തര്‍ജ്ജനി

സി.പി. കൃഷ്ണകുമാര്‍

ഫ്ലാറ്റ് നമ്പര്‍ 905 & 906 എക്സലന്‍സി,
എസ്. വി.പി.നഗര്‍,
അന്ധേരി വെസ്റ്റ് , മുംബൈ 400 053.
മെയില്‍ :cpkkumar@yahoo.co.in.

Visit Home Page ...

കഥ

അപ്പോളോ ബന്തറിലെ കബൂത്തറുകള്‍

തീരത്തു നിന്നും രണ്ടു നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്ന കപ്പലിന്റെ മുകളിലാണു് എഴു വെള്ളപ്രാവുകളും രാത്രി ഉറങ്ങിയതു്‌.
നേരം പുലര്‍ന്നു. ചുറ്റുപടുമുള്ള കടല്‍പ്പരപ്പിലെ കപ്പലുകളിലേയും ബോട്ടുകളിലെയും വൈദ്യുതദീപങ്ങള്‍ അണഞ്ഞു.
കിഴക്കേ ചക്രവാളത്തില്‍ അര്‍ദ്ധ വൃത്താകാരത്തിലുള്ള ചുവന്ന സൂര്യന്‍.

കറുത്ത ക്യാന്‍വാസില്‍ രക്തവര്‍ണ്ണത്തില്‍ വരച്ച ചിത്രം പോലെ സുര്യനും ചുറ്റുമുള്ള ആകശവും കടലില്‍ പ്രതിഫലിച്ചു.
എലിഫന്റാ ദ്വീപിനടുത്തുനിന്നും പാഞ്ഞു വന്ന നാവികസേനയുടെ സ്പീഡ്‌ ബോട്ട്‌ ക്ഷണനേരത്തെ ഓളം സൃഷ്ടിച്ചു കടന്നുപോയി.
കൊളാബാ തീരത്തുനിന്നും മല്‍സ്യ ബന്ധന ബോട്ടുകള്‍ ദൂരക്കടലിലേക്കുള്ള സഞ്ചാരം തുടങ്ങുന്നു.

കപ്പലില്‍ നിന്നും പറന്നുയര്‍ന്ന വെള്ളപ്രാവുകള്‍ ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യയുടെ സമീപമുള്ള വൈദ്യുതദീപങ്ങളുടെ തൂണുകളില്‍ വന്നിരുന്നു.

ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യ മുതല്‍ കടലിലേക്കുള്ള കല്പടവുവരെ ഇരുന്നൂറടിക്കു് മേല്‍ അകലം കാണും. ഇവിടം ഉള്‍പ്പടെ ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യയ്ക്കു് ചുറ്റുമുള്ള ഒരു ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഈ ചരിത്രസ്മാരകത്തിന്റെ നിരത്തിനു യോജിച്ച കല്ലുകളും തറയോടുകളും പാകി മനോഹരമക്കിയിട്ടുണ്ടു്‌.

ഗേറ്റിന്റെ മറുഭാഗത്തു് അഞ്ഞുറു മീറ്റര്‍ അകലെ താജ്‌ മഹല്‍ ഹോട്ടല്‍.

ഗേറ്റിന്റെ ഇടതു ഭാഗത്തു് ഉദ്ദേശം ഇരുന്നൂറു മീറ്റര്‍ ദൂരത്തു് ഇരുപതു് അടി ഉയരത്തില്‍ ഉള്ള പീഠത്തില്‍ സ്വാമി വിവേകാനന്ദന്റെ പൂര്‍ണ്ണകായപ്രതിമ.
ഗേറ്റിനു നേരെ ഉദ്ദേശം മുന്നൂറു മീറ്റര്‍ അകലത്തില്‍ മറ്റൊരു പീഠം. വാളേന്തിയ ഛത്രപതി ശിവജിയുടെ പ്രതിമ ഈ പീഠത്തില്‍. രണ്ടു പീഠങ്ങള്‍ക്കു് ചുറ്റിനും രണ്ടടി ഉയരതില്‍ ഗ്രാനൈറ്റില്‍ തിര്‍ത്ത വലിയ ചതുരത്തറകള്‍.
സന്ദര്‍ശകര്‍ക്കു് സൌകര്യമായി കാറ്റു് കൊണ്ടിരിക്കാന്‍ ഈ തറകള്‍ കൂടാതെ ധരാളം ഇരുമ്പു് ചാരുബെഞ്ചുകള്‍ ചുറ്റിനും.

