തര്‍ജ്ജനി

നമിത.എ.പി.

അമ്പലപുത്തൂര്‍ ,അവിടനെല്ലൂര്‍ , കോഴിക്കോട് ജില്ല.

Visit Home Page ...

കഥ

കാത്തിരുന്ന വിരാമചിഹ്നങ്ങള്‍ക്ക് പറയാനുള്ളത്

‘രാവുറങ്ങാത്ത നഗരം’. രാത്രിയെയായിരുന്നു ഏറ്റവുമധികം പ്രണയിച്ചിരുന്നത്. ഉണര്‍ത്തിക്കൊണ്ടിരിക്കുകയും ഉറക്കാതിരിക്കുകയും ചെയ്യുന്ന രാത്രിയെ എന്തിനവള്‍ പ്രണയിക്കുന്നു? അയ്യോ, തെറ്റി. രാത്രിയല്ല, ‘രജനി’. അങ്ങനെയേ അവളെ വിളിക്കാവൂ. രജനിയോ രജനികാന്തോ സ്പോണ്‍സര്‍ ചെയ്തിട്ടൊന്നുമല്ല, അതങ്ങനാ. (സ്പോണ്‍സര്‍ഷിപ്പ് തര്‍ക്കം തുടരുന്നു)

സുഖനിദ്ര കിടക്കകള്‍ സ്പോണ്‍സര്‍ ചെയ്തിട്ടുള്ള രാവുറങ്ങാത്ത നഗരത്തിന്റെ ഉറക്കം ‘ആമയും മുയലും’ കൊതുകുതിരിയുടെയും ‘ഓവുചാല്‍ ‍’ കൊതുകു നേഴ്സുമാരുടെയും സമ്മിശ്രപരിചരണത്തില്‍ ഉറങ്ങുകയും ഉറങ്ങാതിരിക്കുകയും ചെയ്തു.

ഒടുങ്ങാത്ത കലമ്പലുകളിലൂടെ നഗരവീഥി ഒരു സുനാമി പോലെ ഇരമ്പിക്കൊണ്ടിരുന്നു. (ദിസ് ഈസ് സ്പോണ്‍സേര്‍ഡ് ബൈ ഡിഫറന്റ് മോട്ടോര്‍ കമ്പനീസ്) ഈ കലമ്പലും ഭേദിച്ച് ‘കാട്രീനയും’ ‘റീത്തയും’ പോലെ ഫ്ലാറ്റുകളില്‍ നിന്ന് മനുഷ്യരുടെ വിഡ്ഢിപ്പെട്ടി അലറിക്കൊണ്ടിരുന്നു. അലറാന്‍ വേണ്ടി തന്നെ. ‘ചബ്കോ സ്ത്രീ’, ‘മീന്നൂസ് കരച്ചില്‍ ’ സ്പോണ്‍സര്‍ഷിപ്പുകളുടെ കൂടെ സീരിയലിന്റെ പേരും. ദാറ്റ്സ് ആള്‍ ‍.

‘ചബ്കോ‘ കസേരയിലിരുന്ന് ‘മാന്‍ ‍’ നോട്ടുബുക്കില്‍ ‘റെയിന്‍ ഡീര്‍ ‍’ പെന്നുകൊണ്ട് ഒരിക്കലും തീരാത്ത ഹോം വര്‍ക്കു ചെയ്യുകയായിരുന്നു കുട്ടി. അല്ല ‘ചിമ്പൂസ്‘ കുട്ടി. പേടിക്കേണ്ട. ഈ കുട്ടിയെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ‘ചിമ്പൂസ് റെഡിമെയ്‌ഡാണ് '. കുട്ടി മാന്‍ നോട്ടുബുക്കിനോടു ചോദിച്ചു : എന്റെ ഹോം വര്‍ക്കിന് സ്പോണ്‍സര്‍ഷിപ്പെടുത്തു തരാമോ? പിന്നെ എന്റെയീ ബാഗ് സ്കൂളിലെത്തിക്കാന്‍ ? പക്ഷേ ബാഗിന്റെ സ്പോണ്‍സര്‍ഷിപ്പ് ‘തേനീച്ച കമ്പനി’യ്ക്കായിരുന്നു. പോയി അവരോടു ചോദിക്കാന്‍ പറഞ്ഞു, മാന്‍ ‍. ബാഗിന്റെ സ്പോണ്‍സര്‍ഷിപ്പിനു വേണ്ടിയുള്ള മാന്‍ ‍-തേനീച്ച ലേല മത്സരം ‘ചിമ്പൂസ് ‘കുട്ടി ഓര്‍ത്തു.

