തര്‍ജ്ജനി

എ.പി.അഹമ്മദ്

ഇ-മെയില്‍: apahammed@hotmail.com

Visit Home Page ...

പുസ്തകം

റീജയുടെ സൂചകങ്ങള്

ദൈവത്തിന് പറ്റിയ ഒരു കൈപ്പിഴയാണ് താനെന്ന് ദസ്തയേവ്സ്കി ഒരിക്കല് പറയുന്നുണ്ട്. പക്ഷിക്കുവേണ്ടി സൃഷ്ടിച്ച ആത്മാവ് അബദ്ധത്തില് മനുഷ്യശരീരത്തില് പ്രതിഷ്ഠിച്ചതായിരുന്നു ആ തെറ്റ്. അങ്ങനെയുണ്ടായത് ഒരു ദസ്തയേവ്സ്കിയാണെങ്കില് സൃഷ്ടികര്ത്താവിന് അത്തരം കൈക്കുറ്റങ്ങള് എപ്പോഴുമെപ്പോഴും ഭവിക്കേണമെ എന്നാവും സഹൃദയലോകത്തിന്റെ പ്രാര്ത്ഥന. നെഞ്ചിന്കൂട് തകര്ത്ത് പുറത്തുചാടാന് വെമ്പുന്ന ഒരു പറവ എല്ലാ എഴുത്തുകാരുടെയും ഉള്ളിലുണ്ട്. സ്വാതന്ത്ര്യത്തിന്റെ അതിരുകളില്ലാത്ത ആകാശത്തിലേക്ക് പറന്നുയരാന് കൊതിക്കുന്ന ഒരു കിനാപ്പക്ഷിയാണത്. ആ പക്ഷി പാറിയെത്തി കീഴടക്കുന്ന ഉയരവും വിസ്താരവുമാണ് ഒരു എഴുത്തുകാരന്റെ മൌലികപ്രതിഭയുടെ മാനദണ്ഡം.

റീജയുടെ കഥകള് പിറക്കുന്നതിനുമുമ്പുതന്നെ കഥാജീവിതത്തിന് അനിവാര്യമായ ഒരു ആശീര്വാദം അവര്ക്കു ലഭിച്ചിട്ടുണ്ട്. മനസ്സ് ഉയരം തേടുന്ന പറവയാകട്ടെ ഈ അനുഗ്രഹം കിട്ടിയതാവട്ടെ മൌനഗംഭീരമായ തലയെടുപ്പോടെ ഈ കഥകളില് തണല് വിരിച്ചുനില്ക്കുന്ന അമ്മയില് നിന്നാണ്. പകരക്കാരിയില്ലാതെ കൈവിട്ടുപോയ ആത്മമിത്രത്തിന്റെ ഓര്മ്മയിലാണ് അമ്മയുടെ പ്രാര്ത്ഥന ചേര്ത്തു വെച്ചിട്ടുള്ളത്. ഒരു കുടന്ന തുളസിക്കതിര് എന്ന ഈ ഓര്മ്മക്കുറിപ്പ് കഥയല്ലെന്ന് കഥാകാരി തന്നെ പറയുന്നു. ജീവിതത്തിന്റെ (നിയഷ്ടകലത്തു) നിന്ന് ആകാശമേറുന്ന ഒരു മോഹപ്പക്ഷിയുടെ കുറുകാലണ് റീജയുടെ കഥകളില് പടര്ന്നു കിടക്കുന്നത്. ദീപാ നീയിന്ന് എവിടെയാണെന്നറിയില്ല തുളസിയുടെ നേര്ത്തഗന്ധവും മഞ്ചാടിമണമുള്ള മുറ്റവും കടന്ന് ഏത് സന്ധ്യയിലാണ് നീ ഇവിടം വിട്ടുപോയത്. വാകപ്പൂക്കള് കൊഴിഞ്ഞു തുടങ്ങിയ സന്ധ്യയിലാണെന്നു മാത്രം ഓര്മ്മയുണ്ട്. എന്തിനായിരുന്നു ആ യാത്ര? ആരോടും പറയാതെ ഒരു പോക്ക്.

