ്‌, അന്ന് അരിയന്നൂരില്‍ ബസ്‌സ്റ്റോപ്പില്ല. ആരെങ്കിലും പോസ്റ്റോഫീസിന്റെ പ്രോപ്പര്‍ട്ടിയില്‍ കൈവച്ചാല്‍ അമ്മായി ഉടന്‍ പ്രതികരിക്കും
- “ഇങ്ങടെ നെഞ്ചത്താണ്ടാ തപാല്‍പെട്ടി ഇരിക്കണത്‌? പോസ്റ്റ്മേന്‍ കെക്കന്റെ സൈക്കിള്‌മ്മലാ ഇവിറ്റേള്‍ടെ
പ്രേമക്കളി?“
ഈ രീതിയിലാണ്‌ പ്രതികരണങ്ങള്‍. അസാമാന്യ തൊലിക്കട്ടിയില്ലാത്തവര്‍ക്ക്‌ അമ്മായിയുടെ മുന്‍പില്‍ പിടിച്ച്‌ നില്‍ക്കാന്‍ ഇത്തിരിപാടാ. മൊട്ടിട്ട്‌ തുടങ്ങുന്ന ഒട്ടേറെ ബസ്‌സ്റ്റോപ്പ്‌ പ്രണയങ്ങളെ അമ്മായിയുടെ മിസെയില്‍ പ്രയോഗങ്ങള്‍ നിലം പരിശാക്കിയിട്ടുണ്ട്‌. മാത്തിരി അമ്മായി ഞങ്ങള്‍ക്ക്‌ എന്നും ഒരു നിറഞ്ഞ കാഴ്ചയായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ 'പീഡനം' എന്നവാക്ക്‌ മലയാളിയുടെ നിഘണ്ടുവില്‍ പൊടിപിടിച്ച്‌ കിടന്നിരുന്ന ഒരു കാലമായിരുന്നു അത്‌..... ഒരു ദിവസം രാവിലെ പോസ്റ്റോഫീസിലേക്കുള്ള വഴിയില്‍ ഒരച്ഛനും, അയാളുടെ എന്റെ പ്രായമുള്ള മകനും എന്നെ തടഞ്ഞ്‌ നിര്‍ത്തി. പഴയ മാഷ്‌ പോയി, പുതിയ മാഷ്‌ ചാര്‍ജെടുത്തിട്ട്‌ അധികം ദിവസമായിട്ടില്ല, അതിനാല്‍ ഞാനല്‍പം തിടുക്കത്തിലാണ്‌, എങ്കിലും ഞാന്‍ സൈക്കിളില്‍നിന്നിറങ്ങി ചോദിച്ചു, എന്താ കാര്യം? അവര്‍ വിശദീകരിച്ചു, ഞാന്‍ ഞെട്ടി, എന്റെ സര്‍വ്വീസിലെ ആദ്യ ഞെട്ടല്‍ അവരുടെ സംഭാവനയായിരുന്നു. തലേ ദിവസം ഇന്‍ലാന്റ്‌ വാങ്ങാന്‍ ചെന്ന അവരുടെ പെണ്‍കുട്ടിയെ പോസ്റ്റ്മാസ്റ്റര്‍......
സംഗതി ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ പീഡനക്കേസാണ്‌. അടിച്ച്‌ പോസ്റ്റ് മാഷടെ 'ഷേപ്പ്‌ മാറ്റണം' മകന്‍ പറഞ്ഞു, ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും അവര്‍ തയ്യാറല്ല.
"അയാളുടെ നോട്ടവും, ഭാവവും അത്ര പന്തിയല്ലെന്ന് പലരും പറയാറുണ്ട്‌", എന്നാലും, തല്ലും ബഹളവും നടന്നാല്‍ നാട്ടുകാരറിയും, വിവാഹം കഴിയാത്ത പെണ്‍കുട്ടിക്ക്‌ പിന്നീടതൊരു ചീത്തപ്പേരാവില്ലേ? ഞാന്‍ ചോദിച്ചു നിര്‍ത്തി!
അപ്പനും, മകനും മുഖാമുഖം നോക്കി, എന്നിട്ട്‌ അപ്പന്‍ പറഞ്ഞു.
“പോസ്റ്റ്മേന്‍ പറഞ്ഞത്‌ ശെര്യാ, അവള്‍ക്ക്‌ കണ്ടമാനം ആലോചനകള്‍ വരുന്ന സമയാണ്‌, എതായാലും മോനായിട്ട്‌ ഈ വിവരം ആരോടും പറയാന്‍ പോണ്ട.“

