തര്‍ജ്ജനി

ഡോ.കെ.എം.ഭരതന്‍

മലയാളവിഭാഗം,
എം.ജി.ഗവ. ആര്‍ട്സ് കോളേജ്,
ന്യൂ മാഹി. 673 311

Visit Home Page ...

ലേഖനം

ഉര്‍വ്വരതാചിഹ്നങ്ങളുടെ രൂപാന്തരണം അര്‍ബന്‍ ഫോക്‍ലോറില്‍

ഫോക്കിനെയും ഫോക്‍ലോറിനെയും നിശ്ചലാവസ്ഥയിലുള്ള ഒരു ഗ്രാമീണജീവിതപശ്ചാത്തലത്തില്‍ സമീപിക്കുന്ന പഠനധാര ഫോക്‍ലോറിസ്റ്റിക്സില്‍ ഇന്നും വളരെ സജീവമാണു്‌. ഓരോ കൂട്ടായ്മയും മാറിക്കൊണ്ടിരിക്കുകയാണു്; ഒപ്പം അവരുടെ ലോറുകളും. അതിനനുസരിച്ചു് ഫോക്‍ലോര്‍ പഠനത്തിലെ സങ്കല്പനങ്ങളും മാറിക്കൊണ്ടിരിക്കുന്നു. നാഗരികഫോക്‍ലോര്‍, ഗ്രാമീണഫോക്‍ലോര്‍, ട്രൈബല്‍ഫോക്‍ലോര്‍, പബ്ലിക്‍ഫോക്‍ലോര്‍ തുടങ്ങിയ സങ്കല്പനങ്ങള്‍ ഇതിനുദാഹരണങ്ങളാണു്‌. അലന്‍ഡന്റസ്‌, ഡാന്‍ബെന്‍ അമോസ്‌, റിച്ചാര്‍ഡ്‌ ബോമാന്‍, ഗാരി അലന്‍ഫൈന്‍ തുടങ്ങിയവര്‍ മാറുന്ന കാലത്തിനനുസരിച്ചു് ഫോക്‍ലോറിനെയും പാരമ്പര്യത്തെയും നിര്‍വ്വചിക്കാന്‍ ശ്രമിച്ചവരാണ്‌. ഫോക്‍ലോറിലെ ഇത്തരം നവസമീപനങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിലെ ഉര്‍വ്വരതാസംസ്കൃതിക്കും അതുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ക്കും സംഭവിക്കുന്ന മാറ്റങ്ങളെ വിശദീകരിക്കാനാണു് ഈ പ്രബന്ധത്തിലൂടെ ശ്രമിക്കുന്നതു്‌.

ഉര്‍വ്വരതാസംസ്കൃതി

ഉര്‍വ്വരത (Fertility) എന്ന വാക്കിനു് നിഘണ്ടുക്കള്‍ പൊതുവെ കല്പിച്ചിരിക്കുന്ന അര്‍ത്ഥം ഫലഭൂയിഷ്ഠത അഥവാ സമൃദ്ധമായ പ്രത്യുല്പാദനക്ഷമത എന്നാണു്‌. ഫലഭൂയിഷ്ഠതയോടൊപ്പം തന്നെ സമൃദ്ധി, ഐശ്വര്യം തുടങ്ങിയ ആശയങ്ങളും ഈ പദവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രാചീനമനുഷ്യനു് ജീവിതത്തേയും പ്രകൃതിപ്രതിഭാസങ്ങളേയും സംബന്ധിച്ചു് ഉണ്ടായിരുന്ന ഉത്കണ്ഠയും ഭയവുമാണു് പല ആരാധനാസമ്പ്രദായങ്ങള്‍ക്കും നിദാനമെന്നു് പല പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. (ഫ്രെയ്സര്‍ :1950). കാറ്റിനും മഴയ്ക്കും നായാട്ടിനുമെല്ലാം പ്രാകൃത മനുഷ്യര്‍ക്കു് ദേവതാസങ്കല്പങ്ങളുണ്ടു്‌. ഇത്തരം ദേവതകളേയും ആരാധനാരീതികളേയും സൂക്ഷ്മമായി പഠിച്ചാല്‍ ഒരു കാര്യം കൂടി വ്യക്തമാകും. ഒരു ജനത, ജീവിതത്തെയും ചുറ്റുപാടുകളെയും പ്രകൃതിയെയും അവരുടെ വൈകാരികാനുഭവങ്ങളിലൂടെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും ശ്രമിച്ചതിന്റെ കൂടി ഫലമാണു് ഇത്തരം ആരാധനകള്‍. കൃഷിയെ സംബന്ധിച്ചു് പ്രാചീനകാര്‍ഷികസമൂഹത്തിനു് അവരുടേതായ അറിവുകളും ബോധ്യങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ അതൊരിക്കലും ആധുനികകാര്‍ഷികസമൂഹത്തിന്റെ കൃഷി അറിവുകളുടെ ശാസ്ത്രീയതയും യുക്തിബോധവും ഉള്ളതായിരുന്നില്ല. പകരം അവരുടെ അനുഭവങ്ങളും വൈകാരികതയുമാണു് ഈ അറിവിന്റെ അടിസ്ഥാനം. അതിനാല്‍ പ്രാചീനകാര്‍ഷിക സമൂഹത്തിനു് കൃഷിയെക്കുറിച്ചുണ്ടായിരുന്ന ഉത്ക്കണ്ഠകളും അവരുടെ അനുഭവങ്ങളും വൈകാരികതയും അതിലൂടെയുള്ള മനസ്സിലാക്കലും വ്യാഖ്യാനങ്ങളുമാണു് ഉര്‍വ്വരതാസങ്കല്പത്തിനു് പുറകിലുള്ളതു്.

ലോകമെമ്പാടുമുള്ള കാര്‍ഷികസംസ്കാരത്തില്‍ ഉര്‍വ്വരതാസങ്കല്പം വ്യത്യസ്തമായ രീതിയില്‍ നിലനില്ക്കുന്നുണ്ടു്‌. കേരളസംസ്കാരത്തിന്റെ പ്രബലമായ ഒരു അടിസ്ഥാനധാരയി ഉര്‍വ്വരതാസങ്കല്പം പ്രവര്‍ത്തിക്കുന്നുണ്ടു്‌. ഉര്‍വ്വരത എന്ന കൂട്ടായ്മാ ആശയം (folk idea) പലവിധത്തിലുള്ള ഫോക്‍ലോര്‍ ജനുസ്സുകളിലൂടെ (folklore genre) ആവിഷ്കൃതമാകുന്നുണ്ട്‌. കോടിമുണ്ട്‌, പൂങ്കുല, നിറനാഴി തുടങ്ങിയ നിരവധി ഭൌതികവസ്തുക്കളിലൂടെ കേരളീയപാരമ്പര്യത്തില്‍ ഉര്‍വ്വരത എന്ന ആശയം പ്രത്യക്ഷപ്പെടുന്നുണ്ട്‌. നാട്‌ പൊലിക, നഗരം പൊലിക, വിത്തുപൊലിക, കളം പൊലിക എന്നെല്ലാമുള്ള പൊലിച്ചുപാട്ട്‌, ഒട്ടേറെ തിരുവാതിരപ്പാട്ടുകള്‍ ഉച്ചാലുച്ചക്ക്‌ വെള്ളരിനട്ടാല്‍ വിഷു ഉച്ചയ്ക്ക്‌ പറിക്കാം എന്നിങ്ങനെയുള്ള പഴഞ്ചൊല്ലുകള്‍ തുടങ്ങി വാമൊഴി വഴക്കത്തിന്റെ നിരവധി രൂപങ്ങളിലൂടെ ഉര്‍വ്വരത എന്ന ആശയം ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്‌. നമ്മുടെ എത്രയോ ആചാരങ്ങളിലും വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും മറ്റു നാടോടിപ്രകടനങ്ങളിലും ഉര്‍വ്വരത ആവിഷ്കരിക്കപ്പെടുന്നുണ്ട്‌. വ്യത്യസ്ത സന്ദര്‍ഭങ്ങള്‍, വ്യത്യസ്തരൂപങ്ങള്‍, ഭിന്നപാഠങ്ങള്‍, പാഠാന്തരബന്ധങ്ങള്‍ എന്നിവയിലൂടെയെല്ലാം ഉര്‍വ്വരതയുടെ ചിഹ്നങ്ങള്‍ സൂക്ഷിക്കുന്നവരാണ്‌ കേരളീയര്‍. അതുകൊണ്ട്‌ അവര്‍ ഒരു ഉര്‍വ്വരസംസ്കൃതിയുടെ (fertilty cult‍) ഭാഗമാണെന്ന്‌ നമുക്ക്‌ നിസ്സംശയം പറയാം.

