തര്‍ജ്ജനി

ലാസര്‍ ഡിസില്‍വ

Visit Home Page ...

യാത്ര

കന്യാകുമാരി, വീണ്ടും...

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, 'കുവൈത്ത്‌ ടൈംസില്‍' കന്യാകുമാരിയെ കുറിച്ച്‌ ഞാന്‍ എഴുതിയ ചെറിയ കുറിപ്പ്‌ അവസാനിച്ചതു ഇങ്ങിനെയായിരുന്നു;

"...എങ്കിലും എന്റെ കന്യാകുമാരി വിശുദ്ധയാണ്‌. ഞങ്ങള്‍ ഇപ്പോഴും ഹൃദയം കൈമാറാറുണ്ട്‌. ആ കോമാളിയായ ജാലവിദ്യക്കാരന്‍ നിനച്ചിരിക്കാത്ത നേരത്തു പിടികൂടാതിരുന്നാല്‍ ഇനിയുമാ മോക്ഷതീരത്തു എത്തിപെടും എന്നതു തീര്‍ച്ചയാണ്‌. അന്ന്‌ മക്കളോടു പറയാം..., നിങ്ങളുടെ മനവും ഭാവവും ഇവിടെ മലര്‍ക്കെ തുറന്നിടുക. ഇവള്‍ മോക്ഷദേവതയാണ്‌. പാപലോകങ്ങളുടെ വ്യര്‍ഥകാമനകള്‍ നീക്കി, നിങ്ങള്‍ക്കു സ്നാനം ചെയ്തുണരാനാവുന്ന സ്വര്‍ഗ്ഗവരപ്രസാദം"

വര്‍ഷങ്ങള്‍ക്കിപ്പുറമിരുന്നു വായിച്ചു നോക്കുമ്പോള്‍, ആദ്യം ശ്രദ്ധിക്കാന്‍ തോന്നുക, എന്നില്‍ നിന്നും പൊയ്പ്പോയ, ഇനി ഒരിക്കലും തിരിച്ചുവരാന്‍ സാദ്ധ്യതയില്ലാത്ത ഭാഷാനിബിഢതയാണ്‌. എം.ടിയുടെ 'മഞ്ഞി'നെ വീണ്ടും വീണ്ടും പരാമര്‍ശിക്കുന്നതു കണ്ടപ്പോള്‍, ഒരിക്കല്‍ സേതുവിനോടു ചോദിച്ചിരുന്നു; ആധുനികതയുടെ കാലത്തു നിങ്ങളൊക്കെ കുടഞ്ഞുകളയാന്‍ ശ്രമിച്ച കാല്‍പനീകതയുടെ അതിപ്രസരം മഞ്ഞിലുണ്ട്‌. എന്നിട്ടും എന്തേ എന്ന്‌. മനുഷ്യജീവിതത്തിലുണ്ടല്ലോ കാല്‍പനീകത എന്നായിരുന്നു മറുപടി.

എന്താണു ജീവിതത്തിലെ കാല്‍പനീകത എന്ന കുഴഞ്ഞ ചോദ്യത്തിലേക്ക്‌ ഇല്ല-ഇതിനിടയ്ക്ക്‌ ഒരുപാട്‌ അവധിയാത്രകള്‍ ഉണ്ടായെങ്കിലും, ഇപ്പോഴാണ്‌, ആ ചോദ്യത്തിന്റെ വഴികളിലൂടെ വണ്ടിയോടിച്ച്‌, കാര്യങ്ങള്‍ മനസിലാക്കാന്‍ മാത്രം വളര്‍ന്നുകഴിഞ്ഞ മക്കളുമായി വീണ്ടും കന്യാകുമാരിയില്‍ എത്താന്‍ സാധിച്ചത്‌.