മാഷോട്‌ ഈ സംഭവത്തിനുശേഷം ഞാന്‍ വലിയ സ്വാതന്ത്ര്യമെടുത്ത്‌ ഇടപെടാന്‍ തുടങ്ങി, മാഷ്ടെ 'ഷേപ്പ്‌' മാറാതെ നോക്കിയ രക്ഷകനാണല്ലോ ഞാനിപ്പോള്‍! പക്ഷേ അധികം വൈകാതെ സ്വന്തം നാട്ടില്‍ വെച്ച്‌ മാഷ്ടെ ഷേപ്പ്മാറി, കേസ്‌ പീഡനം തന്നെ. കഥയിലെ അപ്പന്‍ മരിച്ചു, സഹോദരനും, സഹോദരിയും ഇപ്പോഴും സുഖമായിരിക്കുന്നു.

കൊല്ലം നാലുകഴിഞ്ഞു, ഞാനിപ്പോഴും സ്ഥിരപ്പെട്ടിട്ടില്ല എങ്കിലും സുഖമാണ്‌ ഈ പണി എന്നെനിക്ക്‌ ബോധ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഗള്‍ഫിലേക്കുള്ള മലയാളികളുടെ കുടിയേറ്റം ശക്തമായ ഒരു കാലഘട്ടമായിരുന്നു അത്‌. അരിയന്നൂരിലെ മിക്കവാറും എല്ലാവീടുകളില്‍നിന്നും ചുരുങ്ങിയത്‌ ഒരാള്‍ എന്ന നിലയില്‍ ഇപ്പോള്‍ പേര്‍ഷ്യയിലുണ്ട്‌. മണിയോര്‍ഡറുകള്‍ കുറഞ്ഞുവെങ്കിലും, അതിന്റെ സ്ഥാനത്ത്‌ റെജിസ്ട്രേഡ് കവറുകള്‍ വന്നത്‌ എന്റെ ജോലിഭാരം കുറയ്ക്കുകയും, സൈമണ്‍ പറഞ്ഞ ചില്ലറമാറല്‍ എന്ന കലാപരിപാടി ഒഴിവാക്കുകയും ചെയ്യാന്‍ എന്നെ സഹായിച്ചു. പോസ്റ്റോഫീസിന്റെ ഒരതിരിലുള്ള ശ്രീകൃഷ്ണ കോളേജിലെ അദ്ധ്യാപകരില്‍ ചിലര്‍ അവരുടെ ശംബള ദിവസം എന്നെ ഓര്‍ത്തു, അതിലുപരി അവിടേക്കുള്ള യാത്രയില്‍ നിര്‍ലോഭം ലഭിക്കുന്ന കടാക്ഷങ്ങളും, ചെറുപുഞ്ചിരികളും എന്നിലെ റൊമാന്റിക്‌ സങ്കല്‍പങ്ങള്‍ക്ക്‌ പുതിയ തലങ്ങള്‍ നല്‍കി. കോവിലന്റെ ഗിരിയിലേക്കുള്ള വഴി മൂര്‍ച്ചയുള്ള ഉരുളന്‍ കല്ലുകളാല്‍ സമൃദ്ധമായിരുന്നുവെങ്കിലും വഴിനീളെ ഞാവല്‍പഴങ്ങളും, മുവ്വാണ്ടന്‍ മാങ്ങയും, ചക്കയും, കശുമാങ്ങയും നല്‍കി സല്‍ക്കരിക്കാന്‍ ആളുകളുണ്ടായിരുന്നതിനാല്‍, കരിമല കയറ്റം കഠിനമല്ലെന്ന് ശബരിമലക്ക്‌ അച്ഛനോടൊപ്പം പോകുമ്പോള്‍ പറഞ്ഞിരുന്നത്പോലെ എളുപ്പമായി.