കേരളീയ ജീവിതത്തില്നിന്നും വഴിവിട്ടുപോയ വസന്തദീപ്തിയുടെ ജീവസ്വരൂപമായി ദീപയെക്കരുതുമ്പോള് ജീവിതം കഥയിലേക്ക് ചിറകടിച്ചുപോകുന്നത് നാം കാണുന്നു. കഥയിലെത്തുമ്പോള് ഈ പറവ ആകാശനീലിമയും ആഴിപ്പരപ്പും ആസ്വദിക്കുന്നുണ്ട്. പക്ഷെ മനുഷ്യമനസ്സിന്റെ ആഴങ്ങളില് പതിഞ്ഞിരിക്കുന്ന ഒരു ഒളികണ്ണാണ് ഈ പക്ഷിയുടെ സ്ഥായിയായ ജാഗ്രത. യാത്രയില് കണ്ടുകിട്ടുന്ന നവ്യാനുഭവങ്ങള് കൊത്തിയെടുത്ത് ഒടുവില് ഒരുനാള് തിരിച്ചുപറക്കണമെന്നും, തന്നെ മൊട്ടായി മുളപ്പിച്ച കാലപരിസരം വീണ്ടെടുത്ത്, അവിടെ ഒരു പൂവായി വിരിയണമെന്നുമാണ് ഈ കഥകള് കാത്തുവച്ച സ്വപ്നം.

സ്നേഹാര്ത്തമായ അലച്ചില് അനന്തമായി നീണ്ടുപോകുമ്പോള് പിടിവിട്ട് വീണുടയുന്ന മനുഷ്യമനസ്സിന്റെ ദുരന്തസാദ്ധ്യതകളും ചില കഥകളില് വരച്ചുവച്ചിട്ടുണ്ട്. പൂവില് പൊടിഞ്ഞ ചോരയിലെ ലക്ഷ്മി ടീച്ചര് , കണ്ണിരുട്ടി ചിറകുകള് തളര്ന്ന് നിലം പതിക്കുന്ന മോഹപ്പക്ഷിയുടെ വിഭ്രമങ്ങളാണ് സാക്ഷ്യപ്പെടുത്തുന്നത്. സ്വപ്നങ്ങളെല്ലാം ഒരു വര്ണച്ചെപ്പിലടച്ച് പുഴയിലൊഴുക്കി, ഒഴുകി ഒഴുകി അങ്ങ് അകലേക്കുപോയി. എന്നെങ്കിലും ഒരു തിരിച്ചൊഴുക്ക് അസാദ്ധ്യമല്ല എന്നറിയാം.
വലിച്ചെറിഞ്ഞ സ്ഥലകാലങ്ങളിലേക്ക് പിന്നെയും പിന്നെയും പിടിച്ചുവലിക്കുന്ന ചരടുകളാണ് മടക്കയാത്രകള് അനിവാര്യമാക്കുന്നതെന്ന് മറ്റൊരു കഥ (ചാരമാകാത്ത ചരടുകള് ) കാട്ടിത്തരുന്നു. ചാമ്പലാകുന്ന തറവാടുകള്ക്കിടയില് തന്റെ ജന്മനിമിത്തമായ അമ്മയുടെ താലി, തന്നെ കാത്തിരിക്കുന്നുവെന്നും ആ മിന്ന് കോര്ത്തിരിക്കുന്ന ചരട് തന്റെ കയ്യില് ഭദ്രമാണെന്നുമുള്ള സൂചകം ആ ദൌത്യം ഫലപ്രദമായി നിര്വ്വഹിക്കുന്നു. കല്ലുമാലകള് എന്ന കഥയിലെ മുത്തിയമ്മ തന്നോടും ലോകത്തോടും താക്കീത് ചെയ്യുന്നതും ജീവിതയാത്രയുടെ പ്രധാന്യമാണ്. ജീവിതം മരണത്തിന്റെ ഭിക്ഷയാണ്. ആ ഭിക്ഷ തട്ടി നീക്കരുത്. ഭിക്ഷതേടിയുള്ള യാത്രയില് തളരരുത്. അനേകം അനാഥര്ക്ക് നാഥനായി ജീവിക്കുമ്പോഴും നാമൊക്കെ എത്രമേല് അനാഥരാണെന്നുള്ള പാഠം നരജന്മത്തിന്റെ അടിസ്ഥാനദുഃഖം മാത്രമല്ല, ജീവിതത്തിന്റെ മഹത്വവും വിളിച്ചുപറയുന്നുണ്ട്.