ഒരു തെക്കന്‍തിരുവിതാംകൂറുകാരനു കന്യാകുമാരി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമല്ല, പിളര്‍ന്നുപോയ ചരിത്രമാണ്‌. പാറശാല കടന്നപ്പോള്‍ ഞാന്‍ കുട്ടികളോടു പറഞ്ഞു; ഇനി തമിഴ്‌നാടാണ്‌. മറ്റൊരു രാജ്യം കാണാനെന്നപോലെ അവര്‍ പുറത്തേക്കു പകച്ചു നോക്കുന്നുണ്ടായിരുന്നു. പത്മനാഭപുരം കൊട്ടാരവും, ഡില്ലനോയ്‌ കോട്ടയും, സഹ്യന്റെ തെക്കന്‍ തുടിപ്പുകളും ശുചീന്ദ്രം ക്ഷേത്രവും തിരുവിതാംകൂറിന്റെ പകുതി സ്വത്വവും ഇനിയും അപ്പുറത്താണെന്ന്‌ അവരെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും. സ്വാതന്ത്രാനന്തര ഇന്ത്യയുടെ കലുഷമായ ചരിത്രത്തില്‍, വരയ്ക്കപ്പുറമായിപോയതിനാല്‍ സ്വത്വനഷ്ടം വന്ന ചെറിയൊരു കൂട്ടം മലയാളികളുടെ ദുരന്തത്തിനു പക്ഷെ സാംഗത്യമില്ല. ജയമോഹനും നീലാപത്മനാഭനും മലയാളത്തിലും തമിഴിലും എഴുതാന്‍ സാധിക്കുന്നുണ്ട്‌.

തമിഴ്‌ മനസ്സിലാവാത്ത, തമിഴ്‌ സിനിമ കാണാത്ത തിരുവനന്തപുരത്തുകാരുണ്ടാവില്ല (മദ്ധ്യതിരുവിതാംകൂര്‍ വിലയ്ക്കെടുത്ത ഇന്നത്തെ തിരുവനന്തപുരത്തെ കുറിച്ചല്ല). മലയാളം ടെലിവിഷന്‍ ചാനലുകളല്ല ഇവിടിരിക്കുമ്പോഴും എന്നെ സ്പര്‍ശിക്കുക. ബാക്കിയുള്ളവര്‍ കണ്ടു തീരുമ്പോഴോ അവരുടെ സര്‍ഫിങ്ങിന്റെ ഇടയിലോ തെന്നിതെറിച്ചു വീഴുന്ന തമിഴ്‌ ചാനലുകളാണ്‌ പടിഞ്ഞാറെകോട്ടയിലെ അഗ്രഹാരങ്ങള്‍ക്കു മുന്നിലൂടെ നടക്കുന്ന സുഖം തരുക. തക്കലയിലെ ഒരു വീട്ടില്‍ ചെന്നപ്പോള്‍ അവിടുള്ളവര്‍ എന്നോടു പറഞ്ഞ സംഗീതസുഭഗമായ മലയാളം, ഭാഷാചരിത്രം പഠിക്കാന്‍ ശ്രമിക്കുന്നതിനും എത്രയോ മുന്‍പേ തമിഴിന്റെ കലര്‍പ്പില്ലാത്ത പാരമ്പര്യം എന്നെ ബോധിപ്പിച്ചിരുന്നു. വംശത്തിനും, നിറത്തിനും അപ്പുറം ഒരു പ്രദേശത്തിനു അതിര്‍ത്തിവരയ്ക്കാന്‍ എളുപ്പവും നിരുപദ്രവകരവും പക്ഷേ ഭാഷ തന്നെ. ചരിത്രത്തിന്റെ വൈകാരികതകളില്‍, ഗൃഹാതുരത്വത്തിനപ്പുറം, ഒരു കാല്‍പനീകത ഉണ്ടോ? അല്ലെങ്കില്‍ എന്തേ ഒരു നഷ്ടലോകത്തിന്റെ വ്യഥയോടെ കന്യാകുമാരി എന്നില്‍ നില്‍ക്കുന്നു.

ശുചീന്ദ്രംപാലം കഴിഞ്ഞാല്‍, തെങ്ങിന്‍തോപ്പുകള്‍ക്കു നടുവിലൂടെ, നീണ്ടുകിടക്കുന്ന നിരത്തിന്റെ അങ്ങേഅറ്റത്ത്‌ പതുക്കെ പതുക്കെ ആകാശത്തിന്റെ അനന്തത തെളിഞ്ഞുവരും. ഇരുഭാഗത്തുനിന്നും നേര്‍ത്തുവരുന്ന ഭൂമിയുടെ നശ്വരതയും. ജീവിതം തിരക്കുന്നവരുടെ മനസുപോലെയാണ്‌ - അടുക്കുംതോറും അപാരതയുടെ ശൂന്യത.