അരിയന്നൂര്‍ പോസ്റ്റാഫീസില്‍ ഏറ്റവും കൂടുതല്‍ എഴുത്തുകളും, ബുക്ക്പോസ്റ്റുകളും വന്നിരുന്നത്‌ കോവിലനായിരുന്നു. മാതൃഭൂമിയും, കുങ്കുമവും, മലയാളനാടും, ഞാന്‍ വായിച്ചുതുടങ്ങുന്നത്‌ കോവിലനുമായുള്ള പരിചയത്തില്‍നിന്നാണ്‌. സ്മാരകശിലകളും, ആനപ്പകയും, ഖസാക്കും, സാഹിത്യവാരഫലവും അങ്ങനെ വായിച്ചതില്‍പ്പെടുന്നു. ഇടക്ക്‌ കോവിലന്‍ ചോദിക്കും, താനിപ്പോഴും സ്ഥിരപ്പെട്ടില്ല അല്ലേ?

ഒരിക്കലും, എഴുത്തോ, മണിയോര്‍ഡറോ വരാത്ത അപൂര്‍വ്വം ചില വീടുകളും അരിയന്നൂരിലുണ്ടായിരുന്നു. അക്കൂട്ടത്തില്‍ പ്രധാനികളായിരുന്നു കൊച്ചമ്മിണിയും, ഭര്‍ത്താവ്‌ അപ്പുണ്ണിയും. അരിയന്നൂരിന്റെ ആദി കരുവാനാണ്‌ അപ്പുണ്ണി. എഴുത്തില്ലെങ്കിലെന്ത്‌ മിക്കവാറും ദിവസങ്ങളില്‍ ഞാനവരുടെ വീടിനുമുന്നില്‍ കുറേസമയം ചിലവഴിച്ചിട്ടൂണ്ട്‌. കൊച്ചമ്മിണിയും, അപ്പുണ്ണിയും അവരുടെ ആലയിലിരുന്ന് ഒന്നാന്തരമായി ജോലികള്‍ ചെയ്യുകയും, വൈകുന്നേരം ഒരുമിച്ച്പോയി ഫസ്റ്റ്ക്ലാസ്സായി വെള്ളമടിക്കുകയും ചെയ്യും. അത്‌ കഴിഞ്ഞാല്‍ പിന്നെ പുലരുംവരെ വഴക്കാണ്‌, അടി ചിലപ്പോള്‍ ഷാപ്പില്‍ നിന്നുതന്നെ തുടങ്ങും, അപ്പുണ്ണിക്കായിരിക്കും കൂടുതല്‍ കിട്ടുക. ഒരു ദിവസം വഴക്കിന്റെ ക്ലൈമാക്സില്‍ അപ്പുണ്ണി വീട്ടിലെ കിണറ്റിലേക്ക്‌ എടുത്ത്‌ ചാടി, പിന്നെ അലമുറയിട്ട്‌ കരഞ്ഞു, “എന്നെ രക്ഷിക്കണേ, ഞാനിപ്പൊചാവ്യേ!“ അധികം താമസിച്ചില്ല കൊച്ചമ്മിണിയും എടുത്ത്‌ ചാടി, പിന്നെ രണ്ട്പേരും ചേര്‍ന്നായി കരച്ചില്‍. സ്ഥിരം കാണികളായ ഞങ്ങള്‍ കിണറ്റിലേക്ക്‌ കസേര ഇറക്കികൊടുത്തെങ്കിലും, അവരില്‍ ആരാദ്യം കയറിവരണം എന്ന തര്‍ക്കത്തില്‍ പിന്നെയും സമയം കുറേ എടുത്തു അവര്‍ കരയ്ക്കടുക്കാന്‍. കരയിലെത്തിയ അവര്‍ ഒന്നാവുകയും രക്ഷപ്പെടുത്തിയ ഞങ്ങളെ കണക്കിന്‌ ചീത്ത പറയുകയും ചെയ്തു. പിന്നീട്‌ ഞാനാവഴി പോയിട്ടില്ല.