ഉര്‍വ്വരതയും ലോകവീക്ഷണവും

ലോകവീക്ഷണം (World view) എന്നത്‌ നരവംശ ശാസ്ത്രത്തിന്റെ ഒരു സങ്കല്പനമാണ്‌. ഫോക്‍ലോറില്‍ ഇത്‌ ഏറ്റവും പ്രയോജനപ്പെടുത്തിയ ഒരാള്‍ അലന്‍ ഡന്റസാണ്‌. ഓരോ ജനതയും അവരുടെ ജീവിതത്തെയും പ്രപഞ്ചത്തെയും സവിശേഷമായി നോക്കിക്കാണുന്ന രീതിയാണ്‌ ലോകവീക്ഷണം. ഫോക്‍ ആശയം ഈ വീക്ഷണത്തിന്റെ അടിസ്ഥാന ഏകകമാണെന്ന്‌ ഡന്റസ്‌ അഭിപ്രായപ്പെടുന്നു. ഉര്‍വ്വരതയെന്ന ഫോക്‍ ആശയത്തിന്റെ ആവിഷ്കാരത്തില്‍ ദേശപരവും കലാപരവും വര്‍ഗപരവുമായ വൈവിദ്ധ്യങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്‌. കേരളീയമായ ഉര്‍വ്വരതാസംസ്കൃതിക്കകത്തുതന്നെ ഉപസംസ്കൃതികള്‍ നിലവിലുണ്ടെന്ന രീതിയിലേക്കാണ്‌ ഈ വസ്തുത വിരല്‍ ചൂണ്ടുന്നത്‌. അതേസമയം ഉര്‍വ്വരതയെക്കുറിച്ചുള്ള ഫോക്‍ ആശയത്തില്‍ ദേശ-കാല-വര്‍ഗ വൈവിദ്ധ്യങ്ങളോടൊപ്പം തന്നെ ഒട്ടേറെ സമാനതകളും കാണാന്‍ കഴിയും. ഇതു സംബന്ധിച്ചു നിലനില്ക്കുന്ന ഉപസംസ്കൃതികള്‍ പരസ്പരം സൃഷ്ടിക്കുന്ന സമാനതയാണ്‌ ഇവിടെ പ്രകടമാകുന്നത്‌. ഇത്തരം സമാനതകള്‍ രൂപപ്പെടുകയും ബലപ്പെടുകയും ചെയ്യുംമട്ടില്‍ ഉപസംസ്കൃതികള്‍ തമ്മിലുള്ള പരസ്പരസമ്പര്‍ക്കത്തിന്റെതായ ചരിത്രഘട്ടങ്ങളും പ്രത്യേകം സ്മരണീയമാണ്‌. ഇവിടെ, ഉര്‍വ്വരതാസംസ്കൃതികള്‍ക്ക്‌ അന്യോന്യമുള്ള സൂക്ഷ്മവ്യത്യാസങ്ങളെ മാറ്റിനിര്‍ത്തി, കേരളീയകൂട്ടായ്മ എന്ന നിലയ്ക്ക്‌ പൊതുവിലുള്ള ഇവരുടെ ഫോക്‍സംസ്കാരത്തെയും ലോകവീക്ഷണത്തെയും പരിശോധിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌. അങ്ങനെ നോക്കുമ്പോള്‍ കേരളീയരുടെ ഉര്‍വ്വരതാസംബന്ധിയായ ലോകവീക്ഷണത്തില്‍ ഇനി പറയുന്ന പൊതുസവിശേഷതകള്‍ കാണാം. സൃഷ്ടിക്കാനുള്ള ഭൂമിയുടെ കഴിവ്‌ വിശിഷ്ടവും അലൌകികവുമായ ഒരു ശക്തിയാണ്‌. ഇതിനെ സ്വാധീനിക്കാന്‍ ചില ദേവതമാര്‍ക്ക്‌ സാധിക്കും. ഈ ദേവതമാരെ പ്രീതിപ്പെടുത്തിയാല്‍ ഭൂമിയുടെ ഫലഭൂയിഷ്ഠതയും ഒപ്പം സമൃദ്ധിയും ഐശ്വര്യവും നിലനിര്‍ത്താനാവും. കൃഷിഭൂമിയിലും ധാന്യങ്ങളിലും മറ്റുചില പ്രതീകങ്ങളിലും ഇത്തരം ദേവതമാരുടെ സാന്നിദ്ധ്യമുണ്ട്‌. ആചാരാനുഷ്ഠാനങ്ങളിലൂടെയും അനുകരണസമ്പര്‍ക്കമന്ത്രവാദങ്ങളിലൂടെയും അവരെ പ്രീതിപ്പെടുത്താന്‍ കഴിയും. മനുഷ്യരുടെ രതിയും ഭൂമിയുടെ ഉര്‍വ്വരതയും തമ്മില്‍ ബന്ധമുണ്ട്‌. സ്ത്രീ ശരീരവും കൃഷിഭൂമിയും തമ്മില്‍ ചില പാരസ്പര്യങ്ങളുണ്ട്‌. നഗ്നരായിപ്പോയി ഭൂമിയില്‍ വിത്തിറക്കുന്നതും പൂക്കാത്ത മാവില്‍ പുരുഷന്‍ നഗ്നനായിച്ചെന്ന്‌ ആണിയടിച്ചുകയറ്റുന്നതും മറ്റും ഇത്തരം ധാരണകളില്‍ നിന്നുണ്ടായ ചില ചടങ്ങുകളാണ്‌. പ്രകൃതിയുടെയും മനുഷ്യരുടെയും ഉര്‍വ്വരത സമൂഹത്തെ ഐശ്വര്യത്തിലേക്ക്‌ നയിക്കുന്നു. ഈ ഐശ്വര്യം പരിമിതമായ തോതിലാണെങ്കില്‍ക്കൂടിയും കാര്‍ഷികവും കാര്‍ഷികേതരവുമായ മറ്റു ജനവിഭാഗങ്ങളിലേക്കുകൂടി പങ്കുവെക്കപ്പെടേണ്ടതാണ്‌. ഉര്‍വ്വരതാനുബന്ധിയായ പല ചടങ്ങുകളിലും ഇത്തരത്തിലുള്ള പങ്കുവെയ്ക്കല്‍ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണ്‌. ഉര്‍വ്വരതയോടൊപ്പം നില്ക്കുന്ന സമൃദ്ധി എന്ന ആശയം; പങ്കുവെക്കപ്പെടുക, അതിന്റെ ആഹ്ലാദം, സംതൃപ്തി തുടങ്ങിയ ആശയങ്ങളുമായിട്ടുകൂടി ബന്ധപ്പെട്ടിരിക്കുന്നു.

ഇത്തരം ആശയങ്ങളും ലോകവീക്ഷണവും ആവിഷ്കരിക്കുന്ന നിരവധി ഫോക്‍ലോറുകള്‍ കേരളത്തിലെ പാരമ്പര്യസമൂഹത്തിലുണ്ടായിരുന്നു. അതില്‍ ചിലതെങ്കിലും ഇന്നും നാമമാത്രമായി തുടരുന്നവയുമാണ്‌. മുഖ്യമായും മൂന്നു മേഖലകളായി തിരിച്ച്‌ ഉര്‍വ്വരതാഫോക്‍ലോറുകളെ പരിചയപ്പെടുത്താനാണ്‌ ഇനി ശ്രമിക്കുന്നത്‌.

ഉര്‍വ്വരതാഫോക്‍ലോറുകളെ ഈ പ്രബന്ധത്തില്‍ മൂന്നു മേഖലകളായി തിരിച്ചിരിക്കുന്നു.

1. കൃഷിയുമായി ബന്ധപ്പെട്ടവ.
2. ദേശവുമായി ബന്ധപ്പെട്ടവ
3. മനുഷ്യനുമായി ബന്ധപ്പെട്ടവ

കൃഷിയുമായി ബന്ധപ്പെട്ട ഉര്‍വ്വരതാഫോക്‍ലോറുകള്‍:

തികച്ചും പ്രാദേശികസ്വഭാവമുള്ള ദേശീയപാരമ്പര്യം, പാന്‍ ഇന്ത്യന്‍സ്വഭാവമുള്ള സംസ്കൃതപാരമ്പര്യം, ഇവരണ്ടും കലര്‍ന്നുവരുന്ന മിശ്രപാരമ്പര്യം എന്നിങ്ങനെ മൂന്നു വ്യത്യസ്ത സാംസ്കാരികധാരകളിലും കാര്‍ഷികവൃത്തിയുമായി നേരിട്ടുബന്ധമുള്ള ഉര്‍വ്വരതാഫോക്‍ലോറുകള്‍ കാണാന്‍ കഴിയും. നിറ, പുത്തരി, ഉച്ചാറല്‍, ചെറുകുന്നത്തമ്മ, കലിയന്‍ തുടങ്ങിയവ ദേശീയപാരമ്പര്യത്തിലുള്ള ഉര്‍വ്വരതാ ഫോക്‍ലോറുകളാണ്‌. കൊയ്ത്തുമായി ബന്ധപ്പെട്ട ചടങ്ങാണ്‌ നിറ. കൊയ്ത്തുദിവസം കര്‍ഷകത്തൊഴിലാളികളുടെ മൂപ്പന്‍ കുളിച്ച്‌ കോടിയുടുത്ത്‌ ആദ്യം കൊയ്തെടുത്ത ധാന്യം ചെറുകറ്റയാക്കി മുള, അരയാല്‍, തുളസി തുടങ്ങിയ ഇലകളോടൊപ്പം വെച്ച്‌ ഭക്തിപൂര്‍വ്വം ഏറ്റുവാങ്ങി ധാന്യപ്പുരയില്‍ കൊണ്ടുപോയി സൂക്ഷിക്കുന്ന ചടങ്ങാണിത്‌. ഇങ്ങനെ സൂക്ഷിക്കുന്ന ധാന്യം അടുത്ത കൊയ്ത്തുവരെ കരുതിവെക്കും. കൊയ്ത്തുകഴിഞ്ഞാല്‍ ആദ്യം പാകപ്പെടുത്തിയെടുക്കുന്ന ധാന്യം പുത്തന്‍കലത്തില്‍ പായസം വെച്ച്‌ പിതൃക്കള്‍ക്കും കുടുംബ-ഗ്രാമക്ഷേത്രങ്ങളിലെ ദേവതമാര്‍ക്കും മറ്റും നിവേദിക്കുന്ന ചടങ്ങാണ്‌ പുത്തരി. താന്‍ വിതച്ച പൊന്നാര്യന്‍ കോടതി ആമീനും ആള്‍ക്കാരും വന്ന്‌ കൊയ്തുകൊണ്ടുപോയപ്പോള്‍ കോമന്‍ തല്ലിയുടച്ചത്‌ പുത്തരിക്കു വാങ്ങിച്ചുവെച്ച പുത്തന്‍ കലമായിരുന്നു.
കണ്ണൂര്‍ ചെറുകുന്നിലെ ഒരമ്പലമാണ്‌ ചെറുകുന്നത്തമ്മയുടേത്‌. വിത്തിടുമ്പോഴും കൊയ്യുമ്പോഴും സദ്യയൊരുക്കുമ്പോഴും സമീപദേശങ്ങളിലെ ആളുകള്‍ അതിലൊരോഹരി ചെറുകുന്നത്തമ്മയ്ക്കു നേര്‍ച്ചയായി നല്‍കുന്നു.

മകരക്കൊയ്ത്തുകഴിഞ്ഞുവരുന്ന ഒരു പ്രത്യേകദിവസം ഭൂമീദേവി രജസ്വലയാകുന്നതായി ജനത വിശ്വസിക്കുന്നു. ചിലയിടങ്ങളില്‍ ഇത്‌ മൂന്നു ദിവസവും മറ്റിടങ്ങളില്‍ ഒറ്റദിവസവുമായാണാചരിക്കുന്നത്‌. അന്നേ ദിവസം പത്തായത്തില്‍നിന്ന്‌ ധാന്യമെടുക്കുകയോ ഭൂമിയില്‍ കൃഷിയായുധങ്ങള്‍ കൊണ്ട്‌ തൊടുകയോ ചൂലുകൊണ്ട്‌ നിലം അടിക്കുകയോ ചെയ്യാന്‍ പാടില്ല. മലബാറിലെ ചില പ്രദേശങ്ങളില്‍ കര്‍ക്കിട സംക്രമനാളില്‍ കലിയനെ വിളിക്കുക എന്നൊരു പതിവുണ്ട്‌. ചക്കയും മാങ്ങയും പൊന്നും വിളക്കും സമൃദ്ധമായി എത്തിച്ചുതരുന്ന കലിയന്‍ ഒരു ഉര്‍വ്വരതാദേവതയാണെന്നു കരുതപ്പെടുന്നു.