ഞെട്ടിപ്പിക്കുന്ന മറ്റൊരുതരം ശൂന്യതയോടെയാണു പക്ഷെ ഇത്തവണ കന്യാകുമാരി സ്വീകരിച്ചത്‌. തീരത്തേക്കു പോകുന്നതിനു മുന്‍പ്‌, ഹോട്ടലിലും റസ്റ്റോറന്റിലുമൊക്കെ വച്ചുതന്നെ പതിവില്ലാത്ത ഒരുതരം വിമൂകത ശ്രദ്ധിച്ചിരുന്നു. തീരത്തേക്കിറങ്ങിയപ്പോഴാണ്‌ അതിന്റെ തീവ്രത മനസിലായത്‌. വലിയൊരു ദുരന്തത്തിന്റെ ശേഷിപ്പ്‌ - തീരം എതാണ്ടു പൂര്‍ണമായും വിജനം. പിറ്റേന്ന്‌ തീരത്തുകൂടി അടുത്ത ഗ്രാമത്തിലേക്കുള്ള റോഡിലൂടെ വേറുതേ കുറേദൂരം നടന്നപ്പോഴാണു സുനാമി കയറിഇറങ്ങിയതിന്റെ വ്യക്തമായ മുറിവുകള്‍ കാണാനായത്‌.

കുട്ടികള്‍ തിരകളില്‍ കളിക്കേ ഞാനും ഭാര്യയും തീരത്തിരുന്നു. കഴിഞ്ഞ തവണ വരുമ്പോള്‍, ആകാശത്തിന്റെ നീലയെ മറച്ചുകൊണ്ടു ഭീമാകാരമായി, ഏറ്റവും അഭംഗിയോടെ നില്‍ക്കുന്ന തിരുവള്ളുവര്‍ രൂപം ഉണ്ടായിരുന്നില്ല. പുതിയതൊക്കെ ഉള്‍കൊള്ളാന്‍ പറ്റുന്ന പ്രായം കടന്നു പോയിരിക്കാം, ഒരുപക്ഷേ.

തീരത്തു മലര്‍ന്നു കിടക്കുമ്പോള്‍ കാലം കടലിന്റെ പടവുകള്‍ ഇറങ്ങി പോയി..., സമുദ്രരുചിയുള്ള കാറ്റില്‍ ഒരു കുട്ടിയായി ഞാന്‍ നിന്നു. എന്നെ കന്യാകുമാരിയിലേക്ക്‌ ആദ്യമായി കൊണ്ടുവന്ന ബോര്‍ഡിംഗ്‌ സ്കൂളിലെ കന്യാസ്ത്രീകളെ ഓര്‍ത്തു, പിന്നെ ഓരോ വരവിലും കൂടെയുണ്ടായിരുന്നവരെ...! കാലത്തിന്റെ പ്രതിരൂപങ്ങള്‍ എത്രപെട്ടെന്നാണു ഓര്‍മ്മകളെ തിരിച്ചു പിടിക്കുന്നത്‌. അഞ്ചാംക്ലാസ്സിലെ കൂട്ടുകാരിയായിരുന്ന ബിനുപാര്‍വതി മുതല്‍ ബിരുദാനന്തരബിരുദകാലത്ത്‌ ഹോസ്റ്റല്‍മുറിയില്‍ ഒപ്പമുണ്ടായിരുന്ന മാര്‍ട്ടിന്‍ബാബു വരെ, ഇനി ഒരിക്കലും കാണാന്‍ സാധ്യതയില്ലാത്ത ഒരുപാടുപേര്‍.

ക്ഷേത്രത്തിന്റെ മുന്നിലെ നല്ല തിരക്കുള്ള ഗലിയിലൂടെ അച്ഛനും ഞാനും ഒരിക്കല്‍ ഒറ്റക്കു നടന്നിരുന്നു. വര്‍ഷത്തിലൊരിക്കല്‍ എതാനും ദിവസത്തെ അവധിക്കു വന്നുപോകുന്ന ആളും ഞാനുമായി ഒരുപക്ഷേ ഇങ്ങിനെ ഒറ്റക്കു നടന്നുപോയത്‌ അന്നു മാത്രമാവും, എന്തോ മറ്റൊരവസരം ഓര്‍ക്കുന്നില്ല. കടലിന്റെ മറുകരയിലേക്കു നടന്നുപോയതു അച്ഛന്‍ ഒറ്റക്കാണ്‌. അവര്‍ക്ക്‌ അവധിക്കു വന്നുപോകുന്ന മണമുള്ള ഒരു അവ്യക്തരൂപം മാത്രമാവരുതെന്ന തീര്‍പ്പില്‍, കുട്ടികളെ എത്ര ചേര്‍ത്തു പിടിച്ചാലും, ആ യാത്ര എനിക്കും ഒറ്റക്കു പോയേ മതിയാവു.