അരിയന്നൂരിന്റെ സാംസ്കാരിക കേന്ദ്രമായിരുന്നു അനിയന്‍ നായരുടെ ചായക്കട. ലോകത്തിന്റെ ഏതുകോണിലും നടക്കുന്ന സംഭവവികാസങ്ങള്‍ അവിടെ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ത്യാ-പാക്ക്‌ യുദ്ധവും, ബംഗ്ലാദേശിന്റെ വിമോചനവും, പതുങ്ങിയ ശബ്ദത്തിലാണെങ്കിലും അടിയന്തിരാവസ്ഥയും അരിയന്നൂരില്‍ സജീവമായത്‌ നിര്‍മല ഹൃദയനായ അനിയന്‍ നായരുടെ ചായക്കടയില്‍ വെച്ചായിരുന്നു. അനിയന്‍ നായരുടെജ്യേഷ്ഠന്‍ അപ്പുണ്ണി നായര്‍ എല്ലാ ചര്‍ച്ചകളേയും സജീവമാക്കന്‍ സദാ ജാഗരൂഗനായി നിന്നു. ഏതാവശ്യത്തിനും, എപ്പോഴും സമീപിക്കാവുന്ന ആളായിരുന്നു അപ്പുണ്ണി നായര്‍. റേഷന്‍ കാര്‍ഡ്‌, വോട്ടേഴ്സ്‌ ലിസ്റ്റ്‌, കറന്റ്‌ ബില്ല്, പഞ്ചായത്ത്‌, വില്ലേജ്‌ - എല്ലാ പ്രശ്നങ്ങള്‍ക്കും അനിയന്‍ നായരുടെ കടയിലിരുന്ന് അപ്പുണ്ണി നായര്‍ പരിഹാരം കണ്ടെത്തി. എപ്പോഴും കാസരോഗിയെപ്പോലെ ചുമച്ച്‌ നാട്ടുകാര്‍ക്ക്‌ വാര്‍ത്തകള്‍ എത്തിച്ചുകൊണ്ടിരുന്ന ഗ്രാമീണ റേഡിയോയുടെ കൈകാര്യവും, രാത്രിയില്‍ തെരുവ്‌ വിളക്കിന്റെ ഫ്യൂസ്‌ കുത്തുന്ന ജോലിയും അപ്പുണ്ണിനായരുടെ സൗജന്യ സേവനമായിരുന്നു. അരിയന്നൂരിന്‌ നഷ്ടപ്പെട്ടുപോയ രണ്ട്‌ നന്മകളാണ്‌ ഈ സഹോദരങ്ങള്‍.

ഒരുദിവസം പോസ്റ്റോഫീസില്‍ ചെന്നപ്പോള്‍ മാത്തിരി അമ്മായി പതിവില്ലാത്ത വിധം രഹസ്യമായി എന്നെ വിളിച്ചു.
-“ടാ, കുട്ടപ്പാ, നമ്മടെ ഖദ്യൂട്ടിമ്മടെ മോന്‍ പേര്‍ഷ്യേന്ന് ഒരതിശയം കൊണ്ടന്നിട്ട്ണ്ട്‌!
"സ്വര്‍ണ്ണബിസ്ക്കറ്റാ? ഞാന്‍ ഇടക്കുകയറി.
"അല്ലടാ, നമ്മള്‌ പറയണതൊക്കെ അതും പറയും, പെയിലുണ്ണി മാഷ്ടെ പ്രസംഗ്വോം, കുട്ട്യേള്‍ടെ കരച്ചിലും ഒക്കെ അതില്‌ണ്ട്‌, ഒരോരൊ അതിശയങ്ങള്‌!“ മാത്തിരി അമ്മായി മൂക്കത്ത്‌ വിരല്‍ വെച്ചുനിന്നു. നാട്ടിലെ ആദ്യത്തെ ടേപ്പ്‌ റെക്കോര്‍ഡര്‍ അങ്ങനെയാണ് കടന്നു വന്നത്.