ഒരു കാര്‍ഷികോത്സവമെന്ന നിലയില്‍ വിഷു ആഘോഷത്തില്‍ ഒട്ടേറെ ദേശീയപാരമ്പര്യങ്ങളുണ്ട്‌. എന്നാല്‍ മഹാവിഷ്ണുവിന്റെയും നരകാസുരന്റെയും പുരാവൃത്തത്തോടു ചേരുമ്പോള്‍ അതൊരു പാന്‍-ഇന്ത്യന്‍ സംസ്കൃതപാരമ്പര്യത്തിന്റെ ഭാഗവും ആയി മാറുന്നു. കാര്‍ഷികവര്‍ഷത്തിന്റെ ആരംഭം, വിഷുക്കണി തുടങ്ങിയവ പരസ്പരം ബന്ധപ്പെടുത്തി ആലോചിച്ചാല്‍ കൃഷിയുമായി ബന്ധപ്പെട്ട ഉര്‍വ്വരതാസങ്കല്പം തന്നെയാണ്‌ അതിലും പ്രധാനമെന്നും കാണാം. വര്‍ഷാരംഭത്തില്‍ കാണുന്ന കണിയുടെ സമൃദ്ധി ഒരു കാര്‍ഷികവര്‍ഷം മുഴുവന്‍ നിലനില്ക്കുമെന്ന വിശ്വാസം, സമൃദ്ധി പങ്കുവെയ്ക്കുന്നതിലൂടെ ലഭിക്കുന്ന ആഹ്ലാദം സമൃദ്ധിയായും സംതൃപ്തിയായും ആ വര്‍ഷം മുഴുവന്‍ നീണ്ടുനില്ക്കുമെന്നുള്ള വിശ്വാസം തുടങ്ങിയവ വിഷു ആഘോഷത്തിനു പിറകിലുണ്ട്‌.

മഴയുടെ ദേവതയായി ഇന്ദ്രനെ ആരാധിക്കുന്നതും കൃഷിയുടെയും സമൃദ്ധിയുടെയും ദേവതയായി അന്നപൂര്‍ണ്ണേശ്വരിയെ ആരാധിക്കുന്നതും മറ്റും സംസ്കൃതപാരമ്പര്യത്തിലുളള ഉര്‍വ്വരതാസങ്കല്പത്തിനുള്ള ഉദാഹരണങ്ങളാണ്‌.

ദേശവുമായി ബന്ധപ്പെട്ട ഉര്‍വ്വരതാഫോക്‍ലോറുകള്‍:

കാലന്‍പാടല്‍, വേടന്‍പാടല്‍, നാവേര്‍പാടല്‍, കോതാമൂരിയാട്ടം, ഗദ്ദിക, പടേനി, തെയ്യം, തിറ, കാളകെട്ട്‌ തുടങ്ങി ഓരോ പ്രാദേശിക കൂട്ടായ്മകളിലും ഉര്‍വ്വരതയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിരിക്കുന്ന നിരവധി ഫോക്‍ലോറുകളുണ്ട്‌. കര്‍ക്കിടകമാസത്തിന്റെ വറുതികള്‍ക്കിടയില്‍ ചേട്ടാഭഗവതിയെ പാടിയൊഴിച്ച്‌ ശ്രീഭഗവതിയെ കുടിയിരുത്തി എല്ലാവര്‍ക്കും ഐശ്വര്യമുണ്ടാക്കുകയാണ്‌ കാലന്‍പാട്ടിന്റെയും വേടന്‍പാട്ടിന്റെയും പ്രധാനലക്ഷ്യം. ദോഷങ്ങളകറ്റി നന്മയെ കൈവരിക്കാനുളള നാവേറുപാട്ടും ഇതില്‍നിന്നു ഭിന്നമല്ല. കോതാമൂരിയാട്ടത്തിന്‌ ചെറുകുന്നത്തമ്മയുടെ പുരാവൃത്തവുമായും ചില ബന്ധങ്ങളുണ്ട്‌. ചെറുകുന്നു പ്രദേശത്തും ക്ഷേത്രത്തിലും ആണ്‌ ഇത്‌ നടക്കുക. ഗോദാവരീതീരത്തുനിന്നെത്തിയ പശുവാണ്‌ കോതാമൂരി. കോതാമൂരിയും അതിന്റെ സംരക്ഷകന്മാരായ പനിയന്മാരും വീടുകളില്‍വന്ന്‌ ആടിക്കളിച്ചാല്‍ വീടിന്‌ ഐശ്വര്യമുണ്ടാകുമെന്നാണ്‌ വിശ്വാസം. കോതാമൂരിപ്പാട്ടിന്റെ ഉള്ളടക്കത്തിലും ഉര്‍വ്വരതയുമായുള്ള ബന്ധം കാണാം. ഗദ്ദിക, പടേനി, തെയ്യം, തിറ കാളകെട്ട്‌ തുടങ്ങിയവയെല്ലാം ഒരു പ്രദേശത്തിന്റെ ഈതിബാധകളകറ്റി അവിടെ ഐശ്വര്യത്തെ കുടിയിരുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതുതന്നെയാണ്‌. വ്യത്യസ്തമായ രീതിയിലാണെങ്കിലും അവയെല്ലാം ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം നാട്പൊലിക, നഗരം പൊലിക, വിത്തുപൊലിക, കളംപൊലിക എന്നു തന്നെയാണ്‌.

ക്ഷേത്രങ്ങളില്‍ നടക്കുന്ന നിറ, പുത്തരി, ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള പറയെടുപ്പ്‌ തുടങ്ങിയവയും ഉര്‍വ്വരതാസങ്കല്പവുമായി ബന്ധപ്പെട്ട ചടങ്ങുകളാണ്‌, ശിവലിംഗപ്രതിഷ്ഠയുടെ പിന്നിലുളള സങ്കല്പവും ചിഹ്നപരമായ സവിശേഷതകളും സിംബോളിസവും പ്രത്യക്ഷത്തില്‍ത്തന്നെ പ്രപഞ്ചത്തിന്റെ ഉര്‍വ്വരതയും രതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

മനുഷ്യനുമായി ബന്ധപ്പെട്ട ഉര്‍വ്വരതാഫോക്‍ലോറുകള്‍

തിരണ്ടുകല്ല്യാണം, വിവാഹം, ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍, തിരുവാതിര, പൂരം, മരണം എണ്ണമന്ത്രം, ബലിക്കള, കളംപാട്ട്‌, നാഗാരാധന തുടങ്ങിയ നിരവധി സന്ദര്‍ഭങ്ങളില്‍ മനുഷ്യരുടെ ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ഫോക്ലോറുകള്‍ ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്‌. ഇതില്‍ തിരുവാതിരയും പൂരാഘോഷവും പ്രത്യക്ഷത്തില്‍ കാമനെ ആരാധിക്കുന്നവയാണെങ്കിലും ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ഒട്ടേറെ സങ്കല്‍പങ്ങള്‍ അതില്‍ കാണാം. എണ്ണമന്ത്രവും ബലിക്കളയും ഗര്‍ഭിണികളെ ബാധിക്കുന്ന ദുര്‍മൂര്‍ത്തികളെ ഒഴിപ്പിക്കാനും അവര്‍ക്ക്‌ ഐശ്വര്യമുണ്ടാകാനും ഉള്ളതാണ്‌. കളംപാട്ട്‌ സര്‍പ്പകോപം ഇല്ലാതാക്കി ഐശ്വര്യം വരുത്തുന്നതിനുള്ള ചടങ്ങാണ്‌. നാഗം ഒരേ സമയം രതിയുടെയും ഉര്‍വ്വരതയുടെയും ചിഹ്നമായി പ്രത്യക്ഷപ്പെടുന്നുണ്ട്‌. സര്‍പ്പകോപം കൊണ്ട്‌ കുഞ്ഞുങ്ങളില്ലാതാകാമെന്നും ആരാധനയിലൂടെ സര്‍പ്പത്തെ പ്രീതിപ്പെടുത്തിയാല്‍ സന്താനലബ്ധി കൈവരുമെന്നും പലരും വിശ്വസിക്കുന്നു. ചില കൂട്ടായ്മകളില്‍ മരണത്തെക്കുറിച്ചുള്ള വിശ്വാസം പോലും ഉര്‍വ്വരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മരണത്തെ പുനര്‍ജ്ജീവനത്തിനുള്ള സന്ദര്‍ഭമായി കാണുന്ന എത്രയോ ചടങ്ങുകളും അനുഷ്ഠാനങ്ങളും ഇത്തരം കൂട്ടായ്മകളിലുണ്ട്‌.

കൃഷി, ദേശം, മനുഷ്യന്‍ എന്നിങ്ങനെ മൂന്നു തലങ്ങളുമായി ബന്ധപ്പെട്ടവയെന്ന്‌ ഈ ഫോക്‍ലോറുകളെ തരം തിരിക്കുമ്പോഴും അവ അതാതു തലങ്ങളില്‍ മാത്രമായി പൂര്‍ണ്ണമാകുന്നു എന്ന്‌ അതിനര്‍ത്ഥമില്ല. അവ പലപ്പോഴും ഒന്നില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ അടിപകരുന്നവയാണ്‌. ഭൂമിയുടെയും മനുഷ്യരുടെയും രതി, പ്രത്യുല്‍പാദനക്ഷമത, ദേശത്തിന്റെ സമൃദ്ധി, ഐശ്വര്യം തുടങ്ങിയവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന ബോധം ഈ ഫോക്ലോറുകളില്‍ തെളിയുന്നുണ്ട്‌. അതോടൊപ്പം തന്നെ സ്വന്തം ഐശ്വര്യം പങ്കുവെക്കപ്പെടുന്നതിലൂടെ വീണ്ടും ഐശ്വര്യവും സംതൃപ്തിയും ആഹ്ലാദവും കൈവരുമെന്ന വിശ്വാസവും ഇതില്‍ അന്തര്‍ലീനമായിട്ടുണ്ട്‌.

