തര്‍ജ്ജനി

കെ. എം. രാജീവ്

Sunny Residency, Flat No: 503, Mothi Nagar, Hyderabad
ഫോണ്‍: 9849050908
ഇമെയില്‍: kmrajeev.nair@gmail.com

Visit Home Page ...

ലേഖനം

നിലാവില്‍ നിറഞ്ഞ കാഴ്ച

കാഴ്ചകളുടെ പ്രളയം നിറഞ്ഞ ഈ വര്‍ത്തമാനകാലത്തില്‍, കാഴ്ചകളോരോന്നും ഓരോ ‘ഞെട്ടലുകളാ’യാണ് നാം അനുഭവിക്കുന്നതു്. അത്ഭുതവും ഭയവും അവിശ്വസനീയതയും ഇന്നത്തെ കാഴ്ചകളെ സൌന്ദര്യവത്കരിക്കുന്നു. അത്തരം കാഴ്ചകളുടെ സാങ്കേതികൌന്നത്യത്തില്‍ അന്ധാളിച്ചു നില്ക്കുന്ന ആസ്വാദകനു് വേറിട്ടൊരു കാഴ്ചയുടെ സൌന്ദര്യാനുഭൂതി പകരുകയാണ് സി. എന്‍ കരുണാകരന്‍ തന്റെ പെയിന്റിംഗുകളിലൂടെ ചെയ്യുന്നത്.

‘തര്‍ജ്ജനി’യുടെ ആഭിമുഖ്യത്തില്‍ ജനുവരി 24 മുതല്‍ 28 വരെ ഹൈദരബാദ് ICCR ആര്‍ട്ട് ഗാലറിയില്‍ സി. എന്‍ കരുണാകരന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കുകയുണ്ടായി. അക്രിലിക് മാദ്ധ്യമത്തില്‍ സൃഷ്ടിച്ച നാല്പതോളം ചിത്രങ്ങളാണ് പ്രര്‍ശിപ്പിച്ചിരുന്നത്. ആയാസരഹിതമായ, വര്‍ണ്ണങ്ങളുടെ ഒരു ഉത്സവക്കാഴ്ചയാണ് സി. എന്‍ കരുണാകരന്റെ ഓരോ ചിത്രവും. വരകളുടെ അനായാസമായ ഒരൊഴുക്കാണത്.

ഒഴുകുന്ന വരകള്‍ തളമിട്ട് തഴുകുന്ന വര്‍ണ്ണങ്ങളുടെ സമഞ്ജസസമ്മേളനമാണ് കരുണാകരന്റെ കാന്‍‌വാസുകള്‍. ഒഴുകുന്ന വരകള്‍ രൂപങ്ങളാകുന്നതും അവയെ തഴുകുന്ന വര്‍ണ്ണങ്ങള്‍ ഭാവങ്ങള്‍ വിടര്‍ത്തുന്നതുമായ കാഴ്ച കലാസ്നേഹികളെ സംബന്ധിച്ചിടത്തോളം സൌമ്യമായ ഒരു ദൃശ്യാനുഭൂതിയാകുന്നു. ‘ഹൃദയത്തില്‍, അസ്തമിക്കാത്ത ചന്ദ്രന്റെ വെണ്‍‌നിലാവു പടരുന്ന സുഖസുന്ദരമായ ഒരു മായികാവസ്ഥയാണ് ഓരോ ചിത്രങ്ങളും കാഴ്ചക്കാരനു് നല്കുന്നതു്.

സി. എന്‍ ചിത്രങ്ങള്‍ക്കു് ഒരു മിഥിക്കല്‍ സ്വഭാവം കാണാവുന്നതാണു്. ചിത്രങ്ങളിലെ മനുഷ്യരും പ്രകൃതിയും മായികതയുടെ മാസ്മരിക പ്രഭാവമുള്‍ക്കൊണ്ടവരാണു്. നാടകീയത നിറഞ്ഞതെങ്കിലും ചിത്രഭാഷയുടെ ലാളിത്യം കാഴ്ചക്കാരനും ചിത്രങ്ങളുമായുള്ള സുഗമസംവേദനം സാദ്ധ്യമാക്കുന്നുണ്ടു്. ഏല്ലാ ചിത്രങ്ങളിലേയും അടിസ്ഥാനപരമായ വികാരം പ്രണയമാണു്. വര്‍ണ്ണത്തില്‍ ചാലിച്ച പ്രണയത്തിന്റെ അസ്തമിക്കാത്ത ഒഴുക്കാണു് ഓരോ ചിത്രത്തിലും കാണുന്നതു്. തീവ്രപ്രണയത്തിന്റെ സന്തോഷവും വേദനയും പങ്കുവയ്ക്കുന്ന ഈ ചിത്രങ്ങളില്‍ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും പ്രതിപാദ്യവിഷയമാകുന്നുണ്ടു്. പക്ഷിമൃഗാദികളും വൃക്ഷലതാദികളും ഭൂമിയും ആകാശവും പൂക്കളും പുഴകളും പാമ്പുകളും - സ്നിഗ്ദ്ധസൌന്ദര്യത്തിന്റെ എല്ലാ പ്രതീകങ്ങളുമടങ്ങിയ മായികപ്രകൃതിയുടെ ഒരു പരിച്ഛേദമാണ് കരുണാകരന്‍ തന്റെ ചിത്രങ്ങളിലൂടെ കാട്ടിത്തരുന്നതു്.