പക്ഷേ മരണമല്ല ഒരിക്കലും, സുനാമിക്കു ശേഷവും, കന്യാകുമാരിയുടെ സ്ഥായീഭാവം. അതു പ്രേമമാണ്‌. ഭക്തിയായും വിരഹമായുമൊക്കെ വേണമെങ്കില്‍ പരാവര്‍ത്തം ചെയ്യാം ആ അനുഭവത്തെ. കുളിരുള്ള വലിയമണല്‍ത്തരികളില്‍, നഗ്നപാദങ്ങള്‍ അമര്‍ത്തി നടക്കുമ്പോള്‍, ഐതീഹ്യങ്ങളുടെ മനോഹാരിത മനസ്സിലും ശരീരത്തിലും പടരും. ശുചീന്ദ്രനാഥനോടുള്ള പ്രണയസാക്ഷാത്കാരം പ്രതീക്ഷിച്ച്‌, വിവാഹദിവസം, സദ്യയുമുണ്ടാക്കി കാത്തിരുന്ന ദേവീകുമാരിക്ക്‌, ഒരിക്കലും വന്നെത്താനാവാത്ത കാമുകന്റെ സന്ദേശവുമായെത്തിയ നാരദനെയാണ്‌ സ്വീകരിക്കേണ്ടി വന്നത്‌. അവള്‍ വലിച്ചെറിഞ്ഞ സദ്യവട്ടങ്ങളിലെ ചോറുമണികള്‍, പിന്നെ മണല്‍ത്തരികളായി മാറി. പക്ഷേ അവള്‍ അറിയാതെപോയത്‌, നാരദനുള്‍പ്പെടെയുള്ള ദേവലോകം, തനിക്കുവേണ്ടി ചെയ്തുവച്ച ചതിയാണ്‌. ബാണാസുരനെ വധിക്കാന്‍, പരാശക്തിയുടെ അവതാരമായ കുമാരീദേവി, കന്യകയായി ഇരിക്കേണ്ടത്‌ അവരുടെ ആവശ്യമായിരുന്നു. തന്റെ അവതാരലക്ഷ്യം നേടുന്നതുവരെ, സമുദ്രതീരത്തെ കാറ്റിനു വിശുദ്ധപ്രണയത്തിന്റെ മണംനല്‍കി ദേവീകുമാരി കന്യകയായി തുടര്‍ന്നു.

അകളങ്കമായ പ്രേമത്തിന്റെ വിശുദ്ധി, സമുദ്രസംഗമഘട്ടത്തിലെ സ്നാനം നല്‍കുന്നു. നഷ്ടപെട്ട ചാരിത്രശുദ്ധിക്കായി, കുമാരീതീരത്തെത്തിയ വിദൂരവാസിയായ യുവതിയുടെ പരാമര്‍ശം സംഘകാലകൃതിയായ 'മണിമേഖല'യിലുണ്ടു. ദേവകാലത്ത്‌, സഫലീകരിക്കാത്ത പ്രേമത്തിന്റെ തീയില്‍ ഒറ്റകാലില്‍ തപസ്സുചെയ്ത ദേവീകുമാരിയുടെ പാദം പതിഞ്ഞ പാറയിലേക്കാണ്‌, കാഷ്മീരത്തില്‍ നിന്നും മാറാപ്പിലെടുത്തുകൊണ്ടു വന്ന ഭക്തിയുടെ തീയുമായി, നമ്മുടെ കാലത്ത്‌, അന്തര്‍ജ്ഞാനങ്ങള്‍ക്കായി വിവേകാനന്ദനും തപസ്സുചെയ്യാനെത്തിയത്‌.