വലിയ ചൂലുമായി നടക്കുന്ന യൂണിഫോമിട്ട ജോലിക്കാര്‍ ചപ്പുചവറുകല്‍ തൂത്തു വാരുന്നു. വൃത്തിയാക്കിയ നിലത്ത്‌ തടുക്കു വിരിച്ചിട്ടു് യോഗഭ്യാസം ചെയ്യുന്നവര്‍ ഏറെയുണ്ടു്. ഇപ്പോള്‍ കടലില്‍ ചെറിയ ഓളങ്ങള്‍. തീരത്തു കെട്ടിയിട്ടിരിക്കുന്ന ബോട്ടുകള്‍ ഓളത്തില്‍ ഉയര്‍ന്നു താഴുന്നു. മടങ്ങുന്ന ഓളങ്ങള്‍ കല്പടവുകളിലെ ചെളി കഴുകി വൃത്തിയാക്കുന്നു.

മനുഷ്യമനസ്സിലെ കറയും ചെളിയും കഴുകാന്‍ കൊതിക്കുന്ന പാവം പ്രകൃതി!.
അപ്പോളോ ബന്തറില്‍ നിന്നും കൊളാബയുടെ തെക്കേ ദിക്കിലേക്കുള്ള നിരത്തിന്റെ ഒരു വശത്തു് കടല്‍. കടല്‍ക്കാറ്റു കൊണ്ട്‌ പ്രഭാതസവരി ചെയ്യാന്‍ എല്ലാ പ്രായക്കാരും എത്തും. ട്രാക്‍സൂട്ടും ജോഗ്ഗിംഗ്‌ ഷൂവും ധരിച്ചെത്തുന്ന സ്ത്രീ പുരുഷന്മാര്‍. മുട്ടോളമെത്താത്ത ഷോട്ട്സും ധരിച്ചു ഒരുപാടു ദൂരം വേഗത്തിലോടുന്ന ചെറുപ്പക്കാരും കുട്ടികളും.

പലരും രാവിലെ വരുമ്പോള്‍ കയ്യില്‍ ഒരു ഗോതമ്പു പൊതി ഉണ്ടാവും.
കബൂത്തര്‍ ഖാനകളിലും തെരുവിലും നടപ്പാതകളിലും ഗേറ്റ്‌ വേക്ക്‌ ചുറ്റുപാടുമെല്ലാം വിതറുന്ന ഗോതമ്പുമണികള്‍ കൊത്തിപ്പെറുക്കുവാന്‍ പതിനായിരക്കണക്കിനു പ്രാവുകളുടെ എത്രയോ കൂട്ടങ്ങള്‍.!.

സ്ഥിരമായി തങ്ങള്‍ക്കു് ഗോതമ്പു വിതറിത്തരാറുള്ള വൃദ്ധനെ കഴിഞ്ഞ രണ്ടാഴ്ചയായി വെള്ളപ്രാവുകള്‍ കണ്ടില്ല.

നഗരത്തിലെ ഭീകരാക്രമണം പതിനായിരക്കണക്ക്‌ ആളുകളില്‍ മനസികാഘാതം ഉണ്ടാക്കി. ട്രോമ കെയര്‍ കേന്ദ്രങ്ങളില്‍ ചികിത്സിക്കപ്പെടുന്നവര്‍ വളരെ. പലരും ജീവിതത്തെ നോക്കിക്കാണുന്ന രീതി തന്നെ, സമൂലം മാറി. വെളുത്ത വസ്ത്രവും വെള്ളത്തൊപ്പിയും ധരിച്ച്‌, വടി കുത്തിപ്പിടിച്ചു വരുന്ന വൃദ്ധനെ ആദ്യം കണ്ട വെള്ള പ്രാവ്‌, തന്റെ ചുണ്ട്‌ അടുത്ത പ്രാവിന്റെ ദേഹത്തു് തട്ടി വൃദ്ധനിലേക്കു് ശ്രദ്ധ തിരിച്ചു. വൃദ്ധനെ കൂടുതല്‍ അടുത്തു കാണനായി ഏഴു വെള്ള പ്രാവുകളും ഛത്രപതി ശിവജിയുടെ പ്രതിമക്കു മുകളിലേക്കു് പറന്നു ചെന്നു.