പ്രത്യേകം എടുത്തു പറയാവുന്ന ഒന്നാണു് ചിത്രങ്ങളിലെ സ്ത്രീകള്‍ക്കുള്ള പ്രാധാന്യം. ശാലീനസ്ത്രൈണതയാണു് കരുണാകരന്‍ചിത്രങ്ങളുടെ പ്രത്യേകത എന്നു വേണമെങ്കില്‍ പറയാം. എല്ലാ ചിത്രരൂപങ്ങളിലും സ്ത്രൈണതയാര്‍ന്ന ഒരു ഭംഗിയുടെ അടിയൊഴുക്കു് സൂക്ഷ്മനിരീക്ഷകര്‍ക്കു് കണ്ടെത്താനാകും. പുരുഷരൂപഘടനയിലും പക്ഷിമൃഗാദികളിലും വൃക്ഷലതാദികളിലും ആകാശമേഘങ്ങളില്‍ പോലും ശാലീനസ്ത്രൈണതയുടെ അദൃശ്യമായൊരു അടിയൊഴുക്കു് കാണാം.

വൃത്തത്തിലെഴുതിയ കവിത പോലെയാണു് കരുണാകരന്‍ ചിത്രങ്ങളിലെ പ്രകൃതി. ഭാവനയുടെ സുന്ദരരൂപങ്ങളാണവ. പ്രകൃതിയുടെ യഥാതഥ രീതി നിരാകരിച്ചു് പ്രകൃതിയെ ഭാവനയില്‍ ഉള്‍ക്കൊണ്ടു് നാടകീയമായി ആലങ്കാരികമായി അവതരിപ്പിക്കുന്നതാണു് കരുണാകരന്റെ രീതി. 'Art is set aside from ordinary life and made a dramatic focus of experience' അഭൌമികലാവണ്യത്തോടു കൂടിയ വൃക്ഷലതാദികുസുമങ്ങളുടെ സന്നിവേശം ചിത്രങ്ങളുടെ സൌന്ദര്യത്തിനു് പ്രത്യേക ഭാവതലം പ്രദാനം ചെയ്യുന്നു.

സി. എന്‍. കരുണാകരന്റെ ചിത്രരചനാരീതിയില്‍ കേരളീയപാരമ്പര്യചുമര്‍ചിത്രരചനാശൈലിയില്‍ നിന്നും ഉള്‍ക്കൊണ്ട ശൈലീകൃതരീതി തെളിഞ്ഞു കാണാം. പാരമ്പര്യരീതിയില്‍ നിന്നും ഉള്‍ക്കൊണ്ട ഊര്‍ജ്ജത്തെ തനതായൊരു ശൈലീ ചിത്രങ്ങളുടെ രൂപീകരണത്തിനു് ഉപയോഗിച്ചിട്ടുണ്ടു്. ലോകത്തിലെ എല്ലാ ചിത്രകലാരീതികളിലും പരസ്പരബന്ധം കണ്ടെത്താനാവുന്നതു കൊണ്ടു് കരുണാകരന്റെ ചിത്രകലാരീതിയെ വെറും കേരളീയമെന്ന് പറഞ്ഞു് ഒരു പ്രത്യേക കള്ളിയില്‍പ്പെടുത്തേണ്ട കാര്യമില്ല. എങ്കിലും പാശ്ചാത്യ ചിത്രകലയുടെ അനുകരണം ഒട്ടും തൊട്ടുതീണ്ടാത്തതാണു് കരുണാകരന്റെ രചനാശൈലി എന്നു കാണാം.

prespectivity അറിഞ്ഞു കൊണ്ടു് നിരാകരിക്കുന്ന ഒരു രചനാതലമാണ് കരുണാകരന്റെ പല കാന്‍‌വാസുകളും. നിറങ്ങളുടെ ധാരാളിത്തം എല്ലാ ചിത്രങ്ങളിലും കാണാമെങ്കിലും പ്രശാന്തതയാണ് ഈ ചിത്രങ്ങളുടെ മുഖമുദ്ര.

ആധുനികചിത്രകലയില്‍ പലപ്പോഴും കണ്ടുവരുന്നതു പോലെ ആശയതാപത്തിന്റെ കാഠിന്യമേറ്റ കരുവാളിപ്പല്ല മറിച്ചു് പാരമ്പര്യചിത്ര രചനാശൈലിയില്‍ നിന്നും പകര്‍ന്നു വന്ന നിലാവിന്റെ തെളിമയാണ് സി. എന്‍ ചിത്രങ്ങള്‍ കാണുമ്പോള്‍ മനസ്സില്‍ വരുന്നതു്. ഹൃദയത്തിലിപ്പോഴും അസ്തമിക്കാത്ത ചന്ദ്രനെ സൂക്ഷിക്കുന്ന ചിത്രകാരനാണ് ശ്രീ. സി. എന്‍. കരുണാകരന്‍.

Subscribe Tharjani |