എന്റെ യാത്രക്കിടയില്‍ എപ്പോഴോ ഞാന്‍ രവിയുമായി അടുത്തു. എല്ലാ ദിവസവും രവി കാലികളെ മേയ്ക്കാന്‍ വെളുത്തേടത്തെ കുന്നില്‍ വരും. കാലികളെ സ്വതന്ത്രരായി വിട്ട്‌ മാവിന്‍ ചുവട്ടിലിരുന്ന് കഥാപ്രസംഗം പഠിക്കുകയാണ്‌ രവിയുടെ പ്രധാന ഹോബി. സാംബശിവന്‍ മേത്രിക്കോവില്‍ ഉത്സവത്തിന്‌ കഥാപ്രസംഗം അവതരിപ്പിച്ചതിന്നുശേഷം രവിയില്‍ ആവാഹിക്കപ്പെട്ടതാണ്‌ ഈ മോഹം. രവി എന്നും എനിക്കു വേണ്ടി പാടി,
"കാഥികനല്ല ഞാന്‍, കലാകരനല്ല ഞാന്‍......."
കാഥികനുപറ്റിയ ഒരുപേരായിരുന്നു ഞങ്ങളുടെ ആദ്യ പ്രശ്നങ്ങളിലൊന്ന്, അത്‌ പരിഹരിച്ചത്‌ രവിയോട്‌ ഇഷ്ടമാണെന്ന് രവി വിശ്വസിച്ച പെണ്‍കുട്ടിയുടെ പേര്‌ ഹിന്ദിയിലാക്കി രവിയുടെ പേരിന്റെ ആദ്യം ചേര്‍ത്തായിരുന്നു. ഒരുദിവസം രവി എഴുതിയ കഥാപ്രസംഗം എന്നെ ഏല്‍പ്പിച്ച്‌ പറഞ്ഞു, നമുക്കിത്‌ തെറ്റ് തിരുത്താന്‍ കോവിലന്‌ കൊടുത്താലോ? ഒരാഴ്ച്ചക്കുശേഷം 'സാധനം' തിരിച്ചുതന്നിട്ട്‌ കോവിലന്‍ പറഞ്ഞു
“ഇതില്‍ തിരുത്താന്‍ ഒന്നുമില്ല കുട്ടപ്പാ“.
അരിയന്നൂരില്‍ പിന്നീട്‌ കാഥികരുണ്ടായിട്ടില്ല.

ഒരു മാര്‍ച്ച്‌ മുപ്പത്ത്യന്നിന്‌ രാവിലെ പരിചയമുള്ള ഒരാള്‍ എന്നോട്‌ പോസ്റ്റോഫീസില്‍ കയറി വന്നു പറഞ്ഞു.
'കുട്ടപ്പാ ഒരു മണിയോര്‍ഡര്‍ പൂശണം', ഞാനല്‍പ്പം തിരക്കിലായതിനാല്‍ അയാളോട്‌ പോസ്റ്റ്മാഷോട്‌ പറയാന്‍ പറഞ്ഞ്‌ എഴുത്തുകളില്‍ സീലടിക്കുന്ന പണിതുടര്‍ന്നു.
“ഇത്തിരി കൊഴപ്പം പിടിച്ച മണിയോര്‍ഡറാ“ ആഗതന്‍ വിടുന്ന മട്ടില്ല!
“എന്താ കുഴപ്പം?“ എന്റെ ചോദ്യത്തിന്‌ അയാള്‍ വിശദമായി മറുപടി തന്നു. അയാളുമായി അത്ര രസത്തിലല്ലാത്ത അയല്‍ വാസിക്ക്‌ ഏപ്രില്‍ ഒന്നിന്‌ കിട്ടത്തക്ക രീതിയില്‍ 'ഒരുപൈസ'യാണ്‌ മണിയോര്‍ഡറയക്കേണ്ടത്‌, ഈ ഒരു പൈസ അയക്കാന്‍ എന്ത്‌ ചിലവ്‌ വന്നാലും കുഴപ്പമില്ല എന്ന നിലപാടിലാണ്‌ കക്ഷി. നിയമപരമായി അയാള്‍ക്ക്‌ അതിനുള്ള അവകാശമുണ്ട്‌, അതിനാല്‍ അവരുടെ ശത്രുതയൊന്നും നമുക്കറിയേണ്ട കാര്യമില്ല. പോസ്റ്റ്മാസ്റ്റര്‍ സര്‍വ്വീസ്‌ ചട്ടം വിശദീകരിച്ചു. ഏപ്രില്‍ ഒന്നിന്‌ ആ മണിയോര്‍ഡര്‍ മേല്‍ വിലാസക്കാരന്‌ നല്‍കി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ചരിത്രത്തിലെ അപൂര്‍വസംഭവങ്ങള്‍ക്കൊന്നിന്‌ 'കുട്ടപ്പന്‍ സാക്ഷിയായി'.
നാട്ടുകാര്‍ക്കിടയില്‍ ഈ ഒറ്റപൈസ ഏറെനാള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