എന്നും വൃദ്ധനു് തന്റെ കയ്യിലെ വടി ഒരു ആഭരണം പോലെയായിരുന്നു. സുമംഗലികളുടെ നെറ്റിയിലെ സിന്ദൂരം പോലെ വാര്‍ദ്ധക്യത്തിനു മിഴിവേകുന്ന അലങ്കാരം. പക്ഷെ ഇന്നു് ഊന്നുവടിക്കു് അതിന്റെ ചുമതല ചെയ്യേണ്ടതുണ്ടു്‌. ശരീരത്തിന്റെ ഭാരം താങ്ങാന്‍ വൃദ്ധനു് വടി ആവശ്യമായിരിക്കുന്നു.

വൃദ്ധന്റെ കയ്യില്‍ ഇന്നും ഗോതമ്പ്‌ പൊതി ഉണ്ടു്‌. ശിവജിപ്രതിമക്കു തഴെയുള്ള ഗ്രാനൈറ്റു് തറയില്‍ വൃദ്ധന്‍ ഇരുന്നു. വളരെ നേരം ദൂരേക്കു നോക്കിയിരുന്നതിനു് ശേഷം സാവകാശം വൃദ്ധന്‍ കയ്യിലെ പൊതി തുറന്നു. വൃദ്ധന്റെ ശരീരത്തിനു വല്ലാത്ത ക്ഷീണം.
വെള്ള പ്രാവുകള്‍ ഗോതമ്പു് കൊത്തി തിന്നുന്നതു് നോക്കിയിരുന്ന വൃദ്ധന്‍ സധാരണ കാട്ടാറുള്ള ആഹ്ലാദപ്രകടനങ്ങള്‍ ഒന്നും കട്ടിയില്ല.... ട്രോമ ചികിത്സ നടത്തുന്നവര്‍ക്കും പരിഹാരം കണ്ടെത്താനാവാത്ത ദുഃഖം വൃദ്ധനെ ക്ഷീണിതനാക്കിയിരിക്കുന്നു.

പ്രാവുകള്‍ ഗോതമ്പു മണികള്‍ കൊത്തി തീര്‍ന്നപ്പോള്‍ വൃദ്ധന്‍ എഴുന്നേറ്റു. ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യക്ക്‌ അടുത്തേക്കാണു് നടന്നതു്. എങ്കിലും ഇടയ്ക്കു് ചാരു ബഞ്ചിനടുത്തുവച്ച്‌ കാലുകള്‍ വേച്ചു പോയപ്പൊള്‍ വൃദ്ധന്‍ ബഞ്ചില്‍ ചാരിയിരുന്നു. വൃദ്ധന്റെ കയ്യിലെ വടി നിലത്തു സഞ്ചരിക്കുന്നു. വൃദ്ധന്‍ എന്തോ എഴുതുകയാണോ? അതോ എഴുന്നേല്‍ക്കാനുള്ള വിഫലശ്രമമാണൊ?.

വൃദ്ധന്റെ മുഖം താജ്‌മഹല്‍ ഹോട്ടലിന്റെ മുകളിലേക്കു് തിരിഞ്ഞിരിക്കുന്നു. കണ്ണുകള്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കത്തിക്കരിഞ്ഞു പോയ ആറാം നിലയിലെ മുറികളുടെ ഭാഗത്തേക്കും. വൃദ്ധന്റെ ദൃഷ്ടി പോകുന്ന ദിക്കിലേക്ക്‌ ഏഴു പ്രാവുകളും പറന്നു. ചുമരിന്റെ ചില ഭാഗങ്ങള്‍ പുര്‍ണമായും ചാമ്പലായതിനാല്‍ വെള്ളപ്രാവുകള്‍ക്ക്‌ ഹോട്ടലിനുള്ളിലെത്താന്‍ വാതിലുകളും ജനലുകളും തിരയേണ്ടതില്ല.