ഉര്‍വ്വരതാചിഹ്നങ്ങള്‍

മേല്‍ വിവരിച്ച ഉര്‍വ്വരതാ ഫോക്‍ലോറില്‍ വ്യത്യസ്തസന്ദര്‍ഭങ്ങളിലായി ഉര്‍വ്വരതയെന്ന ആശയവുമായി ബന്ധപ്പെട്ടുനില്ക്കുന്ന ഒട്ടേറെ ചിഹ്നങ്ങളെ നമുക്കുകണ്ടെത്താന്‍ കഴിയും. അന്നപൂര്‍ണ്ണേശ്വരി, ചെറുകുന്നത്തമ്മ, കോതാമൂരി, കണിക്കൊന്ന, കണിവെള്ളരി, കണി, ശ്രീകൃഷ്ണന്‍, നിറപറ, തെങ്ങിന്‍പൂക്കുല, കവുങ്ങിന്‍പൂക്കുല, ബൊക്കെ, മാരിയമ്മന്‍കുടം, ആലില, ആലിലത്താലി, പാല, പാലക്കാമോതിരം, കുരുത്തോല, കതിര്‍,വെറ്റില, നാഗം, നാഗപടത്താലി, കുലവാഴ, കലപ്പ, മുല്ലപ്പൂ, ശിവലിംഗം, ഇളംമഞ്ഞനിറം, ചുവപ്പുനിറം തുടങ്ങിയവ ഇത്തരത്തിലുള്ള ചിഹ്നങ്ങളാണ്‌. ഇതില്‍ നിറപറ, തെങ്ങിന്‍പൂക്കുല, കവുങ്ങിന്‍പൂക്കുല, ബൊക്കെ, മാരിയമ്മന്‍കുടം, കുലവാഴ, ശിവലിംഗപ്രതിഷ്ഠ തുടങ്ങിയവ സമൃദ്ധിയെയും കവിഞ്ഞൊഴുകലിനെയും (overflowing) സൂചിപ്പിക്കുന്ന ചിഹ്നങ്ങളാണ്‌. രതിയെയും രതിപ്രക്രിയയെയും സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രത്യക്ഷതലത്തിലുളള സിംബോളിസവും അവയ്ക്കുണ്ട്‌. പാലക്കാമോതിരവും സ്ത്രീ ശരീരവുമായി പ്രത്യക്ഷതലത്തില്‍ത്തന്നെ സിംബോളിസമുള്ള ഒരു ആഭരണമാണ്‌. ചന്ദനപ്പല്ലക്കില്‍ നാടുകാണാന്‍ വന്ന ഗന്ധര്‍വ്വരാജകുമാരാ.... എന്ന പഴയ സിനിമാഗാനത്തില്‍ ഒട്ടേറെ രതിബിംബങ്ങളോടൊപ്പം ഈ പാലക്കാമോതിരവും സ്ഥാനം പിടിച്ചിട്ടുണ്ട്‌.

ഉര്‍വ്വരതാസംസ്കൃതിയും ചിഹ്നങ്ങളും ആധുനികതയില്‍

ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ജീവിതത്തിനും സംസ്കാരത്തിനും ആധുനികതയുടെ കാലത്ത്‌ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. ശാസ്ത്രീയതയും അതില്‍ അടിയുറച്ച യുക്തിബോധവുമായിരുന്നു ആധുനികതയുടെ ഒരു സവിശേഷത. ഇത്‌ സ്വാഭാവികമായും കൃഷി, ആരോഗ്യം തുടങ്ങിയ മേഖലയിലും പ്രതിഫലിച്ചു. കൂടുതല്‍ ഉല്പാദനശേഷിയും പ്രതിരോധശേഷിയുമുള്ള വിത്തിനങ്ങള്‍ പ്രചാരത്തില്‍ വന്നു. ഉല്പാദനശേഷി കൂട്ടാന്‍ സഹായകമായ രാസവളങ്ങളും കീടനാശിനികളും ലഭ്യമായി. വൈകാരികാനുഭവങ്ങളില്‍നിന്നുമാറി ശാസ്ത്രീയയുക്തിയിലൂടെ ഫലഭൂയിഷ്ഠതയെ മനസ്സിലാക്കുകയും അതില്‍ ഇടപെടുകയും ചെയ്യുന്ന പുതിയൊരു സമൂഹം പിറന്നു. അതോടൊപ്പം അതിനനുസരിച്ച്‌ ശാസ്ത്രീയകൃഷിരീതിയും നിലവില്‍വന്നു. അതോടെ കൃഷിയുമായി ബന്ധപ്പെട്ട ഉര്‍വ്വരതാ ഫോക്‍ലോറുകള്‍ ദുര്‍ബ്ബലമാകാന്‍ തുടങ്ങി. മത-ജാതി-ദേശങ്ങള്‍ക്ക്‌ അതീതമായ ഒരു പൊതുമണ്ഡലം രൂപപ്പെട്ടുവരാന്‍ തുടങ്ങിയതോടെ ജാതി-മത-ദേശ സ്വത്വങ്ങളോട്‌ ബന്ധപ്പെട്ടു നിലനിന്നിരുന്ന ഉര്‍വ്വരതാഫോക്‍ലോറുകള്‍ പിന്നെയും ദുര്‍ബ്ബലമായി.

പാടത്ത്‌ കൃഷിപ്പണി ചെയ്തിരുന്ന ഒരു തൊഴിലാളി സാമുവല്‍ ആറോന്റെ മില്ലില്‍ തൊഴിലെടുത്താല്‍ കൂലി നെല്ലിനു പകരം പണമായി ലഭിച്ചിരുന്നു. ഈ പണംകൊണ്ട്‌ ആവശ്യമുള്ളതെന്തും മാര്‍ക്കറ്റില്‍നിന്നു വാങ്ങാമെന്ന സ്വാതന്ത്ര്യവും അവര്‍ക്കുണ്ടായിരുന്നു. ഇതിലൂടെ പാരമ്പര്യത്തിന്റെ സ്വത്വത്തില്‍നിന്നു മാറി ആധുനികമായ മറ്റൊരു സ്വത്വത്തിലേക്കു പ്രവേശിക്കാനും അവര്‍ക്കു സാധിച്ചു. അതുകൊണ്ട്‌ നാട്ടില്‍ ഒട്ടേറെ പുതിയ വ്യവസായങ്ങളുണ്ടാവുകയും ആളുകള്‍ ധാരാളമായി പുതിയ തൊഴില്‍മേഖലകളിലേക്കു മാറുകയും ചെയ്തു. ഇതെല്ലാം കൃഷിയും ഉര്‍വ്വരതാസംസ്കാരവും ദുര്‍ബ്ബലപ്പെടാന്‍ ഇടയാക്കി. കുടുംബാസൂത്രണവും അതിന്റെ ആശയവും ജനകീയമായതോടെ മനുഷ്യരുടെ ഉര്‍വ്വരതയെ സംബന്ധിച്ചുള്ള വിശ്വാസങ്ങള്‍ക്കും ഇളക്കം തട്ടി. ഇങ്ങനെ ഉര്‍വ്വരതാസംസ്കാരം ദുര്‍ബ്ബലമാകുമ്പോഴും അതിന്റെ നന്മകളെയും സാമൂഹികോര്‍ജ്ജത്തെയും പുതിയകാലത്തിലേക്ക്‌ സന്നിവേശിപ്പിക്കാനുള്ള ശ്രമം സാഹിത്യത്തിലൂടെയും മറ്റും സജീവമാവുകയും ചെയ്തു.

ഉര്‍വ്വരതാസങ്കല്പം സാഹിത്യത്തില്‍

ആധുനികതയുടെ അവസാനദശകങ്ങളില്‍ ഉര്‍വ്വരതാസങ്കല്പം സാഹിത്യത്തില്‍ എപ്രകാരം ഇടംനേടി എന്നറിയുന്നതിന്‌ ഇടശ്ശേരി, വൈലോപ്പിള്ളി, കടമ്മനിട്ട എന്നിവരുടെ കവിതകള്‍ തെളിവാണ്‌. വളരെ പ്രത്യക്ഷത്തില്‍ത്തന്നെ ഉര്‍വ്വതയുമായി ബന്ധമുളള ഒരു കവിതയാണ്‌ ഇടശ്ശേരിയുടെ പൂതപ്പാട്ട് അനപത്യതയുടെയും അക്രമോത്സുകരതിയുടെയും പ്രതിനിധിയായ പൂതം മാതൃത്വത്തോടേറ്റുമുട്ടി പരാജയപ്പെടുന്നു. മകരക്കൊയ്ത്ത്‌ കഴിഞ്ഞ്‌ കണ്ടമുണങ്ങിക്കിടക്കുന്ന ധാന്യസമൃദ്ധിയിലേക്ക്‌ മാതൃഭാവത്തോടെ വന്നെത്തുന്ന അതിഥിയായി ഈ പൂതത്തെ മാറ്റിയെടുക്കുകയാണ്‌ ഇടശ്ശേരി ചെയ്തത്‌.

ആധുനികതയുടെ ശാസ്ത്രബോധത്തെ വായനക്കാരിലേക്ക്‌ എത്തിക്കുന്നതിന്‌ കവിതയെ ഒരു മാധ്യമമാക്കിയ കവിയാണ്‌ വെയിലോപ്പിള്ളി. അതോടൊപ്പം പാരമ്പര്യത്തെയും അതിന്റെ നന്മകളെയും അതിന്റെ പിറകിലെ സാമൂഹികോര്‍ജ്ജത്തെയും പുതിയ രീതിയില്‍ മാറിയ കാലത്തേക്ക്‌ സന്നിവേശിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും ഏറെ ശ്രദ്ധേയമാണ്‌. �വിത്തും കൈക്കോട്ടും�, �വിഷുക്കണി�, �ജലസേചനം�, �തെങ്ങിന്‍തോപ്പില്‍� തുടങ്ങിയ ഒട്ടേറെ കവിതകളില്‍ ഉര്‍വ്വരതാ സങ്കല്‍പത്തെ പുതിയ സന്ദര്‍ഭത്തിലേക്ക്‌ വ്യാഖ്യാനിക്കാന്‍ വെയിലോപ്പിള്ളി ശ്രമിച്ചിട്ടുണ്ട്‌.

സമ്പത്തെഴുന്നള്ളും സരണിയൊരുക്കീടാന്‍
കൈവരുമാണ്ടിനു പൊന്‍കൈനീട്ടം നല്‍കാന്‍
മര്‍ത്ത്യനു കൈമുതലീ വിത്തും കൈക്കോട്ടും
നാടാം നാടെല്ലാം നന്മകള്‍ വിളയിക്കും
വിത്തും, വിഘ്നത്തില്‍ കൊത്തും കൈക്കോട്ടും
യത്നം ചെയ്യട്ടേ വിത്തും കൈക്കോട്ടും!�

എന്ന്‌ �വിത്തും കൈക്കോട്ടും� എന്ന കവിതയില്‍ അദ്ദേഹം പറയുന്നുണ്ട്‌. ഉര്‍വ്വരതയെ സാക്ഷാത്കരിക്കുന്ന വിത്തിനെയും കൈക്കോട്ടിനെയും സമൂഹത്തില്‍ വിളയുന്ന നന്മയായും അതിലേക്ക്‌ നയിക്കുന്ന ഇച്ഛാശക്തിയായും വ്യാഖ്യാനിക്കുകയാണ്‌ കവി ചെയ്തത്‌. �പ്രകൃതിയെ കീഴടക്കാതെയും സ്വയമവള്‍ക്കു കീഴടങ്ങാതെയും അവളെ സ്നേഹത്തിനാല്‍ സേവിച്ചുവശയാക്കി അരിയ സഖിയായി വരിച്ചു പാലിച്ചാല്‍ ദാമ്പത്യസുഖം പോലെ കായ്മുറ്റുമൊരു സുഖം അനുഭവിക്കാന്‍ സാധിക്കു�മെന്ന്‌ വിഷുക്കണി എന്ന കവിതയില്‍ അദ്ദേഹം പറയുന്നു. ഇതേ പേരിലുള്ള മറ്റൊരു കവിതയില്‍ ഉര്‍വ്വരതയുടെ ചിഹ്നങ്ങളെയെല്ലാം വര്‍ണ്ണിച്ചശേഷം എല്ലാ വീട്ടിലും സമൃദ്ധിയുടെ ദേവതയായി നീ വരുമോ എന്നാണ്‌ അന്നപൂര്‍ണേശ്വരിയോട്‌ അദ്ദേഹം ചോദിക്കുന്നത്‌.