മഞ്ഞ ലോഹത്തില്‍ അരിയന്നൂരിന്റെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ക്ക്‌ പുതിയ രൂപങ്ങള്‍ നല്‍കിയ കുഞ്ഞുണ്ണി തട്ടാന്‍, വിശ്വസ്ഥതയുടെ കാര്യത്തില്‍ രണ്ട്‌ പണത്തൂക്കം മുന്‍പിലായിരുന്നു എന്നും. മക്കളെല്ലാം കേരളത്തിലും, പുറത്തുമായി നല്ല ഉദ്യോഗങ്ങളിലായിരുന്നതിനാല്‍ മിക്കവാറും ദിവസങ്ങളില്‍ അദ്ദേഹത്തിന്‌ എഴുത്തോ, മണിയോര്‍ഡറോ ഉണ്ടാകുമായിരുന്നു, അതായിരുന്നു ഞങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കണ്ണി. പ്രായം ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ മറന്നുപോയോ എന്ന് ഞാന്‍ പലപ്പോഴും സംശയിച്ചിട്ടുണ്ട്‌.എന്റെ കാഴ്ചകളില്‍ കുഞ്ഞുണ്ണി തട്ടാന്റെ രൂപം എന്നും ഒരുപോലെയായിരുന്നു. വെളുത്ത ഒറ്റമുണ്ടും, ചുമലിലൊരു ഈരിഴത്തോര്‍ത്തുമായി, തന്റെ പണിപ്പുരയിലിരുന്ന് കാതുകുത്താന്‍ വരുന്ന ചിണുങ്ങുകളെയും, കല്യാണങ്ങള്‍ക്ക്‌ ആഭരണങ്ങള്‍ തീര്‍ക്കാന്‍ വരുന്ന മുതിര്‍ന്നവരേയും നിറഞ്ഞ ചിരിയോടെ കുഞ്ഞുണ്ണി തട്ടാന്‍ സ്വീകരിച്ചു. കല്ല്യാണത്തിന്‌ പൊന്നെടുക്കാന്‍ തൃശ്ശൂരിലേക്ക്‌ പോകുക എന്നത്‌ കേട്ടുകേള്‍വി മാത്രമായിരുന്നു അന്ന്‌ നാട്ടില്‍.

ഒരു ദിവസം രാവിലെ പോസ്റ്റോഫീസില്‍ ചെല്ലുമ്പോള്‍ കുഞ്ഞുണ്ണി തട്ടാന്‍ ആത്മഹത്യ ചെയ്തു എന്ന അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് കേട്ടത്. ആ വാര്‍ത്തയുടെ ഞെട്ടലിലായിരുന്നു നാടുമുഴുവന്‍. തന്റെ വീടിനടുത്തുള്ള പ്ലാവിന്റെ താഴ്‌ന്ന ചില്ലകളിലൊന്നില്‍, ഭൂമിയെ സ്പര്‍ശിക്കാന്‍ വെമ്പിനില്‍ക്കുന്ന കാലുകളുമായി, കുഞ്ഞുണ്ണി തട്ടാന്റെ ശോഷിക്കുന്ന രൂപം തൂങ്ങി നില്‍ക്കുന്നത്‌ വേദനിക്കുന്ന ഒരോര്‍മ്മയായി എന്നിലിപ്പോഴും നിറയുന്നു. എന്തുകൊണ്ടായിരിക്കാം ഈ ലോകം കുഞ്ഞുണ്ണി തട്ടാന്‌ മടുത്തുപോയത്‌? അതും ജീവിതത്തിന്റെ സായാഹ്നത്തില്‍? ഒരിക്കലും ഉത്തരം കിട്ടാത്ത ദുരൂഹ സമസ്യയായി ആ ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നു.