ചുമരുകളില്‍ ഇപ്പോഴും വെടിയുണ്ടകള്‍ പേറുന്ന ദ്വാരങ്ങള്‍. പാകി സമ്പന്നമാക്കിയ തറ, കത്തിയെരിഞ്ഞു വികൃതമായിരിക്കുന്നു.കരുവാളിച്ച ഭിത്തികളില്‍, മഷിക്കൂട്ടും തുവലുമില്ലാതെ രചിക്കപ്പെട്ട വേദനയുടേയും ബീഭത്സതയുടേയും കറുത്ത ചിത്രങ്ങള്‍!

വെള്ളക്കാരനല്ലാത്തതിനാല്‍ നിന്ദ സഹിക്കേണ്ടി വന്നപ്പോള്‍ ആത്മാഭിമാനിയായൊരു ഇന്ത്യാക്കാരന്‍ ആതിഥ്യ മര്യാദകള്‍ക്കു് പുത്തന്‍ നിര്‍വ്വചനങ്ങള്‍ ഉണ്ടാക്കിയ ഹോട്ടല്‍ സമുച്ചയം. ഒരു നൂറ്റണ്ടു കഴിഞ്ഞിട്ടും, വശ്യത കൂടിക്കൂടി വന്ന സ്വപ്നസൌധത്തിന്റെ മകുടത്തില്‍ നിന്നും അഗ്നി ജ്വാലകളും പുകപടലങ്ങളും പുറത്തേക്കു വരുന്ന ചിത്രങ്ങല്‍ ദൃശ്യമാദ്ധ്യമങ്ങളില്‍ല്‍ കണ്ട വൃദ്ധനും വല്ലാത്ത മനോവ്യധ അനുഭവിച്ചിരിക്കണം.

മേല്‍ക്കൂരയുടെ കത്തിപ്പോയ ഭാഗത്തുകൂടി പറന്നു് പ്രാവുകള്‍, ഹോട്ടലിനു മുകളില്‍ വന്നിരുന്നു. നേരെ മുമ്പില്‍ ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യയുടെ മുകളില്‍ ജോര്‍ജ്‌ അഞ്ചാമനെ സ്വീകരിക്കാന്‍ ഒരു നൂറ്റാണ്ട്‌ മുമ്പു് റോമന്‍ അക്ഷരങ്ങളില്‍ കൊത്തി വച്ചിരിക്കുന്ന സ്വാഗതവാക്കുകള്‍. അതിനു ചുവട്ടില്‍ അടയ്ക്കാന്‍ പാളികളില്ലാത്ത വലിയ കവാടം. -

അറിവും സംസ്കാരവും സ്വീകരിക്കന്‍ എന്നും തുറന്നിട്ട ഭാരതീയന്റെ മനസ്സിന്റെ വാതിലുകള്‍ പോലെ.! ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യ രൂപകല്പന ചെയ്തപ്പോള്‍ ജോര്‍ജ്‌ വിക്കറ്റ്‌ ഈ സാംസ്കരികതലം ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല.

ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യ പണിയാന്‍ രാജസ്ഥാനില്‍ നിന്നും കല്ലുകളുമയി വന്ന ഒട്ടേറെ കല്പണിക്കാരില്‍ ഏഴു പേരുടെ ആത്മാക്കള്‍ ഈ ഏഴു വെള്ള പ്രാവുകളില്‍ കുടികൊള്ളുന്ന കാര്യം മറ്റാര്‍ക്കും അറിയില്ല. എത്രയോ വര്‍ഷങ്ങള്‍ നീണ്ടുപോയ ഗേറ്റ്‌ വേയുടെ നിര്‍മ്മാണം. പകല്‍ മുഴുവനും പണിയെടുത്ത ഞങ്ങള്‍ക്കു് കൊളാബയിലെ മീന്‍പിടുത്തക്കാരുമായി ചങ്ങാത്തം ഉണ്ടായതു സ്വാഭാവികം. മുംബാ ദേവിയുടെ ക്ഷേത്രവും , മലബാര്‍ ഹില്ലുമൊക്കെ അവരൊടൊപ്പം നടന്നു കണ്ടു. ഞങ്ങള്‍ക്കു് അവധി കിട്ടിയ ഒരു ദിവസം മീന്‍പിടുത്തക്കാരില്‍ ചിലര്‍ കടലില്‍ പോകാത്ത ദിവസം ആയിരുന്നു. അപ്പോളൊ ബന്തറിലെ സമുദ്രത്തില്‍ കൂടി ഒന്നു സഞ്ചരിക്കണമെന്ന ഞങ്ങളുടെ ആഗ്രഹം സാധിച്ചു തരാന്‍ മീന്‍പിടുത്തക്കാരില്‍ ഒരാള്‍ തയ്യാറായി.. നൌകയില്‍ കയറി തീരക്കടലിലൂടെ സഞ്ചരിച്ചപ്പോള്‍ അല്പം ദൂരക്കടലിലേക്കു പോയാല്‍ കൊള്ളാമെന്നു തോന്നി. നൌക പുറം കടലിലെത്തി. അല്പം കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി വലിയ തിരകള്‍ വന്നു. വഞ്ചി കരയിലെക്കു തിരിച്ചു് വിട്ടു. പിന്നില്‍ നിന്നും വരുന്ന വമ്പന്‍ തിരകള്‍ കണ്ട്‌ ഞങ്ങള്‍ പരിഭ്രാന്തരായി. അപ്പോഴത്തെ വിഹ്വലതയില്‍ പിന്നീടു കാട്ടിക്കൂട്ടിയതൊന്നും ഓര്‍മ്മയില്ല. പണിതു തീരാത്ത ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യ വളരെ ദൂരത്തു കണ്ടുകൊണ്ടു് ഞങ്ങളുടെ ശരിരം അറബിക്കടലില്‍ താഴ്ന്നു പോയി. ഇനിയും ഒരുപാടു ജീവിക്കാന്‍ കൊതിച്ച ആത്മാക്കള്‍ കടല്‍പ്പരപ്പില്‍ അലഞ്ഞു. അതിലെ പറന്നു വന്ന ഏഴു വെള്ള പ്രാവുകളില്‍ കുടിയേറിയ ആത്മാക്കള്‍ക്ക്‌, തങ്ങള്‍ പണിതു തുടങ്ങിയ ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യ പൂര്‍ണ്ണമായി പണി തീര്‍ന്നു കാണണമെന്ന കൊതി കൂടിക്കൂടി വന്നു.
പ്രാവുകളുടെ ആയുസ്സിനു പരിമിതി ഉണ്ടല്ലൊ?.

തങ്ങള്‍ കുടിയേറിയിരിക്കുന്ന വെള്ളപ്രാവുകള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സ്വര്‍ണ്ണവര്‍ണമുള്ള മുട്ടയിടുമെന്നും ആ മുട്ട വിരിഞ്ഞുണ്ടാകുന്ന പ്രാവിന്റെ അടുത്ത തലമുറയിലേക്ക്‌ കല്പണിക്കാരുടെ ആത്മാക്കള്‍ കുടിമാറണമെന്നും ഞങ്ങള്‍ അറിഞ്ഞു. അങ്ങനെ കുടിമാറി.....കുടിമാറി ഈ ലോകത്തിന്റെ ഭാഗമായി ജീവിതം തുടരാം.

ജോര്‍ജ്‌ അഞ്ചാമനും മേരി രാജ്ഞിയും ഈ കവാടത്തിലൂടെ ഇന്ത്യയിലേക്കു് കടന്നു വരുന്നതു് താജ്‌മഹല്‍ ഹോട്ടലിനു മുകളിലിരുന്നു ഞങ്ങള്‍ കണ്ടു. പിന്നെ ഇന്ത്യ ഭരിക്കാനായി ഇതിലെ തല ഉയര്‍ത്തി കടന്നു വന്ന വൈസ്രോയിമാരെയും ഗവര്‍ണര്‍ ജനറലിനെയും കാണാന്‍ ഗേറ്റ്‌ വേയ്ക്കടുത്തു് തന്നെ കാത്തു നിന്ന നാളുകള്‍.!.

വിദേശിയുടെ അടിമത്തം സഹിച്ച ഭാരതീയന്റെ നൊമ്പരങ്ങള്‍.!

അഹിംസയുടെ പ്രവാചകന്‍ മുംബെയിലെ വീഥികളിലൂടെ സഞ്ചരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പാദം പിന്തുടര്‍ന്ന ജനസഹസ്രങ്ങളിലെ ആവേശം!.