വെള്ളിപോല്‍ വിളങ്ങുന്നൊ
രോട്ടുരുളിയും, കണി
വെള്ളരിക്കയും, തേങ്ങാ
മുറികള്‍ തിരികളും
കൊന്നയും പൊന്നും ചാര്‍ത്തി
ച്ചിരിക്കും മഹാലക്ഷ്മി
തന്നുടെ കണ്ണാടിയും,
ഞൊറിഞ്ഞ കരമുണ്ടും
അരി, കുങ്കുമച്ചെപ്പും
ഐശ്വര്യമഹാറാണി
ക്കരങ്ങു ചമയ്ക്കുവാ
നമ്മയ്ക്കുവശം പണ്ടേ
വീടുതോറുമേ കണി
നിരന്നിട്ടതില്‍ വിളയാടുമോ നീയെല്ലാര്‍ക്കു-
മന്നപൂര്‍ണ്ണയാം ദേവീ?�

കാര്‍ഷിക കേരളത്തിന്റെ സമൃദ്ധിയെ ആധുനിക കേരളത്തിന്റെ സമൃദ്ധിയായി വ്യാഖ്യാനിക്കുകയാണ്‌ വെയിലോപ്പിള്ളി. പ്രത്യുല്‍പാദനപരത എന്ന ആശയത്തില്‍നിന്ന്‌ ഐശ്വര്യം എന്ന ആശയത്തിലേക്ക്‌ ഉര്‍വ്വരത കൂടുതലായി അടുക്കുന്നത്‌ ഇവിടെ കാണാം. കാര്‍ഷികവൃത്തി അന്യമായിത്തുടങ്ങുന്ന ഒരു സമൂഹത്തില്‍ ഈ മാറ്റം സ്വാഭാവികമാണ്‌. �ജലസേചനം എന്ന കവിതയില്‍ തന്റെ കലപ്പകൊണ്ട്‌ കാളിന്ദീനദിയെ അമ്പാടിയിലേക്ക്‌ ചാലുകീറി നയിക്കുന്ന ബലരാമന്റെ പ്രവര്‍ത്തിയെ കവി വര്‍ണിക്കുന്നത്‌ സുരതക്രിയയുടെ പ്രതീതിയുളവാക്കുന്ന വാക്കുകള്‍ അടിപ്പടവായി വിതറിക്കൊണ്ടാണ്‌. ചാലുകീറി ഭൂമിയെ നനക്കുന്നതിനും സുരതക്രിയക്കും ചില പാരസ്പര്യങ്ങളുണ്ടെന്നും ഇതു രണ്ടും ഭൂമിയെ അല്ലെങ്കില്‍ സ്ത്രീ ശരീരത്തെ ഉര്‍വ്വവരമാക്കുന്ന പ്രക്രിയയാണെന്നും ഈ കവിത ഓര്‍മ്മിപ്പിക്കുന്നു. �തെങ്ങിന്‍തോപ്പില്‍� എന്ന കവിതയില്‍ തെങ്ങിനെ ഉര്‍വ്വരതാചിഹ്നമായി അവതരിപ്പിക്കുന്ന കവി, ശ്രീഭഗവതിയെയും ചേട്ടാഭഗവതിയെയും കുറിച്ച്‌ കാര്‍ഷികജനത വെച്ചുപുലര്‍ത്തുന്ന ചില സങ്കല്‍പങ്ങളെക്കൂടി ആവിഷ്കരിക്കുന്നുണ്ട്‌.

മകളേ, മലര്‍മാതോ-
ടരുളീതലയാഴീ:
മലനാടാമീയനി
യത്തി മംഗളമേലാന്‍
പുണ്യമാമൊരു തരു
നല്‍ക നീ, കനിവാണ്ട
കണ്ണിനാലുഴിഞ്ഞാളാ
ദ്ദേവിയെക്കണ്‍പീലിപോല്‍
കതിരോലകള്‍ നീണ്ട
കേരമുണ്ടായിന്നാട്ടില്‍
അതിരോഷമാര്‍ന്നതില്‍
ചേട്ടയാം വല്യേട്ടത്തി
നിത്യദാരിദ്ര്യം വന്നു
പോകെന്നു ശപിച്ചുപോല്‍
സത്യമായതു ഫല-
മാര്‍ന്നു തെങ്ങുകള്‍ക്കൊപ്പം!
ചേട്ടയെക്കരിന്തിരി
ക്കലത്തിലെന്നോ ഞങ്ങള്‍
വീട്ടില്‍നിന്നൊഴിച്ചാലും
കാലവര്‍ഷത്തെത്തോര്‍ത്തി
മംഗളമാതിന്‍മുന്‍പില്‍
പൂര്‍ണകുംഭമര്‍പ്പിച്ച
ഭംഗിയില്‍ പൊന്‍പൂങ്കുല
തെങ്ങുകള്‍ വിടുര്‍ത്താലും
തുംഗമാമൈശ്വരത്തില്‍
പഞ്ഞമേ ഭുജിക്കുന്ന
ഞങ്ങളെക്കാണെക്കാണെ
ത്തിരകള്‍ ചിരിക്കുന്നു?�

ശിരസ്സുയര്‍ത്തി ഫലസമൃദ്ധികളോടെ ഉയര്‍ന്നുനില്‍ക്കുന്ന തെങ്ങ്‌ മാരിയമ്മന്‍കുടംപോലെ, ബൊക്കെപോലെ കരകവിഞ്ഞൊഴുകുന്ന ബിംബമാണ്‌; മറ്റൊരു ഉര്‍വ്വരതാചിഹ്നമാണ്‌. ഈ കവിതയില്‍ അത്‌ ഒരേസമയം ഫലഭൂയിഷ്ഠതയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്‌. കാര്‍ഷികജനതയുടെ നാട്ടുജീവിതസംസ്കൃതിയില്‍ ഉര്‍വ്വരതയുമായി ബന്ധമുള്ള ഒട്ടേറെ ബിംബങ്ങളെയും ആശയങ്ങളേയും അവയ്ക്കു പിറകിലെ സാമൂഹികോര്‍ജ്ജത്തേയും വെയിലോപ്പിള്ളി ഇത്തരത്തില്‍ തന്റെ കവിതയിലേക്ക്‌ ആവാഹിച്ചിട്ടുണ്ട്‌. കടമ്മനിട്ടയുടെ കാട്ടാളന്‍, കുറത്തി, ശാന്ത തുടങ്ങിയ ഒട്ടേറെ കവിതകളും മറ്റൊരു വിധത്തില്‍ ഇതേ സ്വഭാവം പുലര്‍ത്തുന്നുണ്ട്‌. ഒരു ഗ്രാമം മുഴുവന്‍, ദേശവും സമൂഹവും മുഴുവന്‍ ഊഷരമായിപ്പോയ ഒരു കാലത്താണ്‌ ശാന്ത എഴുതപ്പെട്ടത്‌. ശാന്തയില്‍ കാമുകിയും ഭാര്യയും അമ്മയും ദേവിയും തിരിച്ചറിവുള്ള സ്ത്രീത്വവുമെല്ലാം ഉണ്ട്‌. അവളുടെ ഉണര്‍ച്ച, ബന്ധങ്ങള്‍പോലും സൃഷ്ടിപരമല്ലാതായി തരിശുപടര്‍ന്ന ഊഷരലോകത്തെ ഉര്‍വ്വരമാക്കിത്തീര്‍ക്കുന്നതാണ്‌ ശാന്തയില്‍ നാം കാണുന്നത്‌.

കുറത്തിക്കും കാളിക്കും ആദിമാതാവിനോടും പടേനിയിലെ യക്ഷിയോടും ചില ചാര്‍ച്ചകളുണ്ട്‌. ഇവരെല്ലാം ഒരു തരത്തില്‍ ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ദേവതകളാണ്‌. ഉര്‍വ്വരതാ ദേവതമാര്‍ പൊതുവെ ശാന്തിരൂപികളാണ്‌. എന്നാല്‍ കാളിയേയും യക്ഷിയേയും പോലെ ചിലരെങ്കിലും അങ്ങനെയല്ല. ഉഗ്രരൂപികളായ ഇവര്‍ വാസ്തവത്തില്‍ ഒരുതരത്തിലും ഉര്‍വ്വരതാസങ്കല്‍പത്തിനു നേര്‍വിരുദ്ധമായ സങ്കല്‍പങ്ങളിലുള്ളവരല്ല. ജീവിതത്തിന്റെ പ്രത്യുല്‍പാദനക്ഷമതയ്ക്കും ഐശ്വര്യത്തിനും എവിടെയൊക്കെ ഭംഗമുണ്ടാകുന്നുവോ അവിടെയൊക്കെ ഇടപെട്ട്‌, വിഘ്നങ്ങളെ നശിപ്പിച്ച്‌ ജീവിതത്തിന്റെ അനുസ്യൂതത നിലനിര്‍ത്തുന്ന ഉര്‍വ്വരതാ ദേവതമാരാണിവര്‍. കാട്ടാളനില്‍ കാളി എങ്ങനെ ഉര്‍വ്വരതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ പ്രത്യക്ഷത്തില്‍ത്തന്നെ നമുക്ക്‌ കാണാന്‍ കഴിയും.