ചിമ്പൂസ് ‘കുട്ടിയുടെ കണക്കു പുസ്തകത്തില്‍ ഒരുപാട് ചോദ്യചിഹ്നങ്ങളുണ്ടായിരുന്നു. അവയെല്ലാം കൂടി ചിമ്പൂസ് കുട്ടിയെ വളഞ്ഞു. അവരോരുത്തരായി മാന്‍ നോട്ടുബുക്കിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. കുറേ കത്തുകള്‍ മാത്രമവശേഷിച്ചു. ഓരോ ചോദ്യങ്ങളുടെ കൊളുത്തിലേയ്ക്കും അവന്‍ വലിഞ്ഞു തൂങ്ങി. ‘ഒന്നു വാങ്ങൂ ഒന്നു ഫ്രീ’ എന്ന പരസ്യവാചകമാണ് അവന് ഓര്‍മ്മ വന്നത്. അവന്‍ വലിഞ്ഞുതൂങ്ങിയ ചോദ്യചിഹ്നങ്ങള്‍ക്കൊപ്പമെല്ലാം ഒരു പാട് ചോദ്യചിഹ്നങ്ങള്‍ അവന് ഫ്രീ കിട്ടി.

ചോദ്യചിഹ്നങ്ങളോട് മല്ലടിച്ച് അവനു മടുത്തു. അവനവരോട് ചോദിച്ചു: ‘നിങ്ങളെയാരാ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നേ?’
ആ ചോദ്യചിഹ്നവും ചോദ്യചിഹ്നങ്ങളുടെ യൂണിയനില്‍ ചേര്‍ന്നു. കുട്ടിയുടെ സ്കൂളിലുമുണ്ട് യൂണിയന്‍ ‍. കുട്ടിയുടെ സ്പോണ്‍സര്‍ഷിപ്പ് ചിംമ്പൂസിനായതു കൊണ്ട് ചിംമ്പൂസ് പറഞ്ഞ യൂണിയനിലാണ് കുട്ടി. അതില്‍ ഒരുപാട് ചിംമ്പൂസ് കുട്ടികളുണ്ട്. അവരോട് മാത്രമേ കൂട്ടുകൂടാവൂ !

കുട്ടിയുടെ കണ്ണടഞ്ഞുപോയി. ‘ചബ്കോ’ മേശപ്പുറത്തെ സമയ് ക്ലോക്ക് കണ്ണുരുട്ടി പേടിപ്പിച്ചു. ഇവര്‍ കോ സ്പോണ്‍സേര്‍സാണ്. ഇവര്‍ പറയുന്നതു കേള്‍ക്കണം.
‘അമ്മേ’ അവന്‍ വിളിച്ചു. അമ്മയെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ‘ചാമ’ ജ്വല്ലറിയാണ്. ‘അയ്യോ അങ്ങനെ വിളിച്ചാല്‍ അമ്മ വിളി കേള്‍ക്കില്ല.‘ മമ്മി' എന്നു വിളിച്ചാല്‍ മാത്രം വിളി കേള്‍ക്കണം. കുട്ടിയ്ക്ക് ‘പാല്‍‌റിക്സ് ‘ (ഹെല്‍ത്ത് ഡ്രിങ്ക്) കൊടുക്കണം. ഇങ്ങനെ ഒരുപാട് ഒരുപാട് കരാറിന്മേലാണ് അമ്മയെ, അല്ല, മമ്മിയെ ‘ചാമ’ ജ്വല്ലറി സ്പോണ്‍സര്‍ചെയ്തത്.

