തര്‍ജ്ജനി

മാങ്ങോട്ട്‌ കൃഷ്ണകുമാര്‍

“ശ്രീ”,
ചിറ്റൂര്‍ റോഡ്,
എറണാകുളം - 682 011
ഫോണ്‍: 0484-2368437, 09447609529
ഇമെയില്‍: kmangot@yahoo.com

Visit Home Page ...

ലേഖനം

കമനീയകരുണാകരം

കമനീയതയാണ്‌ കരുണാകരകലയുടെ മുമുദ്ര. മറ്റു് ആധുനികചിത്രങ്ങളെപ്പോലെ കരുണാകരചിത്രങ്ങള്‍ നമ്മെ സംഭ്രമിപ്പിക്കുന്നില്ല; മനസ്സില്‍ സംഘര്‍ഷങ്ങളോ അലോസരങ്ങളോ ഉണ്ടാക്കുന്നുമില്ല. കല മനസ്സിനെ ഇളക്കിമറിക്കുകയാണു് ചെയ്യേണ്ടതു് എന്നു് വിശ്വസിക്കുന്നവര്‍ക്കു് കരുണാകരകലയുടെ സൌന്ദര്യമുള്‍ക്കൊള്ളാന്‍ വിഷമമുണ്ടാകും. എന്നാല്‍ കലയുടെ അടിസ്ഥാനലക്ഷ്യം ആസ്വാദകനില്‍ ആനന്ദാനുഭൂതിയുണര്‍ത്തലാണു് എന്നു് വിശ്വസിക്കുന്നവര്‍ക്കു് അപൂര്‍വ്വമായ അനുഭവം കരുണാകരചിത്രങ്ങളില്‍ നിന്നു ലഭിക്കും.

ഹൈദരാബാദില്‍,'തര്‍ജ്ജനി'യുടെ ആഭിമുഖ്യത്തില്‍‍, ഐ.സി.സി.ആര്‍ ഗാലറിയില്‍ കഴിഞ്ഞ ജനുവരി 24-മുതല്‍ 28 വരെ നടന്ന അതിമനോഹരമായ ചിത്രപ്രദര്‍ശനത്തെ അടിസഥാനമാക്കിയാണ്‌ ഈ വരികള്‍ കുറിക്കുന്നത്‌.

സ്വരവിന്യാസങ്ങളിലുടെ, രാഗവിസ്താ‍രങ്ങളിലുടെ ഒരു ഗായകന്‍ നാദബ്രഹ്മത്തിലലിയാന്‍ ശ്രമിക്കുന്നതുപോലെ നിറവിന്യാസങ്ങളിലുടെയും,രേഖാവടിവുകളിലുടെയും സൌന്ദര്യസാക്ഷാത്കാരത്തിന്ന്‌ ശ്രമിക്കുകയാണു്‌ ശ്രീ. കരുണാകരന്‍. രണ്ടിന്റേയും ലക്ഷ്യം ഒന്നു തന്നെ; രണ്ടു പേരും അനുഭവിക്കുന്നതും ആസ്വാദകര്‍ക്കു് പകരുന്നതും ഒരേ ആനന്ദാനുഭൂതി തന്നെ.

നിറങ്ങളുടെ നിറവില്‍, വരകളുടെ വശ്യതകളില്‍ സമ്പന്നമായ ഈ ചിത്രങ്ങള്‍ കരുണകരകലയുടെ എറ്റവും പുതിയ മുഖമാണ്‌ അവതരിപ്പിക്കുന്നതു്. കരുണാകരചിത്രങ്ങളിലെ അലങ്കാരങ്ങളുടെ ഹിരണ്മയസമൃദ്ധിയില്‍ കലയുടെ മുഖം മൂടപ്പെട്ടിരിക്കുന്നു എന്ന ഒരാക്ഷേപം പണ്ട്‌, ചിലര്‍ ഉന്നയിച്ചു്‍ കേട്ടിട്ടുണ്ട്‌. അവര്‍ക്കുള്ള മറുപടി കൂടിയാണു് ഈ ചിത്രങ്ങള്‍. പുതിയ പുതിയ ചിത്രങ്ങളില്‍ അലങ്കാരങ്ങള്‍ കുറഞ്ഞു കുറഞ്ഞു വന്നു് തീരെ ഇല്ലാ‍താവുകകൂടിചെയ്യുന്നുണ്ടു്. (ഉദാ: കറുത്ത പെണ്‍പുലി) ഭാരതീയ പാരമ്പര്യസ്ത്രീരൂപരചനകളില്‍ നിന്നുള്ള ഗുണകരമായ ഒരു മാറ്റം കൂടി ഇവയില്‍ കാണാം.

മനുഷ്യനും മൃഗങ്ങളും പ്രകൃതിയും തമ്മില്‍ ഇഴപിരിക്കാനാവത്തവണ്ണം ഇഴുകിച്ചേരുന്ന അത്ഭുതംനിറഞ്ഞ മനോഹാരിതകളെ ഈ ചിത്രങ്ങള്‍ അനാവരണം ചെയ്യു‍ന്നു. അനുവാചകന്നു്, അളവറ്റ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രങ്ങള്‍ക്കുണ്ട്‌.

ഹൈദരാബാദിലെ കലാസ്നേഹികളുടെ കൂട്ടായ്മയായ 'തര്‍ജ്ജനി'യാണ്‌ ഈ ചിത്രപ്രദര്‍ശനമൊരുക്കിയതു്. അവരുടെ ആത്മവിശ്വാസത്തേയും സ്ഥിരോത്സാഹത്തേയും എത്ര പ്രശംസിച്ചാ‍ലും മതിയാവില്ല..

Subscribe Tharjani |