കൊല്ലം 10 കഴിഞ്ഞു, ഞാനിപ്പോഴും സ്ഥിരപ്പെട്ടിട്ടില്ല. എങ്കിലെന്ത്‌ എന്നെ ഈ നാട്ടുകാരനായി എല്ലാവരും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. കുറേ നല്ല സുഹൃത്തുക്കള്‍, അവരില്‍ പലരും ഗല്‍ഫില്‍ പോകുകയും, ബാക്കിയുള്ളവര്‍ ഗള്‍ഫില്‍ പോകാന്‍ വിസകാത്തു നില്‍ക്കുകയും ചെയ്യുന്നു. ഏത്‌ വീട്ടിലും എപ്പോഴും കയറിച്ചെല്ലാവുന്ന സൗഹൃദങ്ങള്‍, എന്റെ ജീവിതത്തിലെ രമണീയമായ ഒരു പതീറ്റാണ്ടിന്‌ ഞാന്‍ ഈ നാടിനോട്‌ കടപ്പെട്ടിരിക്കുന്നു.

ഒരു ദിവസം അരിയന്നൂരിന്റെ ഗായകനായ വര്‍ഗ്ഗീസ്‌ എന്നോട്‌ പറഞ്ഞു,
"കുട്ടപ്പാ, നിയ്യൊരുകാര്യം ചെയ്യ്‌ ഒരു പത്ത്‌ ഫോട്ടോ എടുക്ക്‌, നമുക്ക്‌ പാസ്പോര്‍ട്ടിന്‌ അപേക്ഷിക്കാം"
എന്താ? ഞാനാദ്യം അതത്ര കാര്യമാക്കിയില്ല പക്ഷേ വര്‍ഗ്ഗീസ്‌ എന്നെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു, അവസാനം 1979 ന്റെ പകുതിയില്‍ എനിക്ക്‌ പാസ്പോര്‍ട്ട്‌ കിട്ടി. ആയിടെ ലീവില്‍ വന്ന എന്റെ സുഹൃത്ത്‌ അബ്ദുള്‍ അസീസ്‌ എന്റെ പാസ്പോര്‍ട്ട്‌ കോപ്പി കൊണ്ടുപോകുകയും അധികം വൈകാതെ വിസ അയച്ചുതരികയും ചെയ്തു. ഇന്നത്തെ കുട്ടികള്‍ പറയുന്നതുപോലെ, എല്ലാം വളരെ പെട്ടെന്നായിരുന്നു. എന്റെ പോസ്റ്റ്മാന്‍ ഉദ്യോഗം ഞാന്‍ അശോകനെ ഏല്‍പ്പിക്കുമ്പോള്‍ , സൈമണ്‍ എന്നോട്‌ പറഞ്ഞ അതേ വാചകങ്ങള്‍ തന്നെ പറഞ്ഞു.
- "മോനെ അശോകാ, അവരെന്നെ സ്ഥിരപ്പെടുത്തിയിരുന്നെങ്കില്‍ ഞാനീഗള്‍ഫിലൊന്നും പോകാന്‍ ശ്രമിക്കില്ലായിരുന്നു". ഭാഗ്യമോ, നിര്‍ഭാഗ്യമോ, കാലം എന്നെ ഗള്‍ഫില്‍ സ്ഥിരപ്പെടുത്തി, പലകുറി അവസാനിപ്പിച്ച്‌ പോയിട്ടും ഞാനെന്റെ ഈ തട്ടകത്തിലേക്ക്‌ തിരിച്ചുവന്നുകൊണ്ടേയിരുന്നു.