രാത്രിവെട്ടത്തില്‍, തിരക്കൊഴിഞ്ഞ കടകളിലെ കൗതുകവസ്തുക്കളും നോക്കി ഞങ്ങള്‍ നാലുപേരും വെറുതേ നടന്നു. ചെറിയ വെള്ളികവറുകളിലാക്കിയ മണള്‍ത്തരികളും, പേരെഴുതിയ ശംഖുകളും വാങ്ങി. ഒരു ചെറിയ പുസ്തകകടയില്‍ നിന്നും, അന്വേഷിച്ചുകൊണ്ടിരുന്ന ഒരു പുസ്തകം - പരമഹംസയോഗാനന്ദന്റെ ആത്മകഥ - കിട്ടി. ഹോട്ടല്‍ മുറിയില്‍, കുട്ടികള്‍ ടെലിവിഷന്‍ കാര്‍ട്ടൂണിലേക്കും, ഭാര്യ ഉറക്കത്തിലേക്കും വീണപ്പോള്‍ ഞാന്‍ ആ പുസ്തകം തുറന്നു. ഉള്‍കടലില്‍ മീന്‍പിടിക്കുന്ന വള്ളങ്ങളിലെ വെട്ടം മിന്നാമിനുങ്ങുകളെപോലെ ഒഴുകി നടക്കുന്ന ജനല്‍കാഴ്ച പക്ഷേ, വായനയെ അലോസരപെടുത്തികൊണ്ടിരുന്നു.

പതിവുപോലെ മേഘം പടര്‍ന്ന ആകാശത്തില്‍ സൂര്യോദയം അവ്യക്തമായി കഴിഞ്ഞു. നിലാവില്ലാത്ത രാത്രിക്കും, ഒരുപാടു മദ്യത്തിനും, കൂട്ടുകാര്‍ക്കായി ഉരുക്കഴിച്ച കുറേ പ്രേമകവിതകള്‍ക്കും ശേഷം നേരംവെളുത്തപ്പോള്‍, സുതാര്യമായ കുങ്കുമപാടത്തില്‍, സൂര്യന്‍ ഉദിക്കുന്നതു ഒരിക്കല്‍ കണ്ടിരുന്നു. പക്ഷേ കാഴ്ചയില്‍ തടഞ്ഞതും നിന്നതും അതല്ല; കടലിന്റെ ചക്രവാള അതിര്‍ത്തിയിലൂടെ അവ്യക്തമായി അകലേക്ക്‌ നടന്നുപോകുന്ന ഉയരംകുറഞ്ഞ മലനിരകള്‍...! ഒരു നാട്ടുകാരന്‍ പറഞ്ഞു, രാമേശ്വരത്തു നിന്നും ജാഫ്നയുടെ തീരത്തേക്കു നീളുന്ന, ത്രേതായുഗ സൃഷ്ടിയായ ഒരു സേതുബന്ധനത്തിന്റെ അവശിഷ്ടങ്ങളാണെന്ന്‌. ഇരുനൂറ്റിഅമ്പതോളം കിലോമീറ്ററുകള്‍ക്കു അപ്പുറമുള്ള ഒന്നു കാഴ്ചയില്‍ പെടുമോ..., സംശയമുണ്ട്‌. എങ്കിലും മറ്റൊരു ദുരന്തത്തിന്റെ ഓര്‍മ്മപെടുത്തല്‍ പോലെ, ഒരോ തവണയും ഞാന്‍ ആ കാഴ്ചയെ ഓര്‍ത്തെടുക്കും. ഈ ചെറിയ കടലിടുക്കിനപ്പുറമാണ്‌, ഈ കടലിടുക്കില്‍ തന്നെയാണ്‌, ഒരുപാടു ശ്രീലങ്കന്‍ തമിഴര്‍ എന്തിനെന്നറിയാതെ ഒടുങ്ങിയത്‌. ഷോഭാശക്‌തിയെ പോലുള്ളവരുടെ സര്‍ഗാത്മകത യൂറോപ്പിന്റെ തെരുവുകളില്‍ അലയുന്നതും. ഒന്നും നേടാതെ തന്നെ എല്ലാം നേടിയവനെ പോലെ ഒരു സൂര്യോദയം കാണാന്‍ വന്നുനില്‍ക്കണമെങ്കില്‍, മടങ്ങിപോവാനുള്ളത്‌ അഭയാര്‍ത്ഥി ക്യാമ്പിലേക്കാവാന്‍ പാടില്ലല്ലോ.