കാളീ, കാളിമയാര്‍ന്നോളേ, യെന്‍
കാമം തീര്‍ക്കാനുണരൂ
പച്ചമണക്കും നിന്‍തനു പുല്‍കാന്‍
കച്ചയഴിച്ചു കളിക്കാന്‍
നിന്റെ കരിന്തുടയില്‍ ജീവിത-
ഗന്ധം തൂകി നനയ്ക്കാന്‍
നിര്‍ദ്ദയ നൃത്ത വിലാസത്താലെന്‍
ശക്തിയൊഴിച്ചു നിറയ്ക്കാന്‍
ഉല്‍ക്കടമോഹമൊരുക്കിയ മണ്ണില്‍
വിത്തുവിതച്ചു വളര്‍ത്താന്‍
വിത്തിന്നുള്ളില്‍ പുതുമുളയായെന്‍
സ്വത്വം കാട്ടി ജയിക്കാന്‍
കത്തും കാമമെരിക്കുന്നെന്നെ
ഉണരുണരൂ നീ പെണ്ണേ ---
--------------------
എന്റെ കരിന്തൊലിയൂറയ്ക്കിട്ടതെ-
ടുത്തുപുതച്ചൊരു തപ്പും
എന്റെ വിരല്‍ത്തുമ്പൊപ്പിയെടുത്തു
തുടച്ചു മിനുക്കിയ പാട്ടും
കൊട്ടിപ്പാടി വിളിക്കുന്നൂ ഞാന്‍
കെട്ടിപ്പുണരു കരിങ്കാളീ,
ഞെക്കിപ്പിഴിയൂ കരിങ്കാളീ ! �

പീഡനങ്ങളും അസമത്വങ്ങളും നിറഞ്ഞ്‌ കൂടുതല്‍ വന്യവും ആസുരവുമായിത്തീര്‍ന്ന ഒരു ലോകത്ത്‌ ഉഗ്രരൂപിയായ ഉര്‍വ്വരതാ ദേവതയെത്തന്നെയാണ്‌ നമുക്കാവശ്യമായിട്ടുള്ളതെന്ന തിരിച്ചറിവ്‌ ഈ കവിതകളിലുണ്ട്‌. കട്ടിയായി ഉറച്ചുപോയ ഈ നിസ്സംഗതയെ ഭേദിക്കാന്‍ അവള്‍ക്കുമാത്രമേ സാധിക്കുകയുള്ളൂ. �കള്ളുനിറച്ച കുടങ്ങള്‍ തുളുമ്പും കള്ളീ നിന്നുടെ മാറില്‍� എന്ന്‌ കടമ്മനിട്ട എഴുതുമ്പോഴും കള്ളിനെപ്പറ്റി വെയിലോപ്പിള്ളി എഴുതുമ്പോഴും ഗ്രീക്കിലെ മുന്തിരിയുടെ ദേവനായ ഡയൊണീഷ്യസ്‌ വീഞ്ഞിനെപ്പറ്റി പറയുമ്പോഴും ജനസമൂഹത്തിന്റെ ഉര്‍വ്വരതാ സങ്കല്‍പം ജീവിതത്തിന്റെ ചാറും ലഹരിയുമായി പരിണമിക്കുന്ന കാഴ്ചയാണ്‌ അനാവൃതമാകുന്നത്‌. അതിലേറെ, ഒരു പാരമ്പര്യത്തിന്റെ ഉര്‍വ്വരതാ സങ്കല്‍പങ്ങളെ എങ്ങനെ ഒരു വരണ്ട കാലഘട്ടത്തിന്റെ സാമൂഹികോര്‍ജ്ജവും രാഷ്ട്രീയോര്‍ജ്ജവുമാക്കി മാറ്റാമെന്നാണ്‌ കടമ്മനിട്ടക്കവിതകള്‍ നമ്മോടു പറയുന്നത്‌.

ആധുനികാനന്തര സമൂഹവും ഉര്‍വ്വരതാസങ്കല്‍പങ്ങളും

ആധുനികത പടുത്തുയര്‍ത്തിയ ശാസ്ത്രബോധവും യുക്തിയുമെല്ലാം സംശയിക്കപ്പെടുകയും ചോദ്യംചെയ്യപ്പെടുകയും ചെയ്തു എന്നുള്ളതാണ്‌ ഇക്കാലത്തിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത. അതിന്റേതായ ഒട്ടേറെ വൈരുദ്ധ്യങ്ങളും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്‌. രണ്ടാം ഭൂപരിഷ്കരണം അപ്രസക്തമാണെന്നും ഇനിയുള്ള നമ്മുടെ വികസനപാത ഐ.ടി.യുടെയും വ്യവസായത്തിന്റേതുമാണെന്നും അവര്‍ക്കുവേണ്ടുന്ന സെസ്സുകളാണ്‌ ഇനി ആവശ്യമെന്നും ഒരു ഭാഗം പറയുന്നു. അതു പറയുമ്പോള്‍ത്തന്നെയാണ്‌ ചെങ്ങറയുള്‍പ്പെടെ പല സ്ഥലങ്ങളിലും ആദിവാസികളടക്കമുള്ളവരുടെ ഭൂമിക്കുവേണ്ടിയുള്ള സമരവും നടക്കുന്നത്‌. ഉര്‍വ്വരതയുടെയും, ഊഷരതയുടെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മില്‍ പ്രവചനാതീതവും പ്രച്ഛന്നവുമായ ഏറ്റുമുട്ടലുകള്‍ നടന്നുകൊണ്ടിരിക്കുന്നു. കൃഷി ഏതാണ്ട്‌ അന്യമാവുകയും കര്‍ഷകസമൂഹം ഏറക്കുറെ ഉപഭോക്തൃസമൂഹമായി മാറുകയും ചെയ്തിരിക്കുന്നു. വിശാലമായി പരന്നുകിടന്നിരുന്ന കൃഷിപ്പാടങ്ങള്‍ക്കു പകരം നെടുങ്കന്‍മാളുകളും മാര്‍ക്കറ്റുകളും നാടാകെ തലയുയര്‍ത്തി നില്‍ക്കുന്നു. സുസംഘടിതമായ പുത്തന്‍ മാധ്യമങ്ങളും മാധ്യമ ശൃംഖലയും മാര്‍ക്കറ്റിന്റെ കണ്ണും കാതുമായി ഒരു സമൂഹത്തെയും അതിന്റെ ബോധത്തെയും ആകെ ഗ്രസിച്ചു നില്‍ക്കുന്നു.
വര്‍ത്തമാനകാലത്തെക്കുറിച്ചുള്ള ഇത്തരമൊരു തിരിച്ചറിവ്‌ ആധുനികത തിരസ്കരിച്ച ജീവിതാവിഷ്കാരങ്ങളെക്കുറിച്ച്‌ ചരിത്രപരമായ അന്വേഷണത്തിനും അവയുടെ വീണ്ടെടുപ്പിനുമുള്ള പ്രേരണയായിത്തീര്‍ന്നു. പാരമ്പര്യത്തിന്റെ നന്മകളെക്കുറിച്ചും കാര്‍ഷികസംസ്കൃതിയുടെ അറിവുകളെക്കുറിച്ചും ധാര്‍മ്മികതയേയും മൂല്യങ്ങളേയും കുറിച്ചും പൊതുധാരയുടെ ഓരങ്ങളിലേയ്ക്കു മേറ്റീവ്ച്ചവയെക്കുറിച്ചുമുള്ള അന്വേഷണങ്ങള്‍ക്ക്‌ പ്രസക്തി കൈവരുന്നു. ആഗോളകമായി ചിന്തിക്കാനും പ്രാദേശികമായി ജീവിക്കാനുമുള്ള മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെക്കപ്പെടുന്നു.

ഈ തിരിച്ചറിവിനും ഉണര്‍ച്ചയ്ക്കുമനുസ്സമരിച്ച്‌ മുതലാളിത്തവും മാര്‍ക്കറ്റുകളും സ്വയം പുനഃസംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്‌ ഇക്കാലത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. ആഗോളകമായി ഉല്‍പാദിപ്പിക്കപ്പെടുന്നവ പ്രാദേശികമായ രുചിഭേദങ്ങളോടെയും പ്രാദേശിക സംസ്കാരത്തിന്റെ കൈയ്യൊപ്പോടെയും പ്രചാരം നേടുന്നത്‌ ഈ പുനഃസംഘടനയുടെ തെളിവാണ്‌. ഒരേ ഫോര്‍മുലയിലുണ്ടാക്കുന്ന സോപ്പ്‌ വേപ്പും തുളസിയും മഞ്ഞളും അങ്ങനെ പലതുമായി മാറാം. ഒരേ പാനീയം ഇളനീരും മാങ്ങയും നന്നാറിയുമൊക്കെയാവാം. പ്രാദേശിക മിത്തോളജിയിലെ കടമറ്റത്തച്ചനും കുട്ടിച്ചാത്തനും കൊച്ചുണ്ണിയുമെല്ലാം സാങ്കേതികവിദ്യാലോകത്തിലെ പുതിയ ദൃശ്യാനുഭവങ്ങളായി പരാവര്‍ത്തനം ചെയ്യപ്പെടാം. ഇത്തരം പറിച്ചുനടീലിനു പുതിയ സ്പോണ്‍സര്‍മാരും ഉണ്ടായിത്തീരുന്നു. പഴയ ഗ്രാമച്ചന്തകള്‍ മഹാവിപണനമേളകളായും കാര്‍ണിവെലുകളായും ടൂറിസം മേളകളായും പരാവര്‍ത്തനം ചെയ്യപ്പെടുന്നു. അമേരിക്കന്‍ ഫോക്ലോറിലെ അക്കാദമിക്‌ പണ്ഡിതന്മാര്‍ ഇതിനെ പബ്ലിക്‌ ഫോക്ക്‍ലോര്‍ എന്ന പേരില്‍ സ്പോണ്‍സര്‍ ചെയ്യുന്നു.
സംസ്കാര-സാമൂഹ്യശാസ്ത്രപഠനമേഖലയില്‍ പൊതുമണ്ഡലം എന്ന ആശയം മുന്നോട്ടുവെച്ചത്‌ ഹേബര്‍മാസ്സാണ്‌. ആധുനികതയുടെ കാലത്ത്‌ വര്‍ണ-വര്‍ഗ-ലിംഗ വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യന്റെ വ്യക്തിസത്തയെ തിരിച്ചറിയുകയും വ്യക്തിസംഘാതമെന്ന നിലയില്‍ ഒരു പൊതുസമൂഹം രൂപപ്പെടുകയും ചെയ്തതിനെ വിശദീകരിക്കാനാണ്‌ ഹേബര്‍മാസ്സ്‌ പൊതുമണ്ഡലം എന്ന ആശയം പ്രയോഗിച്ചത്‌ . എന്നാല്‍ മാര്‍ക്കറ്റുകള്‍ മുഴുക്കെ നമ്മോടുപറഞ്ഞുകൊണ്ടിരിക്കുന്നത്‌ നമ്മുടെ വ്യക്തിസത്തയെക്കുറിച്ചു തന്നെയാണ്‌. ആധുനികതയുടെ കാലത്ത്‌ രൂപപ്പെട്ട പൊതുമണ്ഡലത്തില്‍ മനുഷ്യസ്വാതന്ത്ര്യത്തിന്റെ അഥവാ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പുണ്ടായിരുന്നു. വ്യക്തി സത്തയെ ആവിഷ്കരിക്കാന്‍ ചര്‍ക്കയിലൂടെ നൂല്‍നൂല്‍ക്കാനാണ്‌ ഗാന്ധിജി പണ്ട്‌ നമ്മോടു പറഞ്ഞത്‌. ഇന്ന്‌ വിപണി പറയുന്നത്‌ ജോണ്‍്സണ്‍ കമ്പനിയുടെ ടെയില്‍ പതിച്ചും പാര്‍ക്ക്‌ അവന്യു കമ്പനിയുടെ സ്യൂട്ട്‌ ധരിച്ചും വ്യക്തിസത്തയെ ആവിഷ്കരിക്കാനാണ്‌. നിങ്ങളുടെ വ്യക്തിസത്തയെ അക്രാമകമായി മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പിക്കാനും വിപണിയുടെ ഉല്‍പന്നങ്ങള്‍ സ്വീകരിപ്പിക്കാനും പുത്തന്‍ ബാങ്കിംഗ്‌ മേഖലകളിലേക്ക്‌ അയാളെ ആനയിപ്പിക്കാനും നിങ്ങള്‍ക്കുതരുന്നകലാപരമായ ശിക്ഷണത്തിന്റെ ഓമനപ്പേരാണിന്ന്‌ വ്യക്തിത്വവികസനം. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ വിപണി കൈയ്യടക്കുന്ന സന്ദര്‍ഭത്തിലാണ്‌ നാം പൊതുമണ്ഡലഫോക്ലോറിനെക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നത്‌. ഒരു ജനതയുടെ ജീവിതത്തോടും ചരിത്രത്തോടും തൊട്ടുനില്‍ക്കുന്ന സ്വാതന്ത്ര്യാവിഷ്കാരങ്ങളെ മാര്‍ക്കറ്റിനു കൂട്ടിക്കൊടുക്കുകയും അവരുടെ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കുകയും ചെയ്യുന്നതിനുള്ള അക്കാദമിക്‌ തിട്ടൂരങ്ങള്‍ കൂടിയാണ്‌ ഇത്തരം സങ്കല്‍പനങ്ങള്‍.