വിമോചനം തേടിയുള്ള യാത്രകളും ചെന്നുചേരുന്നത് പുറപ്പെട്ട ഇടങ്ങളില് തന്നെയാണെന്നുള്ള തിരിച്ചറിവിലാണ് റീജയുടെ പറവകള് പറന്നെത്തുന്നത്. നക്സല്ബാരിയില്നിന്ന് പുറപ്പെട്ട് മുംബെയിലെ ചേരിത്തെരുവില് എത്തിച്ചേര്ന്ന നാഥന് (ഘാട്കോപ്പറിലെ രാത്രികള് )തന്റെ യാത്രയെക്കുറിച്ച് കുമ്പസരിക്കുനത് ഇങ്ങനെയാണ്. ജനാലക്കമ്പിയില് പിടിച്ചു പുറത്തേക്കു നോക്കിനിന്നപ്പോള് അവന് മനസ്സിലായി തുടങ്ങിയിടത്തു തന്നെയാണ് താനെന്ന്. പിന്നെ സഞ്ചിയെടുത്ത് തോളിലിട്ട് മെല്ലെ ഗോവണിയിറങ്ങി താഴേക്കുനടന്നു. അപ്പോള് അവനോര്ത്തത് ഈ യാത്ര അനിവാര്യമായ ഒന്നായിരുന്നുവെന്നാണ്.

യുപിയിലെ ചോളപ്പാടത്തുനിന് സിരകളില് രജപുത്രവീര്യവുമായി നാടുവിട്ട ലില്ലിസിംഗ് എന്ന യുവതിയുടെ യാത്രയും അവസാനിച്ചത് മുംബൈയിലാണ്. നഗരത്തിന്റെ യാന്ത്രികതയില്നിന്ന് ജീവിതത്തിലേക്കുള്ള ജാലകങ്ങള് തുറന്നുകിട്ടുമ്പോഴും വംശവീര്യത്തിന്റെ ചരടുകള് അവരെ തിരിച്ചുവലിച്ചുകൊണ്ടിരിന്നു. കിട്ടാനില്ലാത്ത, എന്നാല് കളയാനാവാത്ത ഒരു ആത്മപ്രപഞ്ചത്തിലാണ് ലില്ലിസിംഗ് സഞ്ചരിക്കുന്നത്. (ചോളപ്പാടത്ത് തീ നാളം) കല്പാത്തിയില്നിന്ന് പുറപ്പെട്ടുപോയ രുഗ്മിണിക്ക് ഗുജറാത്തില് നിന്ന് മടങ്ങാതിരിക്കാനാവില്ല. (സാളഗ്രാമത്തിലെ സന്ധ്യകള് ) പ്രവാസകാലത്തെ ദുരന്തങ്ങളും ആദ്യാനുരാഗത്തിന്റെ ഓര്മ്മകളും മാത്രമല്ല, അവളെ മടക്കി വിളിച്ചത്. തന്റെയുള്ളില് വര്ഷങ്ങളായി ഉറങ്ങിക്കിടന്ന ആത്മരാഗം തന്നിലേക്കുതന്നെ തിരിച്ചു വിളിക്കുന്ന സംഗീതമാണ് ആ പ്രണയസൂചനകളില് തെളിയുന്നത്. "പെട്ടെന്നുണ്ടായ തണുത്തകാറ്റിന് വല്ലാത്തൊരു സുഗന്ധം. കേട്ടുമറന്ന ഒരു കീര്ത്തനത്തിന്റെ പല്ലവി മനസ്സില് തങ്ങി നിന്നു.
മാലിദ്വീപില് നിന്ന് ഇനി ഇന്ത്യയിലേക്കുവരാന് അബുഹസന് തയ്യാറല്ല. (അബുഹസന്റെ വേരുകള് ) അവന് വെളിപ്പെടുത്തിയ കാരണങ്ങള് സക്കീര് ഹുസൈന് ബോദ്ധ്യപ്പെടാനും പ്രയാസമുണ്ടായില്ല. ഒത്തിരി വൈകിയിട്ടാണെങ്കിലും എന്റെ വേരുകള് ഞാന് തിരിച്ചറിഞ്ഞു. ഇവിടുത്തെ വേരുകള് എനിക്ക് സാന്ത്വനമായി. ഇവിടം വിട്ട് ഞാനിനിയില്ല. അബുഹസ്സന്റെ പ്രച്ഛന്നരൂപങ്ങള് റീജയുടെ കഥകളില് തലങ്ങും വിലങ്ങും സഞ്ചരിക്കുന്നുണ്ട്. ഒരു പക്ഷെ വേരുകളിലേക്ക് തീവ്രശക്തിയോടേ ആകര്ഷിക്കപ്പെടുന്ന ജന്മാന്തരബന്ധങ്ങളുടെ സായൂജ്യമാണ് ഈ കഥകളുടെ കാതല് എന്നു കരുതാം.