രണ്ടു മഹായുദ്ധങ്ങളുടെ സമയത്തും മുംബയില്‍ നങ്കൂരമിട്ട സഖ്യകക്ഷികളുടെ യുദ്ധക്കപ്പലുകളില്‍ വെള്ളപ്രാവുകള്‍ വിശ്രമിച്ചിട്ടുണ്ടു്‌. പിന്നെ സ്വതന്ത്ര ഇന്ത്യയുടെ കൊടിവച്ച കപ്പലുകളില്‍ അഭിമാനത്തോടെ പറന്നുചെന്നു.

സമാനതകളില്ലാത്തൊരു പോരട്ടത്തില്‍ ആദര്‍ശം ആയുധത്തെ തോല്പിക്കുന്നതു കാണാനുണ്ടായ മഹാഭാഗ്യം.

പിന്നത്തെ അറുപതു വര്‍ഷക്കാലം ചരിത്രപുസ്തകങ്ങളില്‍ ഒരുപാടു കര്യങ്ങള്‍ എഴുതിച്ചേര്‍ത്തു .....

പുസ്തകങ്ങളില്‍ കാണാത്ത പലതും അനുഭവം എന്ന മഹാദ്ധ്യാപകനില്‍ നിന്നും കേട്ടു.
മനുഷ്യ ബന്ധങ്ങളും മൂല്യങ്ങളും ഡി-മാറ്റു ചെയ്യുന്നത്ര വളര്‍ന്ന സമൂഹം.!

രാജ്യത്തിന്റെ പല ഭാഗത്തും ബോംബുകള്‍ പൊട്ടിയതും നിരപരാധികള്‍ മരിച്ചു വീണതും വെറും ദൌര്‍ഭാഗ്യം മാത്രമാണത്രെ!. ആധുനികലോകത്തില്‍ രാജ്യാതിര്‍ത്തികള്‍ നോക്കാതെ സാധനങ്ങളും സേവനങ്ങളും വ്യപാരം ചെയ്യപ്പെടുന്നു. നിയന്ത്രണങ്ങളുണ്ടങ്കിലും മനുഷ്യസഞ്ചാരത്തിനും രാജ്യാതിര്‍തികള്‍ പരിമിതിയാവുന്നില്ലന്നു് സര്‍വ്വകലാശാലകള്‍ പറഞ്ഞു തന്നു.
അതിര്‍ത്തികള്‍കപ്പുറത്തുനിന്നും വിനാശത്തിന്റെയും മരണത്തിന്റെയും വ്യാപാരികള്‍ക്കു വരുവാന്‍ ഇത്രപോലും പരിമിതികല്‍ ഇല്ല എന്നത്‌ കൊളാബയിലേ മീന്‍പിടുത്തക്കാരുടെ പുതിയ നാട്ടറിവ്‌.

ആത്മാവിന്റെ കുടിമാറ്റത്തിനായി സ്വര്‍ണനിറമുള്ള മുട്ടകള്‍ ഇനിയും ഇട്ടിട്ടില്ലാത്ത പ്രാവുകള്‍, അപരിചിതമായ ഒരുപാടു ഗന്ധങ്ങള്‍ അടുത്ത നാളുകളില്‍ ശ്വസിക്കുകയുണ്ടായി.ഏതൊക്കയോ അഭിശപ്ത ഗന്ധങ്ങള്‍ ഉള്ളില്‍ ചെന്നാല്‍ പ്രാവുകള്‍ക്ക്‌ മുട്ടയിടാനുള്ള കഴിവു് നഷ്ടമാകും എന്നതും അറിഞ്ഞിരിക്കേണ്ട കാര്യം തന്നെ.!

താജ്‍മഹല്‍ ഹോട്ടലിന്റെ മുകളില്‍ നിന്നും വെള്ള പ്രാവുകള്‍ തങ്ങള്‍ക്കായി ഗോതമ്പു മണികള്‍ കൊണ്ടുവന്ന വൃദ്ധന്റെ അടുത്തേക്കു പറന്നു.
ഇരുമ്പിന്റെ ചാരുബഞ്ചില്‍ വൃദ്ധന്‍ മുകളിലേക്കു നോക്കി ചാരിയിരിക്കുന്നു. കണ്ണുകള്‍ അടഞ്ഞിരിക്കുന്നു. കയ്യും കയ്യിലെ വടിയും നിശ്ചലം.
മൂക്കിന്മേല്‍ വന്നിരുന്ന ഈച്ച, വൃദ്ധന്റെ കണ്‍പീലികള്‍ക്കു മുകളിലേക്കു മാറിയിരുന്നു.