മനുഷ്യരുടെ ചില അടിസ്ഥാനപ്രശ്നങ്ങളും ഭാവങ്ങളും എല്ലാക്കാലത്തും ഒന്നുതന്നെയാണ്‌. അതുമായി ബന്ധപ്പെട്ടുകൊണ്ടുണ്ടാകുന്ന ഉത്കണ്ഠകളും അപ്രകാരം തന്നെ. അതിലൊന്നാണ്‌ ഉര്‍വ്വരത സംബന്ധിച്ചുള്ള ആശയങ്ങളും അവയ്ക്കു നിദാനമായ അടിസ്ഥാന പ്രശ്നങ്ങളും. ഇതിനെ കൂടുതല്‍ പ്രസക്തമാക്കി മാറ്റുകയും വിപണിതാത്പര്യത്തിനനുസരിച്ച്‌ വ്യാഖ്യാനിക്കുകയുമാണ്‌ വിപണിയും മാധ്യമങ്ങളും ചെയ്യുന്നത്‌. ജീവിതത്തിന്റെ സമൃദ്ധിയെ അഥവാ പൊലിമയെക്കുറിച്ചുള്ള ഉത്കണ്ഠ എല്ലാക്കാലത്തും മനുഷ്യനുണ്ട്‌. കാര്‍ഷികജീവിതത്തില്‍ അത്‌ പ്രത്യുത്പന്നപരതയാണെങ്കില്‍ ഉപഭോഗസമൂഹത്തില്‍ അത്‌ മാര്‍ക്കറ്റിന്റെ ലഭ്യതയും ഉപഭോക്താവിന്റെ ക്രയശേഷിയുമാണ്‌. അത്തരത്തിലൊരു ഉര്‍വ്വരതാസങ്കല്‍പത്തെയും അത്തരം ആചാരവിശ്വാസങ്ങളേയും ചിഹ്നങ്ങളേയും പ്രചാരത്തില്‍ വരുത്തുവാന്‍ കമ്പോള-മാധ്യമസംസ്കാരത്തിനു സാധിച്ചിട്ടുണ്ട്‌.

ഓണം, വിഷു തുടങ്ങിയ കാര്‍ഷികോത്സവങ്ങള്‍ ഇന്ന്‌ വിപണിയുടെ വസന്തകാലമാണ്‌. ഇതോടനുബന്ധിച്ചുള്ള എല്ലാ വിപണനമേളകളുടെയും പിന്നില്‍ ഉര്‍വ്വരത/ സമൃദ്ധി എന്ന ആശയത്തെ വളരെ സമര്‍ദ്ധമായി പ്രയോജനപ്പെടുത്തുന്നുണ്ട്‌. അത്തപ്പൂക്കളില്‍ ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്ന ഒരു പൂവാണ്‌ പൂമാര്‍ക്കറ്റില്‍നിന്നും വാങ്ങുന്ന ഇളം മഞ്ഞ ജമന്തി. ഇതിന്‌ കോടിവസ്ത്രത്തിന്റെ നിറമാണെന്നും ഇത്‌ പുതുമയുടെയും സമൃദ്ധിയുടെയും പ്രതീകമാണെന്നുമുള്ള കേരളസര്‍വ്വകലാശാലാ കാമ്പസിലെ വിദ്യാര്‍ത്ഥിയുടെ വ്യാഖ്യാനം ഈ മാറ്റത്തെ സൂചിപ്പിക്കുന്നു. കണിക്കൊന്നയും കണിയും പൂക്കുലയും പൂക്കളവും കതിരുമെല്ലാം ഇന്ന്‌ വിപണിയുടെയും ജീവിതത്തിന്റെയും സമൃദ്ധിയെ കുറിക്കുന്ന പ്രതീകങ്ങളും ആ നിലയ്ക്ക്‌ ഏറ്റവും ഫലപ്രദമായ പരസ്യബിംബങ്ങളുമാണ്‌.

സ്വന്തം പാരമ്പര്യത്തില്‍ നിന്നുള്ള ഫോക്‍ലോറുകള്‍ മാത്രമല്ല മറ്റുപാരമ്പര്യങ്ങളില്‍ നിന്നുള്ള ഫോക്ലോറുകള്‍ കൂടി ഇത്തരത്തില്‍ പ്രയോഗിക്കുന്നുണ്ട്‌. കാലം, ദേശം, ചരിത്രം, സാംസ്കാരിക ചുറ്റുപാട്‌ എന്നിവയില്‍ നിന്നെല്ലാം മുക്തമാക്കിയെടുത്ത ഫോക്‍ലോര്‍ പ്രയോഗങ്ങളാണ്‌ പബ്ലിക്‌ ഫോക്‍ലോര്‍ ലക്ഷ്യമിടുന്നത്‌. അത്തരത്തിലൊന്നാണ്‌ കേരളത്തിലെ ജ്വല്ലറിമുതലാളിമാര്‍ കേരളീയസമൂഹത്തില്‍ പ്രചരിപ്പിക്കുന്ന അക്ഷയതൃതീയ. ചില ഉത്തരേന്ത്യന്‍ പാരമ്പര്യങ്ങളില്‍ അവരുടെ വിശ്വാസത്തിന്റെ ഭാഗമായുള്ള ആഘോഷമാണ്‌ അക്ഷയതൃതീയ. പാണ്ഡവരുടെ വനവാസകാലത്ത്‌ സൂര്യഭഗവാനെ പ്രാര്‍ത്ഥിച്ച പാഞ്ചാലിക്ക്‌ അക്ഷയപാത്രം വരമായി ലഭിച്ചത്‌ വൈശാഖത്തിലെ തൃതീയദിവസമാണെന്ന്‌ കരുതപ്പെടുന്നു. അന്നേദിവസം എന്ത്‌ ദാനംചെയ്താലും നേരിട്ട്‌ വിഷ്ണുപദപ്രാപ്തിയുണ്ടാകുമെന്നും പിതൃമോക്ഷത്തിന്‌ ഉത്തമമാണെന്നും വിശ്വാസമുണ്ട്‌. അതേപോലെ അന്നേദിവസം എന്തുവാങ്ങിയാലും ഐശ്വര്യമുണ്ടാകുമെന്നും കരുതപ്പെടുന്നു. തങ്ങളെ വിശ്വസിച്ച്‌ കാട്ടിലേയ്ക്കിറങ്ങിപ്പോന്ന ബ്രാഹ്മണരേയും മഹര്‍ഷിമാരെയും എങ്ങനെ ഊട്ടുമെന്ന ദുഃഖമാണ്‌ പാഞ്ചാലിയുടെ തപസ്സിനുകാരണം. അക്ഷയപാത്രം നല്‍കുന്ന വിഭവങ്ങളെ മറ്റുള്ളവര്‍ക്കു ദാനംചെയ്യുന്നതും അതുവഴി ആത്മസംതൃപ്തി നേടുന്നതുമാണ്‌ അക്ഷയപാത്ര സ്വീകരണത്തിന്റെ അടിസ്ഥാനം. ഇത്തരം വിശ്വാസങ്ങളേയും മൂല്യങ്ങളേയും ചോര്‍ത്തിക്കളഞ്ഞ്‌ അന്നേദിവസം ആഭരണങ്ങള്‍ വാങ്ങുന്നത്‌ ഐശ്വര്യം വര്‍ദ്ധിപ്പിക്കുമെന്ന്‌ പ്രചരിപ്പിച്ച്‌ കച്ചവടം കൊഴുപ്പിക്കുകയാണ്‌ വിപണിയും മാധ്യമവും ചെയ്യുന്നത്‌.
വിപണിയിലും മാധ്യമങ്ങളിലും ഇത്തരത്തില്‍ നിരവധി ഉര്‍വ്വരതാ ചിഹ്നങ്ങള്‍ ഇന്ന്‌ പ്രത്യക്ഷപ്പെടുന്നുണ്ട്‌. ആഭരണങ്ങളുടെ കൂട്ടത്തില്‍ ആലിലത്താലിയും നാഗപടത്താലിയും പാലക്കാമോതിരവും മംഗളമാണെന്ന സന്ദേശത്തോട പ്രചരിപ്പിക്കപ്പെടുമ്പോള്‍ ഉര്‍വ്വരതാചിഹ്നങ്ങള്‍ എന്ന നിലയ്ക്കുള്ള അവയുടെ പ്രതീകാത്മക മൂല്യമാണ്‌ വിറ്റഴിക്കപ്പെടുന്നത്‌. സര്‍പ്പമുദ്രയോടെ വരുന്ന, നെറ്റിയില്‍ തൊടാനുള്ള പൊട്ട്‌, കൈയില്‍ ധരിക്കുന്ന വള, ഉടുപ്പിലും ദേഹത്തും അടയാളപ്പെടുത്തുന്ന ഡ്രാഗണുകള്‍ ഇവയെല്ലാം നമുക്ക്‌ സംവേദനീയവും സ്വീകാര്യവും ആയിത്തീരുന്നതിനു പിറകില്‍ അവയ്ക്ക്‌ ഉര്‍വ്വരതയോടുള്ള ബന്ധവും പ്രധാനമാണ്‌.