ഏതു യാത്രക്കും ശേഷം, ഉടുത്ത തുണികളുടെയെങ്കിലും വിഴുപ്പു തിരിച്ചു ചുമക്കേണ്ടതുണ്ട്‌. ഏതു പാപപരിഹാരബലിക്കും അതങ്ങിനെ തന്നെ. കന്യാകുമാരിയെകുറിച്ച്‌ പറയാന്‍ തുടങ്ങിയ ഞാന്‍ പറഞ്ഞതൊക്കെയും എന്നെ കുറിച്ചു തന്നെ എന്നറിയാം. എങ്കിലും പരാതിയില്ല - ആത്മീയതയുടെ സത്താന്വേഷണങ്ങളെത്തിക്കുന്ന ഈ സാഗരസംഗമത്തില്‍ ആര്‌ മേറ്റ്ന്തിനെ കുറിച്ച്‌ ആലോചിക്കാന്‍, 'അഹംബ്രഹ്മാസ്തി'യുടെ പൊരുള്‍ തേടലാവുമത്‌...!

തിരിച്ചുപോകുമ്പോള്‍ ഓര്‍ത്തു, കഴിഞ്ഞ തവണ ഇവിടെ വന്നതു ഒരു പതിറ്റാണ്ടിനു മുന്‍പാണ്‌. അന്ന്‌ ഭാര്യമാത്രമായിരുന്നു കൂടെ. കുട്ടികള്‍ പിറന്നിരുന്നില്ല. ഇനി ഒരു ദശാബ്ദത്തിനു ശേഷം, കുട്ടികള്‍ അവരുടെ യാത്രകള്‍ സ്വന്തമായി ചെയ്യാന്‍ മാത്രം വളര്‍ന്നു കഴിഞ്ഞിരിക്കും. കാമനകളില്‍ മഞ്ഞുമലകളുടെ ഇടിഞ്ഞുവീഴല്‍ പൂര്‍ത്തിയായിരിക്കും. അന്ന്‌ ഇവിടെ, ഭൂമിയുടെ ഈ മുനമ്പില്‍ വന്നു നില്‍ക്കുകയാണെങ്കില്‍, കൂടെ ആര്‌...?

Subscribe Tharjani |
Submitted by anonymus (not verified) on Mon, 2007-05-14 15:58.

Helloo..

nice discription about kanyakumarii..
almost same memories i have .. about kanyakumarii.. in my
childhood days.. u help to recollect those days..
sir, can you give me ur email id.if u r interestd. so i can contact u.. me also wrking in kuwait..

my id: sandeeptkm@rediffmail.com
regards

sandeep

Submitted by halliyan (not verified) on Tue, 2007-05-15 08:43.

കന്യാ കുമാരി എന്ന ദീര്‍ഘം ഇല്ല. അത് ദീര്‍ഘിച്ചതാണ് കന്യ കുമരി എന്നാണ്. അതിന്‍റെ വേര്‍ നോക്കണമെങ്കില്‍ സംഘകാലത്തോളം പോകണം. അവിടെ ശക്തമായ തെളിവുകള്‍ ഉണ്ട്.

ചള്ളിയാന്‍

Submitted by Anonymous (not verified) on Tue, 2010-08-17 22:46.

കന്യാകുമാരി ജില്ലയില്‍ ഇന്നും മലയാളികള്‍ അവശേഷിക്കുന്നു എന്ന സത്യം പല മലയാളികള്‍ക്കും അറിയില്ല. നാഗര്‍കോവില്‍ സെന്റ്‌. സേവ്യേര്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ "നിന്റെ വീട് തമിഴ് നാട്ടില്‍ ആയിട്ടും നീ എന്തിനാ മലയാളം സംസാരിക്കുന്നത്" എന്ന് എന്നോട് ചോദിച്ച മലയാളികളോട് ഉത്തരം പറഞ്ഞു ഞാന്‍ മടുത്തിട്ടുണ്ട്. "മലയാളം" ഇന്നത്തെ കേരള സംസ്ഥാനത്തിന് മാത്രം അല്ല.. തമിഴ് നാട്ടുകാരെങ്കിലും ഞങ്ങള്‍ കന്യാകുമാരി മലയാളികള്‍ക്കും "സ്വന്തം" ഭാഷ തന്നെ.