ദേഹം മുഴുവന്‍ വെയിലടിച്ചിട്ടും വൃദ്ധന്‍ ചൂടു് അറിയുന്നില്ലേ?.

പ്രാവുകള്‍ക്ക്‌ അസ്വസ്ഥത. ചിറകുകള്‍ നിലത്തടിക്കുകയും , വൃദ്ധനു ചുറ്റും ഓടി നടക്കുകയും ചെയ്തു. വൃദ്ധന്റെ ചലനമില്ലാത്ത പാദത്തിനടുത്തു് ഏഴു പ്രാവുകളും ഒത്തു ചേര്‍ന്നു നിന്നു്, പരസ്പരം കണ്ണുകളിലെക്കു നോക്കി. ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യക്കടുത്തേക്കു് അപ്പോള്‍ വന്ന ആംബുലന്‍സില്‍ ഒരു ട്രോമ കെയര്‍ കേന്ദ്രത്തിന്റെ പേരു വായിക്കാനാവുമായിരുന്നു.

കുറിപ്പുകള്‍:
ഒന്ന്: 1903ല്‍ താജ്‌മഹല്‍ ഹോട്ടല്‍ പണിതു. 1911ല്‍ ജോര്‍ജ്‌ അഞ്ചാമന്റെ ഇന്ത്യാ സന്ദര്‍ശനം.
അപ്പോളോ ബന്തര്‍ : മുംബയിലെ കൊലാബയില്‍ താജ്‌ മഹല്‍ ഹോട്ടല്‍, ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന സ്ഥലം.
കബൂത്തര്‍: പ്രാവ്‌.
കബൂത്തര്‍ ഖാന : പ്രാവുകള്‍ക്ക്‌ ഭക്ഷണം കൊടുക്കുന്ന സ്ഥലം.മുംബയില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ കബൂത്തര്‍ ഖാനകള്‍ ഉണ്ട്‌.
ജോര്‍ജ്‌ വിക്കറ്റ്‌: ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യ രൂപകല്പന ചെയ്ത എഞ്ചിനീയര്‍.

Subscribe Tharjani |
Submitted by grkaviyoor (not verified) on Tue, 2009-02-10 18:58.

writter has made an excellent naration of mumbai colaba area and the poor old mans end realy a piece of potrate and a piece of poetry .but repeting of troma patient is been mentioned by the writter he should find a malayalam word for this desies or in last note he should mention about the troma.
overall a good story of human sorrows and conecting the nature and more myths about the rebirth ,transformation of spirts .

Submitted by Jayachandra Kaimal (not verified) on Wed, 2009-02-11 12:35.

A good write up. Reflects the un fulfilled ambitions of creative human creatures and their love for peace. Human creations are not everlasting. That exist so long that is protected. Miscreants are there to damage every beautiful creations for a little satisfaction of competing and conquering some one they define as their enemies.

Lets repeat the prayer our father of nation chanted.

Sab ko san mathi de Bhagawan.

Jayachandra Kaimal.

Submitted by C.P.Krishnakumar (not verified) on Wed, 2009-02-11 20:11.

Thanks Mr.Kaviyoor. I tried to present a universal subject, in the backdrop of mumbai terror attack. Look forward to more comments from other readers too.
regards C.P.Krishnakumar.

Submitted by venkarun (not verified) on Fri, 2009-02-13 08:34.

i was moved by reading your write up. i lived in mumbai in early eighties and have visited this place many a time. i too got struck reading the present atate of the Taj Hotel. nice write up

Submitted by aniel (not verified) on Tue, 2009-02-17 01:00.

vivid description, touching theme,
good attempt.
Thanks Krishnakumar

Submitted by Satheesh Cherusserymadom (not verified) on Tue, 2009-02-17 18:00.

Nice article....Well explained.........Good luck and best wishes

Satheesh Cherusserymadom

Submitted by വിക്രമന്‍ (not verified) on Sat, 2009-02-28 16:13.

ഉണ്ണി.
യാദ്ര്ശ്ച്യ കഥ കണ്ടു. വായിച്ചു.
കൊള്ളാല്ലൊ, Keep writing

വിക്രമന്‍