ചിമ്പൂസ് കുട്ടി ഒന്നു കോട്ടുവായിട്ടു.
“കുട്ടീ ചായ കുടിക്കൂ, ഉന്മേഷം നേടൂ”
കുട്ടിയ്ക്ക് ചായ സ്പോണ്‍സര്‍ ചെയ്ത കമ്പനി പ്രതിനിധിയായിരുന്നു അത്. പാല്‍ സ്പോണ്‍സര്‍ ചെയ്ത കമ്പനി ‘ചില്‍മാ’ പാലുമായി ഓടിയെത്തിയിരുന്നു. ‘അഭിമാനം‘ ഗ്യാസ് സ്റ്റൌവിനായിരുന്നു പാചക ചുമതല. കുട്ടിയെ ‘കമാ’ എന്നു പോലും മിണ്ടാന്‍ സമ്മതിക്കതെ ‘ചിറ’ ഗ്ലാസില്‍ ചായ ആരൊക്കെയോ ചേര്‍ന്ന് വായില്‍ വച്ചു.
ഉറക്കം എങ്ങോ പോയി മറഞ്ഞിരുന്നു. മമ്മിയെ വിളിച്ചാലോ എന്ന് ആലോചിച്ചു. പക്ഷെ വിളിച്ചാല്‍ ... കിടക്കയുടെ സ്പോണ്‍സര്‍ഷിപ്പിനുള്ള ലേലം തുടരുന്നു. സുഖനിദ്രയും വിശ്രമവും (കമ്പനികള്‍ ) ഇപ്പോള്‍ ഓടിവരും. ചിമ്പൂസ് കുട്ടി ബുദ്ധിപൂര്‍വ്വം ശ്രമത്തില്‍ നിന്ന് പിന്മാറി.
കഴയ്ക്കുന്ന കണ്ണുമായി കുട്ടി ഫോദറേജ് അലമാറയിലേക്ക് നോക്കി. അലമാറ നിറയെ സ്പോണ്‍സര്‍ഷിപ്പ് കരാറുകളായിരുന്നു. സമയ് ക്ലോക്ക് കണ്ടാല്‍ കണ്ണുരുട്ടി പേടിപ്പിക്കും. കുട്ടിയുടെ പഠിക്കാനുള്ള സമയമാണിത്. ക്ലോക്കിന്റെ പവര്‍ സെല്ലുകള്‍ അഴിച്ചു വെച്ച് അവന്‍ ആ കെട്ടുകളെടുത്തു. പലരും അവനെ കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ടിരുന്നു.
ചബ്കോ മേശയും അതിനപ്പുറത്തെ ടീച്ചേഴ്‌സ് കമ്പനി സ്പോണ്‍സര്‍ ചെയ്ത ചൂരല്‍ വടിയും അവനെ നോക്കി ക്രൂരമായി പുഞ്ചിരിച്ചു. അവന്‍ ഒറ്റ ഓട്ടം വെച്ചു കൊടുത്തു. മദേഴ്‍സ് കമ്പനി സ്പോണ്‍സര്‍ ചെയ്ത അടുക്കളയില്‍ അഗ്നി തീപ്പെട്ടിക്കായി ഏറെ നേരം തിരഞ്ഞു. ബാറ്ററി അഴിച്ചു വെച്ച ക്ലോക്ക് രക്ഷയില്ലാതെ നിശ്വസിച്ചു.
അവന്‍ ആ കടലാസ് ഹിമാലയത്തെ ഒരിക്കല്‍ കൂടി നോക്കി. അതിലേക്ക് കയറി അവന്‍ തീപ്പെട്ടിയുരച്ചു. കണക്കു പുസ്തകത്തിലെ ചോദ്യചിഹ്നങ്ങളോരോന്നായി അഗ്നിപ്രവേശം ചെയ്തു.

അവ തിരിച്ചു വന്നത് ഉത്തരങ്ങളുമായിട്ടായിരുന്നു. അവ ഒരു യൂണിയനുണ്ടാക്കി. സ്പോണ്‍സര്‍ ചെയ്തത് ചിമ്പൂസ് കുട്ടിയായിരുന്നു.
***
ആയിരം
ഇരുപതിനായിരം
ലക്ഷം
പത്തു ലക്ഷം
കോടി
കോടാനുകോടി
കോടാനുകോടി ഒരു വട്ടം, കോടാനുകോടി രണ്ടു വട്ടം, കോടാനുകോടി മൂന്നു വട്ടം. ലേലം ഉറപ്പിച്ചു.

ചിമ്പൂസ് കുട്ടിയുടെ ശവപ്പെട്ടിയുടെ സ്പോണ്‍സര്‍ഷിപ്പിനുവേണ്ടിയുള്ള ലേലമാണിത്.

അങ്ങനെ ചിമ്പൂസ് ശവപ്പെട്ടിയില്‍ തന്നെ ചിമ്പൂസ് കുട്ടിയെ അടക്കം ചെയ്തു. അമ്മയുടെ കണ്ണീര്‍ ‘സ്ത്രീ’ സീരിയല്‍ കമ്പനിയും അച്ഛന്റെ കണ്ണീര്‍ ‘പുരുഷന്‍ ‍’ സീരിയല്‍ കമ്പനിയും സ്പോണ്‍സര്‍ ചെയ്തു.
സ്പോണ്‍സര്‍ഷിപ്പുകളും ലേലങ്ങളും ഇവിടെ അവസാനിക്കുന്നില്ല. വിരാമചിഹ്നങ്ങളുടെ കാത്തിരുപ്പ് തുടരുന്നു. ഇവിടെ ഒരു എപിസോഡ് മാത്രം അവസാനിക്കുന്നു. ജീവിതത്തിന്റെ ഈ എപ്പിസോഡ് സ്പോണ്‍സര്‍ ചെയ്യുന്നത്...

Subscribe Tharjani |