ശരിക്കും അരിയന്നൂര്‍ ഒരു മാതൃകാ ഗ്രാമമായിരുന്നു. രാഷ്ട്രീയ സംഘട്ടനങ്ങളില്ലാത്ത, അപവാദ പ്രചാരണങ്ങളില്ലാത്ത ഒരിടം. ഉത്സവങ്ങളും, ചന്ദനക്കുടം നേര്‍ച്ചയും, തൈപ്പുയവും അമ്പ്‌ പെരുന്നാളും എല്ലാവരുടേതുമായിരുന്നു. തൈപ്പൂയത്തിനുള്ള കാവടികള്‍ 'കാര്‍ന്നര്‍' എന്ന് എല്ലാവരും സ്നേഹപൂര്‍വ്വം വിളിക്കുന്ന മജീദിക്ക രൂപകല്‍പന ചെയ്യുകയും, കുമാരനും, അസീസും, വര്‍ഗീസും, വേശുകുറുപ്പും അടങ്ങിയ സംഘം നിര്‍മിക്കുകയും ചെയ്തു, കാവടികളുമായി പയ്യൂര്‍ ശിവക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ അരിയന്നൂര്‍ പള്ളിക്കുമുന്‍പിലെത്തുമ്പോള്‍ അപ്പുണ്ണി സ്വാമി ഉറക്കെ പറയും, "നിര്‍ത്തടാ തകിലടി പള്ളീല്‌ ആളേള്‌ നിസ്കരിക്കിണ്ടാവും". ചന്ദനക്കൂടം നേര്‍ച്ചക്ക്‌ മൊയ്തീനോടൊപ്പം അയ്പ്പുട്ടിയും, ആശാന്‍ സുബ്രനും അമരക്കാരായി നിന്നു, അമ്പ്‌ പെരുന്നാളിന്ന് ബാന്റ്‌ സെട്ടിനോടൊപ്പം എല്ലാവരും ചുവടുകള്‍ വെച്ചു. പരസ്പരം സ്നേഹിച്ചും അംഗീകരിച്ചും, എല്ലവിശ്വാസങ്ങളുടെയും നന്മകള്‍ ഉള്‍കൊണ്ടും ജീവിച്ച ഒരുപറ്റം സുമനസ്സുകള്‍ അരിയന്നൂരിനെ എന്നും ആവാസയോഗ്യമാക്കാന്‍ സഹ്യനെപ്പോലെ കാവല്‍നിന്നു.

വേദനകളും, അതിനേക്കാള്‍ ആഹ്ലാദങ്ങളും നിറഞ്ഞ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച എന്റെ പോസ്റ്റ്മാന്‍ ജോലിയെ മൂന്ന് പതിറ്റാണ്ടിനുശേഷവും ഞാന്‍ സ്നേഹിക്കുന്നു, അരിയന്നൂര്‍ പലരീതിയില്‍ മാറിപ്പോയെങ്കിലും, ഞാനിപ്പൊഴും മനസ്സുകൊണ്ട്‌ അരിയന്നൂരിന്റെ ആ പഴയ പോസ്റ്റ്മാന്‍ തന്നെയാണ്‌, അതുകൊണ്ട്‌ ഞാന്‍ ഇവിടെതന്നെ വീടുവെച്ച്‌ സ്ഥിരതാമസമാക്കി.

2006 ജൂണ്‍ മാസം. ഞാന്‍ അവധിക്ക്‌ നാട്ടില്‍ വന്നിരിക്കുകയാണ്‌. ആരോ കോളിങ്ങ്‌ ബെല്‍ അടിച്ചപ്പോള്‍ ഞാന്‍ ചെന്ന് വാതില്‍ തുറന്നു കൊടുത്തു, മുന്നില്‍ അരിയന്നൂരിന്റെ ഇപ്പൊഴത്തെ പോസ്റ്റ്മാന്‍ മോഹനന്‍ പതിവ്‌ മന്ദസ്മിതത്തോടെ എന്റെ മകനുള്ള എഴുത്തുമായി നില്‍ക്കുന്നു. കഴിഞ്ഞ ഇരുപത്തി അഞ്ച്‌ വര്‍ഷമായി അരിയന്നൂരിന്റെ യൂണിഫോമിടാത്ത പോസ്റ്റ്മാനായി മോഹനന്‍ ഞങ്ങള്‍ക്കു മുന്‍പിലുണ്ട്‌. പലരും എന്നോട്‌ ചോദിച്ചിരുന്ന ആ പഴയ ചോദ്യം അയാളോടും ചോദിക്കുന്നുണ്ടായിരിക്കാം - താനിപ്പോഴും സ്ഥിരപ്പെട്ടില്ല അല്ലേ?......

Subscribe Tharjani |