യാത്രാദുരന്തങ്ങളുടെ സമാഹാരമാണ് പണയജന്മങ്ങള് എന്ന കഥ. ഒരിക്കലും തിരിച്ചുവരാത്ത തീര്ത്ഥയാത്രയ്ക്കുപോയ അച്ഛന് (നൈലീന)യുടെ നിത്യദുഃഖമാണെങ്കില് , മരുഭൂമിയില് ജീവിതം തേടിപ്പോയ അനുജന് അവള്ക്ക് തുണയേകുന്നു. നാടുവിടേണ്ടിവരുന്ന പിതൃസഹോദാരി വന്ദനാഗോപാലിന്റെ യാത്രകളാണ് കഥയുടെ മുഖ്യപ്രമേയം. പക്ഷേ അമ്മയുടെ ആത്മയാനങ്ങളാണ് കഥയുടെ നട്ടെല്ലായി വര്ത്തിക്കുന്നത്. വന്ദനയുടെ കത്തില്നിന്ന്, (Is there anything missing here?) ജീവിതത്തിന്റെ ഏതോ നാള്വഴിയിലാണ് ഞങ്ങളീ മണ്ണില് കാലുകുത്തിയത്. ആദ്യം ഇസ്ലാമാബാദ്; പിന്നെ ലാഹോര് . മനസ്സുകൊണ്ട് ഇന്ത്യയോളം അടുപ്പം തോന്നുന്ന രാജ്യം. ജാതിയും മതവും പക്ഷെ പ്രശ്നമാകുന്നു. ഒരു ചായ കുടിക്കാന് പോലും ഗ്ലാസ് സ്വയം കരുതണം. എന്തിനും വേര്തിരിവാണ്. നാട്ടിലുണ്ടായിരുന്ന തൊട്ടുകൂടായ്മയുടെ പഴംകഥകള് ഓര്മ്മ വരുമായിരുന്നു.

പ്രവാസപരിസരത്തില് ഗള്ഫ് യുദ്ധം പൊട്ടിത്തെറിക്കുമ്പോള് സമനില തെറ്റിപ്പോകുന്ന ഒരു മനസ്സിന്റെ സൂക്ഷ്മസംവേദനത്തിന്റെ കഥയാണ് നൂലിഴകള് പൊട്ടിക്കുമ്പോള് . 20 വര്ഷത്തിനുശേഷം മാദ്ധ്യമങ്ങള് പെരുമ്പറകൊട്ടി നാട്ടിലേക്കയച്ച കുമാരേട്ടനെ വരവേല്ക്കാന് കാത്തിരുന്നത് സ്വന്തം പുത്രന്റെ കൊലക്കത്തിയായിരുന്നു. ജീവിതയാത്രയുടെ സങ്കീര്ണ്ണമായ വഴിത്തിരിവുകളില്നിന്ന് അയാള് സ്വയം വരിച്ച സ്നേഹത്തിന്റെ വിലയായിരുന്നു അത്. (വരവേല്പ്പുകള് ) അന്ത്യയാത്രയ്ക്ക്പുറപ്പെടും മുമ്പേ ശവപ്പെട്ടിയില് കിടന്ന് സ്നേഹശൂന്യമായ ലോകത്തെ പരിഹസിക്കുന്ന സ്ത്രീജന്മത്തിന്റെ കഥയാണ് ചിതയില് ഒരു ചിരി.

ചുരുക്കത്തില് യാത്രയാണ് ഈ കഥകളുടെ ജീവനെന്ന് കാണാന് പ്രയാസമില്ല. തന്നില്നിന്ന് ലോകത്തിലേക്കും തിരിച്ചുമുള്ള യാത്രകള് . ജീവിതത്തില്നിന്ന് കഥയിലേക്കും തിരിച്ചുമുള്ള യാത്രകള് തന്നെ. ഭൂതലയാത്രകളും ആകാശയാത്രകളും അതിന്റെ മാംസളഭാഗം മാത്രം. മുബൈയും ഗുജറാത്തും മാലിയും പാകിസ്ഥാനും അറേബ്യയുമൊക്കെ അവയുടെ അപ്രധാനപശ്ചാത്തലം മാത്രം. തന്റേതു മാത്രമായ വിശിഷ്ടലോകത്തേക്കും മനുഷ്യബന്ധങ്ങളുടെ വേരുകളിലേക്കുമുള്ള മനോയാത്രകളാണ് റീജയുടെ കഥകളുടെ ആത്മാവ്.

Subscribe Tharjani |