കാര്‍ഷികസംസ്കൃതിയുടെ ഉര്‍വ്വരതാചിഹ്നങ്ങള്‍ മതചിഹ്നങ്ങളായി സ്വാംശീകരിക്കപ്പെടുമ്പോഴും ഏതാണ്ടിതേതരത്തിലുള്ള സ്വഭാവം കാണാന്‍ കഴിയും. തിരുവനന്തപുരം നഗരത്തില്‍ 8 സെപ്റ്റംബറിലെ കൃഷ്ണാഷ്ടമി ദിവസം ബലഗോകുലം നടത്തിയ ഘോഷയാത്രയില്‍ ഏറ്റവും മുമ്പില്‍ ഒരു ശ്രീകൃഷ്ണ പ്രതിമയോടൊപ്പം നിറച്ചുവെച്ച പറയില്‍ കുത്തിനിര്‍ത്തിയ തെങ്ങിന്‍ പൂക്കുല കൂടിയാണ്‌ എഴുന്നള്ളിച്ചത്‌. പ്രാദേശികവും കാര്‍ഷികവുമായ സംസ്കാരത്തിലെ ഉര്‍വ്വരതാചിഹ്നങ്ങളെ പാന്‍-ഇന്ത്യനായ ഹിന്ദുമത സംസ്കാരത്തിന്റെ ഭാഗമായി സ്വാംശീകരിക്കുകയാണിവിടെ നടക്കുന്നത്‌. ഇത്‌ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആകാം. ഒരു ഉര്‍വ്വരതാ ഫോക്‍ലോറിന്റെ ബാഹ്യരൂപത്തെ മാത്രം സ്വീകരിക്കുകയും അതിന്റെ പിറകിലെ ദേശ-ചരിത്ര-സാംസ്കാരിക സന്ദര്‍ഭങ്ങളേയും സാമൂഹ്യവും ആത്മീയവുമായ ഊര്‍ജ്ജത്തെയും വിട്ടുകളയുകയുമാണ്‌ വിപണിയെപ്പോലെ മതവും ചെയ്യുന്നത്‌.

പ്രാദേശികതയെ ദേശീയത വിഴുങ്ങുക, തൊഴില്‍-ജാതി സ്വത്വങ്ങളെ മതം വിഴുങ്ങുക എന്നുള്ളത്‌ മതത്തിനും മതരാഷ്ട്രീയത്തിനും പൊതുവെ സമ്മതമായ കാര്യങ്ങളാണ്‌. വിപണി കൂടുതല്‍ വിശാലമായ ഏകബോധമുള്ള സമൂഹത്തെയാണ്‌ എപ്പോഴും ലക്ഷ്യമിടുന്നത്‌ എന്നതിനാല്‍ ഇത്‌ അവര്‍ക്കും പ്രീതിയും സ്വീകാര്യതയുമുള്ള ഒരു മാറ്റം തന്നെ. ചരിത്രത്തേയും കര്‍ത്തൃത്വത്തെയും സൂചിപ്പിക്കുന്ന അടയാളങ്ങളൊന്നും ഇത്തരം ചിഹ്നങ്ങളില്‍ ഉണ്ടാകരുതെന്ന കാര്യത്തില്‍ രണ്ടുകൂട്ടരും യോജിക്കുന്നു. ഒരുപിടി നല്‍ക്കതിര്‍ ഒരു ബാങ്കിന്റെ പരസ്യത്തില്‍ വേണമെങ്കില്‍ ഉര്‍വ്വരത/ സമൃദ്ധി എന്ന ആശയമായി പ്രത്യക്ഷപ്പെടാം. എന്നാല്‍ ഒരുപിടി നെല്‍ക്കതിരും അരിവാളേന്തിയ കൈയ്യും പ്രതിസംസ്കാരബോധം സൃഷ്ടിക്കുന്ന ഒരു പുസ്തകപ്രസാധക സംഘത്തിന്റെ എംബ്ലമായേ വരാന്‍ സാധ്യതയുള്ളൂ. രണ്ടാമതു പറഞ്ഞ ചിഹ്നത്തിനു പിറകില്‍ ഒരു തൊഴിലാളിയുടെ കര്‍ത്തൃത്വത്തിന്റെയോ സ്വത്വത്തിന്റെയോ ചരിത്രത്തിന്റെയോ സൂചനകളുണ്ടെന്നതിനാലാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ഒട്ടേറെ ഫോക്‍ലോര്‍ രൂപങ്ങള്‍ ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌. വിപണി ഇവയ്ക്ക്‌ ആവശ്യവും, ലഭ്യതയും, ശേഖരണവിതരണ കേന്ദ്രങ്ങളും ഉപയോഗമൂല്യവും വിനിമയമൂല്യവും സൃഷ്ടിച്ചിട്ടുണ്ട്‌. കൂട്ടായ്മജീവിതവും സംസ്കാരവും ഇവയ്ക്കു കല്‍പിച്ചിട്ടുള്ള പാരമ്പര്യമൂല്യം അഥവാ വൈകാരിക മൂല്യം കൂടി ഉപയോഗിച്ചാണ്‌ ഇവയുടെ വിപണനം നടക്കുന്നത്‌. വിപണി അവയ്ക്കു സൃഷ്ടിച്ചിരിക്കുന്ന മറ്റെല്ലാ മൂല്യങ്ങളും കൂട്ടായ്മയുടെ വൈകാരികമൂല്യത്തിനു നേര്‍വിരുദ്ധമാണ്‌.

ഉര്‍വ്വരതാചിഹ്നങ്ങള്‍ക്ക്‌ കൂട്ടായ്മ നല്‍കുന്ന വൈകാരികമൂല്യം ഒരു പാരമ്പര്യത്തിന്റെ ലോകവീക്ഷണവുമായിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു. കാര്‍ഷികകൂട്ടായ്മയുടെ ലോകവീക്ഷണത്തില്‍ ഭൂമി, സ്ത്രീശരീരം, വിള, സൃഷ്ടി, രതി, ഐശ്വര്യം, പരസ്പരമുള്ള പങ്കുവെക്കല്‍, അതിന്റെ സംതൃപ്തി, തുടങ്ങിയവയെല്ലാം പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്ന ആശയങ്ങളാണ്‌. വിപണിയുടെ സംസ്കാരത്തില്‍ ഉര്‍വ്വരത = ഐശ്വര്യം = വിലകൊടുത്തു വാങ്ങിക്കൂട്ടുക എന്ന തരത്തിലുള്ള ഒരു ലോകവീക്ഷണമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. പണവും ഉപഭോക്താവിന്റെ സുഖവുമാണ്‌ ഇവിടെ പ്രധാനം. ഈ സുഖമാവട്ടെ ഒരിക്കലും ശരീരം, വ്യക്തി, കുടുംബം എന്നീ പരിമിത വൃത്തത്തിനപ്പുറം പോകാറില്ല. ഇതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത്‌ ശരീരത്തിന്റെ സുഖം തന്നെ. ഉല്‍പന്നങ്ങളെ നിരന്തരം നവീകരിച്ചുകൊണ്ടും വൈവിധ്യവല്‍ക്കരിച്ചുകൊണ്ടും സ്ഥിരവും വിപുലവുമായ സാധ്യതകളാണ്‌ വിപണി പരീക്ഷിക്കുന്നത്‌. ഉപഭോക്താവിന്റെ അസംതൃപ്തിയെ മുതലെടുത്തുകൊണ്ടാണ്‌ ഇവിടെ വിപണി മുന്നോട്ടുപോകുന്നത്‌. കൂടുതല്‍ കൂടുതല്‍ സുഖം, കൂടുതല്‍ അസംതൃപ്തി, പുതിയ ഉല്‍പന്നം എന്ന തരത്തിലുള്ള ഒരു സ്വഭാവം കൂടി ഇതിനുണ്ട്‌. ഇത്‌ വിപണി കേന്ദൃത ബന്ധങ്ങളില്‍ മാത്രമല്ല, അതിനുപുറത്തുള്ള മനുഷ്യബന്ധങ്ങളിലും രതി പോലുള്ള വികാരങ്ങളിലുമെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്‌ വര്‍ത്തമാനകാല അനുഭവം. എല്ലാ വ്യവസ്ഥയും സംസ്കാരവും ആത്യന്തികമായ ചില ലോകവീക്ഷണങ്ങളെക്കൂടി ഉല്‍പാദിപ്പിക്കുന്നുണ്ട്‌. കേരളീയ കാര്‍ഷികകൂട്ടായ്മകളുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ഉദ്ഗ്രഥിതസ്വഭാവവും സവിശേഷ ലോകവീക്ഷണത്തില്‍ ഊന്നിക്കൊണ്ടുള്ള അതിസൂക്ഷ്മമായ പ്രവര്‍ത്തനവുമാണ്‌ ഇവിടെ വ്യക്തമാകുന്നത്‌. അതേ ഉര്‍വ്വരതാ ചിഹ്നങ്ങള്‍ വിപണിയുടെ സംസ്കാരത്തിലേയ്ക്കും ലോകവീക്ഷണത്തിലേയ്ക്കും വരുമ്പോള്‍ എങ്ങനെയാണ്‌ വിപണിയോടൊപ്പം നിന്ന്‌ പുതിയ മൂല്യങ്ങളേയും പുതിയ ലോകവീക്ഷണത്തെയും പുനരുല്‍പാദിപ്പിക്കുന്നതെന്നും ഇതിലൂടെ വ്യക്തമാകുന്നു.

ആവേദകസൂചി

� ഗോവിന്ദവര്‍മ്മരാജ ഇ.കെ., ലക്ചറര്‍, ഫോക്‍ലോര്‍ സ്റ്റഡീസ്‌, കാലിക്കറ്റ്‌ സര്‍വ്വകലാശാല
� രാഘവന്‍ പയ്യനാട്‌, പ്രൊഫസര്‍, ഫോക്‍ലോര്‍ സ്റ്റഡീസ്‌, കാലിക്കറ്റ്‌ സര്‍വ്വകലാശാല
� ശാന്തകുമാരി.പി., പുതിയതെരു, കണ്ണൂര്‍.

Subscribe Tharjani |